Sunday, January 22, 2012

അദ്ധ്യായം 65 - സൂറത്തുത്വലാഖ്

سورة الطلاق

മദീനയിൽ അവതരിച്ചു - സൂക്തങ്ങൾ12



بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും  പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു



يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاء فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ وَاتَّقُوا اللَّهَ رَبَّكُمْ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ وَتِلْكَ حُدُودُ اللَّهِ وَمَن يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ لَا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَلِكَ أَمْرً ا(1


നബിയേ അങ്ങ് ഭാര്യമാരെ വിവാഹ മോചനം നടത്തുന്നതായാൽ ഇദ്ദക്കാലത്തിനു (കണക്കാക്കി)അവരെ വിവാഹ മോചനം നടത്തുകയും ഇദ്ദയെ എണ്ണിക്കണക്കാക്കുകയും ചെയ്യുക നിങ്ങളുടെ രക്ഷിതാവായ അള്ളാഹുവെ സൂക്ഷിക്കുക അവരുടെ ഭവനങ്ങളിൽ നിന്ന് അവരെ നിങ്ങൾ പുറത്താക്കരുത് അവർ പുറത്തു പോവുകയും ചെയ്യരുത് വ്യക്തമായ വല്ല നീച വൃത്തിയും അവർ കൊണ്ടുവന്നാലല്ലാതെ.(അപ്പോൾ പുറത്താക്കാവുന്നതാണ്)അതെല്ലാം അള്ളാഹുവിന്റെ നിയമ പരിധികളാണ് അള്ളാഹുവിന്റെ നിയമ പരിധികൾ ആരെങ്കിലും വിട്ടുകടക്കുന്നതായാൽ അവൻ സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിച്ചു നിനക്കറിയില്ല അതിനു ശേഷം അള്ളാഹു വല കാര്യവും പുതിയതായി ഉണ്ടാക്കിയേക്കാം


ത്വലാഖ് എന്നാൽ വിവാഹ മോചനം എന്നാണ്. ഇവിടെ നബി(സ)യെ അഭിസംബോധന ചെയ്ത് കൊണ്ട് വിവാഹ മോചന സംബന്ധമായും മറ്റും മുസ്ലിം സമുദായം ആചരിക്കേണ്ട പല നിയമങ്ങളും അള്ളാഹു വിവരിക്കുകയാണ്.ഭർത്താവുമായി വിവാഹ ബന്ധം വേർപെട്ട സ്ത്രീ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതിനു മുമ്പായി നിർബന്ധമായും അവൾ കാത്തിരിക്കേണ്ട കാലത്തിനാണ് ഇദ്ദ(ദീക്ഷാ കാലം)എന്ന് പറയുന്നത്

എണ്ണം എന്നർത്ഥമുള്ള ‘അദദ്’ എന്നതിൽ നിന്നാണ് ,ഇദ്ദ, എന്ന പദം ഉരിത്തിരിയുന്നത് സാധാരണഗതിയിൽ ആർത്തവങ്ങൾക്കിടയിൽ വരുന്ന ശുദ്ധികളുടെ എണ്ണത്തെയും മാസങ്ങളുടെ എണ്ണത്തെയും അടിസ്ഥാനമാക്കിയാണ് ഇദ്ദ ആചരിക്കുന്നത് എന്നതാണ് പ്രസ്തുത നാമകരണത്തിന്റെ കാരണം.ഗർഭാശയം ഗർഭമുക്തമാണെന്ന് അറിയാനോ തഅബ്ബുദി(പൊരുൾ ഗ്രാഹ്യമല്ലാത്ത മത ശാസന)യായോമരണപ്പെട്ട ഭർത്താവിനെക്കുറിച്ചുള്ള ദു:ഖ സൂചകമായോ നിശ്ചിത കാലം കാത്തിരിക്കുന്നതാണ് ഇസ്ലാമികമായി ഇദ്ദ. ഭർത്താവ് മരണപ്പെട്ടാലുള്ള ഇദ്ദ നാലു മാസവും പത്ത് ദിവസവുമാണ് സംയോഗം നടക്കുന്നതിനു മുമ്പേ ബന്ധം വേർപെടുത്തിയാൽ ഇദ്ദ ആവശ്യമില്ല .ഗർഭിണികൾ വിവാഹ മോചനം ചെയ്യപ്പെട്ടാലുള്ള ഇദ്ദയും ആർത്തവമുണ്ടായിട്ടില്ലാത്തവരുടെയും ഉണ്ടായിരുന്നതിനു ശേഷം ആർത്തവം നിലച്ചവരുടെയും ഇദ്ദയുടെ വിശദാംശം ഈ അദ്ദ്യായത്തിലെ നാലാം സൂക്തം വിശദീകരിക്കുന്നുണ്ട്.മരണത്തിനാൽ വരുന്ന ഇദ്ദയും ആർത്തവം നിലച്ചവരുടെ(ആർത്തവം തീരേ ഉണ്ടാവാത്തവരുടെയും)ഇദ്ദയും ഗർഭിണിയുടെ ഇദ്ദയും നിശ്ചിത സമയം നിലനിൽക്കുമ്പോൾ ആർത്തവം ഉണ്ടാവുന്ന സ്ത്രീയുടെ ഇദ്ദ മൂന്ന് ശുദ്ധിയാണെന്ന്

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلاَثَةَ قُرُوَءٍ

വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്ന് മാസമുറകൾ കഴിയുന്നത് വരെ കാത്തിരിക്കേണ്ടതാണ് ,

ഖുർആൻ വിശദീകരിച്ചിട്ടുണ്ട് (2/228)
രണ്ട് ആർത്തവങ്ങൾക്കിടയിലോ ഒരു ആർത്തവത്തിന്റെയും പ്രസവ രക്തത്തിന്റെയും ഇടയിലുള്ളതോ ആയ ശുദ്ധിഘട്ടമാണ് ഒരു ഖുർഅ് (ശുദ്ധി) അപ്പോൾ മുമ്പ് ആർത്തവമുണ്ടായിട്ടില്ലാത്ത സ്ത്രീ ഥ്വലാഖ് ചൊല്ലപ്പെടുകയും തുടർന്ന് ആർത്തവമുണ്ടാവുകയും ചെയ്താൽ ഥ്വലാഖിന്റെ സമയത്തുള്ള ശുദ്ധി ഖുർ അ് ആയി പരിഗണിക്കപ്പെടുകയില്ല.കാരണം അത് രണ്ട് ആർത്തവങ്ങൾക്കിടയിൽ വന്ന ശുദ്ധിയല്ല.ഥ്വലാഖിനെ തുടർന്നുള്ള ആർത്തവത്തിനു ശേഷം ഇദ്ദ പരിധി അവസാനിക്കാൻ മൂന്ന് ശുദ്ധികൾ അനിവാര്യമാണ് നേരത്തേ ആർത്തവമുള്ളവർക്ക് ശേഷിക്കുന്ന ശുദ്ധിയും പൂർണ്ണ ശുദ്ധിയായി കണക്കാക്കപ്പെടും.അപ്പോൾ ശുദ്ധി സമയത്തിൽനിന്ന് ഒരു നിമിഷം ശേഷിക്കുമ്പോൾ വിവാഹ മോചിതയായ സ്ത്രീയുടെ ഇദ്ദ മൂന്നാം തവണ ആർത്തവമുണ്ടാവുന്നതോടെ അവസാനിക്കും.അതേ സമയം ആർത്തവകാരിയായിരിക്കെ വിവാഹ മോചിതയായ സ്ത്രീ നാലാം തവണ ആർത്തവമുണ്ടാകുന്നതോടെ മാത്രമേ ഇദ്ദ പൂർത്തിയായവളാവുകയുള്ളൂ.(ഫത്ഹുൽമുഈൻ)ഈ വകുപ്പിലുള്ളവരുടെ ഇദ്ദാ കാലം ഏറിയും കുറഞ്ഞുമിരിക്കും .അത് ഇനിയും കൂടാതിരിക്കാനാണ് ഈ സുക്ക്തത്തിൽ നിർദ്ദേശിക്കുന്നത് (ഇദ്ദ,ക്കാലത്ത് അവരെ വിവാഹ മോചനം നടത്തുകയും ഇദ്ദയെ എണ്ണിക്കണക്കാക്കുകയും ചെയ്യുക)

അതായത് ഥ്വലാഖ് ചൊല്ലുകയാണെങ്കിൽ അത് ആർത്തവം കഴിഞ്ഞ് ശുദ്ധിയായി ആ ശുദ്ധി കാലത്ത് അവളെ സംയോഗം ചെയ്യും മുമ്പേ ഥ്വലാഖ് ചൊല്ലണം അങ്ങനെയല്ലെങ്കിൽ അഥവാ ആർത്തവ സമയത്ത് ഥ്വാലാഖ് ചൊല്ലിയാൽ ഇദ്ദാ കാലം പിന്നെയും വർദ്ധിക്കും ഇത് സ്ത്രീയെ ബുദ്ധിമുട്ടിക്കലാണ്.അതിനാൽ ആർത്തവ കാലത്തോ സംയോഗം ചെയ്ത ശുദ്ധിയിൽ തന്നെയോ ഥ്വലാഖ് ചൊല്ലൽ ബിദഇയ്യായ (മതവിരുദ്ധമായ )ഥ്വലാഖാണ്. ഇദ്ദയെ എണ്ണിക്കണക്കാക്കണമെന്ന് പറയാൻ കാരണം ഇദ്ദാ കാലയളവിലുള്ള ഭക്ഷണം താമസം എന്നിവയൊക്കെ ഭർത്താവ് കൊടുക്കേണ്ടതിനാലും ഇദ്ദയുടെ തുടക്കവും ഒടുക്കവും തെറ്റിയാൽ പല ബുദ്ധിമുട്ടുകളും വരാൻ സാദ്ധ്യതയുണ്ട്.അത് വരാതിരിക്കാനാണ് എണ്ണിക്കണക്കാക്കണം എന്ന് പറഞ്ഞത്.ശുദ്ധിയുടെ കണക്ക് .ദിവസങ്ങളുടെ കണക്ക് എന്നിവയിലൂടെയാണല്ലൊ ഇദ്ദ തീരുമാനിക്കുന്നത് ആ നിലക്കും എണ്ണിക്കണക്കാക്കുക എന്നതിനു പ്രസക്തിയുണ്ട്

അവരെ പുറത്താക്കരുത് അവർ പുറത്ത് പോവുകയുമരുത് എന്ന് പറഞ്ഞതിൽ നിന്ന് വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീ വിവാഹ മോചന സമയത്ത് ഏത് വീട്ടിലാണോ ഉള്ളത് അവിടെ തന്നെ താമസിക്കണം.അവളെ അവിടെ നിന്ന് ഇറക്കി വിടുകയോ അവൾ സ്വയം ഇറങ്ങിപ്പോവാനോ പാടില്ല.വ്യക്തമായ ദുർവൃത്തി കൊണ്ടു വന്നാൽ അല്ലാതെ എന്ന് പറഞ്ഞത് വ്യഭിചാരമാണെന്നും വഴക്കുണ്ടാക്കിക്കൊണ്ടിരിക്കൽ പോലുള്ള ദു:സ്വഭാവങ്ങൾ ഇതിൽ വരുമെന്നും അഭിപ്രായമുണ്ട്.ആ ഘട്ടത്തിൽ മാറിത്താമസിക്കാം എന്ന് ചുരുക്കം.

അവിടെ തന്നെ താമസിക്കുമ്പോൾ ഒരു പക്ഷെ മനസ്സ് മാറി വീണ്ടും യോചിപ്പിലെത്താൻ സാദ്ധ്യതയുണ്ടല്ലോ.പിരിക്കലല്ല ഒന്നിച്ചാക്കൽ തന്നെയാണല്ലോ വിവാഹ ലക്ഷ്യം.അതാണ് അള്ളാഹു പുതിയ കാര്യം ഉണ്ടാക്കിയേക്കും എന്ന് അവസാനം പറഞ്ഞത്.



فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ وَأَقِيمُوا الشَّهَادَةَ لِلَّهِ ذَلِكُمْ يُوعَظُ بِهِ مَن كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا(2



അങ്ങനെ ആ സ്ത്രീകൾ അവരുടെ അവധിക്ക്(അടുത്ത്)എത്തിയാൽ നിങ്ങൾ അവരെ മര്യാദയനുസരിച്ച് വെച്ചു കൊള്ളുകയോ മര്യാദയനുസരിച്ച് അവരുമായി പിരിയുകയോ ചെയ്യുക നിങ്ങളിൽ നിന്നുള്ള രണ്ട് നീതിമാന്മാരെ സാക്ഷ്യപ്പെടുത്തുകയും അള്ളാഹുവിനു വേണ്ടി സാക്ഷ്യം നിലനിർത്തുകയും ചെയ്യുക അള്ളാഹുവിലും അന്ത്യ നാളിലും വിശ്വസിച്ചിരിക്കുന്നവർക്ക് ഇതു മൂലം ഉപദേശം നൽകപ്പെടുകയാണ് അള്ളാഹുവിനെ സൂക്ഷിക്കുന്നവർക്ക് അവൻ ഒരു രക്ഷാ മാർഗം ഏർപ്പെടുത്തിക്കൊടുക്കും

മടക്കി എടുക്കാവുന്ന ഥ്വലാഖിൽ (ഭാര്യയെ ഒന്നൊ രണ്ടോ ഥ്വലാഖ് ചൊല്ലുന്നിടത്ത് )ഇദ്ദ കഴിയുന്നതിനു മുമ്പേ അവളെ വിവാഹത്തിലേക്ക് തന്നെ മടക്കാവുന്നതാണ് ഇതിനു എന്റെ ഭാര്യയെ ഞാൻ എന്നിലേക്ക് മടക്കി എന്ന് പറഞ്ഞാൽ മതി.പക്ഷെ അങ്ങനെ വിവാഹത്തിലേക്ക് മടക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയാവണം അവളെ വിഷമിപ്പിക്കാനാവരുത് അതിനു അവൻ തയാറല്ലെങ്കിൽ അവളുടെ കുറ്റങ്ങളും കുറവുകളും പറയാതെയും പുതിയ ശകാരങ്ങൾ നടത്താതെയും അവളുടെ ഥ്വലാഖ് നടപ്പിൽ വരുത്തണം മടക്കി എടുക്കാനും ഥ്വലാഖ് ചൊല്ലാനും സാക്ഷിക്ക് പറ്റുന്ന രണ്ടാളുകളെ സാക്ഷി നിർത്തണം പിന്നീട് തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനും ഉടലെടുത്താൽ ഈ സാക്ഷികൾ മുഖേന അത് പരിഹരിക്കാനും സാധിക്കുമല്ലൊ.അങ്ങനെ സാക്ഷികൾ അവരുടെ ബാദ്ധ്യത നിർവഹിക്കേണ്ടി വരുമ്പോൾ അള്ളാഹുവിനെ ഓർത്ത് അവരുടെ കടമ സത്യ സന്ധമായി അവർ അത് നിർവഹിക്കണം അള്ളാഹുവിന്റെ നിയമ വിധികളെ കുറിച്ച് നൽകിയ ചില ഉപദേശങ്ങളാണിത്.അള്ളാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ ഇത് അംഗീകരിച്ച് നടപ്പിൽ വരുത്തും.ഇതെല്ലാം ഉണർത്തിയ ശേഷം അള്ളാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങൾക്ക് പോവഴിയും വിഷമങ്ങൾക്ക് രക്ഷാ മാർഗവും അവൻ ഉണ്ടാക്കി കൊടുക്കും എന്ന് അള്ളാഹു വാഗ്ദാനം ചെയ്തിരിക്കുകയാണ്.നാഥന്റെ വിധി വിലക്കുകൾ സൂക്ഷിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നവരെ അവൻ രക്ഷപ്പെടുത്തുമെന്നും അങ്ങനെയുള്ളവരെ ആർക്കും തകർക്കാനാവില്ലെന്നും ഈ വചനത്തിൽ സൂചയുണ്ട്.സത്യ വിശ്വാസിക്കുള്ളഏറ്റവും നല്ല സന്തോഷ വാർത്തയാണിത്

ഇമാം റാസി(റ)എഴുതുന്നു,വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീയും പുരുഷനും അള്ളാഹുവിന്റെ വിധികൾ സൂക്ഷിച്ചവരാണെങ്കിൽ രണ്ട് പേർക്കും അള്ളാഹു മറ്റൊരു പരിഹാരം നൽകുമെന്നു ഇതിൽ സൂചനയുണ്ട് ഈ സൂക്തം പാരായണം ചെയ്ത് നബി(സ)പറഞ്ഞു.ദുനിയാവിന്റെ സംശയങ്ങളിൽ നിന്നും മരണ വേദനയിൽ നിന്നും അന്ത്യനാളിന്റെ കെടുതികളിൽ നിന്നും അള്ളാഹു അവനു രക്ഷ നൽകും എന്ന്.കൂടുതൽ വ്യാഖ്യാതാക്കളുടെയും പക്ഷം ഈ സൂക്തം അവതരിച്ചത് ഔഫ് ബിൻ മാലിക് അൽ അശ്ജ ഈ(റ)ന്റെ വിഷയത്തിലാണെന്നാണ്.തന്റെ മകനെ ശത്രു ബന്ധിയാക്കി പിടിച്ചപ്പോൾ ഔഫ്(റ)നബി(സ)യുടെ അടുത്ത് വന്ന് മകൻ നഷ്ടപ്പെട്ടതും തന്റെ ദാരിദ്ര്യാവസ്ഥയും വിശദീകരിച്ചു.അപ്പോൾ നബി(സ) അദ്ദേഹത്തോട് നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക

لاحول ولاقوة الابالله العلي العظيم

എന്ന ദിക്ർ അധികരിപ്പിക്കുകയും ചെയ്യുക എന്ന് പറഞ്ഞു.അദ്ദേഹം അപ്രകാരം ചെയ്യുകയും ഒരു ദിവസം ശത്രുവിൽ നിന്ന് രക്ഷപ്പെട്ട് ഒരു ഒട്ടകവുമായി മകൻ വീട്ടിലെത്തുകയും ചെയ്തു.അപ്പോൾ ശത്രുവിൽ നിൻന്ന രക്ഷപ്പെട്ടു എന്ന് മാത്രമല്ല ഉപജീവന മാർഗവും അള്ളാഹു നൽകി ഇതാണ് രക്ഷയും വിചാരിക്കാത്ത മർഗേണ ഭക്ഷണവും നൽകുമെന്ന് പറഞ്ഞത്(റാസി)



وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا(3



(മാത്രമല്ല) അവൻ വിചാരിക്കാത്ത ഭാഗത്തിൽ അവനു അള്ളാഹു ഭക്ഷണം നൽകുകയും ചെയ്യും ആരെങ്കിലും അള്ളാഹുവിലേക്ക് ഭരമേൽ‌പ്പിക്കുന്നതായാൽ തനിക്ക് അവൻ തന്നെ മതി നിശ്ചയമായും അള്ളാഹു അവന്റെ (ഉദ്ദിഷ്ട)കാര്യം നടപ്പിൽ വരുത്തുന്നവനാണ് എല്ലാ‍ കാര്യത്തിനും അള്ളാഹു നിശ്ചയമായും ഒരു വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്



ഇങ്ങനെ ജീവിതം ക്രമീകരിച്ചവർക്ക് അവർ വിജാരിക്കാത്ത ഭാഗത്ത് കൂടിഉപജീവന വഴി നൽകുമെന്നും ഉണർത്തിയിരിക്കുകയാണ് .അള്ളാഹുവിൽ ഭരമേൽ‌പ്പിക്കുന്നവർക്ക് അവൻ മതി .അവൻ എല്ലാം നടപ്പിൽ വരുത്താൻ കഴിവുള്ളവൻ തന്നെയാണ്.അള്ളാഹു എല്ലാത്തിനും ചില വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട് അതിനെ മറികടക്കാൻ ആർക്കുമാവില്ല ജീവിത വ്യവഹാരങ്ങളിൽ മുഴുകുമ്പോൾ പലരും അന്നമടക്കമം തനിക്കാവശ്യമായതെല്ലാം വ്യവസ്ഥ ചെയ്ത് നടപ്പാക്കുന്ന നാഥനെ വിസ്മരിക്കുകയാണ്.എന്നാൽ നാഥൻ തീരുമാനിക്കാത്ത ഒരു പിടി ഭക്ഷണം പോലും തനിക്ക് ലഭിക്കുകയില്ല ഇതാണ് യാഥാർത്ഥ്യം.എന്നിട്ടും ഈ നാഥനിൽ ഭരമേൽ‌പ്പിക്കാതെയും അവന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാതെയും നന്ദി കേട് കാണിക്കുന്നത് എത്ര മേൽ അപരാധമല്ല! ആരെങ്കിലും ജനങ്ങളിൽ താൻ ശക്തനാവണമെന്നുദ്ദേശിക്കുന്നുവെങ്കിൽ അവൻ അള്ളാഹുവിൽ ഭരമേൽ‌പ്പിക്കട്ടെ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്(റാസി)



وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ وَأُوْلَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا(4


നിങ്ങളുടെ സ്ത്രീകളിൽ നിന്ന് ആർത്തവത്തെക്കുറിച്ച് നിരാശപ്പെട്ടവരാകട്ടെ (അവരുടെ ഇദ്ദാ കാലത്തെപ്പറ്റി)നിങ്ങൾ അജ്ഞരാണെങ്കിൽ അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു ആർത്തവമുണ്ടായിട്ടില്ലാത്തവരുടെയും (ഇദ്ദ അങ്ങനെ തന്നെ)ഗർഭിണികളുടെ (ഇദ്ദയുടെ)അവധി അവർ പ്രസവിക്കലാണ് അള്ളാഹുവിനെ ആരെങ്കിലും സൂക്ഷിച്ചാൽ അവനു തന്റെ കാര്യത്തിൽ അള്ളാഹു സൌകര്യം ഉണ്ടാക്കിക്കൊടുക്കുന്നതാകുന്നു



ആർത്തവമുണ്ടാവാറുള്ള സ്ത്രീകളുടെ ഇദ്ദാ കാലാവധി മൂന്ന് ശുദ്ധിയാണെന്ന് നേരത്തെ പറഞ്ഞുവല്ലൊ.എന്നാൽ ആർത്തവ വിരാമമായ സ്ത്രീകളെയോ ആർത്തവമേ ഉണ്ടാവാത്ത സ്ത്രീകളെയൊ വിവാഹ മോചനം ചെയ്യപ്പെട്ടാൽ അവരുടെ ഇദ്ദാ‍ കാലാവധി മൂന്ന് മാസമാകുന്നു.ഇവരുടെ ഇദ്ദയെക്കുറിച്ച് ചിലർ ചോദിച്ചപ്പോഴായിരുന്നു ഈ സൂക്തം അവതരിച്ചത് എന്നാൽ ഭർത്താവ് മരണപ്പെട്ടാലുള്ള ഇദ്ദ ഇവർക്കും നാലു മാസവും പത്ത് ദിവസവും തന്നെയാണ് ഗർഭിണികളുടെ വിവാഹ മോചന ഇദ്ദയും ഭർത്താവ് മരണപ്പെട്ടാലുള്ള ഇദ്ദയും പ്രസവിക്കും വരെയാണ്.പ്രസവം ഉടൻ നടന്നാലും കുറേ താമസമുണ്ടായാലും ഇതിൽ മാറ്റമില്ല.ഇതിലെല്ലാം അള്ളാഹുവിനെ സൂക്ഷിക്കേണ്ടതുണ്ടെന്നുണർത്തിക്കൊണ്ടാണ് സൂക്തം അവസാനിക്കുന്നത്



ذَلِكَ أَمْرُ اللَّهِ أَنزَلَهُ إِلَيْكُمْ وَمَن يَتَّقِ اللَّهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا(5



അത് അള്ളാഹുവിന്റെ കല്പനയാണ് അവൻ അത് നിങ്ങൾക്ക് വ്യക്തമാക്കിത്തന്നിരിക്കുന്നു അള്ളാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നതായാൽ അവന്റെ തിന്മകളെ അവൻ മാപ്പാക്കിക്കൊടുക്കുന്നതും അവന് മികച്ച പ്രതിഫലം നൽകുന്നതുമാകുന്നു



അള്ളാഹുവിന്റെ കല്പനകൾ അനുസരിക്കണമെന്നും അത്തരക്കാരുടെ ചെറിയ അബദ്ധങ്ങൾ അള്ളാഹു മാപ്പാക്കുകയും നന്മക്ക് മികച്ച പ്രതിഫലം നൽകുമെന്നും ഉണർത്തിയിരിക്കയാണിവിടെ



أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ وَإِن كُنَّ أُولَاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ وَأْتَمِرُوا بَيْنَكُم بِمَعْرُوفٍ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَى(6



നിങ്ങൾ താമസിക്കുന്നിടത്ത് അതായത് നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ഒരു സ്ഥലത്ത് നിങ്ങൾ അവരെ താമസിപ്പിക്കുക അവർക്ക് ഞെരുക്കം ഉണ്ടാക്കാനായി നിങ്ങൾ അവരെ ഉപദ്രവിക്കരുത് അവർ ഗർഭിണികളാണെങ്കിൽ പ്രസവിക്കുന്നത് വരെ നിങ്ങൾ അവർക്ക് ചിലവ് കൊടുക്കുകയും വേണം .ഇനി അവർ നിങ്ങൾക്ക് വേണ്ടി കുട്ടിക്ക് മുല കൊടുക്കുന്ന പക്ഷം അവർക്ക് നിങ്ങൾ അവരുടെ പ്രതിഫലം കൊടുക്കണം മര്യാദയനുസരിച്ച് നിങ്ങൾ പരസ്പരം കൂടിയാലോചിക്കുകയും ചെയ്യുക നിങ്ങൾക്ക് ഞെരുക്കം അനുഭവപ്പെടുകയാണെങ്കിൽ മറ്റൊരു സ്ത്രീ അവനു വേണ്ടി മുല കൊടുക്കാവുന്നതാണ്

.

ഥ്വലാഖ് ചൊല്ലപ്പെട്ട സ്ത്രീകളോടുള്ള ചില ബാദ്ധ്യതയാണ് ഈ സൂക്തങ്ങളിൽ പറയുന്നത് ഇദ്ദ കഴിയുന്നത് വരെ അവന്റെ കഴിവനുസരിച്ചുള്ള വസതിയിൽ അവളെ അവൻ താമസിപ്പിക്കണം വീടു വിട്ടു പോകത്തക്ക വിധം അവളെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ അരുത്.ഗർഭിണിയാണെങ്കിൽ പ്രസവിക്കും വരെ ചിലവ് നൽകണം പ്രസവാനന്തരം അവൾ തന്നെയാണ് കുട്ടിക്ക് മുലയൂട്ടുന്നതെങ്കിൽ (അത് തന്നെയാണ് നല്ലത്)മുലകുടി മാറ്റുന്നത് വരെ അവൾക്ക് തക്ക പ്രതിഫലം നൽകേണ്ടതുണ്ട് പ്രതിഫലത്തെക്കുറിച്ച് പരസ്പരം ആലോചിച്ചു തീരുമാനിക്കണം.അവൾ മുലയൂട്ടുന്നതിൽ എന്തെങ്കിലും വിഷമം ഉണ്ടെന്ന് തോന്നുന്ന പക്ഷം മറ്റു സ്ത്രീകളെ മുലയൂട്ടാൻ ഏൽ‌പ്പിക്കാവുന്നതാണ്



لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّهُ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا(7



കഴിവുള്ളവർ അവന്റെ കഴിവിൽ നിന്ന് ചെലവ് ചെയ്ത് കൊള്ളട്ടെ ആരുടെ മേൽ ആഹാരം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവൻ അള്ളാഹു തനിക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കട്ടെ അള്ളാഹു നൽകിയതല്ലാതെ (ചെലവഴിക്കുവാൻ)ആരെയും അവൻ ശാസിക്കുകയില്ല വിഷമത്തിനു ശേഷം അള്ളാഹു സൌകര്യത്തെ കൈവരുത്തിക്കൊടുക്കുന്നതാണ്



ചിലവ് കൊടുക്കുന്നതും മറ്റും അവന്റെ കഴിവിനനുസരിച്ച് നൽകിയാൽ മതിയാവും കഴിവിനപ്പുറം നൽകാൻ ആരെയും നിർബന്ധിക്കാവതല്ല.പ്രയാസമുള്ളവർ നിരാശപ്പെടേണ്ടതില്ലെന്നും അള്ളാഹു തനിക്ക് പ്രയാസം തീർത്തു തരുമെന്ന പ്രതീക്ഷയാണ് വെച്ചു പുലർത്തേണ്ടതെന്നും ഉണർത്തിയിരിക്കുകയാണ്



وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُّكْرًا(8



എത്രയോരാജ്യം!തന്റെ രക്ഷിതാവിന്റെയും അവന്റെ ദൂതന്മാരുടെയും കല്പനകൾ അത് ധിക്കരിച്ചു കളഞ്ഞു അതിനാൽ അവയെ നാം കണിശമായി വിചാരണ ചെയ്യുകയും കഠിനമായി അവക്ക് ശിക്ഷ നൽകുകയും ചെയ്തു



എത്രയോ രാജ്യം എന്ന് പറഞ്ഞത് ആ രാജ്യത്തുള്ള ജനങ്ങൾ എന്ന അർത്ഥത്തിലാണ്.അള്ളാ‍ഹുവെയും അവന്റെദൂതന്മാരെയും ധിക്കരിച്ചവർക്ക് കഠിന ശിക്ഷയും വിചാരണയും നൽകി എന്ന് ഭൂതകാല ക്രിയ ഉപയോഗിച്ചത് ഭൂമിയിൽ വെച്ച് അവർ അനുഭവിച്ച ശിക്ഷകളെക്കുറിച്ചാണെന്നും പരലോകത്ത് വരാനിരിക്കുന്ന ശിക്ഷ അവർക്ക് ഉറപ്പായത് കൊണ്ട് ആ ശൈലി ഉപയോഗിച്ചതാണെന്നും വ്യാഖ്യാനമുണ്ട്..ബുദ്ധിയുള്ളവർക്കുള്ള ഒരു താക്കീതാണിത്



فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا(9



അങ്ങനെ അവയുടെ കാര്യത്തിന്റെ ദുഷ്ഫലം അവ ആസ്വദിച്ചു അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം തന്നെയായിരുന്നു



ധിക്കാരത്തിന്റെ പ്രതിഫലം ഇവിടെയും അവർ അനുഭവിച്ചു പരലോകത്ത് വലിയ തിരിച്ചടി വരാനിരിക്കുന്നുമുണ്ട് എന്ന് സാരം



أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا فَاتَّقُوا اللَّهَ يَا أُوْلِي الْأَلْبَابِ الَّذِينَ آمَنُوا قَدْ أَنزَلَ اللَّهُ إِلَيْكُمْ ذِكْرًا(10



ആ രാജ്യക്കാർക്ക് അള്ളാഹു കഠിനമായ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട് അത് കൊണ്ട് ബുദ്ധിയുള്ളവരേ ,അതെ സത്യ വിശ്വാസികളേ.നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക നിശ്ചയമായും അള്ളാഹു നിങ്ങൾക്ക് ഒരു ഉൽബോധനം ഇറക്കിത്തന്നിരിക്കുന്നു



ഒരുക്കി വെച്ചു എന്ന് ഇവിടെ പറഞ്ഞ ശിക്ഷ പരലോക ശിക്ഷ തന്നെയാണ്. ഉൽബോധനം ഇറക്കി എന്ന് പറഞ്ഞത് വിശുദ്ധ ഖുർആനാണ്



رَّسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِّيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِ وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا قَدْ أَحْسَنَ اللَّهُ لَهُ رِزْقًا(11



വ്യക്തമായി വിവരിക്കുന്ന അള്ളാഹുവിന്റെ ആയത്തുകളെ നിങ്ങൾക്ക് ഓതിത്തരുന്ന ഒരു റസൂലിനെ (അവൻ അയക്കുകയും ചെയ്തിരിക്കുന്നു)സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടു വരാൻ വേണ്ടി .ആരെങ്കിലും അള്ളാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നുവോ അടിഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ അവനെ അള്ളാഹു പ്രവേശിപ്പിക്കും അതിൽ അവർ എന്നെന്നും നിരന്തര വാസികളായ നിലയിൽ.അവനു അള്ളാഹു ഉപജീവനം നന്നാക്കിക്കൊടുക്കുന്നതാണ്



ഉൽബോധനത്തിനുള്ള ഗ്രന്ഥവും അത് ഓതിക്കൊടുത്തും വിശദീകരിച്ചും ദിശാ ബോധം നൽകുന്ന റസൂലിനെയും അള്ളാഹു അയച്ചത് വലിയ അനുഗ്രഹം തന്നെയാണ്.ഈ പ്രബോധനം മുഖേന അവിശ്വാസത്തിന്റെയും അറിവില്ലായ്മയുടെയും സംശയങ്ങളുടെയും ഇരുട്ടിൽ നിന്ന് വിശ്വാസത്തിന്റെയും അറിവിന്റെയും തെളിവിന്റെയും വെളിച്ചത്തിലേക്ക് പ്രവാചകൻ(സ) നിങ്ങളെ ഉയർത്തിക്കൊണ്ടു വന്നു.ആ പ്രബോധനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് സത്യവിശ്വാസവും സൽക്കർമ്മവും കൊണ്ട് നടക്കുന്നവർക്ക് സുഖത്തിന്റെ പറുദീസയായ സ്വർഗ പ്രവേശനം കൊണ്ട് അള്ളാഹു അനുഗ്രഹിക്കുകയും അത് സ്ഥിര സംവിധാനമാക്കി അല്ലലുകളില്ലാത്ത സന്തോഷം അവൻ പ്രധാനം ചെയ്യുകയും ചെയ്യും അവിടുത്തെ ഉപജീവനം തികച്ചും മാത്ര്‌കാപരമായിരിക്കും.അതാണ് ഉപജീവനം നന്നാക്കി ക്കൊടുക്കുമെന്നുണർത്തിയത്



اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا  12 





ഏഴ് ആകാശങ്ങളെയും അവയെപ്പോലെ തന്നെ ഭൂമിയെയും സ്ര്‌ഷ്ടിച്ചവനാണ് അള്ളാഹു അവക്കിടയിൽ അവന്റെ കല്പന ഇറങ്ങിക്കൊണ്ടിരിക്കുന്നു നിശ്ചയം അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും എല്ലാ വസ്തുക്കളെയും അറിവ് കൊണ്ട് അവൻ വലയം ചെയ്തിരിക്കുന്നുവെന്നും നിങ്ങൾ അറിയുവാൻ വേണ്ടിയാണ് (ഇതെല്ലാം നിങ്ങളെ അറിയിക്കുന്നത്)



ആകാശങ്ങൾ ഏഴെണ്ണമാണെന്ന് ഖുർആൻ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട് അതിന്റെ വിശദാംശങ്ങൾ പലതും നമുക്കറിഞ്ഞു കൂടാ.നാം കണ്ടെത്തിയിട്ടില്ലാത്ത എത്രയോ സത്യങ്ങൾ ഇപ്പോഴുമുണ്ടല്ലോ!ഭൂമിയും അത് പോലെ ഉണ്ടെന്ന് പറഞ്ഞതിൽ നിന്ന് ഭൂമിയും ഏഴെണ്ണമുണ്ടെന്ന് വ്യക്തം.വിശദാംശം നമുക്ക് അറിയില്ലെങ്കിലും പ്രപഞ്ച നാഥനായ അള്ളാഹുവിന്റെ വാക്കുകളെ നമുക്ക് കണ്ണടച്ച് സ്വീകരിക്കാൻ മാത്രമുള്ള സത്യങ്ങൾ ഇവിടെ ഉണ്ടല്ലൊ!ആകാശ ഭൂമികളിലെല്ലാം തന്നെ അവന്റെ കല്പനയനുസരിച്ചാണ് കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് അവന്റെ അറിവും തീരുമാനവുമില്ലാതെ ഒന്നും നടക്കുന്നില്ല എല്ലാറ്റിന്റെയും സ്ര്‌ഷ്ടാവും നിയന്താവും ഭരണ കർത്താവും അവൻ തന്നെ അവൻ സർവ ശക്തനും സർവജ്ഞനുമത്രെ ഇതെല്ലാം മനുഷ്യൻ എപ്പോഴും അറിഞ്ഞും ചിന്തിച്ചും തന്നെയാണിരിക്കേണ്ടത് അള്ളാഹു നമ്മെയെല്ലാം സജ്ജനങ്ങളിൽ പെടുത്തട്ടെ ആമീൻ



No comments: