Friday, August 21, 2020

അദ്ധ്യായം 42 | സൂറത്തു ശ്ശുറാ الشوري| ഭാഗം 08

അദ്ധ്യായം 42  | സൂറത്തു ശ്ശുറാ الشوري| മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 53


(part -8  - 47 മുതൽ 53 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(47)
اسْتَجِيبُوا لِرَبِّكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا مَرَدَّ لَهُ مِنَ اللَّهِ مَا لَكُم مِّن مَّلْجَأٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ


ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം നിങ്ങൾ സ്വീകരിക്കുക അള്ളാഹുവിൽ നിന്നുള്ള ദിവസത്തെ തടുക്കുക സാദ്ധ്യമല്ല അന്ന് നിങ്ങൾക്ക് യാതൊരു അഭയ സ്ഥാനവുമുണ്ടാകില്ല നിങ്ങൾക്ക് (കുറ്റങ്ങൾ) നിഷേധിക്കാനുമാവില്ല

സത്യ നിഷേധികളോട് അള്ളാഹു നടത്തുന്ന ആഹ്വാനമാണിത് അതായത് അള്ളാഹു കൊണ്ട് വരാൻ തീരുമാനിച്ച അന്ത്യനാൾ വരുന്നതിന് മുമ്പ് (അത് വരുന്നതിനെ തടയാൻ നിങ്ങൾക്കാർക്കും സാദ്ധ്യമല്ല തന്നെ) അള്ളാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കാൻ വന്ന പ്രവാചകർക്ക് നിങ്ങൾ ഉത്തരം ചെയ്യുകയും അവരെക്കൊണ്ട് വിശ്വസിക്കുകയും അള്ളാഹുവിൽ നിന്ന് പ്രവാചകൻ നിങ്ങൾക്കായി എത്തിച്ചു തന്ന സന്ദേശങ്ങൾ നിങ്ങൾ പിന്തുടരുകയും ചെയ്യുക.ആദിനം വരുമ്പോൾ അവന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനോ എവിടെയെങ്കിലും ഒളിച്ചിരിക്കാനോ നിങ്ങൾക്ക് കഴിയില്ല അങ്ങനെ സാധിച്ചിരുന്നെങ്കിൽ നിങ്ങളുടെ നിഷേധമെന്ന മഹാ കുറ്റത്തിന്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാമായിരുന്നു ശിക്ഷയിലേക്ക് നയിക്കുന്ന തീരുമാനം വരുമ്പോൾ അതിൽ മാറ്റം വരുത്താനോ തീരുമാനത്തെ സ്വാധീനിക്കാനോ നിങ്ങൾക്ക് കഴിയുകയില്ല നിങ്ങളെ സഹായിക്കാനും ആരുമുണ്ടായിരിക്കുന്നതല്ല (ഥിബ്രി)


നിങ്ങൾക്കെതിരിൽ ഉന്നയിക്കപ്പെടുന്ന കുറ്റങ്ങളെ നിഷേധിക്കാൻ ആരുമുണ്ടാവില്ലെന്നും ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒരു സഹായിയുമുണ്ടാവില്ലെന്നും ഇവിടെ വ്യാഖ്യാനമുണ്ട് (ഖുർതുബി)
അന്ത്യനാളിന്റെ ഭയാനകതയും മഹാ ദുരിതങ്ങളും അള്ളാഹു നേരത്തേ വിശദീകരിച്ചുവല്ലോ ദിനത്തെ കുറിച്ച് ജാഗ്രത പാലിക്കാനും അന്ന് രക്ഷപ്പെടാനാവശ്യമായ തയാറെടുപ്പുകൾ നടത്താനും ഉണർത്തുകയാണീ സൂക്തത്തിൽ. കാരണം ആദിനം വന്നെത്തിയാൽ അള്ളാഹുവിൽ, നിന്ന് രക്ഷപ്പെടാൻ യാതൊരു പഴുതും ഒളിക്കാനുള്ള കേന്ദ്രങ്ങളും നിങ്ങൾക്കുണ്ടാവില്ല കാരണം നിങ്ങളെ സംബന്ധിച്ച് അള്ളാഹു എല്ലാം വിശദമായി അറിയുന്നതാണ് അവന്റെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു കേന്ദ്രവും നിങ്ങൾക്കുണ്ടാവില്ല (ഇബ്നു കസീർ)



(48)
فَإِنْ أَعْرَضُوا فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا إِنْ عَلَيْكَ إِلَّا الْبَلَاغُ وَإِنَّا إِذَا أَذَقْنَا الْإِنسَانَ مِنَّا رَحْمَةً فَرِحَ بِهَا وَإِن تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ الْإِنسَانَ كَفُورٌ

 

ഇനി അവർ തിരിഞ്ഞ് കളയുകയാണെങ്കിൽ (നബിയേ) തങ്ങളെ നാം അവരുടെ മേൽ കാവൽക്കാരനായി അയച്ചിട്ടില്ല തങ്ങളുടെ മേൽ പ്രബോധന ബാധ്യത മാത്രമേയുള്ളൂ  തീർച്ചയായും നാം മനുഷ്യന് നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാൽ അതിന്റെ പേരിൽ അവൻ ആഹ്ലാദം കൊള്ളുന്നു അവരുടെ കൈകൾ മുമ്പ് ചെയ്ത് വെച്ചതിന്റെ ഫലമായി അവർക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യൻ നന്ദി കെട്ടവൻ തന്നെയാകുന്നു

തങ്ങളുടെ സത്യ പ്രബോധനത്തോടും തങ്ങൾ അവർക്ക് നൽകുന്ന നല്ല നിർദേശങ്ങളോടും  പുറം തിരിഞ്ഞു നിൽക്കാനും അതിനോട് വിസമ്മതം പ്രകടിപ്പിക്കാനുമാണ് ഈ ബഹുദൈവ വിശ്വാസികളുടെ തീരുമാനമെങ്കിൽ തങ്ങൾ അവരെ വിട്ടേക്കുക.കാരണം അവർ എന്തൊക്കെ ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനും അത് ക്ലിപ്തപ്പെടുത്താനുമൊന്നും തങ്ങൾ ഏല്പിക്കപ്പെട്ടിട്ടില്ല ഈ സത്യം പ്രബോധനം ചെയ്യുക നന്മയുടെ വഴി അവരെ ഉണർത്തുക എന്നത് മാത്രമേ തങ്ങൾക്ക് ബാദ്ധ്യതയുള്ളൂ  അത് തങ്ങൾ നിർവഹിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചു (കാര്യ കാരണ സഹിതം തങ്ങൾ നൽകിയ ഉൽബോധനം അവഗണിച്ചതിനും അസത്യത്തിൽ അടിയുറച്ച് നിന്നതിനും അവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും )


അള്ളാഹു അവന്റെ അനുഗ്രഹമായി അവർക്ക് സമ്പത്ത്  നൽകിക്കൊണ്ടിരിക്കുമ്പോൾ അവർ സംതൃപ്തരാവുകയും അവരുടെ പാപത്തിന്റെ ശമ്പളമെന്ന നിലക്ക് അവർക്ക് വല്ല പരീക്ഷണവും നൽകുമ്പോൾ അത് വരെ അനുഭവിച്ച സുഖങ്ങളെല്ലാം വിസ്മരിച്ച് അള്ളാഹുവിനോട് നന്ദികേട് പ്രകടിപ്പിക്കുന്നവനുമാണ് മനുഷ്യൻ.താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അസ്വസ്ഥതയോടെ അവൻ എണ്ണിപ്പറയുകയും അപ്പോഴും അവൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന അസംഖ്യം അനുഗ്രഹങ്ങളെ അവൻ വിസ്മരിക്കുകയും ചെയ്യും (ഥിബ്‌രി)

“നമ്മുടെ
പക്കൽ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാൽ അതിന്റെ പേരിൽ അവൻ ആഹ്ലാദം കൊള്ളുന്നു” എന്ന് പറഞ്ഞാൽ അത് നൽകിയ നാഥനെ വിസ്മരിച്ച് അവൻ അഹങ്കരിക്കുന്നു എന്നാണ് അർത്ഥം (ഖുർതുബി)


ഇബ്നു കസീർ
رحمة الله عليه എഴുതുന്ന “അനുഗ്രഹം ആസ്വദിപ്പിച്ചാൽ ആഹ്ലാദം കൊള്ളുന്നു” എന്ന് പറഞ്ഞാൽ അവൻ അഹങ്കാരിയും പൊങ്ങച്ചക്കാരനുമാകുന്നു എന്നും“തിന്മ ബാധിച്ചാൽ നന്ദി കെട്ടവനാകുന്നു”  എന്ന് പറഞ്ഞാൽ അവൻ നിരാശനും പരാതിപ്പെട്ടിയുമാകുന്നു എന്നുമാണ് സാരം .

നബി തങ്ങൾ ഒരിക്കൽ സ്ത്രീ സമൂഹത്തോടായി നിങ്ങൾ ദാനം ചെയ്യണം കാരണം ഞാൻ നരകത്തിൽ കൂടുതലായി കണ്ടത് സ്ത്രീകളെയാണ് (അതിൽ നിന്ന് രക്ഷക്കായി ദർമം ചെയ്യണം) എന്ന് പറഞ്ഞു ഒരു സ്ത്രീ ചോദിച്ചു എന്താണ് സ്ത്രീകളുടെ സംഖ്യ നരകത്തിൽ കൂടാൻ കാരണം? അവിടുന്ന് പറഞ്ഞു നിങ്ങൾ പരാതി വർദ്ധിപ്പിക്കുന്നവരും ഭർത്താക്കളോട് നന്ദി കേട് കാണിക്കുന്നവരുമാണ് നിങ്ങളിൽ ഒരാൾക്ക് ജീവിതം കാലം മുഴുവനും (ഭർത്താവ്) നന്മകൾ ചെയ്യുകയും പിന്നീട് ഒരു ദിവസം അദ്ദേഹം അത് ഒഴിവാക്കുകയും ചെയ്താൽ നിങ്ങൾ പറയുക
 “നിങ്ങളിൽ നിന്ന് ഒരു നന്മയും (ഇത്രയും കാലത്തിനിടക്ക്) ഞാൻ കണ്ടിട്ടില്ല” എന്നായിരിക്കും
അള്ളാഹു പ്രത്യേകം സന്മാർഗം നൽകുകയും നേർവഴി കാണിക്കുകയും ചെയ്തവരല്ലാത്ത എല്ലാ മനുഷ്യരുടെയും മനോഗതം ഇതു തന്നെയാണ്  എന്നാൽ സത്യവിശ്വാസവും അതിനനുസരിച്ച് സൽക്കർമ്മവും ചെയ്തവർ സന്തോഷം ലഭിച്ചാൽ അനുഗ്രഹ ദാതാവിന് നന്ദി പറയുകയും ബുദ്ധിമുട്ടുകൾ ബാധിച്ചാൽ ക്ഷമ കൈകൊള്ളുകയും ചെയ്യും ഇത് രണ്ടും അവന് ഗുണമായി ഭവിക്കുകയും ചെയ്യും ഭാഗ്യം  പക്ഷെ സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട് (ഇബ്നുകസീർ)


ഒരു വിഷമം വരുമ്പോഴേക്കും അത് വരെ അനുഭവിച്ച എല്ലാ സുഖങ്ങളും മറക്കുന്നു എന്നാണിവിടെ സൂചിപ്പിക്കുന്നത് (ബഗ്വി)



(49)
لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ يَخْلُقُ مَا يَشَاء يَهَبُ لِمَنْ يَشَاء إِنَاثًا وَيَهَبُ لِمَن يَشَاء الذُّكُورَ

 

അള്ളാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ  പെൺ മക്കളെ പ്രദാനം ചെയ്യുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആൺ മക്കളെ പ്രദാനം ചെയ്യുന്നു

ആകാശ ഭൂമിയുടെ ആധിപത്യം അള്ളാഹുവിനാണ് എന്ന് പറഞ്ഞാൽ അവ രണ്ടിലും അവൻ തീരുമാനിക്കുന്നത് പോലെ അവൻ കൈകാര്യം ചെയ്യുമെന്നാണ് ആരെ സൃഷ്ടിക്കണം ആണോ പെണ്ണോ ആവണം എന്നെല്ലാം അവനാണ് തീരുമാനിക്കുന്നത് അത് കൊണ്ട് ലഭിച്ച കുട്ടി പെണ്ണായാൽ പ്രതിഷേധിക്കാൻ നമുക്ക് അധികാരമില്ല കുട്ടി ഏത് ലിംഗത്തിൽ പെട്ടത് എന്ന് ചിന്തിക്കുന്നതിനേക്കാൾ കുട്ടിയെ തന്നവൻ എന്റെ നാഥനാണ് നാഥന്റെ സമ്മാനം വിലമതിക്കാനാവാത്ത അത്രയും മൂല്യമുള്ളതാണ് എന്ന് ആലോചിക്കണം (നിരന്തരം പെൺകുഞ്ഞിനെ പ്രസവിച്ചതിനു പിഢനം അനുഭവിക്കേണ്ടി വന്ന എത്ര സഹോദരിമാരുടെ കദന കഥകൾ നമ്മൾ കേൾക്കാറുണ്ട് അമ്മായിഉമ്മ,നാത്തൂൻ പോരിനൊക്കെ വിഷയം കാരണമാവുകയും എത്രയോ കുടുംബങ്ങളിൽ അസമാധാനം നിലനിൽക്കുകയും ചെയ്യാൻ ഇത് ഹേതുവാകുകയും ചെയ്യുന്നു എന്നത് വളരെ വിഷമകരം തന്നെ) പെൺകുഞ്ഞ് ദുശ്ശകുനമല്ല മറിച്ച് സൌഭാഗ്യമാണ് എന്ന് എത്രപേർക്കറിയാം ഇമാം ബഗ്വി എഴുതുന്നു ആൺകുഞ്ഞിനു മുമ്പേ പെൺകുഞ്ഞിനെ പ്രസവിക്കാൻ സാധിക്കുന്നത് ഒരു സ്ത്രീയുടെ ഗുണത്തിൽ പെട്ടതാണ് കാരണം അള്ളാഹു ഇവിടെ ആദ്യം പെൺകുഞ്ഞിനെ പരാമർശിച്ചാണല്ലോ വിഷയം തുടങ്ങിയത് (ബഗ്വി)
സുക്തത്തിന്റെ ആശയം ഇമാം ഇബ്നു കസീർ رحمة الله عليه വിവരിക്കുന്നതിങ്ങിനെ. ആകാശഭൂമികളെ സൃഷ്ടിച്ചതും ഉടമപ്പെടുത്തിയതും കൈകാര്യം ചെയ്യുന്നതും അള്ളാഹു.അവൻ ഉദ്ദേശിക്കുന്നത് ഉണ്ടാകും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ല അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ നൽകും അവൻ തീരുമാനിക്കുന്നവർക്ക് അവൻ തടയും അവൻ നൽകിയത് തടയാനോ അവൻ തടഞ്ഞത് നൽകാനോ ആർക്കുമാവില്ല ലൂഥ് നബി عليه السلام യെ പോലെ അവൻ ചിലർക്ക് പെൺ മക്കളെ മാത്രം നൽകും ഇബ്റാഹീം നബി عليه السلامയെ പോലെ ചിലർക്ക് ആൺ കുട്ടികളെ മാത്രവും.(ഇബ്നുകസീർ)



( 50 )
أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا وَيَجْعَلُ مَن يَشَاء عَقِيمًا إِنَّهُ عَلِيمٌ قَدِيرٌ

 

അല്ലെങ്കിൽ അവർക്ക് അവൻ ആൺ മക്കളെയും പെൺ മക്കളെയും ഇടകലർത്തിക്കൊടുക്കുന്നു അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു തീർച്ചയായും അവൻ സർവജ്ഞനും സർവ ശക്തനുമാകുന്നു

ഇടകലർത്തി കൊടുക്കുക എന്നാൽ ഒരു പ്രസവത്തിൽ ആൺ കുട്ടിയും അടുത്തതിൽ പെൺകുട്ടിയും എന്ന നിലക്കും തിരിച്ചും നൽകുന്നു എന്നും ഒരേ പ്രസവത്തിൽ ആണും പെണ്ണുമായി ഇരട്ടകളെ നൽകുന്നു എന്നും വ്യാഖ്യാനമുണ്ട്

 
ഈ സൂക്തങ്ങൾ പ്രഥമമായി നബിമാരെക്കുറിച്ചാണെന്നും നിയമം വ്യാപകമാണെന്നും വ്യാഖ്യാതാക്കൾ പറയുന്നുണ്ട് പെൺകുട്ടികളെ മാത്രം നൽകുമെന്നതിന് ലൂഥ് നബിയും
عليه السلامആൺകുട്ടികളെ മാത്രം നൽകുമെന്നതിന് ഇബ്‌റാഹീം നബി عليه السلامയും ഇടകലർത്തി നൽകുമെന്നതിലെ ഒരു പ്രസവത്തിൽ ആണും മറ്റൊരു പ്രസവത്തിൽ പെണ്ണും നൽകുമെന്നതിന് നബി തങ്ങളും ആണും പെണ്ണുമായി ഇരട്ടകളെ നൽകുമെന്നതിന് ആദം നബി عليه السلامയും ഉദാഹരണമാണ്  “അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു” എന്നതിന്  ഈസാ عليه السلام, യഹ്‌യാ നബി عليه السلامമാരും ഉദാഹരണമാണ് എന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു (ഇബ്നുകസീർ , ഖുർതുബി)


അള്ളാഹുവിന്റെ ശക്തിയുടെയും സ്വതന്ത്രമായ ക്രയവിക്രയത്തിന്റെയും രേഖയാണിത് ഇബ്നു കസീർ ഇവിടെ ഒരു കാര്യവും കൂടി വിശദീകരിച്ചു സാധാരണ ആണിൽ നിന്നും പെണ്ണിൽ നിന്നുമായി അള്ളാ‍ഹു സൃഷ്ടിക്കുന്നു ആണിൽ നിന്ന് മാത്രമായും പടക്കുന്നു ആദം നബിയിൽ നിന്ന് ഹവ്വാ ബീവി
رضي الله عنهاയെ സൃഷ്ടിച്ചത് അതിന്റെ തെളിവാണ് പെണ്ണിൽ നിന്ന് മാത്രം സൃഷ്ടിച്ചതിന് ഈസാ നബി عليه السلامയെ മർയം ബീവി رضي الله عنهاയിൽ നിന്ന് മാത്രമായി സൃഷ്ടിച്ചതും ആണും പെണ്ണുമില്ലാതെ സൃഷ്ടിക്കാൻ കഴിയുമെന്നതിന് ആദം നബി عليه السلامയുടെ സൃഷ്ടിപ്പ് തെളിവാണ് ഇത്രയും ശക്തനായ അള്ളാഹു അവനെ പരിചയപ്പെടുത്തുകയാണ് എല്ലാത്തിനും അവൻ കഴിവുള്ളവനും ആർക്ക് എന്ത് എങ്ങനെ നൽകണമെന്ന് അവൻ അറിയുന്നവനുമാണ് എന്ന വിശദീകരണത്തിലൂടെ (ഇബ്നുകസീർ)



(51)

وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاء حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاء إِنَّهُ عَلِيٌّ حَكِيمٌ

(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നിൽനിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ച് അള്ളാഹുവിന്റെ അനുവാദപ്രകാരം അവനുദ്ദേശിക്കുന്നത് ആദൂതൻ ബോധനം നൽകുക എന്ന നിലയിലോ അല്ലാതെ അള്ളാഹു തന്നോട് സംസാരിക്കുക എന്ന കാര്യം ഒരു മനുഷ്യനും ഉണ്ടാവുകയില്ല നിശ്ചയം അവൻ ഉന്നതനും യുക്തിമാനുമാകുന്നു

ഇബ്നുകസീർ رحمة الله عليهഎഴുതുന്നു ദിവ്യബോധന (വഹ്യ്) ത്തിന്റെ വിവിധ വകുപ്പുകളാണിവിടെ വിശദീകരിക്കുന്നത്  വഹ്യ് ചിലപ്പോൾ അള്ളാഹു നബിയുടെ മനസ്സിൽ ( അള്ളാഹുവിൽ നിന്നുള്ളതാണെന്ന ഉറപ്പ് വരും വിധം ) ഇട്ട് കൊടുക്കുന്ന സന്ദേശമാകും ഒരാളും തന്റെ ആയുസ്സും ആഹാരവും പൂർണമായി അനുഭവിക്കാതെ മരണപ്പെടുകയില്ല അതിനാൽ അള്ളാഹുവെ സൂക്ഷിക്കുകയും നല്ലനിലയിൽ ആഹാരം അന്വേഷിക്കുകയും ചെയ്യുകഎന്ന സന്ദേശം എന്റെ മനസ്സിൽ പരിശുദ്ധാത്മാവ് മന്ത്രിച്ചു എന്ന് നബി തങ്ങൾ പറഞ്ഞത് ഇതിനുദാഹരണമാണ്


മറയുടെ പിന്നിൽ നിന്നായിക്കൊണ്ട് എന്നതിന്റെ ഉദാഹരണമാണ് മൂസാനബി
عليه السلامയോട് അള്ളാഹു സംസാരിച്ചത്
ദൂതനെ അയച്ച് കൊണ്ട് ബോധനം നൽകുക എന്നതിന്റെ ഉദാഹരണമാണ് ജിബ്‌രീൽ
عليه السلام വന്ന് ബോധനം നൽകുക എന്നത് (ഇബ്നു കസീർ)


ജൂതന്മാർ നബി
യുടെ അടുത്ത് വന്ന് നിങ്ങൾ നബിയാണെങ്കിൽ എന്ത് കൊണ്ട് മൂസാ നബി عليه السلامചെയ്ത പോലെ അള്ളാഹുവിലേക്ക് നോക്കി കൊണ്ട് അവനോട് സംസാരിക്കുന്നില്ല..! എന്ന് ചോദിച്ചു അപ്പോൾ നബി തങ്ങൾ പറഞ്ഞു മൂസാനബി അള്ളാഹുവിനെ കണ്ടിട്ടില്ല എന്ന്. അതിനെ സ്ഥിരീകരിച്ചുകൊണ്ടാണ് ഈ സൂക്തം അവതരിച്ചത് (ബഗ്‌വി)




(52)
وَكَذَلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا مَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَنْ نَّشَاء مِنْ عِبَادِنَا وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ

 

 

അപ്രകാരം തന്നെ തങ്ങൾക്ക് നാം നമ്മുടെ കല്പനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് തങ്ങൾക്ക് അറിയുമായിരുന്നില്ല  പക്ഷെ നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു അത് മുഖേന നമ്മുടെ ദാസന്മാരിൽ നിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴി കാണിക്കുന്നു നിശ്ചയം തങ്ങൾ നേരായ പാതയിലേക്കാകുന്നു മർഗദർശനം നൽകുന്നത്

മുൻ പ്രവാചകന്മാർക്ക് ബോധനം നൽകിയ പോലെ തങ്ങൾക്കും നാം ബോധനം നൽകിയിരിക്കുന്നു ഇതിനു മുമ്പ് എന്താണ് ഗ്രന്ഥം, എന്താണ് വിശ്വാസ കാര്യങ്ങളുടെ നില എന്നൊന്നും തങ്ങൾക്ക് വിശദമായി അറിയുമായിരുന്നില്ല എന്നാൽ തങ്ങൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന പ്രകാശമായി വിശ്വാസത്തെ അല്ലെങ്കിൽ ഖുർആനിനെ തങ്ങൾക്ക് നാം നൽകി     അത് മുഖേന ഞാൻ ഉദ്ദേശിക്കുന്നവർക്ക് നാം നേരിന്റെ പാതയിലേക്ക് വഴി കാണിച്ചു അതിലേക്ക് തന്നെയാണ് തങ്ങൾ ക്ഷണിച്ച് കൊണ്ടിരിക്കുന്നത് ഈമാൻ എന്താണെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ വിശദമായ അറിവില്ലായിരുന്നു എന്നാൽ ഇബ്‌റാഹീമീ സരണിയനുസരിച്ച് നേരത്തെ തന്നെ തങ്ങൾ ആരാധനകൾ നടത്തിയിരുന്നു വഹ്‌യിനു മുമ്പ് തന്നെ എല്ലാ പ്രവാചകന്മാരും വിശ്വാസികൾ തന്നെയായിരുന്നു  (ബഗ്‌വി)


ഒരിക്കലും അവിശ്വാസം പ്രവാചകന്മാരിലുണ്ടാകാതെ അള്ളാഹു അവരെ സംരക്ഷിച്ചി ട്ടുണ്ട്



(53)
صِرَاطِ اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ أَلَا إِلَى اللَّهِ تَصِيرُ الأمُورُ

 

 

അതായത് ആകാശങ്ങളിലുള്ളതും  ഭൂമിയിലുള്ളതും  ഏതൊരു അള്ളാഹുവിന്റെ അധികാരത്തിലാണോ ഉള്ളത് ആ അള്ളാഹുവിന്റെ പാതയിലേക്ക്. അറിയുക ആ അള്ളാഹുവിലേക്കാകുന്നു കാര്യങ്ങൾ ചെന്നെത്തുന്നത്


നേർമാർഗം എന്നത് അള്ളാഹുവിന്റെ മാർഗമാണ് അവൻ ശക്തനും എല്ലാം അവന്റെ അധികാരത്തിലുമാണ് പരലോകത്ത് കാര്യങ്ങളെല്ലാം അവന്റെ പരിഗണനക്ക് വരികയും അള്ളാഹു വിധി കല്പിക്കുകയും ചെയ്യും ആ ന്യായയുക്തമായ വിധി നാളിൽ രക്ഷപ്പെടാനുള്ള മുൻകരുതൽ ഇപ്പോൾ തന്നെ എടുക്കേണ്ടതാണ്
ഭൂമിയിലും
അള്ളാഹു തന്നെയല്ലേ കാര്യങ്ങൾ തീരുമാനിക്കുന്നത് പിന്നെ പരലോകം മാത്രം പറഞ്ഞതിന്റെ ന്യായമെന്ത് എന്ന ചോദ്യത്തിന് ഇമാം ഥിബ്‌രി رحمة الله عليه പറഞ്ഞ മറുപടി ഭൂമിയിൽ ബാഹ്യമായി ചില ഭരണാധികരികളെയും വിധികർത്താക്കളെയുമെല്ലാം കാണാറുണ്ടല്ലോ പരലോകത്ത് അത് പോലും ഇല്ലാത്തത് കൊണ്ട് അത് കൂടുതൽ വ്യക്തമാവും എന്ന നിലക്ക് പറഞ്ഞതാണ് (ഥിബ്‌രി)

 
ഈ അദ്ധ്യായം അവസാനിച്ചു അൽഹംദുലില്ലാഹ്..
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

No comments: