Monday, January 12, 2009

അദ്ധ്യായം 1 (ഫാതിഹ) സൂക്തം 7 (വിശദീകരണം-ഭാഗം-3 )

صراط الذين أنعمت عليهم غير المغضوب عليهم ولاالضالين
(അഥവാ നീ അനുഗ്രഹിച്ചവരുടെ വഴി. കോപത്തിനു വിധേയരല്ലാത്ത പിഴച്ചവരുമല്ലാത്ത.)

Note: ഇവിടെ صراط الذين أنعمت عليهم (അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി )എന്ന സൂക്തത്തിന്റെ വിശദീകരണം രണ്ട്‌ ഭാഗങ്ങളിലായി ഭാഗം ഒന്ന്
ഇവിടെയും ഭാഗം രണ്ട്‌ ഇവിടെയും വിശദികരിച്ചത്‌ വായിച്ചുവല്ലോ. ഈ പോസ്റ്റില്‍ غير المغضوب عليهم ولاالضالين അഥവാ എന്ന ഭാഗമാണു വിശദീകരിക്കുന്നത്‌. സൂക്തം 7 ( صراط الذين أنعمت عليهم غير المغضوب عليهم ولاالضالين )മുഴുവന്‍ രൂപത്തില്‍ ഇവിടെ കൊടുത്തിരിക്കുന്നു.

നേർവ്വഴി വിശദീകരിക്കുന്നിടത്ത്‌ അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണത്‌ എന്ന് പറഞ്ഞ ശേഷം കോപത്തിനിരയായവരുടെ വഴിയല്ല എന്ന് അല്ലാഹു അറിയിച്ചിരിക്കുകയാണ്‌. നേരത്തേ പറഞ്ഞ അനുഗ്രഹീതർ അനുഗ്രഹീതരായതിന്റെ കാരണവും ഇതിൽ നിന്ന് നമുക്ക്‌ വായിക്കാം. അതായത്‌ അല്ലാഹുവിന്റെ കോപം ക്ഷണിച്ച്‌ വരുത്തുന്നതൊന്നും ചെയ്യാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു എന്നും പിഴച്ച വഴിയെ അവർ പോയില്ലെന്നും അത്‌ കൊണ്ടാണ്‌ അവർ അനുഗ്രഹീതരായതെന്നും സാരം.
അല്ലാഹുവിന്റെ കോപത്തിനിരയായവർ എന്നതിന്റെ വിവക്ഷ പ്രധാനമായും ജൂതന്മാർ ആണ്‌. പിഴച്ചവർ എന്നാൽ കൃസ്ത്യാനികളും.
ഇബ്നുഅബീ ഹാത്തം (റ) പറഞ്ഞതായി ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു
قال ابن أبي حاتم : لاأعلم خلافا بين المفسرين في تفسير(المغضوب عليهم) باليهود(والضالين)بالنصارى
(الدر المنثورفي التفسير المأثور1:43 )
"കോപത്തിനിരയായവർ ജൂതന്മാരും പിഴച്ചവർ കൃസ്ത്യാനികളുമാണെന്ന വ്യാഖ്യാനത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവും എനിക്കറിയില്ല( അദ്ദുർ അൽ- മൻഥൂർ1: 43)

ഇവർ എന്തു കൊണ്ടാണ്‌ കോപത്തിനിരയായത്‌ എന്ന സംശയത്തിന്റെ ഉത്തരം ഖുർആൻ ധാരാളം സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്‌.
ضربت عليهم الذلة أين ماثقفوا الابحبل من الله وحبل من الناس وباءو بغضب من الله وضربت عليهم المسكنة ذلك بأنهم كانوا يكفرون بايات الله ويقتلون الانبياء بغير حق ذلك بما عصواوكانوايعتدون (ال عمران 112
"നിന്ദ്യത അവരുടെ മേൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു അല്ലാഹുവിൽ നിന്നോ ജനങ്ങളിൽ നിന്നോ ഉള്ള കയറോട്‌ കൂടിയല്ലാതെ (ലോകത്ത്‌ എവിടെയെങ്കിലും അവർക്ക്‌ സമാധാനവും സന്തോഷവും ലഭിച്ചിട്ടുണ്ടെങ്കിലത്‌ അവർ സ്വയം ആർജ്ജിച്ചതല്ല മറിച്ച്‌ മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്താൽ ലഭിച്ചതാണ്‌ ഒന്നുകിൽ ഏതെങ്കിലും മുസ്‌ലിം രാജ്യം അല്ലാഹുവിന്റെ പേരിൽ അവർക്ക്‌ അഭയം നൽകിയിരിക്കും അല്ലെങ്കിൽ മറ്റാരെങ്കിലും അവരുടെ സംരക്ഷണമേറ്റെടുത്തിരിക്കും ഇപ്പോഴും മനുഷ്യത്വരഹിതമായ കൂട്ടക്കൊല നടത്താൻ അവർക്ക്‌ ധൈര്യം പകരുന്നത്‌ മറ്റ്‌ സാമ്രാജ്യത്വ ശക്തികളാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ! അമേരിക്കയും മറ്റും അവരെ സഹായിക്കുന്നത്‌ നിർത്തിയാൽ ജൂത രാഷ്ട്രത്തിന്റെ ഗതിയെന്താവുമെന്ന് ആർക്കാണ്‌ അറിഞ്ഞു കൂടാത്തത്‌ ? blogger) അവർ അല്ലാഹുവിന്റെ കോപത്തിനു പാത്രമാവുകയും അവരുടെ മേൽ അധമത്വം മുദ്രണം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയും അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമത്രെ അത്‌. അവർ അനുസരണക്കേട്‌ കാണിക്കുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്‌(ആലു ഇംറാൻ 112)

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കൽ, പരമ സാത്വികരായ നബിമാരെ കൊല്ലൽ ,അനുസരണമില്ലായ്മ, അതിക്രമം, ഇങ്ങനെയുള്ള കാരണങ്ങളാൽ അല്ലാഹുവിന്റെ കോപം ഇരന്നു വാങ്ങിയവരാണ്‌ ജൂതന്മാർ. അനുസരക്കേടിന്റെ നേർരൂപങ്ങളായിരുന്നു പലപ്പോഴും ജൂതന്മാർ. ഫറോവക്കും ഖിബ്ഥികൾ(ഫറോവയുടെ കുടുംബം)ക്കും അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട അവരെ മൂസാ(അ) മോചിപ്പിച്ച്‌ പുനരധിവസിപ്പിച്ചിടത്ത്‌ വെച്ച്‌ പ്രവാചക കൽപനക്കെതിരിൽ പശുവിനെ പൂജിക്കാൻ വരെ സമയം കണ്ടെത്തിയവരുടെ അനുസരണക്കേടിനു കൂടുതൽ ഉദാഹരണങ്ങൾ ഖുർആൻ പറഞ്ഞത്‌ അതാത്‌ സൂക്തങ്ങളുടെ വിശദീകരണത്തിൽ നമുക്ക്‌ പറയാം (ഇൻശാ അല്ലാഹ്‌)വഴിപിഴച്ചവർ എന്നതിന്റെ വിശദീകരണത്തിൽ പ്രധാനമായും കൃസ്ത്യാനികളാണ്‌ വരുന്നതെന്ന് നാം പറഞ്ഞല്ലോ. പ്രവാചക കൽപനക്കെതിരിൽ ഈസാ (അ) നെ ആരാധിക്കുന്നിടത്തോളം എത്തി ഇവരുടെ വഴികേട്‌! ഖുർആൻ പറയുന്നു.
(لقد كفرالذين قالوا ان الله هو المسيح بن مريم( المائدة 17 :72
മർയമിന്റെ പുത്രൻ മസീഹ്‌(ഈസാ) അല്ലാഹു തന്നെയാണെന്ന് പറഞ്ഞവർ നിശ്ചയം സത്യം നിഷേധിച്ചിരിക്കുന്നു(മാഇദ:17 :72)

ദൈവ പുത്രനാണ്‌ ഈസാ(അ) എന്ന് പറഞ്ഞവരും അവരിലുണ്ട്‌.
وقالت اليهود عزير ابن الله وقالت النصارى المسيح ابن الله (التوبة 30
ജൂതന്മാർ ഉസൈർ(അ)അല്ലാഹുവിന്റെ മകനാണെന്നും, കൃസ്ത്യാനികൾ (ഈസാ)മസീഹ്‌ അല്ലാഹുവിന്റെ മകനാണെന്നും പറഞ്ഞു( സൂറ: തൗബ:30)

രണ്ടായാലും ഈസാ(അ) ഉൾപ്പെടെയുള്ള പ്രവാചകന്മാർ കാണിച്ച്‌ തന്ന അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന കൽപനയെ പരസ്യമായി ലംഘിച്ചതിനാൽ വഴി പിഴവിന്റെ വ്യക്തമായ സ്വഭാവം കാണിക്കുന്നവരാണിവർ. ചുരുക്കത്തിൽ സത്യ നിഷേധവും വഴിതെറ്റലും മാത്രം കൊണ്ട്‌ നടന്ന ജൂത കൃസ്ത്യാനികളുടെ വഴി ഒരിക്കലും രക്ഷയുടേതല്ലെന്നും അനുഗ്രഹീതരല്ല അവരെന്നും അതിനാൽ ഞങ്ങളെ ആ അനുഗ്രഹീതരുടെ വഴിയില്‍ നയിക്കേണമേ എന്നും പ്രാർത്ഥിക്കുന്ന വിശ്വാസി കൊള്ളേണ്ടവരെയൊക്കെ കൊള്ളുകയും തള്ളേണ്ടവരെയെല്ലാം തള്ളുകയും ചെയ്യുക എന്ന ശരിയായ ശൈലി തിരഞ്ഞെടുത്തിരിക്കുകയാണീ പ്രാർത്ഥനയിലൂടെ!

എന്തിനാണ്‌ ഇങ്ങനെയൊരു വിശദീകരണം എന്നൊരു ചോദ്യവും അതിന്റെ ഉത്തരവും
മഹാനായ ഇമാം റാസി(റ) പറയുന്നു

في الاية سؤال وهو ان من انعم الله عليه امتنع ان يكون مغضوبا عليه وان يكون من الضالين فما الفائدة في ان ذكر عقيبه غير المغضوب عليهو ولاالضالين؟ والجواب:الايمان انما يكمل بالرجاء والخوف كماقال عليه السلام لو وزن خوف المؤمن ورجاؤه لاعتدل فقوله صراط الذين انعمت عليهم يوجب الرجاء الكامل وقوله غير المغضوب عليهم ولاالضالين يوجب الخوف الكامل وحينئذ يقوي الايمان بركنيه وينتهى الى حد الكمال
(الرازي 1/234

ഇവിടെ ഒരു ചോദ്യമുണ്ട്‌:
അല്ലാഹു അനുഗ്രഹിച്ചവർ ഒരിക്കലും അവന്റെ ദേഷ്യത്തിനു പാത്രമാവുകയോ വഴി തെറ്റുകയോ ചെയ്യുന്നില്ലല്ലോ പിന്നെ എന്തിനാണ്‌ കോപത്തിനിരയാവാത്തവർ പിഴക്കാത്തവരും എന്ന പരാമർശം? മറുപടി: വിശ്വാസം പൂർണ്ണമാകുന്നത്‌ പ്രതീക്ഷയും ഭയവും സമ്മേളിക്കുമ്പോഴാണ്‌. നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ ‘വിശ്വാസിയുടെ ഭയവും പ്രതീക്ഷയും തൂക്കിയാൽ രണ്ടും സമമായിരിക്കും’ അപ്പോൾ നീ അനുഗ്രഹിച്ചവരുടെ വഴി എന്ന് പറയുമ്പോൾ പൂർണ്ണ പ്രതീക്ഷയും, കോപത്തിനിരയാവാത്തവർ, വഴി പിഴച്ചവർ അല്ലാത്ത എന്ന് പറയുമ്പോൾ അത്തരം വഴിയിൽ പെട്ട്‌പോകുന്നതിനെതിരെയുള്ള പൂർണ്ണമായ ഭയവും വിശ്വാസിയുടെ മനസിലുണ്ടാക്കുന്നു. അപ്പോൾ വിശ്വാസം ശക്തിപ്പെടാൻ ആവശ്യമായ പ്രതീക്ഷ ഭയം എന്ന രണ്ട്‌ ഘടകവും ശക്തി പ്രാപിക്കുന്നു. വിശ്വാസം അതിന്റെ പൂർണ്ണതയിലേക്ക്‌ എത്തുകയും ചെയ്യുന്നു( തഫ്സീർ റാസി 1/234)

കോപത്തിനും വഴികേടിനും അർഹരായവരാണ്‌ ജൂത കൃസ്ത്യാനികൾ എന്ന് പറയുമ്പോൾ ഇതൊരു സാമൂഹ്യമായ ആക്ഷേപമല്ലേ എന്ന് തോന്നാൻ സാധ്യതയുണ്ട്‌ ഒരിക്കലും അങ്ങനെ തെറ്റിദ്ധരിക്കരുത്‌ കാരണം അവരിലുണ്ടായിരുന്ന നല്ലവരെ ഖുർആൻ മുക്തകണ്ഢം പ്രശംസിച്ചത്‌ നമുക്ക്‌ കാണാം നേരത്തേ നാം പറഞ്ഞ ആലുഇംറാൻ 112ന്റെ ശേഷമുള്ള സൂക്തത്തിൽ തന്നെ അല്ലാഹു ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
ليسوا سواء من أهل الكتاب أمة قائمة يتلون ايات الله ءاناءاليل وهم يسجدون يؤمنون بالله واليوم الأخر ويأمرون بالمعروف وينهون عن المنكر ويسارعون في الخيرات وأولئك من الصالحين (ال عمران 114:113

അവർ എല്ലാം ഒരു പോലെയല്ല (സത്യവഴിയിൽ) ശരിയായി നിലകൊള്ളുന്ന ഒരു വിഭാഗം വേദക്കാരിലുണ്ട്‌ അവർ രാത്രി സമയങ്ങളിൽ നിസ്കരിക്കുന്നവരായികൊണ്ട്‌ അല്ലാഹുവിന്റെ ആയത്തുകൾ ഓതുന്നവരാണ്‌. അവർ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നന്മകൽപിക്കുകയും തിന്മ വിരോധിക്കുകയും നല്ല വിഷയങ്ങളിൽ മറ്റുള്ളവരെ കവച്ചുവെക്കാൻ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നു അവർ സദ്‌ വൃത്തരിൽ പെട്ടവരാണ്‌(113/114).
ഇനിയും ഖുർആൻ പറയുന്നത്‌ നോക്കൂ.
ومن أهل الكتاب من ان تأمنه بقنطاريؤده اليك ومنهم من ان تأمنه بدينار لايؤده اليك الامادمت عليه قائما ذلك بأنهم قالوا ليس علينا في الأميين سبيل ويقولون علي الله الكذب وهم يعلمون (ال عمران 75

വേദക്കാരിൽ ചിലരുണ്ട്‌.ധാരാളം ധനം തങ്ങൾ അവരെ വിശ്വസിച്ചേൽപ്പിച്ചാൽ അവർ അത്‌ തിരിച്ച്‌ തരും അവരിൽ തന്നെ വേറേ ചിലരുണ്ട്‌ ഒരു ദീനാർ അവരെ വിശ്വസിച്ചേൽപ്പിച്ചാൽ സദാ അവരുടെ മുന്നിൽ ചെന്ന് ബുദ്ധിമുട്ടിച്ചാലല്ലാതെ താങ്കൾക്കത്‌ മടക്കിത്തരികയില്ല അങ്ങനെ അക്കൂട്ടർ ചെയ്യുന്നത്‌ അക്ഷരജ്ഞാനമില്ലാത്തവരോട്‌ എന്ത്‌ തന്നെ ചെയ്താലും നമ്മെ ശിക്ഷിക്കുവാൻ ഒരു മാർഗ്ഗവുമില്ല എന്നവർ പറഞ്ഞിരുന്നത്‌ കൊണ്ടാണ്‌ . അറിഞ്ഞു കൊണ്ട്‌ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുകയാണവർ(ആലു ഇംറാൻ 75)

ഇതിൽ ആദ്യത്തേത്‌ രഹസ്യ ജീവിതവും രണ്ടാമത്തേത്‌ പരസ്യജീവിതവും വരച്ചുകാട്ടുകയാണ്‌. അപ്പോൾ സാമുദായിക വിമർശനമല്ല ജൂത കൃസ്ത്യാനികളെ കുറിച്ച്‌ ഖുർആൻ നടത്തുന്നത്‌. മറിച്ച്‌ മൂസാ (അ)ന്റെയും ഈസാ(അ)ന്റെയും അനുയായികളാണെന്ന് പറഞ്ഞ്‌ അവരുടെ നിലപാടുകൾക്ക്‌ നേരെ വിപരീതമായി ആശയങ്ങൾ മിനഞ്ഞുണ്ടാക്കുന്നവരെ വ്യവസ്ഥാപിതമായി തിരുത്താൻ ശ്രമിക്കുകയാണ്‌. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും മേന്മ പുലർത്തുന്നവർ അവരിലുണ്ടെന്നും അവരെക്കുറിച്ചല്ല ആക്ഷേപമെന്നും സാരം. ഇത്തരക്കാരുടെ നേതാവായിരുന്നു അബ്ദുല്ലാഹിബ്നു സലാം(റ).നല്ല ജൂതപണ്ഡിതനായ അദ്ദേഹം നബി(സ്വ) മദീനയിലെത്തിയപ്പോൾ ഉൾക്കൊള്ളാനും നബിയെക്കൊണ്ട്‌ വിശ്വസിക്കാനും മുന്നോട്ട്‌ വന്നു. കാരണം തൗറാത്തിലുള്ള അവസാന പ്രവാചകന്റെ എല്ലാ ലക്ഷണവും നബി(സ്വ)യിൽ അദ്ദേഹം കണ്ടു. എല്ലാ ജൂത കൃസ്ത്യാനികൾക്കും വേദത്തിൽ പറഞ്ഞ പ്രവാചകൻ മുഹമ്മദ്‌ നബിയാണെന്നറിയാമായിരുന്നു എന്ന് ഖുർആൻ പറയുന്നുണ്ട്‌.
الذين ءاتيناهم الكتاب يعرفونه كما يعرفون أبناءهم وان فريقامنهم ليكتمون الحق وهم يعلمون (البقرة 146
നാം വേദം നൽകിയ ആളുകൾക്ക്‌ നബി(സ്വ)യെ അറിയാം സ്വന്തം മക്കളെ അറിയുമ്പോലെ നിശ്ചയം അവരിൽ ഒരു വിഭാഗം അറിഞ്ഞുകൊണ്ട്‌ തന്നെ സത്യം മറച്ച്‌ വെക്കുകയാണ്‌ ചെയ്യുന്നത്‌(അൽ ബഖറ: 146)

അപ്പോൾ സത്യം മനസിലായിട്ടും അത്‌ മൂടിവെച്ചും സ്വന്തം ആദരിക്കുന്നുവെന്ന് പറയുന്ന പ്രവാചകന്മാരിൽ പോലും കള്ളം ആരോപിക്കാനും ധാർഷ്ട്യം കാണിച്ച്‌ എല്ലാ അനീതിക്കും അക്രമത്തിനും കൂട്ട്‌ നിന്നത്‌ കൊണ്ടും അടിസ്ഥാന വിശ്വാസങ്ങളിൽ പോലും വെള്ളം ചേർത്തതുകൊണ്ടുമാണ്‌ അവർ അല്ലാഹുവിന്റെ ദേഷ്യത്തിനു അർഹരായതും വഴി പിഴച്ചതും! ഈ സ്വഭാവം ആർ സ്വീകരിച്ചാലും അവർക്കും അല്ലാഹുവിന്റെ കോപം ഏറ്റ്‌ വാങ്ങേണ്ടി വരും എന്ന മുന്നറിയിപ്പും ഇത്‌ നൽകുന്നുണ്ട്‌. മതഗ്രന്ഥങ്ങളിൽ തിരിമറി നടത്താൻ അത്യുത്സാഹം കാണിച്ചതിന്റെ പേരിൽ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത്‌ വിശദീകരിച്ച്‌ നശിപ്പിക്കുന്ന സ്വഭാവം ജൂതന്മാരുടെ മുഖമുദ്രയായിരുന്നു. ഖുർആൻ പറയുന്നു
من الذين هادوا يحرفون الكلم عن مواضعه ويقولون سمعنا وعصينا واسمع غيرمسمع وراعنا ليا بألسنتهم وطعنا في الدين ولو أنهم قالوا سمعنا وأطعنا واسمع وانظرنا لكان خيرا لهم وأقوم ولكن لعنهم الله بكفرهم فلايؤمنون الاقليلا (النساء 46

യഹൂദികളിൽ ഒരു വിഭാഗമുണ്ട്‌ അവർ വാക്കുകളെ അതിന്റെ ശരിയായ സ്ഥാനങ്ങളിൽ നിന്ന് തെറ്റിക്കും അവരുടെ നാവുകൾ കൊണ്ട്‌ വളച്ചൊടിക്കുവാനും മതത്തെ കുറിച്ച്‌ അധിക്ഷേപിക്കുവാനുമായി "'ഞങ്ങൽ കേൾക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു നീ കേൾപ്പിക്കപ്പെടാത്തവനായി കേൾക്കുക"' എന്നും"റാഇനാ"എന്നും അവർ പറയും എന്നാൽ അവർ "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തു താങ്കൾ കേൾക്കുകയും ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ചെയ്താലും"എന്ന് പറഞ്ഞിരുന്നുവെങ്കിൽ അത്‌ അവർക്ക്‌ ഗുണകരമായതും ശരിയുമായിരുന്നു പക്ഷെ അവരുടെ സത്യ നിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌ അതിനാൽ അൽപം മത്രമേ അവർ വിശ്വസിക്കുന്നുള്ളൂ( അന്നിസാഅ്46)
അപ്പോൾ ഗ്രന്ഥത്തിലെ തിരിമറിയും ദ്വയാർത്ഥമുള്ള വാക്കുകൾ എഴുന്നെള്ളിച്ച്‌ തെറ്റിദ്ധരിപ്പിക്കലും ജൂത വേലയായിരുന്നു. അതേ ശൈലി സ്വീകരിക്കുന്നവരെ ഇസ്‌ലാമിന്റെ പേരിലും കാണുമ്പോൾ നാം ശരിക്കും സൂക്ഷ്മതയോടെ കാര്യങ്ങൾ വിലയിരുത്തുകയും പൂർവ്വ സൂരികളുടെ വ്യാഖ്യാനത്തിനു വിരുദ്ധമായ വ്യാഖ്യാനങ്ങളെ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുകയും ചെയ്യണം. മേൽ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇമാം റാസി(റ) പറയുന്ന വാക്കുകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌
أن المراد بالتحريف :القاء الشبه الباطلة والتأويلات الفاسدة وصرف اللفظ عن معناه الحق الي معنى باطل بوجوه الحيل اللفظية كمايفعله أهل البدعة في زماننا هذا بالايات المخالفة لمذاهبهم وهذا هو الأصح ( الرازي10/103

തഹ്‌രീഫ്‌(തിരിമറി)എന്നതിന്റെ ഉദ്ദേശം അസത്യമായ സംശയങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും അവതരിപ്പിക്കുകയും വാക്കുകളെ അതിന്റെ ശരിയായ അർത്ഥത്തിൽ നിന്ന് മാറ്റി ഭാഷാപരമായ ചില പൊടിക്കൈകൾ പ്രയോഗിച്ച്‌ സത്യവിരുദ്ധമായ അർത്ഥങ്ങളിലേക്ക്‌ തിരിക്കുകയും ചെയ്യുക എന്നാണ്‌. നമ്മുടെ കാലഘട്ടത്തിലെ നവീനവാദികൾ അവരുടെ തെറ്റായ ആശയങ്ങൾക്ക്‌ എതിരായ സൂക്തങ്ങളെ തിരിമറി നടത്തുന്നത്‌പോലെ തന്നെ! ഇതാണ്‌ ശരിയായ അഭിപ്രായം (തഫ്സീര്‍ റാസി 10/103)

ഇതിനു എത്ര ഉദാഹരണം വേണമെങ്കിലും നമുക്ക്‌ പറയാൻ സാധിക്കും. അല്ലാഹു അല്ലാത്തവരെ ആരാധിക്കരുതെന്ന് വിശദീകരിച്ച ആയത്തുകൾ എടുത്ത്‌ വെച്ച്‌ എല്ലാ കാലത്തുമുണ്ടായിരുന്ന മുസ്‌ലിംകൾ നിരാക്ഷേപം ചെയ്ത്‌ വരുന്ന സഹായതേട്ടം ശിർക്കാക്കാൻ വെമ്പുന്ന നവീന വാദികൾ ഈ ജൂതരുടെ ഗ്രന്ഥത്തിലെ തിരിമറി അങ്ങനെ തന്നെ പകർത്തിയതാണെന്ന് വ്യക്തമല്ലേ! ഈ ദുർവ്വ്യാഖ്യാനം വളരെ മുമ്പ്‌ തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിക്കുന്നത്‌ കാണാം. അലി(റ) വിനെതിരിൽ രംഗത്ത്‌ വന്ന അന്നത്തെ പുത്തൻ വാദികളായിരുന്നു ഖവാരിജുകൾ. അവരെ കുറിച്ച്‌ നബി(സ്വ) യുടെ പ്രിയപ്പെട്ടസ്വഹാബി ഇബ്നു ഉമർ (റ)ൽ നിന്ന് ഇമാം ബുഖാരി (റ) പറയുന്നു.
وكان ابن عمر يراهم شرار خلق الله وقال :انهم انطلقوا الي ايات نزلت في الكفار فجعلوها علي المؤمنين
(صحيح البخاري باب قتل الخوارج والملحدين بعد اقامة الحجة عليهم)

ഇബ്നു ഉമർ(റ) ഖവാരിജുകൾ അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ചീത്തയാണെന്ന് അഭിപ്രായപ്പെടുകയും അവിശ്വാസികളെ കുറിച്ച്‌ ഇറങ്ങിയ സൂക്തങ്ങൾ സത്യവിശ്വാസികളുടെ മേൽ കെട്ടി വെക്കുന്നവരാണവർ എന്ന് പറയുകയും ചെയ്തു(സ്വഹീഹുൽ ബുഖാരി )
അതായത്‌ ഖുർആൻ ആയത്തോതി അലി(റ) കാഫിറാണെന്ന് അവർ ആരോപിച്ചു..


വ്യക്തമായ തിരിമറി! ഇസ്തിഗാസ: ശിർക്കാക്കാൻ ആ ഖവാരിജുകളുടെ വഴി സ്വീകരിച്ച്‌ നമ്മുടെ കാലഘട്ടത്തിലുള്ള നവീന വാദികളും അത്‌ തന്നെ ചെയ്യുന്നു
..അല്ലാഹു അല്ലാത്ത ആരാധ്യരെ സമീപിക്കരുതെന്ന് പറഞ്ഞ സൂക്തങ്ങളാണ്‌ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ സമീപിക്കുന്ന വിശ്വാസികൾക്കെതിരിൽ ഓതുന്നത്‌! ജൂത തിരിമറിയും ഖവാരിജിന്റെ സ്വഭാവവുമായ ഈ ജോലിയുമായി മുന്നോട്ട്‌ പോയാൽ അല്ലാഹുവിന്റെ കോപത്തിനർഹരാവേണ്ടി വരുമെന്ന കാര്യം അത്തരക്കാരെ ഓർമ്മപ്പെടുത്താൻ ഈ സമയം ഗുണകാംക്ഷയുടെ പേരിൽ ഉപയോഗപ്പെടുത്തട്ടെ.

അല്ലാഹു സത്യം മനസിലാക്കാനും ഉൾക്കൊണ്ട്‌ ജീവിക്കാനും ഏവരെയും അനുഗ്രഹിക്കട്ടെ ആമീൻ തുടരും (ഇൻശാ അല്ലാഹ്‌)

NB:ചില വായനക്കാരുടെ നിര്‍ദ്ധേശപ്രകാരം ഫോണ്ട്‌ വലുപ്പം കൂട്ടിയിട്ടുണ്ട്‌. ശ്രദ്ധിയ്ക്കുമല്ലോ

6 comments:

വഴികാട്ടി / pathfinder said...

ഈ പോസ്റ്റില്‍ غير المغضوب عليهم ولاالضالين അഥവാ എന്ന ഭാഗമാണു വിശദീകരിക്കുന്നത്‌. (സൂക്തം 7)

muham said...

മനസ്സ്‌ നിറക്കാൻ സഹായിച്ച വിശദീകരണത്തിനു വളരെ നന്ദി....
വഴികാട്ടിക്കും അണിയറ പ്രവർത്തകർക്കും അല്ലാഹു കൂടുതൽ തൗഫീഖ്‌ നൽകട്ടെ

നേരിന്റെ കൂടെ said...

ആശയത്തിലെ വ്യക്തതക്കൊപ്പം ഫോണ്ടിൽ വരുത്തിയ മാറ്റത്തിനും നന്ദി ട്ടോാാാാാാാാ!!!

ഇഹ്സാൻ said...

പ്രമാണത്തിൽ തിരിമറി നടത്തുന്നവരെ തുറന്ന് കാട്ടിയ വിളക്കേ! എന്നും പ്രാർത്ഥനകൊണ്ട്‌ ഒപ്പമുണ്ടാവും എന്ന് വാക്ക്‌!
വഴി കാട്ടി പറഞ്ഞ ഇസ്തിഗാസ: നവീനവാദക്കാർ നിരന്തരം ഉപയൊഗിക്കുന്ന ഒരു തിരിമറി തന്നെയാണ്‌. വാസ്തവത്തിൽ എന്ത്‌ മാത്രം അപകടമാണിക്കൂട്ടർ ചെയ്യുന്നത്‌..
ആധുനിക ഖവാരിജുകൾ സൂക്ഷിക്കട്ടെ....

Zulfukhaar-ദുല്‍ഫുഖാര്‍ said...

Assalamu Alaikkum
വിളക്കിനും വഴികാട്ടിക്കും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.. സത്യത്തിന്റെ മുഖം എന്നും ഈ വിളക്കിന്റെ പ്രകാശത്തില്‍ പ്രശോഭിതമാവട്ടെ.. ബിദഅത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിയട്ടെ..

ദുല്‍ഫുഖാര്‍

ബഷീർ said...

ഈ ഉദ്യമത്തിനു എല്ലാ പിന്തുണയും ആശംസകളും . ഫാതിഹയുടെ ഉള്‍കാമ്പു തൊട്ടറിയാന്‍ കഴിഞ്ഞതില്‍ നന്ദി അറിയിക്കുന്നു.