അദ്ധ്യായം 36 | സൂറത്ത് യാസീൻ سورة يس
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 83
(Part -12 - സൂക്തം 77 മുതൽ 83
വരെയുള്ള സൂക്തങ്ങളുടെ വിവരണം )
بسم الله الرحمن الرحيم
റഹ്മാനും റഹീമുമായ
ﷲഅള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(77)
أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن
نُّطْفَةٍۢ فَإِذَا هُوَ خَصِيمٌۭ مُّبِينٌۭ
മനുഷ്യനെ നാം ഒരു
ഇന്ദ്രിയത്തുള്ളിയിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അവൻ കണ്ടറിഞ്ഞിട്ടില്ലേ? എന്നിട്ട് അവനതാ ഒരു സ്പഷ്ടമായ
എതിരാളിയായിരിക്കുന്നു
ﷲഅള്ളാഹുവിൻ്റെ
അപാരമായ കഴിവിൻ്റെ പല ഉദാഹരണങ്ങളും നേരത്തെ വിവരിച്ച ശേഷം മനുഷ്യനെ സംബന്ധിച്ച് തന്നെയുള്ള
തെളിവ് വിവരിക്കുകയാണ് ﷲഅള്ളാഹു. കേവലം ഇന്ദ്രിയത്തുള്ളിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യനാണ് ﷲഅള്ളാഹുവിൻ്റെ കഴിവിനെ ചോദ്യം ചെയ്യുന്നതും അതിനായി തർക്കം
കൂടുന്നതും! അതായത് ഇന്ദ്രിയത്തുള്ളിയിൽ നിന്ന് മനുഷ്യനെ സ്രിഷ്ടിക്കാൻ കഴിയുന്ന ﷲഅള്ളാഹുവിനു ദ്രവിച്ച എല്ലിൽ നിന്ന് അതിൻ്റെ പഴയ രൂപം
പുനസ്ഥാപിക്കാൻ പ്രയാസമുണ്ടാകുമോ? ഒരിക്കലും
അതുണ്ടാകില്ലെന്ന് സാരം.
ഈ സൂക്തത്തിൻ്റെ അവതരണ പശ്ചാത്തലത്തെ സംബന്ധിച്ച് വിവിധ വ്യക്തികളുടെ ചോദ്യം ഖുർആൻ
വ്യാഖ്യാതാക്കൾ വിവരിക്കുന്നുണ്ട്. മക്കയിലെ പ്രമുഖരിൽ ഒരാളും നബി ﷺതങ്ങളുടെ കഠിന
ശത്രുവുമായിരുന്ന ,ഉബയ്യുബിൻ ഖലഫ്, ദ്രവിച്ച ഒരു എല്ലിൻ കഷ്ണവുമായി നബി ﷺതങ്ങളുടെ അടുത്ത് എത്തുകയും അത് പൊടിച്ച് കാറ്റിൽ പരത്തിയ
ശേഷം ഈ ദ്രവിച്ച എല്ലിനെ ഇനി ആര് ജീവിപ്പിക്കും എന്ന് ചോദിക്കുകയും ചെയ്തു നബി
ﷺ തങ്ങൾ പറഞ്ഞു ﷲഅള്ളാഹു അതിനെ ജീവിപ്പിക്കുകയും പിന്നെ മരിപ്പിക്കുകയും
ചെയ്യും ശേഷം തന്നെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും എന്ന്. അത് സംബന്ധമായി ഈ
സൂക്തം അവതരിച്ചു
ഈ ചോദ്യം ‘ആസി ബിൻ വാഇൽ’ ആണ് ചോദിച്ചതെന്നും ‘അബ്ദുള്ളാഹ് ബിൻ ഉബയ്യ്’ ആണ് ചോദിച്ചതെന്നും അഭിപ്രായമുണ്ട്
(78)
وَضَرَبَ لَنَا مَثَلًۭا وَنَسِىَ
خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌۭ
അവൻ നമുക്കൊരു ഉപമ
എടുത്തു കാട്ടുകയും തൻ്റെ സ്വന്തം സൃഷ്ടിപ്പിനെ മറന്നു കളയുകയും ചെയ്തിരിക്കുന്നു!
അവൻ ചോദിക്കുകയും ചെയ്യുന്നു ഈ അസ്ഥികളെ അവ പഴകി ജീർണിച്ചതായിട്ടും ആരാണ്
ജീവിപ്പിക്കുക?എന്ന്
നുരുമ്പിയ എല്ലിൻ കഷ്ണം വീണ്ടും ജീവിപ്പിക്കുക സാദ്ധ്യമല്ലെന്ന് വാദിക്കുന്ന
ഇദ്ദേഹം സ്വന്തം സൃഷ്ടിപ്പിൻ്റെ അവസ്ഥയൊന്ന് ആലോചിച്ചാൽ മതി പിന്നെ ഇത്തരം സന്ദേഹം
ഉണ്ടാകില്ല എന്ന് സാരം
(79)
قُلْ يُحْيِيهَا ٱلَّذِىٓ
أَنشَأَهَآ أَوَّلَ مَرَّةٍۢ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ
തങ്ങൾ പറയുക ഒന്നാമതായി അവയെ സൃഷ്ടിച്ചുണ്ടാക്കിയവൻ തന്നെ അവയെ (രണ്ടാമതും)
ജീവിപ്പിക്കും അവൻ എല്ലാ സൃഷ്ടികളെക്കുറിച്ചും നല്ലവണ്ണം അറിയുന്നവനാകുന്നു
ദ്രവിച്ച എല്ലിൻ കഷ്ണത്തെ
പുനർജനിപ്പിക്കുന്നതിൽ അപാകത കാണുന്നവനോട് വളരെ വ്യക്തമായ ഉത്തരം പറയാനാണ് ﷲഅള്ളാഹു കല്പിച്ചിരിക്കുന്നത് ഇല്ലാത്ത അവസ്ഥയിൽ നിന്ന്
ആദ്യമായി അവയെ ജനിപ്പിച്ച ﷲഅള്ളാഹു തന്നെ ഉണ്ടായ ശേഷം മാറ്റത്തിനു വിധേയമായ അതിനെ വീണ്ടും സൃഷ്ടിക്കും. ആദ്യം
പടക്കുന്ന അത്ര സങ്കീർണമല്ല പുനർജനിപ്പിക്കൽ എന്ന് എന്തേ ഇവർ ആലോചിക്കാതെ പോയത് !
മരിച്ച് മണ്ണിൽ ലയിച്ച അവശിഷ്ടങ്ങളോട് ഒരുമിച്ച് കൂടാൻ ﷲഅള്ളാഹു പറയുകയും അവ ഒരുമിച്ച് കൂടുകയും ചെയ്യും
അള്ളാഹുവിനു ഇതൊന്നും അത്ര വലിയ കാര്യമല്ല
(80)
ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ
ٱلْأَخْضَرِ نَارًۭا فَإِذَآ أَنتُم مِّنْهُ تُوقِدُونَ
അതായത് പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവൻ. എന്നിട്ട് നിങ്ങളതാ
അതിൽ നിന്ന് തീ കത്തിക്കുന്നു
മനുഷ്യൻ
ഉയർന്ന ചിന്തയുള്ളവനാവാനായി ﷲഅള്ളാഹു പറയുന്ന ഉദാഹരണമാണിത് . വെള്ളം തട്ടിയാൽ സാധാരണ തീ അണഞ്ഞു
പോകും എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരത്തിൽ നിന്ന് ﷲഅള്ളാഹു തീയുല്പാദിപ്പിക്കുന്നു ചില മരച്ചുള്ളികൾ
തമ്മിലുരസി തീയുണ്ടാക്കുന്ന സമ്പ്രദായം പണ്ട് ഹിജാസിൽ നടപ്പുണ്ടായിരുന്നു. മർഖ്, അഫാർ എന്നീ
മരങ്ങളെ വ്യാഖ്യാതാക്കൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ട് മുള, ഓട മുതലായവ തമ്മിലുരസി തീയുണ്ടാക്കുന്ന അവസ്ഥ വനവാസികളിൽ
ഇപ്പോഴും ഉണ്ട്. ഇത്രയോക്കെ സംവിധാനങ്ങൾ ഉണ്ടാക്കിയ ﷲഅള്ളാഹുവിനു പുനർജനിപ്പിക്കൽ പ്രയാസമുള്ള കാര്യമേ അല്ല
എന്ന് സാരം.
(81)
أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ
وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ
ٱلْعَلِيمُ
ആകാശ ഭൂമികളെ സൃഷ്ടിച്ച ﷲഅള്ളാഹു അവരെ പോലുള്ളതിനെ സൃഷ്ടിക്കാൻ
കഴുവുള്ളവനല്ലേ? അതെ. കഴിവുള്ളവൻ തന്നെയാണ് അവൻ തന്നെയാണ് മഹാ
സൃഷ്ടാവും സർവജ്ഞനും
പുനർജന്മത്തെ നിഷേധിക്കുന്നവർക്ക്
മനസിലാക്കാനുതകുന്ന തെളിവുകൾ നേരത്തെ പറഞ്ഞു . ഒന്നു കൂടി വ്യക്തമാക്കുകയാണ് ﷲഅള്ളാഹു! ആകാശങ്ങളും അതിലെ നക്ഷത്രക്കൂട്ടങ്ങളും സൂര്യനും
ചന്ദ്രനും ഭൂമിയും അതിലടങ്ങിയ മണ്ണും മണലും കാടും കടലും മറ്റ് പ്രതിഭാസങ്ങളും
ആർക്കാണ് വിവരിച്ചു തീർക്കാനാവുക? ആകാശം ഒരു തൂണിൻ്റെയും സഹായമില്ലാതെ ഉയർന്ന് നിൽക്കുന്നു
വിവിധ വിഷയങ്ങൾ അവിടെ നടക്കുന്നു അതെല്ലാം ﷲഅള്ളാഹു സൃഷ്ടിച്ച് സംവിധാനിച്ചതാണ് ഒരു കമ്പനിയും അതിൻ്റെ
നിർമാണത്തിന് അവകാശ വാദം ഉന്നയിച്ചിട്ടില്ല ആ സൃഷ്ടിയിലേക്ക് നോക്കുമ്പോൾ
പ്രപഞ്ചത്തിലെ എത്ര ചെറിയ സൃഷ്ടിയാണ് മനുഷ്യൻ. ശൂന്യതയിൽ നിന്ന് ഇതൊക്കെ
സംവിധാനിക്കാൻ കഴിവുള്ള ﷲഅള്ളാഹുവിനു മണ്ണിൽ ലയിച്ച മനുഷ്യനെ പുനർജനിപ്പിക്കാനാവില്ല എന്ന് പറയുന്നത്
എത്രമേൽ പരിഹാസ്യമല്ല!
ഓരോ കാര്യങ്ങളെയും ശരിയായി അറിയുന്ന ﷲഅള്ളാഹുവിൻ്റെ സൃഷ്ടി വൈഭവം ബുദ്ധിയുള്ളവർ സമ്മതിച്ചേ
മതിയാവൂ.
(82)
إِنَّمَآ أَمْرُهُۥٓ إِذَآ
أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ
നിശ്ചയം അവൻ്റെ കാര്യം ഒരു വസ്തു ഉണ്ടാകണമെന്ന് അവൻ ഉദ്ദേശിച്ചാൽ അതിനെപ്പറ്റി
ഉണ്ടാവുക എന്ന് പറയുകയേ വേണ്ടൂ തത്സമയം അതുണ്ടാകുന്നു (സൃഷ്ടിപ്പിൽ ഇതാണ് അവൻ്റെ
രീതി)
ഏത് കാര്യവും ഉണ്ടാവണമെന്ന് ﷲഅള്ളാഹു ഉദ്ദേശിച്ചാൽ താമസം വിനാ അതുണ്ടാകുന്നു അത്രയും
ശക്തനായ ﷲഅള്ളാഹുവിൻ്റെ കഴിവിനെ ചോദ്യം ചെയ്യുന്നവൻ യാഥാർത്ഥ്യത്തിൽ നിന്ന് എത്ര
അകലെയാണ്
‘ഉണ്ടാവുക
എന്ന് പറയും’ എന്ന് പറഞ്ഞാൽ ആ വാക്ക് പറയും എന്നല്ല അള്ളാഹു അത് ഉദ്ദേശിക്കും.അപ്പോൾ
അതുണ്ടാകും എന്നാണ്
(83)
فَسُبْحَـٰنَ ٱلَّذِى
بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍۢ وَإِلَيْهِ تُرْجَعُونَ
അപ്പോൾ അഖില വസ്തുക്കളുടെയും രാജാധിപത്യം
ഏതൊരു ﷲഅള്ളാഹുവിൻ്റെ പക്കലാണോ അവൻ മഹാ
പരിശുദ്ധനത്രെ.അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുന്നതും
എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതും
പരിപാലിക്കുന്നതും നിയന്ത്രണാധികാരം നിലനിൽക്കുന്നതും ﷲഅള്ളാഹുവിന് മാത്രമാണ് ആ
ﷲഅള്ളാഹു പങ്കാളികളെ തൊട്ട് പരിശുദ്ധനത്രെ. അതിനാൽ മറ്റ് ദൈവങ്ങളെ
സങ്കല്പിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു.കാരണം അവർ പറയുന്ന ദൈവങ്ങൾ ﷲഅള്ളാഹുവിൻ്റെ അധികാരത്തിൻ്റെ കീഴിലുള്ളതാണ്. ആസ്ഥിതിക്ക്
അവയെങ്ങനെ ദൈവമാകും അഥവാ ﷲഅള്ളാഹുവിൻ്റെ പങ്കാളിയാകും? അഥവാ ﷲഅള്ളാഹു മാത്രമാണ് ആരാദ്ധ്യൻ എന്ന് സ്ഥാപിക്കപ്പെട്ടു
കഴിഞ്ഞു.
ഇനി പുനർജന്മം ഉണ്ടോ എന്നത് കൂടി മനസിലായാൽ മതി ‘നിങ്ങൾ എല്ലാവരും അവനിലേക്കാണ്
മടക്കപ്പെടുന്നത്’ എന്ന വാക്യത്തിലൂടെ അതും സ്ഥിരീകരിച്ചു!കാരണം ആ പ്രയോഗത്തിൽ നിന്ന് മരണം ഒരു
അവസാനമല്ലെന്നും പിന്നീടും പലതും നടക്കാനിരിക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ്.
(ഈ അദ്ധ്യായം അവസാനിച്ചു )
‘എല്ലാ
വസ്തുക്കൾക്കുംഹൃദയമുണ്ട് ഖുർആനിൻ്റെ ഹൃദയമാണ് യാസീൻ എന്ന അദ്ധ്യായം’ എന്ന നബി വചനത്തെ സംബന്ധിച്ച് ഇമാം ഗസ്സാലി رحمة الله عليهപറയുന്നു സത്യവിശ്വാസം ശരിപ്പെടണമെങ്കിൽ പുനർജന്മം സത്യമാണെന്ന് സമ്മതിക്കണം ഈ
അദ്ധ്യായത്തിൽ അക്കാര്യം സവിസ്തരം വിവരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്
അത് കൊണ്ടാണ് ഈ അദ്ധ്യായം ഖുർആനിൻ്റെ ഹൃദയമാണെന്ന് പറഞ്ഞത്. ഈ ന്യായം വളരെ
നന്നായിട്ടുണ്ട് എന്ന് ഇമാം റാസി رحمة الله عليهപറയുന്നു!
ഈ അദ്ധ്യായത്തിൽ ഇസ്ലാമിൻ്റെ മൂന്ന് അടിസ്ഥാനങ്ങളും ഏറ്റവും വ്യക്തമായ തെളിവോട് കൂടി
സമർത്ഥിച്ചിട്ടുണ്ട് പ്രവചകത്വം (രിസാലത്ത്), ﷲഅള്ളാഹുവിൻ്റെ
എകത്വം (തൗഹീദ്) പുനർജന്മം (ഹശ്ർ) എന്നിവയാണത് മൂന്നാം
സൂക്തം മുതൽ രിസാലത്തും ഈ അവസാന സൂക്തത്തിൻ്റെ ആദ്യ ഭാഗം തൗഹീദും അവസാന ഭാഗം
ഹശ്റും സമർത്ഥിക്കുന്നു ഈ മൂന്ന് അടിസ്ഥാനങ്ങളും അതിൻ്റെ തെളിവുകളുമാണീ
അദ്ധ്യായത്തിൽ എന്ന് വരുമ്പോൾ ഇത് ഹൃദയമാണ് എന്ന പ്രശംസ സത്യം തന്നെ. മരണാസന്നൻ്റെ
സമീപത്ത് ഖുർആൻ പാരായണം ചെയ്യണം എന്ന് നബി ﷺതങ്ങൾ പറഞ്ഞതിൻ്റെ പൊരുളും മറ്റൊന്നായിരിക്കില്ല (റാസി)
ﷲഅള്ളാഹു
നമ്മെ സത്യ വിശ്വാസികളിൽ പെടുത്തട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment