Tuesday, September 15, 2020

അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | ഭാഗം 03

അദ്ധ്യായം 41  | സൂറത്ത് ഫുസ്സിലത്ത് سورة فصلت | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54


(Part -3  - 17 മുതൽ 25 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(17)

وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَى عَلَى الْهُدَى فَأَخَذَتْهُمْ صَاعِقَةُ الْعَذَابِ الْهُونِ بِمَا كَانُوا يَكْسِبُونَ



എന്നാൽ സമൂദ് ഗോത്രമോ അവർക്ക് നാം നേർവഴി കാണിച്ചു കൊടുത്തു എന്നാൽ അവർ സന്മാർഗത്തേക്കാൾ അന്ധതയെ ഇഷ്ടപ്പെട്ടു അങ്ങനെ അവർ ചെയ്തു കൊണ്ടിരുന്നതിന്റെ ഫലമായിഅപമാനകരമായ ഒരു ഭയങ്കര ശിക്ഷ അവരെ പിടികൂടി


സാലിഹ് നബി عليه السلامയുടെ ജനതയാണ് സമൂദ് ഗോത്രം.അവർക്ക് നേരിന്റെ മാർഗം വിശദീകരിച്ചു കൊടുക്കാനായി അള്ളാഹു സാലിഹ് നബി عليه السلامയെ നിയോഗിച്ചു അദ്ദേഹം ശരിയും തെറ്റും അവർക്ക് വിവരിച്ചു കൊടുത്തു എന്നാൽ വിശ്വാസമെന്ന ശരിയേക്കാൾ അവിശ്വാസമെന്ന അന്ധതയോടായിരുന്നു അവർക്ക് താല്പര്യം അങ്ങനെ നന്മക്ക് പകരം തിന്മയെയും സത്യത്തിനു പകരം അസത്യത്തെയും അവർ പരിഗണിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്തു സത്യവും ശരിയും പഠിപ്പിച്ച സാലിഹ് നബി عليه السلام യെ അവർ നിരാകരിച്ചു.അവർ തന്നെ ആവശ്യപ്പെട്ട ദൃഷ്ടാന്തമായ ഒട്ടകത്തെ അവർ അറുത്തു (അത്ഭുത തെളിവായ ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും അതിനെ അറുക്കരുതെന്നും അവർക്ക് നേരത്തേ തന്നെ നിർദ്ദേശം നൽകപ്പെട്ടിരുന്നു) അപ്പോൾ നാണം കെട്ട ശിക്ഷയിൽ -അവരെ വേരോടെ പിഴുതെറിയുന്ന തിരിച്ചടിയിൽ- അള്ളാഹു അവരെ കുരുക്കിയിട്ടു.അവർ ചെയ്തു കൊണ്ടിരുന്ന പാപത്തിനുള്ള ശരിയായ പ്രതിഫലം!



(18)
وَنَجَّيْنَا الَّذِينَ آمَنُوا وَكَانُوا يَتَّقُونَ



സത്യവിശ്വാസം സ്വീകരിക്കുകയും ധർമ്മ നിഷ്ഠ പുലർത്തിക്കൊണ്ടിരിക്കുകയും ചെയ്തവരെ  നാം രക്ഷപ്പെടുത്തുകയും ചെയ്തു

സാലിഹ് നബിയെ عليه السلام യും തന്നെക്കൊണ്ട് വിശ്വസിച്ചവരെയും അവിശ്വാസികൾക്കൊപ്പം അള്ളാഹു നശിപ്പിച്ചില്ലെന്ന് മാത്രമല്ല അവിശ്വാസികളെ ബാധിച്ച അത്തരം യാതൊരു ശിക്ഷയുടെയും അല്പം പോലും അവർക്ക് അനുഭവിക്കേണ്ടി വന്നില്ല.നിഷേധികൾ അള്ളാഹുവിന്റെ ശിക്ഷയേറ്റ് വീണു കിടക്കുമ്പോൾ ശരിയായ നിലപാട് വിശ്വാസത്തിലും കർമങ്ങളിലും കാഴ്ച വെച്ചവർ തലയുയർത്തി നടക്കാൻ സാധിക്കും വിധം അനുഗ്രഹിക്കപ്പെടുകയായിരുന്നു (ഇപ്രകാരം തങ്ങളെ തള്ളുന്നവരെയും കാത്തിരിക്കുന്നത് നിന്ദ്യതയും തങ്ങളെ അംഗീകരിച്ചവർക്ക് അനുഭവിക്കാനുള്ളത് അള്ളാഹുവിൽ നിന്നുള്ള അംഗീകാരവുമാണ് എന്നതാണിവിടുത്തെ ഗുണപാഠം)


സത്യ വിശ്വാസം സ്വീകരിച്ചതോടൊപ്പം അള്ളാഹുവിന്റെ താക്കീതുകൾ മുഖവിലക്കെടുക്കുകയും ശത്രുക്കളെ ബാധിച്ച പോലുള്ള ദുരിതം തങ്ങളിൽ വന്നേക്കുമോ എന്ന് ഭയപ്പെട്ട്
അള്ളാഹുവിന് പങ്കാളികളെ സ്ഥാപിക്കാതിരിക്കുകയും പ്രവാചകന്മാരുടെ വാക്കുകളെ സ്വീകരിക്കുകയും ചെയ്യുകയാണ് അവർ ചെയ്തത് അതാണ് ധർമ്മ നിഷ്ഠ പുലർത്തിക്കൊണ്ടിരിക്കുകയും ചെയ്തു എന്നതിന്റെ താല്പര്യം


(19)
وَيَوْمَ يُحْشَرُ أَعْدَاء اللَّهِ إِلَى النَّارِ فَهُمْ يُوزَعُونَ



അള്ളാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചു കൂട്ടുകയും എന്നിട്ടവരെ തെളിച്ചു കൂട്ടിക്കൊണ്ട് പോവുകയും ചെയ്യുന്ന ദിവസം (ശ്രദ്ദേയമാകുന്നു)

ആദ്യ ആൾക്കാരെയും അവസാനം വന്നവരെയും പരസ്പരം ഒന്നിച്ച് ചേർത്ത് നരകത്തിലേക്ക് ആ ധിക്കാരികളും നിഷേധികളുമായിരുന്നവരെ ഒന്നിച്ച് തെളിക്കുന്ന ദിവസം ഒന്നോർത്ത് നോക്കൂ എന്നാണിവിടെ പറയുന്നത്
അള്ളാഹുവിന്റെ ദൂതന്മാരെ കളവാക്കുകയും അള്ളാഹുവിന്റെ കല്പനകൾക്കെതിരായി നില കൊള്ളുകയും ചെയ്തത് കൊണ്ടാണ് അവരെ അള്ളാഹുവിന്റെ ശത്രുക്കൾ എന്ന് പറയുന്നത് ആദ്യ കാലക്കാരെയും പിന്നീട് ജീവിച്ചവരെയും ഒന്നിച്ച് അണിനിരത്താൻ മലക്കുകൾ കാത്ത് നിൽക്കുകയും എല്ലാവരും ഒരുമിച്ച് കൂടിയാൽ ഏറ്റവും കൂടുതൽ അക്രമം ചെയ്തവരെ ആദ്യമാദ്യം  നരകത്തിലേക്ക് തെളിക്കുകയും ചെയ്യുന്ന സ്ഥിതിയാണവിടെ സ്വീകരിക്കുക എന്ന് ഇമാം ഖുർതുബി رحمة الله عليه ഇവിടെ എഴുതിയിട്ടുണ്ട്


(20)
حَتَّى إِذَا مَا جَاؤُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ


അങ്ങനെ അവർ അവിടെ (നരകത്തിൽ) ചെന്നാൽ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവർക്കെതിരായി അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ പറ്റി സാക്ഷ്യം വഹിക്കുന്നതാണ്

ഇവർ നരകത്തിലെത്തിയാൽ അവരുടെ കാതുകൾ അവ ശ്രദ്ധിച്ചു കേട്ട കുറ്റങ്ങളും കണ്ണുകൾ അവ നോക്കിയ തിത്മകളും തൊലികൾ (ഇവിടെ തൊലി കൊണ്ട് വിവക്ഷ അവരുടെ ലൈംഗീകാവയവമാണ്) അവ കാട്ടിക്കൂട്ടിയ തെറ്റുകളും ഏറ്റു പറയും (ഥിബ്‌രി)


സാധാരണ സംസാരിക്കാറുള്ള നാവുകൾ ഇവയൊക്കെ മൂടി വെക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് മറ്റ് അവയവങ്ങളെ കൊണ്ട്
അള്ളാഹു സംസാരിപ്പിക്കുന്നത് (ബഗ്‌വി)



(21)
وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا قَالُوا أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ

 


തങ്ങളുടെ തൊലികളോട് അവർ പറയും നിങ്ങൾ എന്തിനാണ് ഞങ്ങൾക്കെതിരായി സാക്ഷ്യം വഹിച്ചത്
? എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അള്ളാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു (എന്നായിരിക്കും അവയുടെ മറുപടി) ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു

ഇബ്നു കസീർ رحمة الله عليه എഴുതുന്നു നരകത്തിലെത്തിയ ധിക്കാരികൾ അവരുടെ അവയവങ്ങൾ അവർക്കെതിരെ തന്നെ സാക്ഷി പറഞ്ഞതിനെ ആക്ഷേപിക്കുന്നതും ആ അവയവങ്ങൾ അതിനു പറയുന്ന മറുപടിയുമാണിത്.ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിനു സംസാരിച്ചതല്ല എല്ലാ വസ്തുക്കളെയും സംസാരിപ്പിക്കുന്ന അള്ളാഹു ഞങ്ങളെക്കൊണ്ട് സംസാരിപ്പിച്ചതാണ് എന്ന് അനസ് ബിൻ മാലിക് رضي الله عنهപറയുന്നു ഒരിക്കൽ  നബി തങ്ങൾ ചിരിക്കുകയും പുഞ്ചിരിക്കുകയും(സാധാരണ വെറും പുഞ്ചിരി മാത്രമാണ് തങ്ങളിൽ നിന്നുണ്ടാവുക.അതിനു  മാത്രം പ്രാധാന്യമുള്ള വല്ല സംഭവുമായി ബന്ധപ്പെട്ടേ അവിടുന്ന് ശരിക്ക് ചിരിക്കാറുള്ളൂ)  ചെയ്തു എന്നിട്ട് അവിടുന്ന് ചോദിച്ചു ഞാൻ എന്തിനാണ് ചിരിച്ചതെന്ന് നിങ്ങൾ എന്നോട് ചോദിക്കാത്തതെന്ത്? ശിഷ്യന്മാർ ചോദിച്ചു എന്തിനായിരുനു അവിടുന്ന് ചിരിച്ചത് ?തങ്ങൾ പറഞ്ഞു അന്ത്യ നാളിൽ ഒരു അടിമ തന്റെ നാഥനോട് തർക്കിക്കുന്നതിനെ കുറിച്ച് എനിക്ക് അത്ഭുതം തോന്നുന്നു അതായത് അടിമ അള്ളാഹുവോട് ചോദിക്കും നാഥാ! എന്നെ അക്രമിക്കുകയില്ല എന്ന് നീ എനിക്ക് വാക്ക് തന്നതല്ലേ? അള്ളാഹു പറയും അതെ. അടിമ പറയും എന്നാൽ എന്റെ മേലിൽ എന്റേതല്ലാത്ത ഒരു സാക്ഷ്യവും ഞാൻ സ്വീകരിക്കില്ല അപ്പോൾ അള്ളാഹു പറയും ഞാനും എന്റെ ബഹുമാനികളായ എഴുത്തുകാരായ മലക്കുകളും നിനക്ക് സാക്ഷിയായിട്ട് മതിയാവില്ലേ? അവൻ ഇത് തന്നെ ആവർത്തിച്ച് പറയും അവസാനം അവന്റെ വായക്ക് സീൽ വെക്കപ്പെടുകയും അവന്റെ മറ്റ് അവയവങ്ങൾ അവ ചെയ്ത കാര്യങ്ങൾ ഓരോന്നായി അവതരിപ്പിക്കുകയും ചെയ്യും അപ്പോൾ അവൻ പറയും നിങ്ങൾക്ക് നാശം.നിങ്ങൾക്ക് വേണ്ടിയായിരുന്നു ഞാൻ ഇത്രയും തർക്കിച്ചു കൊണ്ടിരുന്നത്(അത് നിങ്ങൾ തന്നെ നശിപ്പിച്ചില്ലേ എന്ന് സാരം)  


ഇബ്നു കസീർ
رحمة الله عليهവീണ്ടും എഴുതുന്നു അവിശ്വാസിയെയും കപനെയും വിചാരണക്കായി വിളിക്കപ്പെടുകയും അവരുടെ കർമങ്ങൾ അവർക്ക് കാണിക്കപ്പെടുകയും ചെയ്യുമ്പോൾ അവർ പറയും നാഥാ! നിന്റെ മഹത്വം തന്നെ സത്യം ഇതൊന്നും ഞാൻ ചെയ്തതല്ല നീ ഏല്പിച്ച ഈ എഴുത്തുകാരൻ മലക്ക് വെറുതെ എഴുതിക്കൂട്ടിയതാണ് അപ്പോൾ അവന്റെ (നുണ പറഞ്ഞ് ശീലിച്ച ) നാവിനു സീൽ ചെയ്യുകയും മറ്റ് അവയവങ്ങൾ സംസാരിക്കുകയും ചെയ്യും ഇമാം അശ്‌അരി رحمة الله عليهപറഞ്ഞു ആദ്യമായി സംസാരിച്ച് തുടങ്ങുക അവന്റെ വലതു തുടയായിരിക്കും(ഇബ്നു കസീർ)


ആദ്യമായി നിങ്ങളെ
അള്ളാഹു സൃഷ്ടിക്കുമ്പോൾ നിങ്ങൾ ഒന്നുമായിരുന്നില്ല മരണ ശേഷം അവനിലേക്ക് തന്നെ നിങ്ങൾമടങ്ങുകയുംചെയ്യുന്നു(അങ്ങനെയുള്ള അള്ളാഹുവോട് കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള സാഹസം എന്ത് മാത്രം വില കുറഞ്ഞതായിപ്പോയി എന്ന് ചുരുക്കം)




(22)
وَمَا كُنتُمْ تَسْتَتِرُونَ أَنْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَا أَبْصَارُكُمْ وَلَا جُلُودُكُمْ وَلَكِن ظَنَنتُمْ أَنَّ اللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ



നിങ്ങളുടെ കാതോ,നിങ്ങളുടെ കണ്ണുകളോ, നിങ്ങളുടെ തൊലികളോനിങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങൾ (അവയിൽ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാൽ നിങ്ങൾ വിചാരിച്ചത് നിങ്ങൾ പ്രവർത്തിക്കുന്നതിൽ മിക്കതും അള്ളാഹു അറിയില്ലെന്നാണ്

നിങ്ങൾ തെറ്റുകൾ ചെയ്യുമ്പോൾ നിങ്ങളുടെ അവയവങ്ങൾ അത് കാണുന്നുണ്ട് എന്നത് നിങ്ങൾ പ്രശ്നമാക്കിയില്ല എന്ന് മാത്രമല്ല നിങ്ങൾ ചെയ്യുന്നവയൊന്നും അള്ളാഹു തന്നെ അറിയുന്നില്ല എന്ന തെറ്റയ വിശ്വാസമായിരുന്നു നിങ്ങളെ നയിച്ചിരുന്നത് എന്നാൽ നിങ്ങളുടെ ഓരോ ചെയ്തികളും നിങ്ങളുടെ അവയവങ്ങൾ കണ്ടിരുന്നു സന്ദർഭം വന്നപ്പോൾ അവ അതിനു സാക്ഷി പറയുകയും ചെയ്തു (ഇപ്പോൾ അവയവങ്ങളെ പഴിച്ചിട്ടെന്ത് കാര്യം?) ഇത്തരം തെറ്റായ ചിന്തയാൽ നിങ്ങൾകുറ്റങ്ങളിൽ അഭിരമിക്കുകയും ഇപ്പോൾ നിങ്ങൾ പരാചയം രുചിക്കുകയും ചെയ്തു

അബ്ദുള്ളാഹി ബിൻ മസ്‌ഊദ് رضي الله عنهപറഞ്ഞു ഒരിക്കൽ ഞാൻ കഅ്ബയുടെ അടുത്ത് (ആരും കാണാതെ) മറഞ്ഞിരിക്കുകയായിരുന്നു അപ്പോൾ സഖഫി, ഗോത്രത്തിലെ രണ്ട് പേരും ഒരു ഖുറൈശി,യും (അല്ലെങ്കിൽ തിരിച്ചും-ഒരു സഖഫിയും രണ്ട് ഖുറൈശിയും) അവിടെ വന്നു ശാരീരിക ക്ഷമത നന്നായി ഉണ്ടെങ്കിലും കാര്യ ബോധം വളരെ കുറഞ്ഞവരായിരുന്നു അവർ.അങ്ങനെ അവർ സംസാരിക്കുകയാണ് ഒരാൾ പറഞ്ഞു നമ്മുടെ ഈ സംസാരം അള്ളാഹു കേൾക്കുമോ?മറ്റയാളുടെ മറുപടി നാം ശബ്ദം ഉയർത്തിപറഞ്ഞാൽ കേൾക്കും ഇല്ലെങ്കിൽ കേൾക്കുകയില്ല അപ്പോൾ മൂന്നാമൻ പറഞ്ഞു ഉയർന്ന ശബ്ദത്തിലുള്ളത് കേൾക്കുമെങ്കിൽ അല്ലാത്തതും കേൾക്കും  എന്ന്.ഇബ്നു മസ്‌ഊദ് رضي الله عنهപറഞ്ഞു ഞാൻ ഈ സംസാരം നബി തങ്ങളോട് പറഞ്ഞു അപ്പോഴാണ് ഈ സൂക്തം അവതരിച്ചത് (ഇബ്നുകസീർ)


അതായത്
അള്ളാഹുവിൽ നിന്ന് നിങ്ങൾക്ക് ഒന്നും മറച്ചു വെക്കാനാവില്ലെന്ന് മാത്രമല്ല നിങ്ങളുടെ അവയവങ്ങൾ തന്നെ നിങ്ങൾക്കെതിരിൽ സാക്ഷി പറയും പരലോകത്ത് എന്ന ഓർമ നിങ്ങൾക്ക് വേണമെന്ന് സാരം


(23)
وَذَلِكُمْ ظَنُّكُمُ الَّذِي ظَنَنتُم بِرَبِّكُمْ أَرْدَاكُمْ فَأَصْبَحْتُم مِّنْ الْخَاسِرِينَ



അതാണ് നിങ്ങളുടെ നാഥനെ പറ്റി  നിങ്ങൾ ധരിച്ചു വെച്ച ധാരണ അത് നിങ്ങൾക്ക് നാശം വരുത്തി അങ്ങനെ നിങ്ങൾ നഷ്ടക്കാരിൽ പെട്ടവരായിത്തീർന്നു

അള്ളാഹുവെ കുറിച്ച് ഈ വിധത്തിൽ തെറ്റായ ധാരണ വെച്ചു പുലർത്തുക വഴി നിങ്ങളുടെ നാശം നിങ്ങൾ തന്നെ തുടങ്ങിവെക്കുകയാണ് ചെയ്തിരിക്കുന്നത്.കാരണം അള്ളാഹുവെക്കുറിച്ച് നമ്മുടെ ധാരണ എന്താണോ അതിനനുസരിച്ചായിരിക്കും അവൻ നമ്മെ പരിഗണിക്കുന്നത് എന്റെ അടിമ എന്നെക്കുറിച്ച് എന്താണോ ധരിക്കുന്നത് ഞാൻ അതിനോടൊപ്പമായിരിക്കും അവൻ എന്നോട് ചോദിക്കുമ്പോൾ ഞാൻ ഉത്തരം കൊണ്ട് അവനോടൊപ്പമുണ്ടാകും എന്ന ഖുദ്‌സിയ്യായ ഹദീസ് നബി തങ്ങൾ പറഞ്ഞു, ഇതെക്കുറിച്ച് ഹസൻ ബസരി رحمة الله عليهപറഞ്ഞു ജനത്തിന്റെ പ്രവർത്തനം അവരുടെ നാഥനെക്കുറിച്ചുള്ള അവരുടെ ധാരണക്കനുസരിച്ചാണ് ഉണ്ടാകുന്നത് സത്യ വിശ്വാസി അള്ളാഹുവെക്കുറിച്ച് നല്ല ധാരണ വെച്ച് പുലർത്തുന്നു അതിനാൽ അവൻ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു അവിശ്വാസിയും കപനും അള്ളാഹുവെക്കുറിച്ച് മോശമായ ധാരണ വെച്ച് പുലർത്തുന്നു അത് കൊണ്ട്തന്നെ അവരുടെ പ്രവർത്തനങ്ങളും മോശമാകുന്നു. അള്ളാഹുവെക്കുറിച്ച് നല്ല ധാരണ വെച്ചു കൊണ്ടല്ലാതെ നിങ്ങളാരും മരിക്കരുതെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.



(24)
فَإِن يَصْبِرُوا فَالنَّارُ مَثْوًى لَّهُمْ وَإِن يَسْتَعْتِبُوا فَمَا هُم مِّنَ الْمُعْتَبِينَ

 


ഇനി അവർ സഹിച്ചു കഴിയുകയാണെങ്കിൽ ആ നരകം തന്നെയാകുന്നു അവർക്കുള്ള പാർപ്പിടം അവർ വിട്ടുവീഴ്ച തേടുകയാണെങ്കിലോ വിട്ടു വീഴ്ച നകപ്പെടുന്നവരുടെ കൂട്ടത്തിൽ അവർ പെടുകയുമില്ല



നരകത്തിലെത്തിയ ഈ ധിക്കാരികൾ നരക ശിക്ഷയെ ക്ഷമയോടെ നേരിട്ടാലും രക്ഷപ്പെടാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കാൻ ശ്രമിച്ചാലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല അവർ കാലാകാലം നരകത്തിൽ കഴിയുക തന്നെയേ നിവൃത്തിയുള്ളൂ രക്ഷപ്പെടാനും ഒന്ന് കൂടി ഭൂമിയിലെത്തിയാൽ നന്നായി ജീവിക്കാം എന്ന് പറയാനുമൊക്കെ അവർ ശ്രമിക്കുമെങ്കിലും അതൊന്നും നടപ്പില്ലെന്ന്
അള്ളാഹു അവരോട് തീർത്തു പറയുമെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്



(25)
وَقَيَّضْنَا لَهُمْ قُرَنَاء فَزَيَّنُوا لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ إِنَّهُمْ كَانُوا خَاسِرِينَ



അവർക്ക് നാം ചില കൂട്ടുകാരെ ഏർപെടുത്തി കൊടുത്തു എന്നിട്ട് ആ കൂട്ടാളികൾ അവർക്ക് തങ്ങളുടെ മുന്നിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും അവർക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ളസമുദായങ്ങളുടെ കൂട്ടത്തിൽ ഇവരുടെ മേലും (ശിക്ഷയെപ്പറ്റിയുള്ള) പ്രഖ്യാപനംസ്ഥിരപ്പെടുകയുണ്ടായി നിശ്ചയം അവർ നഷ്ടം പറ്റിയവരായിരുന്നു



ആ നിഷേധികൾക്ക് അവരുടെ ദുഷ് പ്രവർത്തനങ്ങൾ നല്ലതായി തോന്നിപ്പിക്കുന്ന ചില പിശാചുക്കളുടെ സാന്നിദ്ധ്യം അള്ളാഹു നൽകിയതിനെക്കുറിച്ചാണ്  ചില കൂട്ടുകാരെ എർപ്പെടുത്തിക്കൊടുത്തു  എന്ന് പറഞ്ഞത് അങ്ങനെ ആ പിശാചുക്കൾ ഈ ജീവിതത്തിലെ സുഖങ്ങൾക്ക്പ്രാമുഖ്യം നൽകാനും അതിനാ‍യി തിന്മകൾ ചെയ്യാനും ഇവരെ ഉപദേശിക്കുകയും മരണ ശേഷം പുനർജന്മമോ പ്രതിഫലം നൽകലോ ഇല്ലെന്നും ഈ ജീവിതം പരമാവധി ആസ്വദിക്കണമെന്നും അവർക്ക് ദുർബോധനം നൽകി.അതാണ് മുന്നിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു എന്ന് പറഞ്ഞത് മുന്നിലുള്ളത് ഈ ലോകവും പിന്നിലുള്ളത് പരലോകവും.ഈ ലോകത്ത് സുഖിക്കുക പരലോകം ശൂന്യം ഇതാണ് പിശാചുക്കൾ അവരിലുണ്ടാക്കിയ ചിന്ത.ഈ പിശാചുക്കളെന്നതിന്റെ പരിധിയിൽ ഇബ്‌ലീസും കൂട്ടാളികളും മാത്രമല്ല തെറ്റിനു പ്രചോദനം നൽകുന്ന മനുഷ്യരും ഉൾപ്പെടൂം .അത് കൊണ്ടാണ് കൂട്ടുകൂടാൻ നല്ല ചങ്ങാതിമാരെ തിരഞ്ഞെടുക്കണമെന്ന് കാര്യബോധമുള്ളവർ പറയുന്നത്.ചങ്ങാത്തം ദുഷിച്ചവരോടൊപ്പമായാൽ അവരുടെ തിന്മകൾ നമ്മിലേക്ക് പകരുകയാണ് പതിവ് എന്നത് അവിതർക്കിതമായ കാര്യമാകുന്നു


മുൻ കാല സമൂഹങ്ങളിൽ ധിക്കാരികൾക്ക് ശിക്ഷ ലഭിച്ചത് പോലെ ഇവർക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയും
അള്ളാഹുവിന്റെകാരുണ്യവും തൃപ്തിയും കരസ്ഥമാക്കുന്നതിനു പകരം അവന്റെ കോപവും ശിക്ഷയും ഏറ്റുവാങ്ങുക വഴി അവർ പരാജയപ്പെടുകയും ചെയ്തുഎന്നാണിവിടെ ഉണർത്തുന്നത്


അള്ളാഹു നമ്മെ രണ്ട് ലോകവും വിജയിച്ചവരിൽ ഉൾപ്പെടുത്തട്ടെ .ആമീൻ
(തുടരും)


ഇൻശാ
അള്ളാഹ്

No comments: