Wednesday, March 11, 2009

അദ്ധ്യായം 80 (അബസ ) سورة عبس part-1

അദ്ധ്യായം 80 സൂറത്ത്  അബസ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  42

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

.عَبَسَ وَتَوَلَّى

അവർ () മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു

2. أَن جَاءهُ الْأَعْمَى

തന്റെയടുത്ത്‌ ആ അന്ധൻ വന്നതിനാൽ

3وَمَا يُدْرِيكَ لَعَلَّهُ يَزَّكَّى


അങ്ങേക്ക്‌ അറിവ്‌ നൽകുന്നതെന്താണ്‌ ? ആ (വന്നയാൾ) പരിശുദ്ധി പ്രാപിച്ചേക്കാം

4. أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَى

അല്ലെങ്കിൽ അദ്ദേഹം ഉപദേശം സ്വീകരിക്കുകയും അങ്ങിനെ ആ ഉപദേശം അദ്ദേഹത്തിനു പ്രയോജനപ്പെടുകയും ചെയ്തേക്കാം

ഒരിക്കൽ മക്കയിലെ കുറേ പ്രധാനികളായ അവിശ്വാസികൾ നബി()യുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അവരെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു കൊണ്ടും മുസ്‌ലിമാവേണ്ടതിന്റെ അനിവാര്യത അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടും നബി അവരെ ഉത്ബോധിപ്പിക്കുന്നു. അവർ അത്‌ സ്വീകരിക്കുമെന്ന പ്രതീക്ഷ നബി(സ്വ)യുടെ മനസിൽ വരുന്നു. അപ്പോഴാണ്‌ അന്ധനായ അബ്ദുല്ലാഹി ബിൻ ഉമ്മി മക്തൂം(رضي الله عنه ) ആ സദസ്സിലേക്ക്‌ കയറി വന്നു കൊണ്ട്‌, നബിയേ! അങ്ങേക്ക്‌ അല്ലാഹു പഠിപ്പിച്ചു തന്ന വിജ്ഞാനത്തിൽ നിന്ന് എനിക്ക്‌ പഠിപ്പിച്ച്‌ തന്നാലും! എന്ന് പറഞ്ഞത്‌. ഇത്‌ പോലുള്ള സാധുക്കൾക്കൊപ്പം ഇരിക്കേണ്ടി വരും മുസ്‌ലിംകളായാൽ എന്ന് ചിന്തിച്ച്‌ തലക്കനത്തിന്റെ ആൾ രൂപങ്ങളായ ഈ അവിശ്വാസി നേതാക്കൾ മാറിപ്പോകുമോ എന്ന വിഷമത്തിൽ നബി() ക്ക്‌ ആ സ്വഹാബിയുടെ അപ്പോഴുണ്ടായ ആഗമനത്തിൽ നീരസം തോന്നുകയും അദ്ദേഹത്തിനു മറുപടി കൊടുക്കാതെ അവരുമായി നടന്ന് കൊണ്ടിരിക്കുന്ന സംസാരം തുടരുകയും ചെയ്തപ്പോഴാണ്‌ ഈ സൂക്തങ്ങൾ ഇറങ്ങിയതെന്നാണ്‌ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നത്‌. ഇതൊരിക്കലും നബി() അന്ധനായ ഇബ്നു ഉമ്മി മക്തൂമിനെ അവഗണിച്ചത്‌ കൊണ്ടായിരുന്നില്ല മറിച്ച്‌ അദ്ദേഹം നേരത്തേ മുസ്‌ലിമായ മഹാനാണ്‌. ഞാൻ തൽക്കാലം അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസത്തിനു തകരാറുണ്ടാവില്ല അതേ സമയം ഞാനിപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ഖുറൈശി നേതാക്കൾ സത്യത്തിലേക്ക്‌ കടന്ന് വന്നാൽ അത്‌ വലിയൊരു പുരുഷാരം ഇസ്‌ലാമിലേക്ക്‌-സത്യത്തിലേക്ക്‌-ഒഴുകിയെത്താൻ കാരണമാവും എന്ന് ആഗ്രഹിച്ചതിന്റെ പേരിലാണ്‌ നബി() ഈ സമീപനം സ്വീകരിച്ചത്‌. താനുമായി കൂടുതൽ അടുപ്പമുള്ളവരെ ചിലപ്പോൾ ഒഴിവാക്കി മറ്റുള്ളവർ സത്യത്തിലെത്താൻ അവരെ കൂടുതൽ പരിഗണിക്കുന്ന ശൈലി ചിലപ്പോഴൊക്കെ നബി() സ്വീകരിക്കാറുണ്ട്‌. പ്രവാചക ശിഷ്യന്മാരായ സ്വഹാബത്തിനു അത്‌ മനസിലാവുകയും ചെയ്യാറുണ്ട്‌. ആ സമീപനത്തിലൂടെ നബി() ഉദ്ദേശിക്കുന്നത്‌ നരകത്തിലെത്താൻ സാദ്ധ്യതയുള്ള ചിലരെയെങ്കിലും രക്ഷിച്ചെടുക്കുക എന്നതാണ്‌.

അവിടുന്ന് ഒരിക്കൽ പറഞ്ഞു

اني لأصل الرجل  وغيره أحب الي منه  مخافة أن يكبه الله في النار علي وجهه


ഞാൻ ഒരാളോട്‌ ബന്ധം പുലർത്തും യഥാർത്ഥത്തിൽ മറ്റു ചിലരായിരിക്കും എന്റെ ഏറ്റവും ഇഷ്ടന്മാർ.(എന്നിട്ടും ഇവരോട്‌ ഞാൻ കൂടുതൽ അടുപ്പം കാണിക്കുന്നത്‌) അവരെ അല്ലാഹു നരകത്തിലേക്ക്‌ തള്ളിയിടുന്നതിനെ തൊട്ട്‌ ഭയപ്പെട്ടത്‌ കൊണ്ടാണ്‌(ഖുർത്വുബി 19/150)

ഈ അബ്ദുല്ലാഹിബിൻ ഉമ്മി മക്തൂം(رضي الله عنه)നെ പിന്നീട്‌ നബി() കൂടുതൽ ആദരിക്കുകയും അദ്ദേഹത്തിനു കൂടുതൽ പരിഗണ നൽകി രണ്ട്‌ യുദ്ധ വേളയിൽ നബി(സ്വ) മദീനക്ക്‌ പുറത്ത്‌ പോയപ്പോൾ തന്നെ ഭരണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണുമ്പോൾ    مرحبا بمن عاتبني فيه ربي    എന്നെ അല്ലാഹു ആക്ഷേപിച്ചത്‌ ഏതൊരു മഹാന്റെ വിഷയത്തിലാണോ അവർക്ക്‌ സ്വാഗതം എന്ന് പറയാറുമുണ്ട്‌(ബൈളാവി 2/568) ഈ സംഭവത്തിൽ അല്ലാഹു തങ്ങൾ മുഖം ചുളിച്ചു, തങ്ങൾ പിന്തിരിഞ്ഞു, എന്ന ശൈലി പ്രയോഗിക്കാതിരുന്നത്‌ നബി() യെ അല്ലാഹു ബഹുമാനിച്ചത്‌ കൊണ്ടാണ്‌( ഖുർത്വുബി 19/150) ഈ സംഭവം നബി(സ്വ)യുടെ സത്യ സന്ധതക്കുള്ള ഏറ്റവും വലിയ തെളിവാണ്‌. കാരണം തന്റെ ഒരു സമീപനം അങ്ങനെയായിരുന്നില്ല വേണ്ടത്‌ എന്ന് അല്ലാഹു അറിയിച്ച ഈ കാര്യം നബി() ജനങ്ങളെ അറിയിച്ചുവല്ലോ വല്ലതും മറച്ചു വെക്കുമായിരുന്നുവെങ്കിൽ ഈ കാര്യം മറച്ച്‌ വെക്കുമായിരുന്നു(അദ്ദുർ അൽ മൻഥൂർ 6/518) ഈ സംഭവത്തോടെ പ്രബോധന മേഘലയിൽ എല്ലാവരെയും ഒരു പോലെ സമീപിക്കുന്ന ശൈലി നബി(സ്വ) സ്വീകരിച്ചു(ആർക്കും കൂടുതൽ പ്രാധാന്യം കൽപിച്ചില്ല) (അദ്ദുർ അൽ മൻഥൂർ 6/518)

ഈ സൂക്തങ്ങളിൽ നബി()യുടെ പാപ സുരക്ഷിതത്വത്തിനെതിരായ തെളിവുണ്ടെന്ന് കണ്ടെത്താവതല്ല. കാരണം നബി() ക്ക്‌ പ്രബോധന വീഥിയിൽ യുക്തമെന്ന് തോന്നുന്ന സമീപനം സ്വീകരിക്കാൻ അല്ലാഹു അനുമതി നൽകിയിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ ശത്രു പക്ഷത്ത്‌ നിലയുറപ്പിച്ചവർക്ക്‌ കൂടി സത്യത്തിന്റെ സന്ദേശം സ്വീകരിക്കാനാവശ്യമായ ഒരു സമീപനം സ്വീകരിക്കുകയായിരുന്നു അവിടുന്ന്. എന്നാൽ ഈ പ്രമാണിമാരെ പരിഗണിക്കുമ്പോൾ സാധുവായ ഇബ്നു ഉമ്മി മക്തൂം അതിനിടയിൽ (ബോധ പൂർവ്വമല്ലെങ്കിലും) അവഗണിക്കപ്പെട്ടുപോയല്ലോ ആ സമീപനം ഏറ്റവും നല്ലതിന്റെ മാറ്റമായി. അതാണ്‌ ഇവിടെ പറഞ്ഞത്‌ ഏറ്റവും നല്ലതിന്റെ മാറ്റം തെറ്റല്ല എന്ന് ഉറപ്പാണല്ലോ!(റാസി31/52) . നബി() ചിലരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ ഇടക്ക്‌ കയറി സംസാരിക്കുക, അവരുടെ സംസാരത്തിനു തടസ്സമുണ്ടാക്കുക, അവരുടെ സമ്മതം ഇല്ലാതെ അവിടെ പ്രവേശിക്കുക, തുടങ്ങിയ കാര്യങ്ങളൊന്നും നബി() പഠിപ്പിച്ച മര്യാദയിൽ പെട്ടതല്ല. ആസ്ഥിതിക്ക്‌ ഇവിടെ ഇബ്നു ഉമ്മി മക്തൂം(رضي الله عنه) ന്റെസമീപനം ആക്ഷേപാർഹം തന്നെയല്ലേ? അതിനു തങ്ങൾക്ക്‌ നീരസം തോന്നേണ്ടത്‌ തന്നെയല്ലേ? എന്നൊക്കെ ഇവിടെ ചോദിച്ചേക്കാം അതിന്റെ ഉത്തരം തുടർന്നുള്ള ആയത്തുകളിൽ നിന്ന് മനസിലാക്കാം. അതായത്‌ കണ്ണ്‌ കാണാത്ത ആ സ്വഹാബി, ഉപദേശം തേടിക്കൊണ്ടാണ്‌ വന്നത്‌ അദ്ദേഹം ശരിയായ വിശ്വാസിയായതിനാൽ ഉപദേശം ഫലപ്പെടുകയും ചെയ്യും. അപ്പോൾ അദ്ദേഹത്തെ പരിഗണിക്കുന്നതിൽ നന്മ മാത്രം! അതേ സമയം തങ്ങളുടെ മുന്നിലിരിക്കുന്ന ഈ അവിശ്വാസികൾക്ക്‌ ഉപദേശം തങ്ങൾ അങ്ങോട്ട്‌ വെച്ച്‌ കെട്ടുകയാണ്‌. അവർ അത്‌ സ്വീകരിക്കാതിരിക്കാനുള്ള പഴുതുകൾ തിരയുകയുമാണ്‌ അതിനാൽ അവർക്ക്‌ ഉപദേശം പ്രയോജനപ്പെടാതിരിക്കാനാണ്‌ സാദ്ധ്യത. എങ്കിൽ ഉറപ്പുള്ള ഈ ഫലം തന്നെയാണ്‌ പരിഗണിക്കേണ്ടത്‌ അതിനാൽ ഉദ്ദേശ ശുദ്ധിയോടെ വന്ന ഇബ്നു ഉമ്മി മക്തൂമി رضي الله عنه ന്റെ സമീപനത്തിലുള്ള അനൗചിത്യം അദ്ദേഹത്തിന്റെ ശുദ്ധ ചിന്താ ഗതിക്കു മുന്നിൽ പ്രശ്നമാക്കാതിരുന്നതാണ്‌.


5أَمَّا مَنِ اسْتَغْنَى

എന്നാൽ സ്വയം പര്യാപ്‌തത നടിച്ചവനാകട്ടെ

6فَأَنتَ لَهُ تَصَدَّى

അവന്റെ നേരെ തങ്ങൾ ശ്രദ്ധ തിരിക്കുന്നു

وَمَا عَلَيْكَ أَلَّا يَزَّكَّى .7

അവൻ(സത്യ നിഷേധത്തിൽ നിന്ന്)ശുദ്ധിയാവാത്തതിൽ തങ്ങൾക്ക്‌ ഒരു കുറ്റവുമില്ല


8. وَأَمَّا مَن جَاءكَ يَسْعَى

എന്നാൽ (താൽപര്യപൂർവ്വം) തങ്ങളുടെ അടുത്ത്‌ ധൃതിപ്പെട്ട്‌ വന്നവരാകട്ടെ

وَهُوَ يَخْشَى .9

അദ്ദേഹം(അല്ലാഹുവിനെ)ഭയപ്പെടുകയും ചെയ്യുന്നു

فَأَنتَ عَنْهُ تَلَهَّى .10

തങ്ങൾ അദ്ദേഹത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു


ധനവും നേതൃത്വവും സ്വാധീനവുമുള്ള ഖുറൈശി നേതാക്കളുടെ അവസ്ഥയാണ്‌ അല്ലാഹു ഉണർത്തുന്നത്‌. ഞങ്ങൾ ഇപ്പോൾ നിലകൊള്ളുന്നത്‌ തന്നെയാണ്‌ ശരിയെന്നും ഞങ്ങൾക്ക്‌ ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും ധരിച്ചു വശായ ആ അവിശ്വാസികളെ നന്നാക്കാൻ സമയം കളയുന്നതിനു പകരം ഭക്തനും വിജ്ഞാന ദാഹിയും ആയ ഈ മഹാന്റെ കാര്യത്തിൽ ശ്രദ്ധകൊടുക്കലാണ്‌ ഫലപ്രദം എന്ന് അറിയിക്കുകയാണ്‌ അല്ലാഹു. അദ്ദേഹത്തെ അല്ലാഹു നല്ലത്‌ കേൾക്കാൻ താൽപര്യത്തോടെ വരുന്നവർ. അല്ലാഹുവിനെ ഭയപ്പെടുന്നവർ എന്നെല്ലാം പ്രശംസിച്ചിരിക്കുന്നു .അദ്ദേഹത്തെ പ്രത്യേകം ആദരിക്കാറുണ്ടായിരുന്ന നബി() മദീനാ പള്ളിയിലെ സുബ്‌ഹി വാങ്കു വിളിക്കാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി അംഗീകരിക്കുകയുണ്ടായി

  كَلَّا إِنَّهَا تَذْكِرَةٌ. 11

അങ്ങനെ വേണ്ടാ! നിശ്ചയം അവ(ഖുർആൻ വചനങ്ങൾ) ഒരു ഉപദേശമാകുന്നു.

فَمَن شَاء ذَكَرَهُ.12

ആകയാൽ ആർ(വേണമെന്ന്) ഉദ്ദേശിക്കുന്നുവോ അവരത്‌ ഓർമ്മിച്ചു കൊള്ളട്ടെ


فِي صُحُفٍ مُّكَرَّمَةٍ  .13

ആദരണീയമായ ചില ഏടുകളിലാണ്‌ (അതുള്ളത്‌)

مَّرْفُوعَةٍ مُّطَهَّرَةٍ .14

(അതെ) ഉന്നതമാക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളിൽ)


بِأَيْدِي سَفَرَةٍ.15

ചില ദൗത്യ വാഹകന്മാരുടെ കൈക്ക്‌

كِرَامٍ بَرَرَةٍ .16

മാന്യന്മാരും പുണ്യവാന്മാരുമായ(ദൗത്യ വാഹകന്മാരുടെ കൈക്ക്‌)

ഇതു വരെ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയാണ്‌. സദുപദേശം തേടി വരുന്നവന്റെ നേരെ അശ്രദ്ധ കാണിക്കുകയും അതിനാവശ്യമില്ലെന്ന് നടിക്കുന്നവരുടെ നേരെ ശ്രദ്ധ തിരിക്കുകയും ചെയ്യേണ്ടതില്ല. ഈ ഖുർആൻ ഉപദേശമാണ്‌ അത്‌ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നവർ സ്വീകരിക്കട്ടെ. ആരെയും അത്‌ അടിച്ചേൽപ്പിക്കേണ്ടതില്ല. എന്നാൽ ഖുർആൻ ഒരു സാധാരണ ഉപദേശമല്ല മറിച്ച്‌ മഹത്തായതും ഉന്നത പദവിയുള്ളതും പിശാചുക്കളുടെ സ്പർശത്തിൽ നിന്ന് സംശുദ്ധമായതും മാന്യന്മാരും അനുസരണമുള്ളവരും ആയ സന്ദേശവാഹകരായ മലക്കുകളുടെ കൈവശമുള്ള ഏടുകളിൽ സ്ഥിതി ചെയ്യുന്നതുമാണിത്‌ വളരെ സംശുദ്ധവും പരിപാവനവുമായ ഗ്രന്ഥം!



മലക്കുകൾക്കിവിടെ മൂന്ന് വിശേഷണം പറഞ്ഞിരിക്കുന്നു

(1). സഫറത്ത്‌.
സഫറത്ത്‌ എന്നാൽ എഴുത്തുകാരായ മലക്കുകൾ എന്നും അല്ലാഹുവിന്റെയും മനുഷ്യരുടെയും ഇടയിലെ മദ്ധ്യ വർത്തികളായ മലക്കുകൾ എന്നും അർത്ഥമുണ്ട്‌ അല്ലാഹുവിൽ നിന്നുള്ള നിർദ്ദേശങ്ങൾ മനുഷ്യരിലേക്കെത്തിക്കുന്ന ദൗത്യവാഹകരായ മലക്കുകൾ!

(2) കിറാം.
അല്ലാഹുവിന്റെ അടുത്ത്‌ ആദരവുള്ളവർ എന്നും മനുഷ്യരോട്‌ ഇടപഴകുമ്പോൾ മാന്യത പുലർത്തുന്നവർ എന്നുമൊക്കെ ഇവിടെ ഉദ്ദേശ്യമാണ്‌

(3) ബററത്ത്‌.
അല്ലാഹുവിനെ യഥാവിധി അനുസരിക്കുന്നവർ എന്നത്രെ ഇവിടെ ഉദ്ദേശ്യം(റാസി 31/55)ഇത്ര മഹത്വമുള്ള ഖുർആൻ മനപാഠമാക്കുന്നവനും അതനുസരിച്ച്‌ ജീവിതം ക്രമീകരിക്കുന്നവനും പരലോകത്ത്‌ വലിയ മഹത്വമുണ്ട്‌.കഷ്ടപ്പെട്ട്‌ ഖുർആൻ പാരായണം ചെയ്യുന്നവർക്ക്‌ രണ്ട്‌ പ്രതിഫലമുണ്ടെന്ന് ഹദീസിൽ വന്നിരിക്കുന്നു.

ഖുർആൻ പാരായണത്തിലും ശരിയായ പഠനത്തിലും ശ്രദ്ധിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ 

PART 2 (  17-32 )   CLICK TO READ

PART 3 ( 33-42) CLICK TO READ 


5 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 80 (അബസ )سورة عبسസൂക്തങ്ങൾ 42 ; മക്കയിൽ അവതരിച്ചു
part-1 സൂക്തങ്ങൾ ( 1-16)

muham said...

മുഖം ചുളിച്ച സംഭവം പറഞ്ഞ്‌
നബി(സ്വ) യെ കുതിര കയറാൻ ശ്രമിക്കുന്നവർക്ക്‌ കണ്ണ്‌ തുറക്കാനും
സത്യം മനസിലാക്കാനും
ഉതകുന്ന വിവരണം നൽകിയതിനു വഴികാട്ടിക്ക്‌ അഭിനന്ദനങ്ങൾ

Anonymous said...

THIS ONE ALSO VERY GOOD

വഴികാട്ടി / pathfinder said...

muham,
a.k
and all other followeres / readers

thanks for your comment and support.

please read
part-2 സൂക്തങ്ങൾ ( 17-32)

വഴികാട്ടി / pathfinder said...

EDITED AND UPDATED .PDF FILE ADDED