Tuesday, December 2, 2008

അദ്ധ്യായം 1 :സൂക്തം 5

അദ്ധ്യായം 1 :സൂക്തം 5

اياك نعبد واياك نستعين

''നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും,
നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു ''


ഫാത്തിഹ അല്ലാഹുവിനോടുള്ള അപേക്ഷയാണെന്ന് മുമ്പ്‌ നാം പറഞ്ഞത്‌ ഓർക്കുമല്ലോ. കഴിഞ്ഞ നാല്‌ സൂക്തങ്ങളിലായി ( സൂക്തം 1, സൂക്തം 2 , സൂക്തം 3 ,സൂക്തം4 ) അല്ലാഹുവിന്റെ പ്രധാന നാമങ്ങൾ ഉരുവിട്ടും ചിലത്‌ ആവർത്തിച്ചും ഇഹവും, പരവും ആ ഉടമക്ക്‌ സമർപ്പിച്ചും ഉപചാരങ്ങളെല്ലാം പൂർത്തിയാക്കിയ വിശ്വാസി വിഷയത്തിലേക്ക്‌ കടക്കുന്നു. ഫാത്തിഹ എന്ന അപേക്ഷ നമുക്ക്‌ തയാറാക്കി തന്നത്‌ അല്ലാഹുവായതിനാൽ അപേക്ഷ ഫോറത്തിൽ വരാവുന്ന തകരാറു കാരണത്താൽ അപേക്ഷ തള്ളപ്പെടില്ല കാരണം ഈ ഫോറം എഡിറ്റ്‌ ചെയ്തതും അല്ലാഹുവാണ്‌ അതിനാൽ വേണ്ടത്‌ വിടുകയോ വേണ്ടാത്തത്‌ പെടുകയോ ഇല്ല. നിന്നെ ഞങ്ങൾ, എന്ന പ്രയോഗം അവനുമായി അടിമ നേടിയ സാന്നിദ്ധ്യത്തിന്റെ തെളിവാണ്‌. കാരണം അല്ലാഹുവിന്റെ നാമം ജപിക്കുന്നിടത്ത്‌ അവന്റെ സാന്നിദ്ധ്യം ഉണ്ടാകും.

انا عند ظن عبدي بي وانا معه اذاذكرني فان ذكرني في نفسه ذكرته في نفسي وان ذكرني في ملأ ذكرته في ملأ خير منهم (بخاري مسلم


ഞാൻ എന്റെ അടിമ വിചാരിക്കുന്നിടത്താണ്‌. അവൻ ഒറ്റക്ക്‌ എന്റെ നാമം ജപിച്ചാൽ ഞാൻ ഒറ്റക്ക്‌ അവന്റെ നാമം പറയും. അവൻ കൂട്ടത്തിൽ എന്റെ നാമം ജപിച്ചാൽ അതേക്കാൾ ഉത്തമമായ കൂട്ടത്തിൽ ഞാൻ അവനെ പറയും(ബുഖാരി,മുസ്‌ലിം)


നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു എന്നാണല്ലോ പറയുന്നത്‌. ഒറ്റക്ക്‌ നിസ്ക്കരിക്കുന്നവനും പറയേണ്ടത്‌ ഇങ്ങനെ തന്നെ. ഈപ്രയോഗം ധാരാളം കാര്യങ്ങൾ നമ്മെ ഉണർത്തുന്നു. സംഘമായുള്ള നിസ്ക്കാരത്തിന്റെ അനിവാര്യത, മുസ്‌ലിമിന്റെ ഐക്യ ബോധം, ദേശ ഭാഷാ രാഷ്ട്രീയാദി ഭിന്നിപ്പുകളും വൈജാത്യവും നിലനിൽക്കുമ്പോൾ തന്നെ ആത്യന്തികമായി ആദർശത്തിലും കാഴ്ചപ്പാടിലും അവരുടെ യോജിപ്പ്‌ പ്രകടമാകുന്നു.

واعتصموا بحبل الله جميعا ولاتفرقوا

അല്ലാഹുവിന്റെ പാശം നിങ്ങൾ മുറുകെ പിടിക്കുക നിങ്ങൾ ഭിന്നിക്കരുത്‌(ആലു ഇംറാൻ)


'ഞങ്ങൾ' പ്രയോഗത്തിൽ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്‌ അഥവാ ഞാൻ ആരാധിക്കുന്നുവെന്ന് പറയാൻ നമുക്കെന്താണ്‌ യോഗ്യത? നമ്മെ അല്ലാഹു പടച്ചു. ആത്മാവും അവയവങ്ങളും മറ്റ്‌ അനുഗ്രഹങ്ങളും അവൻ നൽകി ഭൂമിയും അതിലുള്ളതും നമുക്കായി അവൻ സൃഷ്ടിച്ചു അങ്ങനെ ഒന്നുമറിയാത്തവനായി, ഒന്നിനും കഴിയാത്തവനായി ഭൂമിയിലേക്ക്‌ വന്ന നമ്മെ അവൻ പരിപാലിച്ചു എന്നിട്ടും പലപ്പോഴും ആ മഹാശക്തിയെ വിസ്മരിച്ച്‌ തെറ്റുകളിലും അധർമ്മങ്ങളിലും മുഴുകിയ നാം ഞാൻ നിന്നെ ആരാധിക്കുന്നു എന്ന് പറയാൻ വിഷമം തോന്നും ! തോന്നണം ! എന്നാൽ ഈ അനുഗ്രഹങ്ങളെല്ലാം അവൻ നൽകിയതാണെന്നും അവനെ അനുസരിക്കലല്ലാത്ത ഒരു കാര്യവും എനിക്കില്ലെന്നും അറിഞ്ഞ കുറെ നല്ലവർ..മഹാന്മാർ..ഇവിടെയുണ്ട്‌. അവർ അല്ലാഹുവിനെ ധിക്കരിച്ചവരല്ല, അരുതായ്മകളിൽ മുഴുകിയവരുമല്ല. അതിനാൽ അവരുടെ പ്രവർത്തനം സ്വീകരിക്കപ്പെടും.

انما يتقبل الله من المتقين

നിശ്ചയം ഭക്തന്മാരിൽ നിന്ന് മാത്രമാണ്‌ അല്ലാഹു കർമ്മങ്ങൾ സ്വീകരിക്കുന്നത്‌


അപ്പോൾ നിസ്ക്കരിക്കാൻ നിൽക്കുന്ന നമ്മൾ നമ്മുടെ കുറവുകൾ തിരിച്ചറിയുകയും ഒറ്റക്ക്‌ ഇതുമായി ചെന്നാൽ തള്ളപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണുകയും ചെയ്തപ്പോൾ ഈ പുഴുക്കുത്തുള്ളതും കൂടി നാഥൻ സ്വീകരിക്കാൻ എന്താണ്‌ മാർഗമെന്ന് ആലോചിക്കുകയാണ്‌. അടിമയോട്‌ കാരുണ്യമുള്ള നാഥൻ തന്നെ കാണിച്ചു കൊടുക്കുന്ന വഴിയാണീ ഞങ്ങൾ പ്രയോഗം! അതായത്‌ അല്ലാഹുവേ ഈ നിസ്ക്കരിക്കുന്ന ഞാൻ മോശക്കാരനും നിന്റെ മുന്നിൽ ആരുമല്ലാത്തവനുമാണ്‌ പക്ഷെ നിന്റെ പ്രവാചകന്മാർ ഇഷ്ടദാസന്മാർ തുടങ്ങി പലരും നീ അനുഗ്രഹിച്ചവരും അവരുടെ കർമ്മങ്ങൾ സ്വീകരിക്കുന്നതുമാണല്ലോ. അവർ ഉൾക്കൊള്ളുന്ന സമൂഹത്തിലാണ്‌ ഞാനും. അവരുടെ ആരാധനകൾ നീ സ്വീകരിക്കുമ്പോൾ ആ കൂട്ടത്തിൽ, പാവപ്പെട്ട ഞങ്ങളുടേതും നീ സ്വീകരിക്കേണമേ ഞങ്ങളുടെത്‌ കുറ്റമറ്റതല്ലെങ്കിലും! ഒറ്റക്ക്‌ ചിലവാകാത്തത്‌ കൂട്ടത്തിൽ ചിലവാകുമല്ലോ! ഇത്‌ ചുളുവിൽ അല്ലാഹുവിനെ പറ്റിച്ചതല്ല ! മറിച്ച്‌ കരുണാമയനായ റബ്ബ്‌ നമ്മെ സഹായിച്ചതാണ്‌. കാരണം അവന്റെ ഇഷ്ടദാസന്മാർ മുഖേന അവനിലേക്കെത്തുന്ന കാര്യങ്ങൾ അവൻ പരിഗണിക്കുമെന്ന് തന്നെയാണവന്റെ നിശ്ചയം. അതിനാൽ എനിക്കാരുടെയും വക്കാലത്ത്‌ വേണ്ട ഞാൻ തന്നെ മതി എന്ന അഹന്ത പടച്ചവൻ ഇഷ്ടപ്പെടില്ലെന്ന് ഈ 'ഞങ്ങൾ' പ്രയോഗം മനസിലാക്കി തരുന്നു. അത്കൊണ്ട്‌ തന്നെയാണ്‌ വിഷമ ഘട്ടങ്ങളിലും മറ്റും സ്വഹാബികൾ നബി(സ്വ)യെ സമീപിച്ചതും അവരുടെ പ്രശ്നപരിഹാരത്തിന്‌ നബി(സ്വ) അല്ലാഹുവോട്‌ പ്രാർത്ഥിച്ചതും മഴയില്ലാതെ വിഷമിച്ചഘട്ടത്തിൽ ഒരു ശിഷ്യൻ ഖുതുബ നിർവ്വഹിക്കുന്ന നബിയോട്‌ വരൾച്ചയുടെ തീഷ്ണത ഹൃദയം പൊട്ടി ആവലാതിയായി ബോധിപ്പിക്കുകയും നബി(സ്വ)പ്രാർത്ഥിച്ചതും കത്തിയെരിയുന്ന വെയിലിൽ പള്ളിയിലെത്തിയ സ്വഹാബികൾ കോരിച്ചൊരിയുന്ന മഴയത്ത്‌ വീട്ടിലേക്ക്‌ തിരിച്ചതും, അടുത്തയാഴ്ച വരെ മഴതുടർന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ കെടുതി ഒരാൾ നബി(സ്വ)യെ അറിയിക്കുകയും മഴമതിയെന്ന് പ്രാർത്ഥിക്കുകയും കോരിച്ചൊരിയുന്ന മഴ മാറി തെളിഞ്ഞ കാലാവസ്ഥയിൽ സഹാബികൾ പള്ളിയിൽ നിന്ന് തിരിച്ച്‌ പോയതും ബുഖാരിയിൽ നമുക്ക്‌ കാണാം. അപ്പോൾ അല്ലാഹുവിന്റെ ഇഷ്ടദാസനായ നബിയോട്‌ പ്രാർത്ഥിക്കാൻ പറയുന്നതും തങ്ങൾ പ്രാർത്ഥിക്കണമെന്ന ഉദ്ദേശത്തോടെ തങ്ങളോട്‌ സഹായം ചോദിക്കുന്നതുമൊക്കെ ഈ ഞങ്ങൾ പ്രയോഗത്തിന്റെ താൽപര്യമാണ്‌ ഇവിടെ ഇമാം റാസി എഴുതുന്നു.

كأن العبد يقول الهي ان لم تكن عبادتي مقبولة فلاتردني لأني لست بوحيد في هذه العبادة بل نحن كثيرون فان لم أستحق الأجابة والقبول فأتشفع اليك بعبادات سائر المتعبدين فأجبني(رازي


ഞങ്ങൾ പ്രയോഗം അടിമ പറയുമ്പോലെയാണ്‌. അല്ലാഹുവേ! എന്റെ ആരാധന സ്വീകരിക്കപ്പെടാൻ അർഹമല്ലെങ്കിലും എന്നെ നീ തട്ടിക്കളയരുത്‌ കാരണം ഈ വിഷയത്തിൽ ഞാൻ ഒറ്റക്കല്ല. മറിച്ച്‌ ധാരാളം പേരുണ്ട്‌. ഞാൻ സ്വീകരിക്കപ്പെടാൻ അർഹനല്ലെങ്കിലും മറ്റുള്ളവരുടെ(സ്വീകരിക്കപ്പെടാൻ അർഹരായവരുടെ) ആരാധനകൾ മുഖേന നിന്നിലേക്ക്‌ ഞാൻ ശുപാർശ വെക്കുന്നു എനിക്ക്‌ കൂടി നീ ഉത്തരം തരേണമേ!(തഫ്സീർ റാസി 1 : 222) ആരാധന ഇബാദത്ത്‌ എന്നതിന്‌ ഭാഷയിൽ പരിചരണം, ശുശ്രൂഷ, വഴിപാട്‌ , വിധേയത്വം, വണക്കം, അനുസരണം എന്നൊക്കെ അർത്ഥമുണ്ട്‌ എന്നാൽ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഇബാദത്ത്‌ എന്നാൽ പരമമായ അങ്ങേ അറ്റത്തെ താഴ്മ /വണക്കം കാണിക്കുക എന്നാണ്‌ അപ്പോൾ വണക്കം മാത്രം ഇബാദത്തല്ല. അത്‌ പരമമാവുമ്പോഴാണ്‌ ഇബാദത്ത്‌ ആവുക. പലരെയും പലതിനെയും വണങ്ങാനും താഴ്മകാണിക്കാനുമൊക്കെ നമ്മോട്‌ നിർദ്ദേശമുണ്ട്‌. മാതാപിതാക്കൾ, ഗുരുവര്യർ, പ്രായത്തിൽ മൂത്തവർ എല്ലാം ആദരിക്കപ്പെടേണ്ടവരാണ്‌. നബി(സ്വ) യോടുള്ള ആദരവിന്റെ ഭാഗമായി അവിടുത്തെ സവിധത്തിൽ(ജീവിച്ചിരുന്നപ്പോഴും, മരണ ശേഷവും)ഉറക്കെ ശബ്ദിക്കുന്നത്‌ പോലും ഖുർആൻ വിലക്കി. മാതാപിതാക്കളുടെ മുന്നിൽ വിനയത്തിന്റെ ചിറകു താഴ്ത്തി കൊടുക്കാനും, ഛെ!എന്ന പരാമർശം പോലും ഉണ്ടാകാതെ സൂക്ഷിക്കാനും ഖുർആൻ കൽപ്പിക്കുന്നു. പക്ഷെ ഈ ആദരവുകളൊന്നും ആരാധനയല്ല! കാരണം ഇത്‌ പരമമല്ല (അങ്ങേ അറ്റത്തത്‌ -അല്ല ). അപ്പോൾ അങ്ങേ അറ്റത്തതിന്റെ മാനദണ്ഡമെന്താണ്‌? ആരാധനക്കർഹൻ എന്ന കാഴ്ചപ്പാടിൽ നടത്തുന്ന വണക്കവും താഴ്മയുമാണ്‌ ആരാധന. ഈ കാഴ്ച്ചപ്പാട്‌ അല്ലാഹുവിനോട്‌ മാത്രമേ കാണിക്കാൻ പാടുള്ളൂ. ഈ ആശയമാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതിന്റെ ചുരുക്കം. ആരാധിക്കപ്പെടാൻ അർഹൻ അല്ലാഹു മാത്രം! എന്ത്കൊണ്ട്‌ അല്ലാഹു മാത്രം ( ആരാധിക്കപ്പെടാൻ അർഹൻ ) എന്ന ചോദ്യമുണ്ടാകാം ! അതിന്റെ ഉത്തരമാണ്‌ നേരത്തേ പറഞ്ഞ അല്ലാഹുവിന്റെ വിശേഷണങ്ങൾ. സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹു അഥവാ ഏറ്റവും വലിയ അനുഗ്രഹങ്ങൾ അവനിൽ നിന്നാണ്‌ നമുക്ക്‌ ലഭിച്ചത്‌ അതുകൊണ്ട്‌ തന്നെ നമ്മുടെ ഏറ്റവും വലിയ താഴ്മയും വണക്കവും അവന്ന് അവകാശപ്പെട്ടതാണ്‌. അത്കൊണ്ടാണ്‌ അല്ലാഹു-യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ-എന്ന് അവനെ പരിജയപ്പെടുത്തിയത്‌ വിധേയത്വം പലവിധമുണ്ട്‌. ഭാര്യക്ക്‌ ഭർത്താവോട്‌, പുത്രന്‌ പിതാവോട്‌ ശിഷ്യന്‌ ഗുരുവോട്‌ അടിമക്ക്‌ ഉടമയോട്‌. എന്നാൽ ഈ വിധേയത്വമൊന്നും പരമമല്ല കാരണം ഇവരിൽ നിന്നൊന്നും ഏറ്റവും വലിയ അനുഗ്രഹം(പടക്കുക എന്നത്‌) നമുക്ക്‌ ലഭിച്ചിട്ടില്ല. ഈ പാശ്ചാത്തലത്തിലാണ്‌ ഏറ്റവും വലിയ വിധേയത്വവും വണക്കവും എന്ന അടിമത്തം അല്ലാഹു മാത്രമേ അർഹിക്കുന്നുള്ളൂ എന്ന് പ്രവാചകന്മാർ പഠിപ്പിച്ചത്‌. അല്ലാഹു അല്ലാത്ത പലതും ഇവിടെ ആരാധിക്കപ്പെട്ടിട്ടുണ്ട്‌ ഇപ്പോഴും ആരാധിക്കപ്പെടുന്നുമുണ്ട്‌ ആരാധിക്കുന്നവർ അതിനു എന്തു ന്യായീകരണം പറഞ്ഞാലും അതൊന്നും നിലനിൽക്കുന്നതല്ല. കാരണം അവക്കൊന്നും യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹതയില്ല. ഏറ്റവും വലിയ അനുഗ്രഹം അവരൊന്നും നമുക്ക്‌ തന്നില്ലെന്നതു തന്നെ കാരണം!.

وقضي ربك الاتعبدوا الا اياه وبالوالدين احسانا امايبلغن عندك الكبر أحدهما اوكلاهما فلاتقل لهما اف ولاتنهرهما وقل لهما قولا كريما
(واخفض لهما جناح الذل من الرحمة وقل رب ارحمهما كما ربياني صغيرا (الاسراء 23 ,24

അങ്ങയുടെ നാഥൻ വിധിച്ചിരിക്കുന്നു.അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന്..മാതാപിതാക്കൾക്ക്‌ നന്മചെയ്യാനും(അവൻ വിധിച്ചിരിക്കുന്നു)അവരിൽ ഒരാളോ രണ്ട്‌ പേരുമോ നിന്റെ അരികിൽ വാർദ്ധക്യമെത്തിച്ചാൽ അവരോട്‌ നീ ഛെ എന്ന് പറയരുത്‌ അവരെ വിരട്ടുകയുമരുത്‌.രണ്ട്‌ പേരോടും മാന്യമായി സംസാരിക്കണം കാരുണ്യത്താൽ വിധേയത്വത്തിന്റെ ചിറക്‌ അവർക്ക്‌ നീ താഴ്ത്തി കൊടുക്കണം നീ ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം എന്റെ നാഥാ ചെറുപ്പത്തിൽ അവരെന്നെ പോറ്റിയത്‌ കൊണ്ട്‌ അവരെ നീ അനുഗ്രഹിക്കേണമേ!(അൽ ഇസ്‌റാഅ് 23 24)

ഈ സൂക്തങ്ങളിൽനിന്ന് പല കാര്യങ്ങളും മനസിലാകുന്നു. ആരാധന അല്ലാഹുവിന്‌ മാത്രമേ പാടുള്ളൂ എന്നാൽ വിധേയത്വവും താഴ്മയും അല്ലാത്തവരോടുമുണ്ട്‌. (മാതപിതാക്കൾ ഉദാഹരണം ) മറ്റാരോടും താഴ്മ കാണിക്കരുതെന്നില്ല എന്നാൽ ഇബാദത്ത്‌ അല്ലാഹുവിനല്ലാതെ പാടില്ലെന്ന് വ്യക്തമാവുകയും ചെയ്തു ബഹുദൈവ വിശ്വാസികൾ ഇവർ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഏറ്റവും വലിയ വണക്കവും വിധേയത്വവും മറ്റുപലർക്കും നൽകി. അഥവാ അവയേയും ഇവർ ദൈവമായി കണ്ടു. ഈസാ(അ)ദൈവമാണെന്ന് വിശ്വസിക്കുന്ന കൃസ്ത്യാനിയും, ലാത്ത ഉസ്സ തുടങ്ങിയവ ദൈവമാണെന്ന് വിശ്വസിച്ച അബൂജഹ്‌ൽ സംഘവും അല്ലാഹുവിന്‌ നൽകേണ്ട ഏറ്റവും വലിയ വിധേയത്വവും വണക്കവും മറ്റ്‌ പലതിനും നൽകി അല്ലാഹുവെ പോലെ ഈ വസ്തുക്കളെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തു. അഥവാ അല്ലാഹുവിനോട്‌ സ്നേഹത്തിലും ഭയത്തിലും മറ്റ്‌ പലതിനേയും അവർ പങ്ക്‌ ചേർത്തു ഇത്‌ മഹാ അപരാധം തന്നെ. അല്ലാഹു പറയുന്നു.

ومن الناس من يتخذ من دون الله أندادا يحبونهم كحب الله والذين امنوا اشد حبا لله(البقرة165

ജനങ്ങളിൽ ചിലർ അല്ലാഹുവെ കൂടാതെ തുല്യ ദൈവങ്ങളെ ഉണ്ടാക്കിയവരാണ്‌ അവർ അല്ലാഹുവെ സ്നേഹിക്കേണ്ട പോലെ ആ ദൈവങ്ങളേയും സ്നേഹിക്കുന്നു എന്നാൽ സത്യ വിശ്വാസികൾ അല്ലാഹുവോട്‌ കൂടുതൽ സ്നേഹമുള്ളവരാണ്‌(അൽ ബഖറ :165)

അപ്പോൾ അല്ലാഹു അല്ലാത്തവരെ സ്നേഹിച്ചതോ ആദരിച്ചതോ അല്ല അവർ ചെയ്ത അപരാധം മറിച്ച്‌ അല്ലാഹുവെ പോലെ കണ്ടതാണ്‌ അഥവാ ആരാധനക്കർഹതയുണ്ടിവക്ക്‌ എന്ന് വിശ്വസിച്ചതാണ്‌! അല്ലാഹുവിലേക്ക്‌ അടുപ്പിക്കാനാണീ കീഴ്‌ ദൈവങ്ങൾ എന്ന ബഹുദൈവ വിശ്വാസികളുടെ വാദഗതി ശരിയല്ല കാരണം അങ്ങേ അറ്റത്തെ താഴ്മയായ ആരാധന ഈ അടുപ്പിക്കുന്നവർക്ക്‌ നൽകിയാൽ പിന്നെ അല്ലാഹുവിന്‌ അവർ എന്താണ്‌ നൽകുക. അപ്പോൾ ബഹുദൈവാരാധന (ശിർക്ക്‌ )എന്നത്‌ വളരെ ബാലിശമായ ഒരു ഏർപ്പാട്‌ തന്നെ!


മഹാന്മാർ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുന്നവർ തന്നെയാണ്‌ ആ കാരണത്തെയല്ല നാം ചോദ്യം ചെയ്യുന്നത്‌. അതിനു സ്വീകരിച്ച മാർഗത്തെയാണ്‌. മഹാന്മാർ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കാൻ അല്ലാഹു നിശ്ചയിച്ച മാർഗം തന്നെ. പക്ഷെ അതിനായി അവരെ ആരാധിക്കാൻ അല്ലാഹുവോ അവരോ കൽപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ആരാധന എന്ന പരമമായ വണക്കം അല്ലാഹുവിനു മാത്രമേ ആകാവൂ എന്ന് കണിശമായി അവനും അവരും പറഞ്ഞിരിക്കുകയാണ്‌.ഏറ്റവും വലിയ വണക്കം അല്ലാവിനു മാത്രം എന്നത്‌ സ്ഥിരപ്പെട്ടാൽ ചെറിയ വണക്കങ്ങൾ പലർക്കുമാവാമെന്ന് വരുന്നു അത്‌ അവർക്കുള്ള ആരാധനയാവുന്നില്ലെന്നും മനസിലാകുന്നു. ഈ വണക്കവും ആളുടെ അവസ്ഥയനുസരിച്ച്‌ വ്യത്യസ്ഥമാവും. പ്രവാചകന്മാർക്ക്‌ നൽകുന്ന അത്ര സഹാബികൾക്ക്‌ നൽകുന്നില്ല അങ്ങനെ താഴോട്ടിറങ്ങും തോറും കുറഞ്ഞ്‌ വരുന്നു. പ്രവാചകന്‌ സ്വലാത്തും സലാമും ചൊല്ലി അഭിവാദനമർപ്പിക്കുമ്പോൾ മറ്റുള്ളവർക്ക്‌ തർളിയത്ത്‌(റളിയല്ലാഹു അൻഹും)ചൊല്ലിയാണ്‌ അഭിവാദനം. അല്ലാഹു അംഗീകരിച്ചവരെ ബഹുമാനിക്കുന്നതും അവരെയും അവരുമായി ബന്ധമുള്ളതിനേയും സമീപിച്ച്‌ അനുഗ്രഹ‍ീതരാവാൻ ശ്രമിക്കുന്നതുമൊന്നും അവർക്ക്‌ ഇബാദത്തല്ല. ഹജറുൽ അസ്‌വദ്‌ എന്ന കല്ലിനെ ചുംബിക്കുന്നതും കഅബയെ ചുറ്റുന്നതും അവക്കുള്ള ഇബാദത്തല്ലല്ലോ! മഹാന്മാരെ ബഹുമാനിക്കാനും അവരുമായി ഊഷ്മളമായ ബന്ധം നിലനിർത്താനും ഇസ്ലാം കൽപ്പിച്ചിട്ടുണ്ട്‌.

ياايهاالذين امنوا لاترفعوا أصواتكم فو صوت النبي ولاتجهرواله بالقول كجهربعضكم لبعض ان تحبط اعمالكم وانتم لاتشعرون ان الذين يغضون اصواتهم عند رسول الله اولئك الذين امتحن الله قلوبهم للتقوي لهم مغفرة واجرعظيم(الحجرات2-3


സത്യവിശ്വാസികളെ! നിങ്ങൾ പ്രവാചകന്റെ ശബ്ദത്തിലേറെ ശബ്ദമുയർത്തരുത്‌ അവിടത്തോട്‌ ഉറക്കെ സം സാരിക്കുകയുമരുത്‌. നിങ്ങളിൽ നിന്ന് ചിലർ ചിലരോട്‌ (ഉറക്കെ സംസാരിക്കുമ്പോലെ)
നിങ്ങളറിയാത്തവിധം നിങ്ങളുടെ സുകൃതങ്ങൾ പൊളിഞ്ഞു പോവും. അല്ലാഹിന്റെ പ്രവാചകനരികിൽ ശബ്ദങ്ങൾ താഴ്ത്തുന്നവരുടെ ഹൃദയങ്ങൾ ഭക്തിക്ക്‌ വേണ്ടി അല്ലാഹു പരിശോധിച്ചിരിക്കുന്നു.അവർക്ക്‌ പാപ മോജനവും മഹത്തായ പ്രതിഫലവുമുണ്ട്‌ (അൽ ഹുജുറാത്ത്‌2:3​) മഹാന്മാരെ എത്രവരെ ബഹുമാനിക്കണമെന്നതിന്‌ വേണ്ടുവോളം സൂജനയും ബഹുമാനിക്കാത്തവർക്കുള്ള ഉഗ്രൻ താക്കീതുമാണീ സൂക്തം! യൂസുഫ്‌ നബി(അ) പിതാവായ യഅഖൂബ്‌ (അ)ന്റെ കാഴ്ച ശക്തിക്ക്‌ തന്റെ കുപ്പായം മുഖത്തിടാൻ പറഞ്ഞത്‌ സൂറ:യൂസുഫി(93)ൽ കാണാം. നബി(സ്വ)യുടെ വിയർപ്പും മുടിയും തുപ്പ്നീരുമൊക്കെ ആദരവോടെ എടുത്തവരെ നബി (സ്വ) നിങ്ങൾ സത്യം പ്രാപിച്ചു എന്ന് പറഞ്ഞാണ്‌ പ്രോത്സാഹിപ്പിച്ചത്‌. ഇതൊക്കെ ആദരവാണ്‌ ആരാധനയല്ല. ആരാധന അല്ലാഹുവിനു മാത്രം സമർപ്പിക്കേണ്ട കാര്യമാണ്‌. അപ്പോൾ ആദരവും ആരാധനയും വേർത്തിരിച്ച്‌ മനസിലാക്കുന്നതിൽ പിശക്‌ പറ്റിയ ചിലർ മഹാന്മാരോടുള്ള വിശ്വാസികളുടെ അടുപ്പത്തെ ആരാധനയും ശിർക്കുമാക്കി മുദ്ര കുത്തുന്നത്‌ സഹതാപാർഹം തന്നെ! ഇനിമറ്റൊരു കാര്യം. ആരാധിക്കുക എന്നത്‌ നമ്മുടെ കടമയാണ്‌. അതിനു പ്രതിഫലം തരാൻ അല്ലാഹു കടപ്പെട്ടവനല്ല(അവൻ ഔദാര്യവാനായതിനാൽ തരുമെന്നത്‌ വേറെ കാര്യം) അതുകൊണ്ട്‌ നാം അല്ലാഹുവിനെ ആരാധിക്കുന്നത്‌ നമ്മുടെ കടമ നിർവ്വഹിക്കാനാണ്‌. പ്രതിഫലം നമ്മുടെ വിഷയമല്ല. നിസ്ക്കരിക്കുന്നവൻ മഗ്‌രിബ്‌ എന്ന ഫർള്‌ അല്ലാഹുവിനുവേണ്ടി ഞാൻ നിസ്ക്കരിക്കുന്നു എന്നല്ലാതെ പ്രതിഫലത്തിന്‌ എന്ന് പറയുന്നില്ല. അല്ലാഹുവിൽ എല്ലാം അർപ്പിക്കുകയാണ്‌ അവന്റെ ബാധ്യത. ചുരുക്കത്തിൽ ഇബാദത്ത്‌ ചെയ്യുന്ന വിശ്വാസി റബ്ബിന്റെ സാമീപ്യവും ഇഷ്ടവുമാണ്‌ ആഗ്രഹിക്കുന്നത്‌. അത്‌ ലഭിച്ചാൽ സ്വർഗവും നരകവും അവനു വിഷയമല്ല. എന്നെ നരകത്തിന്റെ അടിത്തട്ടിലിടുന്നതിലാണ്‌ നിനക്ക്‌ താൽപര്യമെങ്കിൽ ആ നരകമായിരിക്കും എന്റെ സന്തോഷം എന്ന് പറഞ്ഞ മഹാന്മാർ ഈ ആത്മാർത്ഥതയുടെ ശൈലി നമുക്ക്‌ ബോദ്ധ്യപ്പെടുത്തി തന്നവരാണ്‌. അല്ലാഹുവിന്റെ തൃപ്തി കൊതിച്ച്‌ അവനെ ആ‍ാധിക്കാനല്ലാതെ അവരോട്‌ കൽപ്പിക്കപ്പെട്ടില്ലെന്ന ഖുർആൻ വാക്യം നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. അല്ലാഹുവിനെ ആത്മാർത്ഥമയി ആരാധിക്കാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.. തുടരും.... ഇൻശാ അല്ലാഹ്‌

note :
സൂക്തത്തിന്റെ ( സൂക്തം 5)ആദ്യഭാഗം ( നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു ) മാത്രമാണിവിടെ പ്രതിപാതിച്ചിരിക്കുന്നത്‌ . രണ്ടാം ഭാഗം ( നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു ) അടുത്ത പോസ്റ്റില്‍ വിവരിക്കുന്നതാണ്‌
..ഇന്‍ശാ അല്ലാഹ്‌

15-12-2008
>>രണ്ടാം ഭാഗത്തിന്റെ വിവരണം ഇവിടെ വായിക്കാം <<

7 comments:

Unknown said...

ഗംഭീരം!മുന്നോട്ടുള്ള പ്രയാണം കൂടുതൽ നന്നാവട്ടെ

ആzഅംസകൾ

വഴികാട്ടി / pathfinder said...

note :
സൂക്തത്തിന്റെ ആദ്യഭാഗം ( നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു ) മാത്രമാണിവിടെ പ്രതിപാതിച്ചിരിക്കുന്നത്‌ . രണ്ടാം ഭാഗം ( നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു ) അടുത്ത പോസ്റ്റില്‍ വിവരിക്കുന്നതാണ്‌ ..ഇന്‍ശാ അല്ലാഹ്‌

വഴികാട്ടി

salim | സാലിം said...

വളരെ അത്യാവശ്യമായ ഒരുവിശദീകരണമാണ് ഈ സൂക്തത്തിന് വിളക്ക് നല്‍കിയിരിക്കുന്നത്. അടുത്ത സൂക്തം ഏറെ വിവാദങ്ങള്‍ക്കിടവെച്ചതാണ് അതിനായി കാത്തിരിക്കുന്നു

ബഷീർ said...

വായനക്കാരുടെ സംശയങ്ങള്‍ തീരാനുതകുന്ന
വസ്തുനിഷ്ടമായ വിശദീകരണങ്ങള്‍


ബലി പെരുന്നാള്‍ ആശംസകളോടെ

വഴികാട്ടി / pathfinder said...

വായിച്ചവര്‍ക്കും വായിച്ച്‌ അഭിപ്രായം അറിയിച്ചവര്‍ക്കും വളരെ നന്ദി

രണ്ടാം ഭാഗത്തിന്റെ വിവരണം ഇവിടെ വായിക്കാം

വഴികാട്ടി


http://vazhikaatti.blogspot.com/2008/12/1-5-2.html

Unknown said...

വളരെ നന്നായിട്ടുണ്ട്...ഖുര്‍ആന്‍ കൂടുതല്‍ എളുപ്പത്തിലും വിശദമായും വിവരിക്കാം അള്ളാഹു താങ്ങളെ ഇനിയും അനുഗ്രഹിക്കട്ടേ എന്ന് പ്രാര്‍ഥിക്കുന്നു..

എന്റെ ബ്ലോഗ്‌ സന്തര്ഷിക്കുക..
http://quranvelicham.blogspot.com/

akilotmaman said...

വളരെ നന്നായിരിക്കുന്നു, അള്ളാഹു സുബ്ഹാനഹു വ തആല തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.