Tuesday, March 31, 2009

അദ്ധ്യായം 80 (അബസ ) سورة عبس part-3

അദ്ധ്യായം 80 സൂറത്ത്  അബസ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  42

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


click here to read part-1 സൂക്തങ്ങൾ ( 1-16)

click here to read part-2 സൂക്തങ്ങൾ ( 17-32)



فَإِذَا جَاءتِ الصَّاخَّةُ 33

എന്നാൽ ആഭീകര ശബ്ദം വന്നാൽ

يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ 34

അതായത്‌ മനുഷ്യൻ തന്റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം

35وَأُمِّهِ وَأَبِيهِ

തന്റെ മാതാവിനേയും പിതാവിനേയും വിട്ടും(ഓടിപ്പോകുന്ന ദിവസം)


36.وَصَاحِبَتِهِ وَبَنِيهِ

തന്റെ ഭാര്യയേയും മക്കളെയും വിട്ടും(ഓടുന്ന ദിവസം)


37لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ

അന്ന് അവരിൽ നിന്ന് ഓരോരുത്തർക്കും തന്നെ മതിയാക്കത്തക്ക കാര്യങ്ങളുണ്ട്‌(അത്‌ കൊണ്ടാണ്‌ അവൻ ഉറ്റവരെയൊന്നും ശ്രദ്ധിക്കാത്തതെന്ന് ചുരുക്കം)

അല്ലാഹു നൽകുന്ന ധാരാളം അനുഗ്രഹങ്ങൾ കഴിഞ്ഞ സൂക്തങ്ങളിൽ സൂചിപ്പിച്ചുവല്ലോ! ഈ ആനുകൂകൂല്യങ്ങൾ അനുഭവിക്കുന്ന മനുഷ്യൻ എന്നിട്ടും അല്ലാഹുവിനു നന്ദി ചെയ്യുന്നതിനു പകരം നിഷേധവുമായി നടക്കാൻ ധാർഷ്ട്യം കാണിക്കുന്നു. എന്നാൽ അവരെ പരലോകത്ത്‌ ഒരുമിച്ചു കൂട്ടുന്നതിന്റെ ഭാഗമായി ഉണ്ടാവുന്ന കാഹളത്തിലെ രണ്ടാമത്തെ ഊത്താണ്‌ ഭീകര ശബ്ദം വന്നാൽ എന്നതിന്റെ വിവക്ഷ! ഖബ്‌റിൽ നിന്നു മഹ്ശർ മൈതാനിയിലെത്തുന്ന മനുഷ്യരുടെ അസ്വസ്ഥമായ അവസ്ഥയാണ്‌ അല്ലാഹു വിശദീകരിക്കുന്നത്‌. അന്നത്തെ വിഷമത്തിൽ നിന്നു എനിക്കെങ്ങനെ രക്ഷപ്പെടാനാവും എന്ന് മാത്രമായിരിക്കും ഓരോരുത്തരുടെയും ചിന്ത! സ്വന്തം മാതാപിതാക്കളെയോ ഭാര്യ സന്താനങ്ങളെയോ നേരിൽ കണ്ടാൽ പോലും അവരുടെ വിവരങ്ങൾ അന്വേഷിക്കാൻ ഒരാളും ഒരുക്കമല്ല. കാരണം ആദ്യം എന്റെ രക്ഷ! എന്നതാണ്‌ ഓരൊരുത്തരുടെയും ലക്ഷ്യം. അതിനായി നെട്ടോട്ടത്തിലാണ്‌ എല്ലാവരും!

ഇമാം ഖുർത്വുബി(رحمة الله عليه) എഴുതുന്നു. ഭൗതികജീവിതത്തിന്റെ അവസ്ഥകൾ വിവരിച്ചതിനു ശേഷം പരലോക കാര്യങ്ങൾ അല്ലാഹു വിശകലനം ചെയ്യുന്നത്‌ ആ ദിനത്തെ വരവേൽക്കാനായി സുകൃതങ്ങൾ ചെയ്തു ഒരുങ്ങാൻ ബുദ്ധിയുള്ളവർക്ക്‌ പ്രചോദനമാവാൻ വേണ്ടിയാണ്‌. ആ ദിനത്തിലുണ്ടാവുന്ന ശബ്ദത്തിനു ചെകിടടപ്പിക്കുന്ന ശബ്ദം. കാത്‌ പൊട്ടിപ്പോകുമാറുള്ള ശബ്ദം എന്നൊക്കെയാണ്‌ അർത്ഥം! (ഖുർത്വുബി 19/157)

ആ ദിനത്തിൽ സ്വന്തക്കാരിൽ നിന്നെല്ലാവരും ഓടും എന്നതിന്റെ താത്പര്യം എന്താണ്‌ എന്നതിനെ കുറിച്ച്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഇമാം റാസി(رحمة الله عليه) എഴുതുന്നു.. 'ഇവിടെ ഓടും എന്ന് പറഞ്ഞാൽ അതിന്റെ ബാഹ്യാർത്ഥം തന്നെയാവാം. അഥവാ സ്വന്തക്കാരെ കാണാതിരിക്കാനായി ഓടുക തന്നെ!കാരണം സ്വന്തക്കാരെ കണ്ട്‌ മുട്ടിയാൽ അവർക്ക്‌ ലഭിക്കേണ്ട ചില അവകാശങ്ങൾ അവർ ചോദിച്ചാലോ എന്ന ഭയം കാരണത്താൽ! അതായത്‌ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നോടുള്ള ചില കടമകൾ വീട്ടിയില്ലായിരുന്നുവെങ്കിൽ അത്‌ വെച്ച്‌ അവിടെ അവർ വിലപേശുമെന്ന് ഇവൻ ഭയപ്പെടുന്നു. അഥവാ സഹോദരൻ സഹോദരനെ കണ്ട്‌ മുട്ടിയാൽ അവൻ പറയും ഭൂമിയിൽ നിനക്ക്‌ സൗകര്യങ്ങളുണ്ടായിട്ടും സഹോദരനെന്ന നിലക്ക്‌ നീ എന്നെ സഹായിച്ചില്ല, രക്ഷിതാക്കൾ മക്കളെ കണ്ടാൽ പറയുന്നു മാതാപിതാക്കളോടുള്ള കടമകൾ നീ ഭൂമിയിൽ നിന്ന് വീട്ടിയിട്ടില്ല, ഭാര്യയെ കണ്ടാൽ അവൾ പറയും നിങ്ങൾ ഭൂമിയിൽ വെച്ചു എനിക്ക്‌ അനധികൃതമായ ആഹാരം തന്ന് എന്നെ ദുഷിപ്പിച്ചു, മക്കൾ കണ്ടാൽ പറയും പിതാവെന്ന നിലക്ക്‌ ഞങ്ങൾ പരലോകത്ത്‌ രക്ഷപ്പെടാനാവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുകയോ ഞങ്ങൾക്ക്‌ ദിശാബോധം നൽകുകയോ ചെയ്യാതെ നിങ്ങൾ ഞങ്ങളെ വിഷമത്തിലാക്കി.. ഇത്‌ പോലുള്ള എല്ലാ കുറ്റപ്പെടുത്തലുകളിൽ നിന്നും രക്ഷപ്പെടാമെന്ന് ധരിച്ചാണ്‌ അവൻ ഓടുന്നത്‌',

ഇനി ഓടുക എന്നാൽ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കില്ല എന്നും അർത്ഥമാവാം ഭൂമിയിലാവുമ്പോൾ സ്വന്തക്കാർക്ക്‌ ആപത്ത്‌ വരുന്നിടത്തൊക്കെ പെട്ടെന്ന് ഓടിയെത്തുന്നവർ പോലും പരലോകത്ത്‌ സഹായിക്കാനെത്തില്ലെന്നു ചുരുക്കം! ഖുർആനിൽ ഓടുന്നവരുടെ ക്രമം ആദ്യം സഹോദരൻ, പിന്നെ മാതാപിതാക്കൾ, പിന്നെ ഭാര്യ മക്കൾ എന്നിങ്ങനെ പറഞ്ഞത്‌ അടുപ്പം കൂടുതലും കുറവും പരിഗണിച്ച്‌ കൊണ്ടാണ്‌ അഥവാ സഹോദരനേക്കാൾ അടുപ്പം രക്ഷിതാക്കളോടും അവരേക്കാൾ ശ്രദ്ധ ഭാര്യാ മക്കളുടെ കാര്യത്തിലുമെടുക്കാറാണല്ലോ സാധാരണയായി മനുഷ്യന്മാർ!(റാസി 31/59,60)

ആ ദിനത്തിന്റെ ഗൗരവാവസ്ഥ വിശദീകരിച്ച്‌ ഇബ്നു കസീർ(رحمة الله عليه) എഴുതുന്നു. ''അന്നെദിനം ഭാര്യയെ കണ്ടാൽ ഭർത്താവ്‌ പറയും 'പ്രിയേ! ഭൂമിയിൽ ഞാൻ നിനക്ക്‌ വേണ്ടി ധാരാളം ഗുണങ്ങൾ ചെയ്ത്‌ തന്നത്‌ നിനക്ക്‌ ഓർമ്മയില്ലേ? ഇന്നെനിക്ക്‌ നിന്റെ ഒരു സഹായം വേണം നിന്റെ നന്മയിൽ നിന്ന് അൽപം തന്ന് നീ എന്നെ ഒന്ന് സഹായിക്കണം' ഇത്‌ കേട്ടാൽ ഭാര്യയുടെ പ്രതികരണം 'ഭൂമിയിൽ നിങ്ങൾ എന്റെ നല്ല ഭർത്താവായിരുന്നു. പക്ഷെ ഇവിടെ നിങ്ങൾ ഭയപ്പെടുന്ന അതേ ഭയം എനിക്കുമുണ്ട്‌ അതിനാൽ ഇന്ന് നിങ്ങളെ സഹായിക്കാൻ എനിക്കാവില്ല' എന്നായിരിക്കും. ഇതേ ക്രമത്തിൽ തന്നെയായിരിക്കും എല്ലാവരുടെയും പ്രതികരണം. ഏറ്റവും ശ്രേഷ്ടരായ പ്രവാചകന്മാർ പോലും അന്ന് എന്റെ രക്ഷ എന്നായിരിക്കും വിളിച്ചു പറയുക! (ഇബ്നു കസീർ 4/690)

അന്ന് വ്യത്യസ്തമായൊരു ശബ്ദം മുഹമ്മദ്‌ നബി()യിൽ നിന്ന് മാത്രമാണുണ്ടാവുക അവിടുന്ന് പറയുക എന്റെ സമുദായത്തെ രക്ഷിക്കേണമേ എന്നായിരിക്കും. ആ ഭീതിതമായ സമയത്ത്‌ പോലും നമ്മെ കൈവിടാത്ത നബി()യെ സ്വജീവനേക്കാൾ സ്നേഹിക്കാനും അവിടുത്തെ അപദാനങ്ങൾ വാഴ്ത്തുന്നതിലും അവിടുത്തെ ചര്യ പിൻതുടരുന്നതിലും വീഴ്ച്ച വരുത്താതിരിക്കാനും നമുക്ക്‌ ബാദ്ധ്യതയുണ്ടെന്ന കാര്യം ഒരിക്കലും നാം വിസ്മരിക്കരുത്‌.

ആ ദിവസത്തിന്റെ അവസ്ഥ മനസിലാക്കാൻ അനസ്‌(റ) നബി() യിൽ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ്‌ ധാരാളം മതി. ആഇശ:(رضي الله عنها) നബി() യോട്‌ ചോദിച്ചു. ''അല്ലാഹുവിന്റെ നബിയേ! എങ്ങനെയാണ്‌ പുരുഷന്മാരെ അന്ത്യനാളിൽ ഒരുമിച്ച്‌ കൂട്ടുക? നബി() പറഞ്ഞു. ചെരുപ്പു ധരിക്കാത്തവരായും നഗ്നരായും കൊണ്ട്‌. വീണ്ടും ആ ഇശ: رضي الله عنها ചോദിച്ചു. സ്ത്രീകളെയോ? നബി() പറഞ്ഞു. അവരെയും അങ്ങനെ തന്നെ! അപ്പോൾ ആ ഇശ:ബീവി പറഞ്ഞു. അയ്യേ!അപ്പോൾ പരസ്പരം നഗ്നത കാണില്ലേ ? വല്ലാത്ത നാണക്കേട്‌ തന്നെ!! നബി() പറഞ്ഞു. ഇല്ല.. അന്നേ ദിനം ഒരാളും മറ്റൊരാളുടെയും നഗ്നത നോക്കില്ല. കാരണം ഓരോരുത്തർക്കും അവന്റെ രക്ഷയേ കുറിച്ച്‌ ചിന്തിക്കാൻ മാത്രമെ അന്ന് ശ്രദ്ധയുണ്ടാവൂ. അതാണ്‌ അല്ലാഹു പറഞ്ഞത്‌ ഓരോ ആളുകൾക്കും അന്ന് തന്നെ മതിയാക്കത്തക്ക കാര്യമുണ്ട്‌!

ചിന്തിക്കുക ! അവനവന്റെ രക്ഷക്ക്‌ അവിടെ വെച്ച്‌ മാത്രം ശദ്ധിച്ചത്‌ കൊണ്ടായില്ല ഇവിടെ വെച്ച്‌ തയാറാവണം ഒരുക്കങ്ങൾ നടത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ!

എന്നാൽ അന്ന് അല്ലാഹുവിനെ അനുസരിച്ച്‌ ഭൂമിയിൽ ജീവിച്ചിരുന്നവരും ധിക്കരിച്ചു നടന്നിരുന്നവരും ഒരു പോലെയായിരിക്കുമെന്ന് ധരിക്കരുത്‌. അവർ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടാവും അതാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌

38وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ

അന്ന് ചില മുഖങ്ങൾ പ്രസന്നമായിരിക്കും

39 ضَاحِكَةٌ مُّسْتَبْشِرَةٌ

ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയുമായിരിക്കും

40.وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ

(വേറേ)ചില മുഖങ്ങളാവട്ടെ അന്ന് അവയുടെ മേൽ പൊടിപടലം ഉണ്ടായിരിക്കും


41.  تَرْهَقُهَا قَتَرَةٌ
അവയെ കൂരിരുട്ട്‌ മൂടിയിരിക്കും

42أُوْلَئِكَ هُمُ الْكَفَرَةُ الْفَجَرَةُ
അവരാണ്‌ ദുർമാർഗികളായ സത്യ നിഷേധികൾ!

അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ സന്തുഷ്ടരായ കാരണത്താൽ സജ്ജനങ്ങളുടെ മുഖം പ്രസന്നവും സന്തോഷം കളിയാടുന്നതുമായിരിക്കും. അതേ സമയം യാതൊരു പ്രതീക്ഷയുമില്ലാത്ത ദുർജ്ജനങ്ങളുടെ മുഖത്ത്‌ നിന്ന് തന്നെ അവരുടെ വിഷമം വായിച്ചെടുക്കാനാവും. അല്ലാഹു സത്യവിശ്വാസികളിൽ നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.. ആമീൻ.

ഇമാം റാസി(رحمة الله عليه) എഴുതുന്നു. ''അന്ത്യ നാളിന്റെ ഭീതിതമായ അവസ്ഥ വിശദീകരിച്ചതിനു ശേഷം അല്ലാഹു മനുഷ്യരെ പ്രധാനമായും രണ്ട്‌ വിഭാഗമായി തരം തിരിക്കുന്നു. ഒന്ന് വിജയികൾ. രണ്ട്‌ പരാചയപ്പെട്ടവർ. വിജയികളുടെ വിശേഷണമായി അല്ലാഹു പറഞ്ഞു പ്രസന്ന മുഖമുള്ളവർ. അവരുടെ മുഖപ്രസന്നതക്ക്‌ പല കാരണങ്ങളും ഉണ്ട്‌. ഇബ്നു അബ്ബാസ്‌(رضي الله عنه) പറയുന്നു. രാത്രി നിസ്കാരം നിർവ്വഹിച്ചതിനാൽ എന്ന്. കാരണം രാത്രി കൂടുതൽ നിസ്ക്കരിച്ചവന്റെ മുഖം പകലിൽ സുന്ദരമായിരിക്കും എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വുളൂഇന്റെ അടയാളം കാരണത്താൽ പ്രസന്നമാകുമെന്ന് ളഹ്ഹാക്ക്‌(رضي الله عنه) പറയുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ പൊടി പുരണ്ടകാരണത്താൽ എന്നും അഭിപ്രായമുണ്ട്‌. ഭൗതിക ബന്ധങ്ങളിൽനിന്നെല്ലാം രക്ഷപ്പെട്ട്‌ വിചാരണ കഴിഞ്ഞ ആശ്വാസത്തിൽ അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന പൊരുത്തത്തിന്റെ ഊഷ്മളതയാൽ മുഖത്തിന്റെ തെളിച്ചം കൂടുമെന്നാണ്‌ എന്റെ അഭിപ്രായം(റാസി 31/60)

രണ്ടാം വിഭാഗത്തിനു അല്ലാഹു മുഖത്തിനു കറുപ്പും പൊടി പടലവും കൊണ്ട്‌ മൂടിയത്‌ തെമ്മാടിത്തരവും അവിശ്വാസവും അവർ കൊണ്ട്‌ നടന്നതിനാലാണ്‌(റാസി 31/60)
ദോഷത്തിന്റെ ആധിഖ്യത്താൽ വിയർപ്പിൽ മുങ്ങിയ അവിശ്വാസിയുടെ മുഖത്ത്‌ പൊടി പടലങ്ങൾ ശരിക്കും സ്ഥാനം പിടിക്കും (അദ്ദുർ അൽമൻഥൂർ 6/523)

പ്രിയപ്പെട്ട വായനക്കാരേ! വർണ്ണിക്കാൻ സാദ്ധ്യമല്ലാത്ത അത്രയും വിഷമകരമായ അന്ത്യ ദിനം നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കുകയും ജീവിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്തുകയും ചെയ്യാൻ നാം സദാ ശ്രദ്ധയുള്ളവരാവണം .അല്ലാഹു നമുക്കും ഗുണകാംക്ഷികൾക്കും അതിനു അനുഗ്രഹിക്കട്ടെ ആമീൻ

അബസ സൂറത്ത്‌ പാരായണം ചെയ്യുന്നവൻ പരലോകത്ത്‌ പ്രസന്നമായ മുഖവുമായിട്ടായിരിക്കുമെന്ന് നബി() പറഞ്ഞിട്ടുണ്ട്‌(ബൈളാവി 2/571)

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين   ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  


وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

4 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 80 (അബസ ) سورة عبس
part-3 സൂക്തങ്ങൾ ( 32-42)


വർണ്ണിക്കാൻ സാദ്ധ്യമല്ലാത്ത അത്രയും വിഷമകരമായ അന്ത്യ ദിനം നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കുകയും ജീവിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്തുകയും ചെയ്യാൻ നാം സദാ ശ്രദ്ധയുള്ളവരാവണം .അല്ലാഹു നമുക്കും ഗുണകാംക്ഷികൾക്കും അതിനു അനുഗ്രഹിക്കട്ടെ ആമീൻ

ബഷീർ said...

ആമീൻ

നല്ലതിനായി പ്രവർത്തിക്കാനും തിന്മയിൽ നിന്ന് വിട്ടു നിൽക്കാനും നാഥൻ തൗഫീഖ്‌ നൽകട്ടെ..

ആശം സകൾ

വഴികാട്ടി / pathfinder said...

അഭിപ്രായം ബ്ലോഗിലൂടെയും മെയിലിലൂടെയും അറിയിച്ചവർക്കും വിൾക്ക് ഫോളോ ചെയ്യുന്നവർക്കും നന്ദി

പുതിയ പോസ്റ്റ് അദ്ധ്യായം 81 ഭാഗം 1

ഇവിടെ വായിക്കാം

വഴികാട്ടി / pathfinder said...

EDITED AND UPDATED -PDF FILE ADDED