അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -3 - സൂക്തം 24 മുതൽ 42 വരെ
സൂക്തങ്ങളുടെ വിവരണം )
بسم الله الرحمن الرحيم
റഹ്മാനും റഹീമുമായ
ﷲഅള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(24)
۞ قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ
ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَـٰلٍۢ مُّبِينٍۢ
തങ്ങൾ ചോദിക്കുക, ആകാശങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം
നൽകുന്നവൻ ആരാകുന്നു. തങ്ങൾ പറയുക. ﷲ അള്ളാഹുവാകുന്നു എന്ന്. തീർച്ചയായും
ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ നിങ്ങൾ സന്മാർഗത്തിലാകുന്നു. അല്ലെങ്കിൽ വ്യക്തമായ
ദുർമാർഗത്തിൽ
ﷲഅള്ളാഹു അല്ലാത്ത ആരാധ്യന്മാരെ
സ്ഥാപിച്ചവരുമായി സംവദിക്കാൻ ﷲഅള്ളാഹു
തങ്ങളോട് കല്പിച്ചതാണിവിടെ. ﷲഅള്ളാഹു
അല്ലാത്ത ദൈവങ്ങൾക്ക് ഒന്നും ഉടമയാക്കാനാവില്ല എന്ന് നേരത്തേ പറഞ്ഞത്
സ്ഥിരീകരിക്കുകയാണ് ഈ ചോദ്യത്തിലൂടെ. നമ്മുടെ ജീവിതത്തിനാവശ്യമായ വിഭവങ്ങൾ ഭൂമിയിൽ
നിന്ന് ഉല്പാദിപ്പിക്കാൻ ആവശ്യമായ മഴ ആകാശത്ത് നിന്ന് വർഷിപ്പിച്ചതും ഭൂമിയിൽ കൃഷി
മുളപ്പിച്ചതും ആരാണ് എന്ന് അവരോട് ചോദിക്കുക. ﷲഅള്ളാഹുവാണ് അത് ചെയ്തത് എന്ന മറുപടിയും തങ്ങൾ തന്നെ പറയുക. മറ്റൊരു മറുപടി
അവർക്കും പറയാനില്ല ആ സ്ഥിതിക്ക് അവനെ മാത്രം ആരാധിക്കുകയല്ലേ വേണ്ടത്. എന്നാൽ ഇവർ
മറ്റു പലരെയും ആരാധിക്കുന്നു. ഞങ്ങളാവട്ടെ ﷲ അള്ളാഹു മാത്രമേ ആരാധ്യനുള്ളൂ എന്നും വാദിക്കുന്നു ഒന്നുകിൽ ഞങ്ങൾ
സന്മാർഗത്തിൽ അല്ലെങ്കിൽ നിങ്ങൾ സന്മാർഗത്തിൽ (രണ്ടും കൂടി ശരിയാവില്ലല്ലോ). ആരാണോ സന്മാർഗത്തിൽ അതിനെതിരിൽ നിലകൊള്ളുന്നവർ വ്യക്തമായ ദുർമാർഗത്തിൽ. ഞങ്ങൾ
നിരത്തിവെച്ച തെളിവുകൾ കൂടി മനസിലാക്കിയാൽ ഞങ്ങൾ സന്മാർഗത്തിലും നിങ്ങൾ വ്യക്തമായ
ദുർമാർഗത്തിലും തന്നെ എന്ന് വ്യക്തമാവും എന്നാണിവിടെ സമർത്ഥിക്കുന്നത്
(25)
قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا
نُسْـَٔلُ عَمَّا تَعْمَلُونَ
തങ്ങൾ പറയുക. ഞങ്ങൾ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങൾ ചോദിക്കപ്പെടുകയില്ല.നി ങ്ങൾ
പ്രവർത്തിക്കുന്നതിനെപ്പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല
ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക്
നിങ്ങളോ നിങ്ങളുടെ പ്രവർത്തനത്തിനു ഞങ്ങളോ മറുപടി പറയേണ്ടി വരികയില്ല എന്നിട്ടും
ഞങ്ങൾ സന്മാർഗം നിങ്ങൾക്ക് കാണിച്ച് തരാനായി
പരിശ്രമിക്കുന്നത് ഈ ഉൽബോധനം നിങ്ങൾ സ്വീകരിച്ചാൽ നമുക്ക് ഒരേ മനസ്സോടെ
മുന്നോട്ട് പോകാമല്ലോ .ഇനി നിങ്ങൾ ഇത് തള്ളിക്കളഞ്ഞാൽ നിങ്ങളുമായി ഞങ്ങൾക്ക്
ബന്ധമില്ല എന്ന് പ്രഖ്യാപിക്കാനും ഇത് സഹായകമാണല്ലോ!
(26)
قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ
بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ
തങ്ങൾ പറയുക. നമ്മുടെ രക്ഷിതാവ് നമ്മെ തമ്മിൽ ഒരുമിച്ചുകൂട്ടുകയും അനന്തരം
നമുക്കിടയിൽ അവൻ സത്യപ്രകാരം തീർപ്പ് കല്പിക്കുകയും ചെയ്യുന്നതാണ് അവൻ
സർവജ്ഞനായതീർപ്പുകാരനത്രെ
അന്ത്യനാളിൽ നമ്മെയെല്ലാവരെയും ഒരു
സ്ഥലത്ത് ﷲഅള്ളാഹു ഒരുമിച്ച് കൂട്ടുകയും നീതി
പൂർവം ഓരോരുത്തർക്കും നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും എന്ന നിലയിൽ വിധി
കല്പിക്കുകയും ചെയ്യും. ആരും ചെയ്യാത്ത കുറ്റങ്ങൾ അടിച്ചേല്പിക്കപ്പെടുകയോ
അനീതിക്ക് വിധേയരാവേണ്ടി വരികയോ ഇല്ല. കാരണം ﷲഅള്ളാഹു എല്ലാം മനസ്സിലാക്കി വിധി പറയുന്ന നാഥനാണ് സുതാര്യമായി നീതിയുടെ
പ്രഖ്യാപനം നടത്തുന്നവൻ. അന്ന് മനസ്സിലാകും ആരായിരുന്നു ശരിയിൽ എന്ന്.
(27)
قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ
ۖ كَلَّا ۚ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ
തങ്ങൾ പറയുക. പങ്കുകാരനെന്ന നിലയിൽ നിങ്ങൾ അവനോട് (ﷲഅള്ളാഹുവോട്) കൂട്ടിച്ചേർത്തിട്ടുള്ളവരെ എനിക്ക്
നിങ്ങളൊന്ന് കാണിച്ചുതരൂ. ഇല്ല.(അങ്ങനെയൊരു പങ്കാളിയുമില്ല) എന്നാൽ അവൻ പ്രതാപിയും
യുക്തിമാനുമായ ﷲഅള്ളാഹുവത്രെ
ﷲഅള്ളാഹുവോടൊപ്പം ആരാധ്യന്മാരെന്ന്
പറഞ്ഞ് നിങ്ങൾ കൂട്ടിച്ചേർത്തവരെ എനിക്ക് ഒന്ന് കാണിക്കാമോ? ഒരിക്കലും ﷲഅള്ളാഹുവും അവരും തമ്മിൽ യാതൊരു താരതമ്യവുമില്ല .അവൻ ഏകനും പ്രതാപിയും
യുക്തമായി നിയന്ത്രിക്കുന്നവനുമാണ് നിങ്ങൾ അവൻ്റെ പങ്കാളികളെന്ന്
ചാർത്തിക്കൊടുത്തവരാകട്ടെ ﷲഅള്ളാഹുവിൻ്റെ ആശ്രിതരും അവൻ്റെ
വിധിക്ക് കീഴടങ്ങിയവരുമാണ് അവരെ ﷲഅള്ളാഹുവോട് സമീകരിച്ചത് എത്രമാത്രം പരിഹാസ്യമാണെന്ന് സാരം
(28)
وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةًۭ لِّلنَّاسِ
بَشِيرًۭا وَنَذِيرًۭا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
തങ്ങളെ നാം മനുഷ്യർക്കാകമാനം സന്തോഷ വാർത്ത
അറിയിക്കുന്നവരും താക്കീത് നൽകുന്നവരും ആയിക്കൊണ്ട് തന്നെയാണ് (ദൂതനാക്കി)
അയച്ചിട്ടുള്ളത് പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല
നബി
ﷺതങ്ങൾ എല്ലാവരിലേക്കും പ്രവാചകരായി
നിയോഗിക്കപ്പെട്ടവരാണ്. തന്നെ അനുസരിച്ചവർക്ക് സ്വർഗം കൊണ്ട് സുവിശേഷം അറിയിച്ചും
ധിക്കരിച്ചവർക്ക് നരകം കൊണ്ടുള്ള താക്കീത് നൽകിയുമാണ് തങ്ങൾ വന്നത്. എന്നാൽ മിക്ക
ആളുകൾക്കും തങ്ങളുടെ സ്ഥാനം മനസിലായില്ല അവർ നബി ﷺതങ്ങളുടെ പ്രബോധനത്തെ പിന്തുണക്കാൻ തയാറായതുമില്ല.
(29)
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ
صَـٰدِقِينَ
അവർ ചോദിക്കുന്നു നിങ്ങൾ സത്യവാദികളാണെങ്കിൽ ഈ താക്കീത് എപ്പോഴാണ് (പുലരുക)എന്ന്
അന്ത്യനാൾ സംഭവിക്കുകയില്ല എന്ന്
വിശ്വസിച്ചു കൊണ്ട് പരിഹാസത്തോടെയുള്ള ചോദ്യമാണിത്
(30)
قُل لَّكُم مِّيعَادُ يَوْمٍۢ لَّا تَسْتَـْٔخِرُونَ
عَنْهُ سَاعَةًۭ وَلَا تَسْتَقْدِمُونَ
തങ്ങൾ പറയുക നിങ്ങൾക്കൊരു നിശ്ചിത ദിവസമുണ്ട്.അത് വിട്ട് ഒരു നിമിഷം പോലും നിങ്ങൾ
പിന്നോട്ട് പോവുകയോ മുന്നോട്ട് പോവുകയോ ഇല്ല
എപ്പോഴാണ് അന്ത്യനാൾ എന്ന്
ചോദിച്ച് സമയം കളയണ്ട അതിനുള്ള സമയം ﷲഅള്ളാഹു കൃത്യമായി തീരുമാനിച്ചിട്ടുണ്ട് .അതിൽ നിന്ന് മുന്നോട്ടോ പിന്നോട്ടോ
തെറ്റുകയില്ല. ആ സമയം പക്ഷെ നേരത്തേ പറയാൻ ﷲഅള്ളാഹു അനുമതി നൽകിയിട്ടില്ല
(31)
وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَـٰذَا ٱلْقُرْءَانِ
وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ
مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ
يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ
لَكُنَّا مُؤْمِنِينَ
ഈ ഖുർആനിലാകട്ടെ, ഇതിനു മുമ്പ് വന്ന വേദത്തിലാകട്ടെ ഞങ്ങൾ വിശ്വസിക്കുന്നതേ
ഇല്ല എന്ന് സത്യ നിഷേധികൾ പറഞ്ഞു (നബിയേ)
ഈ അക്രമികൾ തങ്ങളുടെ രക്ഷിതാവിൻ്റെ അടുക്കൽ നിർത്തപ്പെടുന്ന സന്ദർഭം തങ്ങൾ
കണ്ടിരുന്നെങ്കിൽ! (അതൊരു മഹാ കാഴ്ചയായേനേ)അവരിൽ ഓരോ വിഭാഗവും മറു വിഭാഗത്തിൻ്റെ മേൽ കുറ്റമാരോപിച്ചു
കൊണ്ടിരിക്കും ബലഹീനരായി ഗണിക്കപ്പെട്ടവർ വലിപ്പം നടിച്ചിരുന്നവരോട് പറയും. നിങ്ങളില്ലായിരുന്നെങ്കിൽ
ഞങ്ങൾ വിശ്വാസികളായിരുന്നേനേ.
സത്യനിഷേധികളുടെ നിഷേധത്തിൻ്റെ ആഴം
വിവരിക്കുകയാണ് ﷲഅള്ളാഹു. ഞങ്ങൾ ഖുർആനോ മറ്റു
വേദങ്ങളോ വിശ്വസിക്കുകയില്ല. അത് മുന്നോട്ട് വെക്കുന്ന താക്കീതും ഞങ്ങൾ
പരിഗണിക്കുന്നില്ല എന്ന അഹങ്കാരം പറയുകയാണവർ. എന്നാൽ പരലോകത്ത് വിചാരണക്കായി
നിർത്തപ്പെടുന്ന സമയത്ത് അവരുടെ അവസ്ഥ തങ്ങൾ കണ്ടാൽ അതൊരു വല്ലാത്ത കാഴ്ച തന്നെ
ആയിരിക്കും!
തങ്ങൾ പിടിക്കപ്പെട്ടു എന്ന് ബോധ്യം വരുന്നതോടെ പരസ്പരം പഴിചാരി രക്ഷപ്പെടാനാകുമോ
എന്ന് അവർ നോക്കും .നേതാക്കൾ പറഞ്ഞത് മുന്നും പിന്നും നോക്കാതെ വിശ്വസിച്ച് റാൻ
മൂളിയിരുന്ന അനുയായികൾ നേതാക്കളോട് പറയുന്നത് നിങ്ങൾ ഇങ്ങനെ പറഞ്ഞു
പറ്റിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചേനേ എന്നാണ്
(32)
قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟
أَنَحْنُ صَدَدْنَـٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم
مُّجْرِمِينَ
വലിപ്പം നടിച്ചവർ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും മാർഗദർശനം നിങ്ങൾക്ക്
വന്നെത്തിയതിനു ശേഷം അതിൽ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല.നിങ്ങൾ
കുറ്റവാളികൾ തന്നെയായിരുന്നു
അനുയായികളുടെ
ആരോപണം നിഷേധിക്കാനും അതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനുമാണ് നേതാക്കൾ
ശ്രമിക്കുക. പ്രവാചകന്മാർ തെളിവു സഹിതം നിങ്ങളുടെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചു
ഞങ്ങളാവട്ടെ നിങ്ങളോട് വെറുതെ ഒരു വാചകം പറഞ്ഞു നിങ്ങൾ തെളിവുകൾ വിട്ട് ഞങ്ങൾ
വെളിവില്ലാതെ പറഞ്ഞതിൻ്റെ കൂടെ കൂടി.അതിനാൽ നിങ്ങളുടെ നിഷേധത്തിൻ്റെ ഉത്തരവാദികൾ
നിങ്ങൾ തന്നെയാണ് ഞങ്ങളല്ല എന്നാണ് അവർ പറയുക
(33)
وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟
بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ
وَنَجْعَلَ لَهُۥٓ أَندَادًۭا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ
وَجَعَلْنَا ٱلْأَغْلَـٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ
إِلَّا مَا كَانُوا۟ يَعْمَلُونَ
ബലഹീനരായി ഗണിക്കപ്പെട്ടവർ വലിപ്പം നടിച്ചവരോട് പറയും
അല്ല, ഞങ്ങൾ ﷲഅള്ളാഹുവിൽ അവിശ്വസിക്കുവാനും അവന്ന് സമന്മാരെ
സ്ഥാപിക്കുവാനും നിങ്ങൾ ഞങ്ങളോട് കല്പിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ (നിങ്ങൾ)
രാവും പകലും നടത്തിയ കുതന്ത്രത്തിൻ്റെ ഫലമാണത്. ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിൽ
ഒളിപ്പിക്കും.സത്യ നിഷേധികളുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും തങ്ങൾ
പ്രവർത്തിച്ചിരുന്നതിൻ്റെ ഫലമല്ലാതെ അവർക്ക് നൽകപ്പെടുമോ?
നിർദയം അനുയായികളെ കയ്യൊഴിയാൻ
ശ്രമിക്കുന്ന നേതാക്കളെ അനുയായികൾ വിടുന്നില്ല. അവർ പറയുന്നു രാവും പകലും
സത്യത്തിനു നേരെ പല പുകമറകളും സൃഷ്ടിച്ച് കുതന്ത്രങ്ങൾ മിനഞ്ഞ് സത്യവിശ്വാസത്തിൽ
നിന്ന് ഞങ്ങളെ തടഞ്ഞത് നിങ്ങൾ തന്നെയാണ്. ﷲ അള്ളാഹുവിനെ
നിഷേധിക്കാനും ബഹുദൈവങ്ങളെ സങ്കല്പിക്കാനും നിങ്ങളാണ് ഞങ്ങൾക്ക് കല്പന നൽകിയത്
അതിനു പല സംശയങ്ങളും ഞങ്ങളിൽ ഉണ്ടാക്കുകയായിരുന്നു നിങ്ങൾ എന്ന് അനുയായികൾ പറഞ്ഞു
കൊണ്ടിരിക്കും. ഇവർ തമ്മിൽ സംവാദം നടക്കുമ്പോൾ തന്നെ നേതാക്കളും അനുയായികളും സത്യ
വിശ്വാസം സ്വീകരിക്കാതിരുന്നതിൻ്റെ പേരിൽ തുല്യ ദു:ഖിതരായിരിക്കും.ആ സമയത്ത് അവരെ
ചങ്ങലകളിൽ ബന്ധിക്കപ്പെടും .അനുയായിക്കും നേതാവിനും അർഹമായ ശിക്ഷ!
(34)
وَمَآ أَرْسَلْنَا فِى قَرْيَةٍۢ مِّن نَّذِيرٍ إِلَّا
قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ
ഏതൊരു നാട്ടിൽ നാം ഒരു താക്കീതുകാരനെ അയച്ചപ്പോഴും നിങ്ങൾ എന്തൊന്നുമായി
നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതിൽ ഞങ്ങൾ അവിശ്വസിക്കുന്നവരാകുന്നു എന്ന്
അവിടത്തെ സുഖലോലുപർ പറയാതിരുന്നിട്ടില്ല
പ്രബോധന സമയത്ത് ജനങ്ങളുടെ നിഷേധം
കണ്ട് ദു:ഖിച്ച നബി ﷺതങ്ങളെ ആശ്വസിപ്പിച്ചു കൊണ്ട് ﷲഅള്ളാഹു പറയുകയാണ് തങ്ങൾക്ക് മുമ്പ് വന്ന പ്രവാചകന്മാരും ഇതേ സാഹചര്യം
അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് .ഏത് നാട്ടിലേക്ക് പ്രവാചകന്മാർ വരുമ്പോഴും
അവിടത്തെ സുഖലോലുപരും നേതാക്കളുമായിട്ടുള്ളവർ ആ പ്രബോധനത്തിനെതിരിൽ നിലപാട്
സ്വീകരിക്കും.കാരണം അവർക്ക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരം
നഷ്ടപ്പെടുമെന്ന മിഥ്യാ ധാരണയാണ് അവരെ ബാധിക്കുന്നത് .പറയുന്നത് എന്താണെന്ന്
കേൾക്കാനോ ആ സന്ദേശത്തിലെ ന്യായാന്യായങ്ങൾ വിശകലനം ചെയ്യാനോ നിൽക്കാതെ ഞങ്ങൾ അത്
വിശ്വസിക്കില്ല എന്ന് പറയുന്നത് ഈ ഉൾഭയം കൊണ്ട് തന്നെയാണ്.അത് കൊണ്ട് തങ്ങൾ
പ്രബോധനം തുടരുക, നിഷേധം കാര്യമാക്കേണ്ടതില്ല
(35)
وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًۭا وَأَوْلَـٰدًۭا
وَمَا نَحْنُ بِمُعَذَّبِينَ
അവർ പറഞ്ഞു ഞങ്ങൾ കൂടുതൽ സമ്പത്തും സന്താനങ്ങളും
ഉള്ളവരാകുന്നു ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല
ഞങ്ങൾക്ക് സന്താനങ്ങളും സമ്പത്തും
ധാരാളമുണ്ട് അതെല്ലാം ഞങ്ങളെ സ്നേഹിച്ച് ﷲഅള്ളാഹു തന്നതാണ്.ഞങ്ങളെ അവൻ പ്രത്യേകം പരിഗണിച്ചതിൻ്റെ തെളിവാണിത് ആ നിലക്ക് ﷲഅള്ളാഹുവും ഞങ്ങളും സ്വന്തമാണ് പ്രവാചകനൊന്നുമിവിടെ ആവശ്യമില്ല.നിങ്ങൾ
പറയുന്നത് പോലെ ഒരു പരലോകം ഉണ്ട് എങ്കിൽ അവിടെയും ഞങ്ങൾക്ക് ഈ സുഖങ്ങളൊക്കെ
ലഭിക്കും അതിനു നിങ്ങളെ വിശ്വസിക്കേണ്ട കാര്യം ഞങ്ങൾക്കില്ല എന്നാണ് അവരുടെ ഭാഷ്യം
(36)
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ
وَيَقْدِرُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
തങ്ങൾ പറയുക തീർച്ചയായും എൻ്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം
വിശാലമാക്കുകയും (താൻ ഉദ്ദേശിക്കുന്നവർക്ക്) അത് ഇടുങ്ങിയതാക്കുകയും
ചെയ്യുന്നു.പക്ഷെ ജനങ്ങളിൽ അധികപേരും
അറിയുന്നില്ല
അവരുടെ അവകാശ വാദത്തിനു നബി ﷺതങ്ങളോട് മറൂപടിയായി അള്ളാഹു പറയാൻ നിർദ്ദേശിക്കുന്നത് ﷲഅള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് സമൃദ്ധിയും അവൻ ഉദ്ദേശിക്കുന്നവർക്ക്
ദാരിദ്ര്യവും നൽകും.അത് രണ്ടും അവൻ്റെ പരീക്ഷണമാണ്. അല്ലാതെ നിങ്ങൾക്ക് സൗഭാഗ്യം
ഉണ്ടായത് ﷲഅള്ളാഹു നിങ്ങളെ
സ്നേഹിച്ചിട്ടൊന്നുമല്ല.നാഥൻ്റെ പരീക്ഷണത്തിൽ നിങ്ങൾ പരാചയപ്പെട്ടു എന്നാണ്
മനസിലാക്കേണ്ടത്
(37)
وَمَآ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُم بِٱلَّتِى
تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًۭا
فَأُو۟لَـٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَـٰتِ
ءَامِنُونَ
നിങ്ങളുടെ സമ്പത്തും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കൽ നിങ്ങൾക്ക്
സാമീപ്യമുണ്ടാക്കി തരുന്നവയല്ല വിശ്വസിക്കുകയും നല്ലത് പ്രവർത്തിക്കുകയും
ചെയ്തവർക്കൊഴികെ.അത്തരക്കാർക്ക് തങ്ങൾ പ്രവർത്തിച്ചതിൻ്റെ ഫലമായി ഇരട്ടി
പ്രതിഫലമുണ്ട് അവർ ഉന്നത സൗധങ്ങളിൽ നിർഭയരായി കഴിയുന്നതാണ്!
സുഖലോലുപരായ നിഷേധികളുടെ അവകാശ
വാദം ﷲഅള്ളാഹു വ്യക്തമായി
തള്ളിക്കളയുന്നു നിങ്ങൾക്ക് സന്താനങ്ങളോ സമ്പത്തോ നൽകുന്നത് നിങ്ങളെ
പരിഗണിച്ചതിൻ്റെ പേരിലോ നിങ്ങളെ സ്നേഹിച്ചത് കൊണ്ടോ അല്ല. എന്നെ വിശ്വസിക്കുകയും
അതിനനുസരിച്ച് സൽകർമങ്ങൾ ചെയ്യുകയും ചെയ്യുന്നവരെയാണ് ഞാൻ പരിഗണിച്ചത് അവർക്കാണ്
എൻ്റെ തൃപ്തിയുള്ളത് അത്തരക്കാരെ പരിഗണിച്ചും അവർക്ക് പ്രത്യേകത നൽകിയും അവരുടെ
കർമങ്ങൾക്ക് നാം ഇരട്ടി പ്രതിഫലം നൽകുകയും ഉന്നത ഭവനങ്ങളിൽ സമാധാനത്തോടെ കഴിയാൻ അവർക്ക്
ഞാൻ അവസരം നൽകുകയും ചെയ്യും (അന്നേദിവസം ഈ സുഖലോലുപന്മാർ നരകത്തിൻ്റെ ശിക്ഷയിൽ
കിടന്ന് നട്ടം തിരിയുകയായിരിക്കും ﷲഅള്ളാഹു നമ്മെ രക്ഷപ്പെടുത്തട്ടെ ആമീൻ
(38)
وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ
أُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ
(നമ്മെ) തോല്പിക്കുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിർക്കുവാൻ ശ്രമിക്കുന്നവരാരോ
അവർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരാകുന്നു
ﷲഅള്ളാഹുവിൻ്റെ മാർഗത്തിൽ നിന്ന്
ജനങ്ങളെ തടഞ്ഞും പ്രവാചകന്മാരുടെ പ്രബോധന വഴിയിൽ അള്ള് വെച്ചും സത്യത്തെ
പരാചയപ്പെടുത്താനും ﷲഅള്ളാഹുവിനെ നിഷേധിക്കപ്പെടാനും
വഴിയൊരുക്കുന്നവർ അവരുടെ നിഷേധത്തിൻ്റെ തോതനുസരിച്ചുള്ള ശിക്ഷ ഏറ്റുവാങ്ങാൻ
പരലോകത്ത് ഹാജറാക്കപ്പെടുക തന്നെ ചെയ്യും
(39)
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ
مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ ۚ وَمَآ أَنفَقْتُم مِّن شَىْءٍۢ فَهُوَ
يُخْلِفُهُۥ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ
തങ്ങൾ പറയുക. തീർച്ചയായും എൻ്റെ രക്ഷിതാവ് തൻ്റെ ദാസന്മാരിൽ നിന്ന് താൻ
ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും താൻ ഉദ്ദേശിക്കുന്നവർക്ക്
ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ് നിങ്ങൾ എന്തൊന്ന് ചിലവഴിച്ചാലും അവൻ അതിനു പകരം
നൽകുന്നതാണ് അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ
ﷲഅള്ളാഹു അവൻ്റെ അടിമകളിൽ ചിലർക്ക്
വിശാലമായി സൗകര്യം നൽകുകയും ചിലർക്ക് വളരെ വിഷമകരമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യും
അതിലെല്ലാം ﷲഅള്ളാഹുവിൻ്റെ ചില
തത്വങ്ങളുണ്ടാകും നമുക്ക് അതറിയണമെന്നില്ല. അതിനാൽ അള്ളാഹു നമുക്ക് നൽകിയതിൽ
നിന്ന് നല്ല വഴിയിൽ ചിലവാക്കാൻ ശ്രമിക്കണം കാരണം പരലോകത്ത് അതിനു അർഹമായ പ്രതിഫലം
അവൻ നൽകുക തന്നെ ചെയ്യും
(40)
وَيَوْمَ يَحْشُرُهُمْ جَمِيعًۭا ثُمَّ يَقُولُ
لِلْمَلَـٰٓئِكَةِ أَهَـٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ
അവരെ മുഴുവൻ അവൻ ഒരുമിച്ചു കൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു) എന്നിട്ട് അവൻ
മലക്കുകളോട് ചോദിക്കും നിങ്ങളെയാണോ ഈ കൂട്ടർ ആരാധിച്ചിരുന്നത്?
മലക്കുകൾ ﷲഅള്ളാഹുവിൻ്റെ പെൺ മക്കളാണെന്ന് വാദിച്ച് അവർക്ക് ആരാധന ചെയ്ത ആളുകളെ
പരലോകത്ത് ഹാജറാക്കി ആരാധിച്ചവരുടെ മുന്നിൽ നിന്ന് മലക്കുകളോട് നിങ്ങളെയാണോ
ഇക്കൂട്ടർ ആരാധിച്ചിരുന്നത് എന്ന് ചോദിക്കുന്നത് മുശ്‌രിക്കുകളെ ഭയപ്പെടുത്താനാണ്.
കാരണം നിർണായക സമയത്ത് മലക്കുകൾ സഹായത്തിനെത്തുമെന്ന അവരുടെ പ്രതീക്ഷ പുർണ്ണമായി
അവിടെ തകർക്കപ്പെടും മലക്കുകൾ അവരെ തള്ളിപ്പറയും
(41)
قَالُوا۟ سُبْحَـٰنَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ
بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ
അവർ പറയും നീ എത്ര പരിശുദ്ധൻ! നീയാണ് ഞങ്ങളുടെ രക്ഷാധികാരി അവരല്ല.എന്നാൽ അവർ
ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്. ഇവരിൽ അധികപേരും അവരിൽ (ജിന്നുകളിൽ)
വിശ്വസിക്കുന്നവരത്രെ
ബഹുദൈവാരാധകരെ മലക്കുകൾ
കയ്യൊഴിഞ്ഞു കൊണ്ട് പറയുന്നത് ﷲഅള്ളാഹുവേ
നീ പരിശുദ്ധനാണ്. മറ്റാരും നിന്നോട് പങ്ക് ചേർക്കപ്പെടാവതല്ല. ഞങ്ങൾ നിൻ്റെ വിനീത
ദാസന്മാരാണ് ഇവരുമായി ഞങ്ങൾക്ക് ബന്ധമൊന്നുമില്ല ഇവർ ജിന്നുകളെ
ആരാധിച്ചിരുന്നവരല്ലേ?പിശാചുക്കളാണ് ഇവർക്ക് ഇത് ഭംഗിയാക്കി കാണിച്ചിട്ടുള്ളത് എന്ന് മലക്കുകൾ
പറയും
(42)
فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍۢ
نَّفْعًۭا وَلَا ضَرًّۭا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ
ٱلَّتِى كُنتُم بِهَا تُكَذِّبُونَ
ആകയാൽ അന്ന് നിങ്ങൾക്ക് അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ
കഴിവുണ്ടായിരിക്കുന്നതല്ല.അക്രമം ചെയ്തവരോട്, നിങ്ങൾ നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന ആ
നരക ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക എന്ന് നാം പറയുകയും ചെയ്യും
ﷲഅള്ളാഹുവിനു പങ്കാളികളെ
സ്ഥാപിച്ച് ആ പങ്കാളികൾ അവർക്ക് രക്ഷ
വാങ്ങിക്കൊടുക്കുമെന്ന് വിശ്വസിച്ച മുശ്‌രിക്കുകൾക്ക് കടുത്ത താക്കീത്
നൽകുകയാണിവിടെ. പ്രയാസ സമയത്ത് എന്തെങ്കിലും ഒരു ഉപകാരം ലഭിക്കുമെന്ന് വിശ്വസിച്ച് ആരാധന
ചെയ്യുന്ന നിങ്ങളുടെ ദൈവങ്ങൾക്ക് (നിങ്ങളെ സഹായിക്കാൻ ) അതിനു കഴിയില്ല എന്ന
താക്കീതാണിത്. ﷲഅള്ളാഹുവിനെയല്ലാതെ ആരാദ്ധ്യന്മാരെ സ്ഥാപിച്ച് അക്രമം ചെയ്ത നിങ്ങൾ ആ
പാപത്തിന്റെ ശമ്പളം സ്വീകരിക്കുക (നരകത്തിലെ ശിക്ഷ അനുഭവിക്കുക) എന്ന് അവരോട്
പറയപ്പെടും
ﷲഅള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ
ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment