Tuesday, September 27, 2011

അദ്ധ്യായം 77 : സൂറത്തുൽ മുർസലാത്ത്-ഭാഗം-01


سورة المرسلات
മക്കയിൽ അവതരിച്ചു : സൂക്തങ്ങൾ 50


بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു

ഇമാം ഖുർത്വുബി(റ)എഴുതുന്നു. "ഇബ്നു മസ്ഊദ്(റ)പറഞ്ഞു. ഈ അദ്ധ്യായം നബി(സ)ക്ക് അവതരിച്ചത് ഞങ്ങൾ നബി(സ)യോടൊപ്പം മിനായിലെ ഒരു ഗുഹയിൽ എത്തിയ സമയത്തായിരുന്നു അങ്ങനെ നബി(സ) ഈ അദ്ധ്യായം ഓതുകയും ഞങ്ങൾ അത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു സർപ്പം ചാടുകയും ഞങ്ങൾ അതിനെ കൊല്ലാനായി ഓടുകയും ചെയ്തുവെങ്കിലും അത് മാളത്തിൽ പ്രവേശിച്ചു രക്ഷപ്പെട്ടു.അപ്പോൾ നബി(സ) പറഞ്ഞു.അതിന്റെ തിന്മയിൽ നിന്ന് നിങ്ങളും നിങ്ങളുടെ ശല്യത്തിൽ നിന്ന് അതും സംരക്ഷിക്കപ്പെട്ടു(ഖുർത്വുബി).ഈ ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹിൽ 4930-മത് ഹദീസായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഇബ്നു അബ്ബാസ്(റ)ന്റെ ദാസനായ കുറൈബ് (റ) ഈ അദ്ധ്യായം പാരായണം ചെയ്തപ്പോൾ അബ്ബാസ്(റ)ന്റെ ഭാര്യ ഉമ്മുൽ ഫള്ല്(റ) അത് കേട്ട് കരയുകയും മോനേ!നബി(സ) ഏറ്റവും അവസാനമായി  മഗ്‌രിബ് നിസ്കാരത്തിൽ ഈ സൂറത്ത് ഓതുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നും നിന്റെ പാരായണം എന്നെ അത് ഓർമ്മിപ്പിച്ചുവെന്ന് പറയുകയും ചെയ്തു(ഖുർത്വുബി)

1) وَالْمُرْسَلَاتِ عُرْفًا

തുടരെ തുടരെ അയക്കപ്പെടുന്നവയെ തന്നെ സത്യം

ഭൂരിപക്ഷം വ്യാഖ്യാതാക്കളും പറയുന്നത് ഇത് കൊണ്ടുള്ള വിവക്ഷ കാറ്റിനെ പറ്റി എന്നത്രെ!

അള്ളാഹുവിന്റെ കല്പനകളും വിരോധങ്ങളുമായി അയക്കപ്പെടുന്ന മലക്കുകളാണുദ്ദേശ്യമെന്നും ഏകദൈവ സന്ദേശവുമായി അയക്കപ്പെട്ട നബിമാരാണുദ്ദേശ്യമെന്നും മേഘമാണുദ്ദേശ്യമെന്നും അള്ളാഹുവിന്റെ താക്കീതുകളും ഉപദേശങ്ങളുമാണുദ്ദേശ്യമെന്നും അഭിപ്രായം,ഉണ്ട്(ഖുർത്വുബി)
2) فَالْعَاصِفَاتِ عَصْفًا

ശക്തിയായി അടിച്ചു വീശുന്നവയും (തന്നെ സത്യം)

ഇവിടെയും കാറ്റാണുദ്ദേശ്യം എന്ന് തന്നെയാണ് പ്രബലമായ അഭിപ്രായം, കാറ്റുകളിൽ നേരിയ നിലയിൽ അടിക്കുന്നതും കൊടുംകാറ്റുമുണ്ടല്ലൊ,, മലക്കുകളാണെന്നും അള്ളാഹുവിന്റെ ദൃ‌ഷ്ടാന്തങ്ങളായി വരുന്ന ഭൂമികുലുക്കം പോലുള്ളതാണെന്നും അഭിപ്രായമുണ്ട്


3) وَالنَّاشِرَاتِ نَشْرًا

പരക്കെ വ്യാപിപ്പിക്കുന്നവയും(തന്നെ സത്യം)

കാറ്റ് തന്നെയാണിവിടെയും ഉദ്ദേശ്യം. കാറ്റ് കനത്ത മേഘങ്ങളെ വഹിച്ചു കൊണ്ട് പോയി നിർജീവമായിക്കിടക്കുന്ന നാടിനു മഴ നൽകുന്നു ചിലപ്പോൾ കാറ്റ് കൊണ്ട് തന്നെ വലിയ വിപത്തുകളുമുണ്ടാകും അതാണ് വ്യാപിപ്പിക്കുന്നത് എന്ന് പറഞ്ഞത്. മേഘം കൊണ്ട് ഏൽ‌പ്പിക്കപ്പെട്ട മലക്കുകളാണുദ്ദേശ്യമെന്നും മഴയാണുദ്ദേശ്യമെന്നും മനുഷ്യന്റെ നന്മതിന്മകൾ രേഖയിൽ നിന്ന് മലക്കുകൾ പുറത്തെടുത്ത് പരത്തുന്നതാണുദ്ദേശ്യമെന്നും എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന അന്ത്യ നാളിലേക്കുള്ള പുനർജ്ജന്മമാണെന്നും അഭിപ്രായമുണ്ട്(ഖുർതുബി)


ഇമാം ഇബ്നു ജരീർ അഥ്വബരി(റ) എഴുതുന്നു. അള്ളാഹു വ്യാപിപ്പിക്കുന്നതെന്നാണ് സത്യം ചെയ്യാനുപയോഗിച്ച പദം. ഏതെങ്കിലുമൊന്നിനെ അള്ളാഹു പ്രത്യേകമാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് ഈ പറഞ്ഞ കാറ്റും മഴയും മലക്കുകളുമെല്ലാം ഇവിടെ ഉദ്ദേശിക്കലാണു വേണ്ടത് എന്നത്രെ പ്രബലം(ഥ്വബരി).

അതായത് മുകളിൽ പറഞ്ഞ വ്യാഖ്യാനങ്ങളെല്ലാം വൈവിദ്ധ്യമാണ്.വൈരുദ്ധ്യമല്ല.

4) فَالْفَارِقَاتِ فَرْقًا

വേർതിരിച്ച് വിവേചിക്കുന്നവയും(തന്നെ സത്യം)

സത്യാസത്യങ്ങൾക്കിടയിൽ വിഭജിക്കുന്നതുമായി ഇറങ്ങി വരുന്ന മലക്കുകളാണുദ്ദേശ്യം.ഭക്ഷണ വിഭവങ്ങളും മനുഷ്യന്റെ ആയുസ്സും വേർതിരിക്കുന്ന മലക്കുകൾ എന്നും മേഘങ്ങളെ പലയിടത്തേക്കായി വേർതിരിക്കുന്ന കാറ്റാണുദ്ദേശ്യമെന്നും മേഘം തന്നെയാണുദ്ദേശ്യമെന്നും സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലും ഹലാൽ ഹറാമുകൾക്കിടയിലും വേർതിരിക്കുന്ന ഖുർആനാണുദ്ദേശ്യമെന്നും അള്ളാഹു കൽ‌പ്പിച്ചതിന്റെയും വിരോധിച്ചതിന്റെയും ഇടയിൽ വേർതിരിക്കുന്ന അഥവാ അത് വിശദീകരിക്കുന്ന പ്രവാചകന്മാരാണുദ്ദേശ്യമെന്നും വ്യാഖ്യാനമുണ്ട്(ഖുർതുബി)

സത്യവും അസത്യവും തമ്മിൽ വേർതിരിക്കുന്നതെല്ലാം മലക്കായാലും ഗ്രന്ഥമായാലും ഇവിടെ ഉദ്ദേശമാണെന്നത്രെ ഇബ്നു ജരീർ(റ)പറയുന്നത്


5) فَالمُلْقِيَاتِ ذِكْرًا

ദിവ്യ സന്ദേശം ഇട്ട് കൊടുക്കുന്നവയെ തന്നെ സത്യം
ഇത് മലക്കുകളെക്കുറിച്ചാണ്.എന്നതിൽ അഭിപ്രായ വ്യത്യാസമില്ല ഒഴികഴിവുകൾ നീക്കം ചെയ്യുന്നതും താക്കീതുകൾ അടങ്ങിയതുമായ ദിവ്യ സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്ന മലക്കുകൾ തന്നെയാണ് സത്യം എന്ന് സാരം. ദിവ്യ സന്ദേശമെത്തിക്കുന്നത് ജിബ് രീൽ(അ) ആണെന്നിരിക്കെ ബഹുവചനമാക്കിയത് എന്തിനാണെന്ന് സംശയിക്കേണ്ടതില്ല.അത് ജിബ്‌രീൽ(അ)നെ ബഹുമാനിച്ച് പറഞ്ഞതാകാനും അല്ലെങ്കിൽ വഹ് യിന്റെ സംരക്ഷണാർത്ഥം മുന്നിലും പിന്നിലും അള്ളാഹു നിശ്ചയിക്കുന്ന രക്ഷാസേനയെക്കൂടി (72-27 ൽ സൂറത്തുൽ ജിന്നിൽ പ്രസ്താവിച്ച പോലെ) ഉദ്ദേശിച്ചുമാവാം ബഹു വചനപ്രയോഗം

6) عُذْرًا أَوْ نُذْرًا

ഒഴിവു കഴിവായിക്കൊണ്ടോ താക്കീതായിക്കൊണ്ടോ

സത്യ നിഷേധികൾ പരലോകത്ത് വരുമ്പോൾ ഞങ്ങൾക്ക് നേർമാർഗത്തെ കുറിച്ച് അറിവ് ലഭിച്ചില്ല എന്നും മറ്റും ഒഴിവുകഴിവുകൾ പറയാനുള്ള അവസരം ഇല്ലാതാക്കുക എന്നത് അള്ളാഹുവിന്റെ സന്ദേശ ലക്ഷ്യങ്ങളിൽ പെട്ടതാണ് സത്യ വിശ്വാസികൾക്ക് താക്കീത് ചെയ്ത് അവരെ നന്നാക്കലും ഇതിന്റെ ഉദ്ദേശ്യമത്രെ!.അതാണ് ഇതിൽ സൂചിപ്പിക്കുന്നത്


പാശ്ചാത്തപിച്ച് കുറ്റം കഴുകിക്കളഞ്ഞ് നാഥന്റെ അടുക്കൽ ഒഴികഴിവ് പറയാൻ വിശ്വാസികൾക്ക് അവസരമുണ്ടാക്കിയതും ശത്രുക്കൾക്ക് താക്കീത് നൽകലും ആണുദ്ദേശ്യം,എന്നും ഇവിടെ വ്യാഖ്യാനമുണ്ട്(ഖുർത്വുബി)

7) إِنَّمَا تُوعَدُونَ لَوَاقِعٌ

നിശ്ചയമായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്നത് സംഭവിക്കുന്നത് തന്നെയാകുന്നു

ഏതായാലും ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സത്യം ചെയ്ത് പറയുന്നത് ഈ തത്വമാണ് .അന്ത്യ നാൾ.പുനർജ്ജന്മം,പരലോകം,രക്ഷാശിക്ഷകൾ എന്നിവയൊക്കെ സംഭവിക്കുക തന്നെ ചെയ്യും എന്ന്

8) فَإِذَا النُّجُومُ طُمِسَتْ

എന്നാൽ നക്ഷത്രങ്ങൾ മായിക്കപ്പെട്ടാൽ


അതിന്റെ തിളക്കവും പ്രഭയും നഷ്ടപ്പെടുകയെന്നാണുദ്ദേശ്യം .അത് സംഭവിക്കുമ്പോഴായിരിക്കും താക്കീത് ചെയ്യപ്പെട്ട കാര്യം സംഭവിക്കുക

(9 ) وَإِذَا السَّمَاء فُرِجَتْ


ആകാശം പിളർക്കപ്പെടുകയും ചെയ്താൽ

ആകാശം പൊട്ടിപ്പിളരുന്നതിനാലുണ്ടാവുന്ന വിടവുകളെ ഉദ്ദേശിച്ചാണ്‌ ഈ പറയുന്നത്

10) وَإِذَا الْجِبَالُ نُسِفَتْ

പർവതങ്ങൾ പൊടിയാക്കപ്പെടുകയും ചെയ്താൽ


പർവതങ്ങൾ പിഴുതെറിയപ്പെടുകയും അത് പൊടിപൊടിയാക്കപ്പെടുകയും ചെയ്യുക എന്നാണുദ്ദേശ്യം

11) وَإِذَا الرُّسُلُ أُقِّتَتْ

ദൂതന്മാർക്ക് സമയം നിർണ്ണയിച്ച് കൊടുക്കപ്പെടുകയും ചെയ്താൽ


ഓരോ സമുദായത്തിൽ നിന്നുമുള്ള പ്രവാചകന്മാർ ആ സമുദായത്തിന്റെ മേൽ സാക്ഷികളായി അന്ന് ഒരുമിച്ച് കൂട്ടപ്പെടും, ഭൂമിയിൽ വെച്ച് അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് പറയുമ്പോൾ അത് സംഭവിക്കുമോ എന്ന് സംശയിച്ചിരുന്ന നിഷേധികൾക്ക് എല്ലാ സംശയവും നീങ്ങി സത്യം ബോദ്ധ്യപ്പെടുന്ന ദിനമാണത്

12) لِأَيِّ يَوْمٍ أُجِّلَتْ

ഏതൊരു ദിവസത്തേക്കാണ് അവർക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്

ആ ദിനത്തിന്റെ ഭയാനകത ചൂണ്ടിക്കാണിക്കനാണീ ചോദ്യ രൂപം



13) لِيَوْمِ الْفَصْلِ

തീരുമാനത്തിന്റെ ദിവസത്തേക്ക് തന്നെ


എല്ലാം തീരുമാനിക്കപ്പെടുന്ന ദിനം എന്നത് സത്യ നിഷേധികൾക്കുള്ള ശക്തമായ താക്കീതാണ് അന്ന് സ്വർഗത്തിലേക്കോ നരകത്തിലേക്കോ ആയി അവർക്കിടയിൽ വിധി പ്രഖ്യാപിക്കപ്പെടും ,,അന്ത്യ നാളിൽ ജങ്ങളെ ഒരുമിച്ചു കൂട്ടപ്പെട്ടാൽ തലക്കുമുകളിൽ സൂര്യനെ ഉദിപ്പിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കിക്കൊണ്ട് വിധി പ്രതീക്ഷിച്ച് ജനങ്ങൾ നിൽക്കുമെന്ന് (അഹ് മദ്) നബി(സ) പഠിപ്പിച്ചത് ഓർക്കുക



14) وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ

തീരുമാന ദിവസം എന്താണെന്ന് തങ്ങൾക്ക് അറിവ് നൽകിയതെന്താണ്

ആദിനത്തിന്റെ ഗൌരവം കാണിക്കാനാണീ ചോദ്യം

15) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു

അള്ളാഹുവെയും പ്രവാചകനെയും ഗ്രന്ഥത്തെയും വിചാരണ നാളിനെയൊമൊക്കെ നിഷേധിച്ചവർക്ക് ശിക്ഷയും അപമാനവുമുണ്ട് എന്ന് സാരം. ഈ അദ്ധ്യായത്തിൽ പലതവണ ഈ സൂക്തം ആവർത്തിച്ചിട്ടുണ്ട്.അതിന്റെ കാരണം പല നിഷേധങ്ങളും അവർ നടത്തിയിട്ടുണ്ട്.ഓരോ നിഷേധത്തിന്റെയും ശിക്ഷ മറ്റേ നിഷേധത്തിൽ നിന്ന് വ്യത്യസ്ഥമായിരിക്കുമല്ലൊ ചില നിഷേധങ്ങൾ താരതമ്മ്യേന കൂടുതൽ ഗുരുതരവുമായിരിക്കുമല്ലൊ.അതിനനുസരിച്ചുള്ള നാശമുണ്ടാവുമെന്ന് സൂചിപ്പിക്കാനാണിത് ആവർത്തിച്ചത്(ഖുർത്വുബി)

وَيْلٌ എന്നാൽ നരകത്തിലെ വിവിധയിനം ശിക്ഷകളുള്ള ഒരു ചെരുവ് എന്നും അർത്ഥമുണ്ട്

നബി(സ)പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.നരകം എനിക്ക് കാണിക്കപ്പെട്ടു.അപ്പോൾ വൈൽ എന്ന ചെരുവിനേക്കാൾ ഗൗരവമുള്ള ഒന്നും ഞാൻ അവിടെ കണ്ടില്ല. നരക വാസികളിൽ നിന്ന് ഒഴുകുന്ന ചലവും ചീഞ്ചലവും ഒരുമിച്ചു കൂടുന്ന സ്ഥലമാണ്‌ വൈൽ എന്നും റിപ്പോർട്ടുണ്ട്(ഭൂമിയിലെ മലിന ജലം ഒരുമിച്ച് കൂടുന്ന സ്ഥലത്തോട് നമുക്ക് എത്രത്തോളം വെറുപ്പുണ്ടാകും.അതിനേക്കാൾ ഗുരുതരമാണ്‌ വൈൽ എന്ന് ചുരുക്കം)



16) أَلَمْ نُهْلِكِ الْأَوَّلِين

പൂർവീകന്മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?

പ്രവാചകന്മാരെ നിഷേധിച്ച പൂർവീകന്മാരെ അള്ളാഹു നശിപ്പിച്ചിട്ടുണ്ടെന്നത് മക്കക്കാർക്കുമറിയാം.ഇത് അവർക്കുള്ള ശക്തമായ ഉൽബോധനമാണ്

17) ثُمَّ نُتْبِعُهُمُ الْآخِرِينَ

പിന്നീട് അവരോട് പിൻ ഗാമികളെയും നാം തുടർത്തും


ഈ നില തുടർന്നാൽ നിങ്ങളെയും അത് പോലെ അള്ളാഹു പിടികൂടുമെന്നുണർത്തിയിരിക്കുകയാണ്



18) كَذَلِكَ نَفْعَلُ بِالْمُجْرِمِينَ

കുറ്റവാളികളെക്കൊണ്ട് അപ്രകാരമാണ് നാം ചെയ്യുക

കുറ്റവാളികൾക്ക് ഇത് പോലെ ശിക്ഷ നല്കൽ നമ്മുടെ പതിവാണ്‌.ഈ ശിക്ഷ ബദ് റിലും മറ്റുമൊക്കെയുണ്ടായ തിരിച്ചടിയാണെന്നും ശരിക്കുള്ള നാശം തന്നെയാണെന്നും അഭിപ്രായമുണ്ട്

ഇത് ഭൂമിയിൽ വെച്ച് അവർക്കുള്ള താക്കീതാണെന്നും പരലോകത്ത് വരുന്ന ശിക്ഷയെക്കുറിച്ചുള്ള അറിയിപ്പാണെന്നും അഭിപ്രായമുണ്ട്

19) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ


അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു


നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക



20) أَلَمْ نَخْلُقكُّم مِّن مَّاء مَّهِينٍ

നിസ്സാരപ്പെട്ട ജലത്തിൽ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ ?

അള്ളാഹുവിന്റെ ശക്തിയും അവന്റെ അനുഗ്രഹങ്ങളുമുണർത്തുകയാണിവിടെ.കേവലം അറപ്പ് തോന്നുന്ന ഇന്ദ്രിയത്തുള്ളിയിൽ നിന്നാണ് മനുഷ്യനെ അള്ളാഹു സൃഷ്ടിച്ചത്

21) فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ


എന്നിട്ട് അതിനെ നാം ഭദ്രമായൊരു താവളത്തിൽ ആക്കുകയും ചെയ്തു

ഭദ്രമായ താവളം ഗർഭപാത്രമാണ്

22) إِلَى قَدَرٍ مَّعْلُومٍ


അറിയപ്പെട്ട ഒരു കാലാവധി വരെ

പ്രസവ സമയം വരെ എന്ന് സാരം



23) فَقَدَرْنَا فَنِعْمَ الْقَادِرُونَ


അങ്ങനെ നാം (എല്ലാം) കണക്കാക്കി(വ്യവസ്ഥപ്പെടുത്തി)അപ്പോൾ നാം എത്ര നല്ല കഴിവുള്ളവൻ!


ഗർഭ പാത്രത്തിൽ വെച്ച് അവനു ആകൃതിയും പ്രകൃതിയുമെല്ലാം ക്രമീകരിച്ചു.

അവന്റെ നീളവും നീളക്കുറവും വിജയിയോ പരാജയിയോ എന്നതും മരണത്തിന്റെ സമയവും ഈ കണക്കാക്കലിന്റെ ഭാഗമാണ്‌ ഈ അള്ളാഹുവിനു പുനർജനിപ്പിക്കുന്നത് ഒരു പ്രയാസമേ അല്ല എന്ന് സൂചിപ്പിക്കുകയാണിവിടെ



24) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ


അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു


നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക



25) أَلَمْ نَجْعَلِ الْأَرْضَ كِفَاتًا

ഭൂമിയെ നാം ഉൾക്കൊള്ളൂന്നതാക്കിയില്ലേ?

26) أَحْيَاء وَأَمْوَاتًا

മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും



ജീവിച്ചിരിക്കുന്നവർക്ക് ഭൂമിയുടെ മുകൾഭാഗം സൌകര്യപ്പെടുത്തിയത് പോലെ മരണപ്പെടുന്നവർക്ക് ഉൾഭാഗം സൌകര്യപ്പെടുത്തിയിട്ടുണ്ടെന്നാണിതിന്റെ സാരം

മരിച്ചയാളെ മറക്കലും മറമാടലും നിർബന്ധമാണെന്ന് ഇതിൽ നിന്ന് തെളിയുന്നു എന്ന് ഇമാം ഖുർത്വുബി(റ)എഴുതുന്നുണ്ട്,മുടിയും നഖവുമൊക്കെ മറമാടണമെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്

27 മുതൽ 50 വരെ അടുത്ത പോസ്റ്റിൽ ഇൻശാ അല്ലാഹ്




1 comment:

വഴികാട്ടി / pathfinder said...

ഇബ്നു അബ്ബാസ്(റ)ന്റെ ദാസനായ കുറൈബ് (റ) ഈ അദ്ധ്യായം പാരായണം ചെയ്തപ്പോൾ അബ്ബാസ്(റ)ന്റെ ഭാര്യ ഉമ്മുൽ ഫള്ല്(റ) അത് കേട്ട് കരയുകയും മോനേ!നബി(സ) ഏറ്റവും അവസാനമായി മഗ്‌രിബ് നിസ്കാരത്തിൽ ഈ സൂറത്ത് ഓതുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നും നിന്റെ പാരായണം എന്നെ അത് ഓർമ്മിപ്പിച്ചുവെന്ന് പറയുകയും ചെയ്തു(ഖുർത്വുബി)