അദ്ധ്യായം 93 സൂറ: അള്ളുഹാ | മക്കയിൽ
അവതരിച്ചു | സൂക്തങ്ങൾ 11
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
1. وَالضُّحَى
പൂർവ്വാഹ്നം
തന്നെ (സത്യം)
2.وَاللَّيْلِ إِذَا سَجَى
രാത്രി
തന്നെയാണ്(സത്യം) അത് ശാന്തമാകുമ്പോൾ
3.مَا وَدَّعَكَ رَبُّكَ وَمَا قَلَى
താങ്കളുടെ
നാഥൻ തങ്ങളെ ഉപേക്ഷിച്ചിട്ടില്ല തങ്ങളോട് കോപിച്ചിട്ടുമില്ല.
ഏതാനും ദിവസം നബി ﷺ ക്ക്
വഹ്‌യ് വരാതിരുന്നപ്പോൾ മക്കക്കാർ മുഹമ്മദിന്റെ റബ്ബ് അവരെ
വെടിഞ്ഞിരിക്കുന്നുവെന്നും മറ്റും നബി ﷺ യെ
പരിഹസിക്കാൻ തുടങ്ങിയപ്പോഴാണ് ഈ സൂറത്ത് അവതരിച്ചത്.ശത്രുക്കൾ
പ്രചരിപ്പിക്കുമ്പോലെ ഒരിക്കലും അല്ലാഹു നബി(സ) യെ വെടിയുകയോ തങ്ങളോട്
ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല നബി ﷺ ക്ക് അല്ലാഹു നൽകിയതും
നൽകാനിരിക്കുന്നതുമായ പല മഹത്വങ്ങളും ഉണർത്തുക വഴി നബി(ﷺ)ക്ക് അല്ലാഹു
നൽകിയ അംഗീകാരം ഈ അദ്ധ്യായം പ്രകാശിപ്പിക്കുന്നു.
എത്ര ദിവസമാണ് വഹ്‌യ് വരാതിരുന്നതെന്ന വിഷയത്തിൽ വിവിധ അഭിപ്രായമുണ്ട് 12,15,25,40. (ദിവസങ്ങൾ) എന്നിങ്ങനെയാണ് അഭിപ്രായങ്ങൾ
4.وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَى
നിശ്ചയം പരലോകം തങ്ങൾക്ക് ഇഹലോകത്തേക്കാൾ ഉത്തമം
തന്നെയാകുന്നു.
ഇവിടെ آخِرَةഎന്നാൽ പരലോകം എന്നും أُولَى എന്നാൽ ഈ ലോകം എന്നും ചിലർ
അഭിപ്രായപ്പെടുന്നു . آخِرَة എന്നാൽ വരാനിരിക്കുന്ന ഓരോ സമയവും എന്നും أُولَى എന്നാൽ അതിനു മുമ്പുള്ളത്
എന്നും അഭിപ്രായമുണ്ട്. അതനുസരിച്ച് തങ്ങളുടെ ജീവിതത്തിലെ ഓരോ സെക്കന്റിലും
അവിടുത്തേക്ക് മഹത്വങ്ങൾ വർദ്ധിച്ച് കൊണ്ടേയിരിക്കും എന്നാണ് അർത്ഥം അത് വളരെ
അർത്ഥവത്താണ് കാരണം ലോകത്ത് സത്യവിശ്വാസി ചെയ്തു കൊണ്ടിരിക്കുന്ന ഓരോ നന്മയുടെയും
പേരിൽ നബി(ﷺ)ക്ക് പ്രതിഫലം ലഭിക്കുന്നു. അത് ചെയ്യാൻ നബി(ﷺ) കാരണക്കാരനാണ്
എന്നതിനാലാണ് തങ്ങൾക്ക് ഈ മഹത്വം ലഭിക്കുന്നത്.
ചുരുക്കത്തിൽ ഭൗതിക ജീവിതത്തിൽ ചില പ്രയാസങ്ങളൊക്കെ വന്നാലും പരലോകം തങ്ങൾക്ക്
നേട്ടം മാത്രം നൽകുമെന്നും ഇവിടെ തന്നെ ഓരോ സമയത്തും അവിടുത്തേക്ക് സ്ഥാന വർദ്ധന
ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നുമാണ് ഈ സൂക്തത്തിന്റെ താൽപര്യം
5.وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى
തങ്ങളുടെ നാഥൻ തങ്ങൾക്ക് പിന്നീട് നൽകുക തന്നെ ചെയ്യും
അപ്പോൾ തങ്ങൾ തൃപ്തിയടയുകയും ചെയ്യും.
തങ്ങൾക്ക് തൃപ്തിയാവുന്നത് വരെ നൽകുമെന്ന് അല്ലാഹു പറഞ്ഞപ്പോൾ എന്ത് നൽകും
എന്ന് പറഞ്ഞില്ല അതിന്റെ അർത്ഥം വേണ്ടതൊക്കെ നൽകുമെന്നാണ്. സ്വർഗത്തിലെ അളവറ്റ
അനുഗ്രഹങ്ങൾ അതിൽ പെടുന്നു. എന്നാൽ;
നബി(ﷺ) ക്ക് ഏറ്റവും
സന്തോഷമാവുന്നത് അവിടുത്തെ ഉമ്മത്തിനെ നരകത്തിൽ നിന്നു രക്ഷിക്കാനുള്ള ശുപാർശയും
അത് അല്ലാഹു സ്വീകരിക്കലുമാകുന്നു അലി رضي الله عنه പറയുന്നു നബി(ﷺ) പറഞ്ഞു എന്റെ
ഉമ്മത്തിനു വേണ്ടി ഞാൻ ചെയ്യുന്ന ശുപാർശ അല്ലാഹു സ്വീകരിക്കും. അങ്ങനെ അല്ലാഹു
ചോദിക്കും നബിയേ! അങ്ങേക്ക് തൃപ്തിയായോ ?
ഞാൻ
പറയും തൃപ്തിയായി എന്ന്(ഖുർത്വുബി 20/68).
അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസി رضي الله
عنه പറയുന്നു.നബി(ﷺ) ഇബ്രാഹീം (عليه السلام) ന്റെ വിഷയത്തിൽ അല്ലാഹു പറഞ്ഞ സൂറ:
ഇബ്രാഹീമിലെ സൂക്തം 36 ഉം
رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ فَمَن تَبِعَنِي فَإِنَّهُ مِنِّي وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ
എന്റെ രക്ഷിതാവേ! തീർച്ചയായും അവ ( വിഗ്രഹങ്ങൾ ) മനുഷ്യരിൽ നിന്ന്
വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാൽ എന്നെ ആര് പിന്തുടർന്നുവോ അവൻ
എന്റെ കൂട്ടത്തിൽ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന
പക്ഷം തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ.
ഈസാ(عليه السلام) ന്റെ വിഷയത്തിൽ (സൂറ:മാഇദ: 118)ഉം
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ
നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിന്റെ
ദാസൻമാരാണല്ലോ. നീ അവർക്ക് പൊറുത്തുകൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ
പ്രതാപിയും യുക്തിമാനും.
ഓതിയപ്പോൾ അവിടുന്ന് കൈ ഉയർത്തി അല്ലാഹുവേ എന്റെ ഉമ്മത്തിനെ രക്ഷിക്കണേ എന്ന്
പറയുകയും കരയുകയും ചെയ്തു അപ്പോൾ അല്ലാഹു നബി(ﷺ) എന്തിനാണു കരയുന്നത് എന്ന് ചോദിച്ചു വരാൻ
(കാരണം അല്ലാഹുവിനറിയാമെങ്കിലും)ജിബ്‌രീൽ عليه السلام നെ അയക്കുകയും ഉമ്മത്തിന്റെ
വിഷയമാണ് കരയാൻ കാരണം എന്ന് ജിബ്‌രീൽ(അ) അല്ലാഹുവോട് അറിയിക്കുകയും ചെയ്തു.അപ്പോൾ
അല്ലാഹു ജിബ്‌രീൽ(عليه
السلام)
ന്റെ അടുത്ത് ഒരു സന്ദേശം നബി(ﷺ)ക്ക് കൊടുത്തയച്ചു.നിശ്ചയം അങ്ങയുടെ
ഉമ്മത്തിന്റെ കാര്യത്തിൽ അങ്ങേക്ക് നാം തൃപ്തി തരും ഒരിക്കലും അവരുടെ വിഷയത്തിൽ
അങ്ങയെ ഞാൻ വിഷമിപ്പിക്കില്ല എന്നായിരുന്നു ആ സന്ദേശം ഇത് കൊണ്ട് തന്നെ അലി رضي الله عنه പറഞ്ഞു. ഖുർആനിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന സൂക്തം ഇതാകുന്നു(ഖുർത്വുബി20/68)
ഈ സൂക്തം ഇറങ്ങിയപ്പോൾ നബി(ﷺ) പറഞ്ഞു.എങ്കിൽ അല്ലാഹുവെ തന്നെ സത്യം എന്റെ
ഉമ്മത്തിൽ ഒരാളെങ്കിലും നരകത്തിലുണ്ടെങ്കിൽ എനിക്ക് തൃപ്തിയാവുകയില്ല(ഖുർത്വുബി20/68) നോക്കുക നമ്മോട് നബി(ﷺ)യുടെ സ്നേഹം! അവിടുത്തെ ശിപാർശയല്ലാതെ
മറ്റെന്താണ് ? രക്ഷക്കായി നമുക്കുള്ളത്. ആ ശുപാർശ
കൊതിക്കാത്തവരായി മുസ്‌ലിം ലോകത്ത് ആരും ഇല്ല. ആ മഹത്തായ സ്ഥാനം തങ്ങളുടെ ഏറ്റവും
വലിയ മഹത്വം തന്നെയാണ്. സലാത്തുകൾ വർദ്ധിപ്പിച്ചും തങ്ങളെ ആത്മാർത്ഥമായി
സ്നേഹിച്ചും അവിടുത്തെ ചര്യകൾ മുറുകെ പിടിച്ചും നാം അതിനു യോഗ്യത നേടണം.അല്ലാഹു
അനുഗ്രഹിക്കട്ടെ ആമീൻ
6.أَلَمْ يَجِدْكَ يَتِيمًا فَآوَى
അല്ലാഹു തങ്ങളെ അനാഥനായി കാണുകയും എന്നിട്ട് തങ്ങൾക്ക്
അവൻ അഭയം നൽകുകയും ചെയ്തില്ലേ?
ഭാവിനേട്ടങ്ങളെക്കുറിച്ച് സൂചിപ്പിച്ച ശേഷം കഴിഞ്ഞ കാലത്ത് നൽകപ്പെട്ട ചില
അനുഗ്രഹങ്ങൾ ചൂണ്ടിക്കാണിക്കുകയാണ്. അവിടുന്ന് ഗർഭത്തിലായിരിക്കെ തന്നെ പിതാവും ആറാം
വയസ്സിൽ മാതാവും നഷ്ടപ്പെട്ടുവെങ്കിലും അനാഥത്വം തന്നെ ബാധിച്ചുവെങ്കിലും പിതാമഹൻ
അബ്ദുൽ മുത്തലിബും തന്റെ വിയോഗാനന്തരം പിത്ര്യവ്യൻ അബൂത്വാലിബും തന്റെ സംരക്ഷണ
ചുമതല ഏറ്റെടുത്തു. നാൽപതാമത്തെ വയസ്സിൽ പ്രവാചകത്വം ലഭിച്ചപ്പോൾ അബൂത്വാലിബ്
അതിൽ വിശ്വസിച്ചില്ലെങ്കിലും ശത്രുക്കളിൽ നിന്ന് തങ്ങളെ രക്ഷിക്കുന്നതിലും മറ്റും
സ്തുത്യർഹമായ സേവനം ചെയ്തു. അബൂത്വാലിബിന്റെ മരണശേഷം എല്ലാ സഹായങ്ങളുമായി
മദീനക്കാർ നബി(ﷺ)യെ ഏറ്റെടുത്തു. ഇതൊക്കെ ഈ അഭയം നൽകി എന്നതിന്റെ ആശയമത്രെ!
7.وَوَجَدَكَ ضَالًّا فَهَدَى
വഴി അറിയാത്ത ആളായി അവൻ തങ്ങളെ കാണുകയും എന്നിട്ട്
തങ്ങൾക്ക് വഴികാണിച്ചു തരികയും ചെയ്തില്ലേ?
നേർവ്വഴിയും സന്മാർഗവും എന്താണെന്ന് അറിയാത്ത ഒരു ജനതക്കിടയിൽ ജീവിക്കുമ്പോൾ
വഴി തെറ്റാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നിട്ടും ജാഹിലിയ്യത്തിന്റെ ഒരു ചേറും
ചെളിയും നബി(ﷺ) യെ ബാധിച്ചില്ല എന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമത്രെ!
നാൽപതു വയസ്സുവരെയുള്ള ജീവിതത്തിൽ അവിടത്തേക്ക് പ്രത്യേക നിയമങ്ങളോ വേദങ്ങളുടെ
നിർദ്ദേശങ്ങളോ ഉണ്ടായിരുന്നില്ല. തെറ്റിലായി ജീവിക്കാൻ എല്ലാ അനുകൂല ഘടകങ്ങളും
ഉണ്ട് താനും എന്നിട്ടും ഒരു അരുതായ്മയും അവിടുന്ന് ചെയ്തില്ല. ഇമാം റാസി(رحمة الله عليه) എഴുതുന്നു. നബി ﷺ പറഞ്ഞു ജാഹിലിയ്യത്തിന്റെ
ഒരു കാര്യവും ഞാൻ ചിന്തിക്കാറു പോലുമില്ല. എന്നാൽ അവരുടെ കല്യാണ സദസ്സിലെ സംഗീതം
ആസ്വദിക്കണമെന്നു രണ്ട് തവണ ഞാൻ തീരുമാനിച്ചു. പക്ഷെ സദസ്സിലെത്തിയ ഉടൻ രണ്ട്
തവണയും അല്ലാഹു എനിക്കു ഉറക്കം നൽകി സൂര്യന്റെ ചൂട് ശരീരത്തിൽ തട്ടി ഉണരുമ്പോൾ
എല്ലാവരും പോയിരിക്കും.പിന്നീട് ഞാൻ അങ്ങനെ ഒന്നും അഗ്രഹിച്ചില്ല എനിക്ക്
അല്ലാഹു പ്രവാചകത്വം നൽകി ആദരിക്കുകയും ചെയ്തു(റാസി 31/203)
വഴിയറിയാത്തവനായി എത്തിച്ചു എന്നതിനു മറ്റൊരു വ്യാഖ്യാനവും ഇവിടെയുണ്ട്.നബി ﷺ പറയുന്നു ഒരിക്കൽ പിതാമഹൻ
അബ്ദുൽ മുത്തലിബിന്റെ അടുത്ത് നിന്ന് ഞാൻ കൂട്ടം വിട്ടു. ശക്തമായ വിശപ്പിൽ ഞാൻ
ക്ഷീണിച്ചു പോയി. അല്ലാഹു എന്നെ ഉപ്പാപ്പയുടെ അടുത്തേക്ക് എത്തിച്ചു ആ ചരിത്രം
ഇമാം റാസി(رحمة
الله عليه)
ഇങ്ങനെ വിശദീകരിക്കുന്നു. കുട്ടി നഷ്ടപ്പെട്ടപ്പോൾ അബ്ദുൽ മുത്തലിബ് കഅബയുടെ
ഖില്ല പിടിച്ച് അല്ലാഹുവേ എന്റെ മോനെ നീ എന്നിലേക്ക് മടക്കി തരേണമേ എന്ന്
ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു അങ്ങനെയിരിക്കെ അബൂജഹ് ൽ തന്റെ ഒട്ടകത്തിന്റെ
മുന്നിൽ നബി ﷺ യെ
ഇരുത്തി അവിടെ എത്തി. എന്നിട്ട് പറഞ്ഞു. അബ്ദുൽ മുത്തലിബ്! നിങ്ങളുടെ ഈ
കുട്ടിയുടെ വിവരം അറിയണോ എന്ന് .അബ്ദുൽ മുത്തലിബ് ചോദിച്ചു എന്താണ് ? അബൂജഹ്‌ൽ
പറഞ്ഞു. ഞാൻ ഈ കുട്ടിയെ ഒറ്റപ്പെട്ട് കണ്ടപ്പോൾ എന്റെ ഒട്ടകത്തെ മുട്ട്
കുത്തിച്ച് എന്റെ പുറകിൽ കുട്ടിയെ കയറ്റി. പക്ഷെ എന്റെ ഒട്ടകം എഴുന്നേൽക്കാൻ
കൂട്ടാക്കിയില്ല എന്റെ മുന്നിൽ കുട്ടിയെ ഇരുത്തിയപ്പോൾ ഒട്ടകം എഴുന്നേൽക്കുകയും
ചെയ്തു(എല്ലവരെയും നയിക്കേണ്ട നബി ﷺ മുന്നിൽ
തന്നെയാണല്ലോ ഉണ്ടാവേണ്ടത്)വേറെ ചില സന്ദർഭങ്ങളിലും ഇതു പോലുള്ള വഴിതെറ്റലും
അല്ലാഹു തങ്ങളെ അത്ഭുതകരമായി ലക്ഷ്യ സ്ഥാനത്ത് എത്തിച്ചതും റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്(റാസി 31/202)
8.وَوَجَدَكَ عَائِلًا فَأَغْنَى
തങ്ങളെ അവൻ ദരിദ്രനായി കാണുകയും എന്നിട്ട് അവൻ തങ്ങൾക്ക്
ധന്യത നൽകുകയും ചെയ്തില്ലേ?
പിതാവിൽ നിന്ന് കാര്യമായ അനന്തരമൊന്നും ലഭിക്കാനില്ലാതിരുന്നിട്ടും
അബൂത്വാലീനെക്കൊണ്ടും പിന്നീട് ഖദീജ ബീവിയെ ക്കൊണ്ടും പിന്നീട് അൂബക്കർ رضي الله عنه നെക്കൊണ്ടും
മദീനയിലേക്കുള്ള പാലായനശേഷം മദീനക്കാരായ അൻസാറിനെക്കൊണ്ടും പിന്നീട് യുദ്ധത്തിലെ
ഗനീമത്ത് കൊണ്ടും അല്ലാഹു നബി ﷺ ക്ക്
ധന്യത നൽകി എന്നാണ് ഒരു വ്യാഖ്യാനം. മറ്റൊരു വ്യാഖ്യാനം പ്രവാചകത്വ ലബ്ദിക്ക്
ശേഷം രഹസ്യമായി മാത്രം അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരുന്ന നബി ﷺ ക്കും ശിഷ്യന്മാർക്കും ഉമർ رضي الله عنه മുസ്‌ലിമായതോടെ
ഒരു പുതിയ ഉന്മേഷം ലഭിച്ചതും പരസ്യമായി തന്നെ മുസ്‌ലിം എന്നു പറയാനുള്ള ധൈര്യം
ലഭിച്ചതുമാണ് ഇവിടെ ഉദ്ദേശ്യം എന്നാണ്. ഉള്ളത് കൊണ്ട് പൊരുത്തപ്പെട്ട്
ജീവിക്കുക എന്ന സ്വഭാവമാണ് ഇവിടെ ഉദ്ദേശ്യം എന്നും അഭിപ്രായമുണ്ട്. ഒരു പാട്
വിഭവങ്ങൾ ലഭിച്ചാലും ചിലരുടെ മനസ്സ് ദരിദ്രമായിരിക്കും അതേ സമയം
വിഭവങ്ങളൊന്നുമില്ലെങ്കിലും ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള
മാനസികാവസ്ഥയുള്ളവർക്ക് എത്ര പ്രയാസമുണ്ടായാലും മനസ്സ് സമാധാനമുള്ളതായിരിക്കും ഈ
സ്വഭാവം തങ്ങൾക്ക് അല്ലാഹു നൽകിയിരുന്നു. മറ്റൊരു വ്യാഖ്യാനം പ്രബോധന രംഗത്ത്
ആവശ്യമായ എല്ലാ തെളിവുകളും നൽകി അല്ലാഹു തങ്ങളെ ധന്യമാക്കി എന്നാണ്(റാസി 31/204)
9.فَأَمَّا الْيَتِيمَ فَلَا تَقْهَرْ
അതിനാൽ അനാഥയെ തങ്ങൾ കീഴടക്കി വെക്കരുത്
10.وَأَمَّا السَّائِلَ فَلَا تَنْهَرْ
ചോദിച്ചു വരുന്നവനെ വിരട്ടിവിടുകയുമരുത്
അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും അനുഭവങ്ങൾ നേരിട്ടറിഞ്ഞ വ്യക്തി എന്ന
നിലയിൽ അനാഥകളുടെയും സാധുക്കളുടെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും അവരെ
വേദനിപ്പിക്കുന്ന പെരുമാറ്റം ഉണ്ടാവരുതെന്നും കൽപ്പിച്ചിരിക്കുകയാണ്. കൽപന
തങ്ങളോടാണെങ്കിലും എല്ലാവർക്കും ബാധകമാണീ കൽപന എന്നത് നാം മറക്കരുത്
പിതാവ് മരണപ്പെടുകയും പ്രായപൂർത്തി ആവാതിരിക്കുകയും
ചെയ്യുന്ന കുട്ടികളാണ് സാങ്കേതികമായി യതീം എന്ന് പറയുക. അത്തരക്കാരെ
ഇസ്‌ലാം വല്ലാതെ പരിഗണിച്ചിട്ടുണ്ട്. അവരെ പരിഗണിക്കുന്നവർക്ക് അല്ലാഹു നൽകുന്ന
പ്രതിഫലവും യതീമിനെ അവഗണിക്കുന്നവർക്കുള്ള ശക്തമായ താക്കീതും നമുക്ക് കാണാം നബി ﷺ യിൽ നിന്ന് അനസ് رضي الله عنه ഉദ്ധരിക്കുന്നു.
ഒരു യതീം കരയുമ്പോൾ അവന്റെ കണ്ണുനീർ അല്ലാഹുവിന്റെ പ്രത്യേക ശ്രദ്ധ
അർഹിക്കുന്നതാണ് എന്നിട്ട് അല്ലാഹു പറയും ബാപ്പയെ ഞാൻ മണ്ണിനടിയിലാക്കിയ ഈ കുട്ടിയെ ആരാണ് കരയിച്ചത്? ആ
കുട്ടിയുടെ കരച്ചിലടക്കുന്നവർക്ക് സ്വർഗമുണ്ട് എന്ന് .(റാസി31/206)
ചോദിച്ച് വരുന്നവനെ വിരട്ടരുത് ഉണ്ടെങ്കിൽ കൊടുക്കുക ഇല്ലെങ്കിൽ നല്ല വാക്ക് പറഞ്ഞ് വിട്ടയക്കുക.
എന്നല്ലാതെ അയാളെ പരിഹസിക്കാനോ മര്യാദയില്ലാതെ പെരുമാറാനോ പാടില്ല യാചന ഒരു നല്ല
കാര്യമല്ല ഇസ്‌ലാം അത് ഇഷ്ടപ്പെടുന്നുമില്ല പക്ഷെ ചോദിക്കപ്പെടുന്ന ആളുടെ
ബാദ്ധ്യത അയാളെ പരിഗണിക്കലാണ്.
ഈ വിഷയത്തിലും നബി ﷺ യുടെ
മാതൃക എമ്പാടും കാണാം ചോദിച്ചു വരുന്ന ആരെയും നബി ﷺ വെറും കയ്യോടെ മടക്കാറില്ല
ഇമാം റാസി(رحمة
الله عليه)
എഴുതുന്നു. ഒരിക്കൽ നബി(ﷺ) ഇരിക്കുന്നിടത്തേക്ക് കുറച്ച് പഴവുമായി
ഉസ്മാൻ رضي الله عنه വരികയും
അത് കഴിക്കാൻ നബി(സ)യെ നിർബന്ധിക്കുകയും ചെയ്തു അപ്പോഴാണ് വാതിലിനടുത്ത് വന്ന്
ഒരു യാചകൻ വല്ലതും തരണമെന്ന് ആവശ്യപ്പെട്ടത്. ആപഴം അദ്ദേഹത്തിനു കൊടുക്കാൻ നബി(ﷺ) നിർദ്ദേശിച്ചു
ആ പഴം തങ്ങൾ തന്നെ കഴിക്കണമെന്ന് ഉസ്മാൻ رضي الله عنه ആഗ്രഹിച്ചതിനാൽ തനിക്ക് വിഷമം തോന്നിയെങ്കിലും
നബി ﷺ യുടെ കലപന സ്വീകരിച്ച് ആ
പഴം അദ്ദേഹത്തിനു നൽകുകയും പിന്നീട് അയാളിൽ നിന്ന് അത് വിലക്ക് വാങ്ങി നബി ﷺ ക്ക് തന്നെ ഉസ്മാൻ رضي الله عنه നൽകി.
കഴിക്കാൻ തുടങ്ങുമ്പോഴേക്ക് ആ യാചകൻ വീണ്ടും വന്നു ഇങ്ങനെ മൂന്ന് തവണ ഇയാളിൽ
നിന്ന് തന്നെ ഉസ്മാൻ رضي
الله عنه ആ പഴം വിലക്കു വാങ്ങി നബി ﷺ ക്ക് നൽകി. പിന്നെയും അയാൾ
വന്നപ്പോൾ നബി ﷺ അയാളോട്
ചോദിച്ചു നിങ്ങൾ യാചകനോ അതോ കച്ചവടക്കാരനോ എന്ന്? അതിനെ
സംബന്ധിച്ചാണ് യാചകനെ വിരട്ടരുതെന്ന ആയത്തിറങ്ങിയത്(റാസി 31/206).
നിങ്ങൾ യാചകനോ അതോ കച്ചവടക്കാരനോ എന്ന് ചോദിക്കുന്നത് പോലും വിരട്ടലായാണ് ഇസ്‌ലാം
കാണുന്നതെങ്കിൽ നമ്മുടെയൊക്കെ പല സമയത്തുമുള്ള പെരുമാറ്റം എന്ത് മാത്രം
വിലകുറഞ്ഞതാകുന്നുണ്ടെന്ന് നാം ഓർക്കണം
11. وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ
തങ്ങളുടെ നാഥൻ ചെയ്തു തന്ന അനുഗ്രഹത്തെക്കുറിച്ച് തങ്ങൾ:
വർത്തമാനം പറയുക
അല്ലാഹു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് വർത്തമാനം പറയുക എന്ന കൽപനയുടെ
താൽപര്യം അല്ലാഹുവിൽ നിന്നു ലഭിച്ച അനുഗ്രഹങ്ങൾ മൂടിവെക്കരുതെന്നും നന്ദി പൂർവ്വം
അതെക്കുറിച്ച് പറയണമെന്നും ആ അനുഗ്രഹം ചർച്ചയാക്കണമെന്നും അള്ളാഹു നൽകിയ
അനുഗ്രഹത്തിന്റെ അടയാളം തന്നിൽ പ്രകടമാക്കണമെന്നുമൊക്കെയാണ്. ഏത്
അനുഗ്രഹത്തിന്റെയും വിഷയത്തിൽ ഈ നിർദ്ദേശം നാം പാലിക്കണം എന്നാൽ അനുഗ്രഹം
ചർച്ചയാക്കുന്നതും എടുത്ത് പറയുന്നതുമൊക്കെ അല്ലാഹുവിനുള്ള നന്ദി എന്ന നിലക്ക്
ആവുകയും അഹങ്കാരമോ പൊങ്ങച്ചമോ തൊട്ട് തീണ്ടാത്തതുമായിരിക്കണമെന്ന് പ്രത്യേകം
പ്രസ്താവ്യമാണ്
അല്ലാഹു നൽകിയ അനുഗ്രഹം തന്റെ അടിമയുടെ മേൽ കാണുന്നത് അല്ലാഹുവിനു
ഇഷ്ടമാണെന്ന് നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്.അപ്പോൾ
കഴിവുള്ളവർ ഈ ലക്ഷ്യത്തിൽ നല്ല വസ്ത്രം ധരിക്കുന്നതും, നന്മ
തന്നെ എന്ന് കാണാം .ഉപകാരം നൽകിയ ജനങ്ങൾക്ക് പോലും നന്ദി ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട
നാം അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദി ചെയ്യുന്ന വിഷയത്തിൽ എന്തു മാത്രം
ശ്രദ്ധിക്കണം .
ഈ സൂറ:മുതൽ എല്ലാ സൂറയും അവസാനിക്കുമ്പോൾ തക് ബീർ ചൊല്ലൽ
സുന്നത്താണ്
االله اكبر എന്നോ الله اكبر لااله الا الله و الله اكبر എന്നോ ചൊല്ലണം(ഇബ്നു കസീർ.4/762)
االله اكبر എന്നോ الله اكبر لااله الا الله و الله اكبر എന്നോ ചൊല്ലണം(ഇബ്നു കസീർ.4/762)
കുറച്ച് ദിവസം വഹ്‌യ് മുടങ്ങി വിഷമിച്ച നബി ﷺ ക്ക് വീണ്ടും വഹ്‌യ്
പുനരാരംഭിച്ചതിന്റെ സന്തോഷപ്രകടനമെന്നോണമാണീ തക്ബീർ എന്ന് ഖുർത്വുബിയിലും (20/73)കാണാം
ആരെങ്കിലും ഈ സൂറത്ത് പാരായണം ചെയ്താൽ അയാൾക്ക് ശിപാർശ ചെയ്യുന്നത് നബി(ﷺ) ക്ക്
തൃപ്തിയാവുന്ന കൂട്ടത്തിൽ അല്ലാഹു അയാളെ പെടുത്തുകയും എല്ലാ അനാഥകളുടെയും
ചോദിക്കുന്നവരുടെയും എണ്ണം കണ്ട് പത്ത് നന്മകൾ അയാൾക്ക് അല്ലാഹു
നിശ്ചയിക്കുകയും ചെയ്യും എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്(ബൈളാവി
2/604)
അല്ലാഹു നമ്മെയെല്ല്ലാം ഈ നന്മകളും നബി(ﷺ)യുടെ ശുപാർശയും ലഭിക്കുന്നവരിൽ
ഉൾപ്പെടുത്തട്ടെ ആമീൻ
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم باحسان الي
يوم الدين والحمد لله رب العالمين
2 comments:
അദ്ധ്യായം 93 അള്ളുഹാ വിവരണം
edited and updated. PDF file also added
Post a Comment