Wednesday, June 24, 2009

അദ്ധ്യായം 88 ; സൂറ: അൽ ഗാശിയ (ഭാഗം-1) :سورة الغاشية

അദ്ധ്യായം 88 സൂറ: അൽ ഗാശിയ    | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 26

വെള്ളിയാഴ്ച ജുമുഅ:യിലും പെരുന്നാൾ നിസ്ക്കാരത്തിലും പെരുന്നാളും ജുമുഅയും ഒന്നിച്ചു വന്നാൽ രണ്ടിലും നബി()രണ്ടാം റക്‌ അത്തിൽ ഈ സൂറ:ഓതാറുണ്ട്‌)

1 മുതൽ 16 വരെയുള്ള സൂക്തങ്ങളുടെ വിവരണം

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.هَلْ أَتَاكَ حَدِيثُ الْغَاشِيَةِ

(നബിയേ) ആവരണം ചെയ്യുന്ന സംഭവത്തിന്റെ വർത്തമാനം തങ്ങൾക്ക്‌ വന്നു കിട്ടിയോ?

നബി() ഒരിക്കൽ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ എന്നസൂക്തം ഓതുന്ന ഒരു സ്ത്രീയുടെ അടുത്ത്‌ കൂടി നടന്ന് പോകുമ്പോൾ അവിടുന്ന് പറഞ്ഞു  نعم قد جاء ني     അതെ അതിന്റെ വാർത്ത എനിക്ക്‌ വന്നു കിട്ടിയിരിക്കുന്നു എന്ന് !(ഇബ്നു കസീർ)

ആവരണം ചെയ്യുന്നത്‌, മൂടുന്നത്‌ എന്നെല്ലാം غاشية എന്ന ഈ വാക്കിനു അർത്ഥമുണ്ട്‌. ഇവിടെ അത്‌ കൊണ്ട്‌ ഉദ്ദേശ്യം ഖിയാമത്ത്‌ നാളാണ്‌.എല്ലാ വസ്തുക്കളെയും ബാധിക്കുന്ന വിപത്താണ്‌ ആ ദിനത്തിന്റേത്‌. നരകമാണ്‌ ഉദ്ദേശമന്നും അവിശ്വാസികളെ മുഴുവൻ അത്‌ ബാധിക്കുന്നതാണെന്നാണുമാണ്‌ ഇവിടെ പറഞ്ഞതെന്നും അഭിപ്രായമുണ്ട്‌. രണ്ടും ഇവിടെ ശരിയായ അഭിപ്രായം തന്നെ എന്ന് ഇമാം ത്വബരി(رحمة الله عليه) രേഖപ്പെടുത്തുന്നു അന്നത്തെ ദിനം അവിശ്വാസികളായ ദുർജ്ജനങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥകളാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌

2.وُجُوهٌ يَوْمَئِذٍ خَاشِعَةٌ 

ചില മുഖങ്ങൾ അന്നത്തെ ദിവസം (ഭയപ്പെട്ട്‌) താഴ്മ കാണിക്കുന്നവയായിരിക്കും.

മുഖങ്ങൾ എന്ന വാക്കിന്റെ ഉദ്ദേശ്യം ആ മുഖമുള്ളവർ എന്നാണ്‌. അവിശ്വാസികളാണിവർ. അന്ത്യനാളിന്റെ ഭീതി ജനിപ്പിക്കുന്ന അവസ്ഥകൾ കണ്ടാണ്‌ അവർ പേടിച്ച്‌ പോകുന്നത്‌.ഭൂമിയിൽ ജീവിച്ചപ്പോൾ ഈ അവിശ്വാസികൾ അഹങ്കാരത്തോടെ തലയുയർത്തി നടന്നവരായിരുന്നു. എന്നാൽ അവരെ കാത്തിരിക്കുന്ന ശിക്ഷകൾ കണ്ടപ്പോൾ അവർ ഭയചകിതരാവുന്നു.അവർ മൊത്തമായി തന്നെ ഭയമുള്ളവരായിട്ടും മുഖത്തെ പ്രത്യേകം എടുത്ത്‌ പറഞ്ഞത്‌ ഈ ഭയത്തിന്റെ പ്രതിഫലനം ഏറ്റവും പ്രകടമാവുന്നത്‌ മുഖത്തായത്‌ കൊണ്ടാണ്‌(റാസി 31/140)


3.عَامِلَةٌ نَّاصِبَةٌ

അദ്ധ്വാനിക്കുന്നവയും ക്ഷീണിച്ചവയുമായിരിക്കും.

ഇവിടെ പറഞ്ഞ അദ്ധ്വാനം ഭൂമിയിൽ വെച്ച്‌ അവർ നടത്തിയതാവാം.അഥവാ അവർ ആരാധന എന്ന ഭാവേന പലതും ചെയ്തു കൂട്ടിയിരുന്നു പക്ഷെ അതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിനനുസരിച്ചോ അവന്റെ മത തത്വമനുസരിച്ചോ ആയില്ല.അവർ കഷ്ടപ്പെട്ട്‌ ക്ഷീണിച്ചു എന്നല്ലാതെ പരലോക രക്ഷക്ക്‌ അത്‌ തീരെ ഉപകരിച്ചില്ല എന്ന് അർത്ഥം.

ഇമാം റാസി(رحمة الله عليه) എഴുതുന്നു. ആരാധനാമണ്ഡപങ്ങൾ സ്ഥാപിച്ച്‌ അതിലിരുന്ന് കഷ്ടപ്പെട്ട്‌ ആരാധന നിർവ്വഹിച്ചിരുന്നവരാവാം ഇവിടെ ഉദ്ദേശ്യം പക്ഷെ അവർ അല്ലാഹുവിനെക്കുറിച്ച്‌ പറയാൻ പറ്റാത്ത പലതും പറയുകയും വിശ്വസിക്കുകയും ചെയ്തപ്പോൾ അവർ യഥാർത്ഥത്തിൽ അല്ലാഹുവിനെയല്ല മറിച്ച്‌ അവർ ഊഹിച്ചുണ്ടാക്കിയ ഒരു ദൈവത്തെയാണ്‌ ആരാധിച്ചത്‌.അത്‌ അല്ലാഹു അശേഷം പരിഗണിക്കുകയില്ല തന്നെ! അതിനാൽ മായം കലർന്ന വിശ്വാസക്കാരുടെ അദ്ധ്വാനം നിശ്ഫലമായി(റാസി 31/141)ഈ പ്രസ്താവന നാം സഗൌരവം കാണണം.നമുക്ക് തോന്നുന്നത് പോലെ ആരാധന ചെയ്യാനാവില്ല.മതം പഠിപ്പിച്ച രൂപവും ശൈലിയും അനുസരിക്കുക തന്നെ വേണം.കറകളഞ്ഞ വിശ്വാസവുമുണ്ടായിരിക്കണം അല്ലെങ്കിൽ ഇത് വെറുമൊരു കാട്ടിക്കൂട്ടൽ മാത്രമായി അധ:പതിക്കും

മറ്റൊരു അഭിപ്രായം ഇവിടെ പറഞ്ഞ അദ്ധ്വാനവും ക്ഷീണവുമൊക്കെ പരലോകത്ത്‌ നടക്കുന്നതാണ്‌ എന്നാണ്‌ അതായത്‌ അവർ നരകത്തിൽ ഭാരമേറിയ ചങ്ങലകളും ആമങ്ങളും വഹിച്ച്‌ നടക്കാനും കുന്നുകൾ കയറാനും ഇറങ്ങാനും നിർദ്ദേശിക്കപ്പെടുകയും അങ്ങനെ നടന്നും കേറിയും ഇറങ്ങിയും ക്ഷീണിക്കുമെന്നാണ്‌ ഇവിടെ പറയുന്നത്‌.

4.تَصْلَى نَارًا حَامِيَةً

കഠിന ചൂടുള്ള അഗ്‌ നിയിൽ അവ കടന്നെരിയുന്നതാണ്‌
5تُسْقَى مِنْ عَيْنٍ آنِيَةٍ

ചുട്ടുതിളക്കുന്ന(ഭയങ്കര ചൂടുള്ള) ഒരു ഉറവ ജലത്തിൽ നിന്ന് അവർക്ക്‌ കുടിപ്പിക്കപ്പെടും.

കത്തിത്തിളച്ച്‌ ചൂടിന്റെ പാരമ്യത്തിലെത്തിയ വെള്ളമാണ്‌ അവർക്ക്‌ അവിടെ കുടിപ്പിക്കപ്പെടുക.ഇമാം ത്വബരി(رحمة الله عليه)എഴുതുന്നു. ആകാശ ഭൂമികൾ സൃഷ്ടിക്കപ്പെട്ടതു മുതൽ തന്നെ നരകത്തിൽ കത്തിച്ച്കൊണ്ടിരിക്കുന്ന ഒരു വെള്ളത്തിൽ നിന്ന് അവർക്ക്‌ കുടിപ്പിക്കപ്പെടും (ത്വബരി 30/176)

ഇമാം റാസി(رحمة الله عليه) എഴുതുന്നു. ആ വെള്ളത്തിന്റെ ചൂട്‌ വളരെ ശക്തമാണ്‌.അതിൽ നിന്ന് ഒരു തുള്ളി വെള്ളം ഭൂമിയിലെ പർവ്വതങ്ങളിൽ വീണാൽ ആ പർവ്വതങ്ങൾ ഉരുകിപ്പോകുമാർ ശക്തമാണ്‌ ആ വെള്ളത്തിന്റെ ചൂട്‌ ! (റാസി 31/142)

6لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ

ളരീഇൽനിന്നല്ലാതെ മറ്റൊരു ഭക്ഷണവും അവർക്ക്‌ ലഭിക്കുന്നതല്ല


7.لَا يُسْمِنُ وَلَا يُغْنِي مِن جُوعٍ

അതാവട്ടെ പോഷണം നൽകുകയോ വിശപ്പിനു ശമനമുണ്ടാക്കുകയോ ഇല്ല.

നരകത്തിൽ കുടിക്കാൻ ലഭിക്കുന്ന വെള്ളത്തെക്കുറിച്ച്‌ പറഞ്ഞതിനു ശേഷം കഴിക്കാൻ നൽകപ്പെടുന്ന ഭക്ഷണം വിശദീകരിച്ചിരിക്കുകയാണ്‌.അവർക്ക്‌ ളരീഅ്ആണ്‌ നൽകപ്പെടുന്നത്‌. ളരീഅ് എന്നാൽ പല അഭിപ്രായവുമുണ്ട്‌.ഒരു തരം മുൾച്ചെടിയാണെന്നാണ്‌ ഒരു പക്ഷം.ഏതായാലും സാധാരാണ ഭക്ഷണം കൊണ്ട്‌ നാം ലക്ഷ്യമിടുന്ന പോഷകമോ വിശപ്പകറ്റലോ ഇത്‌ കൊണ്ട്‌ സാധിക്കില്ല എന്നാണ്‌ അല്ലാഹു പറയുന്നത്‌ വളരെ അർത്ഥഗർഭമായ വിവരണമാണിത്‌.

ഇമാം റാസി ( رحمة الله عليه ) എഴുതുന്നു. ഇമാം ഖഫ്ഫാൽ(رحمة الله عليه)പറഞ്ഞിരിക്കുന്നു, നരകാവകാശികൾക്ക്‌ നൽകപ്പെടുന്ന പാനീയവും ഭക്ഷണവും ഇവ്വിധമുള്ളതാണെന്ന് പറയുന്നത്‌ അവരുടെ നിന്ദ്യത വെളിവാക്കാനാണ്‌.അതായത്‌ ശക്തമായ ചങ്ങലകളിലും ആമങ്ങളിലും കിടന്ന് ഞെരുങ്ങുന്ന നരകാവകാശികൾ ദാഹത്താലും വിശപ്പിനാലും വളരെയധികം പരവശരായിരിക്കും എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ ലഭിച്ചെങ്കിൽ എന്ന് കൊതിക്കുമ്പോഴാണ്‌ ഈ വെള്ളവും മുൾച്ചെടിയും അവർ കാണുക.ദാഹത്തിന്റെയും വിശപ്പിന്റെയും ആധിക്യം കാരണം ആ വെള്ളം കുടിക്കാനും ആ ഭക്ഷണം കഴിക്കാനും അവർ മുതിരും അങ്ങനെയെങ്കിലും ഒരു ആശ്വാസമാവട്ടെ എന്ന് ധരിക്കും എന്നാൽ അത്‌ ദാഹത്തിനോ വിശപ്പിനോ ഒരു പരിഹാരവുമാവില്ലെന്നു മാത്രമല്ല അതും ഒരു ശിക്ഷയായി ഭവിക്കുകയും ചെയ്യും(റാസി 31/142).

നരകത്തിൽ നൽകപ്പെടുന്ന ഭക്ഷണവും വെള്ളവും വേറെയും ചില പേരുകളിൽ ഖുർആൻ വിശദീകരിച്ചിട്ടുണ്ട്‌.അല്ലാഹു നമ്മെയെല്ലാം ഈ ദുരവസ്ഥയിൽ നിന്ന് രക്ഷിക്കട്ടെ ആമീൻ.

8.وُجُوهٌ يَوْمَئِذٍ نَّاعِمَةٌ

ചില മുഖങ്ങൾ അന്നെദിവസം (സന്തോഷത്താൽ) തെളിഞ്ഞതായിരിക്കും.


9.لِسَعْيِهَا رَاضِيَةٌ

അവയുടെ പ്രവർത്തനത്തെ പറ്റി (അവ സ്വയം) തൃപ്തിപ്പെടുന്നതുമായിരിക്കും.

അവിശ്വാസികൾക്ക്‌ ഭൂമിയിലെ പ്രവർത്തനങ്ങൾ പരലോകത്ത്‌ ഫലം ചെയ്തില്ലെന്നു മാത്രമല്ല അസഹ്യമായ ശിക്ഷകൾ വഹിക്കേണ്ടിയും വരും എന്നു ഉണർത്തിയതിനെ തുടർന്ന് ഭൂമിയിലെ പ്രവർത്തനങ്ങൾക്ക്‌ ഫലവും പ്രതിഫലവും പരലോകത്ത്‌ ലഭിക്കുന്ന സത്യ വിശ്വാസികളെക്കുറിച്ച്‌ പരാമർശിക്കുകയാണ്‌.അവർക്ക്‌ ഒരുക്കിവെക്കപ്പെട്ട സൗഭാഗ്യങ്ങൾ കാണുമ്പോൾ അവരുടെ മുഖം സന്തോഷത്താൽ പ്രശോഭിതമാവും അവരുടെ മുഖത്ത്‌ ആനന്ദം കളിയാടും .ഭൂമിയിൽ അദ്ധ്വാനിച്ചത്‌ മുതലായി എന്ന് ബോദ്ധ്യപ്പെടുന്ന അവസ്ഥ സൗഭാഗ്യം തന്നെയല്ലേ!അല്ലാഹു നമ്മെയും ആ കൂട്ടത്തിൽ ആക്കട്ടെ ആമീൻ.

ഇമാം റാസി(رحمة الله عليه)എഴുതുന്നു. വിശ്വാസികൾക്ക്‌ ലഭിക്കുന്ന ഫലം രണ്ട്‌ രൂപത്തിലാണ്‌.
(1) ബാഹ്യമായി.അതാണ്‌മുഖത്ത്‌ കാണുന്ന സന്തോഷം.
(2) ആത്മീയമായി.അതാണ്‌ അവർ അനുഭവിക്കുന്ന സംതൃപ്തി.(റാസി 31/143)

10.فِي جَنَّةٍ عَالِيَةٍ 

(അവ) ഉന്നതമായ സ്വർഗത്തിലായിരിക്കും.


ഉന്നതമായത്‌ എന്നത്‌ സ്ഥലത്തിന്റെ ഔന്നിത്ത്യമാകാം.സ്ഥാനത്തിന്റേതുമാവാം.സ്വർഗ്ഗം പല തട്ടുകളാണ്‌.ചിലത്‌ ചിലതിനെക്കാൾ മേലെയായിരിക്കും.ഓരോന്നും അടുത്ത തട്ടുമായി ആകാശഭൂമികൾ തമ്മിലുള്ള അകലം കാണും അതോടൊപ്പം അവ സ്ഥാനത്തിലും വ്യത്യസ്തമായിരിക്കും

11. لَّا تَسْمَعُ فِيهَا لَاغِيَةً

അതിൽ വെച്ച്‌ ഒരു അനാവശ്യ വാക്കും അവ കേൾക്കുകയില്ല

സ്വർഗത്തിൽ അനാവശ്യമൊന്നും കേൾക്കേണ്ടി വരില്ല. കാരണം, അത്‌ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ താമസിക്കുന്നിടമാണ്‌.സത്യവുമായി ജീവിക്കുകയും നന്മക്കായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തതിനാലാണ്‌ അവർക്ക്‌ ഈ മഹത്തായ സ്ഥാനം നേടാനായത്‌.ഭൂമിയിൽ തന്നെ മാന്യന്മാരുടെ സദസ്സുകളിൽ അനാവശ്യം കേൾക്കാറില്ല.അപ്പോൾ പിന്നെ സ്വർഗത്തിലെ കാര്യം പറയാനുണ്ടോ?

12.فِيهَا عَيْنٌ جَارِيَةٌ

ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു തരം ഉറവ ജലം അതിലുണ്ട്‌.

ഇമാം ഇബ്നുകസീർ(رحمة الله عليه)എഴുതുന്നു.ഇവിടെ പറഞ്ഞ നദി ഒരു നദി എന്ന അർത്ഥത്തിലല്ല.മറിച്ച്‌ നദിയുടെ ഇനം എന്ന അർത്ഥത്തിലാണ്‌ കാരണം സ്വർഗത്തിൽ ധാരാളം നദികളുണ്ടല്ലോ! (ഇബ്നു കസീർ 4/734) സമൃദ്ധമായി ഒഴികിക്കൊണ്ടിരിക്കുന്ന നദി സ്വർഗത്തിന്റെ വലിയ ആകർഷണങ്ങളിലൊന്നത്രെ

13.فِيهَا سُرُرٌ مَّرْفُوعَةٌ

അതിൽ ഉയർത്തപ്പെട്ട കട്ടിലുകളുണ്ട്‌.
സ്വർഗത്തിൽ അല്ലാഹു തന്റെ അടിമക്ക്‌ ഒരുക്കി വെച്ചിട്ടുള്ള സകല അനുഗ്രഹങ്ങളും കൺകുളിർക്കെ കാണാവുന്ന പരുവത്തിൽ അന്തരീക്ഷത്തിൽ ഉയർത്തപ്പെട്ട കട്ടിൽ സ്വർഗാവകാശികൾക്ക്‌ വലിയ സന്തോഷകരം തന്നെ!

14.وَأَكْوَابٌ مَّوْضُوعَةٌ

(തയ്യാറാക്കി)വെക്കപ്പെട്ട കോപ്പകളുമുണ്ട്‌.

എപ്പോൾ കുടിക്കണമെന്നു വിചാരിക്കുമ്പോഴും നിറഞ്ഞ പാനീയവുമായി തയാറാക്കപ്പെട്ട കപ്പുകളത്രെ ഇവിടെ ഉദ്ദേശ്യം

15.وَنَمَارِقُ مَصْفُوفَةٌ

അണിയായി(നിരത്തി)വെക്കപ്പെട്ട തലയിണകളുമുണ്ട്‌.

സൗകര്യമായി ഇരിക്കാനും ചാരാനും സൗകര്യപ്പെടുന്ന വിധത്തിൽ സംവിധാനിച്ച തലയിണകളും സ്വർഗത്തിലെ ആകർഷണത്തിൽ പെട്ടതാണ്‌.

16. وَزَرَابِيُّ مَبْثُوثَةٌ

വിരിച്ചു വിതാനിക്കപ്പെട്ട പരവതാനികളുമുണ്ട്‌

ഇരിപ്പിടങ്ങളിലെ സന്തോഷത്തിനും സുഖത്തിനും വേണ്ടി സൗകര്യപ്പെടുത്തുന്നതാണീ പരവതാനി അല്ലാഹുവിനെ സൂക്ഷിച്ചും ജീവിതത്തിൽ ക്രമീകരണം പാലിച്ചും ജീവിത വിശുദ്ധി കൈവരിക്കുന്ന അടിമകൾക്കായി അല്ലാഹു ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യനും ഊഹിക്കാൻ പോലും കഴിയാത്തതുമായ സന്തോഷങ്ങളും സുഖങ്ങളുമാണ്‌ സ്വർഗത്തിൽ ഒരുക്കി വെക്കുന്നത്‌ എന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട്‌ എന്നത്‌ ഇവിടെ സ്മരണീയമത്രെ!

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിലും സ്വർഗാവകാശികളിലും അല്ലാഹു നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ


17 മുതൽ 26 വരെ സൂക്തങ്ങൾ ഭാഗം-02  ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

6 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 88 അൽ ഗാ‍ശിയ
ഭാഗം-1

കാസിം തങ്ങള്‍ said...

പഠനാര്‍ഹമായ വിശദീകരണങ്ങള്‍ക്ക് നന്ദി.

nishad said...

kasim thangal give me mobile no
my no 050 8549924

Unknown said...

Thanks for your valuable information..

This blog is mostly use full one to me!

keep it up, Once again thanks

വഴികാട്ടി / pathfinder said...

കാസിം തങ്ങൾ,
നിഷാദ്
സാബിത് കെ.പി

എല്ലാ വായനക്കാർക്കും നന്ദി

ഭാഗം 2 പോസ്റ്റ് ചെയ്തിരിക്കുന്നു. വായിക്കുമല്ലോ

വഴികാട്ടി / pathfinder said...

edited and updated. PDF file also added