Saturday, December 17, 2011

അദ്ധ്യായം 62 -സൂറത്തുൽ ജുമുഅ:


سورة الجمعة


മദീനയിൽ അവതരിച്ചു  -സൂക്തങ്ങൾ 11



بسم الله الرحمن الرحيم


പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു




يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ (1



ആകാശ ഭൂമികളിലുള്ളവയെല്ലാം അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്നു രാജാധിപതിയും മഹാ പരിശുദ്ധനും പ്രതാപ ശാലിയും അഗാധജ്ഞനുമായവൻ

ഈ അദ്ധ്യായത്തിൽ ജുമുഅയെക്കുറിച്ച് പരാമർശമുള്ളത് കൊണ്ടാണ് അദ്ധായത്തിനു ജുമുഅ:എന്ന് നാമം ലഭിച്ചത്. ഇതും തുടർന്ന് വരുന്ന മുനാഫിഖൂന:എന്ന അദ്ധ്യായവും നബി(സ) ജുമുഅ:നിസ്ക്കാരത്തിൽ ഓതാറുണ്ടായിരുന്നു ഇതിൽ ജുമുഅക്ക് പുറമെ മുസ്‌ലിംകളുടെ ആജന്മ ശത്രുക്കളായ ജൂതന്മാരെക്കുറിച്ച് പറയുന്നുണ്ട്. അടുത്ത അദ്ധ്യായത്തിൽ ദ്വിമുഖമുള്ളവരായ ഇസ്‌ലാമിന്റെ ശത്രുക്കളായ കപടന്മാരെക്കുരിച്ചും പറയുന്നു. മുസ്‌ലിംകൾ സമ്മേളിക്കുന്ന ജുമുഅയിൽ ഈ രണ്ട് ശത്രുക്കളെക്കുറിച്ചും ഓർമ്മപ്പെടുന്ന സൂറത്തുകൾ ഓതുന്നത് ഫലപ്രദം തന്നെയല്ലേ!


هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ (2


അക്ഷരജ്ഞാനമില്ലാത്തവരിൽ അവരിൽ നിന്നു തന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണവൻ.അവന്റെ ആയത്തുകളെ ആ റസൂൽ അവർക്ക് ഓതിക്കൊടുക്കുകയും അവരെ സംസ്ക്കരിക്കുകയും അവർക്ക് വേദ ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു നിശ്ചയമായും അവർ അതിനു മുമ്പ് വ്യക്തമായ വഴിപിഴവിൽ തന്നെയായിരുന്നു

പൊതുവെ അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു അറബികൾ അത് കൊണ്ടാണ് ഉമ്മിയ്യുകൾ എന്ന് അവരെ വിശേഷിപ്പിച്ചത് അപൂർവം ചിലർക്ക് (അക്ഷരാഭ്യാസമുണ്ടായിരുന്നുവെന്നത് സ്മരിക്കുകയും വേണം.) ഇവിടെ ഉമ്മിയ്യൂൻ എന്നാൽ അറബികൾ എന്നാണുദ്ദെശ്യം.-എന്ന് ഇബ്നു അബ്ബാസ്(റ) ൽ നിന്ന് വ്യാഖ്യാനം വന്നിട്ടുണ്ട്.നബി(സ) ഉമ്മിയ്യാണെന്ന് പറഞ്ഞതിന്റെ അർത്ഥം എഴുത്തും വായനയും പഠിച്ചിട്ടില്ലാത്തവർ എന്ന അർത്ഥത്തിലാണ്.നേരത്തേ എഴുത്തും വായനയും പഠിച്ചിരുന്നുവെങ്കിൽ ആ പഠനത്തിൽ കിട്ടിയതാണ് ഖുർആൻ എന്ന് അവർക്ക് തെറ്റിദ്ധാരണ വരാൻ സാധ്യതയുണ്ടാകുമായിരുന്നു. എന്നാൽ ഒരു പള്ളിക്കൂടത്തിലും പോകാതെ ഇത്ര ആശയസമ്പുഷ്ടമായ ഖുർആൻ നബി(സ) ഓതുന്നത് അവിടുത്തെ അമാനുഷികത തന്നെയെന്ന് അവർക്ക് മന:സിലാക്കാമല്ലൊ! അവിടുത്തെ സത്യസന്ധത വ്യക്താമാവുകയും ചെയ്യുമല്ലൊ! അവരിൽ നിന്നുള്ള റസൂൽ എന്ന് പറഞ്ഞതിൽ നിന്ന് ആ റസൂലിനെക്കുറിച്ച് അവർക്ക് നല്ല പോലെ അറിയുമെന്നും ആ റസൂലുമായി സമ്പർക്കം പുലർത്താനും ഇടപഴകാനും അവർക്ക് അവസരം ഉണ്ടെന്നും മാത്രമല്ല ആ നിയോഗമവർക്ക് അഭിമാനകരമാണെന്നും വ്യക്തമാക്കുന്നതാണീ പ്രയോഗം. അവരിൽ നിന്നു നിയോഗിച്ചു എന്ന് പറഞ്ഞതിൽ നിന്ന് നബി(സ) അവരിലേക്ക് മാത്രമുള്ള റസൂലാണെന്ന് മനസിലാക്കാവതല്ല പ്രഥമ സംബോധിതർ അവരാണെന്ന് മാത്രമേയുള്ളൂ നബി(സ) അറബിയായത് കൊണ്ട് അവരിൽ നിന്ന് എന്ന് പറഞ്ഞതാണ് അവരിലേക്ക് മാത്രം എന്ന് ഉദ്ദേശമുണ്ടായിരുന്നുവെങ്കിൽ ഉമ്മിയ്യുകളിലേക്ക് നിയോഗിച്ചു എന്നാണ് പറയേണ്ടിയിരുന്നത്. നബി(സ) എല്ലാവരിലേക്കുമുള്ള റസൂലാണെന്ന് ഖുർആൻ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്

ആ റസൂലിന്റെ പ്രവർത്തനമാണ് തുടർന്ന് പറയുന്നത്.

(1) ഖുർആൻ ഓതിക്കൊടുക്കുക. ഖുർആനിന്റെ പാരായണ ശൈലി നബി(സ)യിൽ നിന്ന് കേട്ടത് പരമ്പരാഗതമായി കേട്ട് കൊണ്ടാണ് ഇന്നും പാരായണം ചെയ്തു വരുന്നത്. ഒരിക്കലും എഴുത്തും വായനയും പഠിച്ചത് കൊണ്ട് മാത്രം യഥാവിധി ഖുർആൻ പാരായണം ചെയ്യാൻ കഴിയില്ല. അഥവാ ഖുർആൻ ഓതിക്കൊടുക്കുക എന്നത് വലിയൊരു ദൌത്യം തന്നെ എന്ന് ചുരുക്കം.

(2) അവരെ സംസ്ക്കരിക്കുക.സത്യ വിശ്വാസത്തിന്റെ വിശുദ്ധിയിലൂടെ മനസിലെയും കർമ്മങ്ങളിലെയും എല്ലാ ചെളിയും ഒഴിവാക്കി സത്യ നിഷേധത്തിൽ നിന്നും ദോഷങ്ങളിൽ നിന്നും അവരെ ശുദ്ധിയാക്കുക എന്നതാണ് സംസ്ക്കരണം.തെറ്റുകളിൽ മുഴുകിയിട്ടും ഒരു മന:സാക്ഷിക്കുത്തും തോന്നാതിരുന്ന ഒരു സമൂഹത്തെ സംസ്ക്കരിച്ചപ്പോൾ തെറ്റാവാൻ സാധ്യതയുള്ള വല്ലതും വന്നേക്കുമോ എന്ന് പോലും ഭയപ്പെട്ട് കരയുന്നവരാക്കി മാറ്റാൻ നബി(സ)ക്ക് കഴിഞ്ഞു.

(3) വേദഗ്രന്ഥം (ഖുർആൻ)അവർക്ക് പഠിപ്പിക്കുക.മറ്റു വിജ്ഞാനങ്ങൾ പഠിപ്പിക്കുക.ഖുർആൻ ഓതിക്കൊടുക്കലും ആശയം പഠിപ്പിക്കലും രണ്ടാണെന്ന് ഇതിൽ നിന്ന് മനസിലാക്കാം. ഖുർആനിന്റെ ആശയം നബി(സ) വിശദീകരിക്കുമ്പോൾ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ.നബി(സ)യെ അവഗണിച്ച് കേവലം അറബിഭാഷാ പഠനത്തിലൂടെ യഥാർത്ഥത്തിൽ ഖുർ ആൻ മനസിലാക്കാനാവില്ല.മറ്റു വിജ്ഞാനങ്ങൾ എന്നത് അവിടുത്തെ സുന്നത്തുകൾ എന്ന അർത്ഥത്തിലാണ്.ഈ റസൂൽ വരുന്നതിനു മുമ്പ് അവർ സത്യത്തിൽ നിന്ന് ബഹുദൂരം അകലെയായിരുന്നു എങ്കിലും റസൂൽ മുഖേന അള്ളാഹു അവരെ സത്യത്തിലേക്ക് വഴി നടത്തി


وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ وَهُوَ الْعَزِيزُ الْحَكِيمُ (3


അവരിൽ പെട്ട മറ്റുചിലരുടെ അടുക്കലേക്കുമാണ് (റസൂലിനെ അയച്ചിരിക്കുന്നത്)അവർ ഇവരോടൊപ്പം എത്തിച്ചേർന്നു കഴിഞ്ഞിട്ടില്ല .അവൻ പ്രതാപിയും അഗാധജ്ഞനുമാകുന്നു

അറബികളിലേക്ക് മാത്രമോ അക്കാലത്തുള്ളവരിലേക്ക് മാത്രമോ അല്ല നബി(സ) റസൂലായിട്ടുള്ളത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.ഇതു വരെയും വന്നിട്ടില്ലാത്തവരിലേക്ക് അതായത് ഭാവിയിൽ വരാനിരിക്കുന്നവർക്ക് കൂടി അവിടുന്ന് റസൂലാണെന്ന് വ്യക്തമാക്കുകയാണിവിടെ.നേരത്തേ ഉമ്മിയ്യീൻ എന്നതിനു അറബികൾ എന്ന് ഇബ്നു അബ്ബാസ്(റ)ന്റെ വ്യാഖ്യാനം നാം കണ്ടു.മറ്റു ചിലർ എന്ന് ഇവിടെ പറഞ്ഞ അനറബികൾ എന്ന് ഇബ്നു ഉമർ(റ) അടക്കമുള്ളവർ വ്യാഖ്യാനിക്കുന്നുണ്ട്.അപ്പോൾ അറബികളിലേക്കും അനറബികളിലേക്കും നബി(സ) റസൂലാണെന്ന് ഈ രണ്ട് സൂക്തങ്ങൾ അറിയിക്കുന്നു



ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاء وَاللَّهُ ذُو الْفَضْلِ الْعَظِيمِ (4

അത് അള്ളാഹുവിന്റെ അനുഗ്രഹമാണ് അവനുദ്ദേശിക്കുന്നവർക്ക് അത് അവൻ നൽകുന്നു അള്ളാഹു മികച്ച അനുഗ്രഹമുള്ളവനാകുന്നു

പ്രവാചകത്വം അള്ളാഹുവിന്റെ അനുഗ്രഹമാണ് അത് അവൻ തീരുമാനിക്കുന്നവർക്ക് അവൻ നൽകും എന്നാണിവിടെ ഒരു വ്യാഖ്യാനം. ഇസ്രാഈല്യർക്ക് കുത്തകയാണ് പ്രവാചകത്വം എന്ന അവരുടെ ധാരണ തകർക്കുകയാണീ സൂക്തം.ഇവിടെ പറഞ്ഞ അനുഗ്രഹം ഇസ്‌ലാം ആണെന്നും അള്ളാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്ന ധനമാണെന്നും മറ്റും അഭിപ്രായമുണ്ട്


مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (5

തൌറാത്തനുസരിച്ച് നടക്കുവാൻ ചുമതലപ്പെടുത്തപ്പെടുകയും പിന്നെ ആ ചുമതല നിർവഹിക്കാതിരിക്കുകയും ചെയ്തവരുടെ സ്ഥിതി വലിയ ഗ്രന്ഥങ്ങൾ ചുമക്കുന്ന കഴുതകളുടെ പോലെയാണ്.അള്ളാഹുവിന്റെ ലക്ഷ്യങ്ങളെ നിഷേധിച്ച ജനതയുടെ ഉപമ എത്ര ചീത്ത!അക്രമികളായ ജനതയെ അള്ളാഹു നേർവഴിയിലാക്കുകയില്ല

ഗ്രന്ഥങ്ങൾ ചുമന്ന് നടക്കുന്ന കഴുതകൾക്ക് അത് എന്താണെന്നും അതിന്റെ സ്ഥാനമെന്തെന്നും ഒന്നും അറിയില്ല അവ പേറി നടക്കുന്നതിനാലുള്ള വിഷമങ്ങളും ഞെരുക്കങ്ങളും അനുഭവിക്കുകയും വേണം ഇത് പോലെയാണ് തൌറാത്ത് അനുസരിച്ച് ജീവിക്കാൻ ചുമതലപ്പെടുത്തപ്പെട്ട ജൂതരുടെ സ്ഥിതി.അവരത് യഥാവിധി അനുസരിച്ചില്ല നേരേ മറിച്ച് അതിനെ അവർ മാറ്റി മറിക്കുകയും യഥേഷ്ടം ദുർവ്യാഖ്യാനം ചെയ്യുകയുമാണുണ്ടായത് തന്നിമിത്തം ആ വേദഗ്രന്ഥം അവർക്ക് പ്രചോദനം ചെയ്തില്ല മാത്രമല്ല അത് യഥാവിധി അനുസരിക്കാത്തതിനാൽ അള്ളാഹുവിന്റെ ശാപ കോപങ്ങൾക്കും കഠിന ശിക്ഷകൾക്കും അവർ അർഹരാവുകയും ചെയ്തു.തങ്ങളുടെ മുതുകിൽ ഉള്ളത് എന്തെന്ന് മനസിലാക്കാൻ സാധിക്കാത്ത ജീവികളാണ് കഴുതകൾ.ഇവർ അങ്ങനെയല്ല.ഇവർക്ക് ബുദ്ധിയുണ്ട്.അത് പ്രയോചനപ്പെടുത്താത്തവർ കഴുതകളേക്കാൾ പിഴച്ചവരാണ്



قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاء لِلَّهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ (6
(നബിയേ!) തങ്ങൾ പറയുക.യഹൂദികളേ!മറ്റു മനുഷ്യരെക്കൂടാതെ തങ്ങൾ മാത്രം അള്ളാഹുവിനു മിത്രങ്ങളാണെന്ന് നിങ്ങൾ ജൽ‌പ്പിക്കുകയാണെങ്കിൽ നിങ്ങൾ മരണത്തെ ഒന്നു ആഗ്രഹിക്കുക.നിങ്ങൾ സത്യവാദികളാണെങ്കിൽ.

ഞങ്ങൾ അള്ളാഹുവിന്റെ ഇഷ്ടക്കാരും മക്കളുമാണെന്ന്(ഖുർആൻ 5/18)ജൂതർ പറഞ്ഞിരുന്നു അങ്ങനെ പറയുന്നതിൽ ഇവർക്ക് വിശ്വാസമുണ്ടെങ്കിൽ അവർക്ക് മഹത്തായ നേട്ടം അനുഭവിക്കാൻ സൌകര്യമൊരുക്കാനായി ഒന്നു മരണത്തെ ആഗ്രഹിക്കാമോഎന്ന് അള്ളാഹു അവരെ വെല്ലുവിളിക്കുകയാണ്



وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ وَاللَّهُ عَلِيمٌ بِالظَّالِمِينَ (7

അവരുടെ കരങ്ങൾ മുൻ കൂട്ടി ചെയ്തു വെച്ചത് നിമിത്തം ഒരിക്കലും അവരതിനു കൊതിക്കുകയില്ല അക്രമികളെക്കുറിച്ച് അള്ളാഹു നന്നായി അറിയുന്നവനാകുന്നു

അള്ളാഹുവിന്റെ മക്കളാണ് തങ്ങളെന്ന വാദം അവരുടെ ദുരഭിമാനത്തിൽ നിന്നുണ്ടായതാണ് അത് സത്യമാണെങ്കിൽ മരണാനന്തരമുള്ള പ്രശ്നമുക്തവും ആഹ്ലാദകരവുമായ സ്വർഗ ജീവിതത്തെ എത്രയും നേരത്തെ അവർ സ്വാഗതം ചെയ്യും എന്നാൽ ആ വെല്ലുവിളി സ്വീകരിക്കുവാനും മരണം കൊതിക്കാനും അവർ ഒരിക്കലും തയാറാവുകയില്ല എന്നാണ് ഖുർ ആൻ പറയുന്നത്.വെറുതെ വായ കൊണ്ടെങ്കിലും ഈ വെല്ലുവിളി സ്വീകരിക്കുന്നതായി ഒരു ഭംഗി വാക്ക് പറയാൻ പോലും ഒരു ജൂതനും തയാറായില്ല. നടപടികള് ശരിയല്ലെന്ന് സ്വന്തത്തെക്കുറിച്ച് അവർക്ക് തന്നെ ബോധ്യമുള്ളതിനാലാണത്.അവർ അക്രമികളാണെന്ന് നന്നായി അറിയുന്നവനാണ് അള്ളാഹു


قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ (8


(നബിയേ) പറയുക.ഏതൊരു മരണത്തിൽ നിന്നാണോ നിങ്ങൾ ഓടിപ്പോകുന്നത് അത് നിങ്ങളുമായി കണ്ട് മുട്ടുക തന്നെ ചെയ്യും പിന്നീട് അദൃശ്യ കാര്യങ്ങളും ദൃശ്യ കാര്യങ്ങളും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങൾ മടക്കപ്പെടും അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ പറ്റി അവൻ നിങ്ങൾക്ക് വിവരിക്കുന്നതാണ്


 എന്നാൽ വെല്ലു വിളി സ്വീകരിക്കാൻ മടിച്ച ഈ മരണമെന്ന സത്യം അവർ കണ്ട് മുട്ടുക തന്നെ ചെയ്യും .അതിൽ നിന്നു രക്ഷപ്പെടാനുള്ള ഓട്ടം അവരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയില്ല.മരണ ശേഷം അവരുടെ പ്രവർത്തനത്തിന്റെ ശിക്ഷ അവർക്ക് നൽകുകയും അവരുടെ കുറ്റങ്ങൾ എന്താണെന്ന് അവർക്ക് വിവരം നൽകപ്പെടുകയും ചെയ്യും


يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِي لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ (9


സത്യ വിശ്വാസികളേ! വെള്ളിയാഴ്ച നിസ്ക്കാരത്തിലേക്ക് വിളിക്കപ്പെട്ടാൽ അള്ളാഹുവിന്റെ സ്മരണയിലേക്ക് നിങ്ങൾ പോവുകയും കച്ചവടം വിടുകയും ചെയ്യുക അതാണ് നിങ്ങൾക്ക് ഏറ്റവും ഗുണകരം.നിങ്ങൾ അറിയുന്നവരായിട്ടുണ്ടെങ്കിൽ


വെള്ളിയാഴ്ച ജുമുഅക്കുള്ള ബാങ്കൊലി മുഴങ്ങിയാൽ കച്ചവടം തുടങ്ങിയ ഭൌതിക വ്യവഹാരങ്ങളെല്ലാം നിറുത്തി വെച്ച് അള്ളാഹുവിന്റെ സ്മരണയിലേക്ക് വരിക.നിങ്ങൾ അറിവുള്ളവരാണെങ്കിൽ അതാണ് നിങ്ങൾക്ക് ഏറ്റവും ഗുണകരം എന്നാണിവിടെ പറയുന്നത്.

ഇമാം മിമ്പറിൽ കയറി ഇരുന്ന ഉടനെ നടത്തപ്പെടുന്ന ബാങ്കാണിത് നബി(സ)യുടെ കാലത്ത് ജുമുഅക്ക് ഈ ഒരു ബാങ്ക് മാത്രമാണുണ്ടായിരുന്നത് അതേ അവസ്ഥ ഉസ്മാൻ(റ)ന്റെ കാലം വരെ തുടർന്നു തന്റെ കാലത്ത് ആളുകൾ വർദ്ധിക്കുകയും ജുമുഅക്ക് വരാൻ പലരും വൈകാൻ തുടങ്ങുകയും ചെയ്തപ്പോൾ നേരത്തേ ജുമുഅയുടെ സമയമാവുന്നു എന്ന് അറിയിക്കാൻ നേരത്തേയുണ്ടായിരുന്ന ബാങ്കിന്റെ അല്പം മുമ്പായി (زوراء സൌറാഇൽ നിന്ന് ഒരു ബാങ്ക് വിളിക്കാൻ ഉസ്മാൻ(റ) കൽ‌പ്പിച്ചു (സൌറാഅ് എന്നത് മദീനാ പള്ളിക്കടുത്തുള്ള അങ്ങാടിയിലുള്ള ഉയരം കൂടിയ ഒരു കെട്ടിടമാണ്)അന്ന് ധാരാളം സഹാബികൾ ജീവിച്ചിരിപ്പുണ്ട് ആരും ഇത് എതിർക്കാതെ എല്ലാരും അംഗീകരിക്കുകയും മുസ്ലിം ലോകത്ത് അത് നിരാക്ഷേപമായി സ്ഥിരപ്പെടുകയും ഇന്നും മുസ്ലിംകൾ അത് നടപ്പാക്കുകയും ചെയ്യുന്നു നബി(സ)യുടെ നാലു ഖലീഫമാരുടെ ചര്യ സ്വീകരിക്കണമെന്ന് നബി(സ) നമ്മെ ഉപദേശിച്ചത് കൂടി ഇതിനോട് ചേർത്ത് വായിക്കുക.ഒന്നാം ബാങ്ക് കേൾക്കുമ്പോഴാണ് പലരും ജുമുഅക്ക് ധൃതിപിടിച്ച് ഒരുങ്ങുന്നത് .ഇവിടെ പറഞ്ഞ ദിക്റ് ഖുത്വുബയും നിസ്ക്കാരവും ആണെന്ന് ഇമാം ഖുർത്വുബി രേഖപ്പെടുത്തുന്നു. ഇവിടെ സത്യ വിശ്വാസികളേ എന്ന് വിളിച്ചതിൽ സ്ത്രീകളെ അള്ളാഹു ഉദ്ദേശിച്ചിട്ടില്ല കാരണം രോഗി, സ്ത്രീ.കുട്ടി,യാത്രക്കാരൻ.അടിമ എന്നിവർക്ക് ജുമുഅ നിർബന്ധമില്ല എന്ന് നബി(സ) വിശദീകരിച്ചിട്ടുണ്ട്

സൂര്യനുദിക്കുന്ന ദിനങ്ങളിൽ ഏറ്റവും സ്രേഷ്ടമായ ദിനമാണ് വെള്ളിയാഴ്ച.ജുമു അക്ക് ബാങ്ക് വിളിക്കുമ്പോഴാണ് പോകൽ നിർബന്ധമാകുന്നതെങ്കിലും നേരത്തെ തന്നെ കുളിച്ച് സുഗന്ധമുപയോഗിച്ച് അടക്കത്തോടും ഭക്തിയോടും കൂടി പോവുകയും ആദ്യ സ്വഫ്ഫിൽ സ്ഥലം പിടിക്കുന്നതുമെല്ലാം പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഓർക്കുക.കാര്യമായ കാരണങ്ങളില്ലാതെ ജുമുഅ ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായി നബി(സ) ഉണർത്തിയിട്ടുണ്ട്.ഖുത്വുബ എന്നത് വെള്ളിയാഴ്ച നിർവഹിക്കേണ്ട ഒരു പ്രത്യേക ആരാധനയാണ്.അത് കൊണ്ട് തന്നെ അത് നബി(സ) ചെയ്ത് കാണിച്ച് തന്ന പോലെ ചെയ്യൽ നിർബന്ധമായതിനാൽ ഇസ്ലാമിന്റെ ഭാഷയായ അറബി തന്നെയായിരിക്കണം ഖുത്വുബക്ക് ഉപയോഗിക്കേണ്ടത്.അത് കൊണ്ടാണ് അനറബി സംസാരിക്കുന്ന നാടുകളിൽ പോലും ഈ ആരാധന മുൻ കാലത്ത് മുഴുവനും അറബിയിൽ തന്നെ ലോകത്ത് എല്ലായിടത്തും നടന്നത്.ബാങ്ക് പോലും തുർക്കി ഭാഷയിലേക്ക് മാറ്റാൻ ഉത്തരവിട്ട കമാൽ പാഷ എന്ന വ്യക്തിയാണ് ലോക തലത്തിൽ ഖുത്വുബയുടെ ഭാഷ മാറ്റുന്ന അനാവശ്യ ശൈലിക്ക് തുടക്കം കുറിച്ചത്.ഖുത്വുബ ഒരു കേവല പ്രസംഗമല്ലെന്നും ധാരാളം നിബന്ധനകൾ പാലിക്കേണ്ട ഒരു ആരാധനയാണെന്നും അത് പരമ്പരാഗതമായി മുസ്ലിം ഉമ്മത്ത് അനുഷ്ടിച്ച ശൈലി തന്നെ തുടരണമെന്നും നാം അറിയണം കാരണം മുസ്ലിം പാരമ്പര്യം തള്ളുന്നത് നരക വാസത്തിലേക്ക് എത്തിക്കുമെന്ന ഖുർ ആനിന്റെ(4./115 )താക്കീത് പ്രത്യേകം സ്മരിക്കേണ്ടതാണ്.



فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ( 10


എന്നിട്ട് നിസ്ക്കാരം നിർവഹിക്കപ്പെട്ടാൽ നിങ്ങൾ ഭൂമിയിൽ വ്യാപരിക്കുകയും അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് തേടുകയും അള്ളാഹുവിനെ അധികമായി ഓർക്കുകയും ചെയ്യുക.നിങ്ങൾ വിജയിക്കുവാൻ വേണ്ടി

ജുമുഅ:നിസ്ക്കാരം കഴിഞ്ഞാൽ പുറത്തിറങ്ങി ആഹാര മാർഗം അന്വേഷിക്കാമെന്നും എന്നാൽ അപ്പോഴും അള്ളാഹുവിനെ ഓർക്കണമെന്നും ഈ വാക്യം ഉണർത്തുന്നു.ജുമുഅ:നിസ്ക്കാരവും ജമാഅത്ത് നിസ്ക്കാരവും കഴിഞ്ഞാൽ അവിടെ ഇരുന്ന് ദിക്റും ദുആയും നടത്തൽ ഭൂമിയിൽ വ്യാപിക്കാമെന്ന് അനുവദിച്ചു കൊണ്ടുള്ള അള്ളാഹുവിന്റെ കല്പനക്ക് എതിരല്ല.മറിച്ച് അത്തരം കാര്യങ്ങളൊക്കെ ചെയ്യണമെന്ന് തന്നെയാണ് ഇസ്ലാമികാദ്ധ്യാപനം.നിസ്ക്കാര ശേഷം പോകുന്നതിനു വിരോധമല്ല എന്ന് മാത്രമാണിവിടെ പറഞ്ഞത് നിസ്ക്കരിച്ചുടൻ പോകണമെന്നല്ല.നിസ്ക്കരിച്ചിടത്ത് തന്നെ ഇരിക്കുന്നതിന്റെ മഹത്വം വിശദീകരിക്കുന്ന ധാരാളം നബി വചനങ്ങൾ കാണാം നിസ്ക്കാര ശേഷം അവിടെ തന്നെ ഇരിക്കുന്നവർക്ക് മലക്കുകൾ അള്ളാഹുവേ ഇദ്ദേഹത്തിനു നീ ഗുണം ചെയ്യുകയും അനുഗ്രഹം ചെയ്യുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കും അടുത്ത നിസ്ക്കാരം പ്രതീക്ഷിച്ചിരിക്കുമ്പോഴെല്ലാം അവൻ നിസ്കാരത്തിൽ തന്നെയാണ് എന്ന ഹദീസ്(ബുഖാരി/മുസ്ലിം) ഒരു ഉദാഹരണം

ജീവിതോപാധികളുടെ മാർഗമായി കാണുന്ന വഴികൾ അന്വേഷിക്കുമ്പോഴും അള്ളാഹുവെ മറക്കരുതെന്നാണിവിടെ ഉണർത്തിയത്.നബി(സ) പറഞ്ഞു. നിങ്ങൾ അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ


لااله الاالله وحده لاشريك له له الملك وله الحمد يحيي ويميت وهو حي لايموت بيده الخير وهو علي كل شيء قدير

എന്ന് പറയുക ഇത് പറഞ്ഞാൽ ലക്ഷക്കണക്കിനു നന്മകൾ അവനു എഴുതപ്പെടുകയും ലക്ഷക്കണക്കിനു തിന്മകൾ അവനെ തൊട്ട് ഒഴിവാക്കപ്പെടുകയും ലക്ഷക്കണക്കിനു സ്ഥാനം അവനു നൽകപ്പെടുകയും ചെയ്യും എന്ന് അപ്പോൾ ഏത് സാഹചര്യത്തിലും അള്ളാഹുവിന്റെ സ്മരണ നാം വിടാൻ പാടില്ല..



وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انفَضُّوا إِلَيْهَا وَتَرَكُوكَ قَائِمًا قُلْ مَا عِندَ اللَّهِ خَيْرٌ مِّنَ اللَّهْوِ وَمِنَ التِّجَارَةِ وَاللَّهُ خَيْرُ الرَّازِقِينَ  ( 11 

അവർ വല്ല കച്ചവടമോ വിനോദമോ കണ്ടാൽ അതിലേക്കവർ പിരിഞ്ഞു പോവുകയും നിൽക്കുന്നവരായിരിക്കെ തങ്ങളെ അവർ ഉപേക്ഷിക്കുകയും ചെയ്യുന്നു പറയുക അള്ളാഹുവിങ്കലുള്ളത് വിനോദത്തേക്കാളും കച്ചവടത്തേക്കാളും ഉത്തമമാകുന്നു അള്ളാഹു ഉപജീവനം നൽകുന്നവരിൽ ഉത്തമനത്രെ!


നബി(സ) ഒരു വെള്ളിയാഴ്ച ജുമുഅ ഖുത്വുബ നടത്തുകയായിരുന്നു (അക്കാലത്ത് പെരുന്നാൾ നിസ്ക്കാരം പോലെ ജുമുഅ നിസ്ക്കാരം കഴിഞ്ഞിട്ടായിരുന്നു ഖുഥുബ നടത്തിയിരുന്നത് ) ആ സമയത്ത് ഒരു കച്ചവട സംഘം മദീനയിലേക്ക് പ്രവേശിച്ചു ആ സംഘത്തിന്റെ ആരവം കേട്ടപ്പോൾ ഖുഥുബ കേട്ടുകൊണ്ടിരുന്ന കുറേ ആളുകൾ അങ്ങോട്ട് ഓടിപ്പോയി.അബൂബക്കർ(റ) ഉമർ(റ) അടക്കം 12 പേർ മാത്രം പള്ളിയിൽ ശേഷിച്ചു ആ സമയത്താണ് ഈ സൂക്തം അവതരിച്ചത്.കച്ചവട സംഘങ്ങൾ പുറത്തെക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ആളുകൾ തടിച്ച് കൂടുകയും ചെണ്ട മുതലായവ മുട്ടുന്നതും പതിവായിരുന്നു.അതിനെ സൂചിപ്പിച്ചാണിവിടെ വിനോദം കണ്ടാൽ എന്ന് സൂചിപ്പിച്ചത് .നബി(സ)ഖുഥുബ നിർവഹിക്കുമ്പോൾ നിന്നു കൊണ്ടായിരുന്നു നിർവഹിച്ചിരുന്നത് എന്നത് കൊണ്ടാണ് നിൽക്കുന്നവരായിരിക്കെ എന്ന് പറഞ്ഞത്.നബി(സ)ഖുതുബ നിർവഹിക്കുമ്പോൾ തങ്ങളെ വിട്ട് പോയത് ശരിയല്ല എന്ന് ഉണർത്തുകയും അങ്ങനെ ചെയ്തതിനെ ആക്ഷേപിക്കുകയും ചെയ്യുകയാണിവിടെ.മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അള്ളാഹുവിൽ നിന്ന് ലഭിക്കുന്ന നന്മകൾക്കാണ് സത്യവിശ്വാസികൾ പ്രാധാന്യം കൽ‌പ്പിക്കേണ്ടതെന്നും അവരെ ഓർമ്മിപ്പിച്ചിരിക്കുന്നു

അള്ളാഹു നന്മയിൽ സജീവമാകാൻ നമ്മെ തുണക്കട്ടെ ആമീൻ


3 comments:

വഴികാട്ടി / pathfinder said...

ഈ അദ്ധ്യായത്തിൽ ജുമുഅയെക്കുറിച്ച് പരാമർശമുള്ളത് കൊണ്ടാണ് അദ്ധായത്തിനു ജുമുഅ:എന്ന് നാമം ലഭിച്ചത്. ഇതും തുടർന്ന് വരുന്ന മുനാഫിഖൂന:എന്ന അദ്ധ്യായവും നബി(സ) ജുമുഅ:നിസ്ക്കാരത്തിൽ ഓതാറുണ്ടായിരുന്നു ഇതിൽ ജുമുഅക്ക് പുറമെ മുസ്‌ലിംകളുടെ ആജന്മ ശത്രുക്കളായ ജൂതന്മാരെക്കുറിച്ച് പറയുന്നുണ്ട്.

Pheonix said...

നല്ല സംരംഭം എല്ലാവിധ ആശംസകളും!.

വഴികാട്ടി / pathfinder said...

@ ഫിയൊനിക്സ്

Thanks for your comment pls forward to your friends