Tuesday, June 16, 2015

അദ്ധ്യായം 53-സൂറത്തുന്നജ്മ്- ഭാഗം-01

മക്കയിൽ അവതരിച്ചു   സൂക്തങ്ങൾ 62


بسم الله الرحمن الرحيم

റഹ് മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു

1.    وَالنَّجْمِ إِذَا هَوَى


(1)
നക്ഷത്രം തന്നെയാണ് സത്യം അത് അസ്തമിക്കുമ്പോൾ

അള്ളാഹു ഒരു വസ്തുവിനെക്കൊണ്ട് സത്യം ചെയ്യുമ്പോൾ അതിൽ പല രഹസ്യങ്ങളും ഖുർആൻ മുന്നോട്ട് വെക്കുന്ന തത്വങ്ങളെ സ്ഥിരീകരിക്കുന്ന പല ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കും. ഉപരി ലോകത്ത് കണക്കറ്റ നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.അവയെല്ലാം അള്ളാഹുവിന്റെ അതി സൂക്ഷമമായ നിരീക്ഷണത്തിന്റെയും അതി ശക്തിയുടെയും തെളിവുകളുമാണ്.നക്ഷത്രം ആകാശത്തിന്റെ മദ്ധ്യത്തിലാവുമ്പോൾ നാലു ദിക്കുകൾ മനസിലാക്കാൻ പ്രയാസമുണ്ട്. എന്നാൽ അത് അസ്തമിക്കാനായി പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴ്ന്നു കൊണ്ടിരിക്കുമ്പോൾ  നാലു ദിക്കുകളും മനസിലാക്കാൻ പ്രയാസമില്ല.അത് മേല്പോട്ട് ഉയരുമ്പോഴും വേഗത്തിൽ ദിക്കുകൾ കണ്ട് പിടിക്കാൻ സാധിക്കും. മരുഭൂമികളിലും സമുദ്രങ്ങളിലും യാത്ര ചെയ്യുന്നവർക്ക് നക്ഷത്രങ്ങളായിരുന്നു പ്രധാന മാർഗദർശകം. നക്ഷത്രം  കൊണ്ട് അവർ ലക്ഷ്യത്തിലെത്തിച്ചേരുന്നു എന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്(16/16)

നക്ഷത്രം  എന്നത് ഒരു വർഗ്ഗത്തെ സൂചിപ്പിക്കുന്നു എന്നാണ് ധാരാളം വ്യാഖ്യാതാക്കൾ പറയുന്നത്. കാർത്തിക നക്ഷത്രം ആണ് ഉദ്ദേശമെന്ന് പറഞ്ഞവരുമുണ്ട്


 2. مَا ضَلَّ صَاحِبُكُمْ وَمَا غَوَى

(2) നിങ്ങളുടെ കൂട്ടുകാരൻ(നബി ()) അറിയാതെ വഴിതെറ്റിയിട്ടില്ല .മന:പൂർവ്വം സത്യ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിച്ചിട്ടുമില്ല

നക്ഷത്രങ്ങളെ കൊണ്ട് സത്യം ചെയ്ത് അള്ളാഹു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്.അതായത് നബി() അബദ്ധമായോ, അറിഞ്ഞു കൊണ്ടോ ഒരു ദുർമാർഗത്തിലും പെട്ടു പോയിട്ടില്ല .ഇമാം ഇബ്നു കസീർ()എഴുതുന്നു. സൂക്തം നബി()ക്കുള്ള സാക്ഷ്യമാണ്.അവിടുന്ന് സന്മാർഗിയും സത്യത്തെ പിന്തുടരുന്നവരുമാണ്. ഒരിക്കലും വഴിതെറ്റിയിട്ടില്ല അതായത് അറിയാതെ അസത്യ വഴിയിൽ സഞ്ചരിച്ചിട്ടില്ല. അറിഞ്ഞു കൊണ്ട് സത്യം മന:സിലായിട്ടും സത്യത്തിൽ നിന്ന് തെറ്റുന്ന സമീപനം സ്വീകരിച്ചിട്ടുമില്ല. സാക്ഷ്യ പത്രം മുഖേന മാർഗഭ്രംശം സംഭവിച്ച ജൂത-കൃസ്ത്യാനികളുടെ നിലപാടുകളിൽ നിന്ന് (സത്യം മനസ്സിലായിട്ടും അത് മറച്ച് വെക്കുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് അവരുടെ നിലപാട്) നബി() ഒഴിവാണെന്നും അള്ളാഹുവിൽ നിന്ന് ലഭിച്ച മാർഗ നിർദേശങ്ങൾ പരിപൂർണ്ണമായി അവിടുന്ന് പാലിക്കുക വഴി നേർമാർഗത്തിലും ഹൃജുവായ പാതയിലും തന്നെയാണ് അവിടുന്ന് നില കൊള്ളുന്നതെന്നുമുള്ള സന്ദേശം നൽകുന്നു(ഇബ്നു കസീർ 4/359


 3. وَمَا يَنطِقُ عَنِ الْهَوَى

(3)
നബി() ദേഹേച്ഛക്കൊത്ത് സംസാരിക്കുകയില്ല

നബി()ക്ക് അല്പം പോലും അബദ്ധം പറ്റിയില്ലെന്ന് മുൻ സൂക്തത്തിൽ വ്യക്തമാക്കിയല്ലോ. അതിന്റെ സ്ഥിരീകരണമാന് വാക്യം. ഒരിക്കലും സ്വന്തം താല്പര്യാർത്ഥം നബി() ഒന്നും സംസാരിക്കുകയില്ല .ഇമാം റാസി()എഴുതുന്നു,,രണ്ടാം സൂക്തത്തിൽ നബി()സഞ്ചരിക്കുന്ന മാർഗ്ഗം വളരെ ശരിയായിട്ടുള്ളതാണെന്നും അതിൽ അവിടുത്തേക്ക് അബദ്ധം അശേഷം സംഭവിച്ചിട്ടില്ലെന്നും സൂചിപ്പിച്ച അള്ളാഹു അതിന്റെ സ്ഥിരീകരണമാണ് മൂന്നാം സൂക്തത്തിൽ പറയുന്നത്.അഥവാ ഒരു ലക്ഷ്യത്തിലെത്താനായി ഒരു വഴി അന്വേഷിക്കുന്ന വ്യക്തി ചിലപ്പോൾ വഴിയൊന്നും കാണാതെ വിഷമിച്ചേക്കാം .ചിലപ്പോൾ വഴി കണ്ടെത്തിയെങ്കിലും അത് വിദൂരവും പ്രയാസമേറിയതുമായെന്നു വരാം. ചിലപ്പോൾ ലഭ്യമായ വഴി വിശാലവും നിർഭയവുമാണെങ്കിലും വലത്തോട്ടോ ഇടത്തോട്ടോ തെറ്റി ദൂരം കൂടിയെന്നു വരാം, അപ്പോൾ ലക്ഷ്യ സ്ഥാനത്തെത്തുന്നത് താമസിക്കും.എന്നാൽ കൃത്യമായ വഴിയിലൂടെയാണ് സഞ്ചാരമെങ്കിൽ നിഷ്‌പ്രയാസം ലക്ഷ്യത്തിലെത്താം.. ! ഈ ഉദാഹരണത്തിലൂടെ മഹാൻ പറയുന്നത് നബി() ജനങ്ങളെ ഉൽബോധിപ്പിച്ച് സത്യത്തിലെത്തിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഇതിൽ ഒരു പിഴവും പറ്റാതിരിക്കുക വഴി അള്ളാഹു അവിടുത്തെ സംരക്ഷിച്ചിരിക്കുന്നു. കാരണം അവിടുന്ന് സ്വന്തം ഇഷ്ട പ്രകാരം ഒന്നും സംസാരിക്കുന്നില്ല പ്രത്യുത അള്ളാഹുവിന്റെ നിർദ്ദേശം അനുസരിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ


 4.إِنْ هُوَ إِلَّا وَحْيٌ يُوحَى


(4)
അത് അവിടുത്തേക്ക് നൽകപ്പെടുന്ന ദിവ്യ ബോധനം മാത്രമാണ്

അള്ളാഹുവിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ അല്പം പോലും കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ അവിടുന്ന് ജനങ്ങളിലേക്ക് എത്തിക്കുകയും പ്രബോധനം നടത്തുകയും ചെയ്തു. ഇബ്നു കസീർ()എഴുതുന്നു.. അബ്ദുള്ളാഹിബ്നു അംറ് () പറഞ്ഞു, ‘ഞാൻ നബി()യിൽ നിന്ന് കേൾക്കുന്നതെല്ലാം മന:പാഠമാക്കാൻ ഉദ്ദേശിച്ചു കൊണ്ട് എഴുതുമായിരുന്നു.അപ്പോൾ ഖുറൈശികളിൽ ചിലർ എന്നെ എഴുതുന്നതിൽ നിന്ന്  വിലക്കി നബി() ഒരു മനുഷ്യനല്ലേ. ദേഷ്യം വരുമ്പോൾ സംസാരിക്കുന്നത് ശരിയാവാതിരിക്കാൻ സാദ്ധ്യതയുണ്ടല്ലോ (അത് കൊണ്ട് പറയുന്നതൊക്കെ എഴുതരുത്) അപ്പോൾ ഞാൻ എഴുത്ത് നിർത്തുകയും നബി()യോട് വിവരം പറയുകയും ചെയ്തു. അപ്പോൾ നബി() എന്നോട് പറഞ്ഞു. “നീ എഴുതുക. അള്ളാഹുവാണേ സത്യം .സത്യമായ വാക്കല്ലാതെ എന്നിൽ നിന്ന് പുറത്ത് വരില്ല“ ,ഇമാം അബൂദാവൂദ് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബൂ ഹുറൈറ:()പറഞ്ഞു ‘ഞാൻ സത്യമേ പറയൂ എന്ന് നബി() പറഞ്ഞു. അപ്പോൾ ചില ശിഷ്യന്മാർ ചോദിച്ചു അവിടുന്ന് ഞങ്ങളോട് തമാശ പറയാറുണ്ടല്ലോ. നബി() പറഞ്ഞത് ഞാൻ സത്യമല്ലാതെ പറയില്ല. (തമാശ പോലും സത്യമായതേ പറയൂ. ഇമാം അഹ്്മദ്() ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നു കസീർ 4/359) തമാശയിലും ദേഷ്യത്തിലും സംസാരിക്കുന്നത് പോലും സത്യം മാത്രം ആവും വിധത്തിൽ നബി()യെ അള്ളാഹു സംരക്ഷിച്ചു എന്ന് ചുരുക്കം. ഇമാം റാസി()എഴുതുന്നു. ഇത് ശത്രുക്കളുടെ പ്രചരണത്തിനുള്ള ശക്തമായ മറുപടിയാണ്. നബി()യുടെ വാക്കുകൾ ജോത്സ്യന്മാരുടെ വാക്കുകളാണെന്നും കവികളുടെ വാക്കുകകളാണെന്നൊക്കെ അവർ പറഞ്ഞിരുന്നു. എന്നാൽ ഇത് അത്തരം വാക്കുകളല്ലെന്നു മാത്രമല്ല ദൈവിക സന്ദേശങ്ങൾ മാത്രമാവുന്നു. വെറും “വഹ് യ്“ എന്ന് മാത്രം പറഞ്ഞ് നിർത്താതെ ദിവ്യബോധനം നൽകപ്പെട്ടു എന്ന് കൂടി പറഞ്ഞത് ഇത് ആലങ്കാരികമായി പറഞ്ഞതല്ലെന്ന് തെളിയിക്കാനാണ്. കാരണം ശക്തമായി ഓടുന്ന കുതിരയെ സംബന്ധിച്ച് ചിലപ്പോൾ പറക്കുന്ന പക്ഷി എന്ന് ആലങ്കാരികമായി പറയും. അത്തരം അലങ്കാരമല്ല തികച്ചും ദിവ്യ ബോധനമെന്ന ആധികാരിക അറിവ് തന്നെയാണ് തങ്ങൾക്കുള്ളതെന്ന്സൂചിപ്പിക്കുകയാണിവിടെ (റാസി28/268)5.عَلَّمَهُ شَدِيدُ الْقُوَى

(5)ശക്തമായ കഴിവുള്ള ഒരാൾ അവിടുത്തേക്ക് അത് പഠിപ്പിച്ചിരിക്കുന്നു

അള്ളാഹുവിൽ നിന്ന് നബി() ജനങ്ങളിലേക്ക് എത്തിക്കുന്ന കാര്യങ്ങളെല്ലാം ശക്തനായ ജിബ്‌രീൽ () ആണ് നബി()ക്ക് പഠിപ്പിക്കുന്നത്. ഇമാം ബൈളാവി()എഴുതുന്നു. ഈ ശക്തൻ ജിബ്‌രീൽ()ആണ്. കാരണം അമാനുഷികങ്ങൾ വെളിപ്പെടുത്തുന്നതിലെ മാദ്ധ്യമമാണ് ജിബ് രീൽ(). ലൂഥ് നബി()ന്റെ ഗ്രാമം പറിച്ചെടുത്ത് മേലോട്ടുയർത്തിപ്പിടിച്ച് അവരുടെ മുകളിൽ തന്നെ മറിച്ചിട്ടതും തന്റെ ഒരൊറ്റ ശബ്ദം കൊണ്ട് സമൂദ് വിഭാഗത്തെ തകർത്തതും അദ്ദേഹത്തിന്റെ ശക്തിയുടെ തെളിവാണ് (ബൈളാവി 2/438)


  6.ذُو مِرَّةٍ فَاسْتَوَى

(6)(
അതെ) തികഞ്ഞ ബുദ്ധിശക്തിയും പ്രാബല്യവുമുള്ള ഒരാൾ.അങ്ങനെ അവിടുന്ന് ശരിയായി നില കൊണ്ടു.(സാക്ഷാൽ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു)

മി :എന്ന പദത്തിനു ബുദ്ധി ശക്തി, സൌന്ദര്യമുള്ള പ്രകൃതി എന്നെല്ലാം അർത്ഥമുണ്ട്. ജിബ്‌രീൽ() ശക്തനും സൌന്ദര്യ പ്രകൃതിയുള്ളവരുമാണെന്ന് ചുരുക്കം. ശക്തനും പല വിധ കഴിവുകളുള്ളവരുമായ  ജിബ്‌രീൽ() ആണ്  അത് നബി()ക്ക് പഠിപ്പിക്കുന്നത് . ജിബ്‌രീൽ() എന്ന മലക്കാണ് അള്ളാഹുവിന്റെ അനുമതി പ്രകാരം സന്ദേശം നബി()ക്ക് എത്തിച്ചു കൊടുക്കുന്നതെന്ന് ഖുർആൻ 2/97-ൽകാണാം വിശ്വസ്ഥനായ ആത്മാവ് എന്ന് 26/193-ലും പരിശുദ്ധാത്മാവ് എന്ന് 16/102-ലും ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്


 7.وَهُوَ بِالْأُفُقِ الْأَعْلَى

(7)
അദ്ദേഹം സമുന്നത നഭോ മണ്ഡലത്തിലായ സ്ഥിതിയിൽ

നബി()ക്ക് ആദ്യമായി  ഖുർആനിൽ നിന്ന് അവതരിച്ചത് സൂറത്തുൽ അലഖി‘ന്റെ ആദ്യ ഭാഗമായിരുന്നുവെന്നത് എല്ലാവർക്കും അറിയാമല്ലോ.പിന്നീട് കുറേ നാളത്തേക്ക്  തീരേ വഹ്‌യുമായി ജിബ്്രീൽ() വന്നില്ല. ഇതിൽ നബി()ക്ക് വലിയ വിഷമം അനുഭവപ്പെട്ടു. അങ്ങനെ ഒരിക്കൽ ജിബ്‌രീൽ() തന്റെ ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു അപ്പോൾ അദ്ദേഹത്തിനു 600 ചിറകുകളുണ്ടായിരുന്നു ആകാശ ഭൂമിക്കിടയിൽ -വായു മണ്ഡലത്തിൽ -ഒരു പീഠത്തിലിരിക്കുന്ന അവസ്ഥയിയിലായിരുന്നു പ്രത്യക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ വമ്പിച്ച സൃഷ്ടി രൂപം ചക്ര വാളത്തിന്റെ ഉപരിഭാഗം മുഴുവനും മൂടും വിധത്തിലായിരുന്നു ഇതിനെ സംബന്ധിച്ചാണ്  ആറാം വാക്യത്തിന്റെ അവസാനത്തിലും ഏഴാം വാക്യത്തിലും പരാമർശിക്കുന്നത്. ജിബ്‌രീ()നെ തന്റെ സാക്ഷാൽ രൂപത്തിൽ നബി() അല്ലാത്ത ഒരു പ്രവാചകനും കണ്ടിട്ടില്ല നബി() രണ്ട് തവണ ജിബ് രീൽ()നെ കണ്ടിട്ടുണ്ട് (ബൈളാവി 2/438)


 8.ثُمَّ دَنَا فَتَدَلَّى

(8)
പിന്നീട് അദ്ദേഹം അടുത്തു. കൂടുതൽ അടുത്തു വന്നു

ചക്ര വാളത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ജിബ്‌രീൽ() നബി()യോട് വളരെ അടുത്ത് വന്നു

 9.فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَى(9)എന്നിട്ട് രണ്ട് വില്ലിന്റെ അളവിലായി.അല്ലെങ്കിൽ അതിലും കൂടുതൽ അടുപ്പത്തിലായിത്തീർന്നു

രണ്ട് വസ്തുക്കൾ തമ്മിലൂള്ള അടുപ്പത്തിന്റെ അങ്ങേ അറ്റം കാണിക്കാനുള്ള ഒരു അലങ്കാര പ്രയോഗമാണിത്


 10. فَأَوْحَى إِلَى عَبْدِهِ مَا أَوْحَى(10)എന്നിട്ടദ്ദേഹം അള്ളാഹുവിന്റെ ദാസനു ബോധനം നൽകിയതെല്ലാം ബോധനം നൽകി

അങ്ങനെ വളരെയധികം അടുത്ത ശേഷം നബി()ക്ക് ജിബ്‌രീൽ()  അള്ളാഹുവിൽ നിന്നുള്ള ദിവ്യ ബോധനം നൽകി  അത് എന്തൊക്കെയാണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല. നൽകപ്പെടുന്ന ബോധനത്തിന്റെ വൈപുല്യവും ബഹുമാനവും സൂചിപ്പിക്കാനാണിങ്ങനെയൊരു പ്രയോഗം എന്ന് ഇമാം ബൈളാവി എഴുതുന്നുണ്ട്


 11.مَا كَذَبَ الْفُؤَادُ مَا رَأَى


11)അവിടുന്ന് കണ്ടതിനെ അവിടുത്തെ ഹൃദയം നിഷേധിച്ചിട്ടില്ല

നബി() കണ്ണ് കൊണ്ട് കണ്ടതിനെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നി അതിനെ അവിടുത്തെ ഹൃദയം നിഷേധിച്ചിട്ടില്ല മറിച്ച് അത് സത്യം തന്നെയെന്ന് അവിടുത്തേക്ക് ബോധ്യപ്പെടുക തന്നെ ചെയ്തു


 12فَتُمَارُونَهُ عَلَى مَا يَرَى

(12) എന്നിരിക്കെ താൻ കാണുന്നതിന്റെ പേരിൽ അവിടുത്തോട് നിങ്ങൾ സംശയിച്ച് തർക്കിക്കുകയാണോ?

നബി()ക്ക് ലഭിച്ച ദർശനത്തെ സംബന്ധിച്ച് അവിടുത്തേക്ക് ഉറപ്പുള്ള സ്ഥിതിക്ക് ഒന്നുമറിയാതെ നിങ്ങൾ അത് നിഷേധിക്കുകയും നബി()യോട് തർക്കിക്കുകയും ചെയ്യുന്നത് ഒട്ടും ശരിയായ രീതിയല്ല


13. وَلَقَدْ رَآهُ نَزْلَةً أُخْرَى(13)നിശ്ചയമായും മറ്റൊരു പ്രാവശ്യവും നബി() അദ്ദേഹത്തെ(ജിബ് രീൽ()നെ)കണ്ടിട്ടുണ്ട്

നബി() ജിബ്‌രീൽ() നെ സാക്ഷാൽ രൂപത്തിൽ കണ്ട രണ്ടാമത്തെ സന്ദർഭമാണിവിടെ വിവരിക്കുന്നത്


 14. عِندَ سِدْرَةِ الْمُنْتَهَى

(14) സിദ് റത്തുൽ മുൻ തഹായുടെ അടുത്ത് വെച്ച്

അറ്റത്തെ ഇലന്തമരം എന്നാണ് ഈ വാക്കിന്റെ അർത്ഥം.മുകളിൽ നിന്ന് താഴോട്ടിറങ്ങുന്ന കാര്യങ്ങളും താഴേ നിന്ന് മുകളിലോട്ടുയരുന്ന കാര്യങ്ങളും ചെന്നവസാനിക്കുന്ന കേന്ദ്രമാണതെന്ന് ഹദീസിൽ പ്രസ്താവിച്ചത് കാണാം അതാണ് അറ്റം എന്നതിന്റെ സാരം. അദൃശ്യ ലോകത്തുള്ള ഈ അത്ഭുത മരത്തെക്കുറിച്ച് മിഅ്റാജിന്റെ യാത്രയിൽ കണ്ട കാഴ്ച വിവരിച്ചു കൊണ്ട് നബി()പറയുന്നു, ‘പിന്നീട് ഞാൻ സിദ്റതുൽ മുൻത ഹായിലേക്ക് ഉയർത്തപ്പെട്ടു.അപ്പോഅതിന്റെ പഴങ്ങൾ ഹജർ നാട്ടിലെ തോല്പാത്രങ്ങൾ പോലെയും ഇലകൾ ആനയുടെ ചെവികൾ പോലെയുമിരിക്കുന്നു‘ (ബുഖാരി,മുസ് ലിം)


15. عِندَهَا جَنَّةُ الْمَأْوَى

(15) അതിന്റെ അടുത്താണ് ആവാസത്തിന്റെ സ്വർഗ്ഗം

ഇവിടെ പറഞ്ഞ സ്വർഗം കൊണ്ട് എന്താണ് ഉദ്ദേശ്യമെന്നതിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട് ദൈവ ഭക്തിയിൽ ജീവിച്ചവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സാക്ഷാൽ സ്വർഗ്ഗമാണെന്നും രക്ത സാക്ഷികളുടെ ആത്മാക്കൾക്കുള്ള ആവാസ കേന്ദ്രമെന്നും മാലാഖമാർക്കുള്ള പ്രത്യേക കേന്ദ്രമെന്നും അഭിപ്രായമുണ്ട്(റാസി28/276)


16. إِذْ يَغْشَى السِّدْرَةَ مَا يَغْشَى

(16)
അതായത് ഇലന്ത മരത്തെ അനാവരണം ചെയ്തതെല്ലാം ആവരണം ചെയ്തിരുന്നപ്പോൾ

നബി() മിഅ്റാജിന്റെ യാത്രയിൽ സിദ്റത്തുൽ മുൻതഹാ എന്ന മരത്തിനടുത്തെത്തിയപ്പോൾ അതിനെ പലതും ആവരണം ചെയ്തു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണെന്ന വിഷയത്തിൽ വ്യത്യസ്ത വീക്ഷണമുണ്ട്. ഇമാം റാസി()എഴുതുന്നു ..”സ്വർണ്ണത്തിന്റെ വെട്ടു കിളികളെയും പക്ഷിക്കൂട്ടങ്ങളെയും ആ മരത്തിൽ നിറച്ചു എന്നാണ് ഒരു വീക്ഷണം.പക്ഷിക്കൂട്ടങ്ങളെ പോലെ മാലാഖമാർ മരത്തെ പൊതിഞ്ഞു എന്നാണ് മറ്റൊരു വീക്ഷണം.വിശ്വാസികൾ കഅ്ബയെ സന്ദർശിക്കുമ്പോലെ മലക്കുകൾ അനുഗ്രഹം തേടി ഇവിടെ സന്ദർശകരായി എത്തുന്നു അള്ളാഹുവിന്റെ പ്രകാശമാണ് മരത്തെ ആവരണം ചെയ്തതെന്നാണ് മൂന്നാം വീക്ഷണം അതെന്താണെന്ന് പറയാനാവാത്ത അത്രയും അത്ഭുതകരാമായത് ആവരണം ചെയ്തു എന്ന് നാലാം വീക്ഷണം

 17. مَا زَاغَ الْبَصَرُ وَمَا طَغَى

(17)നബി()യുടെ കാഴ്ച തെറ്റിപ്പോയിട്ടില്ല.അത് ക്രമം വിട്ടിട്ടുമില്ല

കാഴ്ച തെറ്റിപ്പോയിട്ടില്ല എന്ന് പറഞ്ഞത് നബി()യുടെ കാഴ്ച തെട്ടിപ്പോയിട്ടില്ലെന്നാണെന്നും സ്ഥലത്ത് ഒരു കാഴ്ചയും തെറ്റിപ്പോവുകയില്ലെന്നും രണ്ട് വീക്ഷണമുണ്ട്. ഒന്നാം വ്യാഖ്യാനമനുസരിച്ച് സിദ്റത്തുൽ മുൻ തഹയെ ആവരണം ചെയ്ത അത്ഭുതങ്ങൾ സ്വർണ്ണത്തിന്റെ വെട്ട് കിളിയോ പക്ഷിയോ ആണെന്ന വീക്ഷണമനുസരിച്ച് അത് കണ്ടപ്പോൾ നബി() അതിൽ മതിമറന്ന് അള്ളാഹുവെ വിസ്മരിച്ചില്ല. എന്നല്ല ഭൌതിക സംവിധാനത്തിൽ അശേഷം തങ്ങളുടെ കണ്ണ് മഞ്ഞളിച്ചില്ല .അത് നബി()ക്കുള്ള വലിയൊരു പരീക്ഷണമായിരുന്നു.അതിൽ നബി() വിജയിച്ചു എന്ന സാക്ഷ്യമാണിത്.അള്ളാഹുവിന്റെ പ്രകാശമാണ് ആവരണം ചെയ്തതെന്ന വീക്ഷണമനുസരിച്ച് ഇടത്തോട്ടും വലത്ത് നോക്കി തന്റെ ശ്രദ്ധ അള്ളാഹു ഇഷ്ടപ്പെടുന്ന സ്ത്ഥിതിയിൽ നിന്ന് മറ്റൊന്നിലേക്ക് തിരിച്ചില്ല മറിച്ച് പ്രഭ സാകൂതം വീക്ഷിച്ചു കൊണ്ടേയിരുന്നു എന്നാണ് അർത്ഥം .മൂസ() അള്ളാഹുവിന്റെ പ്രഭ പർവതത്തിലേക്ക് പ്രത്യക്ഷപ്പെടുന്നത് കണ്ടപ്പോൾ ബോധം കെട്ടത് പോലെ നബി()ക്ക് ഒരു പ്രയാസവുമുണ്ടായില്ല എന്നും വ്യാഖ്യാനമുണ്ട്.നബി()ലക്ഷ്യത്തിൽ നിന്ന് തെറ്റിയില്ലാ എന്ന ഒന്നാം വ്യാഖ്യാനം അവിടുത്തെ അദബിന്റെ തെളിവാണെന്നും ബോധക്ഷയമുണ്ടായില്ല എന്ന വ്യാഖ്യാനം നബി()യുടെ ശക്തിയുടെ രേഖയാണെന്നും സൂചനയുണ്ട് ഒരു കാഴ്ചയും ഇവിടെ തെറ്റുകയില്ല എന്ന രണ്ടാം വീക്ഷണമനുസരിച്ച് ആ സ്ഥലത്തിന്റെ ഗാംഭീര്യം കാരണം ഒരു കാഴ്ചയും തെറ്റുകയില്ല എന്നാണ് ഉദ്ദേശ്യം (റാസി28/277)


 18. لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى

(18) നിശ്ചയമായും തന്റെ രക്ഷിതാവിന്റെ അതി മഹത്തായ ദ്ര്ഷ്ടാന്തങ്ങളിൽ നിന്ന് പലതും നബി(സ) കാണുകയുണ്ടായി

അള്ളാഹുവിന്റെ തെളിവുകളിൽ നിന്ന് ധാരാളം കാര്യങ്ങൾ കണ്ടു എന്നതിനു അദ്ര്ശ്യ ലോകത്തെയും മറ്റും ധാരാളം അത്ഭുതങ്ങൾ എന്നും സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു പച്ചപ്പരവതാനി ചക്രവാളത്തെ മൂടും വിധത്തിൽ കണ്ടു എന്നും ജിബ് രീൽ()നെ സാക്ഷാൽ രൂപത്തിൽ കണ്ടു എന്നും വ്യാഖ്യാനമുണ്ട് (ബൈളാവി/ഥിബ്്രി)

നബി(സ)യുടെ ഒരു പാട് പ്രത്യേകതകളും അവിടുത്തേക്ക് അള്ളാഹു നൽകിയ സവിശേഷ മഹത്വങ്ങളുമാണിവിടെ പറഞ്ഞിട്ടുള്ളത്.അവിടുത്തെ ഉന്നതമായ വ്യക്തിത്വം അർഹമായി ഉൾക്കൊള്ളാൻ അള്ളാഹു നമ്മെ സഹായിക്കട്ടെ ആമീൻ

അടുത്ത ഭാഗങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക >>>    ഭാഗം-02 , ഭാഗം-03 ,ഭാഗം-04
3 comments:

വഴികാട്ടി / pathfinder said...

സൂറത്ത് നജ്ം ഭാഗം 01

muhammed shareef said...

ആവശ്യമുളള സൂറത്ത് തെങ്ങുക്കാനുള്ള ഒരു വഴിയും കാണുന്നില്ലല്ലോ

വഴികാട്ടി / pathfinder said...

തിരയാൻ എന്നാണോ ഉദ്ദേശിച്ചത് ? ബ്ലോഗിന്റെ വലത് ഭാഗത്ത് എല്ലാ സൂറത്തുകളുടെയും ലിങ്ക് കൊടുത്തിട്ടുണ്ട് @ muhamme shareef