Wednesday, September 7, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 12

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -12  -   സൂക്തം 133 മുതൽ 138 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


(133)
وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ


ലൂഥും ദൂതന്മാരിലൊരാൾ തന്നെ


ഇബ്‌റാഹീം നബി عليه السلام യുടെ സഹോദരൻ ഹാറാൻ എന്നവരുടെ മകനാണ് ലൂഥ് നബി عليه السلام ഇബ്‌റാഹീം നബി عليه السلامയുടെ കൂടെ ബാബിലോണിയയിൽ ആയിരുന്നു താമസം. ഇബ്‌റാഹീം നബി عليه السلامയുടെ വിശുദ്ധ സ്വഭാവങ്ങൾ തന്നെയും സ്വാധീനിക്കുകയും ഇബ്‌റാഹീം നബി عليه السلامക്ക് പ്രവാചകത്വം ലഭിച്ചപ്പോൾ വിശ്വസിക്കുകയും ഇബ്‌റാഹീം നബി عليه السلام വിശ്വാസ സംരക്ഷണാർത്ഥം ജൻമ നാട് വിട്ട് പലായനം ചെയ്ത് ആദ്യം ഹറ് റാനിലും പിന്നീട് ഫലസ്ഥീനിലും എത്തിയപ്പോൾ കൂടെ  പലായനം  ചെയ്യുകയും ചെയ്തു. പിന്നെ ഇബ്‌റാഹീം നബി عليه السلامയുടെ അനുവാദത്തോടെ സദൂമിൽ താമസമാക്കി സദൂം ഉൾപ്പെടെ അഞ്ച് (ഏഴ് എന്നും അഭിപ്രായമുണ്ട് ) ഗ്രാമങ്ങളുടെ കൂട്ടമാണ്, മുഅ്തഫിഖാത്ത്. അവർ അങ്ങേയറ്റം അധർമ്മകാരികളും തെമ്മാടികളുമായിരുന്നു പിടിച്ചു പറിയും കൊള്ളയും വഞ്ചനയും പതിവാക്കിയിരുന്ന അവർ മുൻ കാലത്ത് ആർക്കും പരിചിതമല്ലാതിരുന്ന പുരുഷന്മാരുടെ പിൻ ദ്വാരത്തിൽ മൈഥുനം നടത്തുന്ന കടുത്ത പ്രകൃതി വിരുദ്ധ സ്വഭാവം കൂടി ശീലമാക്കി. സദസ്സുകളിൽ നിർലജ്ജം കീഴ്വായു പുറപ്പെടുവിക്കുന്നത് അഭിമാനമായി കാണുന്ന രീതിയും അവർക്കുണ്ടായിരുന്നു  അവരിലേക്കായിരുന്നു പ്രവാചകനായി ലൂഥ് നബിയുടെ നിയോഗം. അവരെ തിന്മയിൽ നിന്ന് പിന്തിരിപ്പിക്കാനും നല്ലവരായി പരിവർത്തിപ്പിക്കാനും ലൂഥ് നബി عليه السلام അക്ഷീണം പ്രയത്നിച്ചു അങ്ങേയറ്റം വഷളായ ചെയ്തികൾ ഉപേക്ഷിക്കാൻ കരളുപൊട്ടി ലൂഥ് നബി عليه السلام ഉപദേശിച്ചു കൊണ്ടിരുന്നു എന്നാൽ  ഉപദേശങ്ങളോ ഉൽബോധനങ്ങളോ അവരെ സ്വാധീനിച്ചില്ല. സദുപദേശം നടത്തിയ ലൂഥ് നബി عليه السلامയെ പരിഹസിക്കുന്ന പ്രകോപനം നടത്തുകയാണ് അവർ ചെയ്തത് .അതായത് വൃത്തികേടൊന്നും ചെയ്യാത്ത ലൂഥിനെ ഇവിടെ നിന്ന് പുറത്താക്കുക അദ്ദേഹത്തിനു ഈ സ്ഥലം അനുയോജ്യമല്ല എന്നായിരുന്നു അവർ പറഞ്ഞത്. എന്നെ അനുസരിക്കുന്നില്ലെങ്കിൽ കടുത്ത ശിക്ഷ അള്ളാഹു നൽകുമെന്ന് താക്കീത് ചെയ്തപ്പോൾ എന്നാൽ താമസിക്കണ്ട ശിക്ഷ പെട്ടെന്ന് കൊണ്ടു വരൂ എന്ന വെല്ലുവിളിയായിരുന്നു പ്രതികരണം അപ്പോൾ അള്ളാഹുവേ! ഈ നാശകാരികൾക്കെതിരിൽ എന്നെ നീ സഹായിക്കേണമേ എന്ന് ലൂഥ് നബി പ്രാർത്ഥിച്ചു .ആ പ്രാർത്ഥന സ്വീകരിച്ച അള്ളാഹു ജിബ്‌രീൽ, മീഖാഈൽ, ഇസ്‌റാഫീൽ عليهم الصلاة والسلام എന്നീ മലക്കുകളെ അവരുടെ നാട്ടിലേക്ക് നിയോഗിച്ചു അവർ ശിക്ഷിക്കപ്പെട്ടു ചരിത്രം താഴെ വിവരിക്കുന്നുണ്ട് ലൂഥ് നബി عليه السلامയുടെ ചരിത്രം ഖുർആനിൽ അൻആം, അഅ്റാഫ്, ഹൂദ്, ഹിജ്‌ർ, അൻബിയാഅ്, ഉൾപ്പെടെ പതിനഞ്ച് അദ്ധ്യായങ്ങളിൽ പരാമർശിച്ചിട്ടുണ്ട് ചിലയിടത്ത് ചുരുക്കിയും മറ്റിടത്ത് വിശദമായും .
ഇവരിൽ സ്വവർഗ രതി സജീവമായതിന്റെ കാരണം സംബന്ധിച്ച് ഇമാം സുയൂഥി
رحمة الله عليهഎന്നവർ ഇബ്നു അബ്ബാസിൽ رضي الله عنهനിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം അവർ ധാരാളം തോട്ടങ്ങളും പഴങ്ങളും ഉള്ളവരായിരുന്നു ജനം സഞ്ചരിക്കുന്ന വഴിയോരത്തും അവരുടെ തോട്ടങ്ങൾ കാണാമായിരുന്നു അവർക്ക് ഒരുഘട്ടത്തിൽ വരൾച്ചയും വിഭവങ്ങളുടെ കുറവും അനുഭവപ്പെട്ടു.വഴിയോരത്തുള്ള പഴങ്ങൾ യാത്രക്കാർ തട്ടിയെടുക്കുന്നത് തടയാൻ എന്ത് ചെയ്യണം എന്ന ആലോചനയുണ്ടായി ചിലർ പറഞ്ഞത് യാത്രക്കാരിൽ നിന്ന് നമ്മുടെ പഴങ്ങൾ സംരക്ഷിക്കാനായാൽ നമ്മുടെ ജീവിതം പ്രയാസമില്ലാതാവും. അവരെ നമ്മൾ എങ്ങനെ തടയും എന്നായി അടുത്ത ചർച്ച.അതിൽ ചിലർ മുന്നോട് വെച്ച ആശയമാണ് നമ്മുടെ കയ്യിൽ കിട്ടുന്ന യാത്രക്കാരെ നാം ലൈംഗീകമായി കയ്യേറ്റം ചെയ്യുക.പണം ആവശ്യപ്പെടുകയും ചെയ്യാം.അപ്പോൾ ആളുകളുടെ യാത്ര ഈ വഴിക്ക് ഇല്ലാതെയാക്കാം.ഇങ്ങനെ ധന സംരക്ഷണത്തിനു തുടങ്ങിയ ഈ ദുഷ് കൃത്യം പിന്നീട് അവരുടെ സ്ഥിരം രീതിയായി മാറി. ഇബ്‌ലീസ് നല്ല ചന്തമുള്ള ആൺകുട്ടിയായി വന്ന് ഇത്തരം കാര്യത്തിനു ക്ഷണിച്ച് തുടക്കമിട്ടു എന്നും അഭിപ്രായമുണ്ട് (അദ്ദുർ അൽ മൻഥൂർ )


അസാന്മാർഗിക രീതികൾ അഭിമാനമായി കാണുന്ന ആധുനിക സമൂഹവും ഇത്തരം കാര്യങ്ങൾ നടപ്പിലാക്കി
ശിക്ഷ ഏറ്റു വാങ്ങാനുള്ള തയാറെടുപ്പിലാണെന്നത് സാം സഗൌരവം കാണേണ്ട കാര്യമാണ്




(134)


إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ


അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും മുഴുവൻ നാം രക്ഷപ്പെടുത്തിയ സന്ദർഭം (ശ്രദ്ധേയമത്രെ)



വിശുദ്ധ ഖുർആൻ പതിനൊന്നാം അദ്ധ്യായം ( ഹൂദ് ) എഴുപത്തി ഏഴ് മുതൽ എൺപത്തി മൂന്ന് കൂടിയ സൂക്തങ്ങളിൽ ഈ ചരിത്രം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് അവിടെ ഇബ്നു കസീർ رحمة الله عليهവിവരിച്ചത് ഇങ്ങനെ സംഗ്രഹിക്കാം.മലക്കുകൾ സുന്ദരന്മാരായ യുവാക്കളുടെ വേഷത്തിൽ ഇബ്‌റാഹീം നബിയു عليه السلامമായി സംസാരിച്ച ശേഷം ലൂഥ് നബി عليه السلامയുടെ വീട്ടിൽ എത്തി. കാണാൻ കൊള്ളാവുന്ന യുവാക്കൾ അതിഥികളായി എത്തിയത് ലൂഥ് നബി عليه السلامയെ വിഷമത്തിലാക്കി കാരണം സ്വവർഗപ്രേമികളായ തന്റെ നാട്ടുകാർ അതിഥികളെ മാനം കെടുത്തും പ്രതിരോധിക്കാനാവട്ടെ താൻ അശക്തനും. എത്രയും പെട്ടെന്ന് അതിഥികൾ സ്ഥലം വിടുന്നതാണ് നല്ലത് എന്ന് ചിന്തിച്ച ലൂഥ് നബി عليه السلام വ്യംഗമായി തന്റെ നാട്ടുകാരുടെ അസാന്മാർഗിക രീതി അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് അത് സൂചിപ്പിക്കുകയും ചെയ്തു. എത്രയും വേഗം ഇവിടെ നിന്ന്  പോകാൻ അവർക്ക് പ്രേരണ നൽകും വിധം നാലു തവണ ഈ ആശയം ആവർത്തിച്ചു പറഞ്ഞു അതിഥികളായി പുരുഷന്മാർ വന്നാൽ ഞങ്ങൾ അവരെ സൽക്കരിക്കുമെന്നും ഞങ്ങൾക്ക് അവരെ വിട്ടു തരണമെന്നും ലൂഥ് നബി عليه السلامയോട് നേരത്തെ തന്റെ നാട്ടുകാർ പറഞ്ഞിട്ടുണ്ടായിരുന്നു ഇത്രയൊക്കെ പ്രേരിപ്പിച്ചിട്ടും അതിഥികൾ പോകാൻ കൂട്ടാക്കാതെ വീട്ടിൽ നിന്നു. അതേ സമയം ഈ തിന്മക്ക് പിന്തുണ നൽകിയിരുന്ന ലൂഥ് നബി عليه السلامയുടെ ഭാര്യ വീട്ടിൽ സുന്ദരന്മാരായ പുരുഷന്മാർ എത്തിയിട്ടുണ്ട് എന്ന വിവരം നാട്ടിലെ അധമന്മാർക്ക് ചോർത്തിക്കൊടുത്തു. ഈ വാർത്ത കേൾക്കേണ്ട താമസം.അതാ വരുന്നു കൂട്ടം കൂട്ടമായി നാട്ടിലെ തെമ്മാടികൾ! വന്ന പുരുഷന്മാരെ തങ്ങൾക്ക് വിട്ടു തരണമെന്നും ഞങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനു അവരെ ഞങ്ങൾ ഉപയോഗിക്കുമെന്നും പറഞ്ഞായിരുന്നു അവരുടെ വരവ്‌! അവർ എന്റെ അതിഥികളാണെന്നും അവരെ ഈ വിധം അപമാനിക്കുന്നത് ശരിയല്ലെന്നും അത് കൊണ്ട് പ്രകൃതി ആവശ്യപ്പെടുന്നത് പോലെ സ്ത്രീകളെ വിവാഹം ചെയ്ത് കാമ ദാഹം തീർക്കണമെന്നും ലൂഥ് നബി عليه السلامഅവരോട് കെഞ്ചിപ്പറഞ്ഞു എന്നാൽ ഞങ്ങൾക്ക് സ്ത്രീകളിൽ തല്പര്യമില്ലെന്നും പുരുഷന്മാരെ ഉപയോഗിക്കുന്നതാണ് ഞങ്ങളുടെ ഇഷ്ടമെന്ന് നിങ്ങൾക്ക് അറിയില്ലേ? നിങ്ങളുടെ വീട്ടിൽ പുരുഷന്മാരെ അതിഥികളായി സ്വീകരിക്കാതെ അവരെ ഞങ്ങൾക്ക് വിട്ടു തരണമെന്ന് ഞങ്ങൾ നേരത്തേ തന്നെ നിങ്ങളോട് പറഞ്ഞിരുന്നതല്ലേ? തുടങ്ങിയ ചോദ്യങ്ങൾ അവർ ചോദിച്ചു കൊണ്ടിരുന്നു അതിഥികളുടെ വിഷയത്തിൽ മര്യാദ പാലിക്കണമെന്ന് അറിയാവുന്ന ഒരുത്തനും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ എന്ന് ലൂഥ് നബി عليه السلام വിഷമത്തോടെ ചോദിച്ചു.അവർ അകത്തേക്ക കയറാതിരിക്കാനായി വാതിലിനടുത്ത് നിലയുറപ്പിച്ച ലൂഥ് നബി عليه السلامയെ തള്ളി മാറ്റി അവർ അകത്ത് കയറുമെന്ന നില വന്നപ്പോൾ വന്ന അതിഥികൾ സസ്പെൻസ് അവസാനിപ്പിച്ച് ലൂഥ് നബി عليه السلامയോട് പറഞ്ഞു നിങ്ങൾ ഭയപ്പെടേണ്ട. ഞങ്ങൾ നാഥന്റെ ദൂതന്മാരാണ്. ഞങ്ങളുടെ അടുത്തേക്ക് അവർക്ക് എത്താനാവില്ല. ഈ ധിക്കാരികൾക്ക് നൽകാനുള്ള ശിക്ഷയുമായി വന്നതാണ് ഞങ്ങൾ. ഇന്ന് പ്രഭാതം വരേ മാത്രമേ അവർക്ക് ആയുസ്സുള്ളൂ. അതിനാൽ നിങ്ങൾ വാതിലിനടുത്ത് ഞങ്ങൾക്ക് വേണ്ടി ഇനിയും കാവൽ നിൽക്കേണ്ടതില്ല അവരെ ഞങ്ങൾക്ക് വിട്ടേക്കൂ എന്ന്.അങ്ങനെ ജിബ്‌രീൽ عليه السلام തന്റെ ചിറക് വിടർത്തി അവരെ മുഖമടക്കി അടിച്ചു. കണ്ണ് കാണാതെ, വഴിയറിയാതെ സ്വന്തം വീടുകളിലെത്താനാവതെ അവർ കുടുങ്ങി   ലൂഥ് നബി عليه السلامയോട്  നിങ്ങളും കുടുംബവും രാത്രി തന്നെ ഇവിടം വിടണമെന്നും ഇവർക്ക് പ്രഭാതത്തോടെ സർവ നാശത്തിന്റെ ശിക്ഷയെത്തുമെന്നും നിങ്ങൾ പോകുന്ന നേരം എന്ത് ശബ്ദം കേട്ടാലും തിരിഞ്ഞു നോക്കരുതെന്നും മലക്കുകൾ നിർദ്ദേശിച്ചു. അവർ രാത്രി വീട്ടിൽ നിന്ന് യാത്ര തുടർന്നു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ തന്റെ ഭാര്യക്ക് ശിക്ഷ കിട്ടി. കാരണം അവർ ഈ തോന്നിയവാസത്തെ അനുകൂലിച്ചിരുന്ന സ്ത്രീയാണ് ലൂഥ് നബി عليه السلامക്കെതിരിൽ അക്രമികൾക്ക് സഹായം ചെയ്യുന്നവളായിരുന്നു അവർ. അങ്ങനെ ആ ഗ്രമാത്തെ ജിബ്‌രീൽ عليه السلام കീഴ്മേൽ മറിക്കുകയും ഓരോരുത്തരുടെയും മേൽ ചൂളവെച്ച ഇഷ്ടികക്കല്ലുകൾ പതിക്കുകയും ദയനീയമായി അവർ കൊല്ലപ്പെടുകയും ചെയ്തു ഓരോരുത്തരിലും പതിച്ചത് അവർക്കായി അടയാളം വെക്കപ്പെട്ട കല്ലുകൾ തന്നെയായിരുന്നു (ഇബ്നുകസീർ)

 


(135)
إِلَّا عَجُوزًا فِي الْغَابِرِينَ


പിന്മാറി നിന്നവരിൽപ്പെട്ട ഒരു കിഴവിയൊഴികെ


ലൂഥ് നബി عليه السلامയുടെ ഭാര്യയാണ് ആ കിഴവി. അവർ ഈ തെറ്റിനു സഹായം ചെയ്യുന്നവരും അതിനെ അംഗീകരിക്കുന്നവരുമായിരുന്നു. അതിനാൽ ലൂഥ് നബി عليه السلامയുടെ കൂടെ യാത്ര ചെയ്യാൻ അവർക്കായില്ല. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതോടെ നാട്ടുകാർ അനുഭവിക്കുന്ന ശിക്ഷ അവർക്കും ഏറ്റു വാങ്ങേണ്ടി വന്നു.
കുറ്റം ചെയ്യൽ മാത്രമല്ല കുറ്റങ്ങളെ പിന്തുണക്കലും മഹാ പാതകം തന്നെ എന്ന് നമുക്കിവിടെ നിന്ന് മനസ്സിലാക്കാം.
ഒരു തിന്മ കണ്ടാൽ കൈകൊണ്ട് തടയുക.സാധ്യമല്ലെങ്കിൽ നാവ് കൊണ്ട് തിരുത്തുക.അതിനും കഴിയില്ലെങ്കിൽ മനസ്സിൽ അതിനോടുള്ള വെറുപ്പ് വെച്ചു പുലർത്തുകയെങ്കിലും ചെയ്യുക എന്ന നബി വചനം വളരെ പ്രസക്തം തന്നെ.




(136)
ثُمَّ دَمَّرْنَا الْآخَرِينَ


പിന്നെ മറ്റുള്ളവരെ നാം തകർത്തു കളഞ്ഞു



ലൂഥ് നബി عليه السلامയെയും വിശ്വാസികളായ കുടുംബത്തെയും രക്ഷപ്പെടുത്തിയ ശേഷം അവരെ നാം ശിക്ഷിച്ചു. അള്ളാഹുവിന്റെ ശിക്ഷ എത്തിയപ്പോൾ ആ ധിക്കാരികൾ തകർന്നടിഞ്ഞു. നാലോ അഞ്ചോ ഗ്രാമങ്ങളിലാണ് അവർ താമസിച്ചിരുന്നത് അതെല്ലാം നിലംപരിശായി. ചാവുകടൽ അവിടെയാണ്  എന്ന് അഭിപ്രായമുണ്ട്


(137)
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ


തീർച്ചയായും നിങ്ങൾ രാവിലെ അവരുടെ അടുത്ത് കൂടി കടന്നു പോവാറുണ്ട്

പ്രവാചകരെ നിഷേധിച്ച ആ ജനതയെ കൂട്ടത്തോടെ അള്ളാഹു നശിപ്പിച്ച പ്രദേശത്തു കൂടി പകൽ യാത്ര ചെയ്യുന്നു. അവർ ഏറ്റു വാങ്ങിയ ശിക്ഷ ഓർക്കാൻ നിങ്ങൾക്ക് അവസരമുണ്ടാകുന്നു  


 

(138)
وَبِاللَّيْلِ أَفَلَا تَعْقِلُونَ


രാത്രിയിലും. എന്നിട്ടും നിങ്ങൾ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ
?

രാത്രിയിലും നിങ്ങൾ ആ വഴി സഞ്ചരിക്കുന്നുണ്ട് എന്നിട്ടും
നിങ്ങൾ എന്ത് കൊണ്ട് അതിൽ നിന്ന് പാഠമുൾക്കൊള്ളുന്നില്ല എന്നാണ് സത്യ നിഷേധികളോട്
അള്ളാഹു ചോദിക്കുന്നത്
അള്ളാഹുവിന്റെ നിയമങ്ങൾ പാലിച്ചു ജീവിക്കാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ
امين

 


(തുടരും)
ان شاء الله

 

 

No comments: