Saturday, April 9, 2011

അദ്ധ്യായം 68- സൂറത്തുൽ ഖലം -ഭാഗം-01

سورة القلم

മക്കയിൽ അവതരിച്ചു (സൂക്തങ്ങൾ 52)

بسم الله الرحمن الرحيم

കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


ن وَالْقَلَمِ وَمَا يَسْطُرُونَ (1നൂൻ!പേന തന്നെയാണ്‌ സത്യം അവർ എഴുതി വെക്കുന്നതും തന്നെയാണ്‌ സത്യം!ഇവിടെ നൂൻ എന്നതിന്റെ വിവക്ഷയെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ കാണാം .ഖുർആനിലെ 29 അദ്ധ്യായങ്ങളുടെ തുടക്കത്തിൽ ഇങ്ങനെ അക്ഷരങ്ങൾ കാണാം. ഒന്ന് മുതൽ അഞ്ച് വരെ അക്ഷരങ്ങൾ കൊണ്ട് തുടങ്ങിയ അദ്ധ്യായങ്ങളും കാണാം. ഇതിന്റെ വ്യാഖ്യാനം എന്താണെന്ന ചർച്ചയിൽ ഒരു വിഭാഗം വ്യാഖ്യാതാക്കൾ ഒരു വിശദീകരണവും പറയാതെ അതിന്റെ ഉദ്ദേശ്യം അല്ലാഹുവിനറിയാം എന്ന് പറഞ്ഞവരാണ്. ഈ അക്ഷരങ്ങൾ ഉൾക്കൊണ്ട ചില പദങ്ങളുടെ ചുരുക്കമാണെന്നും അദ്ധ്യായത്തിന്റെ പേരാണെന്നും അള്ളാഹുവിന്റെ നാമമാണെന്നും മറ്റും അഭിപ്രായം കാണാം. വ്യാഖ്യാനമുണ്ടെന്ന് പറയുന്നവർ ഇവിടെ നൂൻ എന്നതിനു വിവിധ വ്യാഖ്യാനങ്ങൾ പറഞ്ഞിട്ടുണ്ട് നൂൻ എന്നാൽ മത്സ്യം ആണെന്നും മഷിക്കുപ്പിയാണെന്നും അള്ളാഹുവിന്റെ നിർദ്ദേശമനുസരിച്ച് മാലാഖമാർ അവന്റെ കല്പനകൾ എഴുതി വെക്കുന്ന പ്രകാശപ്പലകയാണെന്നും അള്ളാഹുവിന്റെ നാമമായ റഹ് മാൻ എന്നതിലെ നൂൻ ആണെന്നും ആ നാമം മൊത്തമാണുദ്ദേശ്യമെന്നും എല്ലാം അഭിപ്രായമുണ്ട് എന്നാൽ വിശദീകരണം അള്ളാഹുവിന്നറിയാം എന്ന വ്യാഖ്യാനമാണ് കൂടുതൽ സ്വീകാര്യമായത്. പേന എന്നതിന്റെ വിവക്ഷ സാധാരണ എഴുതുന്ന പേനയാണെന്നും എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ട അടിസ്ഥാന രേഖയായ ലൌഹുൽ മഹ്ഫൂളിൽ എഴുതാനുപയോഗിച്ച പേനയാണെന്നും അഭിപ്രായമുണ്ട് വലീദുബിൻ ഉബാദ(റ)പറഞ്ഞു. “എന്റെ പിതാവ് ഉബാദത്തുബിൻ സ്വാമിത്ത്(റ) എന്നോട് ഉപദേശിച്ചു മോനേ! നീ അള്ളാഹുവിനെ സൂക്ഷിക്കുക അള്ളാഹുവിന്റെ ഏകത്വവും നന്മ തിന്മകൾ അവനാണു കണക്കിയതെന്നും വിശ്വസിക്കുന്നത് വരെ നീ അള്ളാഹുവിനെ സൂക്ഷിക്കുന്നവനോ വിജ്ഞാനം ലഭിച്ചവനോ ആവില്ല നബി(സ) പറയുന്നത് ഞാൻ കേട്ടു അള്ളാഹു ഖലമിനെ സൃ‌ഷ്ടിച്ച് അതിനോട് എഴുതാൻ കല്പിച്ചു ഞാൻ എന്ത് എഴുതണമെന്ന് അത് ചോദിച്ചു ഞാൻ കണക്കാക്കുന്നത് എഴുതൂ എന്ന് അള്ളാഹു പറഞ്ഞു ആസമയത്ത് തന്നെ ഉണ്ടായതും അന്ത്യ നാൾ വരെ ഉണ്ടാവാനിരിക്കുന്നതുമായ എല്ലാം അത് എഴുതി(ഖുർത്വുബി18/169). പേന എന്നത് നാവ് പോലെ ആശയം വ്യക്തമാക്കാൻ സഹായിക്കുന്നതിനാൽ അത് അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാണെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. അവർ എഴുതുന്നത് എന്നതിന്റെ വിവക്ഷ മലക്കുകൾ രേഖപ്പെടുത്തുന്ന കർമ്മങ്ങളാണ്. മനുഷ്യന്റെ കർമ്മങ്ങളെല്ലാം മലക്കുകൾ രേഖപ്പെടുത്തുകയും അത് പരലോകത്തെ നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങളുടെ നിദാനമായി മാറുകയും ചെയ്യും.

2. مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ

(നബിയേ!)അങ്ങയുടെ നാഥന്റെ അനുഗ്രഹം മൂലം അങ്ങ് ഭ്രാന്തനല്ല. നബി(സ)തങ്ങളെ ശത്രുക്കൾ ആക്ഷേപിക്കാനുപയോഗിച്ച വാക്കുകളിലൊന്നായിരുന്നു അവിടുന്ന് ഭ്രാന്തനാണെന്ന പരാമർശം. പ്രധാനപ്പെട്ട പലതുകൊണ്ടും സത്യം ചെയ്തു കൊണ്ട് ആ അപവാദത്തെ അള്ളാഹു നിരാകരിക്കുകയാണ് .അങ്ങ് അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഭ്രാന്തനല്ല. ഭ്രാന്തില്ലെന്ന് മാത്രമല്ല അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹത്തിനു തങ്ങൾ അർഹനാണെന്ന പ്രഖ്യാപനം നബി(സ) തങ്ങളുടെ അതുല്യമായ വ്യക്തിത്വം പ്രകാശിപ്പിക്കുന്നു. ഇമാം റാസി(റ)എഴുതുന്നു. നബി(സ)ക്ക് ഭ്രാന്തിന്റെ ലാഞ്ചന പോലുമില്ലെന്ന് തെളിവു സഹിതം അള്ളാഹു വിവരിക്കുകയാണ് അള്ളാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് പൂർണ്ണ ബുദ്ധിയും ശരിയായ സംസാരവും തൃപ്തികരമായ ജീവിതരീതിയും എല്ലാ വൈകല്യങ്ങളിൽ നിന്നും മുക്തവും നന്മകളുടെ സംഗമവും തങ്ങളിൽ വ്യക്തമായി കാണാം ഇത് അള്ളാഹുവിന്റെ അനുഗ്രഹമത്രെ! ഇങ്ങനെയുള്ള ഒരു വ്യക്തത്വത്തെ ഭ്രാന്ത് കൊണ്ട് ആരോപിക്കുന്നത് മോശം തന്നെ. നബി(സ)ക്ക് ഭ്രാന്തുണ്ടെന്ന ശത്രുക്കളുടെ ആരോപണം പച്ചക്കള്ളം തന്നെ(റാസി 30/71)

وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ (3

നിശ്ചയം തങ്ങൾക്ക് നിരന്തര പ്രതിഫലവുമുണ്ട്. ശത്രുക്കളുടെ അനാവശ്യവും അസഹ്യവുമായ ആരോപണങ്ങളേറ്റുവാങ്ങിയും കർമ്മനിരതനായി മുന്നോട് നീങ്ങുന്ന നബി(സ)ക്ക് ഒരിക്കലും നിലക്കാത്ത പ്രതിഫലം അള്ളാഹു ഒരുക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണിവിടെ. - مَمْنُونٍ എന്നാൽ മറ്റാരുടെയും ഔദാര്യത്തിലല്ലാതെ അള്ളാഹു നൽകി എന്നും ഇവിടെ വ്യാഖ്യാനമുണ്ട്(ബൈളാവി)

وَإِنَّكَ لَعَلى خُلُقٍ عَظِيمٍ (4

നിശ്ചയം അങ്ങ് മഹത്തായ ഒരു സ്വഭാവത്തിന്മേലാണുള്ളത്. നബി(സ)യുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണിവിടെ സൂചിപ്പിക്കുന്നത്.അവിടുത്തെ സ്വഭാവത്തെക്കുറിച്ച് ആഇശ(റ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുത്തെ സ്വഭാവം ഖുർആനാണെന്ന് മറുപടി പറഞ്ഞതായി ഹദീസിലുണ്ട് .ഖുർആൻ മുന്നോട്ട് വെക്കുന്നതെല്ലാം അവിടുത്തെ സ്വഭാവത്തിൽ കാണാം .ബൈളാവി(റ)ഇവിടെ എഴുതുന്നു മറ്റാർക്കും സഹിക്കാനാവത്ത പ്രയാസങ്ങൾ സമൂഹത്തിൽ നിന്ന് സഹിക്കാൻ അങ്ങേക്ക് കഴിഞ്ഞത് അവിടുത്തെ സ്വഭാവ മഹാത്മ്യം കൊണ്ടാണ്(ബൈളാവി 2/514). ഇമാം റാസി(റ) എഴുതുന്നു നബി(സ) ഭ്രാന്തനല്ലെന്ന മുമ്പ് പറഞ്ഞ സൂക്തത്തിന്റെ വ്യാഖ്യാനമാണിത് അതായത് ഭ്രാന്തനാണെങ്കിൽ ചീത്ത സ്വഭാവങ്ങളും പ്രവർത്തനവുമാണല്ലോ ഉണ്ടാവുക. തങ്ങൾ നല്ല സ്വഭാവത്തിലാണ്. അത് ഭ്രാന്തുണ്ടെന്ന വാദം പൊളിക്കാൻ പര്യാപ്തമാണല്ലോ(റാസി 30/72). അവിടുന്നു മോശമായ വാക്കുകൾ പറയുന്നവരോ വൃ‌ത്തികേട് ചെയ്യുന്നവരോ തിന്മയെ തിന്മകൊണ്ട് പ്രതികരിക്കുന്നവരോ ആയിരുന്നില്ല മറിച്ച് അവിടുന്ന് മാപ്പ് നൽകുന്നവരും ക്ഷമ കൈകൊള്ളുന്നവരുമായിരുന്നു.സാധുക്കളുടെ ക്ഷണം സ്വീകരിക്കുമായിരുന്നു.നന്മയായി അറിയപ്പെടുന്ന എല്ലാം തങ്ങളിലുണ്ടായിരുന്നു എന്ന് ചുരുക്കം. മഹത്തായ സ്വഭാവത്തിലാണെന്നതിനു അള്ളാഹുവിന്റെ ദീനിന്റെ മേലിലാണ് എന്നും വ്യാഖ്യാനമുണ്ട്.അതായത് അള്ളാഹുവിന്റെ കല്പനകളെന്തായാലും അതൊക്കെ യഥാവിധി അവിടുന്ന് നടപ്പാക്കുന്ന ആളാണു തങ്ങൾ എന്ന സാക്ഷ്യമത്രെ ഇത്. അഥവാ അള്ളാഹുവിന്റെ വിധി വിലക്കുകൾ പാലിക്കുന്നതിൽ തങ്ങൾക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് അള്ളാഹു സാക്ഷ്യപ്പെടുത്തിയതാണിത്. 10 വർഷം നബി(സ) ക്ക് സേവനം ചെയ്ത അനസ്(റ) പറയുന്നു ഞാൻ പത്ത് വർഷം നബി(സ)ക്ക് ഖിദ്മത്ത് ചെയ്തിട്ട് ഒരിക്കൽ പോലും എന്തിനു അത് ചെയ്തു എന്നോ ഇന്ന കാര്യം ചെയ്തില്ലേ എന്നോ ആക്ഷേപ സ്വരത്തിൽ എന്നോട് ചോദിച്ചിട്ടില്ല (അദ്ദുർ അൽ മൻ ഥൂർ 6/390). ഇമാം റാസി(റ) എഴുതുന്നു മഹത്തായ സ്വഭാവത്തിന്റെ മേലെയാണെന്ന പ്രയോഗത്തിൽ തന്നെ തങ്ങൾ അതിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.എന്ന ആശയം ഉണ്ട്.നല്ല സ്വഭാവവും തങ്ങളും തമ്മിലുള്ള ബന്ധം അടിമക്ക് മേൽ ഉടമക്കുള്ള സ്വാധീനം പോലെയാണ്(റാസി 30/72) എന്താണ് സൽ‌സ്വഭാവം എന്നാൽ? ഇമാം റാസി(റ) എഴുതുന്നു.നല്ല കാര്യങ്ങൾ ചെയ്യാൻ നിഷ്‌പ്രയാസം സാധിക്കും വിധമുള്ള ഒരു കഴിവാണത് –അതായത് നല്ല കാര്യം ചിലപ്പോൾ ദുസ്വഭാവിയും ചെയ്യും പക്ഷെ അത് അവനു നിഷ്‌പ്രയാസമായിരിക്കില്ല. ആ കഴിവു മുഖേന പിശുക്ക്,ദേഷ്യം,കാർക്കശ്യം ബന്ധ വിച്ഛേദം എന്നിങ്ങനെയുള്ള എല്ലാ ദുസ്വഭാവങ്ങളിൽ നിന്നും അവിടുന്നു ഒഴിഞ്ഞ് നിൽക്കുന്നത് വളരെ എളുപ്പമാകും വിധം അള്ളാഹു അവിടുത്തെ തിരഞ്ഞെടുത്തു(റാസി 30/72)

5. فَسَتُبْصِرُ وَيُبْصِرُونَ

പിന്നീട് തങ്ങൾ കണ്ടറിയും അവരും കണ്ടറിയും


6. بِأَييِّكُمُ الْمَفْتُونُ

നിങ്ങളിൽ ആരിലാണ്‌ കുഴപ്പം ഉള്ളതെന്ന് നബി(സ) യെ ആക്ഷേപിച്ചവർക്കുള്ള ശക്തമായ താക്കീതാണിത്.ആർക്കാണ് കുഴപ്പമെന്ന് തങ്ങളും അവരും കാണാനിരിക്കുന്നു എന്നത് ഭൂമിയിൽ വെച്ച് തന്നെ കാണുമെന്നും പരലോകത്ത് കാണുമെന്നാണതിന്റെ താല്പര്യമെന്നും വ്യാഖ്യാനമുണ്ട് രണ്ട് വ്യാഖ്യാനവും വൈരുദ്ധ്യമല്ലാത്തതിനാൽ രണ്ടും സ്വീകാര്യവുമാണ്.ആർക്കാണ് കുഴപ്പം വരാനിരിക്കുന്നതെന്ന് അവരും തങ്ങളും കാണുന്നത് ഭൂമിയിൽ വെച്ചാണെന്ന് വെച്ചാൽ അതിന്റെ താല്പര്യം തങ്ങൾക്ക് എന്താണ് ഭാവിയിൽ വരാനിരിക്കുന്നതെന്നും അവരെ എന്താണ് കാത്തിരിക്കുന്നതെന്നും പിന്നീട് കാണാം എന്നാണ്.അതായത് തങ്ങൾ ഭാവിയിൽ സമാദരണീയനായി മാറുകയും തങ്ങളെ ആക്ഷേപിച്ചവർ നിന്ദ്യരായി നാണം കെടുമെന്നും അർത്ഥം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകം അത് കാണുകയും ചെയ്തു ബദ്ർ യുദ്ധം മുതൽ അവർ പരിഹാസ്യരും ദയനീയമായ പരാജയം അനുഭവിച്ചവരുമാവുകയും നബി(സ) തങ്ങൾ ലോകം മൊത്തം തന്റെ ദൌത്യ നിർവഹണത്തിന്റെ സാക്ഷാൽക്കാരം നടത്തിയതും താൻ പ്രബോധനം ചെയ്ത ആശയത്തിന്റെ സമ്പൂർത്തീകരണത്തിന്റെ സന്ദേശം ലക്ഷത്തിലധികം വരുന്ന ശിഷ്യന്മാരുടെ മുന്നിൽ വെച്ച് പ്രഖ്യാപിക്കാൻ സാധിച്ചതും ഈ കാഴ്ചയുടെ സാക്ഷാൽക്കാരമാണ്. പരലോകത്ത് കാണുമെന്ന വ്യാഖ്യാനം എടുത്താൽ നിഷേധികൾ നരകത്തിന്റെ ഭയാനകതയിൽ നട്ടം തിരിയുന്നവരും ഒരു അവസരം ഭൂമിയിലേക്ക് മടങ്ങാൻ കിട്ടിയാൽ സത്യ വിശ്വാസത്തിന്റെ ആൾ രൂപങ്ങളായിക്കൊള്ളാമെന്ന് കുമ്പസരിക്കുന്നതും അത് സാദ്ധ്യമല്ലെന്ന നാഥന്റെ തീരുമാനത്തോടെ നബി(സ)യെ എതിർത്തതിൽ മനം നൊന്ത് ഇങ്ങനെയൊന്നും ചെയ്യാതെ പ്രവാചകന്റെ ചങ്ങാത്തം സ്വീകരിച്ചാൽ മതിയായിരുന്നു എന്ന് വിലപിക്കുകയും ചെയ്യുന്ന രംഗം കാണാനാവുമെന്നും അതെ സമയം നബി(സ)യും സത്യ വിശ്വാസികളും സ്വർഗത്തിന്റെ സന്തോഷത്തിൽ ആറാടുന്ന കാഴ്ചയാണു കാണാൻ കഴിയുക എന്നും ആകും അർഥം ഒന്നു ഭൂമിയിൽ കണ്ടതും രണ്ടാമത്തെത് പരലോകത്ത് കാണാനിരിക്കുന്നതുമത്രെ

7. إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

തങ്ങളുടെ രക്ഷിതാവ് അവന്റെ മാർഗ്ഗം വിട്ട് തെറ്റിയവരെ പറ്റി നല്ല വണ്ണം അറിയുന്നവൻ തന്നെയാണ്‌ സന്മാർഗം പ്രാപിച്ചവരെക്കുറിച്ചും അവൻ നല്ല വണ്ണം അറിയുന്നവനാകുന്നു. തങ്ങൾ ഭ്രാന്തനാണെന്ന ആരോപണത്തിന്റെ ശക്തമായ മറുപടിയാണിതും.അതായത് തങ്ങൾക്ക് നേരെ ഭ്രാന്താരോപണം നടത്തിയവർ ബുദ്ധിമാന്മാരാണെന്നാണല്ലോ അവരുടെ വെപ്പ്.എന്നാൽ തങ്ങൾ സന്മാർഗ്ഗത്തിലും അവർ വഴികേടിലുമാണെന്ന് അള്ളാഹുവിനു നന്നായറിയാം.അപ്പോൾ ശാശ്വത വിജയത്തിന്റെ നിദാനമായ സന്മാർഗത്തിനാണ് അവരീ പറയുന്ന ഭ്രാന്താരോപണത്തേക്കാൾ മഹത്വമുള്ളത് അതിനാൽ സന്മാർഗത്തിലുള്ള തങ്ങൾക്കു നേരെയുള്ള ഭ്രാന്താരോപണം ശുദ്ധ നുണയാവുന്നു എന്നാണിതിന്റെ അർഥം മറ്റൊരു വ്യാഖ്യാനവും ഇവിടെ കാണാം യഥാർഥത്തിൽ ആരാണ് ഭ്രാന്തുള്ളവർ അവർ സത്യ മാർഗം തെറ്റിയവരാണ് എന്നാൽ ബുദ്ധിയുള്ളവരോ സന്മാർഗം ലഭിച്ചവരുമാണ് .അതായത് വാദി പ്രതിയായെന്നർത്ഥം!


8. فَلَا تُطِعِ الْمُكَذِّبِينَ

അതിനാൽ നിഷേധിക്കുന്നവരെ തങ്ങൾ അനുസരിക്കരുത്.


9. وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ

തങ്ങൾ അയവ് കാണിച്ചാൽ നന്നായിരുന്നു എന്ന് അവർ ആഗ്രഹിക്കുന്നു എന്നാൽ അവരും അയവ് കാണിക്കും. നബി(സ)യുടെ ശത്രുക്കൾക്കുണ്ടായ ഒരു ചിന്തയുടെ മുനയൊടിക്കുകയാണിവിടെ .അവരുടെ ആരാധ്യ വസ്തുക്കളെ നബി(സ) അംഗീകരിക്കുക.അവരുടെ ദുരാചാരങ്ങളെ വിമർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ സ്വീകരിച്ച് കൊണ്ട് പ്രബോധനരീതിയിൽ ചെറിയ അയവു വരുത്തിയാൽ അവർക്ക് നബി(സ) യോടുള്ള എതിർപ്പിലും അയവു വരുത്താമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു പക്ഷെ സത്യത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ച പാടില്ലെന്നും അത്തരക്കാരുടെ ആഗ്രഹത്തിനു വഴങ്ങരുതെന്നും ഉണർത്തിയിരിക്കുകയാണിവിടെ.


10. وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ

അധികമായി സത്യം ചെയ്യുന്നവനും നീചനുമായ ആരെയും തങ്ങൾ അനുസരിക്കരുത്.

നിഷേധികളുടെ അടയാളങ്ങളാണിവിടെ വിശദീകരിക്കുന്നത്. അധികമായി സത്യം ചെയ്യുന്നവൻ എന്നാണ് ആദ്യമായി പറഞ്ഞത്..സ്ഥാനത്തും അസ്ഥാനത്തും സത്യം അസത്യം എന്ന വിവേചനമില്ലാതെ സത്യം ചെയ്യുന്നവൻ എന്നാണിതിന്റെ അർത്ഥം .വളരെ അത്യാവശ്യ ഘട്ടത്തിലല്ലാതെ സത്യമായ കാര്യത്തിൽ പോലും സത്യം ചെയ്യുന്നത് നന്നല്ല എന്നിരിക്കെ എന്തിനും സത്യം ചെയ്യുന്ന ദുസ്വഭാവം സത്യ നിഷേധികളുടെ ലക്ഷണമാണെന്നും അവനെ അനുസരിക്കരുതെന്നുമാണ് ഉണർത്തുന്നത്.അഭിപ്രായത്തിലും വിവേചന ഭുദ്ധിയിലും ശരാശരിക്കും താഴെ ആയതിനാൽ അള്ളാഹുവിന്റെ മഹത്വം മനസിലാക്കാതെ അവനെ എന്തിനും സത്യത്തിനു ഉപയോഗിച്ച് നിസ്സാരമാക്കിയതിനാൽ ഇവൻ നിസ്സാരനായി. ഇമാം റാസി(റ) എഴുതുന്നു താൻ അടിമയാണെന്ന സത്യം ഉൾക്കൊള്ളുന്നതിലാണ് മനുഷ്യന്റെ മഹത്വം നിലകൊള്ളുന്നത് അത് അറിയാത്തവൻ നിന്ദ്യനാണ് ഇതും നിഷേധിയുടെ ലക്ഷണമാണ്.11. هَمَّازٍ مَّشَّاء بِنَمِيمٍ

കുത്ത് വാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ.

ജനങ്ങളെ പരിഹസിക്കാനും അവരിലുള്ള കുറവുകൾ പറഞ്ഞ് അപഹസിക്കാനും വല്ലാതെ ശ്രമിക്കുന്നവൻ എന്നാണ് –هماز എന്നതിന്റെ താല്പര്യം കൂടുതൽ വിശദീകരണം 104 മത് അദ്ധ്യായം നോക്കുക. ഒരാളുടെ വാക്കിനെ കുഴപ്പമുണ്ടാക്കാനായി മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നാണ് ഏഷണി എന്ന് പറഞ്ഞാൽ സ്വർഗ പ്രവേശനം തടയപെടാൻ പര്യാപ്തമായ ദുഷ്ക്കർമ്മമത്രെ ഏഷണി.ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന ഹദീസ് എത്ര മാത്രം ഗൌരവമുള്ളതാണ് എന്ന് ചിന്തിച്ചെങ്കിൽ

12. مَنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ

നന്മയെ നിശ്ശേഷം തടയുന്നവനും അതിക്രമിയും മഹാ പാപിയുമായ. നന്മ നിശ്ശേഷം തടയുന്നവൻ എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്. ഇവിടെ പറഞ്ഞ خير ധനമാണെന്നും അത് ആവശ്യക്കാർക്ക് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവനാണെന്നുമാണ് ഒരു വ്യാഖ്യാനം. ‌ഇസ് ലാം എന്ന നന്മയിലേക്ക് വരുന്നവരെ തടയുന്നവൻ എന്നാണ് മറ്റൊരു വ്യാഖ്യാനം. എല്ലാ നന്മ മുടക്കികൾക്കും താക്കീത് തന്നെയാണീ സൂക്തം. അതിക്രമി എന്നാൽ സത്യത്തെ അവഗണിച്ച് അക്രമം കാണിക്കുന്നവൻ എന്നും വൃ‌ത്തികേടുകളും അരുതായ്മകളും ചെയ്യുന്നവൻ എന്നും അർഥമുണ്ട്. മഹാ പാപി എന്നാൽ കുറ്റങ്ങളിൽ മുഴുകുന്നവൻ എന്ന് തന്നെ താല്പര്യം.

13. عُتُلٍّ بَعْدَ ذَلِكَ زَنِيمٍ


ക്രൂരനും അതിനെല്ലാം പുറമെ ശരിയായ പിതാവില്ലാത്തവനുമായ(വനെ തങ്ങൾ അനുസരിക്കരുത്)

ക്രൂരൻ എന്നത് സ്വഭാവ ദൂഷ്യത്തിന്റെ ആൾ രൂപം എന്ന അർത്ഥത്തിലാണ് പരുഗണിക്കുന്നത്زنيم എന്നതിനു ജാര സന്താനം എന്ന അർത്ഥത്തിനു പുറമെ ദുർവൃ‌ത്തിയിൽ കുപ്രസിദ്ധി നേടിയവൻ എന്നും മറ്റും വ്യാഖ്യാനമുണ്ട്


14. أَن كَانَ ذَا مَالٍ وَبَنِينَ

അവൻ സ്വത്തും സന്താനങ്ങളുമുള്ളവനായതിനാൽ(ആണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്)

ധാരാളം സമ്പത്തും സന്താനങ്ങളുമെണ്ടെന്ന ഹുങ്കിലാണിയാൾ ഇത്രയും അധർമ്മിയായി മാറിയത്.സമ്പത്തും സന്താനങ്ങളുമുണ്ടെങ്കിൽ പിന്നെ ഒന്നും പ്രശ്നമല്ലെന്ന മിഥ്യാ ധാരണയാളെ അഹങ്കാരിയാക്കിയത് എന്ന് ചുരുക്കം


15. إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

നമ്മുടെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അത് പൂർവീകന്മാരുടെ പഴങ്കഥകളാണ്‌ എന്ന് അവൻ പറയും

ഈ അഹകാരത്തിന്റെ ആഴമാണ് അള്ളാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചുള്ള പൂർവീകരുടെ പഴങ്കഥകളാണ് എന്ന അസത്യം പറയാൻ അവനെ പ്രേരിപ്പിച്ചത്

سَنَسِمُهُ عَلَى الْخُرْطُومِ (16


പിന്നീട് അവന്റെ തുമ്പിക്കൈക്ക് (നീണ്ട മൂക്കിന്‌) നാം അടയാളം വെക്കുന്നതാണ്‌ ഭൌതിക സൌകര്യങ്ങളുടെ പേരിൽ ഖുർആ നിനെ വിമർശിക്കുന്നവർക്ക് ശക്തമായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നാണിവിടെ ഉണർത്തുന്നത്. അത്തരക്കാ‍രുടെ മൂക്കിനെയാണ് തുമ്പിക്കെ ആയി ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത് മനുഷ്യ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ അവയവമാണു മുഖം ആ മുഖത്ത് ഉയർന്നു നിൽക്കുന്ന മൂക്കിന്റെ സ്ഥാനം പ്രധാനം തന്നെ ഈ ധിക്കാരികൾക്ക് മൂക്കിനു പ്രത്യേകം അടയാളം, നൽകി അവരെ അപമാനിക്കുമെന്നാണ് താല്പര്യം അന്ത്യ നാളിൽ അവരുടെ മുഖം കറുപ്പിക്കുമെന്നാണിതിന്റെ താല്പര്യമെന്നും മറ്റും വ്യാഖ്യാനമുണ്ട്.എന്തായാലും സത്യ നിഷേധിയുടെ കാര്യം മഹാ കഷ്ടം തന്നെ . പത്ത് മുതൽ പതിനാറു കൂടിയ സൂക്തങ്ങൾ ആരുടെ വിഷയത്തിലാണിറങ്ങിയതെന്ന വിഷയത്തിൽ വിവിധ അഭിപ്രായങ്ങളുണ്ട് പത്ത് മക്കളും ധാരാളം സമ്പത്തുമുണ്ടായിരുന്ന ഖുറൈശികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന വലീദു ബിൻ മുഗീറയെക്കുറിച്ചാണെന്ന് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അയാൾ നബി(സ)യുടെ വാക്കുകൾ കേട്ടപ്പോൾ ഇത് വല്ലാത്ത ആകർഷകമാണെന്ന് പറയുകയും അതിനെ പുകഴ്ത്തുകയും ചെയ്തു സുസമ്മതനായ ഈ നേതാവ് നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ട അബൂജഹ്ൽ കള്ളം പറഞ്ഞ് അയാളെ പ്രകോപിപ്പിക്കുകയും അയാൾ ദുരഭിമാനം സംരക്ഷിക്കാനായി നബി(സ)യെ ആക്ഷേപിക്കുകയും ചെയ്തപ്പോൾ അയാളിലുള്ള പോരായ്മകൾ പറഞ്ഞ് കൊണ്ട് അള്ളാഹു അയാളെ നാണം കെടുത്തി.ഈ സൂക്തങ്ങൾ ഇറങ്ങിയപ്പോൾ വലീദ് ഉമ്മയുടെ അടുത്ത് ചെന്ന് എന്നെക്കുറിച്ച് മുഹമ്മദ്(സ) പല ആക്ഷേപങ്ങളും പറയുന്നുണ്ട് അതിൽ ജാര സന്താനം എന്നതൊഴിച്ചുള്ള കുറ്റങ്ങളെല്ലാം എന്നിലുണ്ട് ഇതിന്റെ സത്യം എനിക്ക് പറഞ്ഞ് തരണമെന്നും ഇല്ലെങ്കിൽ നിങ്ങളെ ഞാൻ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി അപ്പോൾ ഉമ്മ പറഞ്ഞു മുഹമ്മദ്(സ)പറഞ്ഞത് സത്യം തന്നെയാണ് നിന്റെ ഉപ്പ ലൈംഗിക ശേഷി ഇല്ലാത്ത ആളും വലിയ സമ്പന്നനുമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത് നഷ്ടപ്പെടാതിരിക്കാനായി ഞാൻ ഒരു ആട്ടിടയനുമായി ശാരീരിക ബന്ധം പുലർത്തുകയും മുഗീറയുടെ മകനായി നിന്നെ പുറത്ത് പരിചയപ്പെടുത്തുകയും ചെയ്തതാണ് എന്ന് ഉമ്മ വിശദീകരിച്ചു.ഇത്ര വ്യക്തമായി നബി(സ)യുടെ പ്രഖ്യാപനങ്ങളുടെ വസ്തുത മനസിലായിട്ടും സത്യമുൾക്കൊള്ളാതെ ഖുർആൻ പൂർവീകരുടെ കെട്ടുകഥയാണെന്ന് പറയുന്നവന്റെ അധപതനം എത്ര ഗുരുതരം! ഇവിടെ പറഞ്ഞ കുറ്റങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കാൻ എല്ലാവരും ശ്രമിക്കേണ്ടത് തന്നെ .അള്ളാഹു നമ്മെയെല്ലാം നല്ലവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ


ബാക്കി അടുത്ത പോസ്റ്റുകളിൽ തുടരും ഇൻശാ അല്ലാഹ്

2 comments:

വഴികാട്ടി / pathfinder said...

ഇടവേളയ്ക്ക് ശേഷം വിളക്കിൽ പുതിയ പോസ്റ്റ് അദ്ധ്യായം 68 ഭാഗം-01

Abdulla Bukhari said...

http://sthreeonline.blog.com/
wanted more sunni women writers please convey this to your friends circle
About it അറിവ്‌ മനുഷ്യന്‍റെ ബുദ്ധിപരമായ വളര്‍ച്ചക്കും വികസാത്തിനും അത്യന്താപേക്ഷിതമാണ്. ആണുംപെണ്ണും ഒരുപോലെയാണ് അറിവ്‌ തേടുന്ന വിഷയത്തില്‍ എന്നാണ് ഇസ്ലാമിക അധ്യാപനം. പക്ഷെ സാഹചര്യങ്ങളുടെ പ്രാതികൂല്യങ്ങളില്‍ അകപ്പെട്ടു ഈ സാര്‍വ്വത്രീകരണം എന്ത് കൊണ്ടോ നമ്മുടെ കേരള ക്കരയില്‍ നടക്കാതെ പോകുന്നു. ഒരു കാലത്ത് ഓത്തുപള്ളിയില്‍ നിന്നും തജ് –വീ ദു അനുസരിച്ച് വളരെ നല്ല രീതിയില്‍ ഒതാനും കര്‍മ്മശാസ്ത്ര ത്തിലെ മസ്അലകള്‍ വിശകലനം നടത്താനും നമ്മുടെ ഉമ്മമാര്‍ പ്രാപ്തി നേടിയിരുന്നു. ഇന്ന് പക്ഷെ അത്തരം ഒരു തലമുറയുടെ ഞെട്ടറ്റുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് . ഈ ശോചനീയാവസ്ഥയെ എങ്ങിനെ മറികടക്കാനാവും എന്ന ആലോചനയാണ് ഈ സംരംഭത്തിന്റെ പ്രചോദനം. ഈ കൊച്ചു സംരംഭം പാരമ്പര്യമൂല്യാധിഷ്ഠിതമായി ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ നമ്മുടെ സഹോദരികള്‍ക്കു എങ്ങിനെ പ്രാപ്യമാക്കാന്‍ കഴിയുമെന്നും അതിന്റെ വഴികള്‍ എന്തൊക്കെയാണെന്നും വരച്ചു കാണിക്കാനുമുള്ള എളിയ ശ്രമമാണ്.

നമ്മുടെ സഹോദരിമാരുടെ അജ്ഞതയില്‍ നിന്നും ജന്യമായ അപകര്‍ഷതാബോധത്തെ പുത്തന്‍ പ്രസ്ഥാനങ്ങള്‍ ചൂഷണം ചെയ്യുന്നത് അനുവദിച്ചു കൂടാ. റോട്ടിലിറങ്ങിയും കൊടിപിടിച്ചു സമരം ചെയ്തുമാണ് സ്ത്രീ വിമോചനം സാധ്യമാവുകയുള്ളൂ എന്നവര്‍ ചിന്തിക്കാന്‍ ഇട വരരുത്. അവരുടെ അവകാശങ്ങളും ബാധ്യതകളും അതിര്‍ വരമ്ബുകളും അവക്ക് ബോധം ഇല്ലാതെ പോകരുത് . അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ അത് നേടിയെടുക്കേണ്ട മാര്‍ഗ്ഗങ്ങള്‍ അവര്‍ക്കു മുന്നില്‍ സ്പഷ്ട്ടമായിരിക്കണം. പുറത്തിറങ്ങി അഴിഞ്ഞാട്ടമില്ലാതെ ജീവിക്കുന്നതില്‍ അവര്‍ക്ക് മുഷിപ്പ് അനുഭവപ്പെടരുത്. വീട്ടില്‍ അടങ്ങി ഒതുങ്ങിക്കൂടിക്കഴിയുംപോഴും ആത്മാഭിമാനവും ദൈവഭക്തിയും അവള്‍ക്കുണ്ടാകണം. ഇങ്ങിനെ ഒരവസ്ഥ സംജ്ഞാതമാവാന്‍ അവര്‍ക്ക് വേണ്ടുന്നത്ര വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ മുന്നില്‍ തുറന്നിട്ടുകൊടുക്കണം. ഈ ഒരു ചിന്തയിലേക്കു സമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കല്‍ മാത്രമാണ് ഈ എളിയ സംരംഭത്തിന്‍റെ ലക്‌ഷ്യം