Wednesday, September 28, 2011

അദ്ധ്യായം 77 : സൂറത്തുൽ മുർസലാത്ത്-ഭാഗം-02

سورة المرسلات


മക്കയിൽ അവതരിച്ചു : സൂക്തങ്ങൾ 50


بسم الله الرحمن الرحيم



പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


1 മുതല് 26 വരെ ആയത്തുകളുടെ വിശദീകരണം ഇവിടെ വായിക്കുക


27) وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاء فُرَاتًا


അതിൽ നാം ഉന്നതങ്ങളായ ഉറച്ച് നിൽക്കുന്ന പർവതങ്ങളെ സ്ഥാപിക്കുകയും സ്വച്ഛമായ വെള്ളം നിങ്ങൾക്ക് നാം കുടിക്കുവാൻ നൽകുകയും ചെയ്തിരിക്കുന്നു

അള്ളാഹുവിന്റെ ചില ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളുമാണീ സൂക്തം ചൂണ്ടിക്കാണിക്കുന്നത് .പർവതങ്ങൾ ഭൂമിയുടെ സ്ഥിരതക്ക് ആണികളാക്കി അള്ളാഹു നിശ്ചയിച്ചതാണെന്ന് ഖുർ ആൻ പല സ്ഥലത്തും പരാമർശിച്ചിട്ടുണ്ട് ഉണങ്ങി വരണ്ട ഭൂമിയിലേക്ക് സമൃദ്ധമായി വെള്ളം ലഭിക്കുമ്പോൾ പലതും ഉൽ‌പ്പാദിപ്പിക്കപ്പെടുന്നു. ഇത് പുനർജന്മത്തിന്റെ ഒരു സാമ്പിളായി മനസിലാക്കാവുന്നതാണ് നമ്മുടെ ജീവിതത്തിനു ഏറ്റവും ആവശ്യമായ വെള്ളം അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്

28) وَيْلٌ يوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു

നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക

29) انطَلِقُوا إِلَى مَا كُنتُم بِهِ تُكَذِّبُونَ

(സത്യ നിഷേധികളോട് ഖിയാമത്ത് നാളിൽ പറയപ്പെടും) നിങ്ങൾ ഏതൊന്നിനെയാണോ നിഷേധിച്ചു കൊണ്ടിരുന്നത് അതിലേക്ക് പോയിക്കൊള്ളുക

സത്യ നിഷേധികൾക്കുണ്ടാകുന്ന ഗുരുതരമായ ശിക്ഷകളാണ് താഴെ പറയുന്നത് .നരക ശിക്ഷയെ നിഷേധിച്ചിരുന്നവരോട് നിങ്ങൾ നിഷേധിച്ച ഇപ്പോൾ കൺമുന്നിൽ കാണുന്ന ആ നരകത്തിലേക്ക് പോവുക എന്നത് വല്ലാത്തൊരു ഉത്തരവ് തന്നെയല്ലെ!

30) انطَلِقُوا إِلَى ظِلٍّ ذِي ثَلَاثِ شُعَبٍ

അതായത് മൂന്ന് ശാഖകളുള്ള ഒരു നിഴലിലേക്ക് പോയിക്കൊള്ളുക

മൂന്ന് ശാഖകളായി പിരിഞ്ഞുയരുന്ന കരിമ്പുകയുടെ നിഴലിലേക്ക് പോകൂ അതാണ് നിങ്ങൾക്ക് ആധാരം. എന്ന് അവരോട് പറയപ്പെടും ശക്തമായി പുക ഉയരുമ്പോൾ അത് ശാഖകളായി പിരിയുന്നത് നമുക്ക് തന്നെ കാണാമല്ലോ

31) لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ

(അത് ചൂടിൽ നിന്ന്)തണലേകുകയില്ല (അഗ്നി)ജ്വാലയിൽ നിന്ന് അത് തടയുന്നതുമല്ല


എന്നാൽ ആതണൽ ഉപകാരപ്രദമാവില്ല.അത് തണലേകുകയോ ചൂടിൽ നിന്ന് രക്ഷ നൽകുകയോ ചെയ്യില്ല

മഹ്ശറിൽ നിൽക്കുന്ന സമയത്ത് ശക്തമായ ചൂടിൽ അവിശ്വാസിയും കപടവിശ്വാസിയും കഷ്ടപ്പെടുമ്പോൾ അർശിന്റെ തണൽ നൽകി ആ ഭയങ്കര ചൂടിൽ നിന്ന് സത്യ വിശ്വാസിയെ അള്ളാഹു രക്ഷിക്കും. അർശിന്റെ തണൽ ലഭിക്കാനുള്ള പ്രധാനപ്പെട്ട ഏഴ് കാരണങ്ങൾ നബി(സ) പറഞ്ഞത് കാണാനാവും. 1, നീതിമാനായ ഭരണാധികാരി, 2, അള്ളാഹുവിന്റെ ആരാധനയിലായി ജീവിതം ക്രമീകരിച്ച യുവാവ്, 3, പള്ളിയുമായി മനസ്സിണക്കപ്പെട്ട പുരുഷൻ 4, അള്ളാഹുവിനു വേണ്ടി പരസ്പരം സ്നേഹിച്ച രണ്ട് സ്നേഹിതന്മാർ 5, വലം കൈ കൊടുത്തത് ഇടത് കൈ അറിയാതെ ധർമ്മം ചെയ്ത ധർമ്മിഷ്ഠൻ 6, സുന്ദരിയും കുലീനയുമായ ഒരു സ്ത്രീ അനാശാസ്യത്തിനു ക്ഷണിച്ചപ്പോൾ ഞാൻ അള്ളാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് ആ ക്ഷണം നിരസിച്ചവൻ 7, ഒറ്റക്കിരുന്ന് നാഥനെ ഓർത്ത് കരഞ്ഞ മനുഷ്യൻ എന്നിവർക്ക് അർശിന്റെ തണൽ ലഭിക്കും എന്ന് ഹദീസിൽ കാണാം. അള്ളാഹു നമുക്കെല്ലാം അന്ന് രക്ഷ നൽകട്ടെ ആമീൻ


32) إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ

നിശ്ചയമായും അത്(നരകം)ഉയർന്ന കെട്ടിടം പോലെയുള്ള തീപ്പൊരികൾ എറിയുന്നതാണ്



നരകത്തിൽ നിന്ന് ഉയർന്ന് പൊങ്ങുന്ന തീപ്പൊരികളുടെ വലിപ്പത്തെയാണ് ചൂണ്ടിക്കാട്ടുന്നത്

33) كَأَنَّهُ جِمَالَتٌ صُفْرٌ

അത്(തീപ്പൊരികൾ)മഞ്ഞ നിറമുള്ള ഒട്ടകക്കൂട്ടങ്ങളെ പോലെയിരിക്കും

ആ തീപ്പൊരികളുടെ വർണ്ണമാണിതിൽ സൂചിപ്പിക്കുന്നത്


ഇവിടെ صُفْرٌ എന്നതിനു കറുത്ത നിറമുള്ള ഒട്ടകം എന്നും അർത്ഥമുണ്ട് ആ അർത്ഥമാണ് പ്രബലം എന്നാണ് ഇബ്നു ജരീർ(റ) പറയുന്നത്(ഥ്വബരി)



34) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ


അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു

നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക



35) هَذَا يَوْمُ لَا يَنطِقُونَ

അവർ മിണ്ടാത്ത ദിവസമാണത്


സ്ഥിതിഗതികളുടെ ഗൌരവം മൂലം അന്നവർക്ക് മിണ്ടാൻ പോലും കഴിയില്ല


ചില സമയത്ത് സംസാരിക്കാൻ അവസരമുണ്ടാവും അപ്പോൾ അവർ തർക്കിക്കാൻ ശ്രമിക്കും എന്ന് ഖുർ ആൻ തന്നെ പറഞ്ഞത് ഇതിനെതിരല്ലേ എന്ന ചോദ്യമുണ്ടിവിടെ.നിവാരണം മഹ്ശറിൽ പല ഘട്ടങ്ങളുമുണ്ട് ചില ഘട്ടത്തിൽ സംസാരിക്കാൻ അവസരമുണ്ടാവില്ല മറ്റു ചിലപ്പോൾ അവസരമുണ്ടാവും എന്നാണ്

36) وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ


(ഒഴികഴിവ്)പറയാൻ അവർ അനുവദിക്കപ്പെടുകയില്ല അതിനാൽ അവർ ഒഴികഴിവ് പറയുന്നതല്ല


നരകത്തിലെത്തിയതിനെതിരെ ഒന്നും പറയാനോ അത് കേൾക്കാനോ അവിടെ സംവിധാനമുണ്ടാവില്ല.അഥവാ അവർ രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളെല്ലാം വെറുതെയാവും എന്ന് സാരം

37) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു

നേരത്തേ പറഞ്ഞ വിശദീകരണം ഇവിടെയും ഓർക്കുക


38) هَذَا يَوْمُ الْفَصْلِ جَمَعْنَاكُمْ وَالْأَوَّلِينَ

ഇത് തീരുമാനത്തിന്റെ ദിവസമാണ് നിങ്ങളെയും പൂർവികരെയും നാം(ഇവിടെ) ഒരുമിച്ചു കൂട്ടിയിരിക്കുന്നു(എന്ന് അവരോട് പറയപ്പെടും)

ഭൂമിയിൽ വെച്ച് നബി(സ)യെ നിഷേധിച്ചിരുന്നവരെയും മുൻ പ്രവാചകന്മാരെ നിഷേധിച്ചിരുന്നവരെയും ആ പ്രവാചകന്മാരെ വിശ്വസിച്ചവരെയും ഒരുമിച്ച് കൂട്ടപ്പെടുകയും അവർക്കിടയിൽ സത്യം ആരുടെ പക്ഷത്ത്/അസത്യം ആരുടെ പക്ഷത്ത് എന്നൊക്കെ അവിടെ വിശദമാക്കപ്പെടുകയും ചെയ്യും .അതാണ് തീരുമാനത്തിന്റെ ദിനം എന്ന് പറഞ്ഞത്


39) فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ

ഇനി വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കിൽ അത് (എനിക്കെതിരിൽ)പ്രയോഗിച്ച് കൊള്ളുക(എന്ന് അള്ളാഹു അവരോട് പറയും)



ഈ ദിനത്തിലെ വിഷമത്തിൽ നിന്ന് രക്ഷപ്പെടാൻ- എന്നെ പരാചയപ്പെടുത്താനുള്ള ചതിപ്രയോഗങ്ങൾ നടത്താൻ- കഴിയുമെങ്കിൽ അത് ചെയ്യുക എന്ന് അവരോട് അള്ളാഹു പറയും .ഒരിക്കലും നിങ്ങൾക്കിന്ന് രക്ഷപ്പെടാനാവില്ലെന്ന് സാരം(ഭൂമിയിൽ ജീവിച്ചപ്പോൾ നബി(സ)തങ്ങളെ എതിർക്കാൻ നിങ്ങൾ ധൈര്യം കാണിച്ചപോലെ എന്നെ ഇന്ന് ധിക്കരിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുക എന്ന വെല്ലുവിളിയാണിത്.അന്ന് ഈ വെല്ലുവിളി കേൾക്കാനല്ലാതെ പ്രതികരിക്കാൻ കഴിയാതെ അവർ നിസ്സഹായരാവും.)



40) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു



41) إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ

നിശ്ചയം ഭക്തന്മാർ (സ്വർഗത്തിൽ)ചില തണലുകളിലും അരുവികൾക്കിടയിലുമാകുന്നു


സത്യ നിഷേധികളുടെ നിസ്സഹായതയും വഷളത്തരവും ഉണർത്തിയതിനു ശേഷം സത്യ വിശ്വാസികളുടെ സന്തോഷവും അവർക്ക് ലഭിക്കുന്ന അംഗീകരവും ഉണർത്തുകയാണിവിടെ .അവർ സ്വർഗത്തിൽ ചില തണലുകളിലായിരിക്കും.അവിടെയുള്ള മരത്തിന്റെയും വലിയ വലിയ കൊട്ടാരങ്ങളുടെയും തണലാണിവിടെ ഉദ്ദേശ്യം.സ്വർഗത്തിലെ ധാരാളം അരുവികളെക്കുറിച്ച് ഖുർ ആൻ പലയിടത്തും പറഞ്ഞിട്ടുണ്ട്



42) وَفَوَاكِهَ مِمَّا يَشْتَهُونَ

അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവർഗങ്ങൾക്കിടയിലുമായിരിക്കും(ജീവിക്കുക)

ആഗ്രഹിക്കുന്ന പഴങ്ങൾ അവർക്ക് അവിടെ ലഭിക്കും

43) كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ

നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ ആഹ്ലാദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക (എന്ന് അവരോട് പറയപ്പെടും)


പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും അള്ളാഹുവിന്റെ ഇഷ്ട സമ്പാദനത്തിനായി ഭൂമിയിൽ വെച്ച് പ്രവർത്തിച്ചതിന്റെ പ്രതിഫലമായി നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക(ഭൂമിയിൽ മദ്യം കുടിക്കാൻ സമ്മർദ്ധമുണ്ടായിട്ടും നാഥനെ ഭയപ്പെട്ട് അത് വർജ്ജിച്ചവനു ഭൂമിയിലെ മദ്യത്തിന്റെ യാതൊരു ദൂഷ്യവുമില്ലാത്തതും രുചികരവുമായ മദ്യം അവർക്ക് അവിടെ കുടിക്കാൻ ലഭിക്കും.ഭൂമിയിലെ നമ്മുടെ എല്ലാ വ്യക്തിത്വവും കളഞ്ഞു കുളിക്കുന്ന മദ്യം മോന്തുന്നവർ ഇതൊന്ന് ശ്രദ്ധിച്ചെങ്കിൽ…)

44) إِنَّا كَذَلِكَ نَجْزِي الْمُحْسِنينَ

നിശ്ചയമായും അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുക


നബി(സ)യെ വിശ്വസിച്ചും സൽക്കർമ്മങ്ങൾ അനുഷ്ഠിച്ചും നാഥന്റെ ത്ര്‌പ്തി കരസ്ഥമാക്കിയവർക്കാണ് സദ്‌വൃത്തർ എന്ന് പറയുന്നത് അവരുടെ ലക്ഷ്യം നാഥന്റെ ത്ര്‌പ്തി മാത്രമായിരിക്കും


45) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു


46) كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ

നിങ്ങൾ അല്പകാലം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്യുക നിശ്ചയമായും നിങ്ങൾ കുറ്റവാളികൾ തന്നെയാണ്(എന്ന് അവരോട് പറയപ്പെടും)

ഇത് സ്വർഗ്ഗാവകാശികളുടെ പ്രതിഫലത്തെക്കുറിച്ച് പറയുന്നതിനു മുമ്പ് നരകക്കാരെക്കുറിച്ച് പറഞ്ഞതിനോട് ബന്ധപ്പെട്ടതാണ്.നിങ്ങൾക്ക് ഭൂമിയിൽ ലഭിക്കുന്ന അല്പ സുഖം മാത്രമേ ഉള്ളൂ.പരലോകം നിങ്ങൾക്ക് നഷ്ടം മാത്രമേ സമ്മാനിക്കൂ കാരണം നിങ്ങൾ സത്യ നിഷേധികളാണ് എന്ന താക്കീതാണീ പ്രയോഗം



47) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു



48) وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ

നിങ്ങൾ നിസ്ക്കരിക്കുക എന്ന് അവരോട് പറയപ്പെട്ടാൽ അവർ നിസ്ക്കരിക്കുകയില്ല


ഭൂമിയിൽ വെച്ച് ഈ ധിക്കാരികളോട് നിസ്ക്കരിക്കുക എന്ന് പറയപ്പെട്ടാൽ അവർ അത് ചെയ്യില്ലെന്നാണിവിടെ പറയുന്നത്.സഖീഫ് ഗോത്രക്കാരോട് മുസ്ലിംകളാവാനും നിസ്ക്കരിക്കാനും നബി(സ) പറഞ്ഞപ്പോൾ അവർ പറഞ്ഞു ഞങ്ങൾ തല കുനിക്കില്ല അത് ഞങ്ങൾക്ക് നാണക്കേടാണ് അപ്പോൾ നബി(സ) പറഞ്ഞു റുകൂഉം സുജൂദും ഇല്ലാത്ത ദീനിൽ നന്മയില്ല എന്ന്! അപ്പോഴാണിത് ഇറങ്ങിയത്. ഇമാം ഖുർത്വുബി(റ)എഴുതുന്നു. ഇമാം മാലിക്(റ) ഒരിക്കൽ അസ് റിനു ശേഷം പള്ളിയിൽ പ്രവേശിച്ചു തഹിയ്യത്ത് നിസ്ക്കരിക്കാതെ താൻ ഇരുന്നു(അസ് റിനു ശേഷം പ്രത്യേക കാരണമുണ്ടെങ്കിലും സുന്നത്ത് നിസ്ക്കരിക്കരുതെന്നാണ് തന്റെ അഭിപ്രായം അത് കൊണ്ടാണ് ഇരുന്നത്) അപ്പോൾ ഒരു കുട്ടി മാലിക്(റ)നോട് പറഞ്ഞു.എഴുന്നേറ്റ് നിസ്ക്കരിക്കുക എന്ന്.ഉടൻ ഇമാം മാലിക്(റ) എഴുന്നേറ്റ് നിസ്ക്കരിച്ചു .തന്റെ മദ് ഹബിലെ അഭിപ്രായത്തിനെതിരായി എന്താണ് നിസ്ക്കരിക്കാൻ കാരണം എന്ന് അന്വേഷിച്ചപ്പോൾ താൻ പറഞ്ഞ മറുപടി.നിസ്ക്കരിക്കാൻ പറയപ്പെട്ടപ്പോൾ അവർ നിസ്ക്കരിച്ചില്ല എന്ന ആക്ഷേപത്തിനു ഞാൻ അർഹനാവുമോ എന്ന് ഭയപ്പെട്ടു എന്നായിരുന്നു.! നിർബന്ധ നിസ്ക്കാരത്തിൽ പോലും ശുഷ്ക്കാന്തി കാണിക്കാത്തവർ ഈ ചരിത്രം ഒന്നു കണ്ണു തുറന്ന് വായിക്കേണ്ടത് തന്നെ!

പരലോകത്ത് വെച്ച് ഒരു ശിക്ഷ എന്ന നിലക്ക് അവരോട് നിസ്ക്കരിക്കാൻ കൽ‌പ്പിക്കും പക്ഷെ അവർക്ക് അതിനു കഴിയില്ല എന്നും ഇവിടെ അഭിപ്രായമുണ്ട്.സുജൂദ് ചെയ്യാൻ അവരെ ക്ഷണിക്കപ്പെടുമെന്നും അവർക്കതിനു കഴിയില്ലെന്നും ഖുർ ആനിൽ ഉണ്ടല്ലോ


ഇവിടെ റുകൂഅ് ചെയ്യുക എന്നാൽ സത്യം അംഗീകരിക്കുക എന്നും അർത്ഥമുണ്ട്.അഥവാ സത്യ വിശ്വാസം ഉൾക്കൊള്ളാൻ കൽ‌പ്പിച്ചപ്പോൾ അത് സ്വീകരിക്കാൻ അവർ തയാറായില്ല എന്നാവും താല്പര്യം.കാരണം വിശ്വാസം ശരിയായ ശേഷമാണ് കർമ്മം കൊണ്ട് കൽ‌പ്പിക്കപ്പെടുന്നത് (ഖുർത്വുബി)



49) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ


അന്നത്തെ ദിവസം വമ്പിച്ച നാശം സത്യ നിഷേധികൾക്കാകുന്നു



ഈ സൂക്തം പത്ത് തവണ ഈ അദ്ധ്യായത്തിൽ ആവർത്തിച്ച് പറഞ്ഞു.അത് ആവർത്തനമല്ലെന്നും ഓരോ നിഷേധങ്ങളെ പ്രത്യേകം ഉദ്ദേശിച്ച് കൊണ്ടാണെന്നും അഭിപ്രായമുണ്ട്.അപ്പോൽ ഇത് ആവർത്തനമല്ല പുതിയ അർത്ഥം ഉദ്ദേശിച്ചാണ്(ഖുർത്വുബി)



50) فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ


ഇനി ഇതിനു(ഖുർ ആന്)ശേഷം ഏത് വാർത്തയിലാണ് അവർ വിശ്വസിക്കുന്നത്?



ഇത്രയും വ്യക്തവും യുക്തവുമായ ഉപദേശങ്ങളും താക്കീതുകളുമടങ്ങിയ ഈഖുർ ആൻ അവർ വിശ്വസിക്കാൻ തയാറില്ലെങ്കിൽ പിന്നെ ഏതിലാണിവർ വിശ്വസിക്കാൻ പോകുന്നത് എന്നാണ് അവസാനമായി ചോദിക്കുന്നത്



ഈ സൂറത്ത് ഓതിക്കഴിഞ്ഞാൽ ആമന്നാ ബില്ലാഹ്(ഞങ്ങൾ അള്ളാഹുവിൽ വിശ്വസിച്ചു)എന്ന് പറയണം(അഹ് മദ്,തുർമുദി.ഹാകിം)



അള്ളാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ച് ഇരു ലോക വിജയം കരസ്ഥമാക്കാൻ അള്ളാഹു നമുക്കിടം നൽകട്ടെ ആമീൻ

No comments: