Monday, August 31, 2020

അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | ഭാഗം 01

അദ്ധ്യായം 41  | സൂറത്ത് ഫുസ്സിലത്ത് سورة فصلت | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54


(Part -1  - 01 മുതൽ 08 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 


(1)

حم

വ്യാഖ്യാനം അള്ളാഹു വിനറിയാം


(2)
تَنزِيلٌ مِّنَ الرَّحْمَنِ الرَّحِيمِ

 

പരമ ദയാലുവും മഹാ കാരുണ്യവാനുമായ അള്ളാഹു വിൽ നിന്ന് അവതീർണമായതത്രെ ഇത്.


അള്ളാഹു നബി തങ്ങൾക്ക് അവതരിപ്പിച്ച് നൽകിയ വേദഗ്രന്ഥമാണ് ഖുർആൻ റഹ്‌മാൻ എന്ന് പറഞ്ഞാൽ അനുസരിക്കാത്തവർക്കും അനുസരിക്കുന്നവർക്കും ഭൌതിക ലോകത്ത് അനുഗ്രഹം നൽകുന്നവൻ എന്നും  റഹീം എന്ന് പറഞ്ഞാൽ ഇവിടെ അല്ലാഹു വിനെ അനുസരിച്ചവർക്ക് മാത്രം പരലോകത്ത് അനുഗ്രഹം ചെയ്യുന്നവൻ എന്നുമാണ് സാരം



(3)
كِتَابٌ فُصِّلَتْ آيَاتُهُ قُرْآنًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ



അതിന്റെ സൂക്തങ്ങൾ വിശദീകരിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അറബി ഭാഷയിലുള്ള  പാരായണം ചെയ്യപ്പെടുന്ന ( ഒരു ഗ്രന്ഥം )


‘സൂക്തങ്ങൾ വിശദീകരിക്കപ്പെട്ടു’ എന്ന് പറഞ്ഞാൽ ഹലാലും ഹറാമും വിവരിച്ചും അനുസരണവും അനുസരണക്കേടും വിശദീകരിച്ചും വാഗ്ദാനങ്ങളും താക്കീതുകളും വ്യക്തമാക്കിയും സത്യവും അസത്യവും വേർതിരിച്ചും ഈ ഗ്രന്ഥം നമ്മെ ഉൽബോധിപ്പിക്കുന്നു എന്നാണ് അർത്ഥം
കാര്യങ്ങൾ ചിന്തിക്കുന്നവർക്ക് അറബി ഭാഷയിൽ
ലളിതമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണിത്  അതിന്റെ വാചികവും ആർത്ഥികവുമായ നില അത്തരം ഒരു ഗ്രന്ഥം കൊണ്ടു വരുന്നതിൽ നിന്ന് മനുഷ്യനെ അസാധ്യമാക്കുന്നതാണ്.


മനസിലാക്കുന്ന ആളുകൾക്ക് എന്ന് പറഞ്ഞാൽ ആഴത്തിൽ വി
ജ്ഞാനമുള്ള പണ്ഡിതന്മാർക്കാണ് ഈ ആശയങ്ങൾ മനസ്സിലാവുക എന്നാണ് (ഇബ്‌നു കസീർ)


ഖുർആൻ വിശദീകരണം കേവലമൊരു അറബി ഭാഷ പണ്ഡിറ്റിന് സാദ്ധ്യമല്ലെന്നും ധാരാളം മേഘലകളിലായി പരന്നു കിടക്കുന്ന വിജ്ഞാന ശാഖകളിലെ പ്രാഗത്ഭ്യവും പൂർവ സൂരികളുടെ വിശകലനവും അറിയൽ അനിവാര്യമാണെന്നും നബി
തങ്ങളുടെ വിശദീകരണം മനസ്സിലാക്കിയവരെ അവഗണിച്ച്  നമുക്ക് ഖുർആൻ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ഇത് വ്യക്തമാക്കുന്നു ഒരു യോഗ്യതയും ഇല്ലാതെ ഭാഷാ വിവർത്തനങ്ങൾ മാത്രം മുന്നിൽ വെച്ച് ഇതാണ് ഖുർആനിന്റെ ആകെത്തുക എന്ന് കണ്ടെത്തുന്നവർ എത്രമാത്രം അപകടകാരികളാണെന്ന് നാം തിരിച്ചറിയണം




(4)
بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ

 

സന്തോഷ വാർത്ത അറിയിക്കുന്നതും താക്കീത് നൽകുന്നതുമായിട്ടുള്ള (ഗ്രന്ഥം), എന്നാൽ അവരിൽ അധിക പേരും (അത് അവഗണിച്ച്) തിരിഞ്ഞു കളഞ്ഞു അങ്ങനെ അവർ കേട്ട് അനസ്സിലാക്കുന്നില്ല



 സത്യ വിശ്വാസം സ്വീകരിക്കുകയും ഖുർആൻ അനുസരിച്ച് അള്ളാഹു വിന്റെ വിധിവിലക്കുകളും നിയമ നിർദേശങ്ങളും പാലിക്കുന്നവർക്ക് സ്വർഗമുണ്ടെന്ന് സന്തോഷ വാർത്ത അറിയിക്കുകയും സത്യ നിഷേധം കൈകൊള്ളുകയും ഖുർആൻ അനുസരിച്ച്  ഭൌതിക ലോകത്ത് ജീവിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് പരലോകത്തിൽ നരകത്തിലെ നിത്യ വാസമുണ്ടായിരിക്കുമെന്ന് താക്കീതു നൽകുകയും ചെയ്തു കൊണ്ടാണ് ഖുർആൻ അവതരിച്ചത്  എന്നാൽ ഈ സന്തോഷ വാർത്തയോട് അനുകൂലമായി പ്രതികരിക്കാനോ നരകത്തെക്കുറിച്ചുള്ള താക്കീത് ഉൾക്കൊള്ളാനോ മിക്ക ആളുകളും തയാറായില്ല അവർ അതിനെ അവഗണിക്കുകയാണ് ചെയ്തത് എന്തൊരു ധിക്കാരം!


സത്യം ബോദ്ധ്യമായിട്ടും ഖുർആനിന്റെ പ്രഥമ സംബോധിതരായ അറേബ്യൻ മുശ്‌രിക്കുകളുടെ നിഷേധാത്മക നിലപാടിന്റെ ഒരു ഉദാഹരണം ഇമാം ഖുർതുബി അവിടുത്തെ തഫ്‌സീറിൽ ഉദ്ധരികുന്നു
. “അബൂജഹ്‌ൽ ഉൾക്കൊള്ളുന്ന ഖുറൈശി പ്രമുഖർ ഒരിക്കൽ പറഞ്ഞു ഈ മുഹമ്മദ് നബിയുടെ കാര്യം നമുക്ക് ഒരു പിടിയും കിട്ടുന്നില്ല അത് കൊണ്ട് കവിതയെക്കുറിച്ചും ആഭിചാരപ്രവർത്തിയെ കുറിച്ചും ജോത്സ്യത്തെക്കുറിച്ചും അറിയാവുന്ന ഒരു പണ്ഡിതനെ കണ്ടെത്തി മുഹമ്മദ് നബിയോട് സംസാരിച്ച് ആ പണ്ഡിതൻ നമുക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നാൽ നന്നായിരുന്നു.അപ്പോൾ ഉത്ബതുബിൻ റബീഅ:പറഞ്ഞു ജോത്സ്യവും കവിതയും ക്ഷുദ്രവിദ്യയും കേൾക്കുകയും അത് സംബന്ധമായി നല്ലൊരു അറിവ് ഞാൻ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട് അത്തരം വല്ല വിദ്യയുമാണ് മുഹമ്മദ് നബിയുടെ കയ്യിലെങ്കിൽ അത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും .അപ്പോൾ അവരെല്ലാവരും കൂടി ഉത്ത്ബയോട് പറഞ്ഞു  എന്നാൽ നിങ്ങൾ പോയി സംസാരിക്കുക.അങ്ങനെ ഉത്ബത്ത് നബി തങ്ങളെ സമീപിച്ചു എന്നിട്ട് ചോദിച്ചു മുഹമ്മദേ! നിങ്ങളാണോ അതോ ഖുസയ്യ് ബിൻ കിലാബ് ആണോ ശ്രേഷ്ഠൻ? നിങ്ങളാണോ ഹാശിം ആണോ ഉന്നതൻ? നിങ്ങളാണോ അബ്ദുൽ മുത്തലിബ് ആണോ ഉത്തമൻ? നിങ്ങളാണോ അബ്ദുള്ളയാണോ കേമൻ?(ഇവരെല്ലാം നബി തങ്ങളുടെ പിതാക്കന്മാരും മക്കയിലെ പ്രമുഖരുമായിരുന്നു അവരാരും ഞങ്ങളുടെ ദൈവങ്ങളെ ചീത്ത വിളിക്കുകയോ അവമതിക്കുകയോ ചെയ്തിട്ടില്ല പിന്നെ എന്ത് കൊണ്ട് നിങ്ങൾ ഇങ്ങനെ ഞങ്ങളുടെ ദൈവങ്ങളെ നിരാകരിക്കുന്നു? ഞങ്ങളുടെ പൂർവീകർ മാർഗഭ്രംശം സംഭവിച്ചവരാണെന്ന് ആക്ഷേപിക്കുന്നു?ഞങ്ങളുടെ ചിന്തയെ വിഡ്ഢിത്തം എന്ന് വിശേഷിപ്പിക്കുന്നു? ഞങ്ങളുടെ മതത്തെ കുറ്റം പറയുന്നു? അധികാരം കയ്യാളാനുള്ള മോഹം കൊണ്ടാണെങ്കിൽ പറഞ്ഞാൽ മതി ജീവിത കാലം മുഴുവനും അധികാരത്തിൽ നിങ്ങളെ ഞങ്ങൾ വാഴിക്കാം. കുല മഹിമയുള്ള കുടുംബത്തിലെ സ്ത്രീകളെ കല്യാണം കഴിക്കലാണ് ലക്ഷ്യമെങ്കിൽ ഖുറൈശി കുടുംബത്തിലെ ഏത് തറവാട്ടിൽ നിന്നും പത്ത് വനിതകളെ വേണമെങ്കിലും വിവാഹം ചെയ്ത് തരാം.ധന സമ്പാദനത്തിനാണ് ഇത്തരം ഒരു വേഷം കെട്ട് നടത്തുന്നതെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ പരമ്പരകൾക്കും കഴിയാനുള്ള സമ്പത്ത് ഞങ്ങൾ സംഘടിപ്പിച്ചു തരാം.ഇനി വല്ല പിശാച് ബാധയുമേറ്റിട്ടാണ് ഇങ്ങനെ പറയുന്നതെങ്കിൽ രോഗം മാറുന്നത് വരെ ചികിത്സിക്കാൻ ഞങ്ങൾ ഏർപ്പാടുണ്ടാക്കാം. ഉത്ത്ബത്ത് പറയുമ്പോഴെല്ലാം മൌനിയായി കേട്ട് നിന്ന നബി തങ്ങൾ ചോദിച്ചു നിങ്ങളുടെ സംസാരം തീർന്നോ അബൂ വലീദ്! അതെ എന്ന് ഉത്ബത്ത് പറഞ്ഞു അപ്പോൾ നബി തങ്ങൾ പറഞ്ഞു ഓ സഹോദര പുത്രാ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക .ഞാൻ കേൾക്കാം എന്ന് ഉത്ബത് പ്രതികരിച്ചു അപ്പോൾ നബി തങ്ങൾ ഈ സൂറത്തിന്റെ ആദ്യ സൂക്തം മുതൽ പതിമൂന്നാം സൂക്തം വരെ പാരായണം ചെയ്തു.അപ്പോൾ ഉത്ബത്ത് ചാടി എഴുന്നേറ്റ് നബി തങ്ങളുടെ വായ പൊത്തി എന്നിട്ട് അള്ളാഹുവിനെയും കുടുംബ ബന്ധത്തെയും മുൻ നിർത്തി ഇനി പാരായണം തുടരരുത് നിർത്തണം എന്ന് ആവശ്യപ്പെട്ടു ഖുറൈശി പ്രമുഖരുടെ അടുത്തേക്ക് പോകാതെ ഉത്ബത് നേരേ വീട്ടിലേക്കാണ് പോയത് എന്തോ അപകടം മണത്ത അബൂജഹ്‌ൽ ഉത്ബത്തിന്റെ വീട്ടിലെത്തി നീ മുഹമ്മദ് നബിയിലേക്ക് മതം മാറിയോ? അല്ലെങ്കിൽ മുഹമ്മദ് നബിയുടെ സൽക്കാരത്തിൽ മയങ്ങിയോ? എന്ന് ചോദിച്ചു അപ്പോൾ ദേഷ്യത്തോടെ ഒരിക്കലും താൻ ഇനി മുഹമ്മദുമായി സംസാരിക്കില്ല എന്ന് സത്യം ചെയ്തു എന്നിട്ട് ഉത്ബത് പറഞ്ഞു നിങ്ങൾക്ക് അറിയാമല്ലോ ഞാൻ ഖുറൈശികളിൽ നിന്ന് ധാരാളം സമ്പത്തുള്ള ആളാണ്  എന്ന്.ഞാൻ മുഹമ്മദ് നബിയുമായി (നേരത്തെ പറഞ്ഞ വിഷയങ്ങളെല്ലാം ) സംസാരിച്ചപ്പോൾ മുഹമ്മദ് നബി എന്നോട് ഒരു മറുപടി പറഞ്ഞു അള്ളാഹുവാണേ സത്യം അതൊരിക്കലും കവിതയോ ജോത്സ്യമോ ക്ഷുദ്ര വിദ്യയോ അല്ല എന്നിട്ട് താൻ കേട്ട വാക്യങ്ങൾ പാരായണം ചെയ്തു.ഇത്രയും എത്തിയപ്പോൾ പാരായണം നിർത്തനായി ഞാൻ മുഹമ്മദ് നബിയുടെ വായ പൊത്തി എന്നും വിശദീകരിച്ചു എന്നിട്ട് ഉത്ബത്ത് പറഞ്ഞു നിങ്ങൾക്കറിയാമല്ലൊ മുഹമ്മദ് നബി വല്ലതും പറഞ്ഞാൽ അത് കളവായിരിക്കില്ല എന്ന്. അള്ളാഹുവാണേ സത്യം മുൻ കാലത്ത് ഇറങ്ങിയ പോലുള്ള ശിക്ഷകൾ നിങ്ങളിൽ ഇറങ്ങുന്നതിനെ ഞാൻ ഭയപ്പെടുന്നു എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്നെ നിങ്ങൾ അനുസരിക്കണം മുഹമ്മദ് നബിയെ നിങ്ങൾ അവരുടെ പാട്ടിനു വിടുക (തകർക്കാനോ എതിർക്കാനോ ശ്രമിക്കരുത്) അള്ളാഹുവാണേ സത്യം ഞാൻ കേട്ടതിൽ ചില കാര്യമുണ്ട് ഭാവിയിൽ ചിലത് നടക്കുക തന്നെ ചെയ്യും ഇതിന്റെ പേരിൽ വല്ല അത്യാഹിതവുമാണ് വരുന്നതെങ്കിൽ നമ്മളല്ലാത്തവരിലൂടെ അത് സംഭവിക്കട്ടെ (അതായത് കള്ള വാദങ്ങൾആണ് മുഹമ്മദ് നബി പറയുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം അവരെ അനുകൂലിക്കുന്നവർക്കല്ലേ വരൂ) മുഹമ്മദ് നബി (ഭാവിയിൽ) ശരിയായ നബിയോ അധികാരിയോ ആവുകയാണെങ്കിൽ നമ്മിൽ പെട്ട ഒരാൾക്ക് അത്തരം അംഗീകാരം ലഭിക്കുന്നത് നമുക്കും മഹത്വം തന്നെയല്ലേ?(അത് കൊണ്ട് എതിർക്കാൻ പോകണ്ട മുഹമ്മദ്നബി അവരുടെ പ്രവർത്തനവുമായി നടക്കട്ടെ എന്ന്) ഉടൻ ഖുറൈശിപ്രമുഖർ പറഞ്ഞത് മുഹമ്മദ് നബി നിന്നെയും പറ്റിച്ചു  എന്നായിരുന്നു അപ്പോൾ ഉത്ബത് പറഞ്ഞു എന്റെ അഭിപ്രായം ഇതാണ് ഇനി നിങ്ങൾ തോന്നുന്നത് പോലെ ചെയ്യുക എന്ന് (ഖുർതുബി)
നബി
തങ്ങൾ ഉത്ബത്തിനു മറുപടിയായി ഈ അദ്ധ്യായത്തിന്റെ ആദ്യം മുതൽ പാരായണം ചെയ്ത് തുടങ്ങിയത് മുതൽ ശ്രദ്ധാപൂർവം അത് കേട്ടിരുന്ന ഉത്ബത് ഈ അദ്ധ്യാത്തിന്റെ മുപ്പത്തി എട്ടാം സൂക്തം പാരായണം ചെയ്ത് നബി തങ്ങൾ ഓത്തിന്റെ സുജൂദ് ചെയ്തപ്പോൾ ഒപ്പം സുജൂദ് വരെ ചെയ്തു എന്നും ഈ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (ഇബ്നു കസീർ)


നബി
തങ്ങളെ സർവ ശക്തിയും സമ്പരിച്ച് തകർക്കാൻ ശ്രമിച്ചിട്ടും ആളുകൾ കൂടുകയല്ലാതെ കുറയാതെ വരികയും മക്കയിലെ പ്രമുഖനായ ഹംസ رضي الله عنهവിശ്വാസിയുവാകുകയും ചെയ്ത സമയത്താണ് നബി തങ്ങളെ പ്രതിരോധിക്കാനായി ഇത്തരം ഒരു ശ്രമം നടന്നതെന്നും ഇവിടെ ഇബ്നുകസീർ رحمة الله عليه വിശദീകരിച്ചിട്ടുണ്ട്.


നോക്കൂ നബി
തങ്ങൾക്കെതിരിൽ ഇവർ പറഞ്ഞു പരത്തിയ ആരോപണങ്ങൾ കവിയാണ്, ക്ഷുദ്ര വിദ്യക്കാരനാണ്, ജോത്സ്യനാണ് എന്നൊക്കെയായിരുന്നല്ലോ അത്തരക്കാരുടെ വാക്കുകളെല്ലാം കേട്ടാൽ തിരിച്ചറിയാൻ സാധിച്ചിരുന്ന അവരുടെ കൂട്ടത്തിലെ പ്രമുഖനായ സാക്ഷാൽ ഉത്ബത് തന്നെ മുഹമ്മദ് നബി പറയുന്നത് ഇത്തരം തരികിടകളല്ല അതിനൊരു യാഥാർത്ഥ്യമുണ്ട് എന്ന് ബോദ്ധ്യപ്പെടുത്തിയിട്ടും അവനു തന്നെ സ്വയം ബോദ്ധ്യപ്പെട്ടിട്ടും അവർ അത് ഉൾക്കൊണ്ടില്ല ഈ ഉത്ബത്ത് പോലും ആ സത്യം സ്വീകരിച്ചില്ല അതാണ് അഹങ്കാരം നിമിത്തം മിക്കവരും അവഗണിച്ചു എന്ന് ഖുർആൻ പറഞ്ഞത്



(5)
وَقَالُوا قُلُوبُنَا فِي أَكِنَّةٍ مِّمَّا تَدْعُونَا إِلَيْهِ وَفِي آذَانِنَا وَقْرٌ وَمِن بَيْنِنَا وَبَيْنِكَ حِجَابٌ فَاعْمَلْ إِنَّنَا عَامِلُونَ

 

അവർ പറഞ്ഞു.(നബിയേ) തങ്ങൾ ഏതൊന്നിലേക്കാണോ ഞങ്ങളെ ക്ഷണിക്കുന്നത് അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങൾ (ഒരു തരം) മൂടിക്കുള്ളിലാകുന്നു ഞങ്ങളുടെ കാതുകളിലുമുണ്ട് ഒരു തരം കട്ടി.ഞങ്ങളുടെയും തങ്ങളുടെയും ഇടയിലുമുണ്ട് (ഒരു) മറ ആകയാൽ (നിങ്ങൾ കണ്ടത്) നിങ്ങൾ പ്രവർത്തിക്കുക (ഞങ്ങൾ കണ്ടത്) നിശ്ചയം ഞങ്ങൾ പ്രവർത്തിക്കുന്നവരാണ്


നിങ്ങൾ പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലേക്ക് കയറുന്നില്ല അവിടെ ചില മൂടികൾ തടസ്സമായി വരുന്നു നിങ്ങൾ പറയുന്നത് കേൾക്കാനാവാത്ത വിധം ഞങ്ങളുടെ കാതുകൾ അടക്കപ്പെട്ടിരിക്കുന്നു നിങ്ങളും ഞങ്ങളും വ്യത്യസ്ഥ ദ്രുവങ്ങളിലാണ് (അവർ ബിംബാരാധകരും നബി തങ്ങൾ ഏക ദൈവ വിശ്വാസിയുമെന്നതാണല്ലോ അവസ്ഥ അതിനെയാണിത് സൂചിപ്പിക്കുന്നത്) ഒരിക്കൽ നബി തങ്ങൾ പ്രബോധനം ചെയ്തപ്പോൾ അബൂജഹൽ തലയിൽ മുണ്ടിട്ട് മൂടി. എന്നിട്ട് പരിഹാസ പൂർവം നിങ്ങളുടെയും ഞങ്ങളുടെയും ഇടയിൽ മറയുണ്ട് (നിങ്ങൾ പറയുന്നത് കേൾക്കാൻ കഴിയുന്നില്ല) എന്ന് പറഞ്ഞു. “നിങ്ങൾ കണ്ടത് നിങ്ങൾ പ്രവർത്തിക്കുക ഞങ്ങൾ കണ്ടത് ഞങ്ങളും പ്രവർത്തിക്കും എന്ന് പറഞ്ഞാൽ നിങ്ങളുടെ നാശത്തിനായി ഞങ്ങൾ ശ്രമിക്കും ഞങ്ങളെ തകർക്കാനാവുമോ എന്ന് നിങ്ങൾ നോക്കുക എന്നോ നിങ്ങളെ നിയോഗിച്ച ആരാധ്യനു വേണ്ടി നിങ്ങൾ പണിയെടുക്കുക ഞങ്ങൾ ആരാധിക്കുന്ന ദൈവങ്ങൾക്കായി ഞങ്ങൾ പണിയെടുക്കും എന്നോ നിങ്ങളുടെ മതം പറയുമ്പോലെ നിങ്ങൾ പ്രവർത്തിച്ചോളൂ ഞങ്ങൾ ഞങ്ങളുടെ മതം അനുസരിച്ചേ പ്രവർത്തിക്കൂ എന്നോ നിങ്ങൾ പറയുന്ന പരലോകത്തിന് വേണ്ടി നിങ്ങൾ പ്രവർത്തിക്കുക ഞങ്ങളുടെ ദുനിയാവിന് വേണ്ടി (അവർക്ക് പുനർജന്മത്തിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത് ) ഞങ്ങൾ പ്രവർത്തിച്ചോളാം എന്നോ ആണ് ഇതിന്റെ വ്യാഖ്യാനം (ഖുർതുബി)



(6)
قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَاسْتَقِيمُوا إِلَيْهِ وَاسْتَغْفِرُوهُ وَوَيْلٌ لِّلْمُشْرِكِينَ


(നബിയേ) പറയുക ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു നിങ്ങളുടെ ഇലാഹ് (ആരാധ്യൻ) ഒരേ ഒരു ആരാധ്യൻ മാത്രമാണെന്ന് എനിക്ക് വഹ്‌യ് (ദിവ്യ ബോധനം) നൽകപ്പെടുന്നു ആകയാൽ നിങ്ങൾ അവങ്കലേക്ക് ചൊവ്വായി നില കൊള്ളുവീൻ അവനോട് പാപ മോചനം തേടുകയും ചെയ്യുവീൻ ബഹുദൈവ ആരാധകർക്കാകുന്നു നാശം!


നബി തങ്ങളോട് അങ്ങേയറ്റം നിഷേധത്തോടെ അവർ സംസാരിച്ചു അതായിരുന്നല്ലോ നിങ്ങൾ നിങ്ങളുടെ പണിയെടുക്കൂ (ഞങ്ങൾ വിശ്വസിക്കില്ല ) എന്ന വാക്ക്.അതിന്റെ മറുപടിയാണിത് നിങ്ങളെ നിർബന്ധിച്ച് വിശ്വസിപ്പിക്കാനൊന്നും എനിക്ക് സാധിക്കില്ല കാരണം ഞാൻ നിങ്ങളെ പോലെ മനുഷ്യൻ മാത്രമാണ് എനിക്ക് അള്ളാഹു വഹ്‌യ് നൽകുന്നു അത് ഞാൻ നിങ്ങൾക്ക് എത്തിക്കുന്നു ആ ദിവ്യ ബോധനത്തിലെ ഏറ്റവും വലിയ കാര്യം അള്ളാഹു മാത്രമാണ് ആരാധ്യൻ എന്ന സത്യമാണ് അത് സ്വീകരിക്കാൻ നിങ്ങൾക്കും ബാദ്ധ്യതയുണ്ട് അതാണ് നേരായ വഴി അതുൾക്കൊള്ളാൻ നിങ്ങൾ തയാറാവുക.നിങ്ങൾക്ക് വരുന്ന അപാകതകളിൽ അവനോട് നിങ്ങൾ പാപ മോചനം തേടുകയും ചെയ്യുക ഇത് സ്വീകരിക്കാതെ അള്ളാഹു വോട് അവന്റെ സൃഷ്ടികളിൽ ചിലതിനെ സാമ്യപ്പെടുത്തിയാൽ അവർമഹാ നാശത്തിലെത്തിക്കഴിഞ്ഞു. ഈ സൂക്തത്തിന്റെ തുടക്കത്തിലുള്ള ഞാൻ നിങ്ങളെ പോലെ മനുഷ്യൻ മാത്രമാകുന്നു എന്നിടത്ത് നിങ്ങളെ പോലത്ത മനുഷ്യൻ എന്ന് ചിലർ തെറ്റായി വായിക്കുകയും നബി തങ്ങൾ സാധാരണ മനുഷ്യനാണെന്ന് വാദിക്കുകയും ചെയ്യാറുണ്ട് അതൊരിക്കലും ശരിയല്ല ഏത് അളവുകോൽ വെച്ച് അളന്നാലും നബി തങ്ങളുടെ എല്ലാ വിഷയത്തിലുമുള്ള അസാധാരണത്വം നമുക്ക് ബോദ്ധ്യപ്പെടും



(7)
الَّذِينَ لَا يُؤْتُونَ الزَّكَاةَ وَهُم بِالْآخِرَةِ هُمْ كَافِرُونَ



സകാത്ത് കൊടുക്കാത്തവരും പരലോകത്തിൽ വിശ്വാസമില്ലാത്തവരുമായ

ബഹുദൈവാ‍രാധകരുടെ ചില ലക്ഷണങ്ങളാണിത് അള്ളാഹു അവന്റെ കയ്യിൽ നൽകിയ സമ്പത്തിൽ നിന്ന് അള്ളാഹു കല്പിച്ച വിഹിതം കൊടുക്കാൻ തയാറാവാത്തവരാണ് ഈ ബഹുദൈവ വിശ്വാസികൾ .അവർക്ക് പുനർജന്മത്തിലും പരലോകത്തിലുമൊന്നും വിശ്വാസമില്ല അത് കൊണ്ടാണീ നിഷേധ നിലപാട്!



(8)
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ

 


നിശ്ചയം സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ അവർക്ക് മുറിഞ്ഞ് പോകാത്ത പ്രതിഫലം ഉണ്ടായിരിക്കും



ബഹുദൈവാരാധകർക്ക് നാശം എന്ന് പറഞ്ഞപ്പോൾ ഏകദൈവ വിശ്വാസികളുടെ അവസ്ഥ കൂടി വിശദീകരിച്ചതാണ് അവർക്ക് നിരന്തരമായി പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കും എന്ന്



അള്ളാഹു
നമുക്ക് സത്യമുൾക്കൊള്ളാൻ ഭാഗ്യം നൽകട്ടെ ആമീൻ
(തുടരും)


ഇൻശാ
അള്ളാഹ്.

No comments: