Sunday, November 16, 2008

അദ്ധ്യായം 1,സൂക്തം 3

അഅദ്ധ്യായം 1 , സൂക്തം 3
اَلرَّحْمـنِ الرَّحِيمِ
(പരമ കാരുണികനും കരുണാ നിധിയുമായ)

ഫാതിഹയിലെ മൂന്നാം സൂക്തമാണിത്‌. നേരത്തേ ബിസ്മിയിലും നാം ഇത്‌ കണ്ടു. അപ്പോൾ ഇത്‌ ആവർത്തനമല്ലേ? ഒരു ചെറിയ സൂറത്തിൽ ഇങ്ങനെ ആവർത്തനം എന്തിനാണെന്ന് തോന്നാം. എന്നാൽ പദത്തിന്റെ ആവർത്തനം മാത്രമാണിവിടെയുള്ളത്‌ ആശയപരമായോ താത്വികമായോ ആവർത്തനമില്ല. അഥവാ എല്ലാ നല്ലകാര്യങ്ങളും അല്ലാഹുവിന്റെ നാമംകൊണ്ട്‌ ആരംഭിക്കണമെന്ന് നിദ്ദേശിക്കപ്പെടുകയും അതിന്‌ ബിസ്മി, റഹ്‌മാൻ, റഹീം എന്നത്‌ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്‌ കൊണ്ടാണ്‌ ബിസ്മിയിൽ അൽറഹ്‌മാൻ, അൽറഹീം എന്നിവ വന്നത്‌. എന്നാൽ സർവ്വ സ്തുതി അല്ലാഹുവിനാണെന്ന രണ്ടാം സൂക്തത്തിലെ പരാമർശം വന്നപ്പോൾ ആരാണീ അല്ലാഹു ? എന്ന ചോദ്യം വരുന്നു. അതിന്റെ മറുപടിയാണ്‌ റബ്ബ്‌, റഹ്‌മാൻ, റഹീം, മാലിക്‌ എന്നിവ.

ചുരുക്കത്തിൽ ബിസ്മിയിൽ കൊണ്ടു വന്നത്‌ തുടങ്ങാൻ നിർദ്ദേശിക്കപ്പെട്ട പദം എന്നനിലക്കും മൂന്നാം സൂക്തം അല്ലാഹുവെ പരിചയപ്പെടുത്തുന്ന വിശേഷണം എന്ന നിലക്കുമാണ്‌ അപ്പോൾ പദം രണ്ട്‌ തവണ വന്നുവെങ്കിലും രണ്ടും രണ്ട്‌ നേട്ടമുണ്ടാക്കിത്തരാനായതിനാൽ ആശയപരമായി ആവർത്തനമല്ലാതായി. അവിടെ മറ്റൊരു സംശയം ചോദിച്ചേക്കാം. അല്ലാഹു ആരാണെന്ന് വിശദികരിക്കാന്‍ റബ്ബുൽ ആലമീൻ എന്നത്‌ തന്നെ ധാരാ‍ളമല്ലേ പിന്നെന്തിനാണ്‌ കൂടുതൽ വാക്കുകൾ?മറുപടി: സംശയ നിവാണത്തിന്‌ എന്നാണ്‌. അതായത്‌ ലോകരക്ഷിതാവ്‌(റബ്ബുൽ ആലമീൻ)എന്ന് പറയുമ്പോൾ ചിലരെങ്കിലും മനസ്സിലാക്കിയേക്കാം 'അല്ലാഹു ലോകരുടെ ഉടമയാണ്‌, യജമാനനാണ്‌ നാമെല്ലാവരും അവന്റെ അടിമകളും'. അപ്പോൾ സാധാരണ യജമാനന്മാർ അടിമകളെ അക്രമിക്കുമ്പോലെ അവനും അക്രമിക്കും ഭക്ഷണം നിഷേധിക്കും നിർദ്ദാക്ഷിണ്യം കൊന്നുകളയും അവനോടൊന്നും പറയാനോ ആവശ്യപ്പെടാനോ സമ്മതിക്കില്ല എന്നൊക്കെ. പലയജമാനന്മാരേയും സംബന്ധിച്ച്‌ ജനങ്ങൾക്കുള്ള അറിവ്‌ വെച്ച്‌ അവർ അങ്ങനെ ചിന്തിക്കുന്നതിന്‌ അവരെ കുറ്റം പറയാനുമാകില്ല. ഈ സംശയം ദൂരീകരിക്കാനാണ്‌ റബ്ബ്‌ റഹ്‌മാനും, റഹീമും ആണെന്ന വിശദീകരണം നമുക്ക്‌ അറിയാവുന്ന യജമാനന്മാരെ പോലെയല്ല അല്ലാഹു അവൻ മഹാ കാരുണ്യവാനത്രെ എന്ന്!

കാരുണ്യം നമുക്ക്‌ രണ്ടായി തിരിക്കാം, 1) ബാഹ്യം 2) ആന്തരികം
.
ഇമാം റാസി(റ)തന്റെ പ്രസിദ്ധമായ ഖുർആൻ വ്യാഖ്യാനത്തിൽ എഴുതുന്നു ചില കാര്യങ്ങൾ ഒറ്റനോട്ടത്തിൽ ശിക്ഷയെന്നും കഷ്ടപ്പെടുത്തലെന്നും തോന്നുമെങ്കിലും അന്തിമ വിശകലനത്തിൽ അത്‌ അനുഗ്രഹവും കാരുണ്യവുമാണെന്നു ബോധ്യപ്പെടും. ചിലത്‌ പ്രഥമ ദൃഷ്ട്യാ കാരുണ്യമെന്ന് തോന്നും പക്ഷെ അത്‌ യഥാത്ഥത്തിൽ ശിക്ഷയായിരിക്കും. ഒരു രക്ഷിതാവ്‌ സ്വന്തം മകനെ അവന്റെ ഇഷ്ടത്തിന്‌ വിടുകയും സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നു. അവൻ പഠിക്കേണ്ട പ്രായത്തിൽ കളിച്ചും ഉല്ലസിച്ചും നടക്കുന്നു. മകൻ സന്തോഷിക്കട്ടെ എന്ന് കരുതിയ പിതാവ്‌ അവനെ ശാസിക്കുന്നില്ല ജീവിതത്തിന്‌ ക്രമീകരണമുണ്ടാക്കാൻ ഉപദേശിക്കുന്നില്ല ഇത്‌ കരുണയാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അവന്റെ ഭാവി ഇരുളടഞ്ഞതാക്കി അവനെ ശിക്ഷിക്കുകയാണിയാൾ. അതേസമയം ഒരു രക്ഷിതാവ്‌ തന്റെ കുട്ടിക്ക്‌ കഠിനമായ നിർദ്ദേശങ്ങൾ നൽകുന്നു. പഠിക്കേണ്ട സമയത്ത്‌ ഉഴപ്പാതിരിക്കാൻ ചിലപ്പോഴൊക്കെ വീട്ടിനകത്ത്‌ തളച്ചിടുന്നു.ഇത്‌ ഒറ്റനോട്ടത്തിൽ ആകുട്ടിയെ ശിക്ഷിക്കുകയാണെന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ അവന്റെ ശോഭനമായ ഭാവിക്ക്‌ വേണ്ടി ചെയ്ത ഒരു പ്രവർത്തിയായതിനാൽ ഇതാണ്‌ യഥാർത്ഥ സ്നേഹം കരുണ!ഇങ്ങനെ ധാരാളം ഉദാഹരണങ്ങൾ നമുക്ക്‌ കാണാം. കുഞ്ഞിന്റെ കാലിൽ ആഴത്തിലൊരു മുള്ള്‌ തറച്ചു.ഓപ്പറേഷനിലൂടെ അത്‌ നീക്കം ചെയ്യാൻ കൽപ്പിക്കപ്പെട്ടപ്പോൾ എന്റെ കുട്ടിയെ ശസ്ത്രക്രിയയിലൂടെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പറയുന്ന പിതാവ്‌ ബാഹ്യമായി കുട്ടിയോട്‌ കരുണ കാട്ടിയതാണെങ്കിലും ആ കുട്ടിയെ നിത്യ ദു:ഖത്തിലേക്ക്‌ തള്ളിയിട്ട്‌ അവനെ ദ്രോഹിക്കുകയായിരുന്നു ഈ പിതാവ്‌ എന്ന് എല്ലാവരും മനസിലാക്കില്ലേ?ഇത്‌ പോലെ കാരുണ്യവാനായ അല്ലാഹു ചില നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും നമുക്ക്‌ നൽകുന്നത്‌ യഥാർത്ഥത്തിൽ നമ്മെ അനുഗ്രഹിക്കാനാണ്‌ ഉപദ്രവിക്കാനല്ല എന്ന് തിരിച്ചറിയാൻ നമുക്കാവണം എന്നാൽ പിതാവ്‌ ഭാവിയിലെങ്കിലും മകനിൽ നിന്ന് എന്തെങ്കിലും ആനുകൂല്യം പ്രതീക്ഷിക്കുന്നു. അല്ലാഹു ഒന്നും പ്രതീക്ഷിക്കുന്നില്ല. അതിനാൽ അവന്റെ കാരുണ്യത്തിന്‌ മാറ്റ്കൂടുന്നു അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ പല രൂപത്തിലും വിഷമിക്കുന്നത്‌ നാം കാണുന്നുണ്ട്‌.ഇത്‌ അവരോട്‌ അല്ല്ലാഹുവിനു കാരുണ്യം ഇല്ലാത്തത്‌ കൊണ്ടല്ല മുമ്പ്‌ നാം പറഞ്ഞപോലെ അന്തിമ വിശകലനത്തിൽ ബാഹ്യമായ ഈ വിഷമം അവർക്ക്‌ നേട്ടമായി കാണാം രോഗിയായ കുട്ടിക്ക്‌ പല ഭക്ഷ്യ വസ്തുക്കളും മാതാപിതാക്കൾ തടഞ്ഞു വെക്കും രോഗത്തിന്റെ വർദ്ധനവിന്‌ അത്‌ കാരണമാവുന്നത്‌ കൊണ്ടാണത്‌.പക്ഷെ അതു മനസ്സിലാവാത്ത കുട്ടിക്ക്‌ മാതാപിതാക്കളോട്‌ ഈർഷ്യത തോന്നിയേക്കാം എന്നാലും അത്‌ മാതാപിതാക്കൾക്ക്‌ കുട്ടിയോടുള്ള കാരുണ്യമാണല്ലോ ഇത്‌ പോലെ അല്ലാഹു ചിലപ്പോൾ ചിലത്‌ ചെയ്യുന്നത്‌ നമുക്ക്‌ വിഷമമുണ്ടാക്കിയേക്കാം എന്നാൽ നൈമിഷിക നേട്ടങ്ങൾക്കല്ല നിത്യ നിദാന്തമായ സംതൃപ്തിക്കാണ്‌ അവൻ ഊന്നൽ നൽകുന്നതെന്നതിനാൽ ഇതാണ്‌ യഥാർത്ഥ കരുണ. മാതാപിതാക്കൾ നിയന്ത്രണങ്ങളിലൂടെ കുട്ടിയെ സൗഖ്യത്തിലേക്ക്‌ നയിക്കുമ്പോലെ!

അല്ലാഹുവിന്റെ കാരുണ്യം എല്ലാവസ്തുക്കൾക്കും ലഭിക്കുന്നു
.وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ
എന്റെ അനുഗ്രഹം എല്ലാവസ്തുവിനും വിശാലമായിരിക്കുന്നു എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്‌(അഅ്റാഫ്‌:156) ലോകത്തിന്റെ നിലനിൽപ്‌ തന്നെ അത്കൊണ്ടാണ്‌ സാധ്യമാകുന്നത്‌. വസ്തുക്കളിൽ ജീവികളും അല്ലാത്തവയുമുണ്ട്‌. ഓരോന്നിലും അല്ലാഹു വ്യത്യസ്തമായ ശെയിലിയിൽ അനുഗ്രഹവും ചെയ്യുന്നുണ്ട്‌. ഉദാഹരണമായി നമുക്ക്‌ ഭൂമിയെ എടുക്കാം. ഭൂമി വളരെ വേഗത്തിൽ ചലിച്ച്കൊണ്ടിരിക്കുന്നുണ്ട്‌ എന്നിട്ടും മനുഷ്യൻ അതിന്റെ മുകളിൽ കിടക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നു മനുഷ്യനാണെങ്കിലോ ഭൂമിയുടെ മുകളിലെ ഒരുചെറിയ വസ്തു ആണ്‌ താനും! എന്നിട്ടും ഭൂമിയുടെ ശക്തിയിലുള്ള ചലനം അവനെ അലോസരപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല അതേ സമയം മനുഷ്യൻ നിർമ്മിക്കുന്ന വാഹനം വേഗത്തിൽ പോകുമ്പോൾ ഇരിക്കാതെയോ പിടിക്കാതെയോ അവൻ നിന്നാൽ വീണ്‌ പോകും. പ്രത്യേകം സംവിധാനങ്ങളുണ്ടാക്കാതെ ആവാഹനത്തിൽ കിടന്നാൽ അപകടങ്ങൾ ഉണ്ടാവും എന്നാൽ ചലിക്കുന്ന ഭൂമിയിൽ ഏത്‌ പാറപ്പുറത്തും കിടന്നുറങ്ങാം കരയിലും കടലിലും സഞ്ചരിക്കാം എന്തു കൊണ്ടാണിത്‌ സാധ്യമാകുന്നത്‌?ഭൂമിയിൽ അല്ലാഹു നിക്ഷേപിച്ച ഒരു നിധി കാരണം! ഇതേകുറിച്ച്‌ ശാസ്ത്രം ആകർഷണം എന്ന് പറയുമ്പോൾ മതം റഹ്‌മത്ത്‌ എന്ന് പറയുന്നു പേര്‌ എന്ത്‌ പറഞ്ഞാലും ഭൂമിക്ക്‌ അതിന്റെ നാഥൻ നൽകിയതാണിത്‌ ഇത്‌ ഞങ്ങളുടെ സംഭാവനയാണെന്ന് അവകാശപ്പെടാൻ ലോകത്ത്‌ ആരും ഉണ്ടായിട്ടില്ല! ഇനിയും നോക്കൂ...ഭൂമിയിൽ മനുഷ്യൻ എന്തൊക്കെയാണ്‌ കാട്ടിക്കൂട്ടുന്നത്‌ കിണറും കുഴിയുമുണ്ടാക്കുന്നു നാട്‌ കാടും തിരിച്ചുമാക്കുന്നു വിസർജ്ജിച്ച്‌ വൃത്തികേടാക്കുന്നു പക്ഷെ ഇതിന്റെ പേരിലൊന്നും ഒരു പ്രതികൂല നടപടിയും ഭൂമിയിൽ നിന്നുണ്ടാകുന്നില്ല തെങ്ങ്‌ തേങ്ങയും മാവ്‌ മാങ്ങയും നൽകുന്നു മനുഷ്യൻ തെങ്ങിൻ തടത്തിൽ മൂത്രമൊഴിച്ചാലും ഇളനീരി‍നോ മാമ്പഴത്തിനോ അതിന്റെ രുചി അനുഭവപ്പെടുന്നില്ല ഭൂമിയുടെ ധർമ്മ ബോധവും ആകർഷണവും നില നിൽക്കുന്നതാണിതിന്‌ കാരണം മനുഷ്യന്റെ എല്ലാസമ്പാദ്യവും ഉപയോഗം കൊണ്ട്‌ കുറയുമെങ്കിൽ ഭൂമിയുടെ ഈ ആകർഷണവും ധർമ്മ ബോധവും ഒരിക്കലും കുറയുന്നില്ല എടുത്താൽ തീരാത്ത നിധികളായി അവ നിലനിൽക്കുന്നു അല്ലാഹു ഭൂമിയിൽ നിക്ഷേപിച്ച അനുഗ്രഹങ്ങളാണവ! ഇതാണ്‌ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഉദാഹരണം

ഭൂമി, സൂര്യൻ, ചന്ദ്രൻ ,കര, കടൽ എന്നിവയുടെ ഉപയോഗം പറഞ്ഞതിനു ശേഷം ഇതൊക്കെ നമ്മുടെ കരുണ(റഹ്‌മത്‌)യല്ലാതല്ല എന്ന് അല്ലാഹു പറംഞ്ഞത്‌ (إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَى حِينٍ (يس 44 ഇതെല്ലാം നമ്മുടെ കാരുണ്യം തന്നെയാകുന്നു(സൂറ:യാസീൻ 44) ഇനിയും നോക്കുക..ഇവിടെ മനുഷ്യനുൾപ്പെടെ എല്ലാജീവികളും വളരുന്നു അവർക്ക്‌ കാരുണ്യം എന്നൊരു ഗുണമില്ലായിരുന്നുവെങ്കിൽ ഇത്‌ സാധ്യമാകുമായിരുന്നില്ല ഏത്‌ ക്രൂര സ്വഭാവിയും ആ ക്രൂരത ജനിക്കുന്ന തന്റെ കുഞ്ഞിനോട്‌ കാണിക്കുന്നില്ല ഇത്‌ അല്ലാഹു അവയിൽ നിക്ഷേപിച്ച കരുണ്യമാണ്‌ ഇണ ജീവികളിൽ ആണിന്‌ പെണ്ണിനോടും തിരിച്ചും വലിയ സ്നേഹമാണ്‌ അത്‌ വെറും വൈകാരികമല്ല അല്ലാഹു അവയിൽ നിക്ഷേപിച്ച കാരുണ്യം തന്നെയാണ്‌‍ നമുക്ക്‌ ചിലയാളുകളോട്‌ വലിയ സ്നേഹമുണ്ടാകും അവർ ഭൗതികമായി നമുക്ക്‌ ഒന്നും ചെയ്ത്‌ തന്നത്‌ കൊണ്ടല്ല നമ്മിൽ നിന്നൊന്നും അവരും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഇസ്ലാമിലെ ആത്മീയനേതാക്കളെ ഈ ഗണത്തിൽ നമുക്ക്‌ കാണാൻ കഴിയും ശൈഖ്‌ ജീലാനി, അജ്മീർ ഖാജ, മമ്പുറം തങ്ങൾ, ഉമർ ഖാസി ഇവരൊക്കെ സമൂഹത്തിന്റെ സ്നേഹം പിടിച്ച്‌ പറ്റിയവരാണ്‌ തോക്കും വാളും മറ്റ്‌ ആയുധങ്ങളും കൊണ്ടല്ല അവർ ജനങ്ങളെ ഭരിച്ചത്‌ എന്ത്‌ വന്നാലും ഇവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരു വിഭാഗത്തെ നാം കാണുന്നു ഈ സ്നേഹം ആരും അടിച്ചേൽപ്പിച്ചതല്ല അല്ലാഹു അവരിൽ നിക്ഷേപിച്ചതാണ്‌ നബി(സ്വ)യോട്‌ സഹാബ(പ്രവാചക ശിഷ്യന്മാർ)ക്കുണ്ടായിരുന്ന സ്നേഹം പ്രസിദ്ധമല്ലേ.. വാളുകൊണ്ടല്ല ഈ കാരുണ്യത്തിന്റെ ബലത്തിലാണ്‌ ആ സമൂഹത്തെ നബി(സ്വ) പരിവർത്തിപ്പിച്ചെടുത്തത്‌. ഉഹ്ദ്‌ യുദ്ധത്തിൽ പല്ല് പൊട്ടിക്കുകയും രക്തമൊലിപ്പിക്കുകയും ചെയ്ത ശത്രുക്കൾക്ക്‌ ദിശാബോധം നൽകാൻ പ്രാർത്ഥിച്ച നബിയിലും ഈ കാരുണ്യത്തിന്റെ കൂടിയ അളവാണ്‌ നമുക്ക്‌ ദശിക്കാൻ കഴിയുന്നത്‌ തങ്ങളെ ലോകത്തിന്‌ അനുഗ്രഹമായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ലെന്ന് അല്ലാഹു പറഞ്ഞതും ഇത്‌ കൊണ്ടാണ്‌ .

ഈ ലോകം അവസാനിക്കുന്നതോടെ പരലോകം ആരംഭിക്കുന്നു. നബി(സ്വ) ഉൾപ്പെടെയുള്ള മഹാന്മാർ അവിടെയും കാരുണ്യവുമായി എത്തുന്നു. മഹാന്മാരുടെ ശുപാർശ അതാണ്‌ തെളിയിക്കുന്നത്‌ മനുഷ്യരിൽ അല്ലാഹു നിക്ഷേപിച്ച കാരുണ്യത്തിന്റെ ചില ഉദാഹരണങ്ങൾ ഇമാം റാസി(റ) തന്റെ ഖുർആൻ വ്യാഖ്യാനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഒരു യുവാവ്‌ മരണാസന്നനായി കിടക്കുന്നു.അയാൾ ശഹാദത്‌ കലിമ(സത്യ സാക്ഷ്യ വാക്യം)ചൊല്ലാൻ ശ്രമിക്കുന്നുണ്ട്‌ പക്ഷെ നാവിനൊരു തടസ്സം പോലെ കൂട്ടുകാർ വിവരം നബി(സ്വ)യെ അറിയിച്ചു. അയാൾ നിസ്ക്കാര.-നോമ്പാതി എല്ലാ നന്മയും ചെയ്യുന്നവനല്ലേ എന്ന് നബി(സ്വ)ചോദിച്ചു അതെ എന്ന് അവർ പറഞ്ഞപ്പോൾ അദ്ദേഹം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിരുന്നോ എന്ന് നബി(സ്വ)ചോദിച്ചു ഉവ്വ്‌ എന്നവർ പറഞ്ഞു.എങ്കിൽ അവരെ കൊണ്ടുവരാൻ നബി(സ്വ)നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഒറ്റക്കണ്ണുള്ള ഉമ്മയെ പ്രവാചക സദസ്സിൽ ഹാജറാക്കപ്പെട്ടു. നിങ്ങളുടെ മകൻ മരണ ശയ്യയിലാണെന്നും നിങ്ങൾ അയാൾക്ക്‌ മാപ്പ്‌ നൽകണമെന്നും നബി(സ്വ) ആ ഉമ്മയോട്‌ ആവശ്യപ്പെട്ടു. മാപ്പ്‌ കൊടുക്കില്ല കാരണം എന്റെ ഒരു കണ്ണ്‌ അവൻ അടിച്ച്‌ പൊട്ടിച്ചതാണെന്ന് ആ ഉമ്മ പറഞ്ഞു. ഉടനെ കുറേ വിറക്‌ കൊണ്ട്‌ വരാൻ നബി(സ്വ)നിർദ്ദേശിച്ചു. ആ ഉമ്മ ചോദിച്ചു. എന്തിനാണ്‌ വിറക്‌ ? നബി(സ്വ)പറഞ്ഞു. നിങ്ങളോട്‌ അവൻ ചെയ്ത ക്രൂരതക്ക്‌ പകരമായി നിങ്ങളുടെ മുമ്പിൽ വെച്ച്‌ അവനെ കരിച്ച്‌ കളയാനാണ്‌ എന്ന് .വറ്റാത്ത മാതൃ സ്നേഹം ഉമ്മയിലുണർന്നു. ഉമ്മ പറഞ്ഞു നബിയേ!ഞാൻ അവന്ന് മാപ്പ്‌ നൽകുന്നു. കരിക്കാനാണോ ഞാൻ അവനെ ഒമ്പത്‌ മാസത്തിലധികം ചുമന്ന് നടന്നതും വേദന സഹിച്ച്‌ പ്രസവിച്ചതും കഷ്ടപ്പെട്ട്‌ വളർത്തിയതും? അടിമകളിൽ അല്ലാഹു നിക്ഷേപിച്ച കാരുണ്യത്തിന്റെ ഒരു ഉദാഹരണം നാം ഇതിൽ കാണുന്നു.

എന്നാൽ ഇങ്ങനെ ലോകത്ത്‌ എത്രയാളുകൾ! ജീവികൾ!! പലരോടും കരുണ കാണിക്കുന്നുണ്ട്‌? അതെല്ലാം കൂടി കാരുണ്യത്തിന്റെ ഒരു ശതമാനമാണെന്നും ബാക്കി 99ശതമാനവും തന്റെ അടിമകളെ അനുഗ്രഹിക്കാനായി അല്ലാഹു മാറ്റി വെച്ചിരിക്കുകണെന്നും നബി(സ്വ)പറയുന്നു. അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം എത്ര വിശാലമാണ്‌ എന്ന് ഊഹിക്കാമല്ലോ അത്‌ കൊണ്ട്‌ തന്നെയാണ്‌ തെറ്റ്‌ ചെയ്ത്‌ ശരീരത്തെ അക്രമിച്ചവർക്കും പാപങ്ങൾ ഏറ്റ്‌ പറഞ്ഞ്‌ പാശ്ചാത്തപിക്കാൻ അല്ലാഹു അവസരം നൽകിയത്‌. അതും ഉപയോഗപ്പെടുത്താതെ താന്തോന്നിയായി നടക്കുന്നവൻ എന്തു മാത്രം ധിക്കാരിയാണെന്ന് നമുക്ക്‌ ഊഹിക്കമല്ലോ!എന്നാൽഇത്‌ വരെ പറഞ്ഞതിൽ നിന്ന് മറ്റൊരു തെറ്റിദ്ധാരണയുണ്ടാവാൻ സാധ്യതയുണ്ട്‌. യജമാനനായ അല്ലാഹു കാരുണ്യവാനായതിനാൽ എനിക്കെന്തും ചെയ്യാം എന്ത്‌ തോന്നിയവാസം ഞാൻ കാണിച്ചാലും ഒരു കുഴപ്പവുമില്ല കാരണം അവൻ കാരുണ്യവാനായതിനാൽ എന്നെ ശിക്ഷിക്കാൻ അവനു കഴിയില്ല എന്ന്.ആധാരണ തിരുത്താനാണ്‌ അവൻ പ്രതിഫല ദിവസത്തിന്റെ ഉടമയാണെന്ന് അല്ലാഹു ഉണർത്തുന്നത്‌
(തുടരും,ഇന്‍ശാ അല്ലാഹ്‌)

6 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 1 , സൂക്തം 3 الرحمن الرحيم(പരമ കാരുണികനും കരുണാ നിധിയുമായ)

കാസിം തങ്ങള്‍ said...

വിജ്ഞാനപ്രദം. അണിയറ ശില്പികള്‍ക്കാശംസകള്‍.

K C G said...

വളരെ നല്ലപോസ്റ്റ്. വായിച്ചു മനസ്സു നിറഞ്ഞു.

അനില്‍@ബ്ലൊഗ് said...

ورحمتي وسعت كل شيء

ആശംസകള്‍

വഴികാട്ടി / pathfinder said...

Kasim Thangal,
Geetha Geethikal,
Anil@Blog,


വിളക്കിന്‍ വെട്ടത്ത്‌ വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

ബഷീർ said...

എല്ലാ നന്മകളും നേരുന്നു. തുടര്‍ പോസ്റ്റുകള്‍ക്കായി കാക്കുന്നു