Tuesday, January 26, 2016

അദ്ധ്യായം 49 | സൂറത്തുൽ ഹുജുറാത്ത് -Part-1

അദ്ധ്യായം 49  | സൂറത്തുൽ ഹുജുറാത്ത് - سورة الحجرات | മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 18

(part -1  - 1 മുതൽ 8 വരെ സൂക്തങ്ങളുടെ വിവരണം )

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

ഹുജുറാത്ത് എന്ന പദത്തിനു അറകൾ അഥവാ മുറികൾ എന്നാണ് അർത്ഥം.വാക്യം നാലിൽ പദം വരുന്നതിൽ നിന്നാണ് അദ്ധ്യായത്തിനു പേർ ലഭിച്ചത്. അദ്ധ്യായത്തിൽ പ്രധാനമായും പ്രതിപാദിച്ചിട്ടുള്ളത് നബി യോട് സത്യ വിശ്വാസികൾകാണിക്കേണ്ട മര്യാദകളെ കുറിച്ചും തങ്ങളോടുണ്ടാകേണ്ട ആദരവിനെക്കുറിച്ചുമാണ് .സത്യ വിശ്വാസികൾ തമ്മിൽ എങ്ങനെ വർത്തിക്കണം എന്നും ഇതിൽ പ്രസ്താവിക്കുന്നുണ്ട്.ഏതൊരു സമുദായത്തിന്റെയും ഭദ്രതയും പുരോഗതിയും സമുദായത്തിന്റെ നേതൃത്വം വഹിക്കുന്ന നേതാവിന്റെയും നേതൃത്തിൻ കീഴിൽ അണിനിരക്കുന്ന സമൂഹത്തിന്റെയും ഗുണങ്ങളെയും സംസ്കാരങ്ങളെയും  ആശ്രയിച്ചിരിക്കുമല്ലോ! നേതൃത്വം സമർത്ഥമായിരിക്കണം സമൂഹം അതിനോട് കൂറും മതിപ്പും പുലർത്തുകയും വേണം .ഇത് പൊതു തത്വമാണെങ്കിൽ നബി യോട് നമുക്കുള്ള ബാദ്ധ്യത ഇതിലും എത്രയോ കൂടുതലാണ്.അവിടുത്തെ ആദരവിനെ വലിയ ഗൌരവത്തോടെയും അതീവ ശ്രദ്ധയോടെയും കൈകാര്യം ചെയ്യാൻ അള്ളാഹു നമ്മോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മാത്രമല്ല നബി യോടുള്ള വളരെ ചെറിയ അനാദരവ് പോലും അള്ളാഹു തആലാ അനുവദിച്ചു തന്നിട്ടില്ലെന്ന കാര്യം എപ്പോഴും വിശ്വാസികളുടെ ശ്രദ്ധയിലുണ്ടാകണം.അവിടുത്തെ ആദരവു കൊണ്ട് പുണ്യം നേടുന്നവരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ .1

സത്യ വിശ്വാസികളേ! നിങ്ങൾ അള്ളാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പിൽ മുൻ കടന്ന് (ഒന്നും) പ്രവർത്തിക്കരുത്.നിങ്ങൾ അള്ളാഹുവിനെ സൂക്ഷിക്കുക നിശ്ചയം അള്ളാഹു എല്ലാം കേൾക്കുന്നവനും സർവജ്ഞനുമാകുന്നു

ഇബ്നു കസീർ رحمة الله عليه എഴുതുന്നു “ഇതിന്റെ അർത്ഥം ഒരു കാര്യത്തിലും നബി ക്ക് മുമ്പ് നിങ്ങൾ ധൃതികൂട്ടി വരരുത് മറിച്ച് എല്ലാ കാര്യത്തിലും നിങ്ങൾ നബിയെ പിന്തുടരുന്നവരാവുക.അങ്ങനെ സൂക്തത്തിൽ ഉണർത്തിയ മതപരമായ മര്യാദയുടെ പരിധിയിൽ ഉൾപ്പെടുക.ഇതിന്റെ ഒരു പ്രായോഗിക രൂപം മുആദ് رضي الله عنه ന്റെ ഹദീസിൽ കാണാം അതായത് യമനിലേക്ക് ഇസ്ലാമിന്റെ പ്രബോധനത്തിനായി മുആദ് رضي الله عنه നെ നബി നിയോഗിച്ചപ്പോൾ നബി ചോദിച്ചു.അവിടെ എത്തിയാൽ എന്ത് കൊണ്ടാണ് നിങ്ങൾ വിധി കല്പിക്കുക?മുആദ് رضي الله عنه പറഞ്ഞു.അള്ളാഹുവിന്റെ ഗ്രന്ഥം കൊണ്ട് (ഖുർആൻ) ഞാൻ വിധിക്കും അതിൽ നിവാരണം കണ്ടില്ലെങ്കിലോ?എന്ന് നബി ചോദിച്ചു മുആദ് رضي الله عنه പറഞ്ഞു നബി യുടെ സുന്നത്ത് കൊണ്ട് വിധിക്കും.അതിലും കണ്ടില്ലെങ്കിലോ?എന്ന് നബി ചോദിച്ചു.മുആദ് رضي الله عنه പറഞ്ഞു എങ്കിൽ ഞാൻ ഗവേഷണം നടത്തും .അപ്പോൾ നബി മുആദ് رضي الله عنه ന്റെ നെഞ്ചിൽ അടിക്കുകയും അള്ളാഹുവിന്റെ റസൂലിന്റെ ദൂതനു അള്ളാഹുവും അവന്റെ റസൂലും പൊരുത്തപ്പെടുന്ന സ്വഭാവങ്ങൾക്ക് ഭാഗ്യം നൽകിയ അള്ളാഹുവിനാകുന്നു സർവ സ്തുദിയും  എന്ന് പറയുകയും ചെയ്തു (അഹ്മദ്/അബൂദാവൂദ്/തുർമുദി/ഇബ്നു മാജ:)

ഹദീസിലെ ഗുണ പാഠം തന്റെ ഗവേഷണത്തെ ഖുർആനിനിനും സുന്നത്തിനും ശേഷമാക്കി അദ്ദേഹം പിന്തിച്ചത് അള്ളാഹുവിന്റെയും റസൂലിന്റെയും മുമ്പിൽ മുൻ കടക്കരുത് എന്ന കല്പനയുടെ പരിധിയിൽ വരുന്നതാണ് എന്നതത്രെ. ഖുർആനിനും സുന്നത്തിനും എതിരു പറയരുതെന്നും നബി തങ്ങൾക്ക് മുമ്പ് നിങ്ങൾ മത വിധി പറയരുതെന്നും വാക്ക് കൊണ്ടോ പ്രവർത്തനം കൊണ്ടോ നബി തങ്ങളെ മറികടക്കരുതെന്നുമെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു (ഇബ്നു കസീർ (4/299)

-2-

يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ



സത്യ വിശ്വാസികളേ! നബി () യുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദം നിങ്ങൾ ഉയർത്തരുത് നിങ്ങളിൽ ചിലർ ചിലരോട് ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ നബി () യോട് ഉച്ചത്തിൽ സംസാരിക്കുകയുമരുത്.നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കർമങ്ങൾ നിഷ്ഫലമായിപ്പോകും

ഇത് രണ്ടാമത്തെ മര്യാദയാണ്. നബി യുടെ ശബ്ദത്തേക്കാൾ അവിടുത്തെ സന്നിധിയിൽ ശബ്ദം ഉയർത്തരുത്. അവിടുത്തോട് വല്ലതും സംസാരിക്കുമ്പോൾ നാം തമ്മിൽ ഉച്ചത്തിൽ സംസാരിക്കുമ്പോലെ ഉറക്കെ വർത്തമാനം പറയുകയുമരുത്. അഥവാ മര്യാദ ലംഘിക്കുന്ന പക്ഷം ചെയ്ത കർമങ്ങളെല്ലാം പൊളിഞ്ഞു പോകുമെന്ന ശക്തമായ താക്കീത് അള്ളാഹു നൽകിയിരിക്കുന്നു. നാം നബി () യെ വെറുമൊരു നേതാവെന്ന നിലയിൽ ആദരിച്ചാൽ പോരാ‍.അവിടുത്തേക്ക് അള്ളാഹു നൽകിയ കണക്കറ്റ ആദരവുകൾ മനസ്സിലാക്കി അവിടുത്തെ ആദരിക്കണം.ആദരവിന്റെ അഭാവത്തിൽ നാം പരാചയപ്പെട്ടവരായിത്തീരുമെന്ന് സഗൌരവം നാം ഓർക്കണം. സഹാബത്ത് നബി () യെ ആദരിച്ചത് എങ്ങനെയായിരുന്നുവെന്ന് ശത്രുക്കളുടെ സാക്ഷ്യം തന്നെ പ്രസക്തമാണ് .ഹുദൈബിയ്യ:സന്ധിയുടെ ദിനം ഖുറൈശികൾക്ക് വേണ്ടി നബി () യുടെ അടുത്ത് നയ തന്ത്ര ചർച്ചക്ക് വേണ്ടി വന്ന ഉർവത്തുബ്നു മസ്ഊദ് തന്റെ വിഭാഗത്തോട് പറഞ്ഞത് ഞാൻ കിസ്റാ,ഖൈസർ,നജ്ജാശി അടക്കമുള്ള ധാരാളം രാജാക്കന്മാരുടെ അടുത്ത് നയതന്ത്രവുമായി ചെന്നിട്ടുണ്ട് എന്നാൽ മുഹമ്മദ് നബി () യെ അനുയായികൾ ആദരിക്കുന്നത് പോലെ ഒരു രാജാവിനെയും അനുയായികൾ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല നബി () കാർക്കിച്ച് തുപ്പുന്നത് പോലും സഹാബികൾ കൈകളിൽ ഏറ്റുവാങ്ങി ശരീരത്തിൽ പുരട്ടുകയും വുളൂഅ് ചെയ്ത വെള്ളത്തിന്റെ ബാക്കിക്ക് വേണ്ടി സഹാബികൾ തിരക്ക് കൂട്ടുകയും വല്ല കല്പനയും നൽകിയാൽ അത് നടപ്പാക്കാൻ അവർ ധൃതി കൂട്ടുകയും സംസാരിക്കുമ്പോൾ ശബ്ദം താഴ്ത്തി ശ്രദ്ധാപൂർവമിരിക്കുകയും ചെയ്യും.ആദരവിന്റെ ആധിക്യം കൊണ്ട് നബി () യെ ശ്രദ്ധിച്ച് നോക്കാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല,, ഇതാണ് ശത്രുവിന്റെ സാക്ഷ്യം!

ഇമാം ഇബ്നു കസീർ رحمة الله عليه എഴുതുന്നു. അബൂബക്കർ رضي الله عنه /ഉമർ رضي الله عنه എന്നിവരുടെ കാര്യത്തിലാണ് സൂക്തം അവതരിച്ചത് അതായത് തമീം’ ഗോത്രക്കാർ നബി () യുടെ അടുത്ത് വന്ന സമയത്ത് അവരിൽ ആരെ നേതാവാക്കണം എന്ന വിഷയത്തിൽ അബൂബക്കർ رضي الله عنه ഒരാളുടെ പേരു  നിർദ്ദേശിച്ചു. ഉമർ رضي الله عنه മറ്റൊരാളുടെ പേരും അഭിപ്രായപ്പെട്ടു.അപ്പോൾ അതിൽ നീരസം തോന്നിയ സിദ്ധീഖ് رضي الله عنه നിങ്ങൾ എന്നോട് എതിരാവാൻ ഉദ്ദേശിച്ചാണ് മറ്റൊരാളുടെ പേരു നിർദ്ദേശിച്ചത് എന്ന് പറഞ്ഞു ഞാൻ നിങ്ങളെ എതിർക്കാൻ  ഉദ്ദേശിച്ചിട്ടില്ല എന്ന് ഉമർ رضي الله عنه മറുപടിയും പറഞ്ഞു. ആ ചർച്ചയിൽ രണ്ടാളുടെയും ശബ്ദം ഉയർന്നു.അപ്പോഴാണ് ഈ സൂക്തം അവതരിച്ചത്.അതിനു ശേഷം ഉമർ رضي الله عنه നബി യോട് സംസാരിക്കുമ്പോൾ വല്ലാതെ ശബ്ദം താഴ്ത്തിയായിരുന്നു സംസാരിച്ചിരുന്നത് പലപ്പോഴും എന്താണ് പറഞ്ഞതെന്ന് ആവർത്തിച്ച് ചോദിക്കേണ്ടിവരുമായിരുന്നു. അബൂബക്കർ رضي الله عنه ഈ സൂക്തം ഇറങ്ങിയ ശേഷം നബി യോട് പറഞ്ഞത്  നബിയേ!ഇനി മുതൽ അങ്ങയോട് സ്വകാര്യം പറയുന്ന ഒരാളെപ്പോലെയല്ലാതെ ഞാൻ അങ്ങയോട് സംസാരിക്കുകയില്ല (ഇബ്നു കസീർ 4/299/300)

അനസ്
رضي الله عنه റിപ്പോർട്ട് ചെയ്യുന്നു “സാബിത് ബിൻ ഖൈസ് رضي الله عنه നെ കാണാതായപ്പോൾ നബി അന്വേഷിച്ചു അപ്പോൾ ഒരാൾ എഴുന്നേറ്റ് പറഞ്ഞു നബിയേ! ഞാൻ അന്വേഷിച്ച് അറിയിക്കാം അദ്ദേഹം സാബിത് رضي الله عنه ന്റെ വീട്ടിലെത്തിയപ്പോൾ സാബിത് رضي الله عنه തല താഴ്ത്തിയിരിക്കുന്നത് കണ്ടു.എന്ത് പറ്റി എന്ന് വന്നയാൾ ചോദിച്ചു.വളരെ മോശമായ കാര്യം തന്നെ .നബി യുടെ അടുത്ത് ഉറക്കെ സംസാരിച്ച് സുകൃതങ്ങളെല്ലാം പൊളിഞ്ഞ് ഞാൻ നരകാവകാശിയായിപ്പോയി എന്നായിരുന്നു സാബിതി رضي الله عنه ന്റെ മടുപടി.വന്നയാൾ  നബി ( യുടെ അടുത്തെത്തി വിവരം പറഞ്ഞപ്പോൾ നബി പറഞ്ഞു നിങ്ങൾ നരകാവകാശിയല്ല.പ്രത്യുത സ്വർഗാവകാശിയാണെന്ന് അദ്ദേഹത്തെ അറിയിക്കുക നേരത്തെ വന്നയാൾ ഈ സന്തോഷ വാർത്തയുമായി വീണ്ടും സാബിത് رضي الله عنه നെ സമീപിച്ചു (അനാദരവോടെയുള്ള ശബ്ദം ഉയർത്തലിനെയാണ് ഖുർആൻ വിലക്കിയതെന്ന് സാരം) ഈ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നു കസീർ 4/300‌) അനസ് رضي الله عنه പിന്നീട് പറയാറുണ്ട്.സാബിത് رضي الله عنه ഞങ്ങളുടെ ഇടയിലൂടെ നടക്കുമ്പോൾ ഒരു സ്വർഗാവകാശിയാണല്ലോ അദ്ദേഹം എന്ന നിലക്കാണ് ഞങ്ങൾ അവരെ നോക്കിയിരുന്നത്.യമാമ:യുദ്ധത്തിൽ മഹാനവർകൾ രക്ത സാക്ഷിയായി (ഇബ്നു കസീർ)

രണ്ടാമതായി അള്ളാഹു പറയുന്നത് നാം പരസ്പരം ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ നബി
യോട് ഉറക്കെ സംസാരിക്കരുത് മറിച്ച് വലിയ അടക്കത്തോടെയും ആദരവോടെയും മാത്രമേ സംസാരിക്കാവൂ അതാണ്  “നിങ്ങളിൽ ചിലർ ചിലരോട് ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ നബി()യോട് ഉച്ചത്തിൽ സംസാരിക്കുകയുമരുത്.” എന്ന് അള്ളാഹു പറഞ്ഞത് നിങ്ങൾ പരസ്പരം വിളിക്കുമ്പോലെ നബി തങ്ങളെ നിങ്ങൾ വിളിക്കരുതെന്ന് (സൂറത്തുന്നൂർ 63) ഖുർആൻ പറഞ്ഞത്  ഇവിടെ സ്മര്യമാണ്

നിങ്ങൾ അറിയാത്ത നിലക്ക് നിങ്ങളുടെ കർമങ്ങൾ പൊളിഞ്ഞു പോകും  എന്ന് അള്ളാഹു പറഞ്ഞതിനെക്കുറിച്ച് ഇബ്നു കസീർ رحمة الله عليه എഴുതുന്നുനബി യുടെ അടുത്ത് ശബ്ദമുയർത്തലിനെ നാം വിലക്കിയത് അതു കാരണത്താൽ നബി ക്ക് അനിഷ്ടമുണ്ടാകുമെന്നതിനാലാണ്.നബി തങ്ങൾക്ക് അനിഷ്ടമുണ്ടായാൽ അത് അള്ളാഹുവിന്റെ ദേഷ്യത്തിലെത്തിക്കും .അങ്ങനെ വന്നാൽ ചെയ്യുന്ന കർമങ്ങളെല്ലാം വൃഥാവിലാവും(ഇബ്നു കസീർ 4/302)

നബി
യുടെ ഖബ്റിനു സമീപത്ത് വെച്ച് ശബ്ദമുയർത്തലും നബിമാരുടെ അനന്തരാവകാശികളായ പണ്ഡിത സദസ്സുകളിൽ ശബ്ദമുയർത്തലും നബി യുടെ ഹദീസ് പറയുന്നിടത്തും ഖുർ ആൻ പാരായണം നടത്തുന്നിടത്തും ശബ്ദം ഉയർത്തലും  വെറുക്കപ്പെട്ടത് തന്നെ എന്ന് വീക്ഷണമുണ്ട്. എന്നാൽ ശബ്ദമുയർത്തരുതെന്ന് പറഞ്ഞതിൽ ആവശ്യമായി വരുന്നിടത്തുള്ള ശബ്ദമുയർത്തൽ ഉൾപ്പെടുന്നില്ല.കാരണം ഹുനൈൻ യുദ്ധ വേളയിൽ ജനം ഓടിയപ്പോൾ ഓടരുതെന്ന് അവരോട് ഉറക്കെ വിളിച്ച് പറയാൻ നബി അബ്ബാസ് رضي الله عنه നോട് കല്പിച്ചു കാരണം അബ്ബാസ് رضي الله عنه വളരെ ഉയർന്ന ശബ്ദമുള്ളവരായിരുന്നു  (ഖുർതുബി 16/220

إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِندَ رَسُولِ اللَّهِ أُوْلَئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَى لَهُم مَّغْفِرَةٌ وَأَجْرٌ   3.  عَظِيمٌ


നിശ്ചയമായും അള്ളാഹുവിന്റെ റസൂലിനടുത്ത് വെച്ച് തങ്ങളുടെ ശബ്ദത്തെ താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളെയത്രെ ദൈവ ഭക്തിക്കായി അള്ളാഹു പരീക്ഷിച്ചെടുത്തിട്ടുള്ളത് അവർക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്


നബി യോടുള്ള ബഹുമാനത്തിന്റെ ഭാഗമായി ശബ്ദം താഴ്ത്തണമെന്ന  കല്പന അള്ളാഹു നൽകിയപ്പോൾ സഹാബികൾ എല്ലാവരും അത് ശിരസ്സാ വഹിച്ചു.അവരെ അള്ളാഹു അതിന്റെ പേരിൽ പുകഴ്ത്തിയതാണീ സൂക്തത്തിൽ നാം കാണുന്നത്.ദൈവ ഭക്തിക്ക് പറ്റിയ മനസ്സാണ് സഹാബികൾക്ക് എന്ന ഖുർആനിന്റെ ഈ പ്രശംസയോട് കിടപിടിക്കുന്ന എന്ത് ബഹുമതിയാണിനി സഹാബത്തിനു വേണ്ടത്? നബി യോടുള്ള ആദരവ് എല്ലാ വിജയത്തിലേക്കും അവിടുത്തോടുള്ള അനാദരവ് സകല പരാജയത്തിലേക്കും എത്തിക്കുമെന്ന് നാം സഗൌരവം ചിന്തിക്കേണ്ടതാണ്.നബി യുടെ സന്നിധിയിൽ ശബ്ദം ഉയർത്തരുതെന്ന കല്പന അവിടുത്തെ ജീവിത കാലത്തേക്ക് മാത്രമുള്ളതല്ല.വഫാത്തിനു ശേഷവും അവിടുത്തെ സന്നിധിയിൽ ഈ ആദരവ് പാലിച്ചേ പറ്റൂ.ഇമാം ഇബ്നു കസീർ رحمة الله عليه എഴുതുന്നു ‘തിരു സന്നിധിയിൽ ശബ്ദം ഉയർത്തരുതെന്ന വിലക്ക് എല്ലാ കാലത്തേക്കുമായി അള്ളാഹു നൽകിയതാണ്.ഉമർ رضي الله عنه വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു നബി യുടെ പള്ളിയിൽ രണ്ടാളുകൾ ശബ്ദം ഉയർത്തി സംസാരിക്കുന്നത് താൻ കേട്ടു.ഉടൻ അവരുടെ അടുത്ത് ചെന്ന് ഉമർ رضي الله عنه ചോദിച്ചു നിങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?(ഇത് വളരെ ആദരിക്കപ്പെടേണ്ട സ്ഥലമാണെന്ന് സാരം) നിങ്ങൾ ഏത് നാട്ടുകാരാണ്? അവർ പറഞ്ഞു ഥാഇഫുകാരാണ്.ഉമർ رضي الله عنه പറഞ്ഞു നിങ്ങൾ മദീനക്കാരായിരുന്നുവെങ്കിൽ നിങ്ങളെ ഞാൻ ശരിക്കും വേദനിപ്പിക്കുമായിരുന്നു  മഹാന്മാർ പറയുന്നത് നബി ജീവിച്ചിരുന്നപ്പോൾ അവിടുത്തെ സന്നിധിയിൽ ശബ്ദം ഉയർത്താൻ പാടില്ലാത്തത് പോലെ അവിടുത്തെ ഖബ്റിനടുത്തും ശബ്ദമുയർത്താൻ പാടില്ല.കാരണം ജീവിത കാലത്തേതു പോലെ ഇപ്പോഴും അവിടുന്ന് ആദരിക്കപ്പെടേണ്ടവർ തന്നെയാണ് (ഇബ്നു കസീർ 4/301)

إِنَّ الَّذِينَ يُنَادُونَكَ مِن وَرَاء الْحُجُرَاتِ أَكْثَرُهُمْ لَا يَعْقِلُونَ  .4

(നബിയേ!) നിശ്ചയം അറകളുടെ പുറത്ത് നിന്ന് തങ്ങളെ വിളിക്കുന്നവരിൽ അധികമാളുകളും ചിന്തിച്ച് മനസ്സിലാക്കുന്നില്ല

നബി യുടെ ഭാര്യമാർക്ക് താമസിക്കാനായി മദീനാ പള്ളിയുടെ ചുറ്റും കെട്ടിയുണ്ടാക്കിയിരുന്ന ചെറു കുടിലുകളെക്കുറിച്ചാണ് ഇവിടെ ഹുജുറാത്ത് (അറകൾ) എന്ന് പറഞ്ഞത് ഈത്തപ്പന തടികൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരുന്ന അവയുടെ മേല്പുരകൾ ഒരാൾക്ക് കൈയെത്തത്തക്ക ഉയരത്തിലായിരുന്നു.ഒരിക്കൽ തമീം ഗോത്രത്തിൽ നിന്നുള്ള ഒരു സംഘം ആളുകൾ
അഖ്റ ഉബ്നു ഹാബിസിന്റെ നേതൃത്വത്തിൽ നബി യെ കാണാൻ വന്നു  നബി ഒരു അറയിൽ മദ്ധ്യാഹ്ന വിശ്രമത്തിലായിരുന്നു അപ്പോൾ.അറയുടെ പുറത്ത് നിന്ന് അവർ വിളിച്ചു മുഹമ്മദേ!മുഹമ്മദേ  എന്ന്. നബി യിൽ നിന്ന് ഉത്തരമുണ്ടാകാതെ വന്നപ്പോൾ അദ്ദേഹം പറഞ്ഞു.എന്റെ പ്രശംസ വളരെ മനോഹരവും ആക്ഷേപം വല്ലാത്ത മോശവുമാകും എന്ന് പറഞ്ഞ് സ്വൈരം കെടുത്തി.അതിനെ ആക്ഷേപിച്ചു കൊണ്ടാണ് അള്ളാഹു അത്തരം മര്യാദകേട് നബി യോട് കാണിക്കരുതെന്നും എന്നാൽ അവർ അങ്ങനെ കാണിക്കാനിടയായത് ചിന്തിച്ച് ഗ്രഹിക്കാനുള്ള ബുദ്ധിയില്ലാത്തത് കൊണ്ടാണെന്നും ഉണർത്തിയിരിക്കുന്നു
വിളിച്ചത് അഖ്റഉബിനു ഹാബിസും ഉയയ്നത്തു ബിൻ ഹിസ്നുമാണെന്നും എന്നിട്ടും എല്ലാവരും കൂടി വിളിച്ചു എന്ന് തോന്നിപ്പിക്കുന്ന ശൈലിയിൽ അള്ളാഹു പറഞ്ഞത് സംഘത്തിലെ എല്ലാവർക്കും ആ വിളി സമ്മതമായിരുന്നത് കൊണ്ടാണെന്നും ഇമാം ബൈളാവി തന്റെ തഫ്സീറിൽ (2/415) പറഞ്ഞിട്ടുണ്ട്

وَلَوْ أَنَّهُمْ صَبَرُوا حَتَّى تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ وَاللَّهُ غَفُورٌ رَّحِيمٌ  .5


തങ്ങൾ അവരുടെ അടുത്തേക്ക് പുറപ്പെട്ടു വരുന്നത് വരെ അവർ ക്ഷമിച്ചിരുന്നെങ്കിൽ അത് അവർക്ക് ഉത്തമമാകുമായിരുന്നു അള്ളാഹു ഏറ്റവും പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു

വിശ്രമിക്കുന്ന നബി യെ ശല്യം ചെയ്യാതെ അവർ ക്ഷമിക്കുകയും നബി അവരോട് സംസാരിക്കാനായി പുറത്ത് വരുമ്പോൾ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിൽ നബി തങ്ങളെ വിഷമിപ്പിച്ചു എന്ന അപകടത്തിൽ നിന്ന് രക്ഷപ്പെടുക വഴി വലിയ നന്മയായി അത് അവർക്ക് മാറുമായിരുന്നു.ഇവിടെ ഇമാം ബൈളാവിയുടെ ഒരു പരാമർശം ശ്രദ്ധേയമാണ് അള്ളാഹു തങ്ങൾ അവരുടെ അടുത്തേക്ക് വരുന്നത് വരെ ക്ഷമിക്കുക എന്ന് പറഞ്ഞതിന്റെ താല്പര്യം മറ്റെന്തെങ്കിലും വിഷയത്തിനായി പുറത്ത് വരുന്നത് കണ്ടാലും സംസാരിക്കാൻ ശ്രമിക്കാതെ ക്ഷമിക്കലാണ് നല്ലതെന്ന് ഉണർത്താനാണ് കാരണം അതിലാണല്ലോ നബി യോടുള്ള മര്യാദ പാലിക്കലും നബി യെ ആദരിക്കലുമുള്ളത് അത് രണ്ടും അള്ളാഹുവിന്റെ പ്രശംസക്കും പ്രതിഫലത്തിനും  കാരണമാകുന്ന നന്മയുമത്രെ.(ബൈളാവി).
എന്നാൽ വിവരക്കുറവു കൊണ്ട് അവരിൽ നിന്ന് വന്നു പോയ ആ അപമര്യാദയെ അള്ളാഹു അവന്റെ കാരുണ്യത്താൽ അവർക്ക് പൊറുത്തു കൊടുത്തു എന്നാണ് ഖുർആൻ പറഞ്ഞത്

يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ .6

സത്യ വിശ്വാസികളേ! ദുർമാർഗിയായ ഒരാൾ നിങ്ങളുടെ അടുത്ത് ഒരു വാർത്തയും കൊണ്ട് വന്നാൽ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങൾ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയിൽ നിങ്ങൾ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാൻ


ജീവിതത്തിൽ സൂക്ഷ്മതയും  സത്യ സന്ധതയുമില്ലാത്തവർ വല്ല വാർത്തയും കൊണ്ടു വന്നാൽ അതിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാതെ /സത്യമാണോ എന്ന് ബോദ്ധ്യപ്പെടാതെ കേട്ടതനുസരിച്ച് മറ്റുള്ളവരെ അപരാധികളാക്കരുത്.കാരണം കേട്ടതനുസരിച്ച് നിങ്ങൾ പ്രതികരിച്ചതിനു ശേഷം ആ വാർത്ത സത്യമായിരുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ നിരപരാധികളെ ക്രൂശിച്ചുവല്ലോ എന്ന കുറ്റബോധം നിങ്ങളെ വേട്ടയാടുകയും നിങ്ങളുടെ അപക്വമായ സമീപനം മുഖേന നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെടും.എടുത്തു ചാട്ടത്തിന്റെ ദുരന്തം എല്ലാവരെയും ബാധിക്കും.അത്തരമൊരു സാമൂഹ്യ ദുരന്തം സംഭവിച്ചിട്ട് ഖേദിക്കാതിരിക്കാനുള്ള ശരിയായ നിലപാടാണിത്

ഈ സൂക്തം അവതരിക്കാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച് വിവിധ റിപ്പോർട്ടുകളുണ്ട്.അതിൽ വെച്ച് ഏറ്റവും പ്രസിദ്ധമായ ഒരു റിപ്പോർട്ട് ഇമാം അഹ്മദ് رحمة الله عليه ഉദ്ധരിക്കുന്നതായി ഇബ്നു കസീർ رحمة الله عليه തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നു

ഹാരിസുബിൻ ളിറാർ അൽ ഖുസാഈ പറഞ്ഞു “ഞാൻ നബി യുടെ സമീപം ചെന്നു.അവിടുന്ന് എന്നെ ഇസ്ലാമിലേക്ക് ക്ഷണിച്ചു.ഞാൻ മുസ്ലിമാവുകയും എനിക്ക് അത് വലിയ സന്തോഷം സമ്മാനിക്കുകയും ചെയ്തു.സക്കാത്ത് നൽകാൻ നബി എന്നോട് കല്പിച്ചു അതും ഞാൻ സ്വീകരിച്ചു.അങ്ങനെ നബി സന്നിധിയിൽ നിന്ന് ഞാൻ തിരിച്ചു പോരുമ്പോൾ നബി യോട് ഞാൻ പറഞ്ഞു.നബിയേ!ഞാൻ എന്റെ നാട്ടിൽ തിരിച്ചെത്തിയാൽ എന്റെ ആൾക്കാരെ ഞാൻ ഇസ്ലാമിലേക്കും സക്കാത്ത് കൊടുക്കാനും ക്ഷണിക്കും. അവർ എന്നെ അനുസരിച്ചാൽ അവരുടെ സക്കാത്ത് ഞാൻ സംഘടിപ്പിച്ചു വെക്കും.ഞാൻ ഒരുക്കി വെച്ച സക്കാത്ത് സ്വീകരിക്കാൻ അങ്ങ് ഒരു പ്രതിനിധിയെ നിശ്ചിത സമയത്ത് (സമയം അദ്ദേഹം നിശ്ചയിച്ചു നൽകി) അങ്ങോട്ട് അയക്കണം.എന്ന്! അങ്ങനെ ഹാരിസ് رضي الله عنه സക്കാത്ത് ശേഖരിച്ചു വെക്കുകയും പ്രതിനിധിയെ പ്രതീക്ഷിക്കുകയും ചെയ്തു.പക്ഷെ നിശ്ചയിച്ച സമയത്ത് നബി യുടെ പ്രതിനിധി സക്കാത്ത് സ്വീകരിക്കാൻ എത്തിയില്ല.ഹാരിസ് رضي الله عنه കരുതി.അള്ളാഹുവിൽ നിന്നും റസൂലിൽ നിന്നും  എന്നോട് വല്ല ദേഷ്യവും സംഭവിച്ചത് കൊണ്ടാകുമോ  ദൂതനെ അയക്കാത്തതെന്ന് .അങ്ങനെ ഹാരിസ് رضي الله عنه തന്റെ ജനതയിലെ നേതാക്കളെ വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു ‘നബി തങ്ങൾ സക്കാത്ത് ഏറ്റു വാങ്ങാൻ തന്റെ പ്രതിനിധിയെ അയക്കാമെന്ന്  എനിക്ക് സമയം നിശ്ചയിച്ചു തന്നിരുന്നു.നബി വാഗ്ദാനം ലംഘിക്കുന്ന ആളല്ലതാനും .എന്തോ അബദ്ധം നമ്മുടെ ഭാഗത്ത് നിന്ന് സംഭവിച്ചതിനാലാവാം പ്രതിനിധി വരാത്തത്.അത് കൊണ്ട് നബി യുടെ അടുത്ത് പോയി വിവരമറിയാൻ ഞാൻ പോവുകയാണ്’  അങ്ങനെ അദ്ദേഹം മദീനയിലേക്ക് പുറപ്പെട്ടു. എന്നാൽ നബി തങ്ങൾ സക്കാത്ത് ഏറ്റു വാങ്ങാനായി വലീദ് ബിൻ ഉഖ്ബത്തിനെ അങ്ങോട്ട് നിശ്ചയിച്ചിരുന്നു.എന്നാൽ വഴി മദ്ധ്യേ അവിടെ ചെന്നാൽ എനിക്കെന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയം അദ്ദേഹത്തെ പിടികൂടുകയും അദ്ദേഹം തിരിച്ചു പോവുകയും ചെയ്തു.നബി യുടെ അടുത്ത് ചെന്ന് അവർ സക്കാത്ത് നൽകാൻ വിസമ്മതിക്കുകയും എന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്ന് വലീദ് പറഞ്ഞു .അപ്പോൾ നബി ദേഷ്യപ്പെടുകയും ആ വിഭാഗത്തോട് യുദ്ധം ചെയ്യാൻ സൈന്യത്തെ നിയോഗിക്കുകയും ചെയ്തു.എന്നാൽ വഴിയിൽ വെച്ച് ഹാരിസും സംഘവും നബി നിയോഗിച്ച സംഘത്തെ കാണുകയും അവർ പരസ്പരം യാത്രയുടെ ഉദ്ദേശ്യം വിവരിക്കുകയും ചെയ്തു.അപ്പോൾ ഹാരിസ് പറഞ്ഞു ഞാൻ വലീദിനെ കണ്ടിട്ടില്ല അദ്ദേഹം ഞങ്ങളുടെ നാട്ടിലെത്തിയിട്ടുമില്ല.അത് കൊണ്ട് അന്വേഷിക്കാനിറങ്ങിയതാണ് ഞങ്ങൾ എന്ന്.അദ്ദേഹം നബി യോട് ഈ സത്യം വിശദീകരിച്ചു .അപ്പോഴാണീ സൂക്തം അവതരിച്ചത് (ഇബ്നു കസീർ 4/303/304) വേറെയും റിപ്പോർട്ടുകൾ അവതരണ പശ്ചാത്തലമായി വന്നിട്ടുണ്ട്


7. وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّهِ لَوْ يُطِيعُكُمْ فِي كَثِيرٍ مِّنَ الْأَمْرِ لَعَنِتُّمْ وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ   فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ أُوْلَئِكَ هُمُ الرَّاشِدُونَ 


അള്ളാഹുവിന്റെ റസൂൽ () നിങ്ങളിൽ ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം പല കാര്യങ്ങളിലും അവിടുന്ന് നിങ്ങളെ അനുസരിച്ചിരുന്നുവെങ്കിൽ നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു.പക്ഷെ സത്യവിശ്വാസത്തെ അള്ളാഹു നിങ്ങൾക്ക് ഇഷ്ടമുള്ളതാക്കിത്തരികയും നിങ്ങളുടെ ഹൃദയങ്ങളിൽ അത് അലംകൃതമാക്കി തോന്നിക്കുകയും ചെയ്തിരിക്കുന്നു സത്യ നിഷേധവും ദുർനടപ്പും അനുസരണക്കേടും അവൻ നിങ്ങൾക്ക് വെറുപ്പാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു അവർ തന്നെയാണ് സന്മാർഗികൾ


അള്ളാഹുവിന്റെ റസൂൽ നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നു.നിങ്ങൾക്ക് ഗുണകരമായതെന്ത് ദോഷമായതേത് എന്നൊക്കെ നിങ്ങളേക്കാൾ നബി ക്കാണ് അറിയുക.
ഇമാം ഇബ്നു കസീർ എഴുതുന്നു,,അറിയുക! നിങ്ങൾക്കിടയിൽ നബി
ഉണ്ട് എന്ന് .എന്നിട്ട് നബി യെ നിങ്ങൾ ആദരിക്കുകയും അവിടുത്തോട് മര്യാദ പാലിക്കുകയും അവിടുത്തെ കല്പനകൾക്ക് നിങ്ങൾ അനുസരിക്കുകയും ചെയ്യുക.കാരണം നിങ്ങൾക്ക് ഗുണകരമായ നിലപാട് എന്താണെന്ന് നിങ്ങളേക്കാൾ അറിയുന്നത് നബി ക്കാണ് നിങ്ങളുടെ കാര്യത്തിൽ നിങ്ങളേക്കാൾ ഉൽക്കണ്ഡയുള്ളതും നബി ക്കാണ്. നിങ്ങളുടെ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായത്തേക്കാൾ ഗുണകരവും സമ്പൂർണ്ണവുമായ അഭിപ്രായവും നബി യുടെതാണ്.(ഇബ്നു കസീർ 4/305)

അതിനാൽ നിങ്ങളുടെ ഇഷ്ടത്തിനെല്ലാം  നബി
വഴങ്ങിത്തരികയാണെങ്കിൽ അത് പലപ്പോഴും നിങ്ങൾക്ക് തന്നെ വിഷമമുണ്ടാക്കും ഇത് നിങ്ങൾ മനസ്സിലാക്കണം.എന്നിട്ട് നബി തങ്ങളുടെ കല്പനകൾക്ക് കാതോർക്കണം.

ഇമാം റാസി
رحمة الله عليه എഴുതുന്നു.കഴിഞ്ഞ സൂക്തത്തിൽ ഒരു വാർത്തയുമായി ആരെങ്കിലും വരുമ്പോൾ അതിന്റെ നിജ സ്ഥിതി അന്വേഷിക്കണമെന്ന് അള്ളാഹു പറഞ്ഞുവല്ലോ അതിനു ശേഷം നിങ്ങളിൽ റസൂൽ ഉണ്ടെന്ന് അറിയുക എന്ന് പറഞ്ഞാൽ ആ വാർത്തയുടെ നിജസ്ഥിതി അറിയാനും നിങ്ങൾ നബിയിലേക്ക് മടങ്ങുകഎന്നാണ്.അത് നിങ്ങൾക്ക് എളുപ്പമാണ്.ഇത് ഒരു ഗുരുവിന്റെ ശിഷ്യന്മാർക്കിടയിൽ തർക്കമുണ്ടായാൽ സാധാരാണ പറയുമല്ലോ? ഇതാ നമ്മുടെ ഗുരു അവിടെ ഇരിക്കുന്നുണ്ടല്ലോ അതായത് ശിഷ്യന്മാർ പറയുന്നത് അങ്ങനെ തന്നെ സ്വീകരിക്കുന്നതിനു പകരം ഓരോന്നിന്റെയും ശരിയായ വിശകലനം നടത്തി ഗുരു നിലപാടെടുക്കും.അപ്പോൾ പിന്നെ നാം അനാവശ്യമായി തർക്കിക്കേണ്ടതില്ലല്ലോ ഗുരുവിന്റെ അടുത്ത് വിഷയമവതരിപ്പിക്കാം എന്ന് പറയുന്നത് പോലെയാണ്.അഥവാ നബി ഒരു വിഷയത്തിലും ആരെങ്കിലും പറയുന്നത് കേട്ട് വിധിക്കുകയല്ല.ഓരോ വിഷയത്തിന്റെയും സത്യാവസ്ഥ നോക്കിയാണ് വിധിക്കുക.നബി വിധിച്ചാൽ അത് സത്യമായിരിക്കുകയും ചെയ്യും.കാരണം ആർക്കും വഴങ്ങി നബി ഒന്നും പറയുകയില്ല (റാസി 28/112)

  സത്യ വിശ്വാസത്തോട് നിങ്ങൾക്ക് ഇഷ്ടമുണ്ടാക്കിയതും അവിശ്വാസത്തോടും ദുർനടപ്പിനോടും അനുസരണക്കേടിനോടും നിങ്ങൾക്ക് വെറുപ്പുണ്ടാക്കിയതും അള്ളാഹുവാണ് എന്നെല്ലാമാണ് അള്ളാഹു ഇവിടെ ഉണർത്തുന്നത്.

ഇമാം റാസി
رحمة الله عليه എഴുതുന്നു പക്ഷെ സത്യവിശ്വാസത്തെ അള്ളാഹു നിങ്ങൾക്ക് ഇഷ്ടമുള്ളതാക്കിത്തരികയും നിങ്ങളുടെ ഹൃദയങ്ങളിൽ അത് അലംകൃതമാക്കി തോന്നിക്കുകയും ചെയ്തിരിക്കുന്നുസത്യ നിഷേധവും ദുർനടപ്പും അനുസരണക്കേടും അവൻ നിങ്ങൾക്ക് വെറുപ്പാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു . എന്ന് അള്ളാഹു പറഞ്ഞത് ഒരു സാങ്കല്പിക ചോദ്യത്തിന്റെ ഉത്തരമാണ്.അതായത് ഒരു വാർത്ത വന്നാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കുകയും അതിനു നബി യെ സമീപിക്കുകയും വേണം എന്ന് പറയുമ്പോൾ ഒരു വിശ്വാസിയുടെ മനസ്സിൽ ഇങ്ങനെ ഒരു ചോദ്യം വരാം .ഞങ്ങൾ വിശ്വസിക്കുകയും ദുർനടപ്പ് ഒഴിവാക്കുകയും ചെയ്ത സ്ഥിതിക്ക് ഈ വിഷയത്തിൽ എന്ത് വേണമെന്ന് ഞങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ പോരേ എന്ന്.അതിന്റെ മറുപടിയാണിത്.അഥവാ നിങ്ങൾക്ക് വിശ്വാസം ലഭിച്ചത് നിങ്ങളുടെ അദ്ധ്വാനം കൊണ്ടല്ല. മറിച്ച് അള്ളാഹു നിങ്ങൾക്ക് തെളിവുകൾ വിശദീകരിക്കുകയും വിശ്വാസത്തെ നിങ്ങളുടെ മനസ്സിൽ ഭംഗിയാക്കി തരികയും ചെയ്തപ്പോൾ നിങ്ങൾക്ക് സത്യത്തിൽ ധൃഢതയുണ്ടായി.അതിനാൽ നിങ്ങളുടെ ബുദ്ധിയെ ആസ്പദമാക്കാതെ നബി യിലേക്ക് നിങ്ങൾ മടങ്ങുക(റാസി28/113 )

ഇഷ്ടമുള്ള കാര്യത്തോട് തന്നെ കുറെ കാലപ്പഴക്കം കൊണ്ട് ചിലപ്പോൾ മടുപ്പ് തോന്നിയെന്ന് വരാം.എന്നാൽ വിശ്വാസത്തിന്റെ സജീവത കൊണ്ട് എത്ര കഠിനമായ കല്പനയും പ്രാവർത്തികമാക്കാൻ വിശ്വാസി ശീലിക്കുമ്പോൾ ആരാധനകളും അതിനു വേണ്ടിയുള്ള കഷ്ടപ്പാടുകളും അവനു കൂടുതൽ രസകരമായി മാറും അതാണ് വിശ്വാസത്തെ നിങ്ങൾക്ക് അവൻ ഇഷ്ടമുള്ളതാക്കിത്തന്നു എന്ന്  പറഞ്ഞ ശേഷം അതിനെ മനസ്സിൽ ഭംഗിയാക്കുകയും ചെയ്തു എന്ന് പറഞ്ഞത് (റാസി)

 യഥാർത്ഥ സത്യ വിശ്വാസത്തിനു മൂന്ന് ഘടകങ്ങളുണ്ട്(1) മനസ്സു കൊണ്ട് വിശ്വസിക്കൽ (2) നാവു കൊണ്ട് അത് ഏറ്റു പറയൽ (3) അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവയാണത് ഇവയുടെ മറു വശങ്ങളാണ് അവിശ്വാസം, ദുർനടപ്പ്,അനുസരണക്കേട് എന്നിവ.ഇവയോട് വെറുപ്പുണ്ടാകുമ്പോഴാണ് സത്യ വിശ്വാസം പൂർണമാകുന്നത് ഇവരാണ് സന്മാർഗികൾ

فَضْلًا مِّنَ اللَّهِ وَنِعْمَةً وَاللَّهُ عَلِيمٌ حَكِيمٌ .8

അള്ളാഹുവിങ്കൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമായിക്കൊണ്ടാണ് (ഈ ഗുണം അവർക്ക് ലഭിച്ചത്) അള്ളാഹു സർവജ്ഞനും യുക്തിയുക്തം പ്രവർത്തിക്കുന്നവനുമാകുന്നു

സത്യ വിശ്വാസത്തോട് ഇഷ്ടവും താല്പര്യവും അവർക്കുണ്ടായതും അവിശ്വാസത്തോടും ദുർനടപ്പിനോടും അനുസരണക്കേടിനോടും അവർക്ക് വെറുപ്പുണ്ടായതും അവർ സന്മാർഗികളായതുമെല്ലാം അള്ളാഹുവിന്റെ ഔദാര്യവും അനുഗ്രഹം കൊണ്ട് മാത്രമാണ്.ഓരോരുത്തരുടെയും മനസ്സിൽ എന്താണുള്ളതെന്ന കാര്യം കൃത്യമായി അള്ളാഹു അറിയുന്നു.അവന്റെ എല്ലാ തീരുമാനങ്ങളും നടപടികളും തികച്ചും യുക്തിസഹമാണ്

(part -2  -  9 മുതൽ 18 വരെ സൂക്തങ്ങളുടെ വിവരണം  click here to read)


No comments: