അദ്ധ്യായം 35 | സൂറത്തു ഫാത്വിർ سورة فاطر
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 45
(Part -2 - സൂക്തം 11 മുതൽ 26 വരെ സൂക്തങ്ങളുടെ വിവരണം )
بسم الله الرحمن الرحيم
റഹ്മാനും റഹീമുമായ
ﷲഅള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(11)
وَٱللَّهُ خَلَقَكُم مِّن
تُرَابٍۢ ثُمَّ مِن نُّطْفَةٍۢ ثُمَّ جَعَلَكُمْ أَزْوَٰجًۭا ۚ وَمَا تَحْمِلُ
مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍۢ
وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَـٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ
يَسِيرٌۭ
ﷲഅള്ളാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്
ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു പിന്നെ അവൻ നിങ്ങളെ ഇണകളാക്കി അവൻ്റെ അറിവ്
അനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല ഒരു
ദീർഘായുസ്സ് നൽകപ്പെട്ട ആൾക്കും അയുസ്സ് നീട്ടിക്കൊടുക്കപ്പെടുന്നതോ അയാളുടെ
ആയുസ്സിൽ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയിൽ ഉള്ളതനുസരിച്ചല്ലാതെ നടക്കുന്നില്ല
തീർച്ചയായും അത് അള്ളാഹുവിന് എളുപ്പമുള്ളതാകുന്നു
ആദം നബി رحمة الله عليه യെ
ﷲഅള്ളാഹു മണ്ണിൽ നിന്നും
സന്താന പരമ്പരയെ ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു. പിന്നെ ഇണകളാക്കി എന്നാൽ സ്ത്രീ -പുരുഷൻ എന്നിങ്ങനെ രണ്ട് വിഭാഗമാക്കി
മനുഷ്യ വർഗത്തിൻ്റെ വ്യാപനത്തിനു എതിർലിംഗത്തിലുള്ളവരോട് ആകർഷണവും അടുപ്പവും ﷲഅള്ളാഹു സംവിധാനിച്ചു .അവർ തമ്മിലുള്ള നിയമപരമായ ബന്ധത്തിനു
വിവാഹം എന്ന കരാറും ﷲഅള്ളാഹു സംവിധാനിച്ചു ഒരു സ്ത്രീ ഗർഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം ﷲഅള്ളാഹുവിൻ്റെ അറിവിൻ്റെയും തീരുമാനത്തിൻ്റെയും
അടിസ്ഥാനത്തിൽ മാത്രമാണ് നടക്കുന്നത് . ﷲഅള്ളാഹു ഒരാൾക്ക് നിശ്ചയിച്ച ആയുസ്സിൽ വർദ്ധനവ് നൽകുന്നതും കുറവ്
വരുത്തുന്നതും നേരത്തെ തന്നെ അവൻ അടിസ്ഥന രേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആയുസ്സ്
മുമ്പേ കണക്കാക്കിയതാണെങ്കിൽ പിന്നെ വർദ്ധനവ് അല്ലെങ്കിൽ ചുരുക്കൽ എങ്ങനെയാണ്
സാധ്യമാവുക എന്ന് ചോദിച്ചാൽ ﷲഅള്ളാഹുവിൻ്റെ തീരുമാനങ്ങൾ രണ്ട് രീതിയിൽ ഉണ്ട് ചില കാര്യങ്ങളോട്
ബന്ധിപ്പിച്ചു കൊണ്ടുള്ള തീരുമാനങ്ങൾ (ഖളാഅ് മുഅല്ലഖ്) ആത്യന്തിക തീരുമാനങ്ങൾ
(ഖളാഅ് മുബ്റം) ഉദാഹരണമായി കുടുംബ ബന്ധം ചേർത്താൽ ആയുസ്സിൽ വർദ്ധനവുണ്ടാകും എന്ന്
ഹദീസിൽ കാണാം ഇതെല്ലാം ﷲഅള്ളാഹുവിൻ്റെ തീരുമാനവും അറിവുമനുസരിച്ചാണ് നടക്കുന്നത് അതൊന്നും ﷲഅള്ളാഹുവിനു പ്രയാസമുള്ള കാര്യമല്ല.
(12)
وَمَا يَسْتَوِى ٱلْبَحْرَانِ هَـٰذَا عَذْبٌۭ فُرَاتٌۭ سَآئِغٌۭ
شَرَابُهُۥ وَهَـٰذَا مِلْحٌ أُجَاجٌۭ ۖ وَمِن كُلٍّۢ تَأْكُلُونَ لَحْمًۭا
طَرِيًّۭا وَتَسْتَخْرِجُونَ حِلْيَةًۭ تَلْبَسُونَهَا ۖ وَتَرَى ٱلْفُلْكَ فِيهِ
مَوَاخِرَ لِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
രണ്ടു ജലാശയങ്ങൾ സമമാവുകയില്ല ഒന്ന് കുടിക്കാൻ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം , മറ്റൊന്ന് കയ്പുറ്റ ഉപ്പുവെള്ളവും. രണ്ടിൽ നിന്നും നിങ്ങൾ
പുത്തൻ മാംസം എടുത്തുതിന്നുന്നു നിങ്ങൾക്ക് ധരിക്കുവാനുള്ള ആഭരണം (അതിൽ നിന്ന്) പുറത്തെടുക്കുകയും ചെയ്യുന്നു
അതിലൂടെ കപ്പലുകൾ കീറിക്കടന്നു പോകുന്നതും നിങ്ങൾക്ക് കാണാം. ﷲഅള്ളാഹുവിൻ്റെ
അനുഗ്രഹത്തിൽ നിന്നും നിങ്ങൾ തേടിപ്പിടിക്കുവാൻ വേണ്ടിയും നിങ്ങൾ നന്ദി
കാണിക്കുവാൻ വേണ്ടിയുമത്രെ അത്
ﷲഅള്ളാഹു പ്രപഞ്ചത്തിൽ മനുഷ്യനു ചെയ്ത് കൊടുത്ത ചില അനുഗ്രഹങ്ങളെ ഓർമപ്പെടുത്തുകയും അത് ചെയ്ത് കൊടുത്ത ﷲഅള്ളാഹുവിനെ മാത്രം ആരാധിക്കണം എന്ന് കല്പിക്കുകയുമാണ്
കുടിക്കാൻ രുചിയുള്ള വെള്ളവും രസം അരോചകമായ ഉപ്പു വെള്ളവും അവൻ സംരക്ഷിച്ചു എന്നാൽ
ഇതിൽ നിന്നെല്ലാം നല്ല രുചികരമായ മത്സ്യം പിടിച്ച് ഭക്ഷിക്കാനും അത് വില്പന നടത്തി
ഉപജീവനം കണ്ടെത്താനും ﷲഅള്ളാഹു സംവിധാനമൊരുക്കിയിരിക്കുന്നു.
മുത്തും പവിഴവും തപ്പിയെടുത്ത് ആഭരണങ്ങളായി ഉപയോഗിക്കാനും ഈ സമുദ്രത്തിൽ ﷲഅള്ളാഹു സംവിധാനമൊരുക്കിയിരിക്കുന്നു
വെള്ളത്തെ വകഞ്ഞു മാറ്റി വലിയ കപ്പലുകൾ കടലിലൂടെ സഞ്ചരിക്കുന്നു ആളുകൾക്ക് ഒരു
സ്ഥലത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും ചിരക്കുകൾ നീക്കം
ചെയ്യാനും മത്സ്യബന്ധനത്തിനു തന്നെയും കപ്പലിനെ ആശ്രയിക്കുന്നു. അതിനെല്ലാം
സൗകര്യപ്പെടുമാർ കടലിനെയും കപ്പലിനെയുമെല്ലാം നിങ്ങൾക്ക് സൗകര്യപ്പെടുത്തിയത് ﷲഅള്ളാഹുവിൻ്റെ മഹത്തായ അനുഗ്രഹമാണ്. ഇതിനു നന്ദി ചെയ്യാൻ
നിങ്ങൾക്ക് ബാധ്യതയുണ്ട്
(13)
يُولِجُ ٱلَّيْلَ فِى ٱلنَّهَارِ
وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّۭ
يَجْرِى لِأَجَلٍۢ مُّسَمًّۭى ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ
تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ
രാവിനെ അവൻ പകലിൽ പ്രവേശിപ്പിക്കുന്നു പകലിനെ രാവിലും അവൻ പ്രവേശിപ്പിക്കുന്നു സൂര്യനെയും
ചന്ദ്രനെയും അവൻ (തൻ്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു അവയോരോന്നും
നിശ്ചിതമായ ഒരു അവധി വരെ സഞ്ചരിക്കുന്നു അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ
രക്ഷിതാവായ ﷲഅള്ളാഹു .അവന്നാകുന്നു ആധിപത്യം, അവന്ന് പുറമേ നിങ്ങൾ ആരെ ആരാധിക്കുന്നുവോ അവർ
ഈത്തപ്പഴക്കുരുവിൻ്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല
പകലിനെ
രാത്രിയിലും രാത്രിയെ പകലിലും പ്രവേശിപ്പിക്കുകയെന്നാൽ ചിലപ്പോൾ പകലിനു ദൈർഘ്യം കൂടുകയും മറ്റ് ചിലപ്പോൾ രാവിനു ദൈർഘ്യം
കൂടുകയും ചെയ്യുന്നു ഓരോന്നിൽ നിന്നും കുറയുന്നത് മറ്റേതിൽ ﷲഅള്ളാഹു കൂട്ടുന്നതിനെയാണ് ‘പ്രവേശിപ്പിക്കുന്നു’ എന്ന് പറഞ്ഞത്. സൂര്യനും ചന്ദ്രനും ﷲഅള്ളാഹു നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ ﷲഅള്ളാഹുവിൻ്റെ നിയമമനുസരിച്ച് തന്നെ സഞ്ചരിക്കുന്നതിനാൽ
അതിൻ്റെ പ്രവർത്തനത്തിൽ യാതൊരു തകരാറും അനുഭവപ്പെടുന്നില്ല എന്നത് പ്രത്യേകം
ചിന്തിക്കേണ്ടതാണ്. അവ നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു എന്നാൽ അന്ത്യനാൾ വരെ
എന്നാണ് സാരം. നിങ്ങൾക്ക് വേണ്ടി ഈ ക്രമീകരണങ്ങളെല്ലാം സംവിധാനിച്ച ﷲഅള്ളാഹു സകലത്തിൻ്റെയും അധിപനാണ് അതിനാൽ നിങ്ങളുടെ
ആരാധനക്ക് അവൻ മാത്രമാണ് അർഹൻ. നിങ്ങൾ ദൈവങ്ങളാണെന്ന് പറയുന്നവക്ക് ഇത്തരം ഒരു
മേന്മയും പറയാനില്ലെന്ന് മാത്രമല്ല ഒരു ചെറിയ ഉപകാരം പോലും സ്വന്തമായി അവർക്ക്
അവകാശപ്പെടാനില്ല അതാണ് ഈത്തപ്പഴക്കുരുവിൻ്റെ പുറത്ത് കാണുന്ന പാടയെ ഉദാഹരിച്ച് ﷲഅള്ളാഹു പറഞ്ഞത്.
(14)
إِن تَدْعُوهُمْ لَا يَسْمَعُوا۟
دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَـٰمَةِ
يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍۢ
നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല അവർ
കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല ഉയിർത്തെഴുന്നേല്പിൻ്റെ നാളിലാകട്ടെ
നിങ്ങൾ അവരെ (ﷲഅള്ളാഹുവിൻ്റെ)
പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതാണ് സൂക്ഷ്മജ്ഞാനമുള്ള (ﷲഅള്ളാഹു)
വിനെ പോലെ തങ്ങൾക്ക് വിവരം തരാൻ ആരുമില്ല.
ﷲഅള്ളാഹുവല്ലാത്ത, ദൈവങ്ങളാണെന്ന് നിങ്ങൾ വിശ്വസിക്കുന്ന
വസ്തുക്കൾ അചേതന വസ്തുക്കളാണ് അവക്ക് ഒന്നും കഴിയില്ല്ല്ല നിങ്ങളുടെ വിളി
കേൾക്കുകയോ കേൾക്കുമെന്ന് സങ്കല്പിച്ചാൽ തന്നെ ഉത്തരം ചെയ്യുകയോ ഇല്ല . പരലോകത്ത്
നിങ്ങളുടെ ഈ ശിർക്കിനെ അവർ നിഷേധിക്കുകയും ചെയ്യും ഞങ്ങൾ ഇവരോട് ഞങ്ങളെ ആരാധിക്കാൻ
പറഞ്ഞിട്ടില്ല എന്നോ ഇവരുടെ ആരാധന ഞങ്ങൾ അറിഞ്ഞിട്ട് പോലുമില്ല എന്നോ ആണ് ആ
നിഷേധത്തിൻ്റെ പൊരുൾ. ഈ കാര്യം വിഷയങ്ങളുടെ നിച സ്ഥിതി അറിയുന്ന ﷲഅള്ളാഹുവിനെ പോലെ മറ്റാർക്കും വിവരിക്കാനാവില്ല എന്ന് ﷲഅള്ളാഹു പറഞ്ഞു
ആരാധ്യൻ എന്ന നിലക്ക് ﷲഅള്ളാഹുവല്ലാത്തവരെ വിളിക്കുന്നതിനെ ആക്ഷേപിച്ച ഈ സൂക്തം തെറ്റായി ചിലർ
വായിക്കുകയും ﷲഅള്ളാഹുവിൻ്റെ ഇഷ്ട ദാസന്മാരെ അവർ ﷲഅള്ളാഹുവിൻ്റെ മഹാന്മാരായ അടിമകളാണെന്ന നിലക്ക് വിശ്വാസികൾ
വിളിക്കുന്നത് ഇതിൻ്റെ പരിധിയിൽ വരുമെന്ന് വാദിക്കുകയും ചെയ്യുന്നത് മഹാ
അപരാധമാണ്. കാരണം ഒരു മഹാനെ സംബന്ധിച്ചും അദ്ദേഹം ദൈവമാണെന്ന കാഴ്ചപ്പാടിൽ
വിശ്വാസി വിളിക്കുന്നില്ല. അങ്ങനെ വിളിക്കുന്നതാണ് പ്രാർത്ഥന. ഇത് പ്രത്യേകം
ശ്രദ്ധിക്കുക
(15)
۞ يَـٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ
هُوَ ٱلْغَنِىُّ ٱلْحَمِيد
മനുഷ്യരേ! നിങ്ങൾ ﷲഅള്ളാഹുവിൻ്റെ ആശ്രിതന്മാരാകുന്നു
അള്ളാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു
മനുഷ്യരേ, എന്ന് വിളിച്ച് ﷲഅള്ളാഹു പറയുന്നത് ﷲഅള്ളാഹുവിലേക്ക് നിരന്തരം ആശ്രയിക്കുകയും അവൻ്റെ അനുഗ്രഹം
കാത്തിരിക്കുകയും ചെയ്യുന്നവരാണ് നിങ്ങൾ. ഇമാം റാസി رحمة الله عليهഎഴുതുന്നു ഈ സൂക്തം അവതരിക്കാൻ
കാരണം നിരന്തരം നബി ﷺ
തങ്ങൾ അവരെ ﷲഅള്ളാഹുവിനെ
ആരാധിക്കുന്നതിലേക്ക് ക്ഷണിച്ചപ്പോൾ മക്കയിൽ മുശ്‌രിക്കുകൾ പറഞ്ഞു നമ്മുടെ
ആരാധനയിലേക്ക് ﷲഅള്ളാഹുവിന് കാര്യമായ ആവശ്യം വന്നിരിക്കുന്നു അത് കൊണ്ടാണ് വീണ്ടും
ക്ഷണിക്കുന്നത് എന്ന്.അതിൻ്റെ മറുപടിയാണ് നിങ്ങളുടെ ആരാധന മുഖേന ﷲഅള്ളാഹുവിനു പ്രത്യേകിച്ചൊന്നും നേടാനില്ല .അതേ സമയം അവനെ
ആശ്രയിക്കാതെ നിങ്ങൾക്ക് നിലനിൽപ്പുമില്ല . ﷲഅള്ളാഹു ആരിലേക്കും ഒരു നിലക്കും ആശ്രയിക്കേണ്ടതില്ലാത്ത
സ്വയം പര്യാപ്തനാണ് അവൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അവൻ സ്തുത്യർഹനുമാണ്
എന്ന്.
(16)
إِن يَشَأْ يُذْهِبْكُمْ وَيَأْتِ
بِخَلْقٍۢ جَدِيدٍۢ
അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവൻ നീക്കം ചെയ്യുകയും പുതിയൊരു സൃഷ്ടിയെ അവൻ
കൊണ്ടുവരികയും ചെയ്യുന്നതാണ്
നിങ്ങളുടെ
ആരാധനയില്ലെങ്കിൽ ﷲഅള്ളാഹുവിനു വല്ല പ്രയാസവുമുണ്ടായിരുന്നുവെങ്കിൽ നിങ്ങളെ മുഴുവനും നശിപ്പിച്ച് അവനെ
അനുസരിക്കുന്ന മറ്റൊരു വിഭാഗത്തെ ﷲഅള്ളാഹു കൊണ്ടു വരാൻ അവൻ തീരുമാനിച്ചാൽ അത് നടപ്പാക്കാൻ ﷲഅള്ളാഹുവിനു പ്രായസമില്ല
(17)
وَمَا ذَٰلِكَ عَلَى ٱللَّهِ
بِعَزِيزٍۢ
അത് ﷲഅള്ളാഹുവിനു പ്രയാസമുള്ള കാര്യമല്ല
അവൻ
തീരുമാനിച്ചാൽ യാതൊരു തടസ്സവും ഇല്ല
(18)
وَلَا تَزِرُ وَازِرَةٌۭ وِزْرَ
أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌۭ
وَلَوْ كَانَ ذَا قُرْبَىٰٓ ۗ إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ
وَأَقَامُوا۟ ٱلصَّلَوٰةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِۦ ۚ
وَإِلَى ٱللَّهِ ٱلْمَصِيرُ
പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല ഭാരം കൊണ്ട്
ഞെരുങ്ങുന്ന ഒരാൾ തൻ്റെ ചുമട് താങ്ങുവാൻ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതിൽ നിന്ന് ഒട്ടും തന്നെ
ഏറ്റെടുക്കപ്പെടുകയില്ല
(വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കിൽ പോലും. തങ്ങളുടെ
രക്ഷിതാവിനെ അദൃശ്യമായ വിധത്തിൽ ഭയപ്പെടുകയും നിസ്ക്കാരം മുറ പോലെ നിർവഹിക്കുകയും
ചെയ്യുന്നവർക്ക് മാത്രമേ തങ്ങളുടെ താക്കീത് ഫലപ്പെടുകയുള്ളൂ വല്ലവനും വിശുദ്ധി
പാലിക്കുന്ന പക്ഷം തൻ്റെ സ്വന്തം നന്മക്കായി തന്നെയാണ് അവൻ വിശുദ്ധി പാലിക്കുന്നത്
ﷲഅള്ളാഹുവിങ്കലേക്കാണ് (എല്ലാവരുടെയും) മടക്കം
അന്ത്യനാളിൽ മറ്റൊരാളുടെ കുറ്റം
ആർക്കുമേറ്റെടുക്കാനാവില്ല .തിന്മയിലേക്ക് ക്ഷണിക്കുന്ന നേതാക്കൾ പലപ്പോഴും
അനുയായികളോട് പറയുന്ന ഒരു തെറ്റായ സന്ദേശമാണ് നിങ്ങൾ ഞങ്ങളുടെ കൂടെ ചേരുക
നിങ്ങൾക്ക് അതിൽ എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ അത് ഞങ്ങൾ ഏറ്റെടുക്കാം എന്ന്. അങ്ങനെ
സത്യത്തിൽ നിന്ന് ആളുകളെ തെറ്റിച്ച് കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്കെതിരെ ﷲഅള്ളാഹു പറയുകയാണ് ഒരു കുറ്റവാളിയും മറ്റൊരാളുടെ കുറ്റം
ഏറ്റെടുക്കില്ല അഥവാ കുറ്റവാളിയായി പരലോകത്ത് എത്തിയാൽ അതിൻ്റെ വിഷമം സ്വന്തം
തന്നെ സഹിക്കേണ്ടി വരും മാതാപിതാക്കളോ മക്കളോ ഭാര്യാ ഭർത്താക്കളോ സ്നേഹിതരോ നേതാക്കളോ
ആരും മറ്റൊരാളുടെ കുറ്റം ഏറ്റെടുക്കാൻ സന്നദ്ധനാവില്ല. അവർക്ക് അത് സാദ്ധ്യവുമല്ല
കാരണം പരലോകത്ത് എത്തുന്ന ഓരൊരുത്തരും അവൻ്റെ രക്ഷയെക്കുറിച്ച് മാത്രമേ
ചിന്തിക്കൂ. അതിനാൽ പ്രവാചകാദ്ധ്യാപനത്തിനെതിരിൽ നേതാക്കളെ വിശ്വസിച്ച് അവരുടെ
കൂടെ കൂടുന്നവർ നന്നായി ചിന്തിക്കണം ഒറ്റപ്പെട്ടു പോകും അവിടെ. അപ്പോൾ
വിലപിച്ചിട്ട് പ്രത്യേക ഗുണമൊന്നും ഉണ്ടാവാനും ഇല്ല. ഇത്രയൊക്കെ വ്യക്തമായി നബി
ﷺ തങ്ങൾ പ്രബോധനം ചെയ്താലും പലരും അത് സ്വീകരിക്കുന്നില്ല ആ
കാര്യത്തിൽ നബി ﷺതങ്ങളെ ആശ്വസിപ്പിക്കാനായി ﷲഅള്ളാഹു
പറയുകയാണ് തങ്ങളുടെ ഉൽബോധനം ഏത് സാഹചര്യത്തിലും ﷲഅള്ളാഹു എന്നെ നിരീക്ഷിക്കുന്നുണ്ട് എന്ന് ചിന്തിച്ച് ‘ﷺതങ്ങൾ പരലോകമുണ്ട് , നരകമുണ്ട്’ എന്നൊക്കെ വിവരിച്ചപ്പോൾ കാണാതെ തന്നെ അത്
വിശ്വസിച്ച് തിന്മയിൽ നിന്ന് മാറി നിൽക്കുകയും നിസ്കാരം കൃത്യമായി നിർവഹിക്കുകയും
ചെയ്യുന്നവർക്കേ ﷺതങ്ങളുടെ താക്കീത് ഫലപ്പെടുകയുള്ളൂ.അവിശ്വാസത്തിൻ്റെയും
തെറ്റുകളുടെയും ചെളിയിൽ നിന്ന് പശ്ചാത്താപം മുഖേനയും സത്യവിശ്വാസം മുഖേനയും
സൽകർമങ്ങൾ മുഖേനയും സംസ്കൃതി പ്രാപിക്കുന്നവർക്ക് ﷲഅള്ളാഹു നല്ല പ്രതിഫലം നൽകി അവരെ സന്തോഷിപ്പിക്കും. എല്ലാവരുടെയും
മടക്കം അവനിലേക്കാണെന്ന് ഓർക്കണം.
(19)
وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ
അന്ധനും കാഴ്ചയുള്ളവനും സമമവുകയില്ല
നല്ലവരെയും അല്ലാത്തവരെയും നേരത്തേ വിവരിച്ച
ശേഷം രണ്ട് വിഭാഗത്തേയും ചില ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് നബി ﷺതങ്ങൾ പ്രബോധനം
ചെയ്ത മതത്തെ സംബന്ധിച്ച് കേട്ടപ്പോൾ അതിൻ്റെ സത്യം തിരിച്ചറിയാത്തവരെ
അന്ധന്മാരോട് ഉപമിച്ചിരിക്കുന്നു ﷺതങ്ങളുടെ പ്രബോധനത്തെ മുഖവിലക്കെടുത്ത് വിശ്വസിക്കാൻ
തയാറായവരെ കാഴ്ചയുള്ളവരെന്നും വിശേഷിപ്പിച്ചിരിക്കുന്നു
(20)
وَلَا ٱلظُّلُمَـٰتُ وَلَا ٱلنُّورُ
ഇരുളുകളും വെളിച്ചവും (സമമാവുകയില്ല)
അവിശ്വാസമെന്ന ഇരുട്ടും സത്യവിശ്വാസമെന്ന
വെളിച്ചവും സമമല്ല
(21)
وَلَا ٱلظِّلُّ وَلَا ٱلْحَرُورُ
തണലും ചൂടുള്ള വെയിലും (സമമാവുകയില്ല)
സ്വർഗത്തെ
തണലിനോടും നരകത്തെ ചൂടുള്ള വെയിലിനോടും തുലനം ചെയ്തതാണിവിടെ (രണ്ടും സമമല്ല )
(22)
وَمَا يَسْتَوِى ٱلْأَحْيَآءُ
وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ
بِمُسْمِعٍۢ مَّن فِى ٱلْقُبُورِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല തീർച്ചയായും ﷲഅള്ളാഹു അവൻ
ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കുന്നു ﷺതങ്ങൾക്ക് ഖബ്റിലുള്ളവരെ കേൾപ്പിക്കാനാവില്ല
ﷲഅള്ളാഹുവിനെയും
പ്രവാചകരെയും വിശ്വസിച്ചും ഖുർആനിൻ്റെ ആശയങ്ങൾ മനസിലാക്കിയും സജീവമായി നിൽക്കുന്ന
മനസുള്ള വിശ്വാസിയും അവിശ്വാസത്തിൻ്റെ ഇരുട്ട് മൂടി യാഥാർത്ഥ്യം തിരിച്ചറിയാനാവാതെ
മരവിച്ച മനസുള്ള അവിശ്വാസിയും സമമല്ല .ഈ പറഞ്ഞ വസ്തുക്കൾ തമ്മിൽ താരതമ്യം
ഇല്ലാത്തത് പോലെ വിശ്വാസിയും അവിശ്വാസിയും തമ്മിൽ താരതമ്യമില്ല വിശ്വാസി
വിജയത്തിലും അവിശ്വാസി പരാചയത്തിലും തന്നെ എന്ന് സാരം സത്യം സ്വീകരിക്കാൻ
തയാറുള്ളവരെ ﷲഅള്ളാഹു കേൾപ്പിക്കും എന്നാൽ അവർക്ക് ഉപദേശം ഫലിക്കും ഖബ്റിലുള്ളവരെ
കേൾപിക്കാൻ ﷺ തങ്ങൾക്കാവില്ല എന്ന് പറഞ്ഞാൽ ഹൃദയം ചത്തവർക്ക് തങ്ങളുടെ ഉപദേശം
ഫലപ്പെടുകയില്ല എന്ന് സാരം
(23)
إِنْ أَنتَ إِلَّا نَذِيرٌ
ﷺതങ്ങൾ ഒരു
താക്കീതുകാരൻ മാത്രമാകുന്നു
പ്രബോധനം മാത്രമാണ് തങ്ങളുടെ കടമ. അവർ
സ്വീകരിക്കാത്തതിനു തങ്ങൾക്ക് പ്രത്യേകം ഉത്തര വാദിത്തമില്ല അതിനാൽ അതിൻ്റെ പേരിൽ ﷺതങ്ങൾ വിഷമിക്കേണ്ടതില്ല
(24)
إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ
بَشِيرًۭا وَنَذِيرًۭا ۚ وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌۭ
തീർച്ചയായും ﷺതങ്ങളെ നാം (പ്രവാചകരായി) അയച്ചിരിക്കുന്നത്
സത്യവും കൊണ്ടാണ് ഒരു സന്തോഷ വാർത്ത അറിയിക്കുന്നവരും താക്കീത് ചെയ്യുന്നവരുമായ
നിലയിൽ. ഒരു താക്കീതുകാരൻ കഴിഞ്ഞു പോകാത്ത ഒരു സമുദായവുമില്ല
ﷲഅള്ളാഹുവിനെക്കൊണ്ട്
വിശ്വസിക്കുക അവൻ്റെ മത നിയമങ്ങൾ ജനങ്ങൾ സ്വീകരിക്കുക എന്ന സത്യവുമായാണ് തങ്ങളെ
പ്രവാചകരായി നാം നിയോഗിച്ചത് . ഈ പ്രബോധനത്തെ സ്വീകരിക്കുന്നവർക്ക് സ്വർഗം
കൊണ്ടുള്ള സന്തോഷ വാർത്തയും നിഷേധിക്കുന്നവർക്ക് നരകം കൊണ്ടുള്ള താക്കീതും നൽകലാണ്
അങ്ങയുടെ കടമ. ഇത്തരം കടമയുമായി എല്ലാ സമൂഹങ്ങളിലും മുൻ കാലങ്ങളിലും ദൂതന്മാരെ നാം
നിയോഗിച്ചിട്ടുണ്ടായിരുന്നു
(25)
وَإِن يُكَذِّبُوكَ فَقَدْ
كَذَّبَ ٱلَّذِينَ مِن قَبْلِهِمْ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ وَبِٱلزُّبُرِ
وَبِٱلْكِتَـٰبِ ٱلْمُنِيرِ
അവർ ﷺതങ്ങളെ നിഷേധിക്കുന്നുവെങ്കിൽ അവർക്ക്
മുമ്പുള്ളവരും നിഷേധിച്ചിട്ടുണ്ട് അവരിലേക്കുള്ള (ദൈവ)ദൂതന്മാർ പ്രത്യക്ഷ
ലക്ഷ്യങ്ങളും ന്യായ പ്രമാണങ്ങളും വെളിച്ചം നൽകുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ
അടുത്ത് ചെല്ലുകയുണ്ടായി
വ്യക്തമായ തെളിവുകളുമായി മുൻ സമുദായങ്ങളെ
സമീപിച്ച പ്രവാചകന്മാരും കളവാക്കപ്പെട്ടിട്ടുണ്ട് തങ്ങളെ ഈ ജനങ്ങൾ
നിഷേധിക്കുന്നതും അതിൻ്റെ തുടർച്ച തന്നെയാണ്. അതിനാൽ ഇതൊന്നും ﷺതങ്ങളെ വിഷമത്തിലാക്കേണ്ടതില്ല
(26)
ثُمَّ أَخَذْتُ ٱلَّذِينَ
كَفَرُوا۟ ۖ فَكَيْفَ كَانَ نَكِيرِ
പിന്നീട് നിഷേധിച്ചവരെ ഞാൻ പിടികൂടി അപ്പോൾ എൻ്റെ രോഷം എങ്ങനെയുള്ളതായിരുന്നു!
പിന്നീട് ആ നിഷേധികളെ ഞാൻ ശിക്ഷിച്ചു. അപ്പോൾ
ആ ശിക്ഷയുടെ ഗൗരവം എങ്ങനെയുണ്ടായിരുന്നു എന്ന് തങ്ങൾ ചിന്തിച്ച് നോക്കൂ എന്ന് ﷲഅള്ളാഹു നബി ﷺ തങ്ങളെ ആശ്വസിപ്പിച്ച് കൊണ്ട് പറയുകയായിരുന്നു. സത്യ പ്രബോധനം
നടത്തുക. സ്വീകരിച്ചാൽ അവർക്ക് നല്ലത്. അല്ലെങ്കിൽ അവർ പരാചയം തിരഞ്ഞെടുത്തവരാകും .
ﷲഅള്ളാഹു
നമ്മെ വിജയികളിൽ ഉൾപെടുത്തട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment