അദ്ധ്യായം 81 സൂറ: അത്തക്‌വീർ | മക്കയിൽ
അവതരിച്ചു | സൂക്തങ്ങൾ 29
ഇമാം
തുർമുദി(رحمة الله عليه ) റിപ്പൊർട്ട് ചെയ്ത ഒരു നബി
വചനത്തിൽ ഇങ്ങനെ കാണാം നബി(ﷺ) പറഞ്ഞതായി
ഇബ്നു ഉമർ(رضي الله عنه ) പറയുന്നു. ഖിയാമത്ത് നാളിനെ
നോക്കി കാണുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവർ സൂറ:81(തക്‌വീർ), സൂറ:
82(ഇൻഫിത്വാർ), സൂറ:
84(ഇൻശിഖാഖ്)
എന്നിവ പാരായണം ചെയ്യട്ടെ (അന്ത്യനാളിന്റെ നേർക്കാഴ്ച്ചയാണിവ)
( part-1 ) 1 മുതൽ 14 വരെ സൂക്തങ്ങളുടെ വിശദീകരണം ഇവിടെ
( 15 മുതൽ 29 വരെ സൂക്തങ്ങളുടെ വിശദീകരണം ) part-2
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു (ബിസ്മിയുടെ വിശദീകരണം ഇവിടെ വായിക്കാം )
15. فَلَا أُقْسِمُ بِالْخُنَّسِ
എന്നാൽ പിൻവാങ്ങി പോകുന്നവ കൊണ്ട് ഞാൻ സത്യം ചെയ്ത് പറയുന്നു
16. الْجَوَارِ الْكُنَّسِ
(അതായത്)സഞ്ചരിച്ച്
കൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയും ചെയ്യുന്നവ കൊണ്ട്.
നക്ഷത്രങ്ങളെ
കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുകയാണ് നക്ഷത്രങ്ങൾ രാത്രി പ്രത്യക്ഷപ്പെടുകയും
പകൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു ചില നക്ഷത്രങ്ങൾ അവയുടെ സഞ്ചാര പഥത്തിലൂടെ
മുന്നോട്ട് വന്ന് പ്രത്യക്ഷപ്പെടുകയും വീണ്ടും പിന്നോട്ട് മടങ്ങി
അപ്രത്യക്ഷമാവുകയും ചെയ്യുന്നു നക്ഷത്രങ്ങളുടെ ഇങ്ങനെയുള്ള സ്വഭാവ വിശേഷണങ്ങളാണ്
ഇവിടെ വിശദീകരിച്ചിരിക്കുന്നത്
17. وَاللَّيْلِ إِذَا عَسْعَسَ
രാവ് കൊണ്ടും (ഞാൻ സത്യം ചെയ്യുന്നു) അത് (ഇരുട്ടുമായി) മുന്നോട്ട്
ഗമിക്കുമ്പോൾ.
ഇവിടെ
പിന്നോട്ട് ഗമിക്കുമ്പോൾ എന്നും വ്യഖ്യാനമുണ്ട്.രണ്ടായാലും രാവിന്റെ
ഇരുട്ടുമായുള്ള വരവാണ് ഉദ്ദേശ്യം.രാവിന്റെ ആദ്യം ഇരുട്ടുമായി മുന്നോട്ട്
വരുന്നുവെന്നും രാവിന്റെ അവസാനം ഇരുട്ടുമായി പിന്നോട്ട് പോകുന്നുവെന്നും ചിലർ
അർത്ഥം പറഞ്ഞിട്ടുണ്ട്(ഖുർത്വുബി 19/167)
18. وَالصُّبْحِ إِذَا تَنَفَّسَ
പ്രഭാതം കൊണ്ടും(ഞാൻ സത്യം ചെയ്യുന്നു) അത് വെളിച്ചം വീശി വികസിച്ച് വരുമ്പോൾ
പകൽ
വെളിച്ചവുമായി വരുന്ന അവസ്ഥയാണിതിൽ സൂചിപ്പിച്ചിരിക്കുന്നത് ഈ പറഞ്ഞ മൂന്ന്
കാര്യങ്ങളും നമുക്ക് കാണാൻ സാധിക്കുന്നതും നാം ഫലം അനുഭവിക്കുന്നതുമായ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്. ഇവയുടെ ഈ സേവനം മുഖേന നമുക്ക് ജീവിതത്തിൽ
വല്ലാത്ത ആശ്വാസവും അനുഗ്രഹവുമാണ് അല്ലാഹു നൽകിയിരിക്കുന്നത് എന്ന് ചിന്തിക്കാൻ
നാം എത്ര സമയം ചിലവിടാറുണ്ട്? പകലോ രാത്രിയോ ഇല്ലാതായാലുള്ള അസ്വസ്ഥതയും
അസൗകര്യങ്ങളും ചിന്തിച്ചാൽ നാം അല്ലാഹുവിനു നന്ദി ചെയ്യാത്ത വല്ല സമയവും ഉണ്ടാവുമോ? പ്രപഞ്ചത്തിലെ
ഈ വസ്തുക്കളെ കൊണ്ട് സത്യം ചെയ്ത് വിശുദ്ധ ഖുർ ആനിന്റെ ആധികാരികതയും
സത്യസന്ധതയും സ്ഥിരീകരിക്കുകയാണ് അല്ലാഹു.
19. إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
നിശ്ചയം ഇത്(ഖുർആൻ) മാന്യനായ ഒരു ദൂതൻ(എത്തിച്ചു തന്ന) വാക്കാകുന്നു
20. ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ
അതെ !ശക്തനും അർശിന്റെ(സിംഹാസനത്തിന്റെ) ഉടമസ്ഥന്റെ
അടുത്ത് സ്ഥാനമുള്ളവരുമായ(ദൂതൻ)
21. مُطَاعٍ ثَمَّ أَمِينٍ
(ആകാശ ലോകങ്ങളിൽ) അനുസരിക്കപ്പെടുന്നവരും വിശ്വസ്തരുമായ (ദൂതൻ എത്തിച്ചു തന്ന
വാക്കാകുന്നു ഇത്)
ഖുർആൻ അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ(عليه السلام) മുഖേനയാണല്ലോ
നബി(ﷺ)ക്ക് എത്തിക്കപ്പെട്ടത്. എത്തിച്ച്
കൊടുക്കുന്നയാളിന്റെ സ്ഥാനവും മഹത്വവും അറിയുമ്പോഴാണല്ലോ എത്തിക്കപ്പെട്ടതിന്റെ
പ്രാധാന്യം വ്യക്തമാവുക! ജിബ്‌രീൽ മാലാഖ എന്ന ദൂതനു അല്ലാഹു പറഞ്ഞ വിശേഷണങ്ങൾ
മാന്യൻ,ശക്തൻ,അല്ലാഹുവിങ്കൽ
സ്ഥാനമുള്ളയാൾ,ആകാശ
ലോകങ്ങളിൽ അനുസരിക്കപ്പെടുന്നയാൾ വിശ്വസ്ഥൻ എന്നിവയാണ്. അല്ലാഹുവിൽ നിന്ന് നബി(ﷺ)ക്ക്
ഖുർആൻ എത്തിച്ചു കൊടുത്ത ദൂതന്റെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെടുന്നത്
അദ്ദേഹത്തിലൂടെ എത്തിക്കപ്പെട്ട വിഷയമായ ഖുർആനിന്റെ വിശ്വാസ്യത വിളിച്ചോതുന്നുണ്ട്.
അല്ലാഹു മഹത്വം നൽകിയ ജിബ്‌രീൽ(عليه السلام)ന്റെ ശക്തി
പലതിലും പ്രകടമാണ് ജിബ്‌രീലിന്റെ ശക്തിക്കുദാഹരണമാണ് ലൂഥ്(عليه السلام)ന്റെ ജനതയുടെ
ഗ്രാമം തന്റെ ചിറകിന്റെ മുൻഭാഗം കൊണ്ട് താൻ പിഴുതെടുത്തു എന്നത്(റാസി/ഖുർത്വുബി)
സിംഹാസനത്തിന്റെ ഉടമസ്ഥന്റെ അടുത്ത് സ്ഥാനമുള്ളവൻ എന്ന് പറഞ്ഞതിനെ വിശദീകരിച്ച്
കൊണ്ട് ഇമാം റാസി(رحمة الله عليه )എഴുതുന്നു. ഈ അടുത്ത് എന്നത് സ്ഥലവുമായോ
ഭാഗവുമായോ ബന്ധപ്പെട്ട അടുപ്പമല്ല മറിച്ച് മഹത്വം ആദരവ് എന്ന അടുപ്പമാണ്
ഉദ്ദേശ്യം(റാസി 31/67)
അവിടെ അനുസരിക്കപ്പെടുന്നവർ എന്നാൽ ജിബ്‌രീൽ(عليه السلام) ന്റെ
എല്ലാകൽപനകളും മലക്കുകൾ അവരുടെ ലോകത്ത് അനുസരിക്കുന്നുവെന്നാണ്. ഇമാം ഖുർത്വുബി(رحمة الله عليه )എഴുതുന്നു. മലക്കുകൾ ജിബ്‌രീൽ(عليه السلام)നെ
അനുസരിക്കുന്നതിന്റെ ഉദാഹരണമാണ് ഇസ്‌റാഇന്റെ(നിശാ പ്രയാണം) രാത്രിയിൽ നബി(ﷺ)
യുമായി എത്തിയ ജിബ്‌രീൽ(عليه السلام) സ്വർഗത്തിന്റെ ഉത്തരവാദിത്തമുള്ള രിള്‌വാൻ(عليه السلام നോട് സ്വർഗം
തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്വർഗവും നരകത്തിന്റെ ചുമതലയുള്ള മാലിക്(عليه السلام)നോട് നരകം
തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ നരകവും തുറക്കുകയും നബി(ﷺ)
അതിലുള്ള കാര്യങ്ങൾ കാണുകയും ചെയ്തത്(ഖുർത്വുബി 19/168). താൻ അല്ലാഹുവിൽ നിന്ന്
പ്രവാചകന്മാർക്ക് എത്തിച്ച് കൊടുക്കുന്ന സന്ദേശങ്ങളിൽ താൻ വിശ്വസ്ഥനാണെന്നത്രെ.
തുടർന്ന് അല്ലാഹു പറഞ്ഞത് ഏതായാലും ഈ മഹത്വങ്ങളെല്ലാമുള്ള ജിബ്‌രീൽ(عليه السلام) ഈ ഖുർആൻ
എത്തിച്ച് കൊടുക്കുന്ന പ്രവാചകനും വലിയ മഹത്വവും പ്രത്യേകതയുമുള്ളവരാണെന്നാണ്
അല്ലാഹു തുടർന്ന് പറയുന്നത്.
22. وَمَا صَاحِبُكُم بِمَجْنُونٍ
നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തനല്ലതാനും.
നബി(ﷺ)
ഖുർആൻ ഓതിക്കൊണ്ട് പ്രബോധനം നടത്തുമ്പോൾ ഖുർആൻ നിരാകരിക്കാനും നബി(ﷺ)യെ
തിരസ്ക്കരിക്കാനുമായി ശത്രുക്കൾ പറഞ്ഞിരുന്ന ഒരു ദുരാരോപണമാണ് നബി(ﷺ)
ഭ്രാന്തനാണെന്ന്. ആ വാദഗതിയുടെ പൊള്ളത്തരം തുറന്ന് കാട്ടാനും നബി ﷺ)
യുടെ ആധികാരികത സ്ഥിരീകരിക്കാനുമുതകുന്ന വാചകമാണിത്. അതായത് നബി(ﷺ)
നിങ്ങൾക്കിടയിൽ ജീവിച്ചവരാണ് അവിടുത്തേക്ക് ഭ്രാന്തോ ബുദ്ധി ഭ്രമമോ
ഒന്നുമില്ലെന്നും മറിച്ച് നല്ല കൂർമ്മ ബുദ്ധിയും വിശ്വസ്തയും ഉള്ളവരാണ്
തങ്ങളെന്നും അവിടുന്ന് പറയുന്ന കാര്യങ്ങളെ നിങ്ങൾ അവിശ്വസിക്കുന്നത്
കഷ്ടമാണെന്നും അല്ലാഹു സ്ഥപിക്കുന്നു
23. وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ
തീർച്ചയായും അദ്ദേഹത്തെ (ആ ദൂതനെ )പ്രത്യക്ഷമായ (നഭോ) മണ്ഡലത്തിൽ വെച്ച്
നബി(സ്വ)കണ്ടിട്ടുണ്ട്.
ജിബ്‌രീൽ(عليه السلام) മുഖേനയാണല്ലോ
ഖുർആൻ ഇറങ്ങുന്നത് .ജിബ്‌രീലും നബി(ﷺ) യും പരസ്പരം
നന്നായി പരിചയമുണ്ടെന്നും ജിബ്‌രീൽ (عليه السلام) നെ ഉപരി മണ്ഡലത്തിൽ വെച്ച് തന്റെ ശരിയായ
രൂപത്തിൽ തന്നെ നബി(ﷺ) കണ്ടിട്ടുണ്ടെന്നും
സ്ഥിരപ്പെടുത്തുകയാണിവിടെ. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാൻ ഈ വാചകം
ധാരാളം മതിയാവും ഈ പറഞ്ഞ കാഴ്ച്ച ജിബ്‌രീലിന്റെ സാക്ഷാൽ രൂപത്തിലുള്ള കാഴ്ചയാണ്.
സാക്ഷാൽ രൂപത്തിൽ രണ്ട് തവണ നബി(ﷺ) ജിബ്‌രീൽ (عليه السلام) നെ
കണ്ടിട്ടുണ്ട്.
24. وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
അദ്ദേഹമാകട്ടെ അദൃശ്യ കാര്യങ്ങളെ പറ്റി സംശയിക്കപ്പെടുന്ന ആളുമല്ല.
ഖുർആൻ നബി(ﷺ)
ഓതിക്കൊടുക്കുമ്പോൾ അതിൽ ധാരാളം കാര്യങ്ങൾ വരുന്നു പൂർവ്വ്വീകരുടെ ചരിത്രങ്ങൾ, വരാനിരിക്കുന്ന
കാര്യങ്ങൾ ഇതൊക്കെ നബി(ﷺ) പറയുമ്പോൾ താൻ ഇതൊക്കെ കെട്ടിയുണ്ടാക്കി
പറയുന്നതാണെന്ന് ഊഹിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും തങ്ങളുടെ സത്യ സന്ധത അതിനു
മാത്രം പ്രസിദ്ധമാണെന്നും ഉണർത്തിയിരിക്കുകയാണ് അല്ലാഹു. അല്ലാഹുവിൽ നിന്ന്
ലഭിക്കുന്ന അദൃശ്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ച് വെച്ച് പിശുക്ക്
കാണിക്കുന്നവരല്ല നബി(ﷺ) എന്നും ഈ വാക്യത്തിനു ചിലർ വ്യാഖ്യാനം
പറഞ്ഞിട്ടുണ്ട്.
25. وَمَا هُوَ بِقَوْلِ شَيْطَانٍ رَجِيمٍ
അത്(ഖുർആൻ)ശപിക്കപ്പെട്ട
പിശാചിന്റെ വാക്കുമല്ല.
ഇമാം റാസി(رحمة الله عليه )എഴുതുന്നു. മക്കക്കാർ പറയാറുണ്ടായിരുന്നു. ഏതോ
ഒരു പിശാച് ഈ വാചചകങ്ങളുമായി വന്ന് നബി(സ്വ) യുടെ നാവിലൂടെ ഇട്ട് കൊടുക്കുന്ന
വാചകമാണ് ഖുർആൻ എന്ന് .അതിനെ അല്ലാഹു നിഷേധിക്കുകയാണ് ഈ ഖുർആൻ അല്ലാഹുവിന്റെ
അനുഗ്രഹങ്ങളിൽ നിന്ന് ആട്ടപ്പെട്ട പിശാചിന്റെ വാക്കുകളല്ല തന്നെ എന്ന
പ്രഖ്യാപനത്തിലൂടെ!
26. فَأَيْنَ تَذْهَبُونَ
എന്നിരിക്കെ നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?
അതായത്
വിശ്വസ്തനായ ജിബ്‌രീൽ മാലാഖ മുഖേന അല്ലാഹുവിന്റെ ദൂതനായ നബി(ﷺ)
ക്ക് അല്ലാഹു നൽകിയതാണ് ഖുർആൻ എന്ന് വരുമ്പോൾ അത് അവതരിപ്പിക്കുന്നതിൽ പിശാചിനു
യാതൊരു പങ്കുമില്ലെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത സ്ഥിതിക്ക് ഈ ഖുർആൻ
അവഗണിച്ച് നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് അല്ലാഹു ചോദിക്കുന്നു. അഥവാ ഈ
നിഷേധാത്മക നിലപാട് ഒട്ടും ശരിയല്ലെന്ന് സാരം!
27. إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
അത്(ഖുർആൻ)ലോകർക്കുള്ള
ഒരു ഉത്ബോധനം മാത്രമാണ്.
ഖുർആൻ
പൈശാചിക വചനങ്ങളാണെന്നും മറ്റും ജൽപ്പിച്ചവർക്കുള്ള മറുപടിയായി അത്
പൈശാചികമല്ലെന്ന് നേരത്തേ പറഞ്ഞല്ലോ. ഇപ്പോൾ അല്ലാഹു എന്താണത് ,എന്തിനാണത്
എന്ന് കൂടി വ്യക്തമാക്കുകയാണ് ഇത്(ഖുർആൻ ) ഒരു ഉൽബോധനം മാത്രമാണ്. ഇത്
ഫലപ്പെടുന്നത് ആർക്കാണെന്നാണ് അല്ലാഹു വിശദീകരിക്കുകയാണ്
28. لِمَن شَاء مِنكُمْ أَن يَسْتَقِيمَ
അതായത് നിങ്ങളിൽ നിന്ന് ചൊവ്വായി നിലകൊള്ളുവാൻ ഉദ്ദേശിക്കുന്നവർക്ക് നേർമാർഗത്തിൽ നിലകൊള്ളാൻ ഉദ്ദേശിക്കുന്നവർക്കാണീ ഖുർആൻ ഫലപ്പെടുക.
(നേർമാർഗം നാം ഫാതിഹയിൽ വിശദീകരിച്ചത് ഓർക്കുമല്ലോ.. ഇവിടെ വായിക്കുക)
(നേർമാർഗം നാം ഫാതിഹയിൽ വിശദീകരിച്ചത് ഓർക്കുമല്ലോ.. ഇവിടെ വായിക്കുക)
29. وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ رَبُّ الْعَالَمِينَ
ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല
താനും.
നന്നാവാൻ
ഉദ്ദേശിക്കുന്നവർക്കാണ് ഖുർആൻ ഉൽബോധനമാവുക എന്ന ആയത്ത് ഇറങ്ങിയപ്പോൾ അബൂജഹൽ
പറഞ്ഞു. കാര്യം നമ്മുടെ അടുത്താണ് നമുക്കിഷ്ടമുണ്ടെങ്കിൽ നന്നാവാം. അല്ലെങ്കിൽ
മോശമാവാം. അഥവാ അല്ലാഹുവിന്റെ വിധിയെ നിഷേധിച്ചു. അപ്പോഴാണ് തുടർന്നുള്ള ആയത്ത്
അവതരിച്ചത്. അതായത് നിങ്ങൾ എന്ത് ഉദ്ദേശിക്കുന്നുവെങ്കിലും അത് അല്ലാഹു
കണക്കാകുകയും തീരുമാനിക്കുകയും ചെയ്താലല്ലാതെ നിങ്ങൾക്ക് ഉദ്ദേശിക്കാൻ തന്നെ
കഴിയില്ല എന്ന്(ഖുർത്വുബി 19/170)
നബി(ﷺ)
പറഞ്ഞതായി ഇമാം ബൈളാവി(رحمة الله عليه ) ഉദ്ധരിക്കുന്നു. ആരെങ്കിലും സൂറ:തക്‌വീർ
പാരായണം ചെയ്താൽ ഗ്രന്ഥം നിവർത്തപ്പെടുന്ന സമയത്ത് വഷളാവുന്നതിനെ തൊട്ട് അല്ലാഹു
അവനെ സംരക്ഷിക്കും.(ബൈളാവി 2/574)
അല്ലാഹു
രണ്ട് ലോകത്തും രക്ഷപ്പെടുന്നരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ .ആമീൻ.
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم
باحسان الي يوم الدين والحمد لله رب العالمين
4 comments:
അദ്ധ്യായം 81 അത്തക്വീർ
15 മുതൽ 29 വരെ സൂക്തങ്ങളുടെ വിശദീകരണം part-2
വഴികാട്ടിയുടെ വിളക്കിന്റെ പ്രകാശം കൂടുതൽ പ്രഭ ചൊരിയട്ടെ..
ഏവർക്കും നന്ദി
പുതിയ പോസ്റ്റ് വായിക്കുമല്ലോ
അദ്ധ്യായം 82 അൽ ഇൻഫിത്വാർ
edited and updated. pdf file added
Post a Comment