Tuesday, January 25, 2022

അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | ഭാഗം 10

അദ്ധ്യായം 38  | സൂറത്ത് സ്വാദ്  سورة ص | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88


(Part -10  -   സൂക്തം 71 മുതൽ 88 വരെ സൂക്തങ്ങളുടെ വിവരണം )

 

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(71)
إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِن طِينٍ


തങ്ങളുടെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം.
തീർച്ചയായും ഞാൻ കളിമണ്ണിൽ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോവുകയാണ്


മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് അള്ളാഹു മലക്കുകളോട് പറഞ്ഞതാണിത്


(72)
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ


അങ്ങനെ ഞാൻ മനുഷ്യനെ സംവിധാനിക്കുകയും മനുഷ്യനിൽ എന്റെ ആത്മാവിൽ നിന്ന് ഞാൻ ഊതുകയും ചെയ്താൽ നിങ്ങൾ ആ മനുഷ്യന് പ്രണാമം ചെയ്യുന്നവരായി വീഴണം

ഞാൻ സൃഷ്ടിക്കുന്ന മനുഷ്യൻ യാഥാർത്ഥ്യമായാൽ അദ്ദേഹത്തെ ആദരിച്ച് നിങ്ങൾ അദ്ദേഹത്തിനു സുജൂദ് ചെയ്യണം ഇത് തഹിയ്യത്തി (അഭിവാദ്യം )ന്റെ സുജൂദ് ആണ് ആദം നബി عليه السلامക്ക് ആരാധനയായി ചെയ്തതല്ല (ഖുർതുബി) . ഇതുമായി ബന്ധപ്പെട്ട ചരിത്രം സംക്ഷിപ്തമായി ഇബ്നു കസീർ رحمة الله عليه എഴുതുന്നു അള്ളാഹു ആദം നബി عليه السلامയെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ ഞാൻ മനുഷ്യനെ സൃഷ്ടിക്കുന്നുണ്ടെന്നും സൃഷ്ടിച്ചു കഴിഞ്ഞാൽ അദ്ദേഹത്തെ ആദരിച്ചും എന്റെ കല്പനയെ അനുസരിച്ചും നിങ്ങൾ എല്ലാവരും ആദമിനു عليه السلام സുജൂദ് ചെയ്യണം എന്നും മലക്കുകളോട് കല്പിച്ചു. അങ്ങനെ സൃഷ്ടിച്ചപ്പോൾ മലക്കുകളെല്ലാം കല്പന സ്വീകരിച്ച് സുജൂദ് ചെയ്തു എന്നാൽ ജിന്നുകളിൽ പെട്ട ഇബ്‌ലീസ് അത് അവഗണിച്ചു ഞാൻ ആദമിനേക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞ് അള്ളാഹുവോട് തർക്കിക്കുകയും ചെയ്തു അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്നും പരിശുദ്ധ സ്ഥലങ്ങളിൽ നിന്നും അവൻ ബഹിഷ്കൃതനായി ആക്ഷേപാർഹനായി ഭൂമിയിലേക്കിറക്കപ്പെടുമ്പോൾ ദീർഘായുസ്സിനായി ആവശ്യപ്പെട്ട അവന്റെ ആവശ്യം സഹന ശക്തനായ അള്ളാഹു അംഗീകരിച്ചു അന്ത്യ നാൾ വരെ മരിക്കില്ലെന്ന് ഉറപ്പാക്കിയ ആ നിഷേധി അഹങ്കാരത്തിന്റെ ആർപ്പുവിളിയുമായാണ് പിന്നീട് കാണപ്പെട്ടത് (ഇബ്നുകസീർ)


(73)
فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ


അപ്പോൾ മലക്കുകൾ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു


അള്ളാഹു മനുഷ്യനെ ( ആദം നബിയെ عليه السلام ) സൃഷ്ടിച്ചപ്പോൾ മലക്കുകൾ എല്ലാവരും സുജൂദ് ചെയ്തു

അള്ളാഹുവിന്റെ കൽപന അനുസരിച്ച് അള്ളാഹു ആദരിച്ച ആദം നബി عليه السلامയെ ആദരിച്ച് അവർ എല്ലാവരും സുജൂദ് ചെയ്തു (ഖുർതുബി)


(74)
إِلَّا إِبْلِيسَ اسْتَكْبَرَ وَكَانَ مِنْ الْكَافِرِينَ


ഇബ്‌ലീസ് ഒഴികെ.
അവൻ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു


മലക്കുകളുടെ കൂടെയുണ്ടായിരുന്ന ഇബ്‌ലീസ് മാത്രം സുജൂദ് ചെയ്യുന്നതിൽ നിന്ന് മാറിനിന്നു. അഹങ്കാരവും അവിശ്വാസവുമാണ് അവനെ ഇത്തരമൊരു ധിക്കാരത്തിലേക്ക് നയിച്ചത്


(75)
قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ

 

അവൻ (അള്ളാഹു ) പറഞ്ഞു ഇബ്‌ലീസേ!  ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിന് നീ പ്രണമിക്കുന്നതിനു നിനക്ക് എന്ത് തടസ്സമാണുണ്ടായത് ? നീ അഹങ്കരിച്ചിരിക്കുകയാണോ അതോ നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ ?


ആദം നബി عليه السلامക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ച ഇബ്‌ലീസിനോടായി അള്ളാഹുവിന്റെ ചോദ്യമാണിത്. ഞാൻ പ്രത്യേക രീതിയിൽ സൃഷ്ടിച്ച ആദമിനു സുജൂദ് ചെയ്യാതിരിക്കാനുള്ള തടസ്സം എന്തായിരുന്നു ആദമിനു സുജൂദ് ചെയ്യുന്നതിനേക്കാൾ ഉന്നതിയിലാണ് തന്റെ സ്ഥാനം എന്ന ധാരണ കൊണ്ടാണോ അതോ ഞാൻ അതൊന്നും അനുസരിക്കാൻ ബാധ്യതയില്ലാത്ത വിധം ഔന്നിത്യത്തിന്റെ നെറുകയിലാണെന്ന് നേരത്തേ നീ ധരിച്ചു വശായോ?
അഹങ്കരിച്ചതാണോ എന്ന ചോദ്യം ആദമിനോട് ഖിബ്‌റ് കാണിച്ചതാണോ എന്നതിലേക്കും പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ എന്നത്
അള്ളാഹുവോട് ഖിബ്‌റ് കാണിച്ചുവോ എന്നതിലേക്കും സൂചിപ്പിക്കുന്നുണ്ടെന്ന് ഇമാം ഥിബ്‌രി رحمة الله عليهയുടെയും ഇമാം ഖുർതുബി رحمة الله عليهയുടെയും വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം
ആദമിനെ
അല്ലാഹു സൃഷ്ടിച്ചു എന്ന പരാമർശനത്തിൽ കൈ കൊണ്ട് എന്ന് തനതായ അർത്ഥത്തിൽ പറയാവതല്ല. അത് അവന്റെ ശക്തിയിലേക്കും അനുഗ്രഹത്തിലേക്കും സൂചിപ്പിച്ച് ആലങ്കാരികമായി പറഞ്ഞതാണ് (ഖുർതുബി)

ഇതു പോലുള്ള പരാമർശനങ്ങൾ വെച്ച് അള്ളാഹുവിനു അവയവങ്ങൾ സ്ഥാപിക്കുന്ന വഴിതെറ്റിയ കക്ഷികളുടെ വാദങ്ങൾക്കുള്ള മറുപടി മുമ്പ് പലപ്പോഴായി ഉണർത്തിയതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല


(76)
قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ


അവൻ (ഇബ്‌ലീസ് ) പറഞ്ഞു ഞാൻ അവനെ (മനുഷ്യനെ) ക്കാൾ ഉത്തമൻ ആകുന്നു എന്നെ നീ അഗ്‌നിയിൽ നിന്ന് സൃഷ്ടിച്ചു മനുഷ്യനെ നീ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു


ഇത് ഇബ്‌ലീസിന്റെ മറുപടിയാണ് ഞാൻ ആദമിനേക്കാൾ ഉത്തമനാണ് എന്നെക്കാൾ താഴെയാണ് ആദമിന്റെ പ്രകൃതി. ആ സ്ഥിതിക്ക് ഞാൻ ആദമിനു സുജൂദ് ചെയ്യുന്നത് ശരിയല്ല എന്നാണ് മറുപടിയുടെ ചുരുക്കം.തീ ഉയർച്ചയിലേക്ക് എന്നതാണ് പ്രകൃതം. മണ്ണ് താഴ്ചയിലേക്കും. ഇതാണ് ഇബ്‌ലീസിയൻ ദുർന്യായം. എന്നാൽ ഇത് തെറ്റായ അവകാശവാദമാണ്. കാരണം തീയുടെ പ്രകൃതം സംഹാരവും മണ്ണിന്റെത് നിർമ്മാണാത്മകവുമാണ്. അപ്പോൾ ശ്രേഷ്ഠമായ പ്രകൃതം ആ അർത്ഥത്തിൽ തന്നെ മണ്ണിനാണ്. ഇനി തീ ശ്രേഷ്ഠമാണെന്ന് സമ്മതിച്ചാലും ഇബ്‌ലീസിനു രക്ഷയില്ല എല്ലാ വസ്തുക്കളെയും സൃഷ്ടിച്ച അവകൾക്ക് അനുയോജ്യമായ പ്രകൃതം നൽകിയ അള്ളാഹുവിന്റെ കല്പനയാണ് അവൻ ലംഘിച്ചിരിക്കുന്നത്. നാഥൻ കല്പിച്ചാൽ അനുസരിക്കുക എന്നത് മാത്രമാണ് സൃഷ്ടികളുടെ കടമ. അത് ലംഘിക്കാൻ ഇത് ന്യായമേ അല്ല.

ഈ ചരിത്രം പറയുന്നതിലൂടെ അള്ളാഹു മക്കയിലെ ബഹുദൈവ വിശ്വാസികൾക്ക് ശക്തമായ താക്കീത് നൽകുകയാണ് അഥവാ നബി തങ്ങളെ വിശ്വസിക്കാതിരിക്കാൻ അവർ പറഞ്ഞ ദുർന്യായം ഞങ്ങളെ പോലെയുള്ള മുഹമ്മദിനു ഞങ്ങൾക്കിടയിൽ നിന്ന് പ്രത്യേകം പരിഗണന ലഭിക്കുകയും ദൈവിക സന്ദേശങ്ങൾ നൽകപ്പെടുകയും ചെയ്യൂന്നുവെന്ന് ഞങ്ങൾ വിശ്വസിക്കില്ല എന്ന് അവർ പറഞ്ഞിരുന്നു അതിനു മറുപടിയെന്നോണം അള്ളാഹു ഇവിടെ ഉണർത്തിയ ഈ ചരിത്രം അവരോട് പറയുന്നത് ഞാൻ ഉത്തമനാണ് എന്ന് പറഞ്ഞ് അള്ളാഹുവിന്റെ കല്പനയെ അവഗണിച്ച ഇബ്‌ലീസിനു കിട്ടിയ പണി കണ്ടില്ലേ? ഇതേ അനുഭവമാകും നബി തങ്ങൾക്കെതിരിൽ നിങ്ങളുടെ മഹത്വം വിളമ്പാൻ വന്നാൽ നിങ്ങൾക്കും വന്നെത്തുക എന്ന് അള്ളാഹു ഉണർത്തുകയാണ് . ആദം നബി عليه السلامയോട് അഹങ്കാരം കാണിച്ചവനെ പാഠം പഠിപ്പിച്ച അള്ളാഹു നബി തങ്ങളോട് അഹങ്കാരം കാണിക്കുന്നവർക്കും പണി തരും എന്ന് സാരം (ഥിബ്‌രി)


(77)
قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ


അവൻ (
അള്ളാഹു ) പറഞ്ഞു എന്നാൽ നീ ഇവിടെ നിന്ന് പുറത്ത് പോകണം തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു


സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് പോകണം കാരണം നീ എന്റെ അനുഗ്രഹങ്ങളിൽ നിന്ന് അകറ്റപ്പെട്ടവനാണ്.എന്റെ അനുഗ്രഹങ്ങളുടെ കേന്ദ്രമാണ് സ്വർഗം. ആകാശങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ ഉൽക്കക്കൾ കൊണ്ടും മറ്റും ആട്ടപ്പെടും എന്നും ഇവിടെ വ്യാഖ്യാനമുണ്ട് (ഖുർതുബി)
അവന്
അള്ളാഹു നൽകിയ പ്രകൃതിപരമായ സൌന്ദര്യത്തിൽ നിന്ന് അവനെ മാറ്റപ്പെട്ടു എന്നും ഇവിടെ വ്യാഖ്യാനമുണ്ട്. ഹുസൈൻ ബിൻ അൽ ഫള്ല് رحمة الله عليهപറഞ്ഞു ഇത് ശരിയായ വ്യാഖ്യാനമാണ് കാരണം പ്രകൃതിയുടെ പെരുമ പറഞ്ഞാണല്ലോ അവൻ അഹങ്കരിച്ചതും പൊങ്ങച്ചം കാണിച്ചതും അത് കൊണ്ട് അവന്റെ പ്രകൃതത്തിൽ അള്ളാഹു മാറ്റം വരുത്തി നല്ല സൌന്ദര്യമുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് കറുത്ത് വൈരൂപ്യത്തിലേക്ക് അള്ളാഹു അവനെ പരിവർത്തിപ്പിച്ചു (ബഗ്‌വി)


(78)
وَإِنَّ عَلَيْكَ لَعْنَتِي إِلَى يَوْمِ الدِّينِ


തീർച്ചയായും ന്യായ വിധിയുടെ നാൾ വരെയും  നിന്റെ മേൽ എന്റെ ശാപം ഉണ്ടായിരിക്കുന്നതാണ്

ഒരിക്കലും ഈ കളങ്കത്തിൽ നിന്ന് അവൻ രക്ഷപ്പെടില്ല ഒടുക്കം നരകത്തിന്റെ തീഷ്ണതയിൽ അവൻ അലയേണ്ടി വരും (ഖുർതുബി)


(79)
قَالَ رَبِّ فَأَنظِرْنِي إِلَى يَوْمِ يُبْعَثُونَ


അവൻ (ഇബ്‌ലീസ് ) പറഞ്ഞു എന്റെ രക്ഷിതാവേ! എന്നാൽ അവർ ഉയിർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ


അള്ളാഹുവിന്റെ ശാപത്തിനു താൻ അർഹനാണെന്ന് അറിഞ്ഞപ്പോൾ അവന്റെ ആവശ്യമാണ് പുനർജന്മം വരെ തനിക്ക് ധീർഘായുസ്സ് നലകണേ എന്ന്!
മരണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഈ വിധം ഒരു ചോദ്യം അവൻ ഉന്നയിച്ചത് (ഖുർതുബി
/ റാസി)

 

(80)
قَالَ فَإِنَّكَ مِنَ الْمُنظَرِينَ


അള്ളാഹു പറഞ്ഞു നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു

നിനക്ക് ദീർഘായുസ്സുണ്ട് എന്ന് അള്ളാഹു പറഞ്ഞു


(81)
إِلَى يَوْمِ الْوَقْتِ الْمَعْلُومِ


നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം  വരെ

നിനക്ക് നൽകുപ്പെടുന്ന ദീർഘായുസ്സ് നീ ചോദിച്ച പോലെ അല്ല.നിശ്ചിത സമയം വരെയാണ് അതായത് എല്ലാവരും മരിക്കുന്ന ദിനം വരെ നിനക്കും ആയുസ്സുണ്ട് അന്ന് നീയും മരണത്തിനു കീഴ്പ്പെടണം എന്ന് സാരം (മരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്റെ കുതന്ത്രം ഫലവത്തായില്ല എന്ന് ചുരുക്കം )


(82)
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ


അവൻ (ഇബ്‌ലീസ് ) പറഞ്ഞു നിന്റെ പ്രതാപമാണ് സത്യം അവരെ മുഴുവൻ ഞാൻ വഴിതെറ്റിക്കുക തന്നെ ചെയ്യും



അള്ളാഹിവിന്റെ പ്രതാപത്തെ സാക്ഷി നിർത്തി അവന്റെ പ്രതിജ്ഞയാണിത്.ഞാൻ ഇങ്ങനെ പുറത്താക്കപ്പെടാൻ കാരണക്കാരനായ ആദമിന്റെ മക്കളെ ശരിയായ വഴിയിൽ നിന്ന് ഞാൻ അകറ്റുക തന്നെ ചെയ്യും എന്ന്.
ദേഹേഛകളെ അവർക്ക് നല്ലതാക്കി കാണിച്ചും സംശയങ്ങൾ അവരുടെ മനസ്സുകളിൽ ജനിപ്പിച്ചും ദോഷങ്ങളിലേക്ക് അവരെ ആകർഷിച്ചുമാണിവൻ വഴിതെറ്റിക്കുക എന്ന് ഇമാം ഖുർതുബി
رحمة الله عليه രേഖപ്പെടുത്തുന്നു
നിന്റെ പ്രതാപം കൊണ്ട് എന്ന് അവൻ ആണയിടാൻ കാരണം തനിക്ക് ഒരു പ്രതാപവുമില്ലെന്ന് അവൻ മനസ്സിലാക്കിയത് കൊണ്ടാണ് (ഥിബ്‌രി)
 


(83)
إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ


അവരിൽ നിന്റെ നിഷ്ക്കളങ്കരായ ദാസന്മാരൊഴികെ

നിന്നെ ആരാധിക്കാനായി നീ തിരഞ്ഞെടുക്കുകയും എന്റെ കെണിയിൽ നിന്ന് നീ സംരക്ഷണ വലയം ഒരുക്കുകയും ചെയ്തവരെ എനിക്ക് വഴിതെറ്റിക്കാനാവില്ല എന്ന് അവൻ സമ്മതിക്കുന്നു (ഖുർതുബി /ഥബ്‌രി)


(84)
قَالَ فَالْحَقُّ وَالْحَقَّ أَقُولُ


അവൻ (
അള്ളാഹു ) പറഞ്ഞു അപ്പോൾ സത്യം ഇതത്രെ –സത്യമേ ഞാൻ പറയുകയുള്ളൂ

ഞാൻ പറയുന്നതാണ് സത്യം അത് നിങ്ങൾ പിൻ പറ്റുക എന്ന് അള്ളാഹു കല്പിക്കുന്നു


(85 )
لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ


നിന്നെയും അവരിൽ നിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യും


ഇബ്‌ലീസിനെയും അവന്റെ സന്തതികളെയും അവനെ അനുസരിക്കുകയും അവന്റെ ദുർബോധനം സ്വികരിക്കുകയും ചെയ്യുന്ന മനുഷ്യരെയും കൊണ്ട് നരകം ഞാൻ നിറക്കുക തന്നെ ചെയ്യും എന്ന് അള്ളാഹു പറഞ്ഞു


(86)
قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ


(നബിയേ ) പറയുക ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല ഞാൻ കൃത്രിമം കെട്ടിച്ചമക്കുന്നവരുടെ കൂട്ടത്തിലും അല്ല


ഈ ഖുർആൻ നിങ്ങളിലേക്ക് എത്തിച്ചു തന്ന വകയിൽ നിങ്ങളോട് എന്തെങ്കിലും പ്രതിഫലം ഞാൻ ചോദിക്കുന്നില്ല അള്ളാഹു പറയാത്തത് സ്വയം മിനഞ്ഞുണ്ടാക്കി ഞാൻ കള്ളം പറഞ്ഞിട്ടുമില്ല ഇത് അള്ളാഹുവിന്റെ വാക്യമാണ് നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ അവന്റെ ദൂതനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് ആ ഉത്തരവാദിത്വം നിർവഹിക്കുകയാണു ഞാൻ ചെയ്യുന്നത് ഇത് മുഖേന ഭൌതിക ലാഭം ഞാൻ ആവശ്യപ്പെടുന്നില്ല എന്ന് തന്റെ എതിരാളികളോട് പറയാൻ അള്ളാഹു നബി തങ്ങളോട് കല്പിക്കുകയാണിവിടെ


(87)
إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ


ഇത് ലോകർക്കുള്ള ഒരു ഉൽബോധനം മാത്രമാകുന്നു


ഈ ഖുർആൻ മനുഷ്യ, ജിന്ന് വിഭാഗത്തെ ഉൽബോധിപ്പിക്കാനും അത് അനുസരിക്കുക വഴി അവരെ അനന്തമായ നാശത്തിൽ നിന്ന് രക്ഷപ്പെടുത്താനുമുള്ള ഗ്രന്ഥമാകുന്നു


(88)
وَلَتَعْلَمُنَّ نَبَأَهُ بَعْدَ حِينٍ


ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങൾക്ക് മനസ്സിലാവുക തന്നെ ചെയ്യും


ഖുർആൻ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്ന് മരണ ശേഷം നിങ്ങളുടെ പാപത്തിന്റെയും നിഷേധത്തിന്റെയും പ്രതിഫലം അനുഭവിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും

 
മരണ സമയത്ത് തന്നെ ഉറപ്പാകും എന്ന് ഹസൻ
رضي الله عنهപറഞ്ഞു (ഇബ്നുകസീർ)
ബദ്‌ർ യുദ്ധ വേളയിൽ തന്നെ കുറെ ആളുകൾക്ക് മനസ്സിലായിട്ടുണ്ടെന്ന് ഇമാം ഥിബ്‌രി പറയുന്നു

ഇവിടെ പറയുന്നതിന്റെ സാരം ഖുർആനിനെ നിഷേധിക്കാനും അത് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകളെ കളിയാക്കാനും മുന്നിട്ടിറങ്ങുന്നവർ ഒന്ന് മനസ്സിലാക്കുക. ഈ ഖുർആൻ പറഞ്ഞ ഓരോ വാക്കും സത്യമായിരുന്നു എന്ന് നിങ്ങൾക്ക് ബോധ്യം വരുന്ന ദിനം വരും പക്ഷെ അന്ന് ഒരു തിരിച്ചു പോക്ക് അസാദ്ധ്യമായിരിക്കും അതിനാൽ അനന്തമായ അപജയത്തിൽ നിന്നും നിത്യ ദു:ഖത്തിൽ നിന്നും രക്ഷപ്പെട്ട് നിരന്തര സന്തോഷത്തിലും തുടർച്ചയായ സുഖത്തിലും നീണാൾ വാഴാനുള്ള സുവർണാവസരമാണ് ഖുർആനിനെയും പ്രവാചകരെയും നിഷേധിക്കുക വഴി നിങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്ന് അറിഞ്ഞു കൊള്ളുക എന്നാണ്
അള്ളാഹു നമുക്ക് ഇരു ലോക വിജയം നൽകട്ടെ ആമീൻ

(തുടരും)ഇൻശാഅള്ളാഹ്
ഈ അദ്ധ്യായം അവസാനിച്ചു

 

No comments: