മദീനയിൽ അവതരിച്ചു : സൂക്തങ്ങൾ 12
തഹ്‌രീം എന്നാൽ നിശിദ്ധമാക്കൽ എന്നാണ്. ഈ അദ്ധ്യായത്തിന്റെ ഒന്നാം സൂക്തത്തിൽ അള്ളാഹു അനുവദനീയമാക്കിയതിനെ അങ്ങ് എന്തിനു നിശിദ്ധമാക്കുന്നു എന്ന പ്രയോഗത്തിൽ നിന്നാണ് ഈ നാമം ലഭിച്ചത്
بسم الله الرحمن الرحيم
പരമ കാരുണികനും കരുണാ വാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ تَبْتَغِي مَرْضَاتَ أَزْوَاجِكَ وَاللَّهُ غَفُورٌ رَّحِيمٌ (1
നബിയായവരേ!സ്വന്തം ഭാര്യമാരുടെ പ്രീതി തേടിക്കൊണ്ട് തങ്ങൾക്ക് അള്ളാഹു അനുവദനീയമാക്കിത്തന്നതിനെ അങ്ങ് എന്തിനു നിശിദ്ധമാക്കുന്നു?അള്ളാഹു വളരെ പൊറുക്കുന്നവനും പരമ കാരുണികനുമാവുന്നു
ഭാര്യമാരുടെ പ്രീതിക്കായി അള്ളാഹു അനുവദനീയമാക്കിയത് അങ്ങ് ചെയ്യില്ലെന്ന് തീരുമാനിക്കേണ്ടതില്ല എന്നാണ് അള്ളാഹു പറയുന്നത്.ഇതിന്റെ പാശ്ചാത്തലത്തെ കുറിച്ച് വിവിധ അഭിപ്രായമുണ്ട്. ആയിശ:(റ)പറയുന്നു .നബി(സ) അസ്ർ നിസ്ക്കാരാനന്തരം ഭാര്യമാരുടെ വീടുകളിൽ പോവാറുണ്ടായിരുന്നു അക്കൂട്ടത്തിൽ സൈനബ്(റ)യുടെ വീട്ടിൽ ചെല്ലുകയും അവിടെ നിന്ന് തേൻ കുടിക്കുകയും ചെയ്യുമായിരുന്നു .അപ്പോൾ ഞാനും ഹഫ്സ:(റ)യും കൂടി ഒരു തീരുമാനമെടുത്തു.നബി(സ) സൈനബ്(റ)യുടെ അടുത്ത് നിന്ന് തേൻ കുടിച്ച ശേഷം നമ്മിൽ ആരുടെ അടുത്ത് വന്നാലും അങ്ങയിൽ നിന്ന് മഗാഫീറി(ഒരു വൃക്ഷത്തിന്റെ കറ-അതിനു മദ്യത്തിന്റെ മണമുണ്ടായിരുന്നു)ന്റെ വാസന അനുഭവപ്പെടുന്നുവല്ലോ എന്ന് പറയണം(സൈനബ്(റ)യോട് തങ്ങൾക്ക് കൂടുതൽ സ്നേഹം തോന്നുമോ എന്ന സ്ത്രീ സഹജമായ ഒരു ചിന്തയിൽ നിന്നാണ് അവർ അങ്ങനെ ആലോചിച്ചത്)അങ്ങനെ നബി(സ)വന്നപ്പോൾ അത് ഞങ്ങൾ നടപ്പാക്കി.ഞാൻ മഗാഫീർ ഉപയോഗിച്ചിട്ടില്ലെന്നും സൈനബിന്റെ അടുത്ത് നിന്ന് തേൻ കുടിച്ചതാണെന്നും അത് ഇനി ആവർത്തിക്കില്ലെന്നും നബി(സ) ശപഥം ചെയ്യുകയും ഇത് നീ ആരോടും പറയരുതെന്ന് നബി(സ)പറയുകയും ചെയ്തു.അപ്പോഴാണ് അള്ളാഹു അനുവദിച്ച തേൻ കുടിക്കുന്നത് എന്തിനാണ് അങ്ങ് സ്വയം നിശിദ്ധമാക്കിയത്(ഇനി തേൻ കുടിക്കില്ലെന്ന് ശപഥം ചെയ്തതിനെ നിശിദ്ധമാക്കി എന്ന നിലയിൽ അള്ളാഹു പറഞ്ഞതാണ്.അല്ലാതെ തേൻ കുടിക്കൽ നബി(സ) ഹറാമാക്കി എന്ന അർത്ഥത്തിൽ; അല്ല) എന്ന് അള്ളാഹു ചോദിച്ചതാണിവിടെ കാണുന്നത്.
قَدْ فَرَضَ اللَّهُ لَكُمْ تَحِلَّةَ أَيْمَانِكُمْ وَاللَّهُ مَوْلاكُمْ وَهُوَ الْعَلِيمُ الْحَكِيمُ (2
നിങ്ങളുടെ സത്യങ്ങൾക്കുള്ള പരിഹാരം അള്ളാഹു നിങ്ങൾക്ക് നിയമമാക്കിത്തന്നിരിക്കുന്നു അള്ളാഹു നിങ്ങളുടെ രക്ഷാധികാരിയാണ് അവൻ സർവജ്ഞനും അഗാധജ്ഞനുമാകുന്നു
ശരിയല്ലാത്ത വല്ല കാര്യത്തിനു ശപഥം ചെയ്താൽ അത് നടപ്പാക്കേണ്ടതില്ലെന്നും അതിനു കഫ്ഫാറത്ത്-പ്രായശ്ചിത്തം – ( സ്വന്തം കുടുംബത്തിനു നൽകുന്ന മധ്യ നിലയിലുള്ള ആഹാരം ഒരാൾക്ക് ഒരു മുദ്ദ്(600 ഗ്രാം) എന്നതോതിൽ പത്ത് സാധുക്കൾക്ക് നൽകുകയോ അല്ലെങ്കിൽ പത്ത് സാധുക്കൾക്ക് വസ്ത്രം (ഉടുക്കുന്ന തുണിയോ ധരിക്കുന്ന കുപ്പായമോ ഏതെങ്കിലും ഒന്ന്)നൽകുകയോ ഒരു അടിമയെ സ്വതന്ത്രനാക്കുകയോ ഇതൊന്നും സാധിക്കാതെ വന്നാൽ മൂന്ന് നോമ്പ് നോൽക്കുകയോ ചെയ്യുക ഇതാണ് പ്രായശ്ചിത്തം (5/89) ഇങ്ങനെ പ്രായശ്ചിത്തം ചെയ്ത് ആ ശപഥത്തിൽ നിന്ന് മടങ്ങേണ്ടതുണ്ട് എന്നാണിവിടെ സൂചിപ്പിക്കുന്നത്
وَإِذْ أَسَرَّ النَّبِيُّ إِلَى بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَذَا قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ(3
നബി(സ) തന്റെ ഭാര്യമാരിൽ നിന്ന് ഒരാളോട് ഒരു വർത്തമാനം രഹസ്യമായി പറഞ്ഞ സന്ദർഭം(ഓർക്കുക) എന്നിട്ട് അവർ (മറ്റൊരാളോട്) അത് സംബന്ധമായി വിവരം അറിയിക്കുകയും അള്ളാഹു നബി(സ)ക്ക് അത് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തപ്പോൾ അതിന്റെ ചില ഭാഗം നബി(സ) അവരെ അറിയിച്ചു ചില ഭാഗം വിട്ട് കളയുകയും ചെയ്തു അങ്ങനെ തങ്ങൾ അതിനെ സംബന്ധിച്ച് അവർക്ക് വിവരം നൽകിയപ്പോൾ അവർ ചോദിച്ചു.ആരാണ് അങ്ങേക്ക് ഈ വിവരം അറിയിച്ചു തന്നത്?അവിടുന്ന് പറഞ്ഞു സർവജ്ഞനും സൂക്ഷ്മജ്ഞനുമായ അള്ളാഹു എനിക്ക് വിവരം അറിയിച്ചു തന്നിരിക്കുന്നു
താൻ മേലിൽ തേൻ കുടിക്കുകയില്ലെന്ന് ശപഥം ചെയ്തത് ആരോടും പറയരുതെന്ന് നബി(സ)പറഞ്ഞിരുന്നുവെങ്കിലും ഹഫ്സ ബീവി(റ)അത് കർശന വിരോധമായിരിക്കില്ലെന്ന് കരുതി ആഇശ ബീവിയോട് പറഞ്ഞു. ഇത് വഹ്‌യ് മുഖേന അള്ളാഹു നബി(സ)യെ അറിയിച്ചു അപ്പോൾ തന്റെ സ്വകാര്യം പുറത്തായ വിവരം നബി(സ) ഹഫ്സ ബീവിയെ അറിയിച്ചു പക്ഷെ ചില ഭാഗം മാത്രം പറഞ്ഞ് ചിലത് വിട്ട് കളഞ്ഞു.ഞങ്ങൾ തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം ആഇശ ബീവി പറഞ്ഞായിരിക്കുമോ നബി(സ)അറിഞ്ഞത് എന്ന് സംശയിച്ച് ഹഫ്സ ബീവിക്ക് പരിഭ്രമമായി .ആരാണ് അങ്ങയോട് ഇത് അറിയിച്ചത് എന്ന് ഹഫ്സ ബീവി ചോദിക്കുകയും എല്ലാം അറിയുന്ന അള്ളാഹു അറിയിച്ചു തന്നു എന്ന് നബി(സ) മറുപടി പാറയുകയും ചെയ്തു .ഇതാണ് ഈ വാക്യത്തിന്റെ സാരം
إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلائِكَةُ بَعْدَ ذَلِكَ ظَهِيرٌ(4
നിങ്ങൾ രണ്ട് പേരും അള്ളാഹുവിലേക്ക് പാശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ (അത് സ്വീകരിക്കപ്പെടും)നിങ്ങളുടെ ഹൃദയങ്ങൾ തെറ്റിപ്പോയിരിക്കുന്നു നിങ്ങൾ ഇരുവരും നബി(സ)ക്കെതിരിൽ പരസ്പരം സഹായം നൽകുകയാണെങ്കിൽ (നിങ്ങൾ അറിയുക) അള്ളാഹുവാണ് നബി(സ)യുടെ സഹായി. ജിബ്‌രീലും സത്യ വിശ്വാസികളിലെ സദ്വൃത്തരും (അവിടുത്തെ സഹായികളാണ്)അതിനു പുറമെ മലക്കുകളും സഹായിക്കുന്നവരാവുന്നു
ഇവിടെ രണ്ട് ഭാര്യമാരോടും പാശ്ചാത്തപിച്ചു മടങ്ങാൻ പ്രേരിപ്പിക്കുകയാണ് നബി(സ)ക്ക് എതിരായ ഈ സംരംഭത്തിൽ പങ്കാളികളായ രണ്ട് ഭാര്യമാർ ആരാണെന്ന് താൻ ഉമർ(റ)നോട് ചോദിച്ചുവെന്നും അത് ആഇശയും ഹഫ്സയുമാണെന്ന് താൻ മറുപടി പറഞ്ഞുവെന്നും ഇബ്നു അബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട്,ഇവിടെ സത്യവിശ്വാസികളിലെ സദ്വൃത്തർ എന്നതിന്റെ താല്പര്യം കഴിഞ്ഞു പോയ നബിമാരാണെന്ന് ഖതാദ:(റ) സുഫ്‌യാന്‍(റ) എന്നിവർ പറഞ്ഞിട്ടുണ്ട്.നബി(സ)യുടെ സഹാബികളാണെന്നും അബൂബബക്കർ (റ) ഉമർ(റ) ഇവരാണെന്നും മറ്റും അഭിപ്രായമുണ്ട്.ഇവരെല്ലാവരും നബി(സ)യെ സഹായിക്കാനുണ്ടെന്ന് വിശാലമായി തന്നെ ഈ സൂക്തം ഉൾക്കൊള്ളുന്നു.കഴിഞ്ഞു പോയ നബിമാർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുമെന്ന് ഇതിൽ നിന്ന് വ്യക്തമാവുന്നുണ്ട്
ഇമാം ഖുർത്വുബി(റ)എഴുതുന്നു,,ഉമർ(റ)പറഞ്ഞതായി ഇബ്നു അബ്ബാസ്(റ)പറയുന്നു നബി(സ) തന്റെ ഭാര്യാമാരോടൊന്നും ബന്ധപ്പെടാതെ മാറി നിന്നപ്പോൾ ഞാൻ പള്ളിയിൽ പ്രവേശിച്ചു.ജനങ്ങൾ വിഷമത്തോടെ നബി(സ) ഭാര്യമാരെ ത്വലാഖ് ചൊല്ലിയിയിരിക്കുന്നു
എന്ന് പറയുന്നുണ്ട് ,അപ്പോൾ ഉമർ(റ)പറഞ്ഞു. അതിന്റെ സത്യാവസ്ഥ ഞാൻ ഇന്ന് അറിയുക തന്നെ ചെയ്യും എന്ന് .അന്യ സ്ത്രീകളെ കാണരുതെന്ന നിയമം(ഹിജാബ്)വരുന്നതിന്റെ മുമ്പായിരുന്നു ഇത്.അങ്ങനെ ഉമർ(റ) ആഇശ(റ)യുടെ അടുത്തെത്തുകയും നീ നബി(സ)യെ വിഷമിപ്പിച്ചോ എന്ന് ആഇശബീവിയോട് ചോദിക്കുകയും ചെയ്തു.നിങ്ങളുടെ മകൾ ഹഫ്സയോട് പറയുക എന്നായിരുന്നു ആഇശബീവിയുടെ മറുപടി.അങ്ങനെ സ്വന്തം മകളുടെ അടുത്തെത്തി ഹഫ്സാ! നീ നബി(സ)യെ വിഷമിപ്പിച്ചോ?നബി(സ)ക്ക് നിന്നോട് ഇഷ്ടമില്ലെന്ന് നിനക്കറിയാമോ? ഞാനില്ലായിരുന്നില്ലെങ്കിൽ നബി(സ)നിന്നെ ത്വലാഖ് ചൊല്ലുമായിരുന്നു എന്ന് പറഞ്ഞു.അപ്പോൾ ഹഫ്സ ബീവി(റ) ശക്തമായി കരയാൻ തുടങ്ങി അപ്പോൾ ഉമർ(റ) നബി(സ)എവിടെയാണുള്ളത് എന്ന് അന്വേഷിക്കുകയും സ്ഥലം ഹഫ്സ(റ)പറയുകയും ഉമർ(റ)അങ്ങോട്ട് പോവുകയും ചെയ്തു നബി(സ)യുടെ സേവകൻ റബാഹ്(റ) ഉമ്മറപ്പടിയിൽ ഇരിക്കുന്നു.ഉമർ(റ) നബി(സ)യുടെ അടുത്തേക്ക് പ്രവേശിക്കാൻ എനിക്ക് അനുവാദം ചോദിക്കൂ എന്ന് റബാഹിനോട് പറഞ്ഞു.റബാഹ് അകത്തേക്ക് അനുവാദം ചോദിക്കും വിധം നോക്കി.പിന്നെ ഉമർ(റ)ലേക്ക് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല ഞാൻ രണ്ടാമതും അനുവാദം ചോദിക്കാൻ പറഞ്ഞു അപ്പൊഴും അത് തന്നെ ആവർത്തിച്ചു.അപ്പോൾ ഞാൻ അല്പം ഉയർന്ന ശബ്ദത്തിൽ റബാഹേ എനിക്ക് വേണ്ടി നബി(സ)സമ്മതം ചോദിക്കൂ ഞാൻ എന്റെ മകൾ ഹഫ്സക്ക് വേണ്ടി വന്നതാണെന്ന് തങ്ങൾ കരുതിയിരിക്കും എന്നാൽ ഹഫ്സയുടെ തലയെടുക്കാൻ നബി(സ)എന്നോട് കല്പിച്ചാൽ ഞാൻ അത് ചെയ്യുക തന്നെ ചെയ്യും അപ്പോൾ നബി(സ)ഉമർ(റ)നു അകത്തേക്ക് കടക്കാൻ അനുവാദം നൽകി.അപ്പോൾ ഈത്തപ്പനയോലയുടെ പായയിൽ കിടന്നതിന്റെ അടയാളം ശരീരത്തിൽ കണ്ടു.വീട്ടിൽ കണ്ണോടിച്ചപ്പോൾ അല്പം ഗോതമ്പ് മണികളല്ലാതെ ഒന്നും അവിടെയില്ല.അപ്പോൾ ഉമർ(റ) കരഞ്ഞു.എന്തിനു കരയുന്നു എന്ന് നബി(സ)ചോദിച്ചു. കിസ്‌റയും ഖൈസറുമൊക്കെ എത്ര സുഖത്തിൽ ജീവിക്കുന്നു.അതേസമയം ഏറ്റവും ശ്രേഷ്ടരായ അങ്ങ് ഇത്രയും പ്രയാസത്തിലുമാകുന്നു.അത് ആലോചിച്ചപ്പോൾ കരഞ്ഞതാണ്.അപ്പോൾ നബി(സ)പറഞ്ഞു നമുക്ക് പരലോകവും അവർക്ക് ഈ ലോകവൂം ലഭിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെ എന്ന് നബി(സ) ചോദിക്കുകയും അതെ എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു പിന്നീട് താൻ പറഞ്ഞു നബിയേ അങ്ങയുടെ ഭാര്യമാരുടെ വിഷയത്തിൽ അങ്ങേക്ക് വിഷമമുണ്ടെങ്കിൽ അവരെ തങ്ങൾ ഒഴിവാക്കിയാൽ അങ്ങയോടൊപ്പം അള്ളാഹുവും മലക്കുകളും ഞാനും അബൂബക്കറും മറ്റു സത്യ വിശ്വാസികളും ഉണ്ടാവും എന്ന്. ഞാൻ സംസാരിക്കുന്നത് അള്ളാഹു സാക്ഷ്യപ്പെടുത്തി നബി(സ)യെ അറിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടാവാറുണ്ട് ഇതിലും അത് സംഭവിച്ചു.അതാണ് മേൽ സൂക്തം(ഖൂർത്വുബി)
عَسَى رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا (5
(നബിയുടെ ഭാര്യമാരേ!)നിങ്ങളെ നബി(സ) വിവാഹ മോചനം ചെയ്യുന്ന പക്ഷം നിങ്ങളേക്കാൾ ഉത്തമഭാര്യമാരെ തന്റെ രക്ഷിതാവ് നബി(സ)ക്ക് പകരം നൽകിയേക്കും അതായത്(അള്ളാഹുവിനെ)അനുസരിക്കുന്നവരും സത്യ വിശ്വാസിനികളും ഭക്തിയുള്ളവരും പാശ്ചാത്തപിക്കുന്നവരും ആരാധന നടത്തുന്നവരും നോമ്പ് അനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായ സ്ത്രീകളെ
നിലവിലുള്ള ഭാര്യമാരെയെല്ലാം വിവാഹ മോചനം ചെയ്താലും അത് കൊണ്ട് നബി(സ)ക്ക് യാതൊന്നും വരാനില്ലെന്നും അവരേക്കാൾ ഏത് നിലക്കും ഉത്തമരായ സ്ത്രീകളെ അള്ളാഹു നബി(സ)ക്ക് പകരം നൽകുമെന്നുമാണിവിടെ സൂചിപ്പിക്കുന്നത്
ഇതും നേരത്തേ ഉമർ(റ)പറഞ്ഞ കൂട്ടത്തിലുണ്ടായിരുന്ന ആശയമാണ്.ഇവിടെ പകരം നൽകിയേക്കും എന്ന് പറഞ്ഞത് വെറും സാദ്ധ്യതയല്ല.മറിച്ച് ഉറപ്പായും സംഭവിക്കും എന്നാണ് അർത്ഥം .
مُسْلِمَاتٍ
എന്നാൽ അള്ളാഹുവിന്റെയും റസൂലിന്റെയും കല്പനകൾ അനുസരിക്കുന്നവർ എന്നോ ആത്മാർത്ഥതയുള്ളവർ എന്നോ ആണ്
مُّؤْمِنَاتٍ
എന്നാൽ അവരോട് കൽപ്പിക്കപ്പെടുന്നതും വിരോധിക്കപ്പെടുന്നതും സത്യവൽക്കരിക്കുന്നവർ എന്നാണ്
قَانِتَاتٍ
എന്നാൽ അനുസരിക്കുന്നവർ എന്നാണ്
تَائِبَاتٍ
സ്വ ശരീരത്തിന്റെ താല്പര്യത്തേക്കാൾ നബി(സ)യുടെ താല്പര്യത്തിനു പ്രാമുഖ്യം നൽകി നബി(സ)യുടെ കല്പനയിലേക്ക് മടങ്ങുന്നവർ എന്നാണ്
عَابِدَاتٍ
ധാരാളം ആരാധനകൾ ചെയ്യുന്നവർ എന്നാണിതിന്റെ അർഥം
سَائِحَاتٍ
നോമ്പ് അനുഷ്ടിക്കുന്നവർ എന്നും, വിശ്വാസ സംരക്ഷണത്തിനായി സ്വദേശം വിട്ട് പാലായനം ചെയ്യുന്നവർ എന്നും മറ്റും അർത്ഥമുണ്ട്
666
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
6)
സത്യ വിശ്വാസികളേ! സ്വന്തത്തേയും നിങ്ങളുടെ കുടുംബത്തേയും നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തു കൊള്ളുക അതിൽ കത്തിക്കപ്പെടുന്നത് മനുഷ്യരും കല്ലുമാകുന്നു അതിന്റെ മേൽ നോട്ടത്തിനു പരുഷ സ്വഭാവക്കാരും ശക്തരുമായ മലക്കുകൾ ഉണ്ടായിരിക്കും തങ്ങളോട് കല്പിച്ച കാര്യങ്ങൾക്ക് അവർ അള്ളാഹുവോട് എതിരു പ്രവർത്തിക്കുകയില്ല തങ്ങളോട് കൽപ്പിക്കപ്പെടുന്നതെല്ലാം അവർ ചെയ്യുന്നവരുമാണ്
നബി(സ)യുടെയും ഭാര്യമാരുടെയും ഇടയിലുണ്ടായ സ്വാഭാവികമായ കുടുംബ വിഷയങ്ങളാണിതു വരെ പരാമർശിച്ചതെങ്കിൽ കുടുംബ നാഥന്റെ സജീവ ശ്രദ്ധ ആവശ്യമുള്ള ഒരു ഉത്തരവാദിത്തമാണിവിടെ സൂചിപ്പിക്കുന്നത്.അതായത് തന്റെ മാത്രമല്ല തന്റെ കുടുംബത്തെയും നരകത്തിൽ നിന്ന് രക്ഷപ്പെടുത്താനാവശ്യമായ ശ്രമങ്ങളുണ്ടാവണമെന്നും അത് മുഖേന അവർക്ക് ശാശ്വത വിജയം ഉണ്ടാക്കാൻ ശ്രമിക്കണമെന്നും അതിനാവശ്യമായ വിജ്ഞാനവും ജീവിത വിശുദ്ധിയും ലഭിക്കാനാവശ്യമായ എല്ലാ ഉൽബോധനവും അവർക്ക് നൽകിക്കൊണ്ടിരിക്കണം.അതിലൂടെ മാത്രമേ മത ബോധവും
സദാചാര തല്പരതയും വളർത്തിയെടുക്കാനാവൂ സദുപദേശം നൽകുക,അള്ളാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാൻ സമ്മർദ്ധം ചെലുത്തുക,,തന്നിഷ്ടം കാണിക്കാനും ദുർമാർഗത്തിൽ ചലിക്കാനും അനുവദിക്കാതിരിക്കുക ഇതൊക്കെയാണ് നരകത്തിൽ നിന്ന് കുടുംബത്തെ മുക്തരാക്കാൻ കുടുംബ നാഥൻ ശ്രദ്ധിക്കേണ്ടത് എന്നാണിവിടെ ഉണർത്തുന്നത്. നരകത്തിലെ തീയുടെ എഴുപതിൽ ഒരു അംശമാണ് ഭൂമിയിലെ തീ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട് അതിൽ വിറകായി കത്തിക്കുന്നത് മനുഷ്യരും കല്ലുകളുമാണ് വളരെ ദുർഗന്ധം വമിക്കുന്നതും ആളിക്കത്തുന്നതുമായ ഒരു തരം ഗന്ധകക്കല്ലാണതെന്നും ബിംബാരാധകർ ആരാധിച്ചിരുന്ന കല്ലുകളാണതെന്നും അഭിപ്രായമുണ്ട് തുടർന്ന് നരകത്തിലെത്തിപ്പെട്ടാൽ ഒരു സ്വാധീനം മുഖേനയും അനധിക്ര്‌തമായി നരകത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും കാരണം നരകത്തിന്റെ കാവൽക്കാർ ശക്തരും അനുകമ്പ കാണിക്കാത്തവരും അള്ളാഹു കൽപ്പിച്ചതെല്ലാം നടപ്പാക്കുകയും അവന്റെ വിധിക്ക് അശേഷം എതിരു കാണിക്കാത്തവരാണെന്നും ഉണർത്തുന്നു.സത്യത്തിൽ വല്ലാത്ത താക്കീതാണീ സൂക്തം,അള്ളാഹു നമ്മെ നരകത്തിൽ നിന്ന് രക്ഷിക്കട്ടെ ആമീൻ
ഇമാം ഖുർത്വുബി(റ)എഴുതുന്നു നിങ്ങൾ പ്രവർത്തനം മുഖേന നിങ്ങളുടെ ശരീരത്തെയും
ഉപദേശം മുഖേന നിങ്ങളുടെ കുടുംബത്തെയും നരകത്തിൽ നിന്ന് കാക്കുക, നിങ്ങൾ എല്ലാവരും ഭരണാധികാരികളാണെന്നും നിങ്ങളുടെ ഭരണീയരെക്കുരിച്ച് നിങ്ങൾ ചോദിക്കപ്പെടും പുരുഷൻ തന്റെ കുടുംബത്തിന്റെ ഭരണാധികാരിയാണ് അവരെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും എന്ന് നബി(സ)പഠിപ്പിച്ചു ഏഴുവയസ്സായാൽ കുട്ടിയോട് നിസ്ക്കരിക്കാൻ കൽപ്പിക്കണമെന്നും പത്ത് വയസ്സായിട്ടും നിസ്കാരം ഉപേക്ഷിച്ചാൽ അടിക്കണമെന്നും നബി(സ)പഠിപ്പിച്ചത് ഇതിന്റെ ഒരു ഉദാഹരണമാണ്.
രാത്രി ഉറക്കിൽ നിന്ന് എഴുന്നേറ്റ് നിസ്ക്കരിക്കുകയും കുടുംബത്തെ ഉണർത്തുകയും അവൾ എഴുന്നേൽക്കുന്നില്ലെങ്കിൽ മുഖത്ത് വെള്ളം കുടഞ്ഞ് എഴുന്നേൽക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന പുരുഷനെയും സമാന സ്വഭാവം കാണിച്ച സ്ത്രീയെയും അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന ഹദീസ് കുടുംബത്തെ നരകത്തിൽ നിന്ന് കാക്കാനുള്ള പ്രവർത്തനം എങ്ങനെ നടപ്പാക്കാം എന്നതിന്റെ വ്യക്തമായ ചൂണ്ടു പലകയാണ്.നല്ല മര്യാദ കുട്ടികൾക്ക് പഠിപ്പിക്കുന്നതിലും മെച്ചപ്പെട്ടതൊന്നും ഒരു പിതാവ് മക്കൾക്ക് നൽകുന്നില്ലെന്ന ഹദീസും ശ്രദ്ധേയം തന്നെ
يَا أَيُّهَا الَّذِينَ كَفَرُوا لا تَعْتَذِرُوا الْيَوْمَ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ (7
സത്യ നിഷേധികളേ!ഇന്ന് നിങ്ങൾ ഒഴികഴിവൊന്നും പറയണ്ട നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിന്റെ പ്രതിഫലം മാത്രമാണ് നിങ്ങൾക്ക് നൽകപ്പെടുന്നത് (എന്ന് സത്യ നിഷേധികളോട് പറയപ്പെടും)
അസഹനീയമായ നരക ശിക്ഷ അനുഭവിക്കുന്നവർ സമർപ്പിക്കുന്ന അപേക്ഷകളും മാപ്പ് പറയലുമൊന്നും അവിടെ പരിഗണിക്കപ്പെടില്ലെന്നും ചെയ്തു വെച്ചതിന്റെ ഫലമാണ് നിങ്ങൾക്ക് നൽകപ്പെടുന്നതെന്നുമുള്ള വിളംബരം വല്ലാത്ത താക്കീത് തന്നെ!അതിൽ അകപ്പെടും മുമ്പ് രക്ഷപ്പെടാൻ നോക്കണമെന്നാണ് മുൻ സൂക്തം ഉണർത്തിയത്.
يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَى رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ يَوْمَ لا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ نُورُهُمْ يَسْعَى بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ (8
സത്യ വിശ്വാസികളേ!നിങ്ങൾ അള്ളാഹുവിലേക്ക് നിഷ്ക്കളങ്കമായി പാശ്ചാത്തപിച്ചു മടങ്ങുക എന്നാൽ നാഥൻ നിങ്ങളുടെ തിന്മകളെ മാപ്പാക്കിത്തരികയും അടിഭാഗത്തിൽ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ് തേക്കും നബിയേയും തന്റെ കൂടെ സത്യ വിശ്വാസം സ്വീകരിച്ചവരെയും അള്ളാഹു അപമാനത്തിലാക്കാത്ത ദിവസം (ആണ് അതുണ്ടാവുക)അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വല ഭാഗങ്ങളിലൂടെയും പാഞ്ഞുകൊണ്ടിരിക്കും ഞങ്ങളുടെ നാഥാ!ഞങ്ങളുടെ പ്രകാശം നീ പൂർത്തിയാക്കിത്തരികയും ഞങ്ങൾക്ക് നീ പൊറുത്ത് തരികയും ചെയ്യേണമേ!നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നവർ പറയും
നിഷ്ക്കളങ്ക പാശ്ചാത്താപം എന്നാൽ കുറ്റത്തിൽ നിന്ന് ശരിക്കും ഖേദിച്ചു മടങ്ങുക എന്നാണ്.നിലവിൽ കുറ്റങ്ങളിൽ നിന്ന് പൂർണ്ണമായി പിന്മാറുക മേലിൽ കുറ്റം ചെയ്യില്ല എന്ന് പ്രതിജ്ഞ ചെയ്യുക.പറ്റിപ്പോയതിൽ മന:പ്പൂർവം ഖേധിക്കുക അന്യനോട് ബന്ധ്പപെട്ട കുറ്റങ്ങളാണെങ്കിൽ അവനോട് പറഞ്ഞ് തീർക്കേണ്ടത് പറഞ്ഞും കൊടുത്ത് തീർക്കേണ്ടത് കൊടുത്തും തീർക്കുക അതോടൊപ്പം നാഥനോട് പൊറുത്ത് തരാൻ ആവശ്യപ്പെടുക അത് അള്ളാഹുവിനു വലിയ ഇഷ്ടമാണെന്നും അവൻ പൊറുക്കുമെന്നും സ്വർഗ പ്രവേശനം മുഖേന വലിയ പ്രതിഫലം നൽകുമെന്നും സത്യ വിശ്വാസികൾക്കും നബി(സ)ക്കും അള്ളാഹു അഭിമാനം നൽകുന്ന ദിനത്തിലാണതെന്നും ഉണർത്തിയിരിക്കുന്നു അവർ അന്ന് അള്ളാഹു നൽകിയ പ്രകാശവലയത്തിലായിരിക്കും .അത് വർദ്ധിപ്പിച്ചു തരാനുള്ള പ്രാർത്ഥനയായിരിക്കും അവർ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണിവിടെ ഉണർത്തുന്നത്
يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ الْمَصِيرُ (9
ഓ നബിയായവരേ! സത്യ നിഷേധികളോടും കപട വിശ്വാസികളോടും തങ്ങൾ സമരം ചെയ്യുകയും അവരോട് പരുഷമായി വർത്തിക്കുകയും ചെയ്യുക അവരുടെ വാസ സ്ഥലം നരകമാണ് ആ മടക്ക സ്ഥാനം വളരെ ചീത്ത
സത്യ നിഷെധികൾ ഇസ്ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായത് കൊണ്ട് അവരോടുള്ള സമരം ശരിയായി നടത്തണം .എന്നാൽ കപടന്മാർ പ്രത്യക്ഷത്തിൽ ഇസ്ലാമിന്റെ കുപ്പായമിട്ടിരിക്കും അവരോടും ഇസ്ലാമിന്റെ തെളിവുകൾ നിരത്തി ശക്തമായി ഇടപെടണം അവരോട് പരുഷ ശൈലി സ്വീകരിക്കുകയും വേണം.അവർ നരകാവകാശികൾ തന്നെയാണ്
ضَرَبَ اللَّهُ مَثَلا لِّلَّذِينَ كَفَرُوا امْرَأَةَ نُوحٍ وَامْرَأَةَ لُوطٍ كَانَتَا تَحْتَ
عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّهِ شَيْئًا وَقِيلَ ادْخُلا النَّارَ مَعَ الدَّاخِلِينَ (10
നൂഹ്(അ)ന്റെ ഭാര്യ(യുടെ സ്ഥിതി)യെയും ലൂഥ്(അ)ന്റെ ഭാര്യ(യുടെ സ്ഥിതി)യെയും സത്യ നിഷേധികൾക്ക് ഒരു ഉദാഹരണമായി അള്ളാഹു എടുത്തു കാട്ടുകയാണ് ആരണ്ട് സ്ത്രീകളും നമ്മുടെ അടിമകളിൽ പെട്ട സദ് വ്ര്‌ത്തരായ രണ്ട് അടിമകളുടെ കീഴിലായിരുന്നു എന്നിട്ട് ആ രണ്ട് സ്ത്രീകളും അവരെ വഞ്ചിച്ചു എന്നാൽ ആ രണ്ട് സ്ത്രീകൾക്കും അള്ളാഹുവിൽ നിന്നുണ്ടാകുന്ന യാതൊന്നും ആ രണ്ടാളും തടഞ്ഞിട്ടില്ല നരകത്തിൽ കടക്കുന്നവരോടൊപ്പം നിങ്ങളിരുവരും അതിൽ കടന്നു കൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തു
പുണ്യാത്മാക്കളുടെ ബന്ധുക്കളാണെങ്കിലും സത്യ വിശ്വാസമുൾക്കൊണ്ടിട്ടില്ലെങ്കിൽ യാതൊരു രക്ഷയും ലഭിക്കുന്നതല്ല.നൂഹ്(അ)ന്റെയും ലൂഥ്(അ)ന്റെയും ഭാര്യമാർ ഇതിനു ഉദാഹരണമാണ് ആ രണ്ട് സ്ത്രീകളും ഭർത്താക്കന്മാരെ വഞ്ചിച്ചു എന്ന് പറഞ്ഞതിന്റെ താല്പര്യം അവർ പ്രബോധനം ചെയ്ത സത്യ മതത്തിൽ അവർ വിശ്വസിച്ചില്ല എന്നാണ്.അല്ലാതെ അവർ വ്യഭിചരിച്ചു എന്നല്ല .സത്യ വിശ്വാസം സ്വീകരിക്കാത്ത ഈ പ്രവാചക പത്നിമാർക്ക് ഈ പ്രവാചകന്മാരെ കൊണ്ട് പരലോകത്ത് ഫലം ലഭിക്കാത്തത് പോലെ മുഹമ്മദ് നബി(സ)യെക്കൊണ്ട് മക്ക മുശ് രിക്കുകൾക്ക് ഫലം ലഭിക്കില്ല.അപ്പോൾ പുണ്യാത്മാക്കളെ കൊണ്ട് അവരുമായി ബന്ധമുള്ളവർക്ക് ഫലം ലഭിക്കില്ല എന്ന് പറഞ്ഞത് സത്യ വിശ്വാസികളല്ലെങ്കിലാണ് എന്ന് പറഞ്ഞതിൽ നിന്ന് സത്യ വിശ്വാസികൾക്ക് അവരുമായി ബന്ധമുള്ള പുണ്യാത്മാക്കളെ കൊണ്ട് ഫലം ലഭിക്കുംമന്ന് വ്യക്തം.ഞാനാണ് ആദ്യ ശുപാർശകൻ എന്നും എന്റെ ശുപാർശ എന്റെ സമുദായത്തിലെ ദോഷികൾക്കാണെന്നുമൊക്കെ നബി(സ) പറഞ്ഞതിൽ നിന്ന് ഈ ആശയം സുവ്യക്തമാണ്
وَضَرَبَ اللَّهُ مَثَلا لِّلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ (11
സത്യ വിശ്വാസികൾക്ക് ഫറോവയുടെ ഭാര്യയെ ഒരു ഉദാഹരണമായി അള്ളാഹു എടുത്ത് കാട്ടുന്നു എന്റെ രക്ഷിതാവേ,നിന്റെ അടുക്കൽ സ്വർഗത്തിൽ എനിക്ക് ഒരു വീട് നീ തയ്യാർ ചെയ്ത് തരേണമേ!ഫിർ ഔനിൽ നിന്നും അവന്റെ പ്രവർത്തനങ്ങളിൽ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ അക്രമികളായ ജനതയിൽ നിന്നും നീ എന്നെ രക്ഷിക്കേണമേ എന്നവർ പറഞ്ഞ സന്ദർഭത്തിൽ
രണ്ട് ചീത്ത സ്ത്രീകളെക്കുറിച്ചുണർത്തിയ ശേഷം രണ്ട് മഹതികളെക്കുറിച്ച് വിവരിക്കുകയാണ് ഫറോവയുടെ ഭാര്യ ആസിയ ബീവിയാണ് അതിലൊന്ന്.അള്ളാഹുവിൽ വിശ്വസിച്ച് ആ വിശ്വാസം സംരക്ഷിക്കാൻ
വലിയ ത്യാഗം അവർ സഹിച്ചു.എല്ലാം അള്ളാഹുവിൽ അർപ്പിക്കുകയും ചെയ്തു .അത് കാരണത്താൽ അവർക്ക് വലിയ പ്രതിഫലം അള്ളാഹു നൽകി
وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ (12
ഇംറാന്റെ മകൾ മർയമിനെയും (അള്ളാഹു ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു) അവരുടെ ഗുഹ്യ സ്ഥാനം അവർ സൂക്ഷിക്കുകയും അങ്ങനെ നമ്മുടെ ആത്മാവിനാൽ നാം അതിൽ ഊതുകയും ചെയ്തു തന്റെ രക്ഷിതാവിന്റെ വചനങ്ങളിലും അവന്റെ വേദങ്ങളിലും അവർ വിശ്വസിക്കുകയും ചെയ്തു അവർ ഭക്തരിൽ പെട്ടവരായിരുന്നു താനും!
അള്ളാഹുവിന്റെ മികച്ച അനുഗ്രഹങ്ങൾക്ക് പാത്രമായ മറ്റൊരു മഹതിയാണ് മര്‍യം ബീവി(റ).അവർ തന്റെ ചാരിത്ര്യ ശുദ്ധി സംരക്ഷിക്കുകയും അള്ളാഹുവിന്റെ കല്പനകളും വേദവാക്യങ്ങളും തികച്ചും പാലിച്ച് പോരുകയും ചെയ്തു.അങ്ങനെ അവർ വമ്പിച്ച
അനുഗ്രഹത്തിനും ആദരവിനും പാത്രമായിത്തീർന്നു.
അള്ളാഹു മഹത്തുക്കൾക്കൊപ്പം നമുക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
1 comment:
alhamdulillah ee vilakk nalla arivinne tharunnu mashkur
Post a Comment