Tuesday, January 10, 2012

അദ്ധ്യായം 64 - സൂറത്തു-തഗാബുൻ

سورة التغابن


മദീനയിൽ അവതരിച്ചു : സൂക്തങ്ങൾ 18തഗാബുൻ എന്നാൽ ‘നഷ്ടം വെളിപ്പെടൽ’ എന്നാണർത്ഥം.ഈ അദ്ധ്യായത്തിന്റെ ഒമ്പതാം സൂക്തത്തിൽ പരലോകത്തെക്കുറിച്ച പരാമർശത്തിനിടയിൽ അത് നഷ്ടം വെളിപ്പെടുന്ന ദിവസമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.അതിൽ നിന്നാണ് ഈ പേര് ലഭിച്ചത്بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


1 ) يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

ആകാശ ഭൂമികളിലുള്ളവയെല്ലാം അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു അവനാണ് അധികാരം.അവന്നാണ് സർവസ്തുദിയും.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു

അഖില വസ്തുക്കളും അള്ളാഹുവിനു തസ്ബീഹ് ചെയ്യുന്നുണ്ട് എന്നാണിവിടെ പറയുന്നത്.അതിന്റെ കാരണമാണ് അധികാരം അവന്നാണ് എന്ന് പറഞ്ഞത് അത് കൊണ്ട് തന്നെ എല്ലാ സ്തുദിയും അവന്നു അവകാശപ്പെട്ടതാണ്.അവൻ ഉദ്ദേശിക്കുന്നതെന്തും ചെയ്യാൻ കഴിവുള്ളവനാണ്

2) هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ

അവനാണ് നിങ്ങളെ സൃഷ്ടിച്ചവൻ.അപ്പോൾ നിങ്ങളിൽ സത്യനിഷേധികളും സത്യവിശ്വാസികളുമുണ്ട് നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അള്ളാഹു ശരിക്ക് കണ്ടറിയുന്നവനാകുന്നു

ഇല്ലായ്മയിൽ നിന്ന് നമ്മെ പടച്ചു എന്നത് അള്ളാഹു ചെയ്ത ഏറ്റവും വലിയ അനുഗ്രഹമാണ്.അതിനു നന്ദിയായി അവനെ അനുസരിക്കുന്ന അടിമകളായി മാറുകയായിരുന്നു എല്ലാവരും ചെയ്യേണ്ടിയിരുന്നതെങ്കിലും നിങ്ങൾ ഭിന്നിച്ച് ചിലർ വിശ്വാസികളും മറ്റു ചിലർ അവിശ്വാസികളുമായിപ്പോയി എന്നും അത് അള്ളാഹു ശരിക്കും മനസിലാക്കിയിട്ടുണ്ടെന്നും ഉണർത്തുകയാണ്

3) خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَإِلَيْهِ الْمَصِيرُ

അവൻ ആകാശ ഭൂമികളെ സത്യസമേതം സൃഷ്ടിച്ചു.അവൻ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ നിങ്ങളുടെ രൂപങ്ങൾ നന്നാക്കുകയും ചെയ്തു.അവങ്കലേക്ക് തന്നെയാണ് (നിങ്ങളുടെ)തിരിച്ചു ചെല്ലലും

സത്യ സമേതം സൃഷ്ടിച്ചു എന്നാൽ അവന്റെ അതിവിശാലമായ തന്ത്രങ്ങളോടെ അവൻ കണക്കാക്കിയത് പോലെ പടച്ചു എന്നാണ്.അവൻ നിങ്ങൾക്ക് രൂപം നൽകിയപ്പോൾ മറ്റാർക്കും നൽകാത്ത സൌന്ദര്യ രൂപം നൽകി .അവനിലേക്ക് തിരിച്ച് പോകേണ്ട നിങ്ങൾ അവനെ അനുസരിക്കാൻ ശ്രദ്ധിക്കണം

4) يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ

ആകാശഭൂമികളിലുള്ളതെല്ലാം അവൻ അറിയുന്നുണ്ട് നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവൻ അറിയുന്നു. ഹൃദയങ്ങളിൽ ഉള്ളതിനെപറ്റി അള്ളാഹു നന്നായി അറിയുന്നവനാണ്


ആകാശ ഭൂമികളിലുള്ളതെല്ലാം അള്ളാഹു അറിയുമെന്നുണർത്തിയ ശേഷം അടിമകൾ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതും അറിയുമെന്നും ഉണർത്തുകയും പിന്നീട് മനസ്സിലുള്ളത് അറിയുമെന്ന് പറഞ്ഞാൽ എല്ലാ കാര്യങ്ങളും അതി സൂക്ഷ്മമായും വിശാലമായും തന്നെ അറിയുന്നുണ്ടെന്നും ഒരു അണുവിന്റെ അത്ര പോലും അവ്യക്തത അള്ളാഹുവിനില്ലെന്നും ഉണർത്തിയിരിക്കുകയാണ്


5) أَلَمْ يَأْتِكُمْ نَبَأُ الَّذِينَ كَفَرُوا مِن قَبْلُ فَذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ


നിങ്ങൾക്ക് മുമ്പ് സത്യം നിഷേധിച്ചവരുടെ വ്ര്‌ത്താന്തം നിങ്ങൾക്ക് വന്നിട്ടില്ലേ?എന്നിട്ട് അവരുടെ പ്രവർത്തനങ്ങളുടെ ദുരന്തഫലം അവർ ആസ്വദിച്ചു അവർക്ക്(പരലോകത്ത്)വേദനാജനകമായ ശിക്ഷയുമുണ്ട്

അള്ളാഹുവിന്റെ മഹത്വവും കഴിവും അറിയിക്കുകയും അവനെ അനുസരിക്കണമെന്ന് കൽ‌പ്പിക്കുകയും എന്നാൽ പലരും അത് നിഷേധിച്ചിട്ടുണ്ടെന്ന് ഉണർത്തുകയും ചെയ്ത ശേഷം അള്ളാഹുവിനെ നിഷേധിച്ച പൂർവ സമുദായങ്ങളുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുകയും അവരെ പോലെ നിഷേധത്തിലേക്ക് നീങ്ങുന്ന മക്കക്കാരോട് താക്കീതിന്റെ സ്വരത്തിൽ ഉണർത്തുകയുമാണിവിടെ.സത്യം നിഷേധിച്ച അവർക്ക് ഭൂമിയിൽ വെച്ച് തന്നെ വലിയ ശിക്ഷകൾ അവർക്ക് സംഭവിച്ചു.പരലോകത്ത് ഇനിയും കഠിന ശിക്ഷകൾ വരാനിരിക്കുന്നുമുണ്ട്

6) ذَلِكَ بِأَنَّهُ كَانَت تَّأْتِيهِمْ رُسُلُهُم بِالْبَيِّنَاتِ فَقَالُوا أَبَشَرٌ يَهْدُونَنَا فَكَفَرُوا وَتَوَلَّوا وَّاسْتَغْنَى اللَّهُ وَاللَّهُ غَنِيٌّ حَمِيدٌ


അതിനു കാരണം(ഇതാണ്)അവരുടെ ദൂതന്മാർ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് ചെന്നിരുന്നു അപ്പോൾ മനുഷ്യരാണോ നമുക്ക് മാർഗദർശനം ചെയ്യുന്നത് എന്നവർ ചോദിച്ചു അങ്ങനെ അവർ സത്യം നിഷേധിക്കുകയും തിരിഞ്ഞുകളയുകയുമുണ്ടായി അള്ളാഹു (അവരിൽ നിന്നു)നിരാശ്രയത്വം വെളിപ്പെടുത്തുകയും ചെയ്തു അള്ളാഹു നിരാശ്രയനും സതുത്യർഹനുമാകുന്നു

വ്യക്തമായ തെളിവുകളുമായി പ്രവാചകന്മാർ അവരുടെ അടുത്ത് വന്നപ്പോൾ മനുഷ്യരാണോ നമുക്ക് മാർഗദർശനം നൽകുന്നത് എന്ന് ചോദിച്ചു കൊണ്ട് പ്രവാചകന്മാരെ അവർ പരിഹസിച്ചു തള്ളിക്കളയുകയും സത്യത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു.അവരുടെ ആരാധനയിലേക്ക് അള്ളാഹുവിനു ഒരു ആവശ്യവുമില്ലെന്നും ആരാധനയുടെ ഗുണം അവർക്ക് തന്നെയായിരുന്നു ലഭിക്കുകയെന്നും അവർ അതിൽ നിന്നു പിന്തിരിയുക വഴി സ്വയം അപകടത്തിൽ ചാടിയിരിക്കുകയാണെന്നും നിരാശ്രയനായ അള്ളാഹു ഭൂമിയിൽ അവരെ അവരുടെ പാട്ടിനു വിട്ടിരിക്കയാണെന്നും ഉണർത്തിയിരിക്കുകയാണ്


7) زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا قُلْ بَلَى وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذَلِكَ عَلَى اللَّهِ يَسِيرٌ

സത്യനിഷേധികൾ ജൽ‌പ്പിക്കുന്നു അവർ (മരണ ശേഷം) എഴുന്നേല്പിക്കപ്പെടുകയില്ലെന്ന്.(നബിയേ)പറയുക. എന്റെ നാഥനെത്തന്നെയാണ് (സത്യം)  നിങ്ങൾ (മരണശേഷം)എഴുന്നേൽ‌പ്പിക്കപ്പെടുകതന്നെ ചെയ്യും പിന്നെ നിങ്ങൾ പ്രവർത്തിച്ചതിനെ പറ്റി നിങ്ങൾക്ക് വിവരം നൽകപ്പെടുന്നതാണ് അത് അള്ളാഹുവിനു നിസ്സാരകാര്യമാകുന്നു


മരിച്ചു മണ്ണടിഞ്ഞാൽ പിന്നെ തങ്ങളെ പുനർജനിപ്പിക്കാൻ അള്ളാഹുവിനാകില്ലെന്ന് അവർ ആണയിട്ടു പറഞ്ഞു.എന്നാൽ അള്ളാഹുവിൽ സത്യം ചെയ്ത് കൊണ്ട് നബി(സ)പറഞ്ഞത് നിങ്ങൾ മരണ ശേഷം പുനർജനിപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്നും എന്നിട്ട് നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം നൽകുമെന്നും ഇത് അള്ളാഹുവിനു വളരെ നിസ്സാരമാണെന്നും ഉണർത്തിയിരിക്കയാണ്


8) فَآمِنُوا بِاللَّهِ وَرَسُولِهِ وَالنُّورِ الَّذِي أَنزَلْنَا وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ


അത് കൊണ്ട് നിങ്ങൾ അള്ളാഹുവിലും അവന്റെ റസൂലിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിക്കുക നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി അള്ളാഹു സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു

മുൻ കാല സമുദായങ്ങൾ നിഷേധം കാരണത്താലാണ് ശിക്ഷിക്കപ്പെട്ടത് .അത് പോലെ നിങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കാനായി അള്ളാഹുവിലും റസൂലിലും ഖുർ ആനിലും വിശ്വസിക്കുക.പ്രകാശമെന്ന് പറഞ്ഞത് ഖുർ ആനിനെക്കുറിച്ചാണ്

ഇരുട്ടിൽ നിന്ന് പ്രകാശം മുഖേന വഴികണ്ടെത്താൻ സാധിക്കുമ്പോലെ എല്ലാ സംശയങ്ങളിൽ നിന്നും ഖുർ ആൻ മുഖേന രക്ഷപ്പെടാനാവും.അത് കൊണ്ടാണ് പ്രകാശം എന്ന് ഖുർആനെക്കുറിച്ച് പറഞ്ഞത് നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അള്ളാഹു സൂക്ഷ്മമായി അറിയുന്നവനാണ് എന്നതിന്റെ വിവക്ഷ നിങ്ങളുടെ രഹസ്യവും പരസ്യവും അള്ളാഹു അറിയുന്നുണ്ടെന്നും അത് കൊണ്ട് എല്ലാ അവസ്ഥയിലും അള്ളാഹുവെ സൂക്ഷിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യണമെന്നുമാണ്

9) يَوْمَ يَجْمَعُكُمْ لِيَوْمِ الْجَمْعِ ذَلِكَ يَوْمُ التَّغَابُنِ وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ


ആ സമ്മേളിപ്പിക്കും നാളിലേക്ക് അവൻ നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ(ഓർക്കുക)അത് നഷ്ടം വെളിപ്പെടുന്ന ദിവസമാണ് ആർ അള്ളാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മം അനുഷ്ടിക്കുകയും ചെയ്യുന്നുവോ അവരുടെ പാപങ്ങളെ അവൻ പൊറുക്കുന്നതാണ് താഴ്ഭാഗങ്ങളിൽ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും അതിൽ അവർ എന്നെന്നും സ്ഥിരവാസികളായ നിലയിൽ .അത് മഹത്തായ വിജയം തന്നെയാകുന്നു


സത്യ നിഷേധികൾ നരകത്തിലെത്തിപ്പെടുകയും പരാജയം അവർക്ക് ബോദ്ധ്യപ്പെടുകയും ചെയ്യുന്ന ദിനമാണത്.പരലോകത്തിനു പകരം ഭൌതിക ജീവിതം വിലക്ക് വാങ്ങി ആ കച്ചവടത്തിൽ നഷ്ടം പറ്റിയവരാണവരെന്ന് ഖുർആൻ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് അതേ സമയം സത്യ വിശ്വാസം സ്വീകരിക്കുന്നത് ലാഭകരമായ കച്ചവടമാണെന്നും ഖുർ ആൻ ഉണർത്തിയിട്ടുണ്ട്

അള്ളാഹുവെ അനുസരിച്ച അവന്റെ അടിമകൾക്ക് ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനുഷ്യനും ചിന്തിക്കാൻ പോലും കഴിയാത്തതുമായ സൌകര്യങ്ങളാണ് ഒരുക്കി വെച്ചിരിക്കുന്നത് എന്ന് ഇസ്ലാം വിവരിച്ചിട്ടുണ്ട്


10) وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُوْلَئِكَ أَصْحَابُ النَّارِ خَالِدِينَ فِيهَا وَبِئْسَ الْمَصِيرُ


സത്യം നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കള്ളമാക്കുകയും ചെയ്തവരാകട്ടെ അവർ നരകക്കാരാണ് അവർ അതിൽ സ്ഥിരവാസികളായ നിലയിൽ.തിരിച്ചെത്തുന്ന ആസ്ഥാനം വളരെ ചീത്തയായതുതന്നെ


നരകാവകാശികൽ നിഷേധികളായ കാരണത്താൽ അള്ളാഹുവിന്റെ കോപത്തിനർഹരായിരിക്കയാൽ അവർക്ക് ശാസ്വതമായ നരകമുണ്ടെന്നും അത് വളരെ മോശമായ സങ്കേതമാണെന്നും ഉണർത്തിയിരിക്കയാണ്


11) مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ


യാതൊരു വിപത്തും തന്നെ അള്ളാഹുവിന്റെ അനുമതി കൂടാതെ ബാധിക്കുകയില്ല ആരെങ്കിലും അള്ളാഹുവിൽ വിശ്വസിച്ചാൽ അവന്റെ ഹൃദയത്തിനു അവൻ മാർഗദർശനം നൽകുന്നതാണ് എല്ലാകാര്യങ്ങളെ പറ്റിയും അള്ളാഹു നന്നായി അറിയുന്നവനാകുന്നു

അതായത് നിങ്ങൾക്ക് ബാധിക്കുന്ന എന്ത് കാര്യവും അള്ളാഹുവിന്റെ അറിവോടെയും അവന്റെ തീരുമാനമനുസരിച്ചും മാത്രമാണ് സംഭവിക്കുന്നത്.സത്യവിശ്വാസം സ്വീകരിച്ച വ്യക്തിക്ക് അള്ളാഹു ഹൃദയത്തിനു മാർഗ ദർശനം നൽകിയിരിക്കയാൽ രോഗം /ദാരിദ്ര്യം/വരൾച്ച തുടങ്ങി എന്ത് വിപത്ത് ബാധിക്കുമ്പോഴും അത് അള്ളാഹു നിശ്ചയിച്ചതാണെന്ന് മനസ്സിലാക്കുകയും ഞാനും എന്റെ എല്ലാ കാര്യങ്ങളും അള്ളാഹുവിലേക്ക് ഏൽ‌പ്പിക്കപ്പെടേണ്ടതാണെന്നും ചിന്തിച്ച് അവൻ സാമാധാനം കണ്ടെത്തുകയും ചെയ്യും..അള്ളാഹുവിൽ വിശ്വസിച്ചാൽ സന്തോഷ വേളകളിൽ അവൻ അള്ളാഹുവിനു നന്ദി ചെയ്യുകയും പരീക്ഷണം വരുമ്പോൾ ക്ഷമിക്കുകയും ചെയ്യും അത് രണ്ടും അവനു വലിയ നേട്ടമുണ്ടാക്കുകയും ചെയ്യും എന്ന് ഈ സൂക്തത്തിന്റെ ആശയത്തിൽ വരുന്നതാണ്(റാസി)

വിശ്വസിച്ചു എന്ന് നാവു കൊണ്ട് മാത്രം പറയുന്നവനെയും യഥാർത്ഥത്തിൽ വിശ്വസിക്കുന്നവനെയും അള്ളാഹു അറിയുന്നുണ്ടെന്ന് സൂചിപ്പിക്കുകയാണ് അള്ളാഹു എല്ലാം നന്നായി അറിയും എന്ന വാക്കിലൂടെ

12) وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَى رَسُولِنَا الْبَلَاغُ الْمُبِينُ


നിങ്ങൾ അള്ളാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക ഇനി നിങ്ങൾ തിരിഞ്ഞു പോവുകയാണെങ്കിൽ നിശ്ചയം നമ്മുടെ ദൂതന്റെ ബാധ്യത പ്രബോധനം മാത്രമാകുന്നു


അള്ളാഹുവിന്റെ കല്പനകളും റസൂലിന്റെ നിർദ്ദേശങ്ങളും അനുസരിക്കണം .അതിൽ പെട്ടതാണ് വിപത്തു വരുമ്പോഴുള്ള ക്ഷമ.ഈ കല്പനകളെ അവഗണിച്ച് ആരെങ്കിലും ജീവിച്ചാൽ പ്രവാചകനു ഒന്നും വരാനില്ല.അവിടുത്തെ ബാദ്ധ്യത പ്രബോധനം മാത്രമാണ് അത് അവിടുന്ന് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.അത് ആരെങ്കിലും ഉൾക്കൊണ്ടാൽ അവനു നന്നു എന്ന് മാത്രം


13) اللَّهُ لَا إِلَهَ إِلَّا هُوَ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ


അള്ളാഹുമാത്രമാകുന്നു ആരാധ്യൻ.സത്യവിശ്വാസികൾ അള്ളാഹുവിന്റെ മേൽ ഭരമേൽ‌പ്പിച്ചു കൊള്ളുക

അള്ളാഹു മാത്രമാണ് ആരാധ്യൻ .അവന്റെ തീരുമാനങ്ങൾ എല്ലാം നാം അനുസരിക്കണം അവന്റെ മേൽ ഭരമേൽ‌പ്പിക്കണം.കാരണം അള്ളാഹുവിന്റെ തീരുമാനമനുസരിച്ചാണ് എല്ലാം നടക്കുന്നത്


14) يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ


സത്യവിശ്വാസികളേ.നിശ്ചയം നിങ്ങളുടെ ഇണകളിലും മക്കളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട് അതിനാൽ അവരെ നിങ്ങൾ സൂക്ഷിച്ച് കൊള്ളുക.നിങ്ങൽ മാപ്പ് ചെയ്യുകയും വിട്ടു കൊടുക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നുവെങ്കിൽ നിശ്ചയമായും അള്ളാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു

ഭൌതിക ജീവിതം നശ്വരമാണ് പാരലോക ജീവിതം അനശ്വരവും.അനശ്വരമായ പരലോക ജീവിതം സുരക്ഷിതവും സുഖകരവുമാക്കേണ്ടതിനാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം ഈ ലോക ജീവിതത്തിൽ തന്നെ തയ്യാർ ചെയ്യേണ്ടതാണ് അത് ചെയ്യാത്തവർ അവിടെ ഗുരുതരമായ കഷ്ട നഷ്ടങ്ങൾക്ക് പാത്രമായിത്തീരുകയും ചെയ്യും.അതിനാൽ പരലോകത്തെ സുഖ ജീവിതത്തിനു തടസ്സമുണ്ടാക്കുന്നവരെല്ലാം അവന്റെ ശത്രുക്കൾ തന്നെയാണ് .മനുഷ്യൻ അവന്റെ ഭാര്യാ സന്താനങ്ങളെ അതിയായി സ്നേഹിക്കുന്നവരാണ് അവർക്ക് വേണ്ടി ഉറക്കമൊഴിക്കാനും കഠിനാദ്ധ്വാനം ചെയ്യാനും സന്നദ്ധരാണ് അങ്ങനെയുള്ള ഭാര്യ മക്കളുടെ ദുശ്ശാഠ്യത്തിനോ നിർബന്ധത്തിനോ വഴങ്ങി അവൻ ചിലപ്പോൾ പല തെറ്റുകളും ചെയ്യുകയും അതിന്റെ ഫലമായി പരലോകത്ത് പരാചയപ്പെടുകയും ചെയ്യും.ഇവരുടെ തലയണ മന്ത്രം കേട്ട് കുടുംബത്തെ കയ്യൊഴിക്കാനും അയൽക്കാരോട് വഴക്കിടാനും സ്നേഹിതരുമായി തെറ്റിപ്പിരിയാനും ഇടവരും.ഇവരുടെ ഉപദേശമനുസരിച്ച് ദാന ധർമ്മങ്ങൾ മുടക്കാനും ധൂർത്ത് കാണിക്കാനും മത പരമായ പല നന്മകളും കയ്യൊഴിക്കാനും ഇവരോടുള്ള സ്നേഹം കാരണമാകാറുണ്ട്.അങ്ങനെ നന്മയിൽ നിന്ന് തന്നെ അകറ്റുകയും തിന്മ ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഭാര്യ മക്കൾ തന്റെ ശത്രുവാണെന്ന് തിരിച്ചറിയണമെന്നാണിവിടെ താക്കീത് ചെയ്യുന്നത് അതെ സമയം പരലോക നന്മക്ക് തനിക്ക് പ്രചോദനം നൽകുന്ന ഭാര്യ മക്കൾ തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ഇസ്ലാം നിരീക്ഷിച്ചിട്ടുണ്ട്.ഈ സൂക്തത്തിന്റെ അവതരണ പാശ്ചാത്തലമായി ഇബ്നു അബ്ബാസ്(റ)പഠിപ്പിക്കുന്നത്

മക്കയിൽ സത്യ വിശ്വാസം സ്വീകരിച്ച ചില പുരുഷന്മാർ മദീനയിലേക്ക് പാലായനത്തിനൊരുങ്ങിയപ്പോൾ അവരുടെ കുടുംബങ്ങൾ അവരെ തടയുകയും ഹിജ് റ എന്ന നന്മയിൽ നിന്ന് മുടക്കുകയും ചെയ്തപ്പോഴാണീ സുക്തം അവതരിച്ചത്.

'നിങ്ങൾ മാപ്പ് ചെയ്ത് കൊടുക്കുന്നുവെങ്കിൽ' എന്ന് അള്ളാഹു പറഞ്ഞത് ഇങ്ങനെ നന്മ മുടക്കാൻ ശ്രമിച്ച ഭാര്യാ സന്താനങ്ങൾ തെറ്റ് ബോദ്ധ്യപ്പെട്ട് തിരുത്താൻ ശ്രമിച്ചാൽ നിങ്ങൾ അവർക്ക് മാപ്പ് ചെയ്യുകയും വിട്ട് കൊടുക്കുകയും ചെയ്യണമെന്നും അങ്ങനെ നിങ്ങൾ ചെയ്യുന്ന പക്ഷം അള്ളാഹു നിങ്ങൾക്കും മാപ്പ് നൽകുമെന്നും ഉണർത്താനാണ്


15) إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَاللَّهُ عِندَهُ أَجْرٌ عَظِيمٌ


അനിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാണ് അള്ളാഹുവാകട്ടെ അവന്റെ അടുത്ത് വമ്പിച്ച പ്രതിഫലമുണ്ട് താനും
സ്വത്തും സന്താനങ്ങളും പരീക്ഷണമാണെന്ന് പറഞ്ഞത് വളരെ ശ്രദ്ധേയമാണ്.അത് രണ്ടും മനുഷ്യനു ഉപകാരമാവും പോലെ ഉപദ്രവവുമാകാം .ഈ പരീക്ഷണത്തെ അള്ളാഹുവിന്റെ ത്ര്‌പ്തിക്ക് പറ്റും വിധം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അള്ളാഹുവിന്റെ ത്ര്‌പ്തിയും അവന്റെ കല്പനയും അവഗണിച്ച് ഇവരെ സന്തോഷിപ്പിച്ച് ഈ പരീക്ഷണത്തിൽ പരാചയപ്പെടരുതെന്നും കാരണം അള്ളാഹുവിന്റെ സന്നിധിയിലാണ് വമ്പിച്ച പ്രതിഫലമുള്ളതെന്നും(അത് നഷ്ടപ്പെടുന്ന ഒന്നും ചെയ്യരുതെന്നും സാരം


16) فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ وَمَن يُوقَ شُحَّ نَفْسِهِ فَأُوْلَئِكَ هُمُ الْمُفْلِحُون


അത് കൊണ്ട് നിങ്ങൾക്ക് സാദ്ധ്യമായ വിധം അള്ളാഹുവിനെ സൂക്ഷിക്കുക നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും നിങ്ങൾക്ക് സ്വന്തം തന്നെ ഗുണമായ നിലക്ക് ധനം ചിലവഴിക്കുകയും ചെയ്യുക ആരെങ്കിലും തന്റെ മനസ്സിന്റെ ആർത്തിയിൽ നിന്ന് സുരക്ഷിതരാക്കപ്പെടുന്നതായാൽ അവർ തന്നെയാണ് വിജയികൾ


ധനവും മക്കളും മുഖേനയുള്ള പരീക്ഷണത്തിൽ വിജയികളാവാനുള്ള മാർഗമാണീ സൂക്തം പഠിപ്പിക്കുന്നത്.എല്ലാ വിഷയത്തിലും കഴിയും വിധം അള്ളാഹുവിന്റെ വിധി വിലക്കുകൾ സൂക്ഷിക്കുക.അള്ളാഹുവെ സൂക്ഷിക്കേണ്ട ക്രമത്തിൽ സൂക്ഷിക്കണമെന്ന സൂക്തം(3/102) അവതരിച്ചപ്പോൾ സഹാബികൾക്ക് വല്ലാത്ത പ്രയാസമനുഭവപ്പെട്ടു.ഞങ്ങൾക്കിത് പൂർണ്ണമായി നടപ്പാക്കാൻ കഴിയില്ലല്ലൊ (ചിലപ്പോൾ ചില പുണ്യങ്ങൾ നഷ്ടപ്പെട്ട് പോയാലോ) എന്ന് അവർ വിഷമം പ്രകടിപ്പിച്ചു അപ്പോഴാണ് നന്മയിൽ നിന്ന് നിങ്ങൾക്ക് കഴിയുന്നത്ര പ്രവർത്തിക്കുക എന്ന് അള്ളാഹു അവതരിപ്പിച്ച് അവരെ ആശ്വസിപ്പിച്ചത് അള്ളാഹുവും റസൂലും പറഞ്ഞത് അനുസരിക്കുക അവരവർക്ക് ഗുണകരമായി തീരുന്നവയിൽ ധനം ചിലവഴിക്കുക എന്നിവയെല്ലാം പ്രാവർത്തികമാക്കിയാൽ പരീക്ഷണത്തിൽ വിജയിക്കും എന്നാൽ ഇതെല്ലാം തകിടം മറിക്കുന്നതാണ് പിശുക്ക്.തന്റെ കയ്യിലുള്ളത് ചിലവഴിക്കാതിരിക്കലും മറ്റുള്ളവരുടെത് കൊതിക്കലുമാണ് ഇവിടെ പറഞ്ഞ ആർത്തി.ഇതിൽ നിന്ന് രക്ഷപ്പെട്ടാലേ വിജയിക്കാനാവൂ എന്നാണിവിടെ ഉണർത്തുന്നത്.നിർബന്ധങ്ങൾക്ക് പുറമെ പരമാവധി സുന്നത്തുകൾ കൂടി പകർത്താനാണ് സാധിക്കും വിധം സൂക്ഷിക്കുക എന്ന് പറഞ്ഞത്.എന്നാൽ തിന്മകൾ ഒഴിവാക്കാൻ സാധിക്കാതെ വരില്ലല്ലൊ അതിനാൽ തെറ്റുകൾ ചെയ്യാൻ ഒരു ന്യായവുമില്ല.ഞാൻ നിങ്ങളോട് വല്ല കാര്യവും കൽ‌പ്പിച്ചാൽ അതിൽ നിന്ന് നിങ്ങൾക്ക് സാദ്ധ്യമായതെല്ലാം ചെയ്യണമെന്നും നിങ്ങളോട് ഞാൻ എന്ത് വിരോധിച്ചാലും അത് ഉപേക്ഷിക്കണമെന്നും നബി(സ)പറഞ്ഞതിന്റെ ചുരുക്കം ഇതാണ്


17 )  إِن تُقْرِضُوا اللَّهَ قَرْضًا حَسَنًا يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ وَاللَّهُ شَكُورٌ حَلِيمٌ

അള്ളാഹുവിനു നിങ്ങൾ നല്ല കടം കൊടുക്കുന്നതായാൽ അവൻ നിങ്ങൾക്കതിരട്ടിപ്പിച്ച് തരുന്നതും നിങ്ങൾക്കവൻ പൊറുത്തു തരുന്നതുമാകുന്നു അള്ളാഹു ഏറ്റവും നന്ദി സ്വീകരിക്കുന്നവനും സഹനമുള്ളവനുമാകുന്നു

കടം കൊടുക്കുക എന്നത് കൊണ്ട് അള്ളാഹു ഇഷ്ടപ്പെട്ട മാർഗത്തിൽ ധർമ്മം ചെയ്യുക എന്നാണ് ഉദ്ദേശ്യം.അത് ഇരട്ടിപ്പിച്ച് തരുമെന്നാ‍ൽ പത്ത് മുതൽ എഴുന്നൂർ ഇരട്ടി വരെയും അതിനപ്പുറവും അള്ളാഹു പ്രതിഫലം നൽകുമെന്നും അവനു ചെയ്യുന്ന സൽക്കർമ്മങ്ങൾക്ക് പ്രതിഫലം അള്ളാഹു നൽകുമെന്നും നിങ്ങളിൽ നിന്ന് സംഭവിക്കുന്ന ദോഷങ്ങൾക്ക് ഉടൻ ശിക്ഷ നൽകാതെ അവൻ സഹനം കാണിക്കുന്നവനാണെന്നും ഉണർത്തിയിരിക്കുകയാണ്


18) عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الْحَكِيمُ

അവൻ അദൃശ്യകാര്യവും ദൃശ്യകാര്യവും അറിയുന്നവനും പ്രതാപ ശാലിയും അഗാധജ്ഞനുമാകുന്നു

എല്ലാം അറിയുന്ന അള്ളാഹു അവൻ ഇച്ചിക്കുന്നതെല്ലാം നടപ്പാക്കാൻ പ്രതാപമുള്ളവനും അഗാധജ്ഞനുമാണ് അവന്റെ വിധികൾ അനുസരിക്കാനും ദോഷ ബാധയെ സൂക്ഷിക്കാനും നമുക്ക് പ്രചോദനം നൽകുകയാണിതിലൂടെ .അള്ളാഹു അവന്റെ ഇഷ്ട ജനങ്ങളിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ

1 comment:

വഴികാട്ടി / pathfinder said...

തഗാബുൻ എന്നാൽ ‘നഷ്ടം വെളിപ്പെടൽ’ എന്നാണർത്ഥം.ഈ അദ്ധ്യായത്തിന്റെ ഒമ്പതാം സൂക്തത്തിൽ പരലോകത്തെക്കുറിച്ച പരാമർശത്തിനിടയിൽ അത് നഷ്ടം വെളിപ്പെടുന്ന ദിവസമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.അതിൽ നിന്നാണ് ഈ പേര് ലഭിച്ചത്