####അഞ്ചാം സൂക്തത്തിന്റെ ആദ്യഭാഗത്തിന്റെ (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു )
വിവരണം ഇവിടെ വായിക്കുക. അതിനു ശേഷം രണ്ടാം ഭാഗം വായിക്കുക####
അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു വെന്ന പ്രഖ്യാപനത്തിനു ശേഷം സഹായ തേട്ടവും വിശ്വാസി അല്ലാഹുവിൽ മാത്രം അർപ്പിക്കുന്നു. ഈ സൂക്തം ധാരാളം തെറ്റിദ്ദാരണ പലരിലും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ നാം അൽഹംദുലില്ലാഹി എന്ന സൂക്തത്തിൽ വിശദീകരിച്ചത് പോലെ ആര് എപ്പോൾ എങ്ങനെ നമ്മെ സഹായിച്ചാലും ആ സഹായം ചെയ്യാൻ അല്ലാഹു അവർക്ക് കഴിവ് നൽകിയത് കൊണ്ടാണെന്ന് വിശ്വസിക്കുന്ന മുസ്ലിം യഥാർത്ഥത്തിൽ ആ സഹായത്തിന്റെ ഉടമയായി അല്ലാഹുവിനെ കാണുകയും ഈ സഹായ തേട്ടം യഥാർത്ഥത്തിൽ അല്ലാഹുവിനോട് തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു ഇത് കൊണ്ടാണല്ലോ ആരിൽ നിന്ന് നമുക്ക് ഗുണങ്ങളുണ്ടായാലും വിശ്വാസി അല്ലാഹുവിനെ സ്തുതിക്കുന്നത്. ഒരു ഉദാഹരണം നോക്കാം. ഒരു സുഹൃത്ത് നമ്മെ ഒരു സൽക്കാരത്തിന് ക്ഷണിക്കുന്നു. നമുക്ക് വിഭവ സമൃദ്ധമായ സധ്യയൊരുക്കാൻ അയാൾ ദിവസങ്ങളായി ഒരുക്കങ്ങൾ നടത്തുന്നു. അങ്ങനെ അതിഥിയായ നാം ആ വീട്ടിലെത്തുന്നു. നമ്മെ അമ്പരപ്പിക്കും വിധം ആ സഹോദരൻ തീൻ മേശക്ക് മുകളിൽ വിഭവങ്ങൾ നിരത്തുന്നു. മൃഷ്ടാന്ന ഭോജനം കഴിഞ്ഞു കൈകഴുകി എഴുന്നെറ്റ് വിശ്വാസി പറയുന്നത്;
الحمد لله الذي أطعمني هذا من غير حول مني ولاقوة
(എന്റെ ഒരു കഴിവുമില്ലാതെ എനിക്കീ ഭക്ഷണം നൽകിയ അല്ലാഹുവിന്നത്രെ സർവ്വ സ്തുതിയും! )
എന്നാണ്. ദിവസങ്ങളായി നമ്മെ സത്കരിക്കാൻ കഷ്ടപ്പെട്ട ആ സഹോദരൻ ഇതു കേൾക്കുമ്പോൾ വിഷമിക്കുകയോ, നന്ദി കെട്ടവൻ എന്ന് ആക്ഷേപിക്കുകയോ ചെയ്യില്ല ! കാരണം ഞാൻ സൽക്കാരം ഒരുക്കിയത് എനിക്ക് അല്ലാഹു നൽകിയ കഴിവു കൊണ്ടാണെന്ന് അയാൾക്കും വിശ്വാസമുണ്ട്.അപ്പോൾ നിന്നോട് മാത്രം സഹായം തേടുന്നു എന്ന് പറയുന്നത് പരമമായ സഹായം നിന്നിൽ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന അർത്ഥത്തിലാണ്! ഈ സഹായ തേട്ടത്തിൽ തെളിഞ്ഞതെന്നോ മറഞ്ഞതെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ല. സാധാരാണ അസാധാരണ എന്ന വിവേചനവുമില്ല. അപ്പോൾ സ്വാഭാവികമായും നമുക്കൊരു സംശയം തോന്നാം അല്ലാഹുവോട് മാത്രമേ സഹായം ചോദിക്കൂ എന്ന് പറഞ്ഞവർ തന്നെ പലരോടും സഹായം ചോദിക്കുന്നുണ്ടല്ലോ ഇത് ഇരട്ടത്താപ്പല്ലേ? നാം വിശദീകരിച്ചതിൽ തന്നെ അതിനു മറുപടി ഉണ്ട് ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ, എല്ലാ സഹായത്തിന്റെയും ഉടമ അല്ലാഹുവാണ് അവൻ കഴിവ് നൽകിയാലേ നമുക്ക് എന്തെങ്കിലും ചെയ്യാനാവൂ..والله خلقكم وما تعملون (നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിക്കുന്നത് അവനത്രെ)
ഈ സൂക്തം മേൽ ആശയം മനസിലാകാൻ എത്രയും മതിയായതാണ്. അപ്പോൾ എല്ലാകഴിവിന്റെയും കാര്യത്തിന്റെയും ഉടമ അല്ലാഹുവാണെങ്കിൽ ഈ വിശ്വാസമുള്ളവൻ ആരോട് ചോദിക്കുമ്പോഴും ഈ കാഴ്ചപ്പാടിലാണെങ്കിൽ മറ്റുള്ളവരോടുള്ള സഹായതേട്ടം സാങ്കേതികമായി അവരോടാണെങ്കിലും താത്വികമായി അല്ലാഹുവോട് തന്നെയാണ് ഇതാണ് നിന്നോട് മാത്രം സഹായം തേടുന്നു എന്നതിന്റെ താൽപര്യം. ചുരുക്കത്തിൽ യഥാർത്ഥ സഹായി അല്ലാഹുവാണെന്നും എന്നാൽ ബാഹ്യമായി സഹായിക്കാൻ പലർക്കും അല്ലാഹു കഴിവു നൽകുന്നുണ്ടെന്നും ആ കഴിവിന്റെ അടിസ്ഥാനത്തിലാണ് അവരോട് നാം സഹായം ചോദിക്കുന്നതെന്നും അത് കൊണ്ട്തന്നെ തത്വത്തിൽ ഈ ചോദ്യം അല്ലാഹുവോടായതിനാൽ നിന്നോട് മാത്രം എന്നതിന് ഈ പരസ്പര ചോദ്യം എതിരല്ലെന്നും വ്യക്തമായി.
ഭൗതികം, അഭൗതികം
സധാരണ വിഷയങ്ങളിൽ നാം പറഞ്ഞ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരം സഹായം ചോദിക്കാമെന്ന് അംഗീകരിക്കുന്ന ചിലർ ഇതേ മാനദണ്ഡപ്രകാരം അല്ലാഹുവിന്റെ ഇഷ്ടദാസന്മാരോട് സഹായം ചോദിക്കുന്നതിനെ എതിർക്കുകയും അങ്ങനെ ചെയ്യുന്നവർ മഹാപാപമായ ശിർക്കിലാണ് എത്തിപ്പെടുന്നതെന്നും പറയാറുണ്ട്. ചില അടിസ്ഥാന വിഷയങ്ങളെ കുറിച്ചുള്ള അജ്ഞതയോ ഭീമമായ തെറ്റിദ്ധാരണയോ അവരെ പിടികൂടിയിട്ടുണ്ട് ഇത് അൽപം വിശദീകരണം ആവശ്യമുള്ള ഭാഗമാണെന്ന് തോന്നുന്നു. അല്ല്ലാഹു എല്ലാവർക്കും ഒരേ കഴിവല്ല നൽകുന്നത്. ആത്മീയമായി അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നവരുണ്ടിവിടെ. തോന്നിയത് പോലെ ജീവിക്കുകയും സൂക്ഷ്മതയോ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളോ പരിഗണിക്കാൻ തയാറാവാത്തവരുമുണ്ട്. ഈ രണ്ട് വിഭാഗത്തോടും അല്ലാഹുവിന്റെ സമീപനം ഒരുപോലെയല്ല. അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിക്കാത്തവരെ അല്ലാഹു വിലവെക്കുന്നതല്ലെന്നും അതേ സമയം അവന്റെ ഇഷ്ടം നോക്കി ജീവിക്കുന്നവർക്ക് അവൻ വലിയ മഹത്വം നൽകുമെന്നും ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു നൽകുന്നതെന്ന നിലക്ക് സാധാരണ സഹായം ചോദിക്കാമെന്ന് സമ്മതിക്കുന്നവർ അല്ലാഹു നൽകുന്ന അസാധാരണ സഹായം ചോദിക്കുന്നതിനെ നിരാകരിക്കുന്നതിലെ(അത് ശിർക്കാക്കാൻ വെമ്പുന്നതിലെ)ഇരട്ടത്താപ്പ് സഹതാപാർഹമാണെന്ന് പറയാതെ വയ്യ.
ആരാണ് മഹാന്മാർ ?
ഇമാം റാസി(റ) എഴുതുന്നു. ദോഷം കലരാത്തവിധം ആരാധനാനിമഗ്നരായി ജീവിക്കുന്ന ദോഷങ്ങളിലേക്ക് പോകാത്ത വിധം ആരാധനാസാഹചര്യങ്ങൾക്കുള്ള അനുകൂലാവസ്ഥ അല്ലാഹു സൃഷ്ടിച്ച് അല്ലാഹു ഏറ്റെടുത്ത വിഭാഗമാണിവർ ഇങ്ങനെ ആരാധന വര്ദ്ധനവ്കൊണ്ട് അല്ലാഹുവോട് ഇവരും, തൗഫീക്ക് (അനുഗ്രഹം) എന്നിവ കൊണ്ട് ഇവരോട് അല്ലാഹുവും അടുക്കുന്ന സാഹചര്യമാണ് മഹത്വത്തിന്റെ നിദാനം. ഈ അവസ്ഥയിലെത്തിയവർക്ക് മറ്റാർക്കും നൽകാത്ത പവറുകൾ അല്ലാഹു നൽകുന്നു ഇതാണ് നബിമാരുടെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും.
അസാധാരണ സംഭവങ്ങൾ:
അസാധാരണ സംഭവങ്ങൾ പ്രകടിപ്പിക്കുന്നവരെല്ലാം മഹാന്മാരാണെന്ന് തെറ്റിദ്ധരിക്കരുത് അൽഭുതം കാണിക്കുന്നവരെയെല്ലാം നമുക്ക് തോളിലേറ്റാൻ നിവൃത്തിയില്ല കാരണം ഇമാം റാസി തന്നെ എഴുതുന്നു. അസാധാരണ സംഭവങ്ങൾ ഒരു വാദം സ്ഥിരീകരിക്കാനോ അല്ലാതെയോ ഉണ്ടാവാം. വാദം ആരാധ്യനാണെന്നോ, പ്രവാചകനാണെന്നോ, വലിയ്യാണെന്നോ, പിശാചിന്റെ കൂട്ടാളിയാണെന്നോ ആവാം. ചുരുക്കത്തിൽ ഇത് നാലിനമായി.
(1) ദൈവമാണെന്ന വാദം
ഈ ഗണത്തിൽ പലരേയും കാണാം. ഉദാഹരണം ഫറോവ, ദജ്ജാൽ. ദജ്ജാൽ അത്ഭുതങ്ങൾ കാണിക്കുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്. മരിച്ചവരെ ജീവിപ്പിക്കുക, മഴ പെയ്യിപ്പിക്കുക, സമൃദ്ധി നൽകുക ഇങ്ങനെ ധാരാളം അത്ഭുതങ്ങൾ അവൻ കാണിക്കും. ദൈവമാണെന്നവൻ വാദിക്കും അത്ഭുതം കാണിക്കൽ മാത്രം മഹത്വത്തിന്റെ മാനദണ്ഡമായാൽ ഇവനെയും മഹത്വവൽക്കരിക്കേണ്ടി വരും. അത് കൊണ്ടാണ് ദജ്ജാലിന്റെ അപകടത്തെ കുറിച്ച് നേരത്തേ തന്നെ മുന്നറിയിപ്പ് നബി(സ്വ) നൽകിയത്.
(2)പ്രവാചകത്വ വാദം:
നബി(സ്വ)യുൾപ്പെടെ യഥാർത്ഥ നബിമാർ അവർ നബിമാരാണെന്ന വാദം സ്ഥിരീകരിക്കാൻ ധാരാളം അൽഭുതങ്ങൾ കാണിച്ചിട്ടുണ്ട്. ചന്ദ്രനെ പിളർത്തിയതും അദൃശ്യ കാര്യങ്ങൾ പറഞ്ഞതുമൊക്കെ ഉദാഹരണമായി എടുക്കാം.
(3)വിലായത്ത് വാദിക്കൽ:
വിലായത്ത് വാദിച്ച് അൽഭുതം കാണിക്കേണ്ടതില്ല. പക്ഷെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിലൂടെ അത്ഭുതങ്ങൾ (കറാമത്ത്) ധാരാളം വെളിപ്പെടും.
(4)ആഭിജാര വാദം :
ആഭിജാര വാദക്കാർ ചില പൊടിക്കൈകൾ കാണിക്കും പക്ഷെ അത് കറാമത്തുമായോ മുഅ്ജിസത്തുമായോ ഏറ്റ് മുട്ടിയാൽ ഒരിക്കലും അവർക്ക് പിടിച്ച് നിൽക്കാനാവില്ല. മൂസാ നബി(അ) യെ നേരിടാൻ വന്നവർ തോറ്റത് ഖുർആൻ വിശദീകരിച്ചിട്ടുണ്ടല്ലോ!
ഔലിയാഇന്റെ കറാമത്ത് വിവരിക്കാൻ ഖുർആനിലും ഹദീസിലും ധാരാളം തെളിവുകൾ കാണാം. മർയം ബീവിയുടെയും, ഗുഹാവാസികളു(അസ്ഹാബുൽ കഹ്ഫ്)ടെയും, ബിൽകീസ് രാജ്ഞിയുടെ സിംഹാസനം മൈക്രോ സെക്കന്റിന്റെ വേഗതയിൽ എത്തിച്ചതും തുടങ്ങി ധാരാളം സംഭവങ്ങൾ ഖുർആൻ വിവരിച്ചിട്ടുണ്ട്. ഹദീസിലും മഹാന്മാരുടെ വാക്യങ്ങളിലും ധാരാളം സംഭവങ്ങൾ കാണാം. ജുറൈജ്(റ)എന്ന മഹാൻ ആരാധനക്കായി ഒരു മലയോരത്ത് ഖൈമ കെട്ടി സ്വതന്ത്രമായി അല്ലാഹുവെ ആരാധിച്ച് കൊണ്ടിരുന്നപ്പോൾ ഒരു ചീത്ത സ്ത്രീ അവരെ വലയിലാക്കാൻ ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ ഒരു ആട്ടിടയനുമായി ബന്ധപ്പെട്ട് ഗർഭിണിയായി ഇത് ആരാധനയുമായി കഴിയുന്ന ജുറൈജിന്റെ കുഞ്ഞാണെന്ന് പറയുകയും നാട്ടുകാർ ഒന്നും ആലോചിക്കാതെ അദ്ദേഹത്തിന്റെ ആരാധനാ മണ്ഡപം തകർക്കുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തപ്പോൾ സംസാരിക്കാൻ പ്രായമാവാത്ത ആകുഞ്ഞിനോട് മഹാനായ ജുറൈജ്(റ) മോനേ നിന്റെ ഉപ്പയാരാണെന്ന് ചോദിച്ചതും ആട്ടിടയനാണെന്ന് ആകുട്ടി പറഞ്ഞതും അബദ്ധം മനസിലാക്കിയ നാട്ടുകാർ ജുറൈജിനോട് ക്ഷമാപണം നടത്തിയതും ഹദീസിലുണ്ട്.
നഹാവന്ധ് എന്ന സ്ഥലത്ത് യുദ്ധം നടത്തിക്കൊണ്ടിരുന്ന സംഘത്തിന് മദീനയിലിരുന്ന് നിർദ്ദേശം നൽകിയ ഉമർ (റ)ന്റെ സംഭവം മഹാന്മാരുടെ വാക്കുകളുടെ രേഖയാണ് ദൈര്ഘ്യം ഭയന്ന് നീട്ടുന്നില്ല. ചുരുക്കത്തിൽ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ അല്ലാഹുവെ അനുസരിക്കുകയും അവന്റെ ഇഷ്ടം സമ്പാദിക്കുകയും ചെയ്തപ്പോൾ അവരുടെ ഇഷ്ടങ്ങൾ അല്ലാഹു നടപ്പാക്കുന്നു. അല്ലാഹുവിന്റെ താൽപര്യത്തിനായി വിശുദ്ധ ജീവിതം നയിച്ച അവർക്ക് ആത്മീയമായ ചില സിദ്ധികൾ അല്ലാഹു നൽകുന്നു. ഇതത്രെ മഹാന്മാർ പ്രകടിപ്പിക്കുന്ന അസാധാരണ സംഭവങ്ങൾ!
സാധാരണക്കാർക്ക് അല്ലാഹു നൽകുന്ന സാധാരണ കഴിവുകൾ അവരോട് ചോദിക്കുന്നത്, നിന്നോട് മാത്രം സഹായം ചോദിക്കുന്നു എന്നതിന് എതിരല്ലെങ്കിൽ (അല്ലെന്ന് നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്) അസാധാരണ കഴിവുകൾ അല്ലാഹു നൽകിയ മഹാന്മാരോട് അത് ചോദിക്കുന്നതും, നിന്നോട് മാത്രം സഹായം ചോദിക്കുന്നു എന്നതിന് എതിരല്ല. അങ്ങനെ സാധാരണ അനുവദനീയവും അസാധാണ വർജ്ജ്യവുമാക്കാൻ യാതൊരു രേഖയും ഇസ്ലാമിൽ ഇല്ല തന്നെ! സാധാരണക്കാരൻ നമ്മെ സഹായിക്കൻ അവന് അല്ലാഹു കഴിവ് കൊടുക്കുമ്പോൾ സാധിക്കുന്നു. പക്ഷെ അസാധാരണക്കാരന് അത് സാധിക്കില്ലെന്ന് വാദിക്കൽ അല്ലാഹുവിന്റെ കഴിവിനെ ചോദ്യം ചെയ്യലാണ്. കാരണം തന്റെ ഇഷ്ട ദാസന്മാർക്ക് ഞാൻ അസാധാരണ കഴിവ് കൊടുക്കുമെന്ന് പഠിപ്പിച്ചത് അല്ലാഹുവാണ്. അല്ലാഹു കൊടുത്താലും ഞങ്ങൾ സമ്മതിക്കില്ലെന്ന് പറയുന്നത് ഒന്നുകിൽ ധിക്കാരമാണ് അല്ലെങ്കിൽ വിവരക്കേടാണ്.
قال الله تعالي من اذالي وليا فقد اذنته بالحرب وما تقرب الي عبدي بشيء احب الي مماافترضت عليه ومايزال عبدي يتقرب الي بالنوافل حتي احبه فاذا احببته كنت سمعه الذي يسمع به وبصره الذي يبصر به ويده التي يبطش بها ورجله التي يمشي بها وان سألني لأعطينه ولئن استعاذني لاعيذنه (بخاري
(എന്റെ ഇഷ്ടദാസനെ ആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.അടിമ ഏറ്റവും കൂടുതൽ അല്ലാഹുവിലേക്ക് അടുക്കുക അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്തു കൊണ്ടാണ് എന്നാൽ അതോടൊപ്പം സുന്നത്തായ കാര്യങ്ങൾ കൂടി അവൻ ചെയ്താൽ അല്ലാഹു അദ്ദേഹത്തെ സ്നേഹിക്കും അല്ലാഹു സ്നേഹിച്ചാൽ അവന്റെ കയ്യും കണ്ണും കാതും കാലും താൻ ആവും അവൻ എന്നോട് വല്ലതും ചോദിച്ചാൽ ഞാൻ നൽകുക തന്നെ ചെയ്യും അവൻ എന്നോട് കാവൽ തേടിയാൽ ഞാൻ കാവൽ നൽകുക തന്നെ ചെയ്യും എന്ന് അല്ലാഹു പറയുന്നു ഇമാം ബുഖാരി തന്റെ സഹീഹുൽ ബുഖാരി എന്ന ഗ്രന്ഥത്തിൽ ഈ കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ).
ഇത് വിശദീകരിച്ച മഹത്തുക്കൾ പറയുന്നു
.وكذلك العبد اذا واظب علي الطاعات بلغ الي المقام الذي يقول الله كنت له سمعا وبصرا فاذاصار نور جلال الله سمعاله سمع القريب والبعيد واذاصار ذلك النور بصرا له رأي القريب والبعيد واذاصار ذلك النور يدا له قدر علي التصرف في الصعب والسهل والبعيد والقريب(تفسير رازي
(ആരാധനാ നിഷ്ഠയുള്ള ജീവിതം നയിക്കുന്ന അടിമ അല്ലാഹു കണ്ണും കയ്യും കാലുമാവുമെന്ന് പറഞ്ഞ സ്ഥാനത്തേക്ക് എത്തുന്നു ആ സ്ഥാനത്തേക്ക് എത്തിയ അടിമ അടുത്തുള്ളതും ദൂരത്തുള്ളതും കാണുകയും കേൾക്കുകയും അടുത്ത് അകലെ എന്ന വ്യത്യാസമില്ലാതെ പ്രയാസകരമായത് അല്ലാത്തത് എന്ന വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കുന്നവനാവുകയും ചെയ്യുന്നു(റാസി)
നഹാവന്ധിൽ നടക്കുന്ന യുദ്ധം ഉമർ(റ) മദീനയിൽ വെച്ചു കണ്ടതും ഇവിടെ മദീനയിൽ നിന്ന് ഓ സാരിയാ....മലയുടെ ഭാഗം ശ്രദ്ധിക്കണമെന്ന് വിളിച്ച് പറഞ്ഞപ്പോൾ അത് സാരിയ:(റ) കേട്ടതും ദൂരം പ്രശ്നമല്ലാതെ കാണാനും കേൾക്കാനും സാധിക്കുമെന്നതിന്റെ തെളിവാണ്. ഖൈബർ യുദ്ധ സമയത്ത് അലി(റ)ഖൈബർ കോട്ടയുടെ വാതിൽ ഒരു കൈകൊണ്ട് പറിച്ച് എടുത്തത് പ്രയാസകരമായ വിഷയങ്ങളിലുള്ള അവരുടെ പ്രവർത്തനത്തിന്റെ രേഖയാണ് അലി(റ) അന്ന് പറഞ്ഞത്
والله ماقلعت باب خيبر بقوة جسدانية ولكن بقوة ربانية(رازي
അല്ലാഹുവാണെ സത്യം ഖൈബർ കോട്ടയുടെ വാതിൽ ഞാൻ പറിച്ചെടുത്തത് സാധാ മനുഷ്യ ശക്തികൊണ്ടല്ല പ്രത്യുത അല്ലാഹു നൽകിയ ഒരു പ്രത്യേക ശക്തി കൊണ്ടാണ്. ഇത് വരെ നാം വിശദീകരിച്ചതിൽ നിന്ന് ദുരുദ്ദേശമില്ലാതെ വിഷയങ്ങളെ സമീപിക്കുന്നവർക്ക് സാധാരണക്കാർക്ക് സാധാരണ വിഷയങ്ങൾ ചെയ്യാൻ സാധിക്കുംപോലെ അസാധാരണക്കാർക്ക് അസാധാരണ വിഷയങ്ങളും ചെയ്യാൻ സാധിക്കുമെന്നും സാധാരണക്കാരോട് സാധാരണ കാര്യങ്ങളിൽ സഹായം ചോദിക്കുന്നത് നിന്നോട് മാത്രം സഹായം ചോദിക്കുന്നു എന്നതിന് എതിരല്ലാത്തത് പോലെ അസാധാരണക്കാരോട് അസാധാരണ വിഷയത്തിൽ സഹായം ചോദിക്കുന്നതും എതിരല്ല എന്നും ഇത് സംബന്ധമായി ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ മുശ്രിക്കാക്കുന്ന ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ നിലപാട് ഖുർആനിന്റെ മേലുള്ള അക്ഷന്തവ്യമായ കയ്യേറ്റമാണെന്നും മനസിലാവും. കാരണം നിന്നോട് മാത്രം സഹായം ചോദിക്കുന്നു എന്നിടത്ത് അസാധാണ സഹായം എന്നൊരു വ്യഖ്യാനം ഒരു ഖുർആൻ വ്യാഖ്യാതാവും പറയുകയോ ഖുർആനിലും സുന്നത്തിലും അതിലേക്ക് സൂചന നൽകുന്ന എന്തെങ്കിലും രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല ഉദാഹരണമായി നസ്തഈനു എന്നതിന് മഹാനായ ഇബ്നു കഥീർ നൽകിയ വ്യാഖ്യാനം
(നിന്നെ ആരാധിക്കുന്നതിനുള്ള സഹായവും ഞങ്ങളുടെ എല്ലാ കാര്യങ്ങളുടെ മേലിലുള്ള സഹായവും നിന്നോട് മാത്രം ഞങ്ങൾ ചോദിക്കുന്നു എന്നാണ് )
എല്ലാകാര്യങ്ങളും(സാധാരണയും അസാധാരണയും)അല്ലാഹുവാണ് ചെയ്ത് തരുന്നത്. പക്ഷെ സാധാരണ കാര്യങ്ങൾ അവൻ സാധാരണക്കാരിലൂടെ നല്കും പോലെ അസാധാരണ സഹായം അസാധാരണക്കാരിലൂടെയും നൽകുന്നു. ഇതിനു വിരുദ്ധമായി അഭിപ്രായം പറയുന്നവർ ഒന്നുകിൽ അതിനു രേഖ കാണിക്കണം അല്ലെങ്കിൽ ഈ വിതണ്ഡ വാദം അവസാനിപ്പിക്കണം. ഇനി അസാധാരണ സഹായം അല്ലാഹു അല്ലാത്തവരിൽ നിന്ന് ചോദിച്ചതും പ്രതീക്ഷിച്ചതും ഖുർആനിലും സുന്നത്തിലും നിറഞ്ഞ് കിടക്കുന്നത് കാണാം ഉദാഹരണത്തിന് യഅ്കൂബ് നബി(അ)ന് യൂസുഫ് (അ) ന്റെ അസാന്നിധ്യം വലിയ വിഷമമുണ്ടാക്കുകയും മകനോടുള്ള സ്നേഹാധിക്യത്താൽ കരഞ്ഞ് കരഞ്ഞ് കണ്ണിനു മങ്ങൽ ബാധിക്കുകയും അത് സുഖമാവാൻ ഒരു കുപ്പായം യൂസുഫ്(അ)കൊടുത്തയച്ചതും ആ കുപ്പായം മുഖത്തിട്ടപ്പോൾ കാഴ്ച്ച ശക്തി പൂർണ്ണമായി തിരിച്ചു കിട്ടിയതും ഖുർആൻ പറയുന്നു.
اذهبوا بقميصي هذا فألقوه علي وجه ابي يأت بصيرا وأتوني بأهلكم أجمعين
(നിങ്ങൾ എന്റെ കുപ്പായവും കൊണ്ട് പോയി അത് എന്റെ പിതാവിന്റെ മുഖത്തിടുക എന്നാൽ അദ്ദേഹം കാഴ്ച്ചയുള്ളവരായിതീരും നിങ്ങൾ മുഴുവൻ കുടുമ്പത്തോടൊപ്പം എന്റെ അടുത്തേക്ക് വരികയും ചെയ്യുക)
.ولما فصلت العير قال ابوهم اني لأجد ريح يوسف لولا ان تفندون
യാത്ര സംഘം (ഈജിപ്തിൽ നിന്ന്) പുറപ്പെട്ടപ്പോൾ അവരുടെ പിതാവ് (അടുത്തുള്ളവരോട്)പറഞ്ഞു തീർച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട് നിങ്ങളെന്നെ ബുദ്ധി ഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കിൽ(നിങ്ങൾക്കിത് വിശ്വസിക്കാവുന്നതാണ്)
قالوا تالله انك لفي ضلالك القديم
അവർ പറഞ്ഞു അല്ലാഹുവെ തന്നെയാണേ തീർച്ചയായും താങ്കൾ താങ്കളുടെ പഴയ വഴികേടിൽ തന്നെയാണ്.
فلما ان جاء البشير القيه علي وجهه فارتد بصيرا قال الم اقل لكم اني اعلم من الله مالا تعلمون
അനന്തരം സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ അദ്ദേഹം ആ കുപ്പായം യഅ്കൂബ്(അ)ന്റെ മുഖത്തിട്ടപ്പോൾ അവർ കാഴ്ച്ചയുള്ളവരായി മാറി നിങ്ങൾക്കറിയാത്ത ചിലത് അല്ലാഹുവിൽ നിന്ന് ഞാൻ അറിയുന്നുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ എന്ന് യഅ്കൂബ് (അ)പറഞ്ഞു.
قالوا يا ابانا استغفرلنا ذنوبنا انا كنا خطئين
അവർ പറഞ്ഞു ഞങ്ങളുടെ പിതാവേ ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് കിട്ടാൻ വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ!തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു
قال سوف استغفر لكم ربي انه هو الغفور الرحيم
നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട് പൊറുക്കലിനെ തേടാം തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു എന്ന് യഅ്കൂബ് നബി(അ)പറഞ്ഞു(സൂറ:യൂസുഫ്:93-98)
യൂസുഫ് നബിയുടെ സംഭവത്തിന്റെ പേരിൽ മുതലെടുക്കാനുള്ള ചിലരുടെ മോഹങ്ങൾ തകർത്തെറിഞ്ഞു കൊണ്ടാണ് നിങ്ങൾക്ക് അറിയാത്ത പലതും അല്ലാഹുവിൽ നിന്നു എനിക്കറിയാമെന്ന് നേരത്തേ തന്നെ ഞാൻ പറഞ്ഞിട്ടില്ലേ എന്ന ചോദ്യം! നാം ഈ സംഭവം പറഞ്ഞത് സാധാരണ നിലക്കുള്ള സഹായം അല്ല കാഴ്ച കിട്ടാൻ കുപ്പായം മുഖത്തിടൽ. തികച്ചും അസാധാരണമാണത്.അത് യൂസുഫ് നബി ചെയ്യാൻ കൊടുത്തയക്കുകയും യഅ്കൂബ് നബി സമ്മതിക്കുകയും ചെയ്യുന്നു. കണ്ണിന്റെ മങ്ങൽ മാറാൻ കുപ്പായത്തിൽ നിന്ന് പ്രതീക്ഷിച്ച ആ ഗുണം അത് അസാധാരണമാണ് അസാധാരണ സഹായം അല്ലാഹു അല്ലാത്തവരിൽ നിന്ന് പ്രതീക്ഷിക്കൽ തെറ്റായിരുന്നുവെങ്കിൽ ഇ മഹാന്മാരായ പ്രവാചകന്മാർ അത് ചെയ്യുകയോ ഏക ദൈവ സിദ്ധാന്തം അരക്കിട്ടുറപ്പിക്കാൻ വന്ന ഖുർആനിൽ അത് ഉദ്ധരിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. അല്ലാഹു ആദരിച്ചവരിൽ നിന്ന് ഗുണം തേടുക എന്നത് യഅ്കൂബ് നബിയോട് മക്കൾ നടത്തിയ അപേക്ഷയിലും കാണാം അവർ ചെയ്ത തെറ്റിനു അല്ലാഹുവോട് മാപ്പിനപേക്ഷിക്കാൻ മക്കൾ ആപ്രവാചകനെ സമീപിച്ച വികാരം അത് തന്നെയാണ് നമ്മുടെ ഇടതേട്ടവും സഹായാർത്ഥനയുമൊക്കെ ഉന്നം വെക്കുന്നത്..(അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ നമുക്ക് വേണ്ടി നടത്തുന്ന ശുപാർശകൾ സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്)
പ്രാർത്ഥന അല്ലാഹുവോട് മാത്രം!
മുസ്ലിം ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ആയുധമാക്കുന്ന പ്രസ്താവനയാണ് മുകളിൽ കണ്ടത്...പ്രാർത്ഥന എന്താണ് എന്ന് മനസിലാക്കിയാൽ ഈ വിഷയത്തിന് പരിഹാരമാവും പക്ഷെ ഇവർക്ക് പരിഹാരമല്ല ആവശ്യം സംശയിപ്പിക്കലാണ്. ദുആ എന്ന അറബി പദത്തിനാണ് സാധാരണ ഈ പരിഭാഷ നൽകുന്നത്. എന്നാൽ ഒരു വാക്കിന് സാങ്കേതികമായി ഒരു അർത്ഥവും ഭാഷാപരമായി ഒരു അർത്ഥവും കാണും മത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടത്തൊക്കെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ തത്വമാണ് ചിലർ തങ്ങളുടെ അബദ്ധ ധാരണകൾ വിറ്റഴിക്കാൻ കാറ്റിൽ പറത്തുന്നത്. ദുആ എന്നത് ഈ ഗണത്തിൽ കാണേണ്ടതാണ്. ചിലർ പറയുന്നത് കാണാം പ്രാർത്ഥന അതാണ് ആരാധന എന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു അതിനാൽ മരണപ്പെട്ട മഹാന്മാരെ വിളിക്കൽ അവർക്കുള്ള ആരാധനയും തദ്വാര ശിർക്കുമാണ്. നാം ഇവിടെ കാണേണ്ട പ്രധാന കാര്യം ഈ ഹദീസിൽ എന്താണ് പറഞ്ഞത് എന്നാണ്. ദുആ എന്നതിനു വിളിച്ചു, ക്ഷണിച്ചു എന്നൊക്കെ അർത്ഥമുണ്ട്. ഒരാളെ പേരു വിളിക്കുന്നതിനും ദുആ എന്ന് പറയാം ഇതൊക്കെ അവർക്കുള്ള ആരാധനയാണെന്ന് പറഞ്ഞാൽ ഈ പറയുന്നവരുൾപ്പെടെ ശിർക്ക് ചെയ്തവരായി പോകും. അത് അവർക്കും സ്വീകാര്യമായിരിക്കില്ലല്ലോ!
എന്നാൽ എന്താണ് ഈ ഹദീസിനർത്ഥം? ഒന്നുകിൽ എല്ലാ വിളിയും ഇബാദത്താണ്എന്ന്! അത് പറ്റില്ല. കാരണം അങ്ങനെ വന്നാൽ ഉമ്മയെ വിളിക്കുന്നതും, ചങ്ങാതിയെ വിളിക്കുന്നതും ഇബാദത്താക്കേണ്ടി വരും ! അത് ഒരു മന്ദബുദ്ധി പോലും പറയില്ല പിന്നെയല്ലേ ബുദ്ധിയിൽ ഏറ്റവും മികച്ച് നിൽക്കുന്ന നബി പറയുക! ഇനിയൊരു സാധ്യതയുള്ളത് ഒരു പ്രത്യേക തരം വിളി ഇബാദത്താണെന്നാണ്. അത് ശരിയുമാണ്.
എന്താണ് പ്രത്യേക തരം?
ആരാധ്യനാണെന്ന(ഇലാഹാണെന്ന)വിശ്വാസത്തോടെ വിളിക്കുന്ന വിളി ഇബാദത്താണ്. ഈ കാഴ്ച്ചപ്പാടിൽ അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ. കാരണം ആ വിളി ഇബാദത്താണ്. ഇബാദത്ത് അല്ലാഹുവിനു മാത്രമേ അർപ്പിക്കാവൂ. ഇതാണ് അദ്ദുആഉ ഹുവൽ ഇബാദ: എന്ന ഹദീസിന്റെ സാഹചര്യം വിശദീകരിക്കുന്നത്.നോക്കൂ
അപ്പോൾ ഇബാദത്താവുന്ന വിളിയാണ് അദ്ദുആഉ എന്ന് പറഞ്ഞത് എന്ന് പകൽ പോലെ വ്യക്തം. ഇബാദത്ത് ആവുന്നത് എങ്ങനെയെന്ന് നിന്നെ മാത്രം ആരാധിക്കുന്നു എന്നിടത്ത് നാം വിശദീകരിച്ചത് ഓർക്കുക. ആരാധ്യനാണെന്ന് കരുതി ആരെ വിളിച്ചാലും, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ, ജീവിയോ നിർജ്ജീവിയോ എന്ന ഒരു വ്യത്യാസവുല്ലാമിതെ അത് അല്ലാഹു അല്ലാത്തവർക്കുള്ള ഇബാദത്തും തനി ശിർക്കും തന്നെ. ഇത് പഠിപ്പിക്കാനാണ് നബിമാർ മുഴുവനും വന്നത്. അതാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന ആശയം.
ഇനി നാം നോക്കേണ്ടത് ആരാധ്യനാണെന്ന സങ്കൽപത്തിൽ അല്ലാഹു അല്ലാത്ത ആരെയെങ്കിലും ഏതെങ്കിലും മുസ്ലിം വിളിക്കുന്നുണ്ടോ? ഇല്ല..ഇല്ല..ഇല്ല.. എന്ന് ആരുടെ മുന്നിലും നമുക്ക് പറയാൻ സാധിക്കും. ഇനി ഈ വാദക്കാർ പറയുമ്പോലെ ആരാധ്യനാണെന്ന് സങ്കൽപിച്ചില്ലെങ്കിലും മരണപ്പെട്ട മഹാന്മാരെയോ മറ്റോ സഹായത്തിനു വിളിച്ചാൽ ശിർക്കു വരുമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ ഇവർ നാലു പേരല്ലാതെ മറ്റൊരു മുവഹ്ഹിദും ലോകത്തില്ലെന്ന അപകടം പിടിച്ച വാദം അംഗീകരിക്കേണ്ടി വരും കാരണം മഹാന്മാരെ ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും വിളിക്കുന്ന പതിവ് ലോക മുസ്ലിം പാരമ്പര്യത്തിൽ അനുസ്യൂതം തുടർന്നു വന്നു. നിരാക്ഷേപം എന്ന് കാണാൻ സാധിക്കും ലോകത്ത് മഹന്മാരെ വിളിക്കുന്നതിനെതിരെ ആദ്യമായി ഒരു ശബ്ദം കേട്ടത് എട്ടാം നൂറ്റാണ്ടുകാരനായ ഇബ്നു തൈമിയ്യയിൽ നിന്നാണ്. അദ്ദേഹം ഇങ്ങനെയൊന്നു പറഞ്ഞപ്പോൾ സമകാലികർ അദ്ദേഹത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു പരാജയപ്പെടുത്തുകയും ആ വാദത്തിനെതിരിൽ ഗ്രന്ഥ രചന നടത്തുകയും ചെയ്തു ഇതാണ് ഇതുമായി ബന്ധപ്പെട്ടുള്ള ചരിത്ര വസ്തുത. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർ കണ്ണിനും കാതിനും സാധാരണക്കാരന്റെ പരിമിതി ഇല്ലാതായവരാണെന്ന് നാം മനസിലാക്കിയല്ലോ. ഇത് തന്നെയാണ് മുസ്ലിം ഉമ്മത്തിന്റെ വിശ്വാസം.
ഒന്നാം ഖലീഫ അബൂബക്കർ(റ)ന്റെ ജനാസയുമായി ഉമർ(റ)ഉൾപ്പെടെയുള്ള സ്വഹാബികൾ നബി(സ)യുടെ ഖബറുൾക്കൊള്ളുന്ന റൂമിന്റെ കവാടത്തിൽ നിന്ന് നബിയേ! അബൂബക്കർ കവാടത്തിലുണ്ട് (അകത്തേക്ക് പ്രവേശിപ്പിക്കാമോ ?)എന്ന് വിളിക്കുകയും സ്നേഹിതനെ സ്നേഹിതന്റെ അടുത്തേക്ക് പ്രവേശിപ്പിച്ചോളൂ എന്ന് മറുപടി ലഭിക്കുകയും ചെയ്തു(റാസി) ഇബ്നു അബീ ശൈബ:ഉദ്ധരിക്കുന്നു: ഉമർ(റ)ന്റെ ഭരണകാലത്ത് ഒരാൾ നബി(സ്വ)യുടെ ഖബ്റിനരികിൽ വരികയും അല്ലാഹുവിന്റെ പ്രവാചകരേ! ജനങ്ങൾ മഴയില്ലാതെ വലിയ നാശത്തിലാണ് അങ്ങ് മഴക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കണേ! എന്ന് പറയുകയും അദ്ദേഹം സ്വപ്നത്തിൽ നബി(സ)യെ കാണുകയും മഴ ലഭിക്കുമെന്ന സന്തോഷവാർത്തയും സലാമും ഉമർ(റ) നെ അറിയിക്കാനും ജനങ്ങളോട് ഒന്നു കൂടി മയത്തിൽ വർത്തിക്കാൻ പറയണമെന്നും അറിയിച്ചു. ഇദ്ദേഹം ഉമർ(റ)നോട് ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചപ്പോൾ അവിടുന്ന് കരഞ്ഞു.(അൽ ബിദായത്തു വന്നിഹായ:/ഫത്ഹുൽ ബാരി) .ഉത്തമ നൂറ്റാണ്ടുകാരായ പ്രവാചകനിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച സഹാബികൾ മരണപ്പെട്ട മഹാന്മാരോട് സഹായം തേടുന്നത് അവരോടുള്ള പ്രാർത്ഥനയാണെന്നും ശിർക്കാണെന്നും മനസിലാക്കിയിരുന്നെങ്കിൽ നേരത്തേ പറഞ്ഞ ഒരു സംഭവവും നടക്കുകയില്ലായിരുന്നു.
സത്യം ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിൽ തന്നെ വേണ്ടത്ര തെളിവ് ഉണ്ടല്ലോ. ഇനി ഓരോ നൂറ്റാണ്ടിലേയും മുസ്ലിം നേതാക്കളെ പരിശോധിച്ചാൽ അവരൊക്കെ ഈ സഹായാർത്ഥന നടത്തിയതിന്റെ തെളിവുകൾ കാണാം. ചുരുക്കത്തിൽ ദുആ എന്ന പദവും അതിന്റെ വക ഭേദങ്ങളും ആരാധ്യനാണെന്ന സങ്കൽപത്തിൽ വിളിക്കുന്നതിനെ കുറിച്ചാണെന്നും അത് ഇബാദത്താണെന്നും നാം മനസിലാക്കി. എന്നാൽ നാം മഹാന്മാരെ വിളിക്കുന്നത് നമ്മുടെ സഹായികളായി അല്ലാഹു അവരെ നിശ്ചയിച്ചത് കൊണ്ട് അല്ലാഹു അനുവദിച്ച കാരണവുമായി ബന്ധപ്പെടുക എന്ന നിലക്കാണ് ഇത് തെറ്റാണെന്ന് എട്ടാം നൂറ്റാണ്ട് വരെ ഒരു മുസ്ലിം പോലും പറഞ്ഞില്ലെന്നും അത്രയും കാലം ജീവിച്ച മുസ്ലിംകളെയൊക്കെ അബദ്ധം പറ്റിയവരായി പരിഗണിക്കുന്നതിനു പകരം അതിനെതിരെ സസാരിച്ച ഈ ന്യൂനാൽ ന്യൂന പക്ഷത്തെ അവഗണിക്കുന്നതാണല്ലോ കരണീയം.
അല്ലാഹു അല്ലാത്തവരെ വിളിക്കുന്നതിനെതിരെ ഖുർആനിൽ ധാരാളം സൂക്തങ്ങളുണ്ടല്ലോ ! എന്നൊരു സംശയമുണ്ടാകാം. ശരിയാണ്. അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് ഖുർആനിലുണ്ട്. പക്ഷെ നേരത്തേ നാം ദുആ വിശദീകരിച്ചപ്പോൾ പറഞ്ഞത് പോലെ അല്ലാഹു തന്നെ വിളിക്കരുതെന്ന് പറഞ്ഞത് ആരെ ഉദ്ദേശിച്ചാണെന്ന് വിശദീകരിച്ചിട്ടുണ്ട് ഒരുദാഹരണം നോക്കാം അല്ലാഹു പറയുന്നു
ومن يدع مع الله الها اخر لابرهان له به فانماحسابه عند ربه انه لايفلح الكافرون(المؤمنون117
അപ്പോൾ അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് പറഞ്ഞിടത്തെല്ലാം ഉദ്ദേശം അല്ലാഹു അല്ലാത്ത ദൈവങ്ങളെ വിളിക്കരുതെന്നാണ്. ഈ ആയത്തുകളോതി അല്ലാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനെ വിമർശിക്കുന്നവർ ഖുർആനിനോട് കാണിക്കുന്ന അക്രമം എത്ര വലുതാണെന്ന് ആലോചിക്കാത്തത് കഷ്ടം തന്നെ! ഇസ്തിഗാസ വിഷയത്തിൽ പ്രമാണങ്ങളുടെ മുന്നിൽ തകർന്നടിയുമ്പോൾ വിമർശകർ സ്വീകരിക്കുന്ന മറ്റൊരു പൊടിക്കൈ കൂടി നമുക്ക് പരിശോധിക്കാം. മഹാന്മാരോട് ചോദിക്കുന്നത് തെറ്റല്ലെങ്കിൽ തന്നെ ഏറ്റവും നല്ലത് അല്ലാഹുവോട് ചോദിക്കലല്ലേ? ഇത് സാധാരണക്കാരെ സംശയിപ്പിക്കാനുള്ള ഒരു തന്ത്രമാണ്. പക്ഷെ ഇങ്ങനെയൊരു ചോദ്യം പ്രസക്തമല്ല. കാരണം മഹാന്മാരോട് ചോദിക്കുന്നവനും യഥാർത്ഥ സഹായി അല്ലാഹുവാണെന്ന് വിശ്വസിക്കുന്നവനാണെങ്കിൽ ചോദ്യം വാസ്തവത്തിൽ അല്ലാഹുവോട് തന്നെയാണ്. ഈ മഹാൻ കാരണവും.! ഈ കാരണവുമായി ബന്ധപ്പെടുമ്പോൾ അല്ലാഹു ഇഷ്ടപ്പെട്ടവരെ ആദരിക്കുക എന്ന ഒരു സുകൃതം കൂടി അവൻ ചെയ്യുകയാണ്. ഒരാൾക്ക് രോഗം വന്നു സുഖമാക്കുന്നവൻ അല്ലാഹുവാണെന്ന് അവൻ വിശ്വസിക്കുന്നു എന്നിട്ടും അവൻ വൈദ്യനെ കാണുന്നില്ലേ. സുഖമാക്കാൻ അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. അപ്പോൾ വൈദ്യനെ കാണൽ എന്ന കാരണം ഉപേക്ഷിക്കലല്ലേ നല്ലത് ? എന്ന് ചോദിക്കാറില്ലല്ലോ അഥവാ ആ ചോദ്യം അനാവശ്യമാണ്.
നബി(സ)യെ പുകഴ്ത്തി പാട്ട്പാടാറുള്ള ഹസ്സാൻ (റ) ന് വേണ്ടി നബി (സ) ദുആ ചെയ്തത് 'അല്ലാഹുവേ പരിശുദ്ധാത്മാവിനെ കൊണ്ട് ഹസ്സാനെ ശക്തിപ്പെടുത്തേണമേ (ബുഖാരി)എന്നാണ് ജിബ്രീലുണ്ടായാലേ ഹസ്സാനെ ശക്തിപ്പെടുത്താൻ അല്ലാഹുവിനു സാധിക്കൂ എന്ന് നബി(സ) വിശ്വസിക്കില്ലല്ലോ ഇവിടെ ജിബ്രീലിന്റെ മാദ്ധ്യസ്ഥത നബി(സ) ആഗ്രഹിച്ചത് അവർ തമ്മിലുള്ള ബന്ധമാണ്. ഈ ബന്ധം ഊട്ടിയുറപ്പിക്കലാണ് സഹായാർത്ഥനയിലൂടെ നാം ചെയ്യുന്നത്. മഹാന്മാരെ മാറ്റി നിർത്തി ചോദിച്ചാൽ അല്ലാഹുവിനു കൂടുതൽ ഇഷടമാവും എന്നതിനു ഒരു തെളിവും ഖുർആനോ ഹദീസോ പറഞ്ഞിട്ടില്ല മറിച്ച് അല്ലാഹുവിന്റെ ഇഷ്ട ദാസനെ കുറിച്ച് അല്ലാഹു പറയുന്നത് لئن سألني لأعطينه (بخاري അവൻ എന്നോട് ചോദിച്ചാൽ ഞാൻ നൽകുക തന്നെ ചെയ്യും എന്നാണ് (ബുഖാരി) ഈ ചോദ്യം തനിക്ക് ചോദിക്കുമ്പോൾ മാത്രം എന്ന് അല്ലാഹു നിർണ്ണയിച്ചിട്ടില്ല. അഥവാ ഇഷ്ട ദാസൻ ആർക്ക് വേണ്ടി ചോദിച്ചാലും ഉത്തരം നൽകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇങ്ങനെയൊരു ഉറപ്പ് സാധാരണക്കാരന്റെ ചോദ്യത്തിന് അല്ലാഹു നൽകിയിട്ടില്ല.
അപ്പോൾ നമ്മുടെ സഹായികളായി അല്ലാഹു നിശ്ചയിച്ച മഹാന്മാരെ മാറ്റി നിർത്തേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. മാറ്റി നിർത്തണമെന്ന് പ്രമാണങ്ങളൊന്നും പറഞ്ഞിട്ടുമില്ല. മറിച്ച് പ്രമാണമുണ്ട് താനും! മഴയില്ലാതെ മദീന വരളുന്നു. ഒരു സ്വഹാബി നബി(സ)യോട് പറയുന്നു 'നബിയേ, ഞങ്ങളുടെ സമ്പത്ത് സന്താനങ്ങളെല്ലാം (വരൾച്ച കാരണം)നശിക്കാറായി'. ഉടൻ നബി(സ) മഴക്ക് പ്രാർത്ഥിക്കുന്നു മഴ പെയ്യുന്നു. ഏറ്റവും നല്ലത് നേരിട്ട് ചോദിക്കലല്ലേ എന്ന ന്യായമനുസരിച്ച് നബി(സ) ചെയ്യേണ്ടത് എന്താണ് ? എന്നോട് ചോദിക്കുന്നവർക്ക് ഞാൻ തരാം എന്ന് അല്ലാഹു പറഞ്ഞതല്ലേ ! ആർക്കാണ് മഴ വേണ്ടതെങ്കിൽ അവർ അല്ലാഹുവോട് ചോദിക്കട്ടെ എന്നാണ് പക്ഷെ നബി(സ) അങ്ങനെ പറഞ്ഞില്ല അപ്പോൾ അല്ലാഹുവിനു കൂടുതൽ ഇഷ്ടമുള്ളവരെ കൊണ്ട് പറയിപ്പിക്കുക എന്ന ശൈലി തൗഹീദിനെതിരല്ലെന്നും അംഗീകൃതമാണെന്നും മനസിലായി. ഇനിയും ഇങ്ങനെയൊരു ദുർന്യായത്തിൽ കടിച്ചു തൂങ്ങുന്നവർക്ക് കുറവ് ഉദ്ദേശ ശുദ്ധിയാണ് അവരെയും അല്ലാഹു നന്നാക്കട്ടെ എന്നു പറയാനേ നമുക്ക് സാധിക്കൂ !
അല്ലാഹു പോരേ അവന്റെ അടിമക്ക് എന്ന് സംശയിക്കുന്നവരുണ്ട്. അവർ ചോദിക്കുന്നത് അല്ലാഹു പറഞ്ഞത്
തന്റെ ദാസന് അല്ല്ലാഹു മതിയായവനല്ലയോ(സുമർ36)എന്നാണ്. ആസ്ഥിതിക്ക് എന്തിനാണീ മഹാത്മാക്കൾ? ഈ ചോദ്യം വേണ്ടത്ര ചിന്തിക്കാത്തത് കൊണ്ടാണ് വരുന്നത്. സഹായം ചോദിച്ച് വാങ്ങാൻ നമുക്ക് കഴിവ് നൽകുകയും നമ്മെ സഹായിക്കാൻ മഹാത്മാക്കളെ നിശ്ചയിക്കുകയും ചെയ്തത് അല്ലാഹുവാണ് ആ അല്ലാഹുവാണ് ചോദിക്കുന്നത് ദാസന് അല്ലാഹു പോരേ എന്ന് അല്ലാതെ എല്ലാവരും സകല കാര്യത്തിനും അല്ലാഹുവെ മാത്രം ഉപയോഗപ്പെടുത്തുകയെന്നല്ല അതേസമയം അന്തിമ വിശകലനത്തിൽ അല്ലാഹു തന്നെയാണ് എല്ലാം തരുന്നത്. ഈ വീക്ഷണത്തിലാണ് ഈ ചോദ്യം (അല്ലാഹു പോരേ എന്നത്)പ്രസക്തമാകുന്നത്. അല്ലാതെ ഇനി മുതൽ ഭാര്യക്ക് ഭർത്താവോ ശിഷ്യന് ഗുരുവോ മകന് പിതാവോ അനുയായിക്ക് നേതാവോ സാധാരണക്കാരന് മഹാത്മാവോ വേണ്ടെന്നല്ല മറിച്ച് ഇങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ബന്ധങ്ങളും നൽകിയ അല്ലാഹു- അതു ഉപയോഗപ്പെടുത്താൻ അനുവദിച്ച അല്ലാഹു- അവൻ പോരേ തന്റെ അടിമക്ക് എന്ന് ചോദിച്ചാൽ മതി എന്ന് തന്നെയാണുത്തരം. അതിനർത്ഥം ഇനിമേൽ ആരെയും ഒന്നിനും ആശ്രയിക്കരുതെന്നല്ല. അവൻ വെച്ച സംവിധാനങ്ങൾ സ്വീകരിക്കലാണ് ശരി. എന്നാൽ രസകരമായ ഒരു കാര്യം മഹാന്മാരെ തള്ളാൻ, അല്ലാഹു പോരേ ? എന്ന് വലിയ വായിൽ പറയുന്നവർ മറ്റു കാര്യങ്ങൾക്കൊക്കെ അല്ലാഹു അല്ലാത്തവരെ സമീപിക്കുന്നു എന്നതാണ്. അതിനു അവർക്കു പറയാനുള്ള എല്ലാ ന്യായവും ഇവിടെയും ഉണ്ടെന്നാണ് അന്തിമ വിശകലനത്തിൽ തെളിയുന്നത്. ഈ കാര്യം അല്ലാഹു തന്നെ ഖുർആനിൽ പലയിടത്തും സൂചിപ്പിച്ചത് കാണാം ഉദാഹരണമായി സൂറ:അൻഫാലിൽ അല്ലാഹു പറയുന്നു.
وان يريدوا ان يخدعوك فان حسبك الله هو الذي ايدك بنصره وبالمؤمنين(الأنفال 62
ഇങ്ങനെ എത്രയോ സൂക്തങ്ങൾ കാണാം ഇതൊന്നും അല്ലാഹു പോരാത്തത് കൊണ്ടല്ല മറിച്ച് അവൻ മതിയായത് കൊണ്ടാണ് അവൻ അനുവദിച്ച കാരണങ്ങളിൽ മാത്രം നാം ഒതുങ്ങിയത് ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും അല്ലാഹു നമ്മുടെ രക്ഷിതാവും സംരക്ഷകനും പരമ സഹായിയുമാണ് അതിനാൽ നമ്മുടെ ഏറ്റവും വലിയ വണക്കവും വിധേയത്വവും അവന് മാത്രം സമർപ്പിക്കുകയും പരമമായ സഹായം അവനിൽ നിന്ന് മാത്രം നാം തേടുകയും ചെയ്യുന്നു ഈ പ്രൗഢമായ ആശയത്തിന്റെ നിഷ്ക്കളങ്കമായ പ്രകാശനമാണ് നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നത്
തുടരും (ഇൻശാ അല്ലാഹ്)
6 comments:
അദ്ധ്യായം ഒന്ന് (ഫാതിഹ) സൂക്തം 5 (ഭാഗം-2)
واياك نستعين
അഞ്ചാം സൂക്തത്തിന്റെ ആദ്യഭാഗത്തിന്റെ വിവരണം ഇവിടെ വായിക്കുക. അതിനു ശേഷം രണ്ടാം ഭാഗം വായിക്കുക
സഹായാർത്ഥനയുടെ വിഷയത്തിൽ മനസ്സിൽ കൊണ്ട് നടന്ന ധാരാളം സംശയങ്ങൾക്ക് ഉത്തരം ലഭിച്ചു
അല്ലാഹു ഈ വിളക്ക് കത്തിക്കുന്നവരെ അനുഗ്രഹിക്കട്ടെ..
വിശദമായ ,പ്രമാണങ്ങളിലെ തെളിവുകള് സഹിതമുള്ള ഈ വിവരണം ഏറെ നന്നായി. അറബി പദങ്ങള്ക്കൊപ്പം അതിന്റെ ഏകദേശ മലയാള അര്ത്ഥം കൂടി കൊടുത്താല് നന്നായിരുന്നു
ഉദാഹരണം: വിലായത്ത്, തൗഫീഖ്, കറാമത്ത് തുടങ്ങി ഈ പോസ്റ്റില് തന്നെ ധാരാളം പദങ്ങള് ഉണ്ട്
എല്ലാ ആശംസകളും നേരുന്നു. നാഥന് അനുഗ്രഹിക്കട്ടെ
best wishes. very good narration
താങ്കള് ഈ വിഷയം വളരെ നന്നായി പ്രതിപാദിച്ചിരിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ!
-സുല്
muham,
basheer,
ak
sul,
വായിച്ച് അഭിപ്രായങ്ങളും നിര്ദ്ദേശാങ്ങളു നല്കിയ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു
ആറാം സൂക്തത്തിന്റെ വിശദീകരണം പോസ്റ്റ് ചെയ്തിട്ടുള്ളത് വായിക്കുമല്ലോ.
ചൊവ്വായ വഴിയിൽ നീ ഞങ്ങളെ വഴി നടത്തേണമേ!
Post a Comment