Thursday, August 6, 2009

അദ്ധ്യായം 91 സൂറ:അശ്ശംസ്‌ سورة الشمس

അദ്ധ്യായം 91 സൂറ: അശ്ശംസ്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ   15

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1.وَالشَّمْسِ وَضُحَاهَا

സൂര്യനും അതിന്റെ (പൂർവ്വാഹ്‌ന ) പ്രഭയും തന്നെയാണ്‌ സത്യം.

ഇമാം റാസി( رحمة الله عليه) എഴുതുന്നു. ഈ സൂറത്തിന്റെ ലക്ഷ്യം ആരാധനകളിൽ താൽപര്യം ജനിപ്പിക്കലും ദോഷങ്ങൾ ചെയ്യുന്നതിനെ തൊട്ട്‌ താക്കീത്‌ ചെയ്യലുമാണ്‌.അതിനായി പ്രകൃതിയിൽ അല്ലാഹു സംവിധാനിച്ചതും മനുഷ്യൻ നിരന്തരം കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച്‌ അല്ലാഹു ആണയിടുമ്പോൾ ബുദ്ധിയുള്ള മനുഷ്യൻ ചിന്തിക്കുകയും അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും തന്റെ ജീവിതം അവന്റെ നിർദ്ദേശാനുസരണം ക്രമീകരിക്കുകയും ചെയ്യും.(റാസി 31/176)

,ളുഹാ, എന്നപദത്തിനു സൂര്യ പ്രകാശം സൂര്യന്റെ താപം സൂര്യൻ ഉദിച്ചു അൽപം ഉയർന്നതിനു ശേഷമുള്ള സമയം എന്നെല്ലാം വിവക്ഷയുണ്ട്‌. ഇമാം റാസി(رحمة الله عليه) എഴുതുന്നു. സൂര്യനെയും അതിന്റെ പ്രഭയെയും അല്ലാഹു സത്യത്തിനു ഉപയോഗിച്ചത്‌ അത്‌ കൊണ്ട്‌ മനുഷ്യൻ അത്രയും ഉപകാരങ്ങൾ കരസ്ഥമാക്കുന്നതിനാലാണ്‌. കാരണം രാത്രിയാവുമ്പോൾ എല്ലാം ശാന്തമാവുകയും മനുഷ്യൻ മരിച്ചവരെ പോലെ ആവുകയും ചെയ്യും സൂര്യോദയത്തോടെ അവനിൽ പുതുജീവൻ ലഭ്യമാവുകയും അവൻ ജോലികളിൽ മുഴുകുകയും ചെയ്യുന്നു അതിന്റെ ഏറ്റവും മൂർദ്ധന്യ ഘട്ടമാണ്‌ ഉച്ചക്ക്‌ മുമ്പുള്ള സമയം. അപ്പോൾ മരണപ്പെട്ടവർ പുനർജ്ജന്മ സമയത്ത്‌ എഴുന്നേൽക്കുമ്പോലെ അവർ സൂര്യോദയത്തോടെ ഉണർന്ന് പ്രവർത്തിക്കുകയും വിചാരണക്ക്‌ ശേഷം വിശ്വാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ച്‌ സജീവ ജീവിതത്തിലേക്ക്‌ പ്രവേശിക്കുമ്പോലെ ഉച്ചക്ക്‌ മുമ്പ്‌ ജനങ്ങൾ ജീവിത വ്യവഹാരങ്ങളിൽ മുഴുകുകയും ചെയ്യുന്നു.(റാസി 31/177)

(ബുദ്ധിയുള്ളവർക്ക്‌ നിത്യവും അവൻ അനുഭവിക്കുന്ന ഈ അവസ്ഥയിൽ നിന്ന് അവന്റെ പരലോക മോക്ഷത്തിനായി അദ്ധ്വാനിക്കനുള്ള പ്രചോദനം ലഭിക്കുന്നു.ഇതിനാണീ സത്യം)


2.وَالْقَمَرِ إِذَا تَلَاهَا

ചന്ദ്രൻ തന്നെയാണ്‌(സത്യം) അത്‌ സൂര്യനെ തുടർന്ന് വരുമ്പോൾ

ചന്ദ്ര മാസങ്ങളുടെ ആദ്യ പകുതിയിൽ സൂര്യാസ്തമയത്തിനുടനെ തന്നെയും രണ്ടാം പകുതിയിൽ അൽപാൽപം താമസിച്ച്‌ കൊണ്ടും ചന്ദ്രൻ പ്രകാശിച്ച്‌ തുടങ്ങുന്നു അതാണ്‌ അത്‌ സൂര്യനെ തുടർന്ന് വരുമ്പോൾ എന്ന് പറഞ്ഞതിന്റെ താൽപര്യം

3.وَالنَّهَارِ إِذَا جَلَّاهَا

പകലിനെ തന്നെയാണ്‌(സത്യം) അത്‌ സൂര്യനെ തെളിച്ച്‌ കാണിക്കുമ്പോൾ.

സൂര്യപ്രകാശം പൂർണ്ണമായി വെളിപ്പെടുന്നത്‌ പകലിലാണല്ലോ. രാത്രിയാവുമ്പോൾ കാണാത്ത പലതും പകലിൽ കാണാൻ കഴിയുന്നു സൂര്യനെയും നമുക്ക്‌ കാണാനാവുന്നത്‌ പകലിലാണല്ലോ !


4.وَاللَّيْلِ إِذَا يَغْشَاهَا

രാത്രിയെ തന്നെയാണ്‌(സത്യം) അത്‌ സൂര്യനെ മൂടിപ്പൊതിയുമ്പോൾ.

അതായത്‌ രാത്രിയുടെ വരവോടെ സൂര്യൻ മാഞ്ഞ്‌ പോകുന്നു അതിന്റെ പ്രകാശം അപ്രത്യക്ഷമാവുന്നു ഈ അവസ്ഥയെയാണ്‌ രാത്രി സൂര്യനെ മൂടുന്നു എന്ന് പറഞ്ഞത്‌ കാരണം സൂര്യൻ ചക്രവാളത്തിനു താഴേക്ക്‌ ഇറങ്ങി പോകുന്നു, അത്‌ കാരണമാണ്‌ സൂര്യപ്രകാശം എത്തിച്ചേരാത്ത ഭൂഭാഗത്ത്‌ രാത്രിയുണ്ടാവുന്നത്‌ സൂര്യന്റെ വലിപ്പവും അത്‌ മുഖേന നാം അനുഭവിക്കുന്ന അനുഗ്രഹങ്ങളും അതിന്റെ ചലനവുമൊക്കെ വിലയിരുത്തിയാൽ അത്‌ സംവിധാനിച്ച നാഥന്റെ ശക്തിക്കു മുന്നിൽ നമുക്ക്‌ തല കുനിക്കാതിരിക്കാനാവുന്നതെങ്ങിനെ എന്ന് ചിന്തിക്കേണ്ടത്‌ തന്നെ!

5.وَالسَّمَاء وَمَا بَنَاهَا

ആകാശവും അത്‌ സ്ഥാപിച്ചവനും തന്നെയാണ്‌ സത്യം.


ആകാശത്തെ ഉയർത്തി സ്ഥാപിക്കുകയും ഒരു മേൽപുര കണക്കെ നമുക്ക്‌ അനുഭവപ്പെടുത്തുകയും ചെയ്തിരിക്കുന്നു. തൂണുകളില്ലാതെ സ്ഥാപിക്കപ്പെട്ട ആകാശം വല്ലാത്ത അത്ഭുതം തന്നെ അതിന്റെ സംവിധായകൻ സർവ്വ ശക്തനും! ما മാ എന്ന, പദം സാധാരണ സചേതന വസ്തുക്കൾക്കല്ല ഉപയോഗിക്കാറെങ്കിലും അതിനും ഉപയോഗിക്കുന്നത്‌ ഖുർആനിൽ തന്നെ നമുക്ക്‌ പല സ്ഥലത്തും കാണാം. ഉദാഹരണമായി

  ) فَانكِحُواْ مَا طَابَ لَكُم مِّنَ النِّسَاء النساء 3)

സ്ത്രീകളിൽ നിന്ന് നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യുക

.وَلاَ تَنكِحُواْ مَا نَكَحَ آبَاؤُكُم مِّنَ النِّسَاء   ) النساء (22 

നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്തിട്ടുള്ളവരെ നിങ്ങൾ വിവാഹം ചെയ്യരുത്‌.

ഇത്‌ പോലെ ഇവിടെയും തുടർന്നുള്ള സൂക്തങ്ങളിലും പറയുന്നത്‌ മാ ما എന്നാണെങ്കിലും മൻ من എന്നതിന്റെ ആശയമാണിവിടെയൊക്കെ .അത്‌ കൊണ്ടാണ്‌ ഇവിടെയും തുടർന്നുള്ള രണ്ട്‌ സൂക്തങ്ങളിലും  സ്ഥാപിച്ചവൻ, പരത്തിയവൻ, ശരിപ്പെടുത്തിയവൻ എന്ന് നാം പറഞ്ഞത്‌ ക്രിയാനാമത്തിന്റെ അർത്ഥം പറഞ്ഞവരും വ്യാഖ്യാതാക്കൾക്കിടയിലുണ്ട്‌.

ഇമാം റാസി(رحمة الله عليه) എഴുതുന്നു. നാം കാണുന്നവയിൽ ഏറ്റവും വലിയ സൃഷ്ടിയായ സൂര്യനെയും അതിന്റെ വിവിധ അവസ്ഥകളെയും വിവരിച്ച ശേഷം ആകാശ ഭൂമികളെയും ആത്മാവിനെയും അല്ലാഹു നിയന്ത്രിക്കുന്നതിനെ വിശദീകരിക്കുന്നു അതിൽ നിന്ന് ചിന്താ ശേഷിയുള്ള മനുഷ്യൻ അവന്റെ ബുദ്ധിയും അനുഭവവും മുൻ നിർത്തി ഇവകളെ വിലയിരുത്തുമ്പോൾ ഇതിന്റെ പിന്നിലെ അതി ശക്തനായ സംവിധായകനെക്കുറിച്ച്‌ അവന്ന് സമ്മതിക്കാതിരിക്കാനാവില്ല അപ്പോൾ ദൃശ്യമായ ലോകത്തെ അത്ഭുതങ്ങളിലൂടെ അദൃശ്യനായ നാഥന്റെ യാഥാർത്ഥ്യത്തിലേക്കുള്ള ഒരു യാത്രയാണ്‌ മനുഷ്യൻ നടത്തുന്നത്‌ എന്ന് ഈ വിശദീകരണത്തിന്റെ ക്രമത്തിൽ നിന്ന് മനസിലാവും ((റാസി 31/178)

6. وَالْأَرْضِ وَمَا طَحَاهَا

ഭൂമിയും അതിനെ പരത്തിയവനും തന്നെയാണ്‌ സത്യം.

ഭൂമിയെ താമസ യോഗ്യമാം വിധം പരത്തി എന്നാണിവിടെ പറയുന്നത്‌

7.وَنَفْسٍ وَمَا سَوَّاهَا

ആത്മാവും അതിനെ (ഘടന ഒപ്പിച്ച്‌) ശരിപ്പെടുത്തിയവനും തന്നെയാണ്‌ സത്യം.

ഘടന ഒപ്പിച്ച്‌ ശരിപ്പെടുത്തുക എന്നാൽ മനുഷ്യനു മാനുഷിക ജീവിതം നയിക്കാൻ പര്യാപ്തമായ ശരീര ഘടനയും മസ്തിഷ്ക്കവും നൽകുകയും അവനു പഞ്ചേന്ദ്രിയങ്ങൾ നൽകി വിജ്ഞാനോപാധി ശരിപ്പെടുത്തുകയും വിചാരവും വിവേകവും ചിന്താശേഷിയും കാര്യങ്ങളിൽ നിന്ന് കാരണവും ലക്ഷണങ്ങളിൽ നിന്ന് ഫലവും കണ്ടെത്താനുള്ള കഴിവും ചിന്താശേഷി, വിവേചന ശക്തി, തീരുമാനങ്ങളെടുക്കാനുള്ള കഴിവ്‌ തുടങ്ങിയവ നൽകി അത്‌ വഴി തന്റെ ഉത്തര വാദിത്വങ്ങൾ നിർവ്വഹിക്കാനും തന്റെ ജീവിതം, സാർത്ഥകമാക്കാനും സാധിക്കുമാർ അവനെ പാകപ്പെടുത്തി എന്നതാണ്‌ മനുഷ്യൻ ജന്മനാ ധിക്കാരിയും ദുഷ്ടനുമല്ല മറിച്ച്‌ ശുദ്ധപ്രകൃതിയിലാണ്‌ സൃഷ്ടിക്കപ്പെട്ടത്‌ എന്നതും ഈ ഘടനയുടെ ഭാഗം തന്നെയാണ്‌. ഓരോ കുട്ടിയും ജനിക്കുന്നത്‌ ശുദ്ധപ്രകൃതിയിലാണെന്നും അവന്റെ മാതാപിതാക്കൾ അവനെ ജൂതനോ കൃസ്ത്യനോ അഗ്നി പൂജകനോ ആക്കുന്നു എന്നും നബി() പറഞ്ഞത്‌ ഇവിടെ പ്രസക്തമാവുന്നു

8.فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا

എന്നിട്ട്‌ ആ ആത്മാവിനു അതിന്റെ തിന്മയും സൂക്ഷ്മതയും അവൻ തോന്നിപ്പിച്ച്‌ കൊടുക്കുകയും ചെയ്തിരിക്കുന്നു.


മനുഷ്യനിൽ അല്ലാഹു ധർമ്മത്തിന്റെയും അധർമ്മത്തിന്റെയും, പ്രവണതകൾ(ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം) സൃഷ്ടിക്കുകയും അത്‌ അവനിൽ അന്തർലീനമായി കിടക്കുകയും ചെയ്യുന്നു എന്നോ നല്ലതും ചീത്തയും വിവേചിച്ചറിയാനുപകരിക്കുന്ന നൈസർഗികമായ ഒരു കഴിവ്‌ അവനിൽ അല്ലാഹു നിക്ഷേപിച്ചു എന്നോ ആവാം ഇവിടെ ഉദ്ദേശ്യം. ഇതു തന്നെയാണ്‌ മുൻ അദ്ധ്യായത്തിൽ നാം അവന്ന് രണ്ട്‌ മാർഗങ്ങൾ കാണിച്ച്‌ കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞതിന്റെ സാരം അരുതായ്മകൾ പ്രവർത്തിക്കുന്നവന്റെയും ഉള്ളിൽ ഇത്‌ മോശമാണെന്ന് തോന്നുന്നുണ്ടല്ലോ.

ഈ സൂക്തം പാരായണം ചെയ്തപ്പോൾ നബി ഇങ്ങനെ പ്രാർത്ഥിച്ചു.


اللهم  ات نفسي تقواها و زكها انت خير من زكاها انت وليها ومو لا ها
അല്ലാഹുവേ! എന്റെ ശരീരത്തിന്‌(ആത്മാവിനും) അതിന്റെ ഭക്തി മാർഗം നീ നൽകേണമേ! അതിനെ നീ സംശുദ്ധമാക്കേണമേ! കാരണം ശുദ്ധമാക്കുന്നവരിൽ ഉത്തമനും അതിന്റെ ഉടമസ്ഥനും നീ തന്നെ!(ഖുർത്വുബി20/54)

ശരിക്കു ചിന്തിക്കുന്ന ആർക്കും ഇത്‌ വരെയുള്ള സത്യ വാചകങ്ങളിൽ നിന്ന് അല്ലാഹുവിന്റെ ശക്തിയും അധികാരാവകാശങ്ങളുടെ വ്യാപ്തിയും അത്‌ അവന്റെ മാത്രം കുത്തകയാണെന്നുള്ള കാര്യവും ബോദ്ധ്യപ്പെടും

9.قَدْ أَفْلَحَ مَن زَكَّاهَا

നിശ്ചയം ആ അത്മാവിനെ സംശുദ്ധമാക്കിയവൻ വിജയിച്ചു

10
وَقَدْ خَابَ مَن دَسَّاهَا

അതിനെ കളങ്കപ്പെടുത്തിയവൻ നിശ്ചയം പരാചയപ്പെടുകയും ചെയ്തു.

മേൽ പറഞ്ഞ സത്യവാചകങ്ങളെത്തുടർന്ന് പ്രധാനപ്പെട്ട രണ്ട്‌ തത്വങ്ങളാണ്‌ ഇനി അല്ലാഹു പറയുന്നത്‌ സത്യ വിശ്വാസം, സൽക്കർമ്മങ്ങൾ, സൽസ്വഭാവം, തെറ്റുകൾ വർജ്ജിക്കൽ തുടങ്ങിയ നന്മകൾ മുഖേനയാണ്‌ ആത്മപരിശുദ്ധി വരുത്തുക. സത്യ നിഷേധം, ദുസ്വഭാവം, ദുഷ്ക്കർമ്മങ്ങൾ എന്നിവ മുഖേനയാണ്‌ ആത്മ കളങ്കം ഉണ്ടാവുക. അത്‌ സൂക്ഷിച്ചും ശ്രദ്ധിച്ചും ജീവിക്കുന്നവനത്രെ നല്ലവൻ.സൂക്ഷിക്കാത്തവൻ മോശക്കാരനും.അല്ലാഹു നമുക്കെല്ലാം ഒന്നാം വിഭാഗത്തിലുൾപ്പെടാൻ സൌഭാഗ്യം നൽകട്ടെ ആമീൻ

11كَذَّبَتْ ثَمُودُ بِطَغْوَاهَا

സമൂദ്‌(ഗോത്ര)ക്കാർ അവരുടെ ധിക്കാരം മൂലം നിഷേധിച്ചു


12.إِذِ انبَعَثَ أَشْقَاهَا 

അവരിലെ ഏറ്റവും ദുർഭാഗ്യവാൻ (നിയുക്തനായി)ധൃതിപ്പെട്ട്‌ എഴുന്നേറ്റപ്പോൾ


13فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا
അപ്പോൾ അവരോട്‌ അല്ലാഹുവിന്റെ ദൂതൻ(സ്വാലിഹ്‌ നബി (عليه السلام) പറഞ്ഞു.അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയെയും നിങ്ങൾ സൂക്ഷിക്കുക(അതിനു ഭംഗം വരുത്തരുത്‌) എന്ന്

14
.فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا

എന്നാൽ അവർ അദ്ദേഹത്തെ നിഷേധിക്കുകയും ആ ഒട്ടകത്തെ (കുത്തിയറുത്ത്‌)കൊല്ലുകയും ചെയ്തു അപ്പോൾ അവരുടെ പാപം നിമിത്തം അവരുടെ നാഥൻ അവരുടെ മേൽ ശിക്ഷ ആകെ മൂടി(അവരെ ഉന്മൂല നാശം വരുത്തി) എന്നിട്ട്‌ ആ ശിക്ഷ അവൻ (എല്ലാവർക്കും ) സമപ്പെടുത്തി (ആരെയും ഒഴിവാക്കിയില്ല)
15.وَلَا يَخَافُ عُقْبَاهَا

അതിന്റെ അനന്തര ഫലത്തെ അല്ലാഹു ഭയപ്പെടുന്നുമില്ല

ഥമൂദ്‌ ഗോത്രത്തിലേക്ക്‌ നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു സ്വാലിഹ്‌ നബിعليه السلام തന്റെ പ്രവാചകത്വത്തിന്റെ പ്രത്യക്ഷ തെളിവായി അവർ ആവശ്യപ്പെട്ട പാറയിൽ നിന്ന് പുറത്ത്‌ വന്ന ഒട്ടകത്തെ ശല്യപ്പെടുത്തരുതെന്നും അവരുടെ ജലാശയത്തിലെ വെള്ളം ഒരു ദിവസം ഒട്ടകത്തിനും ഒരു ദിവസം അവർക്കും എന്ന നിലയിൽ പങ്കിടപ്പെടണമെന്നും സ്വാലിഹ്‌ നബി عليه السلام അവരുമായി വ്യവ്സ്ഥ ചെയ്യുകയും ഇത്‌ ലംഘിക്കപ്പെട്ടാൽ ഗുരുതരമായ ശിക്ഷ നിങ്ങളെ പിടികൂടുമെന്ന് അവർക്ക്‌ സ്വാലിഹ്‌ നബിعليه السلام താക്കീത്‌ നൽകുകയും ചെയ്തിരുന്നു.എന്നാൽ ധിക്കാരം മൂത്ത ആ ജനത ഈ വ്യവസ്ഥകൾ ലംഘിക്കാനും ഒട്ടകത്തെ കൊലപ്പെടുത്താനും തീരുമാനിച്ചു എല്ലാവരുടെയും സമ്മതത്തോടെ അവരിലെ ഏറ്റവും വലിയ ധിക്കാരി (നിർഭാഗ്യവാൻ) ഖുദാറുബ്നു സാലിഫ്‌ -ആ ദുഷ്ക്കർമ്മത്തിനു മുന്നോട്ട്‌ വരികയും ഒട്ടകത്തെ അറുക്കുകയും ചെയ്തു. അവർക്കുള്ള ശിക്ഷയായി അല്ലാഹു ഭൂകമ്പവും ശക്തമായ ഒരു ശബ്ദവും അവരിലേക്ക്‌ അയച്ച്‌ അവരിൽ ഒരാളും ബാക്കിയാവാത്ത വിധം ആധിക്കാരികളെ ഉന്മൂല നാശം വരുത്തി.
ആ ദുഷ്ക്കർമ്മം ചെയ്തത്‌ അവരിലെ ഏറ്റവും വലിയ ധിക്കാരിയായ ഖുദാർ എന്നവനാണെങ്കിലും ആ കൃത്യം നിർവ്വഹിച്ചത്‌ എല്ലാവരുടെയും ആവശ്യപ്രകാരവും അനുവാദത്തോടെയുമായതിനാൽ എല്ലാവരും കുറ്റക്കാർ തന്നെ.അതാണ്‌ എല്ലാവരെയും അല്ലാഹു നശിപ്പിച്ചത്‌.സാധാരണ ആർക്കെങ്കിലുമെതിരെ വല്ല ശിക്ഷാ നടപടിയുമെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച്‌ അവർക്ക്‌ ആശങ്കയുണ്ടാവാറുണ്ട്‌.അത്തരം യാതൊരു ഭയവും അല്ലാഹുവിന്‌ ഇല്ല എന്നാണ്‌ അവസാനം അല്ലാഹു പറഞ്ഞത്‌.ധിക്കാരികൾ അനുഭവിക്കുന്ന ശിക്ഷകളെക്കുറിച്ചുള്ള പരാമർശങ്ങൾ നമ്മുടെ ജീവിതത്തിന്റെ വിശുദ്ധിയിലേക്ക്‌ നമുക്ക്‌ പ്രചോദനമാവണം. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ



പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين
                              
സന്ദർശിക്കുക  www.vazhikaati.com   വിവരങ്ങൾക്ക് vilakk@gmail.com

3 comments:

വഴികാട്ടി / pathfinder said...

ഇമാം റാസി(റ) എഴുതുന്നു. ഈ സൂറത്തിന്റെ ലക്ഷ്യം ആരാധനകളിൽ താൽപര്യം ജനിപ്പിക്കലും ദോഷങ്ങൾ ചെയ്യുന്നതിനെ തൊട്ട്‌ താക്കീത്‌ ചെയ്യലുമാണ്‌.അതിനായി പ്രകൃതിയിൽ അല്ലാഹു സംവിധാനിച്ചതും മനുഷ്യൻ നിരന്തരം കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച്‌ അല്ലാഹു ആണയിടുമ്പോൾ ബുദ്ധിയുള്ള മനുഷ്യൻ ചിന്തിക്കുകയും അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും തന്റെ ജീവിതം അവന്റെ നിർദ്ദേശാനുസരണം ക്രമീകരിക്കുകയും ചെയ്യും.(റാസി 31/176)

അദ്ധ്യായം 91 വിശദീകരണം.. വായിക്കുക

Unknown said...

പ്രബോധന രംഗത്ത് വലിയൊരു വഴികാട്ടിയായി ഈ സദുദ്യമത്തെ അല്ലഹുത‌ആല ഖിയാമത്ത് നാളുവരെ നിലനിറുത്തട്ടെ. ഇതിന്റെ അണിയറ ശിൽ‌പ്പികൾക്ക് അല്ലാഹു റബ്ബുൽ ഇസ്സത്ത് ഇരുലോക വിജയത്തോടൊപ്പം ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ എന്നാത്മാർത്ഥമായി ദുആ ചെയ്യുന്നു.

വഴികാട്ടി / pathfinder said...

EDITED AND UPDATED. PDF FILE ALSO ADDED