അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -1 - സൂക്തം 1 മുതൽ 14 വരെ
സൂക്തങ്ങളുടെ വിവരണം )
بسم الله الرحمن الرحيم
റഹ്മാനും റഹീമുമായ
ﷲഅള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(1)
ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى
ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടേതാണോ ആ ﷲഅള്ളാഹുവിന് സ്തുതി. പരലോകത്തും അവന് തന്നെ
സ്തുതി. അവൻ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ
സകല അനുഗ്രഹങ്ങളും ﷲഅള്ളാഹുവിൽ നിന്നാണ് ലഭിക്കുന്നത് അതിനാൽ ഇവിടെ എന്തൊക്കെ
അനുഗ്രഹങ്ങളുണ്ടോ അതിൻ്റെ പേരിലെല്ലാം സ്തുതിക്കപ്പെടാനുള്ള അർഹതയും ﷲഅള്ളാഹുവിനു തന്നെ.പരലോകത്തും തഥൈവ.എങ്കിൽ പരലോകത്തിൻ്റെ
അനുഗ്രഹം വേറെ പറയേണ്ടതുണ്ടോ ഐഹിക ലോകത്തെ അനുഗ്രഹത്തോടൊപ്പം പറഞ്ഞാൽ പോരായിരുന്നോ? ഈ സംശയത്തിനു
ഇമാം ബൈളാവി നൽകുന്ന മറുപടി ഭൗതിക ലോകത്തെ അനുഗ്രഹങ്ങളിൽ പലപ്പോഴും ഭാഹ്യമായ ചില
കാരണങ്ങൾ കാണുന്നതിനാൽ അത് അവരുടെതാണെന്ന് ഊഹിക്കാൻ സാദ്ധ്യതയുണ്ട്.പരലോകത്തെ
അനുഗ്രഹത്തിന് അങ്ങനെ പോലും ഒരു സാദ്ധ്യത ഇല്ലാത്തത് കൊണ്ട് ﷲഅള്ളാഹു അത് വേറെ തന്നെ പറഞ്ഞു.രണ്ടു ലോകത്തിൻ്റെയും
കാര്യങ്ങൾ ക്രമീകരിച്ച ﷲഅള്ളാഹു യുക്തിയുക്തം പ്രവർത്തിക്കുന്നവനും ഓരോന്നിൻ്റെയും സ്ഥിതി ശരിയായി
അറിയുന്നവനുമാണ്
(2)
يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ
وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ
وَهُوَ ٱلرَّحِيمُ ٱلْغَفُورُ
ഭൂമിയിൽ പ്രവേശിക്കുന്നതും അതിൽ നിന്ന് പുറത്ത് വരുന്നതും ആകാശത്ത് നിന്ന്
ഇറങ്ങുന്നതും അതിൽ കയറുന്നതുമായ വസ്തുക്കളെ പറ്റി അവൻ അറിയുന്നു അവൻ മഹാ
കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമത്രെ
ഭൂമിയിൽ വർഷിക്കുന്ന മഴയും, നിധി ശേഖരങ്ങളും, ജീവികളും, സസ്യങ്ങളും, കൃഷികളും എല്ലാം ‘ഭൂമിയിൽ പ്രവേശിക്കുന്നതും
അതിൽ നിന്ന് പുറത്ത് വരുന്നതും’ എന്നതിൻ്റെ പരിധിയിൽ വരുന്നു. മലക്കുകൾ, വേദഗ്രന്ഥങ്ങൾ
തുടങ്ങിയവ ‘ആകാശത്ത് നിന്ന് ഇറങ്ങുന്നവ’ എന്നതിലും മലക്കുകൾ, അടിമകളുടെ പ്രവർത്തന റിപ്പോർട്ടുകൾ എന്നിവയൊക്കെ
‘ആകാശത്തിൽ
കയറുന്ന’ എന്നതിൻ്റെ പരിധിയിലും വരുന്നു .ഇങ്ങെനെയെല്ലാം ചെയ്യുന്ന നാഥന് നന്ദി
ചെയ്യുന്നതിൽ അടിമകൾക്ക് സംഭവിക്കുന്ന പോരായ്മക്ക് ശേഷവും അവർക്ക് അനുഗ്രഹം
നൽകുകയും അവരുടെ ദോഷം പൊറുക്കുകയും ചെയ്യുന്നവനാണ് ﷲഅള്ളാഹു!
(3)
وَقَالَ ٱلَّذِينَ كَفَرُوا۟
لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَـٰلِمِ ٱلْغَيْبِ
ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ
وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَـٰبٍۢ مُّبِينٍۢ
ആ അന്ത്യ സമയം ഞങ്ങൾക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികൾ പറഞ്ഞു . തങ്ങൾ പറയുക.
അല്ല, എൻ്റെ രക്ഷിതാവിനെ തന്നെയാണ് (സത്യം) അത്
നിങ്ങൾക്ക് വന്നെത്തുക തന്നെ ചെയ്യും അദൃശ്യകാര്യങ്ങൾ അറിയുന്നവനായ (രക്ഷിതാവ്). ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ ഒരു അണുവിൻ്റെ തൂക്കമുള്ളതോ അതിനേക്കാൾ ചെറുതോ വലുതോ ആയ
യാതൊന്നും അവനിൽ നിന്ന് മറഞ്ഞു പോകുകയില്ല.സ്പഷ്ടമായ ഒരു രേഖയിൽ
ഉൾപ്പെടുത്താത്തതായി യാതൊന്നുമില്ല
അന്ത്യനാൾ സംഭവിക്കുമെന്ന പ്രാവാചകരുടെ
പ്രഖ്യാപനത്തിനു കടകവിരുദ്ധമായി അന്ത്യനാൾ വരില്ലെന്ന് സത്യനിഷേധികൾ വാദിച്ചപ്പോൾ
കാര്യം നിങ്ങൾ പറയും പോലെ അല്ല. അത് വരികതന്നെ ചെയ്യും എന്ന് ആണയിടുകയാണ് ﷲഅള്ളാഹു. ഇത് പറയാൻ അദൃശ്യമറിയുന്ന നാഥന് തന്നെയാണ്
അർഹതയുള്ളത് എന്ന് സ്ഥിരീകരിക്കുകയാണ് അദൃശ്യകാര്യങ്ങൾ അറിയുന്ന രക്ഷിതാവ് എല്ലാം
അറിയും എന്ന പ്രഖ്യാപനം.ലോകത്ത് വരുന്ന ചേറുതോ വലുതോ ആയ എല്ലാ കാര്യങ്ങളും
അടിസ്ഥാന രേഖയിൽ (ലൌഹുൽ മഹ്‌ഫൂള്) ﷲഅള്ളാഹു രേഖപ്പെടുത്തിയിട്ടുണ്ട്. ആ ﷲഅള്ളാഹു പറഞ്ഞതിനു വിരുദ്ധമായി ഒരു അറിവുമില്ലാതെ നിങ്ങൾ
സംസാരിക്കുന്നത് ശരിയോ എന്ന് നിങ്ങൾ തന്നെ ചിന്തിക്കുക എന്ന് സാരം
(4)
لِّيَجْزِىَ
ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۚ أُو۟لَـٰٓئِكَ لَهُم
مَّغْفِرَةٌۭ وَرِزْقٌۭ كَرِيمٌۭ
വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവൻ പ്രതിഫലം
നൽകുന്നതിനു വേണ്ടിയത്രെ അത്.അങ്ങനെയുള്ളവർക്കാകുന്നു പാപമോചനവും മാന്യമായ
ഉപജീവനവുമുള്ളത്
അന്ത്യനാൾ വരുമെന്നതിനു കാരണമാണീ സൂക്തം
വിവരിക്കുന്നത്.സത്യവിശ്വാസം സ്വീകരിച്ചും അതിനനുസരിച്ച് സൽകർമ്മം ചെയ്തും
മര്യാദക്ക് ജീവിച്ചവരും അല്ലാത്തവരും ഒരു പോലെയാകുന്നത് ശരിയല്ല.നല്ലവർക്ക്
അതിനനുസരിച്ചും അല്ലാത്തവർക്ക് അതിനനുസരിച്ചും പ്രതിഫലം കൊടുക്കാനുള്ള സംവിധാനം
വേണം അതിനുള്ള വേദിയാണത്
(5)
وَٱلَّذِينَ
سَعَوْ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مِّن
رِّجْزٍ أَلِيمٌۭ
(നമ്മെ) തോല്പിച്ചു കളയുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിർക്കുന്നതിന് ശ്രമിച്ചവരാരോ
അവർക്കത്രെ വേദനാജനകമായ കഠിന ശിക്ഷയുള്ളത്
ﷲഅള്ളാഹുവിൻ്റെ
തെളിവുകളെ പരാചയപ്പെടുത്താൻ ശ്രമിക്കുന്നവർ കഠിന ശിക്ഷക്കർഹരാണ്.അന്ത്യനാളിൽ അത്
അവർക്ക് അനുഭവപ്പെടും
(6)
وَيَرَى
ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ
وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ
തങ്ങൾക്ക് ﷺതങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്
അവതരിപ്പിക്കപ്പെട്ടത് തന്നെയാണ് സത്യമെന്നും പ്രതാപിയും സ്തുത്യർഹനുമായ ﷲഅള്ളാഹുവിൻ്റെ
മാർഗത്തിലേക്കാണ് അത് നയിക്കുന്നതെന്നും ജ്ഞാനം നൽകപ്പെട്ടവർ കാണുന്നുണ്ട്
ﷲഅള്ളാഹു
നബി ﷺതങ്ങൾക്ക്
നൽകിയ സന്ദേശങ്ങൾ തന്നെയാണ് സത്യമെന്ന് നബിയുടെ ﷺ ശിഷ്യന്മാരും മറ്റ് ചിന്താശേഷിയുള്ളവരും മനസിലാക്കിയിട്ടുണ്ട് അത്
അനുസരിച്ച് ജീവിക്കുന്നത് ശരിയായ വിജയത്തിലേക്ക് നമ്മെ എത്തിക്കുന്ന കാര്യമാണെന്നും
അവർക്ക് മനസിലായിട്ടുണ്ട്.അവർ അതിനനുസരിച്ച് ജീവിച്ച് മാതൃകയാവുകയും
ചെയ്തിട്ടുണ്ട്
(7)
وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍۢ
يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍۢ جَدِيدٍ
സത്യ നിഷേധികൾ (പരിഹാസ സ്വരത്തിൽ ) പറഞ്ഞു നിങ്ങൾ സർവ്വത്ര ചിന്നഭിന്നമാക്കപ്പെട്ടുകഴിഞ്ഞാലും
നിങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമെന്ന് നിങ്ങൾക്ക് വിവരം തരുന്ന
ഒരാളെ പറ്റി ഞങ്ങൾ നിങ്ങൾക്ക് അറിയിച്ചു തരട്ടേയോ?
മരണ ശേഷം പുനർജന്മവും വിചാരണയും സ്വർഗ, നരകവും
ഉണ്ടെന്ന് നബി ﷺതങ്ങൾ പറഞ്ഞപ്പോൾ അതിനെ പരിഹസിച്ചു കൊണ്ടും അത്തരം ഒരു
കാര്യം അസാദ്ധ്യമാണെന്ന് ശക്തമായി വിശ്വസിച്ചു കൊണ്ടും മക്കക്കാർ പരസ്പരം അടക്കം
പറഞ്ഞിരുന്ന കാര്യമാണിത്. നിങ്ങൾ മണ്ണിൽ ലയിച്ച് ചേർന്ന ശേഷം വീണ്ടും പഴയ പടി പുന
സൃഷ്ടിക്കപ്പെടും എന്ന് പറയുന്ന
ഒരാളുണ്ടിവിടെ എന്ന്. നബി ﷺതങ്ങളെ ഉദ്ദേശിച്ചാണ് അവർ പറയുന്നത്
(8)
أَفْتَرَىٰ
عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ ۗ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ
فِى ٱلْعَذَابِ وَٱلضَّلَـٰلِ ٱلْبَعِيدِ
ﷲഅള്ളാഹുവിൻ്റെ പേരിൽ അയാൾ കള്ളം കെട്ടിച്ചമച്ചതാണോ അതല്ല അദ്ദേഹത്തിനു ഭ്രാന്തുണ്ടോ? അല്ല,പരലോകത്തിൽ വിശ്വസിക്കാത്തവർ ശിക്ഷയിലും വിദൂരമായ
വഴികേടിലുമാകുന്നു
പൂർണമായും ചിന്നിച്ചിതറി മണ്ണായ ശേഷം പുനസൃഷ്ടിക്കപ്പെടുമെന്ന്
നബി ﷺ തങ്ങൾ പറഞ്ഞത് ബോധ പൂർവം കള്ളം പറഞ്ഞതാണോ അതോ ബുദ്ധിക്ക്
തരാറുണ്ടായത് കൊണ്ട് പറയുന്നതാണോ എന്ന് അവർ ചോദിക്കുന്നു.അതായത് അവരുടെ ധാരണ
ബോധമുള്ള ഒരാൾ ഇങ്ങനെ പറയുകയില്ല എന്നാണ്. എന്നാൽ അവരുടെ ഈ കണ്ടെത്തലിനെ
തള്ളിക്കളഞ്ഞു കൊണ്ട് ﷲഅള്ളാഹു അവർക്ക് നൽകുന്ന മറുപടി പരലോകത്തിൽ (നബി ﷺതങ്ങൾ പഠിപ്പിച്ച പോലെ)
വിശ്വസിക്കാത്തവർ കടുത്ത ശിക്ഷക്കും സത്യ നിഷേധനിലപാടിനും അർഹരാണ് എന്നാണ്. അവരുടെ
നിഷേധം യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്
(9)
أَفَلَمْ
يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ
ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًۭا مِّنَ
ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّكُلِّ عَبْدٍۢ مُّنِيبٍۢ
അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവർ
നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കിൽ അവരെ നാം ഭൂമിയിൽ
ആഴ്ത്തിക്കളയുകയോ അവരുടെ മേൽ ആകാശത്ത് നിന്ന് കഷ്ണങ്ങൾ വീഴ്ത്തുകയോ ചെയ്യുന്നതാണ്.
ﷲഅള്ളാഹുവിലേക്ക് (വിനയാന്വിതനായി) മടങ്ങുന്ന ഏതൊരു
ദാസന്നും തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്
മരണ ശേഷം പുനർജനിപ്പിക്കാൻ ﷲഅള്ളാഹുവിനു സാധിക്കുകയില്ല എന്ന് പറയുന്ന ഇക്കൂട്ടർക്ക്
അവർ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന
ആകാശത്തെയും ഭൂമിയെയും കുറിച്ച്
ഒന്ന് ചിന്തിച്ച് കൂടേ?അവയെ സംവിധാനിക്കുന്നതും നിയന്ത്രിക്കുന്നതും എത്ര വലിയ
അത്ഭുതമാണ്.അത് സംവിധാനിച്ചവൻ ﷲഅള്ളാഹുവാണെന്ന് അവരും പറയുന്നുണ്ടല്ലോ.ഈ ആകാശത്തെയും
ഭൂമിയെയും ഇങ്ങനെ സംവിധാനിക്കാൻ കഴിയുന്ന അള്ളാഹുവിനു അവൻ തന്നെ ഇല്ലായ്മയിൽ
നിന്ന് നേരത്തേ സൃഷ്ടിച്ച മനുഷ്യനെ ഒരിക്കൽ കൂടി പുനർജനിപ്പിക്കാൻ കഴിയില്ലെന്ന്
വാദിക്കുന്നത് എത്ര വലിയ ബുദ്ധിശൂന്യതയാണ്. വളരെ പ്രകോപനമരമായ ഇത്തരം വാദങ്ങൾ
ഉന്നയിക്കുന്നവരെ ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞു കൊണ്ടോ, ആകാശത്ത് നിന്ന് ശിക്ഷകൾ ഇറക്കിയോ
നശിപ്പിക്കാൻ ﷲഅള്ളാഹുവിനു സാധിക്കും .എന്നാൽ ശരിയായി ചിന്തിക്കുന്ന, അള്ളാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്ന അടിമകൾ
ഇത്തരം പ്രാപഞ്ചിക സംവിധാനങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുകയും നബി ﷺതങ്ങൾ പറയുന്ന പരലോക വിശ്വാസം നിറഞ്ഞ മനസ്സോടെ
സ്വീകരിക്കുകയും ചെയ്യും
(10)
۞
وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًۭا ۖ يَـٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ
ۖ وَأَلَنَّا لَهُ ٱلْحَدِيدَ
തീർച്ചയായും ദാവൂദ് (നബിക്ക്)عليه السلامനാം നമ്മുടെ പക്കൽ നിന്ന് അനുഗ്രഹം നൽകുകയുണ്ടായി.
(നാം നിർദ്ദേശിച്ചു) പർവ്വതങ്ങളേ,നിങ്ങൾ
അദ്ദേഹത്തോടൊപ്പം (കീർത്തനങ്ങൾ) ഏറ്റുചൊല്ലുക. പക്ഷികളേ നിങ്ങളും.നാം അദ്ദേഹത്തിന്
ഇരുമ്പ് മയപ്പെടുത്തി കൊടുക്കുകയും ചെയ്തു
പ്രവാചകത്വം എന്ന പരമോന്നത ബഹുമതിയോടൊപ്പം
ദാവൂദ് നബിക്ക് عليه السلامവേദ ഗ്രന്ഥവും, രാജാധികാരവും, നല്ല ശബ്ദ മധുര്യവും
മറ്റു ചില സങ്കേതിക വിദ്യകൾ നൽകിയതും സൂചിപ്പിച്ചു കൊണ്ട് ﷲഅള്ളാഹു പറഞ്ഞതാണ് ‘നമ്മുടെ പക്കൽ നിന്ന് അനുഗ്രഹം നൽകി’ എന്ന്. പർവതങ്ങളോടും, പക്ഷികളോടും
ദാവൂദ് നബിعليه السلامയോടൊപ്പം കീർത്തനം ചൊല്ലാൻ ﷲഅള്ളാഹു നിർദ്ദേശിക്കുകയും ചെയ്തു. ഇരുമ്പിനെ ഇഷ്ടാനുസരണം
കൈകാര്യം ചെയ്യാൻ ﷲഅള്ളാഹു ദാവൂദ് നബിعليه السلامക്ക് പാകപ്പെടുത്തികൊടുക്കുകയും ചെയ്തു നാം മെഴുക് കൈകാര്യം
ചെയ്യുന്നത് പോലെ ഇരുമ്പിനെ ഉപയോഗിക്കാൻ ദാവൂദ് നബിക്ക് ﷲഅള്ളാഹു സൗകര്യം ചെയ്തു എന്ന് ഇമാം ബൈളാവി رحمة الله عليهവിവരിക്കുന്നു
(11)
أَنِ ٱعْمَلْ
سَـٰبِغَـٰتٍۢ وَقَدِّرْ فِى ٱلسَّرْدِ ۖ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا
تَعْمَلُونَ بَصِيرٌۭ
പൂർണ്ണ വലിപ്പമുള്ള
കവചങ്ങൾ നിർമ്മിക്കുകയും അതിൻ്റെ കണ്ണികൾ ശരിയായ അളവിലാക്കുകയും നിങ്ങൾ എല്ലാവരും
സർകർമ്മം പ്രവർത്തിക്കുകയും ചെയ്യുക എന്ന് (നാം അദ്ദേഹത്തിന് നിർദ്ദേശം നൽകി)
തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു
വിശാലമായ പടയങ്കികൾ നിർമിക്കാനും
ഉപയോഗിക്കുന്ന ആൾക്ക് അതിൽ അസൗകര്യം അനുഭവപ്പെടാത്ത വിധം കണ്ണികൾ ശരിയാക്കാനും ﷲഅള്ളാഹു നിർദ്ദേശിച്ചു ആദ്യമായി പടയങ്കി നിർമിച്ചത് ദാവൂദ്
നബിعليه السلامയാണെന്ന് ചരിത്രം വിവരിക്കുന്നു. അതോടൊപ്പം താനും കുടുംബവും സൽകർമങ്ങളിൽ
സജീവമാകാനും ﷲഅള്ളാഹു നിർദ്ദേശിച്ചു . നിങ്ങളുടെ പ്രവർത്തനങ്ങൾ ഞാൻ കാണുന്നു അതിനു അർഹമായ
പ്രതിഫലം ഞാൻ നൽകുകയും ചെയ്യും എന്ന് കൂടി അള്ളാഹു പറഞ്ഞു.ഭൌതിക പുരോഗതികൾ
വരുമ്പോൾ അനുഗ്രഹ ദാതാവായ ﷲഅള്ളാഹുവിനെ വിസ്മരിക്കരുതെന്ന് സാരം
(12)
وَلِسُلَيْمَـٰنَ
ٱلرِّيحَ غُدُوُّهَا شَهْرٌۭ وَرَوَاحُهَا شَهْرٌۭ ۖ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ
ۖ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ ۖ وَمَن يَزِغْ
مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ
സുലൈമാൻ (നബിക്ക്)عليه السلامകാറ്റിനെയും (നാം അധീനപ്പെടുത്തിക്കൊടുത്തു) അതിൻ്റെ പ്രഭാത
സഞ്ചാരം ഒരു മാസത്തെ ദൂരവും അതിൻ്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ
ദൂരവുമാകുന്നു.അദ്ദേഹത്തിന് നാം ചെമ്പിൻ്റെ ഒരു ഉറവ ഒഴുക്കിക്കൊടുക്കുകയും ചെയ്തു.
അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ കല്പന പ്രകാരം അദ്ദേഹത്തിൻ്റെ മുമ്പാകെ ജിന്നുകളിൽ
ചിലർ ജോലി ചെയ്യുന്നുമുണ്ടായിരുന്നു അവരിൽ ആരെങ്കിലും നമ്മുടെ കല്പനക്കെതിര്
പ്രവർത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരക ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്
ദാവൂദ് നബിعليه السلامയുടെ മകനാണ് സുലൈമാൻ നബി عليه السلام.അവർക്കും
ﷲഅള്ളാഹു
പ്രവാചകത്വവും രാജാധികാരവും നൽകി .എല്ലാത്തിനെയും അടക്കി ഭരിക്കാനുള്ള വിശാലമായ
അധികാരമാണ് അദ്ദേഹത്തിനു ലഭിച്ചത് അത് കൊണ്ട് തൻ്റെ വിശാലമായ സാമ്രാജ്യത്തിൽ
സഞ്ചരിക്കാൻ കാറ്റിനെ വേഗതയുള്ള വാഹനമായി ﷲഅള്ളാഹു ക്രമീകരിച്ചു. ഒരു മാസം സഞ്ചരിക്കാൻ സാധാരണ വാഹനം
എടുക്കുന്ന ദൂരം ഒരു പ്രഭാതസവാരിയിലൂടെയും മറ്റൊരു മാസ ദൂരം വൈകുന്നേര
സവാരിയിലൂടെയും സാധ്യമാകുന്ന വേഗതയാണ് കാറ്റിനുണ്ടായിരുന്നത്. വെള്ളം ഉറവ പൊട്ടി
വരുന്നത് പോലെ ചെമ്പ് എന്ന ലോഹത്തിൻ്റെ ഉറവ അദ്ദേഹത്തിനു ഒഴുക്കി കൊടുത്തു. ആവശ്യമായ
പാത്രങ്ങളും മറ്റും അത് കൊണ്ട് നിർമിക്കാനുള്ള സംവിധാനവും ﷲഅള്ളാഹു നൽകി. ഭൂതവർഗത്തിൽ പെട്ടവർ ജോലിക്കാരായി
അദ്ദേഹത്തിനുണ്ടായിരുന്നു മനുഷ്യനു സാധിക്കുന്നതിനേക്കാൾ ജോലികളിൽ അവർക്ക്
ശക്തിയുണ്ടായിരുന്നു .സുലൈമാൻ നബിയുടെ ഉത്തരവുകൾ ശിരസാവഹിക്കുന്നതിൽ അവർക്ക് വല്ല
വീഴ്ചയും പറ്റിയാൽ ശക്തമായി അവരെ ശിക്ഷിക്കുമെന്ന് ﷲഅള്ളാഹു ജിന്നുകൾക്ക് താക്കീതും നൽകി
(13)
يَعْمَلُونَ
لَهُۥ مَا يَشَآءُ مِن مَّحَـٰرِيبَ وَتَمَـٰثِيلَ وَجِفَانٍۢ كَٱلْجَوَابِ
وَقُدُورٍۢ رَّاسِيَـٰتٍ ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًۭا ۚ وَقَلِيلٌۭ
مِّنْ عِبَادِىَ ٱلشَّكُورُ
അദ്ദേഹത്തിനു വേണ്ടി ഉന്നത കെട്ടിടങ്ങൾ,ശില്പങ്ങൾ,വലിയ ജല സംഭരണി പോലെയുള്ള തളികകൾ, നിലത്ത്
ഉറപ്പിച്ചു നിർത്തിയിട്ടുള്ള പാചക പാത്രങ്ങൾ,എന്നിങ്ങനെ
അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവർ (ജിന്നുകൾ) നിർമിച്ചിരുന്നു ദാവൂദ് കുടുംബമേ,നിങ്ങൾ നന്ദി പൂർവം പ്രവർത്തിക്കുക തികഞ്ഞ നന്ദിയുള്ളവർ എൻ്റെ ദാസന്മാരിൽ
അപൂർവമത്രെ
സുലൈമാൻ നബിക്ക് عليه السلامവേണ്ടി ജിന്നുകൾ വലിയ
കൊട്ടാരങ്ങളും,പള്ളികളും, കോട്ടയും ,ശില്പങ്ങളും (സിംഹത്തിൻ്റെയും പരുന്തിൻ്റെയുമൊക്കെ പ്രതിമകൾ ഇതിൽ പെടുമെന്നും
അന്നത്തെ നിയമമനുസരിച്ച് പ്രതിമ നിർമാണം തെറ്റല്ലെന്നും നമ്മുടെ ശരീഅത്തിൽ ജീവികളുടെ
പ്രതിമകൾ അനുവദനീയമല്ലെന്നും ഇമാം ബൈളാവി رحمة الله عليهഇവിടെ വിവരിച്ചിട്ടുണ്ട്) അനക്കാൻ പോലും
സാധിക്കാത്ത വലിയ പാത്രങ്ങളും അടക്കം ധാരാളം നിർമാണ പ്രവർത്തനങ്ങൾ അവർ നടത്തിയിരുന്നു
ചെമ്പിൻ്റെ ഉറവയിൽ നിന്ന് എടുക്കുന്നത് ഉപയോഗിച്ചായിരുന്നു ജിന്നുകൾ ഈ ജോലികൾ
ചെയ്തിരുന്നത് എന്നും. മണ്ണും പളുങ്കും ഊപയോഗിച്ചിരുന്നു എന്നും ഇബ്നുകസീർ
വിവരിക്കുന്നു.ഇത്രയൊക്കെ സ്വാധീനം നൽകപ്പെടുമ്പോൾ അതിൻ്റെ ഗമയിൽ ആരാധനയിലോ ﷲഅള്ളാഹുവിനുള്ള നന്ദിപ്രകടനത്തിലോ ഒരു കുറവും
വരുത്താതിരിക്കാൻ കൂടി ﷲഅള്ളാഹു നിർദേശിക്കുകയും നന്ദി ചെയ്യുന്നവർ വളരെ കുറവാണ് –നിങ്ങൾ
അക്കൂട്ടത്തിൽ ആവരുത്എന്ന് കല്പിക്കുകയും ചെയ്തു.വാക്കിലും പ്രവർത്തിയിലും ദാവൂദ്
നബിعليه السلامയുടെ കുടുംബത്തിൻ്റെ നന്ദി പ്രകടമായിരുന്നു .ദാവൂദ് നബി ഭാര്യമാർക്കും
മക്കൾക്കും സമയം നിശ്ചയിച്ച് കോടുത്തുകൊണ്ട് നിസ്കരിക്കാൻ നിർദേശിച്ചിരുന്നു
രാവിലും പകലിലും ഒരാളെങ്കിലും നിസ്കരിക്കാതെ ആ വീട് കാണപ്പെടുമായിരുന്നില്ല എന്നും
ഇബ്നുകസീർ വിശദീകരിച്ചിട്ടുണ്ട്.സുലൈമാൻ നബി عليه السلامയുടെ ഉമ്മ മകനോട് ‘മോനേ! രാത്രി ഉറക്കം
വർദ്ധിപ്പിക്കരുത് കാരണം രാത്രി ധാരാളമായി ഉറങ്ങുന്നത് അന്ത്യനാളിൽ മനുഷ്യനെ
പുണ്യങ്ങൾ കൂടെയില്ലാതെ ദരിദ്രനാക്കി മാറ്റും എന്ന് പറയാറുണ്ട് എന്ന് നബിﷺ തങ്ങൾ പറഞ്ഞതായി ഇബ്നുമാജ رحمة الله عليهറിപ്പോർട്ട് ചെയ്തതായി ഇബ്നുകസീർ പറഞ്ഞു
(14)
فَلَمَّا
قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ
تَأْكُلُ مِنسَأَتَهُۥ ۖ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟
يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ
നാം അദ്ദേഹത്തിൻ്റെ മേൽ മരണം വിധിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഊന്നു വടി
തിന്നുകൊണ്ടിരുന്ന ചിതൽ മാത്രമാണ് അദ്ദേഹത്തിൻ്റെ മരണത്തെപ്പറ്റി അവർക്ക്
(ജിന്നുകൾക്ക്) അറിവ് നൽകിയത്. അങ്ങനെ അദ്ദേഹം വീണപ്പോൾ തങ്ങൾക്ക് അദൃശ്യ കാര്യം
അറിയാമായിരുന്നെങ്കിൽ അപമാനകരമായ ശിക്ഷയിൽ തങ്ങൾ കഴിച്ച് കൂട്ടേണ്ടി
വരില്ലായിരുന്നുവെന്ന് ജിന്നുകൾക്ക് ബോധ്യമായി
സുലൈമാൻ നബി عليه السلامയുടെ മേൽനോട്ടത്തിൽ ജിന്നുകൾ
മസ്ജിദുൽ അഖ്സയുടെ നിർമാണം നടത്തിക്കൊണ്ടിരുന്നു അവിടെ തൻ്റെ വടി കുത്തിപ്പിടിച്ച്
ആരാധനയിലായി നിൽക്കുന്നതിനിടക്ക് തൻ്റെ മരണം നടന്നു. പക്ഷെ ജോലിക്കാരായ
ജിന്നുകൾക്ക് അത് മനസിലായില്ല എന്നാൽ സുലൈമാൻ നബി عليه السلامകുത്തിപ്പിടിച്ച വടി ചിതൽ തിന്ന്
വടി മുറിഞ്ഞപ്പോൾ സുലൈമാൻ നബി عليه السلامനിലത്ത് വീണു. അപ്പോൾ ജിന്നുകൾക്ക് സുലൈമാൻ നബി عليه السلامനോക്കി നിൽക്കുകയാണെന്ന് ധരിച്ചാണല്ലോ ഇത്രയും കാലം ജോലി ചെയ്യേണ്ടി വന്നത് എന്ന
ദു:ഖം അനുഭവപ്പെട്ടു. ജിന്നുകൾക്ക് അദൃശ്യമറിയാം എന്ന അവകാശ വാദം പൊളിയുകയും
ചെയ്തു. ജിന്നുകൾക്ക് അദൃശ്യം അറിയാമെന്ന് വിശ്വസിച്ച് ചില മനുഷ്യർ അവർക്ക് വലിയ
പരിഗണന നൽകാറുണ്ടായിരുന്നു അതിൻ്റെ പേരിൽ ജിന്നിനെ ആരാധിക്കുക കൂടി ചെയ്തിരുന്നു
ചിലർ. അത്തരം ധാരണകൾ ശരിയല്ലെന്നും ﷲഅള്ളാഹു അവൻ ഇഷ്ടപ്പെടുന്ന മഹാത്മാക്കൾക്ക് അദൃശ്യം
അറിയിച്ചു കൊടുക്കുന്നുണ്ട് എന്നാൽ അത് അവരുടെ സ്വന്തം കഴിവല്ല അതിനാൽ അവർ
ആരാധിക്കപ്പെടാൻ പറ്റുകയുമില്ല. ﷲ അള്ളാഹു അല്ലാത്തവരെ ആരാധിക്കാൻ
പാടില്ല എന്നത് കൂടി ഇവിടെ ബോദ്ധ്യപ്പെടുത്തുന്നു.ഇത്രയൊക്കെ അധികാരം
കയ്യിലുണ്ടായിട്ടും സുലൈമാൻ നബിക്ക് عليه السلامമരണത്തിൽ നിന്ന് രക്ഷപ്പെടാൻ ആയില്ല എന്നത്
നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്. എപ്പോഴും മരണത്തിനായി ഒരുങ്ങിനിൽക്കാൻ നമുക്ക്
കഴിയണം എന്ന് കൂടി ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. ﷲഅള്ളാഹു നമ്മെ മുസ്‌ലിമായി ജീവിപ്പിച്ച് മുസ്‌ലിമായി
മരിപ്പിക്കട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment