Tuesday, March 3, 2009

അദ്ധ്യായം 79 ( അന്നാസിആത്ത്‌ ) سورة النازعات part-3

അദ്ധ്യായം 79  സൂറ : അന്നാസിആത്ത് سورة النازعات   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 46  

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

( part-3 ; സൂക്തങ്ങൾ 27-46 )

27.أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاء بَنَاهَا

സൃഷ്ടിക്കപ്പെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത്‌ നിങ്ങളാണോ? അതോ ആകാശമോ? അതിനെ അവൻ നിർമ്മിച്ചിരിക്കുന്നു.


28رَفَعَ سَمْكَهَا فَسَوَّاهَا
                                                                                             
അതിന്റെ വിതാനം അവൻ ഉയർത്തുകയും അതിനെ അവൻ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു


29. وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا

അതിലെ രാത്രിയെ അവൻ ഇരുട്ടാക്കുകയും അതിലെ പകലിനെ അവൻ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു

30. وَالْأَرْضَ بَعْدَ ذَلِكَ دَحَاهَا

അതിനു ശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു


31.أَخْرَجَ مِنْهَا مَاءهَا وَمَرْعَاهَا

അതിൽ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവൻ പുറത്ത്‌ കൊണ്ട്‌ വരികയും ചെയ്തിരിക്കുന്നു

32.وَالْجِبَالَ أَرْسَاهَا

പർവ്വതങ്ങളെ അവൻ ഉറപ്പിച്ചു നിർത്തുകയും ചെയ്തിരിക്കുന്നു

33.مَتَاعًا لَّكُمْ وَلِأَنْعَامِكُمْ

നിങ്ങൾക്കും നിങ്ങളുടെ കന്ന് കാലികൾക്കും ഉപയോഗത്തിനായിട്ട്‌


മഹാനായ മൂസാ(عليه السلام)നെതിരെ അഹങ്കാരത്തിന്റെ നിലപാടുമായി രംഗത്ത്‌ വന്ന ഫറോവയെ അല്ലാഹു നശിപ്പിച്ചതിൽ നിന്നു പാഠമുൾക്കൊള്ളാനുള്ള നിർദ്ദേശത്തിനു ശേഷം പുനർജ്ജന്മത്തെ നിഷേധിച്ചിരുന്ന മക്കാമുശ്‌രിക്കുകളുൾപ്പെടെയുള്ളവരുടെ നിലപാടിനെതിരിൽ തെളിവു നിരത്തുകയാണ്‌ അല്ലാഹു! അതായത്‌ മക്കാ മുശ്‌രിക്കുകൾ ചോദിച്ചിരുന്നത്‌ ദ്രവിച്ച എല്ലുകൾക്ക്‌ വീണ്ടും ജീവൻ കൊടുക്കാൻ അല്ലാഹുവിനു എങ്ങനെ സാധിക്കും എന്നായിരുന്നുവല്ലോ അല്ലാഹുവിന്റെ മറുപടി വളരെ വ്യക്തമാണ്‌ ഇമാം റാസി(رحمة الله عليه) എഴുതുന്നു..’അവരുടെ അനുഭവത്തിലുള്ള ഒരു കാര്യം അല്ലാഹു അവരെ ഉണർത്തുന്നു. അഥവാ മനുഷ്യൻ അവൻ ആകാശവുമായി തുലനം ചെയ്താൽ വളരെ ചെറിയൊരു സൃഷ്ടിയാണ്‌ ഇത്രയും വലിയ ആകാശം സൃഷ്ടിക്കാൻ സാധിക്കുന്ന അല്ലാഹുവിനു ബലഹീനനും വളരെ ചെറിയവനുമായ മനുഷ്യനെ ഒന്നു കൂടി മടക്കി സൃഷ്ടിക്കാൻ വല്ല പ്രയാസവുമുണ്ടോ? ഒരിക്കലുമില്ല ആസ്ഥിതിക്ക്‌ എങ്ങനെയാണിവർ പുനർജ്ജന്മത്തെ നിഷേധിക്കുന്നത്‌ എന്നാണ്‌ അല്ലാഹു ചോദിക്കുന്നത്‌ ഇതേ ആശയം സൂചിപ്പിക്കുന്ന ധാരാളം സൂക്തങ്ങൾ ഖുർആനിൽ കാണാം ഉദാ: സൂറ:യാസീൻ 81, സൂറ:ഗാഫിർ.57. (റാസി 31/41) അതിനു ശേഷം പറഞ്ഞ ഓരോ കാര്യവും പ്രകൃതിയിൽ അവർക്കു കൂടി കാണാൻ കഴിയുന്നവയാണ്‌ ഇതെല്ലാം നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപകാരത്തിനായി അല്ലാഹു സംവിധാനിച്ചിരിക്കുന്നു എന്നിട്ടും ഇതെല്ലാം ചെയ്തു തരുന്ന അല്ലാഹുവിനു നിങ്ങൾക്കു മറ്റൊരു ജീവിതം പുനർജ്ജന്മത്തിലൂടെ നൽകുവാൻ സാധിക്കില്ലെന്നും പുനർജ്ജന്മം യാഥാർത്ഥ്യമാക്കുവാനായി മറ്റൊരു ലോകം സംവിധാനിക്കാനും അല്ലാഹുവിനു കഴിയില്ലെന്നു വാദിക്കുന്നത്‌ എന്തു മാത്രം ധിക്കാരമല്ല എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണിവിടെ!

34 فَإِذَا جَاءتِ الطَّامَّةُ الْكُبْرَى

എന്നാൽ ഏറ്റവും വലിയ ആ വിപത്തു വന്നാൽ

35. يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَى


അതായത്‌ താൻ പ്രവർത്തിച്ചു വെച്ചതിനെ കുറിച്ച്‌ മനുഷ്യൻ ഓർക്കുന്ന ദിനം

36وَبُرِّزَتِ الْجَحِيمُ لِمَن يَرَى

നോക്കി കാണുന്നവർക്ക്‌ (കാണുവാൻ)വേണ്ടി കത്തിജ്ജ്വലിക്കുന്ന നരകം വെളിവാക്കപ്പെടുകയും ചെയ്യുന്ന ദിവസം!


നേരിടാൻ സാദ്ധ്യമല്ലാത്ത ഏത്‌ വിഷമങ്ങൾക്കും വിപത്തുകൾക്കും ത്വാമ്മ:എന്ന് അറബികൾ പറയും ഇവിടെ പറയുന്നത്‌ വലിയ വിപത്തിനെ കുറിച്ചു തന്നെയാണ്‌ എന്നാൽ അതു കൊണ്ട്‌ ഉദ്ദേശ്യം എന്താണെന്ന വിഷയത്തിൽ വ്യാഖ്യാതാക്കൾക്ക്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌ അന്ത്യ നാളാണെന്നും ഇസ്‌റാഫീൽ (عليه السلام)ന്റെ രണ്ടാമത്തെ ഊത്താണെന്നും ഓരോരുത്തരും അവരവരുടെ ജീവിതം ഒപ്പിയെടുത്ത ഗ്രന്ഥം വായിക്കുന്ന ദിനമാണെന്നും ചിലരെ സ്വർഗ്ഗത്തിലേക്കും മറ്റു ചിലരെ നരകത്തിലേക്കും കൊണ്ട്‌ പോകുന്ന ദിനമാണെന്നും അഭിപ്രായമുണ്ട്‌ തുടർന്ന് ആദിനത്തിന്റെ ഒരു പ്രത്യേകത അല്ലാഹു അറിയിക്കുകയാണ്‌ എല്ലാം മറന്ന് പോകുന്ന വിപത്തിന്റെ ആ ദിനത്തിൽ പക്ഷെ ആരും മറക്കാതെ ഓർക്കുന്ന ഒന്നുണ്ട്‌. താൻ ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ! ഇമാം റാസി(رحمة الله عليه) പറയുന്നു. ക്രോഡീകൃതമായ ഗ്രന്ഥം കാണുമ്പോഴാണ്‌ താൻ ചെയ്ത കാര്യങ്ങൾ അവൻ ഓർക്കുക(അതൊക്കെ അവൻ സൗകര്യ പൂർവ്വം മറന്നു പോയതായിരുന്നു...(റാസി 31/47) ആ ദിനത്തിലെ മറ്റൊരു അവസ്ഥയാണ്‌ നരകം വെളിവാക്കപ്പെടുക എന്നത്‌ എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധത്തിലാണ്‌ നരകം വെളിവാക്കപ്പെടുന്നതെങ്കിലും അതിൽ വിഭ്രാന്തിയുണ്ടാവുന്നത്‌ അവിശ്വാസികൾക്കായിരിക്കും. വിശ്വാസികൾക്ക്‌ അല്ലാഹു സമാധാനം നൽകുമെന്ന് സാരം!

37فَأَمَّا مَن طَغَى

അപ്പോൾ ഏതൊരാൾ (ധിക്കാരത്തിൽ) അതിരു വിട്ടുവോ

38. وَآثَرَ الْحَيَاةَ الدُّنْيَا


ഭൗതിക ജീവിതത്തിനു പ്രാധാന്യം കൊടുക്കുകയും ചെയ്തുവോ

39.فَإِنَّ الْجَحِيمَ هِيَ الْمَأْوَى

നരകം തന്നെയാണ്‌ അവന്റെ സങ്കേതം തീർച്ച!

40وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى

അപ്പോൾ ഏതൊരാൾ തന്റെ റബ്ബിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ ദേഹേച്ഛയിൽ നിന്ന് തടയുകയും ചെയ്തുവോ


41فَإِنَّ الْجَنَّةَ هِيَ الْمَأْوَى
നിശ്ചയം സ്വർഗം തന്നെയാണ്‌ അവന്റെ സങ്കേതം


ഈ ദിനത്തിന്റെ അവസ്ഥ വിശദീകരിച്ച അല്ലാഹു ആ ദിനത്തിൽ ഒത്തു കൂടിയവരെ രണ്ടായി ഭാഗിക്കുന്നു വിജയികളും പരാജയപ്പെട്ടവരും എന്നിങ്ങനെ! പരാചയപ്പെട്ടവർക്ക്‌ രണ്ട്‌ ലക്ഷണങ്ങളാണ്‌ ഇവിടെ അല്ലാഹു പറയുന്നത്‌ ഒന്ന് അതിരു കവിയൽ രണ്ട്‌ ഐഹിക പ്രേമം. ഇമാം റാസി(رحمة الله عليه) എഴുതുന്നു. ഏതൊരു മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ചിന്താപരമായ കുഴപ്പവും പ്രവർത്തനപരമായ കുഴപ്പങ്ങളും കടന്നു വരുന്നുവോ അവിടെയാണീ ദുരവസ്ഥയുണ്ടാകുന്നത്‌ .അതായത്‌ അല്ലാഹുവിന്റെ അജയ്യതയും തന്റെ നിസ്സാരതയേയും കുറിച്ച്‌ ബോധമുള്ള മനുഷ്യനാണെങ്കിൽ ഒരിക്കലും അവൻ അല്ലാഹുവിന്റെ കൽപനകളെ വെല്ലുവിളിച്ച്‌ മുന്നോട്ട്‌ പോകില്ല അപ്പോൾ യാഥാർത്ഥ്യങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും ധിക്കരിക്കുന്നതിൽ അതിരു കവിയുന്നവൻ ചിന്താപരമായ മരവിപ്പ്‌ ബാധിച്ചവൻ തന്നെ. മറ്റൊന്ന് ഐഹിക ജീവിതത്തിനു അതർഹിക്കുന്നതിൽ കവിഞ്ഞ്‌ പ്രാധാന്യം നൽകുന്നവർ ക്ഷണികമായ ദുനിയാവിന്റെ സന്തോഷത്തിനായി അനന്തമായ പരലോകം കളഞ്ഞ്‌ കുളിക്കുന്നവർ കർമ്മ പരമായ അപദ്ധം ബാധിച്ചവരാണ്‌ നബി() പറയുന്നു ദുനിയാവിനെ സ്നേഹിക്കലാണ്‌ എല്ലാ തെറ്റിന്റെയും അടിസ്ഥാനം. അപ്പോൾ ഈ രണ്ട്‌ വിശേഷണങ്ങളുള്ളവൻ കുഴപ്പങ്ങളുടെ മൂർദ്ധന്യത്തിലേക്ക്‌ കുതിക്കുകയും ശാശ്വത നരകം ഏറ്റ്‌ വാങ്ങേണ്ടി വരികയും ചെയ്യും ...(റാസി 31/48)


രണ്ടാമത്തെ വിഭാഗം വിജയികളാണ്‌ അവരുടെ സ്വഭാവം അല്ലാഹു പറയുന്നത്‌ നാഥന്റെ സ്ഥാനത്തെ ഭയപ്പെടുന്നവരും ഇച്ഛയിൽ നിന്ന് മനസ്സിനെ തടയുകയും ചെയ്തവർ എന്നാണ്‌ നാഥന്റെ സ്ഥാനം എന്താണെന്നതിൽ വ്യാഖ്യാതാക്കൾ പറയുന്നത്‌ വിചാരണക്ക്‌ വേണ്ടി അല്ലാഹുവിന്റെ കോടതിയിൽ നിൽക്കലാണെന്നാണ്‌ ദോഷങ്ങളിൽ ചെന്ന് പെടാൻ അവസരമുണ്ടാവുമ്പോൾ അല്ലാഹുവിനെ ഭയപ്പെട്ട്‌ അതിൽ നിന്നു (ഭൂമിയിൽ വെച്ച്‌ ഒഴിഞ്ഞു നിന്നിരുന്ന അവസ്ഥയാണുദ്ദേശ്യം എന്നും മറ്റും) അഭിപ്രായമുണ്ട്‌. ദേഹേച്ഛക്ക്‌ വഴിപ്പെടുന്നവരെ അത്‌ തിന്മയിലേക്ക്‌ നയിച്ചു കൊണ്ടേയിരിക്കും എന്നാൽ അല്ലാഹുവിന്റെ മഹത്വം ഓർക്കുകയും വിചാരണയെ ഭയപ്പെടുകയും ചെയ്താൽ അത്‌ മനുഷ്യനെ കൂടുതൽ നന്നാക്കും. മഹാനായ അബ്ദുള്ളാഹിബിൻ മസ്‌ഊദ്‌(رضي الله عنه) പറയാറുണ്ട്‌. നിങ്ങൾ ജീവിക്കുന്ന ഈ കാലം സത്യത്തിലേക്ക്‌ ഇച്ഛയെ വലിച്ചു കൊണ്ട്‌ വരുന്ന കാലമാണ്‌ എന്നാൽ ഒരു കാലം വരാനിരിക്കുന്നു അന്ന് ഇച്ഛ സത്യത്തെ തന്റെ ചൊൽപടിക്ക്‌ നിർത്തും ആ ആകാലത്തെ തൊട്ട്‌ അല്ലാഹുവിൽ ശരണം(ഖുർത്വുബി.19/146) ദേഹേച്ഛയിൽ നിന്ന് ശരീരത്തേയും മനസിനെയും തടയുന്നവർക്കല്ലാതെ സ്വകാര്യതയിൽ ദോഷബാധയെ സൂക്ഷിച്ച്‌ പിന്മാറാൻ സാദ്ധ്യമല്ല! മഹാനായ അബൂബക്കർ(رضي الله عنه) സാധാരണ തന്റെ വേലക്കാരൻ ഭക്ഷണം കൊണ്ട്‌ വരുമ്പോൾ എവിടെ നിന്നാണ്‌ ഇത്‌ എന്ന് ചോദിക്കാറുണ്ട്‌. ഒരു ദിവസം ചോദിച്ചില്ല .വേലക്കാരൻ ചോദിച്ചു. ഇന്നത്തെ ഭക്ഷണം എവിടെ നിന്നാണെന്ന് എന്താണ്‌ അങ്ങ്‌ ചോദിക്കാതിരുന്നത്‌? സിദ്ദീഖ്‌(رضي الله عنه) ചോദിച്ചു എവിടെ നിന്നാണിത്‌? വേലക്കാരൻ പറഞ്ഞു ഞാൻ അജ്ഞാത കാലത്ത്‌ ജോത്സ്യപ്പണിയെടുത്തിരുന്നു (എനിക്കതൊന്നും അറിയുകയില്ലായിരുന്നു) അതിൽ നിന്ന് ലഭിച്ച പൈസകൊണ്ടാണ്‌ ഈ ഭക്ഷണം വാങ്ങിയത്‌. ഇതു കേട്ടയുടൻ അല്ലാഹുവിനെ ഭയപ്പെട്ട സിദ്ദീഖ്‌(رضي الله عنه) വായയിൽ കൈയിട്ട്‌ ചർദ്ധിച്ച്‌ ആ ഭക്ഷണത്തിന്റെ അവശിഷ്ടം മുഴുവനും പുറത്ത്‌ കളഞ്ഞു എന്നിട്ടും മഹാനവർകൾ ഇനിയും വല്ലതും ഞരമ്പിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ അല്ലാഹുവേ അത്‌ നീ തടഞ്ഞു വെച്ചതാണ്‌ എന്ന് പറഞ്ഞു വിഷമിച്ചു. ഇതു പോലെ ധാരാളം കുറ്റങ്ങളുമായി ബന്ധപ്പെട്ട്‌ പല മഹാന്മാരും കരഞ്ഞിട്ടുണ്ട്‌ അതെല്ലാം ഈ ആയത്തിന്റെ ഉദ്ദേശ്യത്തിൽ വരുന്നതാണ്‌ കൽബി رضي الله عنه പറഞ്ഞതായി ഖുർത്വുബി رحمة الله عليه പറയുന്നു.സ്വകാര്യത്തിൽ ഒരു തെറ്റ്‌ ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ലഭിച്ചിട്ടും അല്ലാഹുവിനെ ഭയപ്പെട്ട്‌ ആ തെറ്റ്‌ ഒഴിവാക്കുന്നവരെ പറ്റിയാണീ സൂക്തം(ഖുർത്വുബി 19/147)അല്ലാഹു സൂക്ഷ്മതയുള്ള ജീവിതത്തിനു നമുക്ക്‌ തൗഫീഖ്‌ നൽകട്ടെ ആമീൻ


42يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا


നബിയേ! അന്ത്യ ഘട്ടത്തെ കുറിച്ച്‌ -അതെപ്പോഴാണ്‌ സംഭവിക്കുക എന്നവർ തങ്ങളോട്‌ ചോദിക്കുന്നു


43فِيمَ أَنتَ مِن ذِكْرَاهَا

അത്‌ പറഞ്ഞ്‌ കൊടുക്കുന്നതിനെ സംബന്ധിച്ച്‌ എന്ത്‌ നിലയിലാണ്‌ തങ്ങൾ ഉള്ളത്‌

അഥവാ അത്‌ പരിഹാസപൂർവ്വം അവർ ചോദിക്കുന്നതാണെന്നും അതിന്റെ സമയം പറഞ്ഞ്‌ കൊടുത്താലും അവർക്ക്‌ വഴികേടല്ലാതെ അത്‌ വർദ്ധിപ്പിക്കില്ല ബൈളാവി2/567)


44. إِلَى رَبِّكَ مُنتَهَاهَا

അതിന്റെ കലാശം താങ്കളുടെ രക്ഷിതാവിങ്കലേക്കാകുന്നു(അത്‌ അവന്ന് മാത്രമേ അറിഞ്ഞു കൂടൂ)


45إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا

നിശ്ചയമായും അതിനെ ഭയപ്പേടുന്നവനെ തക്കീത്‌ ചെയ്യുന്ന ആൾ മാത്രമാണ്‌ തങ്ങൾ


46 كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا

അതിനെ അവർ കാണുന്ന ദിവസം ഒരു സായാഹ്ന സമയമോ അതിന്റെ പൂർവ്വാഹ്ന സമയമോ അല്ലാതെ അവർ (ഇഹത്തിൽ)താമസിച്ചിട്ടില്ലെന്ന് അവർക്ക്‌ തോന്നും (അത്രയും ഭയങ്കരമായിരിക്കും അത്‌)


അന്ത്യ നാളിനെ കുറിച്ച്‌ ഖുർആൻ പലപ്പോഴും താക്കീത്‌ ചെയ്തിട്ടുണ്ട്‌ എന്നാൽ അതിന്റെ തിയതിയാണ്‌ നിഷേധികൾ നബി()യോട്‌ ചോദിക്കുന്നത്‌ അതിനു മറുപടി തിയതി പറയാൻ എനിക്കറിയില്ലെന്നും അല്ലാഹു നിശ്ചയിച്ച സമയത്ത്‌ അവൻ അത്‌ സംഭവിപ്പിക്കുമെന്നും അന്നേ ദിവസത്തെ നേരിടാൻ തയ്യാറെടുക്കുകയാണ്‌ നിങ്ങളുടെ ബാദ്ധ്യത എന്ന് മുന്നറിയിപ്പ്‌ നൽകലാണ്‌ അല്ലാഹു എന്നെ ഏൽപ്പിച്ച ഉത്തരവാദിത്ത്വമെന്നും അവരോട്‌ നബി() പറയാൻ കൽപ്പിക്കപ്പെട്ടിരിക്കുകയാണ്‌. ആ ദിനത്തിന്റെ ഭയാനകത കാണുമ്പോൾ ഭൂമിയിൽ ജീവിച്ചത്‌ ഒരു രാത്രിയോ /പകലോ മാത്രമേ ജീവിച്ചിരുന്നുള്ളൂ എന്ന് തോന്നിപ്പോകുമാർ അവർ പേടിച്ച്‌ പോകും എന്നാണിവിടെ ഉണർത്തുന്നത്‌ അവസാനമില്ലാത്തൊരു ജീവിതത്തിന്റെ ആരംഭവുമായിരിക്കും അന്ത്യനാൾ .


അല്ലാഹു ആദിനത്തിൽ രക്ഷപ്പെടുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ.. امين


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين
                              

സന്ദർശിക്കുക  www.vazhikaati.com   വിവരങ്ങൾക്ക് vilakk@gmail.com

4 comments:

വഴികാട്ടി / pathfinder said...

സൃഷ്ടിക്കപ്പെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത്‌ നിങ്ങളാണോ? അതോ ആകാശമോ? അതിനെ അവൻ നിർമ്മിച്ചിരിക്കുന്നു.
....
....

സൂറ: അന്നാസിആത്ത്‌ 79- سورة النازعات
( part-3 ; സൂക്തങ്ങൾ 27-46 )

വഴികാട്ടി / pathfinder said...

EID MILAD UN NABI WISHES TO ALL OF OUR READERS

വഴികാട്ടി / pathfinder said...

read the new post here
chapter 80 part-1

വഴികാട്ടി / pathfinder said...

EDITED AND UPDATED WITH PDF FILE