സൂറത്തുൽ
ഫലഖ് | മക്കയിൽ
അവതരിച്ചു | സൂക്തങ്ങൾ 5
ഈ അദ്ധ്യായത്തിനും അടുത്ത
അദ്ധ്യായത്തിനും കൂടി المعوذتان)) രക്ഷ
നൽകുന്ന രണ്ട് സൂറത്തുകൾ എന്നാണ്
അർത്ഥം.വിവിധ
കെടുതികളിൽ നിന്ന് അള്ളാഹുവോട് രക്ഷതേടാൻ പഠിപ്പിക്കുന്നതാണീ സൂറത്തുകൾ.ഇത്
രണ്ടിന്റെയും മഹത്വം പ്രകാശിപ്പിക്കുന്ന ധാരാളം ഹദീസുകൾ കാണാം, ഉഖ്ബത്ത് ബിൻ
ആമിർرضي الله عنه പറയുന്നു. ‘ഞാൻ നബി ﷺ
യോടൊപ്പം അബവാഇന്റെയും ജുഹ്ഫയുടെയും (മക്കയിൽ നിന്ന് ബദ്ർ വഴി മദീനയിലേക്കുള്ള
വഴിയിലാണീ സ്ഥലങ്ങൾ)
ഇടയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ശക്തമായ കാറ്റും ഇരുട്ടും ഞങ്ങളെ ബാധിച്ചു.അപ്പോൾ നബി ﷺ
ഫലഖ്.നാസ്
എന്നീ രണ്ട് സൂറത്തുകൾ കൊണ്ട് അള്ളാഹുവോട് കാവൽ തേടാൻ തുടങ്ങി,അവിടുന്ന്
എന്നോട് പറഞ്ഞു,ഉഖ്ബത്തേ!ഈ രണ്ട്
സൂറത്തുകൾ കൊണ്ട് അള്ളാഹുവോട് കാവൽ തേടൂ.ഇതു പോലെ അല്ലാഹുവോട് മറ്റൊന്നു കൊണ്ടും ആരും
ശരണം തേടിയിട്ടില്ല(അബൂദാവൂദ്
ഹദീസ് നമ്പർ.1463)
നബി ﷺ യുടെ
വഫാത്തിനോടനുബന്ധിച്ച് ഉണ്ടായ രോഗവേളയിൽ നബി ﷺ ഈ രണ്ട്
സൂറത്തുകൾ ഓതി ശരീരത്തിൽ മന്ത്രിച്ചിരുന്നു.ശക്തമായ വേദനയുണ്ടായപ്പോൾ ഞാൻ ഇത് ഓതി നബി ﷺ യുടെ കൈകളിൽ
ഊതി അവിടുത്തെ ശരീരത്തിൽ അവിടുത്തെ കൈകൊണ്ട് (അതിന്റെ പ്രത്യേക അനുഗ്രഹം പ്രതീക്ഷിച്ച്) നബി ﷺ യുടെ
ശരീരത്തിൽ ഞാൻ തടവി കൊടുത്തു എന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിൽ ആഇശ ബീവി رضي الله عنها പറയുന്നതായി
കാണാം. (ഖുർത്വുബി.20/186)
ഈ രണ്ട്
സൂറത്തും സൂറതുൽ ഇഖ്‌ലാസും രാവിലെയും
വൈകുന്നേരവും ഓതാനും അഞ്ച് നിസ്ക്കാരങ്ങൾക്ക് ശേഷം ഓതാനും ഉറങ്ങാൻ കിടക്കുമ്പോൾ
ഓതി കൈകളിൽ ഊതി ശരീരത്തിൽ നിന്ന് കയ്യെത്തുന്നിടത്തൊക്കെ തടവാനും
നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.ഇതെല്ലാം ഈ അദ്ധ്യായത്തിന്റെ പ്രാധാന്യമാണ്
സൂചിപ്പിക്കുന്നത്
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
قُلْ
أَعُوذُ بِرَبِّ الْفَلَقِ .1
(നബിയേ) പറയുക!പ്രഭാതത്തിന്റെ
നാഥനിൽ ഞാൻ അഭയം പ്രാപിക്കുന്നു
നിഷ്ക്കളങ്കമായ
തൌഹീദിനെക്കുറിച്ചായിരുന്നല്ലൊ കഴിഞ്ഞ അദ്ധ്യായത്തിലെ പരാമർശം. തൌഹീദിലേക്ക്
ശിർക്കിന്റെ ലാഞ്ചനപോലും കടന്ന് വരാൻ പാടില്ലെന്നും അള്ളാഹു അതിൽ നിന്നെല്ലാം
പരിശുദ്ധനാണെന്നും അള്ളാഹു ഉണർത്തി. ഏതെങ്കിലും വിധത്തിൽ അള്ളാഹുവിനോട്
ആരെയെങ്കിലും തുല്യപ്പെടുത്തുന്നത് ശിർക്കാകുമെന്നും അവിടെ വ്യക്തമാവുകയും ചെയ്തു.അള്ളാഹുവിന്റെ
കഴിവിലോ അധികാരത്തിലോ അല്ലാത്തവർക്ക് പങ്കാളിത്തം നൽകിക്കൂടാ എന്ന് അവിടെ
വ്യക്തമായി. എന്നാൽ
അവന്റെ കഴിവിലും അധികാരത്തിലും മറ്റുള്ളവർക്ക് പങ്കാളിത്തം കൽപ്പിച്ച് കൊണ്ട്
അവകളോട് രക്ഷതേടിയിരുന്നശിർക്കിന്റെ സമീപനത്തെ തകർക്കുകയാണ് ഈ അദ്ധ്യായത്തിൽ.
അപ്പോൾ
കഴിവിലും അധികാരാവകാശങ്ങളിലും അള്ളാഹുവിനു പങ്കാളികളെ സ്ഥാപിക്കാതെ മറ്റുള്ളവരോട്
രക്ഷതേടുന്നതോ, അവർ അള്ളാഹുവിന്റെ പങ്കാളികളല്ല മറിച്ച്
അള്ളാഹുവിന്റെ വിനീതരായ അടിമകളാണെന്ന നിലക്ക് അള്ളാഹു നൽകിയ ആദരവിന്റെ
അടിസ്ഥാനത്തിൽ അവരോട് സഹായം തേടുന്നതോ ശിർക്കല്ല. കാരണം
മറ്റാരിൽ നിന്നെങ്കിലും വല്ല ഉപകാരവും ലഭിക്കും എന്ന വിശ്വാസത്തിൽ നിന്നല്ല
ശിർക്ക് ഉടലെടുക്കുന്നത് പ്രത്യുത ആ സഹായം അള്ളാഹു നൽകുന്ന സഹായം പോലെ നിരാശ്രയത്വത്തിന്റെ
അടിസ്ഥാനത്തിലെന്ന് ധരിക്കുന്നതിൽ നിന്നാണ് ശിർക്ക് ഉടലെടുക്കുന്നത്.എല്ലാസഹായവും
അള്ളാഹുവോടേ തേടൂ എന്ന് ഒന്നാം അദ്ധ്യായം(ഫാതിഹ)പറയുന്നു.എന്നിട്ടും
നാം പലരോടും സഹായം തേടുന്നില്ലേ!! അത് ഈ പ്രഖ്യാപനത്തിനെതിരാണോ ആണെങ്കിൽ ശിർക്ക്
ചെയ്യാത്ത ആരെങ്കിലും ലോകത്തുണ്ടാവുമോ? അത് ശിർക്കല്ലെന്നാണുത്തരമെങ്കിൽ എന്താണ്
വ്യത്യാസം? അള്ളാഹുവോട്
സഹായം ചോദിക്കുമ്പോഴുള്ള കാഴ്ചപ്പാട് അല്ല മറ്റുള്ളവരോട് ചോദിക്കുമ്പോഴുള്ളത് അഥവാ
ആരാധിക്കപ്പെടാൻ അർഹരാണെന്ന അർത്ഥത്തിലോ സ്വയം പര്യാപ്തനാണെന്ന അർത്ഥത്തിലോ
ചോദിക്കുമ്പോഴാണ് പ്രശ്നം.ഇതിന്റെ വിശദ വായനക്ക് അവിടുത്തെ വിവരണം നോക്കുക
ഫലഖ് എന്നാൽ
പിളർത്തുക എന്നാണ് അർത്ഥം.മണ്ണ് പിളർത്തി ധാന്യം മുളപ്പിക്കൽ, ധാന്യം
പിളർത്തി അതിന്റെ മുള പൊട്ടിക്കൽ, ഭൂമി പിളർത്തി ഉറവ് പുറപ്പെടുവിക്കൽ ,ഗർഭാശയം
പിളർത്തി ശിശുവിനെ പുറപ്പെടുവിക്കൽ എന്നിവക്കെല്ലാം ആവാക്ക് ഉപയോഗിക്കും..ഈ
അർത്ഥത്തിലാണ്
إِنَّ اللّهَ فَالِقُ الْحَبِّ وَالنَّوَى يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ذَلِكُمُ اللّهُ فَأَنَّى تُؤْفَكُونَ
(الأنعام:95)
തീർച്ചയായും
ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളർക്കുന്നവനാകുന്നു അല്ലാഹു നിർജീവമായതിൽ നിന്ന്
ജീവനുള്ളതിനെ അവൻ പുറത്ത് വരുത്തുന്നു. ജീവനുള്ളതിൽ നിന്ന് നിർജീവമായതിനെയും അവൻ
പുറത്ത് വരുത്തുന്നതാണ്. അങ്ങനെയുള്ളവനത്രെ അല്ലാഹു.. എന്നിരിക്കെ (സത്യത്തെ വിട്ട് )നിങ്ങൾ
എങ്ങനെ തിരിക്കപ്പെടുന്നു (സൂറത്ത്
അൻആം :95)
പ്രഭാതത്തെ പിളർത്തിക്കൊണ്ടു വരുന്നവനാണവൻ. രാത്രിയെ അവൻ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു സൂര്യനെയും ചന്ദ്രനെയും കണക്കുകൾക്ക് അടിസ്ഥാനവു (മാക്കിയിരിക്കുന്നു) പ്രതാപിയും സർവജ്ഞനുമായ അള്ളാഹുവിന്റെ ക്രമീകരണമത്രെ അത്
فَالِقُ الإِصْبَاحِ وَجَعَلَ اللَّيْلَ
سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ذَلِكَ تَقْدِيرُ الْعَزِيزِ
الْعَلِيمِ (الأنعام 96)
പ്രഭാതത്തെ പിളർത്തിക്കൊണ്ടു വരുന്നവനാണവൻ. രാത്രിയെ അവൻ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു സൂര്യനെയും ചന്ദ്രനെയും കണക്കുകൾക്ക് അടിസ്ഥാനവു (മാക്കിയിരിക്കുന്നു) പ്രതാപിയും സർവജ്ഞനുമായ അള്ളാഹുവിന്റെ ക്രമീകരണമത്രെ അത്
എന്നുള്ള വചനങ്ങൾ ഒക്കെ ഉപയോഗിച്ചത് ഈ അർത്ഥം
വെച്ച് നോക്കിയാൽ ഒന്ന് പിളർത്തി മറ്റൊന്ന് ഉത്ഭവിപ്പിക്കുന്ന (സൃഷ്ടിച്ചുണ്ടാക്കുന്ന) റബ്ബിനോട്
ശരണം തേടുന്നു എന്നായിരിക്കും ഇവിടെ വിവക്ഷ.രാത്രിയുടെ ഇരുട്ട് പിളർന്ന് അതിൽ നിന്നാണല്ലോ
പ്രഭാതത്തിന്റെ പുലരി വെളിപ്പെടുന്നത് ആ അർത്ഥത്തിലാണ് പുലരിയുടെ- പ്രഭാതത്തിന്റെ
-നാഥൻ
എന്നർത്ഥം പറഞ്ഞത് ,കൂടുതൽ
വ്യാഖ്യാതാക്കളും ഈ അർത്ഥമാണ് കൊടുത്തത് ഫലഖ് എന്നതിനു ജഹന്നം എന്ന നരകത്തിലെ ഒരു
റൂമാണെന്നും അത് തുറക്കപ്പെട്ടാൽ അതിന്റെ ചൂടിന്റെ ശക്തിയാൽ നരകാവകാശികൾ
നിലവിളിക്കും എന്നും ഫലഖ് എന്നാൽ നരകത്തിലെ ഒരു മരമാണെന്നും വ്യാഖ്യാനമുണ്ട്(ഖുർത്വുബി 20/187)
ഫലഖ്
എന്നതിന്റെ അർത്ഥം ഏതായാലും അതിന്റെ കർത്താവ് അള്ളാഹു ആണ്.അതിനാൽ
നേരത്തെ നാം പറഞ്ഞ അർത്ഥത്തിലുള്ള ശരണവും രക്ഷയും തേടേണ്ടത് അവനോടാണ് എന്ന്
മനസിലാക്കണം
مِن شَرِّ مَا خَلَقَ
.2
അവൻ
സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന്
നാലു
കാര്യങ്ങളെക്കുറിച്ച് രക്ഷ തേടാനാണ് ഈ അദ്ധ്യായത്തിൽ അള്ളാഹു പഠിപ്പിക്കുന്നത്-അവൻ
സൃഷ്ടിച്ച എല്ലാ വസ്തുക്കളുടെയും ഉപദ്രവത്തിൽ നിന്ന് അഭയം എന്നാണല്ലോ ആദ്യം
പറയുന്നത്.അള്ളാഹു
അല്ലാത്ത എല്ലാ വസ്തുക്കളും അവന്റെ സൃഷ്ടികളാണല്ലൊ അവയെല്ലാം ഓരോ നന്മക്ക്
വേണ്ടിയാണ് പടക്കപ്പെട്ടതെങ്കിലും അവ മൂലം ചിലപ്പോൾ നാശവും സംഭവിച്ചേക്കാം അത്
ചിലപ്പോൾ നമുക്ക് അജ്ഞാതമായേക്കാം ചിലത് നമ്മുടെ പ്രവൃത്തിദോഷം കൊണ്ടാവാം.ചിലത്
മറ്റുള്ളവരുടെ കാരണത്താലാവാം.മനുഷ്യ ജീവിതത്തിൽ അത്യാവശ്യമായ വായു,വെള്ളം,ഭക്ഷണം തീ
മുതലായ വസ്തുക്കളാൽ തന്നെ ചിലപ്പോൾ നാശമുണ്ടാവാം.ഇത് നമ്മുടെ അനുഭവമാണ് അപ്പോൾ അള്ളാഹു
പടച്ചതിന്റെ തിന്മയെ തൊട്ട് അള്ളാഹുവിൽ ശരണം എന്നതിനു വളരെ വ്യപകമായ അർത്ഥമുണ്ട്
وَمِن شَرِّ غَاسِقٍ إِذَا وَقَبَ .3
രാത്രിയുടെ
ഉപദ്രവത്തിൽ നിന്നും.അത് ഇരുട്ട് മുറ്റിയതാകുമ്പോൾ
പൊതുവിൽ
എല്ലാ വസ്തുക്കളുടെ തിന്മയെയും പറഞ്ഞതിനു ശേഷം ചില പ്രത്യേക നാശത്തെ കുറിച്ച്
പറയുകയാണ് രാത്രി ഇരുൾ മുറ്റുമ്പോൾ ഉള്ള അതിന്റെ തിന്മയെ തൊട്ട് ശരണം എന്നാണ്
ഇവിടെ പറയുന്നത്..പകലിനെ
അപേക്ഷിച്ച് ആപത്തുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണല്ലോ രാത്രിയിൽ.പകൽ സമയത്ത്
എവിടെ പോകാനും ഭയമില്ലാത്തവർക്ക് പോലും രാത്രിയിൽ അങ്ങനെ അല്ലല്ലോ.മുൻ കരുതൽ
എടുക്കാതെയുള്ള രാത്രി സഞ്ചാരം അപ്രതീക്ഷിതമായ ആപത്തുകളിൽ നമ്മെ ചാടിക്കുന്നത്
വ്യക്തമല്ലെ!രാത്രിയുടെ
കെടുതിയിൽ നിന്ന് കാവൽ തേടാൻ കല്പിച്ചതിലൂടെ ഭൌതികമോ ധാർമ്മികമോ ആയ കെടുതികൾ പലപ്പോഴും
ഭയാനകമാവാം.അതിനെതിരെ
ആകാവുന്ന മുൻ കരുതൽ എടുക്കുകയും ജാഗ്രത പാലിക്കുകയും അള്ളാഹുവോട്
പ്രാർത്ഥിക്കുകയും വേണമെന്ന് ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ .4
കെട്ടുകളിൽ
ഊതുന്നവരുടെ ഉപദ്രവത്തിൽ നിന്നും
കെട്ടുകളിൽ
ഊതുന്നവർ എന്നതിന്റെ വിവക്ഷ സിഹ്ർ (മാരണം)ചെയ്യുന്നവർ എന്നാണ് മുജാഹിദ്,ഇക്‌രിമ,ഹസൻ رضي الله عنهم തുടങ്ങിയവരുടെ
പക്ഷം.മാരണം
ചെയ്യുന്നവർ ചിലത് ജപിച്ച് നൂല്.ചരട്,കയർതുടങ്ങിയവയിൽ കെട്ടുകൾ ഇടുകയും അവയിൽ ഊതുകയും ചെയ്യും .ലബീദ് ബിൻ അ
അ്സം എന്ന ജൂതനും അവന്റെ പെൺ മക്കളും കൂടി നബി ﷺ
ക്ക് മാരണം ചെയ്തു എന്നും പ്രസ്തുത പെണ്മക്കളെ ഉദ്ദേശിച്ചാണ് ഊതുന്നവർ എന്ന്
സ്ത്രീലിംഗം പറഞ്ഞതെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്,പക്ഷെ ഈ പണി
ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളെ പോലെ ശിക്ഷാർഹരായിരിക്കും സിഹ്ർ ഏറ്റവും വലിയ പാപങ്ങളിൽ ഒന്നാണ്.സിഹ്റിനു
യാഥാർത്ഥ്യം ഇല്ലെന്നും ഗുണമായോ ദോഷമായോ ആയ ഏതെങ്കിലും ഫലമുണ്ടാക്കുന്ന തരത്തിൽ
ഒരു സിഹ്റുമില്ലെന്നും കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടി വിദ്യകൾ
മാത്രമാണ് സിഹ്ർ എന്നും മുഅ്തസിലികളെ പോലെയുള്ള ചില പഴയ ബിദഇകളും പുതിയ
ഉല്പ്പതിഷ്ണുക്കളും പറയുന്നത് സത്യമല്ല. ഇത് ഖുർആനിനും നബി വചനങ്ങൾക്കും തീർത്തും
എതിരാണ്.സിഹ്റ്
മുഖേന ഭാര്യാ ഭർത്താക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന വിദ്യ അവർ പഠിച്ചു എന്ന്
സൂറത്തുൽബഖറയിൽ അള്ളാഹു പഠിപ്പിച്ചിട്ടുണ്ട്
وَاتَّبَعُواْ مَا تَتْلُواْ الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَـكِنَّ الشَّيْاطِينَ كَفَرُواْ يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولاَ إِنَّمَا نَحْنُ فِتْنَةٌ فَلاَ تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُم بِضَآرِّينَ بِهِ مِنْ أَحَدٍ إِلاَّ بِإِذْنِ اللّهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلاَ يَنفَعُهُمْ وَلَقَدْ عَلِمُواْ لَمَنِ اشْتَرَاهُ مَا لَهُ فِي الآخِرَةِ مِنْ خَلاَقٍ وَلَبِئْسَ مَا شَرَوْاْ بِهِ أَنفُسَهُمْ لَوْ كَانُواْ يَعْلَمُونَ
സുലൈമാൻ
നബി (عليه السلام) യുടെ രാജ വാഴ്ചയെക്കുറിച്ച്
പിശാചുക്കൾ വ്യാജമായി പറഞ്ഞു പരത്തുന്നതിനെ അവർ പിൻ പറ്റുകയും ചെയ്തു. സുലൈമാൻ നബി (عليه السلام) അവിശ്വസിച്ചിട്ടില്ല പക്ഷെ
പിശാചുക്കൾ അവിശ്വസിച്ചു.അവർ
ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്നു. ബാബിലിൽ
ഹാറൂത്ത്,മാറൂത്ത്
എന്നീ രണ്ടു മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതിനെയും അവർ പിൻപറ്റിയിരിക്കുന്നു.,,ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്
അതിനാൽ നീ സത്യ നിഷേധിയാവരുത്,,എന്ന്
പറയാതെ അവർ ആർക്കും പഠിപ്പിക്കുന്നില്ല.അങ്ങനെ
ഭാര്യാ ഭർത്താക്കളെ പരസ്പരം ഭിന്നിപ്പിക്കുന്നതെന്തു കൊണ്ടോ അതിനെ അവരിരുവരിൽ
നിന്നും അവർ പഠിക്കുന്നു.അള്ളാഹുവിന്റെ
അനുമതി കൂടാതെ അവർ ആരെയും അതുമൂലം ഉപദ്രവിക്കുന്നവരല്ല.അവർക്ക് ഉപദ്രവമുണ്ടാക്കുകയും
ഉപകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ അവർ പഠിക്കുന്നു.അത് കൈക്കൊണ്ടിട്ടുള്ളവർക്ക്
പരലോക(സുഖ)ത്തിൽ യാതൊരു പങ്കുമില്ലെന്ന്
നിശ്ചയമായും അവർ നല്ല പോലെ അറിഞ്ഞിട്ടുണ്ട്.അവർ
എന്തിന്നു പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അതെത്ര നികൃഷ്ടം! അവർ
അറിവുള്ളവരായിരുന്നെങ്കിൽ (അൽ
ബഖറ:102)
അപ്പോൾ സിഹ്‌റിനും
മറ്റ് വസ്തുക്കളെ പോലെ തന്നെ യാഥാർത്ഥ്യമുണ്ട്. ഇന്ദ്രജാലം,കൺകെട്ട് എന്നിവയൊക്കെ സിഹ്‌റിന്റെ ഇനങ്ങളിൽ
പെട്ടതാണ്. കല്ലിനെ
സ്വർണ്ണമാക്കുക.മനുഷ്യനെ
മൃഗമാക്കുക എന്നിങ്ങനെ ഒരു വസ്തുവിന്റെ യാഥാർത്ഥ്യത്തെ മറ്റൊന്നാക്കി മാറ്റുക
എന്നിവയൊന്നും സിഹ്‌റ് കൊണ്ട് സാദ്ധ്യമല്ല എന്ന് വെച്ച് സിഹ്‌റു കൊണ്ട് ഒന്നും
കഴിയില്ല എന്ന ധാരണ അബദ്ധമാണെന്ന് വ്യക്തമായല്ലൊ!
മന്ത്രം ഉറുക്ക് മുതലായവയെ പാടെ നിഷേധിക്കുകയും അവക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്ന വാദവും തള്ളപ്പെടേണ്ടതാണ്.കാരണം നബി ﷺ
ക്ക് അസുഖം ബാധിച്ചപ്പോൾ
ജിബ്രീൽ (عليه السلام) നബി ﷺ
യെ മന്ത്രിച്ചത് സ്ഥിരപ്പെട്ടിട്ടുണ്ട്.(മുസ്ലിം) നബി
ﷺ
തന്നെയും
പലരെയും മന്ത്രിച്ചത്
സ്ഥിരപ്പെട്ടതാണ്.ഉദാഹരണമായി
നബി ﷺ അവിടുത്തെ പേരമക്കളായ ഹസൻ,ഹുസൈൻ.എന്നിവരെ
മന്ത്രിച്ചത്
ബുഖാരി റിപ്പോർട്ട്
ചെയ്തിട്ടുണ്ട്. പഴയ (ജാഹിലിയ്യ)കാലത്ത് ഞങ്ങൾ മന്ത്രിക്കാറുണ്ടായിരുന്നുവെന്നും
അതെക്കുറിച്ചുള്ള
അഭിപ്രായം
എന്താണെന്നും
ശിഷ്യന്മാർ
നബി ﷺ
യോട് ചോദിച്ചപ്പോൾ, ‘നിങ്ങളുടെ
മന്ത്രം എനിക്ക് കാണിക്കുവീൻ’, എന്ന് പറയുകയും
ശിർക്ക് കലരാത്ത മന്ത്രം കുഴപ്പമില്ലെന്നും
നബി ﷺ
പറഞ്ഞത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.(മുസ്ലിം) അപ്പോൾ മന്ത്രത്തെ നിരാകരിക്കുന്ന വല്ല തെളിവുകളും കണ്ടാൽ അത് വിശ്വാസത്തിനു തകരാറുണ്ടാക്കുന്ന-ശിർക്ക് കലർന്ന- മന്ത്രങ്ങളെക്കുറിച്ചാണെന്ന്
മനസിലാക്കണം.അല്ലാതെ അന്ധ വിശ്വാസത്തിന്റെ പട്ടികയിൽ പെടുത്തി വീണ്ടു വിചാരമില്ലതെ
എന്തിനെയും വിമർശിക്കുന്നത് ശരിയല്ല
ജാബിർرضي الله عنه റിപ്പോർട്ട് ചെയ്യുന്നു. ‘അംറുബിൻ
ഹസ്മിന്റെ ആൾക്കാർ വന്നു നബി ﷺ യോട് പറഞ്ഞു. ‘അള്ളാഹുവിന്റെ
റസൂലേ!ഞങ്ങളുടെ
അടുത്ത് ഒരു മന്ത്രമുണ്ട്.തേൾ കുത്തിയാൽ ഞങ്ങൾ അത് മന്ത്രിക്കാറുണ്ട്.അവിടുന്ന്
മന്ത്രം നിരോധിച്ചിരിക്കുകയാണല്ലോ. നിങ്ങളുടെ മന്ത്രം എനിക്ക് കാണിക്കൂ എന്ന് നബി ﷺ പറഞ്ഞു ഇതിൽ ദോഷമൊന്നുമില്ല.നിങ്ങളിൽ
ആർക്കെങ്കിലും തന്റെ സഹോദരനു വല്ല ഉപകാരവും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തു
കൊടുക്കട്ടെ എന്ന് നബി ﷺ പറഞ്ഞു.’ അപ്പോൾ നല്ല
മന്ത്രങ്ങൾ നടത്തുന്നത് പുണ്യമാണെന്നും വർജ്ജിക്കണമെന്ന് പറഞ്ഞത് ശിർക്കുള്ള
മന്ത്രങ്ങളാണെന്നും വ്യക്തമായി .ഉറുക്ക് കെട്ടുന്നതും ഇത് പോലെ തന്നെ. കാവൽ
തേടപ്പെടാൻ പഠിപ്പിക്കപ്പെട്ടത് കൊണ്ടല്ലാതെ മന്ത്രിക്കുന്നതും ഉറുക്ക് –ഏലസ്സ്-കെട്ടുന്നതും
നബി ﷺ വെറുത്തിരുന്നു
എന്ന് ഇബ്നു മസ്‌ഊദ്رضي الله عنه നബി ﷺ യിൽ നിന്ന്
ഉദ്ധരിക്കുന്നതായി ഇമാം അബൂദാവൂദും നസാഇയും ഹാക്കിമും ഉദ്ധരിച്ചിട്ടുണ്ട് (അദ്ദുർ അൽ
മൻഥൂർ 6/715). വിരോധിക്കപ്പെട്ടതെല്ലാം
ശിർക്ക് കലർന്നത് കെട്ടുന്നതിനെ കുറിച്ചാണ് എന്ന് ചുരുക്കം.ഈ വ്യത്യാസം
ഉൾക്കൊള്ളാതെ എല്ലാം തള്ളാനുള്ള വെമ്പൽ ക്ഷന്തവ്യമല്ലെന്നുണർത്തട്ടെ
وَمِن شَرِّ حَاسِدٍ إِذَا حَسَدَ .5
അസൂയക്കാരൻ
അസൂയ കാണിക്കുമ്പോൾ അവന്റെ ഉപദ്രവത്തിൽ നിന്നും(ഞാൻ
നാഥനിൽ അഭയം പ്രാപിക്കുന്നു
രക്ഷ തേടാൻ കല്പിച്ച നാലാമത്തെ വിഷയമാണ് അസൂയക്കാരിൽ നിന്ന് അള്ളാഹുവോട് അഭയം തേടൽ.മറ്റുള്ളവർക്ക് ലഭിച്ച ഗുണം നീങ്ങിപ്പോകാൻ ആഗ്രഹിക്കലാണ് അസൂയ.മറ്റ് വല്ലവർക്കും ലഭിച്ച നന്മ മൂലം തനിക്ക് നഷ്ടമൊന്നുമില്ലെങ്കിലും അസൂയക്കാരനു അത് സഹിക്കാൻ കഴിയില്ല അങ്ങനെ അവർക്ക് എന്തെങ്കിലും ആപത്ത് വരുത്തിവെക്കാൻ അവൻ ആവതു ശ്രമിക്കും അതിനു വേണ്ടി കുതന്ത്രങ്ങൾ മെനയും അസൂയ എന്ന മാരകരോഗം മനസിലുള്ളവർ എത്ര ഉന്നത സ്ഥാനത്തുള്ളവനായാലും തന്റെ സ്ഥാനത്തിന്റെ വിലപോലും അവഹേളിക്കപ്പെടും വിധം തറവേലകൾ അവർ ഇറക്കും തീ വിറകിനെ തിന്നും പ്രകാരം അസൂയ സൽക്കർമ്മങ്ങളെ നശിപ്പിക്കും എന്ന് നബി ﷺ പറഞ്ഞത് എന്ത് മാത്രം ചിന്തനീയമാണ്.
അസൂയക്കാരൻ
അധാർമ്മികമായ വഴികളിലൂടെ സഞ്ചരിച്ച് പരലോകത്ത് പരാജയം ഏറ്റുവാങ്ങുന്നതോടൊപ്പം ഈ
ലോകത്ത് എപ്പോഴും അവൻ അസ്വസ്ഥനായിരിക്കും ,കാരണം താൻ ആരോടാണോ അസൂയ വെക്കുന്നത് അവനു ലഭിക്കുന്ന ഓരോ
നന്മയും ഇവനു അസ്വസ്ഥത സമ്മാനിച്ചു കൊണ്ടിരിക്കും അങ്ങനെ ഒരു ഉപകാരവുമില്ലാതെ
സ്വയം നീറിത്തീരുന്ന പാഴ്ജന്മമായി അവൻ അധപതിക്കും (അള്ളാഹുവിൽ അഭയം) അത് കൊണ്ട് അസൂയക്കാരൻ പല കുതന്ത്രങ്ങളും
ഒപ്പിക്കും അത് ചിലപ്പോൾ നേരിട്ടാവണമെന്നില്ല.അതിനാൽ അവന്റെ ശല്യത്തിൽ നിന്നു നാഥനിൽ അഭയം
തേടുന്നതിന്റെ അനിവാര്യത നമ്മെ അള്ളാഹു ബോധ്യപ്പെടുത്തുകയാണിവിടെ.
നബി ﷺ വരുന്നത്
വരെ ദീർഘകാലം നബി ﷺ യെ
പ്രതീക്ഷിച്ചിരുന്ന ജൂതന്മാർ നബി ﷺ വന്നപ്പോൾ
അസൂയ നിമിത്തമാണ്. നബി ﷺ യെ
എതിർത്തത്, യൂസുഫ് (عليه السلام)ന്റെ സഹോദരങ്ങൾ തന്നെ കിണറ്റിലെറിഞ്ഞ്
അപായപ്പെടുത്താൻ ശ്രമിച്ചതും അസൂയ കൊണ്ട് തന്നെ. ഭുമിയിലെ ആദ്യത്തെ കൊലപാതകം(ഹാബീൽ എന്ന
നല്ല മനുഷ്യനെ കൊന്ന ഖാബീലിന്റെ ദുർപ്രവർത്തി)നടന്നതും അസൂയ നിമിത്തം തന്നെ! ഇമാം ഖുർത്വുബിرحمة الله عليهഎഴുതുന്നു. ‘അള്ളാഹുവിന്റെ
പടപ്പുകളിലെ തിന്മയെ തൊട്ട് പൊതുവിൽ കാവലിനെ തേടിയാണ് സൂറത്ത് ആരംഭിച്ചത്
അവസാനിപ്പിച്ചത് അസൂയക്കാരുടെ കെടുതികളിൽ നിന്ന് രക്ഷ തേടിക്കൊണ്ടും.അത് അസൂയയുടെ
ഗൌരവം ഉണർത്താനാണ്.. അസൂയക്കാരൻ
അള്ളാഹുവിന്റെ അനുഗ്രഹങ്ങളുടെ ശത്രുവാണ്.ചില ആദ്ധ്യാത്മിക നേതാക്കൾ പറഞ്ഞു.അസൂയക്കാരൻ
അഞ്ചു നിലക്ക് അള്ളാഹുവോട് മത്സരിക്കുകയാണ്.
(1)മറ്റുള്ളവരിൽ
കാണുന്ന എല്ലാ അനുഗ്രഹത്തോടും അവൻ ദേഷ്യമുള്ളവനാണ്
(2)അള്ളാഹുവിന്റെ
വിധിയോട് ദേഷ്യം വെക്കുന്നവനാണ്
(3)അള്ളാഹുവിന്റെ
പ്രവർത്തനത്തെ എതിർക്കുന്നവനാണ്(അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് അനുഗ്രഹം നൽകും, അതിനെയാണ് അസൂയക്കാരൻ
എതിർക്കുന്നത്
(4)അള്ളാഹുവിന്റെ
ഇഷ്ടദാസരോട് ചതി കാണിക്കുന്നവനാണവൻ
(5)തന്റെ
ശത്രുവായ ഇബ്‌ലീസിനെ സഹായിക്കുകയാണവൻ.
വേദികളിൽ ദു:ഖം മാത്രമേ അസൂയക്കാരനു
ലഭിക്കൂ.മലക്കുകളുടെ
അടുത്ത് ശാപവും ഏകാന്തതയിൽ അസഹിഷ്ണുതയുംഅസ്വസ്ഥതയും പരലോകത്ത് ദു:ഖവും കരിയലും
അള്ളാഹുവിൽ നിന്ന് അകൽച്ചയും ദേഷ്യവും മാത്രം ലഭിക്കുന്നവനാണ് അസൂയക്കാരൻ, ഹറാം(അനധികൃതമായി
സമ്പാദിച്ചത്)ഭക്ഷിക്കുന്നവൻ, പരദൂഷണം
വർദ്ധിപ്പിക്കുന്നവൻ,
മുസ്‌ലിംകളോട് മനസ്സിൽ അസൂയയോ കെറുവോ ഉള്ളവൻ എന്നീ മൂന്നാളുകളുടെ പ്രാർത്ഥന
അള്ളാഹു സ്വീകരിക്കില്ല,എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്
(ഖുർത്വുബി
20/191)
അള്ളാഹു നല്ല
മനസിന്റെ ഉടമകളിൽ നമ്മെ ഉൾപ്പെടുത്തട്ടെ اميـن
====
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم
باحسان الي يوم الدين والحمد لله رب العالمين
3 comments:
തൌഹീദിലേക്ക് ശിർക്കിന്റെ ലാഞ്ചനപോലും കടന്ന് വരാൻ പാടില്ലെന്നും അള്ളാഹു അതിൽ നിന്നെല്ലാം പരിശുദ്ധനാണെന്നും അള്ളാഹു ഉണർത്തി. ഏതെങ്കിലും വിധത്തിൽ അള്ളാഹുവിനോട് ആരെയെങ്കിലും തുല്യപ്പെടുത്തുന്നത് ശിർക്കാകുമെന്നും അവിടെ വ്യക്തമാവുകയും ചെയ്തു.അള്ളാഹുവിന്റെ കഴിവിലോ അധികാരത്തിലോ അല്ലാത്തവർക്ക് പങ്കാളിത്തം നൽകിക്കൂടാ എന്ന് അവിടെ വ്യക്തമായി. എന്നാൽ അവന്റെ കഴിവിലും അധികാരത്തിലും മറ്റുള്ളവർക്ക് പങ്കാളിത്തം കൽപ്പിച്ച് കൊണ്ട് അവകളോട് രക്ഷതേടിയിരുന്നശിർക്കിന്റെ സമീപനത്തെ തകർക്കുകയാണ് ഈ അദ്ധ്യായത്തിൽ.
113 സൂറത്തുൽ ഫലഖ്
അളളാ ...കാത്തോളണേ ...
edited and updated the post
Post a Comment