Saturday, August 15, 2015

അദ്ധ്യായം 53 -സൂറത്തുന്നജ്മ്- ഭാഗം-03


മക്കയിൽ അവതരിച്ചു  - സൂക്തങ്ങൾ 62
(32 മുതൽ  39  വരെ സൂക്തങ്ങളുടെ വ്യാഖ്യാനം )

بسم الله الرحمن الرحيم


റഹ് മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു





32. الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ فَلَا تُزَكُّوا أَنفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى

(32) (
നന്മ ചെയ്യുന്നവർ) വലിയ പാപങ്ങളും നീച വൃത്തികളും വിട്ട് അകന്ന് നിൽക്കുന്നവരാണ് പക്ഷെ നിസ്സാര തെറ്റുകൾ ഒഴികെ(അത് സംഭവിച്ചേക്കാം) താങ്കളുടെ രക്ഷിതാവ് പാപം പൊറുക്കുന്നതിൽ വിശാലത കാണിക്കുന്നവൻ തന്നെയാണ്. ഭൂമിയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ച  അവസരത്തിലും നിങ്ങൾ മാതാക്കളുടെ ഉദരങ്ങളിൽ ഗർഭസ്ഥ ശിശുക്കളായിരുന്നപ്പോഴും (എല്ലാം തന്നെ)നിങ്ങളെക്കുറിച്ച് അവൻ ഏറ്റവും അറിയുന്നവനാകുന്നു അത് കൊണ്ട് സ്വന്തത്തെ നിങ്ങൾ പരിശുദ്ധരാക്കി ഉയർത്തികാട്ടരുത്.ഭയ ഭക്തിയുള്ളവനെക്കുറിച്ച്  അവൻ ഏറ്റവും അറിയുന്നവനാകുന്നു

നന്മ ചെയ്യുന്നവരുടെ സ്വഭാവ ഗുണമാണ് സൂക്തത്തിന്റെ ആദ്യത്തിൽ പ്രസ്താവിച്ചിരിക്കുന്നത്  മനുഷ്യ സഹജമായ വല്ല നിസ്സാര തെറ്റുകുറ്റങ്ങളും അവരുടെ പക്കൽ നിന്ന് സംഭവിച്ചേക്കാമെന്നല്ലാതെ വലിയ കുറ്റങ്ങളോ നീച വൃത്തികളോ അവർ ചെയ്യുന്നതല്ല (അതിൽ നിന്നെല്ലാം അവർ ഒഴിഞ്ഞു നിൽക്കും) ശിക്ഷയെക്കുറിച്ച് പ്രത്യേകമായി താക്കീത് ചെയ്യപ്പെട്ട എല്ലാ കാര്യങ്ങളും വലിയ പാപങ്ങളിൽ പെടുന്നു.അതിൽ പെട്ട നികൃഷ്ട കാര്യങ്ങൾക്കാണ് നീചവൃത്തികൾ എന്ന് പറയുന്നത് പൊതുവിൽ വിരോധിക്കപ്പെട്ടതാണെങ്കിലും മനുഷ്യരിൽ സാധാരണ ഗതിയിൽ  സഭവിച്ചേക്കാവുന്ന നിസ്സാര തെറ്റുകളാണ്  ‘ലമം‘ എന്ന് പറഞ്ഞത്. വലിയ കുറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവരിൽ വന്നേക്കാവുന്ന ചെറുകുറ്റങ്ങൾ അവരുടെ സൽകർമങ്ങൾ മുഖേനയും മറ്റും അള്ളാഹു പൊറുത്തു കൊടുക്കും എന്ന് സാരം. ആശയം  സൂറത്തു ന്നി സാ അ് 31 മത് വാക്യത്തിൽ അള്ളാഹു പറയുന്നു


ان تجتنبوا كبائر ماتنهون عنه نكفر عنكم سيئاتكم وندخلكم مدخلا كريما

നിങ്ങളോട് വിരോധിക്കപ്പെടുന്ന വൻ പാപങ്ങൾ നിങ്ങൾ വർജ്ജിക്കുന്ന പക്ഷം  നിങ്ങളുടെ തിന്മകളെ നിങ്ങളിൽ നിന്ന് നാം മായ്ച്ചു കളയും.മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും)

ഇമാം ഖുർത്വുബി() എഴുതുന്നു. “വലിയ പാപം എന്ന് പറഞ്ഞത് ശിർക്ക് ആണ്.നീച വൃത്തി എന്നത് വ്യഭിചാരവും. ഇബ്നു അബ്ബാസ്()ന്റെ വ്യാഖ്യാനമാണിത്.നരകത്തിലെത്തിക്കുന്ന എല്ലാ കുറ്റവുമാണ് വൻ പാപം. ഇസ്ലാമിക് കോടതിയിൽ ശിക്ഷ ലഭിക്കാവുന്ന എല്ലാ തെറ്റുകളും നീച വൃത്തിയും“ മുഖാതിൽ(റ) എന്നവരുടെ വ്യാഖ്യാനമാണിത്. പാപമാണെങ്കിലും നേരത്തെ പറഞ്ഞ ഇനത്തിൽ വരാത്തതും പലപ്പോഴും സഭവിച്ചേക്കാവുന്നതുമാണ് ‘ലമം‘ എന്ന് പറഞ്ഞത് പറ്റിപ്പോയ തെറ്റിൽ ഉടനെ തന്നെ പശ്ചാത്തപിക്കുകയും പിന്നീട് ആ തെറ്റിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുന്നതിനാണ് ‘ലമം‘ എന്ന് പറയുക എന്ന വ്യാഖ്യാനം മുജാഹിദ്() ഹസൻ() എന്നിവർക്കുണ്ട്  താങ്കളുടെ രക്ഷിതാവ് പാപം പൊറുക്കുന്നതിൽ വിശാലത കാണിക്കുന്നവൻ തന്നെയാണ് എന്ന ഭാഗം ഇതിലേക്കാണ് സൂചന നൽകുന്നത്  (ഖുർത്വുബി 9/79)

അള്ളാഹു പാപം പൊറുക്കുന്നതിൽ വിശാലത കാണിക്കുന്നവനാണ് എന്ന ഭാഗം സവിശേഷ ശ്രദ്ധയാകർഷിക്കേണ്ട പരാമർശമാണ്.തെറ്റു ചെയ്തു പോയവർക്കുള്ള ഒരു ആശ്വാസ വചനമാണത്.കാരണം സാഹചര്യത്തിന്റെ സമ്മർധത്താലാണ് പലരും ആദ്യമാദ്യം തിന്മകളിൽ ചെന്ന് പെടുന്നത്.തെറ്റിന്റെ ചെളിക്കുണ്ടിൽ വീണു പോയ എനിക്ക് ഇനി ഒരു രക്ഷയുമില്ല എന്ന നിരാശയാണ് പലരെയും പിന്നീട് ആ തെറ്റിൽ തന്നെ മുഴുകാനും കുറ്റങ്ങളുടെ കൂട്ടുകാരനാവാനും പ്രേരിപ്പിക്കുന്നത്.എന്റെ ദോഷം പൊറുപ്പിക്കാനും  ശേഷം നല്ലവനായി ജീവിക്കാനും ഒരു അവസരമുണ്ടെന്ന തിരിച്ചറിവ് പലരേയും നല്ല ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന കാര്യം ഉറപ്പാണ്

‘തെറ്റു ചെയ്ത് ശരീരത്തോട് അതിക്രമം കാണിച്ച അടിമകളേ!നിങ്ങൾ അള്ളാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിരാശരാകരുത്.അള്ളാഹു എല്ലാ ദോഷങ്ങളും പൊറുക്കുമെന്ന ..”
സൂറത്തുസ്സുമർ 53 മത് സൂക്തം ഈ ആശയം കൂടുതൽ വ്യക്തമാക്കുന്നതാണ്. നൂറു പേരെ കൊലപ്പെടുത്തിയ ഒരു മനുഷ്യൻ പശ്ചാത്തപിച്ചപ്പോൾ അവനെ പോലും അള്ളാഹു സ്വീകരിച്ചു എന്ന് അറിയിക്കുന്ന നബി വചനവും (ബുഖാരി)  മനുഷ്യൻ തെറ്റു ചെയ്യുമെന്നും തെറ്റു ചെയ്യുന്നവരിൽ ഉത്തമൻ പശ്ചാത്തപിക്കുന്നവനാണെന്നുമുള്ള നബി വചനവും (ബൈഹഖി/തുർമുദി)
 നന്നാവാൻ ചിന്തിക്കുന്നവർക്ക് സന്തോഷം നൽകുന്ന സന്ദേശം തന്നെ!

ഭൂമിയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ച അവസരത്തിലും നിങ്ങൾ മാതാക്കളുടെ ഉദരങ്ങളിൽ ഗർഭസ്ഥ ശിശുക്കളായിരുന്നപ്പോഴും നിങ്ങളെക്കുറിച്ച് അവൻ ഏറ്റവും അറിയുന്നവനാണെന്ന“  ഭാഗം ധാരാളം തെറ്റായ ധാരണകൾക്കുള്ള മറുപടിയാണ്,
ഇമാം റാസി () എഴുതുന്നു “ചില അവിശ്വാസികൾ പറഞ്ഞു .ഞങ്ങൾ രാത്രിയുടെ ഇരുട്ടിലും വീടിന്റെ  സ്വകാര്യതയിലും ചെയ്യുന്ന പ്രവൃത്തികൾ അള്ളാഹു എങ്ങനെ അറിയാനാണ്?. അതിന്റെ മറുപടിയാണിത്.നിങ്ങൾ ഇപ്പോൾ ചെയ്യുന്നവ മാത്രമല്ല മാതാവിന്റെ ഗർഭ പാത്രത്തിൽ കിടക്കുന്ന സമയത്തെ പോലും നിയന്ത്രിക്കുന്നത് അള്ളാഹുവാണ്. അതിനാൽ അവൻ അറിയാത്ത ഒരു അവസ്ഥയും നിങ്ങൾക്കില്ല മറ്റൊന്നു കൂടി അവർ ചോദിക്കുന്നു ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം തരണമെങ്കിൽ മരണ ശേഷം പുനർജന്മം നടക്കേണ്ടതുണ്ടല്ലോ എന്നാൽ മണ്ണിൽ അലിഞ്ഞു ചേർന്ന ശരീര ഭാഗങ്ങൾ ഓരോരുത്തരുടെതും തെറ്റാതെ സംവിധാനിക്കാൻ സാദ്ധ്യമല്ല അതിനാൽ പുനർജന്മവും പ്രതിഫല സംവിധാനവും അസംഭവ്യമാണ്.ഇതിന്റെ മറുപടി കൂടിയാണിത്.ശൂന്യതയിൽ നിന്ന് നിങ്ങൾക്ക് ജന്മം തന്ന അള്ളാഹുവിനു നിങ്ങൾ എവിടെ പോയാലും നിങ്ങളെ കണ്ടെത്തുക എന്നത് പ്രയാസമല്ല.കാരണം അവന്റെ നിങ്ങളെക്കുറിച്ചുള്ള അറിവ് നിങ്ങളെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നുണ്ട്(റാസി 29/10)

ആ നാഥൻ എന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുവെന്ന ബോധം എത്ര സ്വകാര്യതയിലും നമ്മുടെ ജീവിതം കുറ്റമറ്റതും ലക്ഷ്യ ബോധത്തിലധിഷ്ഠിതവുമാക്കാൻ മനുഷ്യനെ പ്രേരിപ്പിക്കേണ്ടതാണ്       

ആള്ളാഹു മനുഷ്യന്റെ ഓരോഘട്ടവും നിയന്ത്രിക്കുകയും അവനെ വിശദമായി അറിയുന്നവനുമാണ് അത് കൊണ്ട് സ്വന്തം നന്മകൾ എടുത്തു കാട്ടി ആത്മ പ്രശംസ ചെയ്യരുത്.നിങ്ങളുടെ വലിപ്പവും മഹത്വവും എത്രയുണ്ടെന്ന് അള്ളാഹുവിനു നല്ല പോലെ അറിയും.ഭക്തിയുടെ വർദ്ധനവാണ് മഹത്വത്തിന്റെ മാനദണ്ഡം.മറ്റേത് കാര്യവും പോലെ ഓരോരുത്തരിലും അത് എത്ര അളവിലുണ്ടെന്ന് അള്ളാഹുവിനു നന്നായി അറിയാം

ഇമാം ഇബ്നു കസീറർ () എഴുതുന്നു..“നിങ്ങൾ സ്വന്തത്തെ പരിശുദ്ധരാക്കി പൊക്കികാട്ടരുതെ എന്ന് പറഞ്ഞതിന്റെ അർത്ഥം സ്വന്തത്തെ നിങ്ങൾ പ്രശംസിക്കരുത്.നിങ്ങളുടെ പ്രവർത്തനങ്ങളുടെ പേരിൽ പൊങ്ങച്ചം നടിക്കുകയുമരുത്.(കാരണം നമ്മുടെ പ്രവർത്തനങ്ങൾ ആത്യന്തികമായി സ്വീകാര്യമാണൊ, എന്ന് അള്ളാഹുവിനു മാത്രമേ അറിയൂ) മുഖസ്തുതി പറയുന്നതും ശരിയല്ല.നബി()യുടെ സന്നിധിയിൽ വെച്ച് ഒരാൾ മറ്റൊരാളെ പ്രശംസിച്ചപ്പോൾ നബി()പറഞ്ഞു.താങ്കൾ താങ്കളുടെ സഹോദരന്റെ പിരടി മുറിച്ചു. പ്രശംസിച്ചേ പറ്റൂ എന്നുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് അങ്ങനെ വിചാരിക്കുന്നു.(അള്ളാഹുവാണ് യാഥാർത്ഥ്യം അറിയുന്നവൻ) എന്നേ പറയാവൂ. മുഖസ്തുതി പറയുന്നവന്റെ മുഖത്ത് മണ്ണ് വാരിയിടണമെന്ന് നബി() നിർദ്ദേശിച്ചിട്ടുണ്ട് ഇമാം മുസ്ലിം () റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇക്കാര്യം വന്നിട്ടുണ്ട് (ഇബ്നു കസീർ 4/374)

മുഖസ്തുതിയുടെ അപകടമാണ് നബി() ഉണർത്തിയത്.കാരണം ഒരാൾ മറ്റൊരാളെ പ്രശംസിക്കുമ്പോൾ ദുർബല ഹൃദയനായ മനുഷ്യന്റെ മനസ്സിൽ തന്നെക്കുറിച്ച് ചിലപ്പോൾ മതിപ്പ് തോന്നുകയും ആ അഹങ്കാരം തന്റെ ആത്മീയ നാശത്തിലേക്ക് എത്തിക്കുകയും ചെയ്തേക്കാം.അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ


33. أَفَرَأَيْتَ الَّذِي تَوَلَّى

(33)
എന്നാൽ (നബിയേ )പിന്തിരിഞ്ഞു കളഞ്ഞ ഒരുവനെ താങ്കൾ കണ്ടുവോ?

മുപ്പത്തി മൂന്ന് മുതൽ ഏതാനും വാക്യങ്ങളുടെ അവതരണ പശ്ചാത്തലം ചില വ്യാഖ്യാതാക്കൾ ഇങ്ങനെ വിവരിക്കുന്നു
വലീദ്ബ്നു മുഗീറ:എന്ന ഖുറൈശി പ്രമുഖൻ നബി()യുടെ അടുത്ത് ഇരുന്നു നബി()യുടെ ഉപദേശങ്ങൾ കേട്ടു നബി()യുടെ ഉപദേശങ്ങൾ വലീദുബ്നു മുഗീറ:യുടെ ഹൃദയത്തിൽ ശക്തിയായി പതിഞ്ഞു ഖുർആനിനെ അവൻ പ്രശംസിച്ചു  അങ്ങനെയിരിക്കെ മുശ് രിക്കുകളിൽ ഒരാൾ അയാളെ പരിഹസിക്കുകയും പാരമ്പര്യ മതം ഉപേക്ഷിക്കുന്നതിൽ അയാളെ ആക്ഷേപിക്കുകയും ചെയ്തു.അപ്പോൾ താൻ പരലോക ശിക്ഷയെ ഭയപ്പെടുന്നുവെന്ന് വലീദ് പറഞ്ഞു.ഒരു നിശ്ചിത സംഖ്യ തന്നാൽ നിന്റെ ശിക്ഷ പരലോകത്ത് ഞാൻ ഏറ്റെടുക്കാമെന്നായി ആ മുശ് രിക്ക്! വലീദ് അത് സമ്മതിക്കുകയും ഇസ് ലാമിനോട് തോന്നിയ അനുഭാവം ഉപേക്ഷിക്കുകയും ചെയ്തു .പക്ഷെ മറ്റെയാൾക്ക് തന്റെ പിശുക്ക് മൂലം പറഞ്ഞ സംഖ്യ മുഴുവൻ നൽകാതെ വാഗ്ദാന ലംഘനം നടത്തി (റാസി() /ഖുർത്വുബി /ബൈളാവി)

34. وَأَعْطَى قَلِيلًا وَأَكْدَى
(34)അവൻ അല്പം കൊടുക്കുകയും പിന്നെ നിർത്തിക്കളയുകയും ചെയ്തു


ആ മുശ് രിക്ക് തന്റെ ശിക്ഷ പര ലോകത്ത് ഏറ്റ് വാങ്ങാനായി വ്യവസ്ഥ ചെയ്ത സംഖ്യ അല്പം നൽകിയെങ്കിലും തന്റെ പിശുക്ക് കാരണം ബാക്കി നൽകിയില്ല ഇമാം റാസി() എഴുതുന്നു
ഇവൻ ബാക്കി നൽകാത്തതിനെ ആക്ഷേപിക്കേണ്ടതില്ലല്ലോ കാരണം ആ പൈസ വാങ്ങിയ ആൾ അത് വാങ്ങാൻ അർഹനല്ലല്ലോ? ആ സ്ഥിതിക്ക് ബാക്കി നൽകാത്തതിനെ ആക്ഷേപിക്കുന്നത് എന്തിന്? അല്പം നൽകിയത് പോലും അനർഹമായ നിലക്കായതിനാൽ അതിനെയല്ലേ ആക്ഷേപിക്കേണ്ടത്? മറുപടി ഇങ്ങനെയാണ്. ബുദ്ധിപരമായും സാമ്പ്രദായികമായും ഇവൻ ആക്ഷേപാർഹനാണ്. കാരണം വലീദ് പൈസ നൽകാമെന്നേറ്റത് തന്റെ പരലോക ശിക്ഷ മറ്റയാൾ ഏറ്റെടുക്കാനാണല്ലോ അതിനു വേണ്ട മുൻ കരുതൽ എടുക്കേണ്ട സമയത്ത് പിശുക്ക് മൂലം പണം നൽകാതിരിക്കുന്നത് ശരിയല്ലല്ലോ! ഇതാണ് ബുദ്ധിപരമായ ന്യായം.സാമ്പ്രദായികമായി അറബികളുടെ സ്വഭാവം വാഗ്ദാനം പാലിക്കലാണ് എന്നാൽ വലീദ് വാഗ്ദാന ലംഘനം നടത്തി.അത് അറബികളുടെ സമ്പ്രദായത്തിനെതിരാണ്.അതാണീ ആക്ഷേപത്തിന്റെ ന്യായം(റാസി29/12)

35. أَعِندَهُ عِلْمُ الْغَيْبِ فَهُوَ يَرَى

(35)
അവന്റെ അടുത്ത് വല്ല അദൃശ്യ ജ്ഞാനവുമുണ്ടായിട്ട് (അത് വഴി)അവൻ കണ്ടറിയുന്നുണ്ടോ?

തന്റെ ശിക്ഷ മറ്റൊരാൾ ഏറ്റെടുക്കുമെന്ന് മുൻ വേദ ഗ്രന്ഥങ്ങളിലൊന്നുമില്ലാത്ത വല്ല അദൃശ്യജ്ഞാനവും ഇവനു ലഭിച്ചിട്ടുണ്ടോ? അത് കൊണ്ടാണോ ഈ വാഗ്ദാനത്തിൽ നിന്ന് അവൻ പുറകോട്ട് പോയത്? നബി() യെ വിശ്വസിക്കേണ്ടതില്ല. തന്റെ രക്ഷക്ക് വേറെയും മാർഗ്ഗങ്ങളുണ്ടെന്ന വല്ല അദൃശ്യ അറിവും ഇവനു ലഭിച്ചത് കൊണ്ടാണോ നബി () യെ സ്വീകരിക്കുമെന്ന നിലാപാടിനു ശേഷം അവൻ അതിൽ നിന്ന് പിന്മാറിയത് എന്നും ഈ ചോദ്യത്തിന്റെ സാരാംശത്തിൽ ഉൾപ്പെടാം

36. أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَى

(36)
അഥവാ മൂസാ()ന്റെ ഏടുകളിൽ ഉള്ളതിനെ പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ?

അള്ളാഹുവിന്റെ ഏകത്വം,പുനർജ്ജന്മം പരലോക ജീവിതം രക്ഷാ ശിക്ഷകൾ തുടങ്ങിയ കാര്യങ്ങളെല്ലാം മൂസാ നബിക്ക് നൽകപ്പെട്ട ഏടുകളിൽ ഉണ്ട്.അതനുസരിച്ച് പ്രവൃത്തിക്കുകയാണെങ്കിൽ ഇവൻ ചെയ്തത് പോലുള്ള വിവരക്കേട് ചെയ്യില്ലെന്ന് സാരം


37. وَإِبْرَاهِيمَ الَّذِي وَفَّى
(37) (ബാധ്യതകൾ) നിറവേറ്റിയ ഇബ് റാഹീം () ന്റെ (ഏടുകളിൽ ഉള്ളതിനെപ്പറ്റി) യും

ഇബ് റാഹീം നബി () ക്കു നൽകപ്പെട്ട സന്ദേശങ്ങളിലും ഇത്തരം കാര്യങ്ങളുണ്ട്.ഇബ് റാഹീം നബി () നെ ബാധ്യതകൾ നിറവേറ്റിയ ആൾ എന്ന് പരിചയപ്പെടുത്തിയതിനെക്കുറിച്ച് ഇമാം ബൈളാവി () എഴുതുന്നു തന്നോട് കല്പിക്കപ്പെട്ടതും താൻ ഏറ്റെടുത്തതുമെല്ലാം പൂർണ്ണമായി നിറവേറ്റിയ വരാണ് ഇബ് റാഹീം ().മറ്റ് നബിമാരും ഇങ്ങനെ തന്നെയാണെങ്കിലും മറ്റ് പലരും സഹിക്കേണ്ടി വന്നിട്ടില്ലാത്ത പ്രയാസങ്ങൾ താൻ സഹിച്ചത് കൊണ്ടാണ് ഈ വിശേഷണം ഉണ്ടായത്. നംറൂദിന്റെ തീയിലെറിയപ്പെട്ട സമയത്ത് ജിബ് രീൽ () തന്റെ സമീപത്ത് വന്ന് വല്ല സഹായവും ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ നിങ്ങളിലേക്ക് ആവശ്യമില്ലെന്ന് പറഞ്ഞതും“ സ്വന്തം മകനെ അറുക്കാൻ അള്ളാഹുവിന്റെ നിർദ്ദേശ പ്രകാരം തീരുമാനിച്ചതും അതിഥിയെ സൽക്കരിക്കാൻ ബഹുദൂരം നടന്നു അന്വേഷിക്കുകയും ആരെയും കിട്ടാത്ത ദിവസം എനിക്കും സുന്നത്ത് നോമ്പാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് അടക്കം ഈ സവിശേഷതക്ക് തെളിവാണ്.ഇബ്റാഹീം നബിക്ക് ശേഷമാണ് മൂസാ () വന്നത് എന്നിരിക്കെ ആദ്യം മൂസാ നബിയുടെ ഏടിനെ പരാമർശിച്ചത് അവർക്കത്  കൂടുതൽ പരിചിതമായത് കൊണ്ടാണ് (ബൈളാവി 2/442) 

38. أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَى

(38)
അതായത് കുറ്റം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ കുറ്റം  വഹിക്കുക ഇല്ല എന്ന്

ഈ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിലെല്ലാം സ്ഥാപിച്ചിരിക്കുന്ന ഒരു തത്വമാണ് ഒരാൾക്ക് മറ്റൊരാളുടെ കുറ്റങ്ങൾ ഏറ്റെടുക്കാനാവില്ല എന്ന്.(പിന്നെ എങ്ങനെയാണ് നിന്റെ കുറ്റം ഞാൻ ഏറ്റെടുക്കാമെന്ന് ആ മുശ് രിക്ക് പറഞ്ഞതും ആ ഉറപ്പിന്മേൽ വലീദ് ഇസ് ലാം കയ്യൊഴിച്ചതും എന്ന് സാരം)

39. وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى

(39)
മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ മറ്റൊന്നും ഇല്ല  എന്നും

മറ്റുള്ളവരുടെ കുറ്റം ഏറ്റെടുക്കാനാവില്ല എന്ന് പറയുന്നത് പോലെ തന്നെ മറ്റൊരാളുടെ പ്രവർത്തനത്തിന്റെ പ്രതിഫലവും വേറൊരാൾക്ക് അവകാശപ്പെട്ടതല്ല എന്നും ആ ഗ്രന്ഥങ്ങളിലുണ്ട് മനുഷ്യനു അവൻ പ്രവർത്തിച്ചതല്ലാതെ മറ്റൊന്നുമില്ലെന്ന് പറഞ്ഞാൽ മറ്റൊന്നും അവനു അവകാശപ്പെടാൻ കഴിയില്ല എന്നാണ്.അല്ലാതെ ആരെങ്കിലും ഔദാര്യമായി നൽകിയാൽ ലഭിക്കില്ല എന്നല്ല. ഇമാം ഖുർത്വുബി () എഴുതുന്നു  ‘ലിൽ ഇൻസാനി‘  എന്നിടത്തെ ‘ലാം‘, എന്ന അവ്യയം അറബി ഭാഷയിൽ ഉടമാവകാശം എന്നതിനെ സൂചിപ്പിക്കുന്നതാണ് അഥവാ താൻ ചെയ്തതേ തനിക്ക് അവകാശപ്പെടാനാവൂ.എന്നാൽ തനിക്ക് വേണ്ടി മറ്റാരെങ്കിലും വല്ലതും ധർമ്മം ചെയ്താൽ (അവർ ചെയ്ത സുകൃതങ്ങളുടെ പ്രതിഫലം ഉൾപ്പെടെ) അത് ഇവനു അവകാശപ്പെട്ടതല്ലെങ്കിലും അള്ളാഹു അവന്റെ ഔദാര്യമായി നൽകും.ഒരു സുകൃതവും ചെയ്യാത്ത കുട്ടികളെ അള്ളാഹു അവന്റെ ഔദാര്യമായി സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നത് പോലെ തന്നെ. മറ്റൊരു വ്യാഖ്യാനം ഇനി പറയുന്നതാണ്
മനുഷ്യനു താൻ ചെയ്തത് മാത്രമേ ലഭിക്കൂ എന്നത് അവിശ്വാസിയെക്കുറിച്ചാണ് അവനു മറ്റാരെങ്കിലും നന്മ ചെയ്തതിന്റെ പ്രതിഫലം അവർ നൽകിയാലും ലഭിക്കില്ല (കാരണം അവിശ്വാസിക്ക് താൻ ചെയ്ത നന്മ പോലും പരലോകത്ത് ഉപകരിക്കില്ല എന്നാണല്ലോ ഖുർആൻ പറയുന്നത്) അതെ സമയം മുസ് ലിമിനു അത് ബാധകമല്ല അവൻ ചെയ്തതും അവനു വേണ്ടി ചെയ്തതും അവനു ലഭിക്കുമെന്ന് തന്നെയാണ് ശരി ഇതാണ് റബീഉബ്നു അനസ് () നിരീക്ഷിച്ചത് (ഖുർത്വുബി 17/85)

മരണപ്പെട്ടവർക്ക് ജീവിച്ചിരിക്കുന്നവർ ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന് പറഞ്ഞാൽ മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ മയ്യിത്ത് നിസ്ക്കരിക്കുന്നത് പോലും വെറുതെയാണെന്ന് പറയേണ്ടി വരില്ലേ? എന്നാൽ മയ്യിത്തിനു വേണ്ടി നിസ്ക്കരിക്കുന്നത് കൊണ്ട് ആ മയ്യിത്തിനു വലിയ ഉപകാരം ലഭിക്കുമെന്ന് നബി() ധാരാളം ഹദീസുകളിൽ പഠിപ്പിച്ചിട്ടുണ്ട്. സഅ്ദ് () തന്റെ ഉമ്മ മരണപ്പെട്ടപ്പോൾ നബി()യോട് ഉമ്മക്ക് വേണ്ടി ഞാൻ വല്ലതും ചെയ്തിട്ടു കാര്യമുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഉപകരിക്കും എന്ന് നബി() പറയുകയും ജനങ്ങൾക്ക് അത്യാവശ്യമുള്ള ഒരു സ്ഥലത്ത് ശുദ്ധ ജലത്തിനു വേണ്ടി ഒരു കിണർ കുഴിക്കുകയും ഇത് സഅ്ദിന്റെ ഉമ്മാക്ക്(പ്രതിഫലം കിട്ടാൻ) വേണ്ടിയുള്ളതാണെന്ന് പറയുകയും ചെയ്തത് ഹദീസിലുണ്ട്.. (അബൂ ദാവൂദ് ) അബൂസലമ: ()മരണപ്പെട്ടപ്പോൾ നബി() അവിടെ എത്തുകയും ‘അബൂസലമക്ക് പൊറുക്കണേ‘ എന്ന് പ്രാർത്ഥിക്കുകയും ചെയ്തതും ഹദീസിലുണ്ട്. (മുസ് ലിം) മയ്യിത്തിന്റെ അടുത്തും മരണാസന്നനായ വ്യക്തിയുടെ അടുത്തും നല്ല വാക്കുകൾ പറയണമെന്ന് നബി() പഠിപ്പിച്ചിട്ടുണ്ട്. (മുസ് ലിം) മരണാസന്നരുടെ അടുത്ത്/ മരണപ്പെട്ടവരുടെ അടുത്ത് യാസീൻ പാരായണം ചെയ്യാനും ഹദീസിൽ നിർദ്ദേശം വന്നിട്ടുണ്ട്. (അബൂദാവൂദ്)
അതിനാൽ മനുഷ്യനു അവൻ ചെയ്തതേ ലഭിക്കൂ എന്ന ഈ സൂക്തത്തിന്റെ വ്യാഖ്യാനം നാം പറഞ്ഞത് പോലെ അവൻ ചെയ്തതേ അവനു അവകാശപ്പെടാൻ സാധിക്കുകയുള്ളൂ (മറ്റുള്ളവർ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അവരുടെ ഇഷ്ടമാണല്ലോ) എന്നു മാത്രമാണ്.മറ്റുള്ളവരുടെ പ്രാർത്ഥനയോ ദാന ധർമ്മങ്ങളോ ലഭിക്കില്ലെന്നല്ല അത് അവകാശപ്പെടാൻ സാധിക്കില്ല എന്ന് മാത്രമാണ് എന്നും വ്യക്തം.

എന്നാൽ ഇവിടെ പ്രസക്തമായ ഒരു സംശയം ഉണ്ടാവാം ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ഇബ്നു കസീർ() എഴുതുന്നു.ഈ മഹത്തായ സൂക്തത്തിൽ നിന്ന് ഇമാം ശാഫി ഈ () വും ശിഷ്യന്മാരും ഗവേഷണം ചെയ്തിരിക്കുന്നത് ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് എത്തുകയില്ല കാരണം അത് അവരുടെ പ്രവൃത്തനത്തിലും അദ്ധ്വാനത്തിലും പെട്ടതല്ല.നബി()യുടെയോ അനുചരരുടെയോ പ്രേരണയും ഈ വിഷയത്തിനില്ല.ഇത്തരം വിഷയത്തിൽ തെളിവുകൾ വന്നതിൽ നിൽക്കണം താരതമ്യം(ഖിയാസ്) പറ്റില്ല. എന്നാൽ ദാന ധർമ്മത്തിന്റെയും ദുആയുടെയും പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്നത് അവിതർക്കിതമായ കാര്യമാണ് (ഇബ്നു കസീർ 4/376) എന്നിങ്ങനെയാണ് ആ പ്രസ്താവന.
മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നത് പാടില്ലെന്നാണ് ശാഫി ഈ () ന്റെ വീക്ഷണം എന്ന് വരുത്തിത്തീർക്കാൻ മയ്യിത്തിനു വേണ്ടിയുള്ള ഖുർആൻ പാരായണ വിരോധികൾ സാധാരണ ഈ ഭാഗം ദുരുപയോഗം ചെയ്യുന്നുണ്ട്.എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ്? ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്ന ഇതുമായി ബന്ധപ്പെട്ട ഉദ്ധരണി പറഞ്ഞ ശേഷം മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം () തന്റെ ഫത് ഹുൽ മുഈനിൽ പറയുന്നു,,

وحمل جمع عدم الوصول الذي قاله النووي علي ما اذا قرأ لابحضرة الميت ولم ينو القارئ ثواب قراءته
 

له أونواه ولم يدع وقد نص الشافعي والأصحاب علي ندب قراءة ماتيسر عند الميت والدعاء عقبها أي

 لأنه حينئذ أرجي للاجابة ولأن الميت تناله بركة القراءة كالحي الحاضر

മയ്യിത്തിന്റെ സമീപത്ത് നിന്നല്ലാതെ ഖുർആൻ പാരായണം നടത്തുകയും അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കണമെന്ന് പാരായണം ചെയ്യുന്നവൻ കരുതാതിരിക്കുകയോ അല്ലെങ്കിൽ അങ്ങനെ കരുതി പ്രാർത്ഥിക്കാതിരിക്കുകയോ ചെയ്താൽ അതിന്റെ പ്രതിഫലം മയ്യിത്തിനു് എത്തുകയില്ലെന്നാണ് ഇമാം നവവി() പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ന് ഒരു സംഘം പണ്ഡിതന്മാർ വ്യാഖ്യാനിച്ചിരിക്കുന്നു. കാരണം  മയ്യിത്തിന്റെ സമീപത്ത് സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്യലും അതിന്റെ ഉടനെ തന്നെ പ്രാർത്ഥിക്കലും സുന്നത്താണെന്ന് ഇമാം ശാഫി ഈ() വും അനുയായികളും വ്യക്തമാക്കിയിരിക്കുന്നു കാരണം ഖുർആൻ പാരായണം ചെയ്ത ഉടനെയുള്ള പ്രാർത്ഥന ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യത പ്രതീക്ഷിക്കുന്ന സമയമാണ് മയ്യിത്തിനു ഖുർആൻ പാരായണത്തിന്റെ പുണ്യം എത്തുകയും ചെയ്യും അവിടെ സന്നിഹിതരായ ജീവിച്ചിരിക്കുന്നവർക്കെന്ന പോലെ (ഫത് ഹുൽ മുഈൻ വസ്വിയ്യത്തിന്റെ അദ്ധ്യായം)

ശാഫി ഈ മദ് ഹബിലെ പ്രസിദ്ധമായ അഭിപ്രായം മയ്യിത്തിനു ഖുർആൻ പാരായണത്തിന്റെ കൂലി ലഭിക്കില്ല അതിനാൽ പാരായണം പാടില്ല  എന്ന് ഇമാം നവവി () തന്റെ ശർഹ് മുസ് ലിമിൽ പറഞ്ഞതായാണ് പലരും തെറ്റിദ്ധരിപ്പിക്കുന്നത്.എന്നാൽ അതിന്റെ താല്പര്യം ഖുർ ആൻ പാരായണം ചെയ്യരുതെന്നല്ല  മറിച്ച് പാരായണം കഴിഞ്ഞ ശേഷം സുന്നികൾ സാധാരണ ചെയ്യുന്നത് പോലെ ,,ഇതിന്റെ പ്രതിഫലം ഞാൻ ഉദ്ദേശിച്ച ആൾക്ക് എത്തിക്കണമേ,, എന്ന് പ്രാർത്ഥിക്കണമെന്ന് സൂചിപ്പിക്കലാണ് അല്ലെങ്കിൽ അഡ്രസ്സ് എഴുതാതെ കത്തയച്ചാൽ മേൽ വിലാസക്കാരനു കത്തു ലഭിക്കാത്തത് പോലെ ഇവനു പ്രതിഫലം ലഭിക്കില്ല.ഇതാണ് നവവി () പറഞ്ഞത് ഇത് ഇങ്ങനെ തന്നെ വ്യാഖ്യാനിച്ചേ പറ്റൂ.കാരണം ഇത് പറഞ്ഞ നവവി () മയ്യിത്തിനു ഖുർ ആൻ ഓതരുതെന്ന് വാദിക്കുന്ന വ്യക്തിയല്ല.മറിച്ച് തന്റെ ഗ്രന്ഥങ്ങളിലെല്ലാം ഖുർ ആൻ ഓതണമെന്ന് ഉദ്ബോധിപ്പിച്ച വ്യക്തിയാണ്.ഒരു ഉദാഹരണം മാത്രം പറയാം.തന്റെ പ്രസിദ്ധ ഗ്രന്ഥമായ ശർഹുൽ മുഹദ്ദബിൽ മഹാൻ പറയുന്നു,,

ويستحب أن يقرأ عنده شيء من القرأن وان ختموا القرأن كان أفضل(شرح المهذب 5 185)

മയ്യിത്തിന്റെ സമീപത്ത് വെച്ച് ഖുർ ആനിൽ നിന്ന് അല്പം പാരായണം ചെയ്യൽ സുന്നത്താക്കപ്പെടും ഖുർ ആൻ മുഴുവൻ ഓതിയാൽ അത് വളരെ ശ്രേഷ്ഠം തന്നെ(ശർഹുൽ മുഹദ്ദബ് 5/185)

ഖബ് ർ സന്ദർശന സമയത്തെ മര്യാദകൾ പറയുന്നിടത്ത് നവവി () തന്നെ പറയുന്നു

ويستحب أن يقرأ من القرأن ما تيسر ويدعو لهم عقبها نص عليه الشافعي واتفق عليه الأصحاب

(شرح المهذب 5  204)

ഖബ് ർ സന്ദർശന സമയത്ത് കഴിയുന്നത്ര ഖുർ ആൻ പാ‍രായണം ചെയ്യലും ഉടനെ ഖബ് റിലുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കലും സുന്നത്താണ്.ഇമാം ശാഫി ഈ() ഇത് വ്യക്തമാക്കുകയും ശിഷ്യന്മാർ ഈ അഭിപ്രായത്തിൽ ഏകോപിക്കുകയും ചെയ്തിരിക്കുന്നു
(ശർഹുൽ മുഹദ്ദബ് 5/204)
 
ഇത്ര വ്യക്തമായി മരിച്ചിടത്തും ഖബ് റിന്റെ സമീപത്തും ഖുർ ആൻ പാരായണം ചെയ്യണമെന്ന് പറഞ്ഞിട്ടും ഒരു ഉദ്ധരണിയെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ശാഫി ഈ മദ് ഹബ് ഖുർ ആൻ പാരായണത്തിന് എതിരാണെന്ന് വരുത്തുന്നത് എത്ര മാത്രം പ്രതിഷേധാർഹമല്ല! അള്ളാഹു സത്യം സത്യമായി ഉൾക്കൊള്ളാനും ഒറ്റപ്പെട്ടു കഴിയുന്ന പരേതർക്ക് ചെയ്തു കൊടുക്കാൻ നമുക്കാവുന്ന സഹായം ചെയ്തു കൊടുക്ക്ാനും സന്മനസ്സ് നൽകട്ടെ ആമീൻ


മറ്റ് ഭാഗങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക >>>    ഭാഗം-01 , ഭാഗം-02 ,ഭാഗം-04



No comments: