അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88
(Part -8 - സൂക്തം 55 മുതൽ 64 വരെ സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(55)
هَذَا وَإِنَّ لِلطَّاغِينَ
لَشَرَّ مَآبٍ
ഇതത്രെ (അവരുടെ അവസ്ഥ) തീർച്ചയായും ധിക്കാരികൾക്ക് മടങ്ങിച്ചെല്ലാൻ മോശപ്പെട്ട
സ്ഥാനമാണുള്ളത്
കഴിഞ്ഞ സൂക്തങ്ങളിൽ വിജയികളുടെ അവസ്ഥ
വിവരിച്ച ﷲഅള്ളാഹു ഇത് മുതൽ പരാചയപ്പെട്ടവരുടെ അവസ്ഥ വിശദീകരിക്കുകയാണ് വിജയികൾ
സ്വർഗത്തിലാണെന്ന് പറഞ്ഞ ﷲഅള്ളാഹു ഇവരുടെ മടക്കം നരകത്തിലേക്കാണെന്ന്
സ്ഥിരീകരിക്കുന്നു. ധിക്കാരികൾ എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ﷲഅള്ളാഹുവിന്റെ അനുസരണത്തിൽ നിന്ന് പുറത്ത് പോയവർ, പ്രവാചകാദ്ധ്യാപനങ്ങൾക്ക്
എതിരിൽ നിലക്കൊള്ളുന്നവർ എന്നാണ് (ഇബ്നുകസീർ)
ﷲഅല്ലാഹു എല്ലാ
ഗുണങ്ങളും നൽകിയിട്ടും അവനോട് എതിരിടുകയും അവന്റെ വിധികളെ വെല്ലുവിളിക്കുകയും
ചെയ്യുന്നവരാണ്, ധിക്കാരികൾ, (ഥിബ്‌രി) അവിശ്വാസികൾ ആണ് ഇവിടെ ഉദ്ദേശ്യം (റാസി)
(56)
جَهَنَّمَ يَصْلَوْنَهَا فَبِئْسَ
الْمِهَادُ
നരകമത്രെ അത്.അവർ അതിൽ കത്തി എരിയും അതത്രെ മോശമായ വിശ്രമസ്ഥാനം
കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞ മോശപ്പെട്ട സ്ഥലം
നരകമാണ് അതിൽ പ്രവേശിച്ചവരുടെ ശരീരമാസകലം കത്തി എരിയും അത് വിശ്രമിക്കാൻ കൊള്ളുന്ന
ഇടമല്ല എന്ന് അവർക്ക് ബോദ്ധ്യം വരികയും ചെയ്യും.അഥവാ വളരെ മോശപ്പെട്ട സ്ഥലം എന്ന്
മനസ്സിലാവും
(57)
هَذَا فَلْيَذُوقُوهُ حَمِيمٌ
وَغَسَّاقٌ
ഇതാണവർക്കുള്ളത്.ആകയാൽ അവർ അത് ആസ്വദിച്ചു കൊള്ളട്ടെ.കൊടും ചൂടുള്ള വെള്ളവും കൊടും
തണുപ്പുള്ള വെള്ളവും
നരകത്തിലെത്തിയവർക്ക് കുടിക്കാൻ നൽകുന്ന പാനീയം
ഒന്നുകിൽ ചൂട് അസഹനീയമായ ‘ഹമീം’ ആയിരിക്കും അല്ലെങ്കിൽ തണുപ്പ് സഹിക്കാനാവാത്ത പാനീയം ‘ഗസ്സാഖ്’ ആയിരിക്കും
(ഇബ്നുകസീർ)
നരകത്തിലുള്ളവരുടെ ശരീരത്തിൽ നിന്ന് ഒലിക്കുന്ന ദുർനീരുകൾ, കണ്ണ് നീർ എന്നിവയൊക്കെ ചൂടിന്റെ പാരമ്യത്തിലോ, തണുപ്പിന്റെ പരമാവധിയിലോ
എത്തിച്ച് അത് കുടിക്കാൻ കൊടുക്കും. ദാഹത്തിന്റെ കാഠിന്യത്താൽ അത് കുടിക്കാൻ
ശ്രമിക്കും എന്നാൽ ആ പാനീയം ചുണ്ടോട് അടുപ്പിക്കാൻ ശ്രമിക്കുമ്പോഴേക്കും കുടലും
തൊലിയുമെല്ലാം കരിഞ്ഞു പോകും. ഇതൊക്കെ പല സ്ഥലത്തായി ﷲഅള്ളാഹു ഖുർആനിൽ വിശദീകരിച്ചിട്ടുണ്ട്
(58)
وَآخَرُ مِن شَكْلِهِ أَزْوَاجٌ
ഇത്തരത്തിൽപ്പെട്ട മറ്റു പല ഇനം ശിക്ഷകളും
ശിക്ഷയുടെ
ഇനത്തിൽ പരസ്പര വൈരുദ്ധ്യമായ, സഹിക്കാനാവാത്ത മറ്റ് പലതും അവർക്കായി അവിടെ
തയാറാക്കിയിട്ടുണ്ട് ഒരു തരം ശിക്ഷ അനുഭവിക്കുമ്പോൾ അതിന്റെ എതിർ ദിശയിലുള്ള
ശിക്ഷ ഉടനെ വരുന്ന രീതിയാണത്. ചൂട് അനുഭവിച്ചുടൻ തണുപ്പ് കൊണ്ട്
ശിക്ഷിക്കും പോലെ. നബി ﷺതങ്ങൾ
പറഞ്ഞതായി അബൂ സഈദ് അൽഖുദ്‌രി رضي الله عنه പറയുന്നുണ്ട്. അസഹനീയ തണുപ്പുള്ള ‘ഗസ്സാഖ്’ എന്ന
പാനീയത്തിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം ഭൂമിയിൽ ഒഴിച്ചാൽ ഈ ഭൂമി മുഴുവനും ദുർഗന്ധം
കൊണ്ട് നിറയും. ഇബ്നുഅബീ ഹാതം, കഅ്ബുൽ അഹ്‌ബാർ رضي الله عنهഎന്നവരിൽ നിന്ന് ഉദ്ധരിക്കുന്നു നരകത്തിലെ ഒരു ഉറവ. പാമ്പ്, തേൾ തുടങ്ങിയ
എല്ലാ വിഷജീവികളുടെയും വിഷം അതിലേക്ക് ഒഴുകി എത്തും അങ്ങനെ ആ ഉറവയുടെ നിറം മാറും. അവിടേക്ക് നരകത്തിലുള്ള മനുഷ്യനെ കൊണ്ടു വന്ന് ഒന്നു മുക്കിയെടുക്കും അപ്പോൾ
അദ്ദേഹത്തിന്റെ മാംസവും തൊലിയും എല്ലാം കൊഴിഞ്ഞു വീഴും ആ മാംസവും തൊലിയും ഞെരിയാണികളിലും മടമ്പുകളിലും
തൂങ്ങിനിൽക്കും വസ്ത്രം വലിച്ച് നടക്കുന്നത് പോലെ ഈ മാംസം വലിച്ചു നടക്കേണ്ടി വരും
(ഇബ്നുകസീർ)
(59)
هَذَا فَوْجٌ مُّقْتَحِمٌ
مَّعَكُمْ لَا مَرْحَبًا بِهِمْ إِنَّهُمْ صَالُوا النَّارِ
(നരകത്തിൽ ആദ്യമെത്തിയവരോട് ﷲഅള്ളാഹു പറയും) ഇതാ ഒരു കൂട്ടം നിങ്ങളോടൊപ്പം
തള്ളിക്കയറി വരുന്നു (അപ്പോൾ അവർ പറയും)
അവർക്ക് സ്വാഗതമില്ല തീർച്ചയായും അവർ നരകത്തിൽ കത്തി എരിയുന്നവരത്രെ
നരകത്തിൽ പ്രവേശിച്ചവർ എല്ലാവരും ഒരേ തൂവൽ
പക്ഷികളാണെങ്കിലും പരസ്പരം ആക്ഷേപിക്കാനും അവനവനെ ന്യായീകരിക്കാനും അവർ നരകത്തിലും
മത്സരിക്കും. അതിന്റെ ഒരു നേർ ചിത്രമാണ് ﷲഅള്ളാഹു ഇവിടെ പറയുന്നത്. ആദ്യം നരകത്തിലെത്തിയവരോട്
( നേതാക്കളോട് ) മറ്റൊരു കൂട്ടരും (അനുയായികൾ ) കൂടി ഇങ്ങോട്ട് വരുന്നുണ്ട് എന്ന്
അറിയിക്കുമ്പോൾ അവർക്ക് സ്വാഗതമില്ല. അവർ നരകത്തിൽ കിടന്ന് കത്തേണ്ടവർ തന്നെയാണ്
എന്ന രൂക്ഷമായ പ്രതികരണം നടത്തും എന്ന്. ഖുർആൻ പലയിടത്തായി
നരകത്തിലെത്തിയവർ പരസ്പരം കുറ്റപ്പെടുത്തുന്നതിന്റെയും കുത്തു വാക്കുകൾ
പറയുന്നതിന്റെയും പരസ്പരം ശപിക്കുന്നതിന്റെയുമെല്ലാം കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്
(60)
قَالُوا بَلْ أَنتُمْ لَا
مَرْحَبًا بِكُمْ أَنتُمْ قَدَّمْتُمُوهُ لَنَا فَبِئْسَ الْقَرَارُ
അവർ (ആ കടന്ന് വരുന്നവർ പറയും) അല്ല നിങ്ങൾക്ക് തന്നെയാണ് സ്വാഗതമില്ലാത്തത് നിങ്ങളാണ്
ഞങ്ങൾക്ക് ഇത് വരുത്തി വെച്ചത് അപ്പോൾ വാസ സ്ഥലം ചീത്ത തന്നെ
രണ്ടാമത് വന്നവർ ആദ്യം വന്നവർക്ക്
കൊടുക്കുന്ന രൂക്ഷമായ മറുപടിയാണിത്. നിങ്ങൾക്കാണ് സ്വാഗതത്തിനു അർഹതയില്ലാത്തത്. ഞങ്ങളെ ഇവ്വിധം കുഴപ്പത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദികളും കാരണക്കാരും
നിങ്ങളാണ്. അഥവാ ഈ ശിക്ഷകളിലേക്ക് എത്തിപ്പെടേണ്ട സാഹചര്യം ഞങ്ങൾക്ക്
ഉണ്ടായത് നിങ്ങളുടെ ദുർബോധനം സ്വീകരിക്കുകയും നിങ്ങളെ കണ്ണടച്ച് വിശ്വസിക്കുകയും
ചെയ്തതിനാലാണ്. പരസ്പരം കുറ്റപ്പെടുത്തുന്നതിനിടയിൽ ﷲഅള്ളാഹു പറയുന്നത് എന്തായാലും നിങ്ങൾ എത്തിപ്പെട്ട സ്ഥലം
വളരെ ചീത്ത തന്നെ എന്നാകുന്നു
(61)
قَالُوا رَبَّنَا مَن قَدَّمَ
لَنَا هَذَا فَزِدْهُ عَذَابًا ضِعْفًا فِي النَّارِ
അവർ പറയും ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് ഇത് (ശിക്ഷ) വരുത്തിവെച്ചതാരോ അവന്ന് നീ
നരകത്തിൽ ഇരട്ടി ശിക്ഷ വർദ്ധിപ്പിച്ചു കൊടുക്കേണമേ
നരകത്തിലെത്തിയ അനുയായികൾ നേതാക്കളോടുള്ള
രോഷവും പ്രതിഷേധവും പ്രകടിപ്പിക്കുന്നതാണിവിടെ കാണുന്നത്. ഞങ്ങൾക്ക് ഈ
ഗതി വരുത്തിയ നേതാക്കൾക്ക് ഇരട്ടി ശിക്ഷ നൽകേണമേ എന്ന്!എല്ലാവർക്കും കണക്കിനു
കിട്ടുമെന്ന് ﷲഅള്ളാഹു ഇതിനു മറുപടി പറയും എന്ന് ഖുർആൻ മറ്റു സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്
ഒരാൾ ഒരു ചീത്ത മാതൃക നടപ്പാക്കിയാൽ അതിന്റെയും അത് പിന്നീട്
പ്രവർത്തിക്കുന്നവരുടെയും കുറ്റം അവന്നുണ്ടാകും എന്ന നബി വചനം ഇത്
സ്ഥിരീകരിക്കുന്നുണ്ട് (റാസി)
(62)
وَقَالُوا مَا لَنَا لَا نَرَى
رِجَالًا كُنَّا نَعُدُّهُم مِّنَ الْأَشْرَارِ
അവർ പറയും നമുക്കെന്തു പറ്റി? ദുർജനങ്ങളിൽ
പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ
സത്യ
നിഷേധികൾ നരകത്തിൽ വെച്ച് നടത്തുന്ന മറ്റൊരു അഭിപ്രായ പ്രകടനമാണിത്. നമ്മൾ ഭൂമിയിൽ ജീവിക്കുമ്പോൾ വഴിതെറ്റിയവരെന്നും മോശക്കാരെന്നും വിശ്വസിച്ചിരുന്ന
പലരെയും (സത്യവിശ്വാസികളെ) ഇവിടെ കാണുന്നില്ലല്ലോ എന്ന്. അഥവാ
പുനർജന്മമുണ്ടായാൽ (സ്വർഗവും നരകവും ഉണ്ടായാൽ) നമ്മളായിരിക്കും ഇവിടെയും
ജേതാക്കൾ മുസ്‌ലിംകൾ ഇവിടെയും പ്രയാസത്തിലായിരിക്കും എന്നാണല്ലോ നാം
മനസ്സിലാക്കിയിരുന്നത് പക്ഷെ അവരെയൊന്നും നരകത്തിൽ കാണുന്നില്ലല്ലോ എന്ന് അവർ
ആശ്ചര്യപ്പെടും അബൂജഹ്‌ലിനെ പോലുള്ളവർ അമ്മാർ رضي الله عنه, യാസിർ رضي الله عنه, സുഹൈബ് رضي الله عنهതുടങ്ങിയ പാവങ്ങളായിരുന്ന സഹാബിമാരെ ഉദാഹരിച്ചു കൊണ്ട് ഈ ചോദ്യം ചോദിക്കും
ഇങ്ങനെ ഓരോകാലത്തും ജീവിച്ച ഞങ്ങളാണ് ഉന്നതന്മാർ എന്ന് അഹങ്കരിച്ച നിഷേധികൾ അവരുടെ
കാലത്തെ സാധുക്കളായ വിശ്വാസികളെ കുറിച്ച് അവരെയൊന്നും നരകത്തിൽ കാണുന്നില്ലല്ലോ
എന്ന് ചോദിക്കും
(63)
أَتَّخَذْنَاهُمْ سِخْرِيًّا أَمْ
زَاغَتْ عَنْهُمُ الْأَبْصَارُ
നാം അവരെ (അബദ്ധത്തിൽ ) പരിഹാസപാത്രമാക്കിയതാണോ? അതല്ല
അവരെയും വിട്ട് കണ്ണുകൾ തെന്നിപ്പോയതാണോ?
അവരെ ഭൂമിയിൽ ആക്ഷേപിക്കുകയും
നിസ്സാരപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തതിൽ നമുക്ക് തെറ്റ് പറ്റിയതാണോ?അതോ നരകത്തിന്റെ മറ്റേതെങ്കിലും
ഭാഗത്ത് നമ്മുടെ കണ്ണിൽ പെടാതെ അവരും കിടക്കുന്നുണ്ടാവുമോ? എന്ന് അവർ ചോദിക്കും അവർ നരകത്തിന്റെ
മറ്റേതെങ്കിലും കോണിൽ ഇവരെ പോലെ ശിക്ഷ അനുഭവിക്കുന്നുണ്ടാവും എന്ന്
ആശ്വസിക്കാനുള്ള ശ്രമം കൂടുതൽ സമയം നീണ്ടു നിൽക്കുകയില്ല അതിനു മുമ്പേ ഇവർ
പരിഹസിച്ചിരുന്ന സത്യ വിശ്വാസികൾ സ്വർഗത്തിന്റെ ഉന്നതമായ സൌഭാഗ്യത്തിലാണെന്ന് ﷲഅള്ളാഹു അവരെ അറിയിക്കും അതിനായി സ്വർഗാവകാശികൾ നരകക്കാരെ
വിളിച്ച് ഞങ്ങൾക്ക് ﷲഅള്ളാഹു വാഗ്ദാനം ചെയ്ത സ്വർഗം ലഭിച്ചിരിക്കുന്നു
നിങ്ങൾക്കുള്ള നരകവും അതിലെ ശിക്ഷയും ലഭിച്ചില്ലേ എന്ന് ചോദിക്കും എന്ന് ﷲഅള്ളാഹു ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്
(64)
إِنَّ ذَلِكَ لَحَقٌّ تَخَاصُمُ
أَهْلِ النَّارِ
നരക വാസികൾ തമ്മിലുള്ള വഴക്ക് –തീർച്ചയായും അതൊരു യാഥാർത്ഥ്യം തന്നെയാണ്
നരകക്കാരുടെ കുറ്റപ്പെടുത്തലും ശപിക്കലും
സത്യം തന്നെയാണ് എന്ന് ﷲഅള്ളാഹു ഒരിക്കൽ കൂടി ഉറപ്പിച്ച് തങ്ങളെ
അറിയിച്ചിരിക്കുകയാണ്.അള്ളാഹു നമ്മെ സ്വർഗാവകാശികൾ ചേർത്തു തരട്ടെ ആമീൻ
(തുടരും)
ഇൻശാഅള്ളാഹ്
No comments:
Post a Comment