അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -4 - 26 മുതൽ 29 വരെ
സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(26)
وَقَالَ
الَّذِينَ كَفَرُوا لَا تَسْمَعُوا لِهَذَا الْقُرْآنِ وَالْغَوْا فِيهِ
لَعَلَّكُمْ تَغْلِبُونَ
സത്യ നിഷേധികൾ പറഞ്ഞു. ‘നിങ്ങൾ ഈ ഖുർആൻ ശ്രദ്ധിച്ചു കേൾക്കരുത് (അത് പാരായണം
ചെയ്യുമ്പോൾ) നിങ്ങൾ ബഹളമുണ്ടാക്കുക നിങ്ങൾക്ക് അതിനെ അതിജയിക്കാൻ കഴിഞ്ഞേക്കാം’
ﷲഅള്ളാഹുവിനെയും അവന്റെ ദൂതരേയും നിഷേധിച്ചു തള്ളിയ മക്കയിലെ ബഹുദൈവ
വിശ്വാസികളുടെ ജല്പനമാണിത് അതായത് അവരെ അനുസരിക്കുന്നവരോട് ആരെങ്കിലും ഖുർആൻ പാരായണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ
നിങ്ങൾ ഒരിക്കലും അത് ശ്രദ്ധാപൂർവം കേൾക്കുകയോ അതനുസരിച്ച് പ്രവർത്തിക്കാൻ പ്രചോദനമാവും വിധം അതിനെ പിൻതുടരാൻ
തീരുമാനിക്കുകയോ ചെയ്യരുത് മാത്രമല്ല നിങ്ങൾക്ക് ആരെങ്കിലും ഖുർആൻ പാരായണം
നടത്തുന്നത് കേൾക്കാനിടയായാൽ എന്തെങ്കിലും അനാവശ്യ വർത്തമാനങ്ങൾ എടുത്തിട്ട്
ബഹളമുണ്ടാക്കുകയും ഖുർആൻ കേട്ടു പോകുന്നതിനുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യണം
കൈ കൊട്ടിയും ചൂളം വിളിച്ചും ഇടക്ക് കയറി സംസാരിച്ചും നിങ്ങൾ രംഗം കയ്യടക്കണം അഥവാ
വല്ലതും കേട്ടുപോയാൽ അതിനെ ശക്തമായി നിഷേധിക്കുകയും ചെയ്യണം അങ്ങനെ വന്നാൽ ഖുർആൻ ശ്രവിക്കണമെന്ന് കരുതുന്നവർക്ക് പോലും അത് ശ്രവിക്കാൻ സാദ്ധ്യമാവാതെ
വരികയും എന്താണ് ഖുർആനിന്റെ ഉള്ളടക്കമെന്ന് മനസ്സിലാക്കാൻ കഴിയാതെ വരികയും ചെയ്യും
അപ്പോൾ മുഹമ്മദ് നബി ﷺക്കെതിരിൽ നമ്മുടെ വിജയം നമുക്ക് ഉറപ്പാക്കാം ഇതായിരുന്നു
അവരുടെ നിർദ്ദേശം അത് അവർ പ്രാവർത്തികമാക്കുകയും ചെയ്തു (ഥിബ്‌രി)
പൂർവകാല നിഷേധികളായവരുടെ
അഥവാ ഹൂദ് നബി عليه السلامയുടെയും
സാലിഹ് നബി عليه السلامയുടെയുമെല്ലാം
സമൂഹങ്ങളുടെ നിഷേധത്തെ വിവരിച്ച ശേഷം നബി തങ്ങളുടെ കാലത്തുണ്ടായിരുന്ന നിഷേധികളുടെ
സ്വഭാവം വിവരിക്കുകയാണ് ﷲഅള്ളാഹു.
ഇവിടെ ഖുർആൻ നിങ്ങൾ കേൾക്കരുതെന്ന് പറഞ്ഞാൽ അത്
അനുസരിക്കരുതെന്നാണ് അർത്ഥം എന്നും വ്യാഖ്യാനമുണ്ട് (ഖുർതുബി)
ഇബ്നു കസീർ رحمة الله عليه എഴുതുന്നു സത്യ നിഷേധികൾ പരസ്പരം ഉപദേശിച്ചിരുന്നതാണിത്
ഖുർഅനിനെ നിങ്ങൾ അനുസരിക്കുകയോ അതിന്റെ നിർദേശങ്ങൾക്ക് വഴങ്ങുകയോ ചെയ്യരുത് കേട്ട്
പോകാതിരിക്കാനായി ബഹളം വെക്കണം എന്നാലേ നമുക്ക് മുഹമ്മദ് നബി ﷺ ക്കെതിരിൽ പിടിച്ചു നിൽക്കാനാവൂ. എല്ലാ കാലത്തുമുള്ള സത്യ നിഷേധികൾ ഇതേ
നിലപാട് തന്നെയാണ് തുടരുക. ഖുർആൻ കേൾക്കാനിടവരരുത് എന്ന് അനുയായികൾക്ക്
നിർദേശം നൽകുന്ന നിലപാട്.എന്നാൽ സത്യ വിശ്വാസികളോട് ﷲഅള്ളാഹു പറയുന്നത് നോക്കൂ “ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ
നിങ്ങൾ അത് ശ്രദ്ധിച്ച് കേൾക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക നിങ്ങൾക്ക്
കാരുണ്യം ലഭിച്ചേക്കാം” (ഏഴാം
അദ്ധ്യായം സുറത്തുൽ അഅ്റാഫ് 204)
മുഹമ്മദ് നബി ﷺഖുർആൻ
പാരായണം ചെയ്യുന്നത് കണ്ടാൽ പാട്ടു പാടിയും കവിത ചൊല്ലിയും അനാവശ്യ സംസാരങ്ങൾ
നടത്തിയും കൈയടിച്ചും ചൂളം വിളിച്ചും നബി ﷺ തങ്ങൾക്ക് അസ്വസ്ഥത തോന്നും വിധം ധാരാളം സംസാരിച്ചും തങ്ങൾക്ക്
നേരേ നോക്കി ആക്രോശിച്ചും നിങ്ങൾ ആ പാരായണത്തോടുള്ള പ്രതിഷേധം അറിയിക്കണമെന്നും
അങ്ങനെ മാത്രമേ മുഹമ്മദ് നബിയെ പരാചയപ്പെടുത്താൻ നമുക്ക് സാധിക്കുകയുള്ളൂവെന്നും അറേബ്യൻ മുശ്‌രിക്കുകൾ പരസ്പരം
ഉപദേശിക്കാറുണ്ടായിരുന്നു (ബഗ്‌വി)
ഇമാം റാസി رحمة الله عليهഎഴുതുന്നു. ഈ അദ്ധ്യായത്തിന്റെ ആദ്യ ഭാഗത്ത് നബി തങ്ങളെ നിരാകരിക്കാൻ
ശത്രുക്കൾ പറഞ്ഞ കാരണം ഞങ്ങളുടെ ഹൃദയങ്ങൾക്ക് മൂടിയുള്ളത് കൊണ്ട് നിങ്ങൾ
പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവുന്നില്ല എന്നായിരുന്നു ഇവിടെ തങ്ങളെ
നിരാകരിക്കാൻ അവരുണ്ടാക്കുന്ന മറ്റൊരു കുതന്ത്രമാണ് ഉണർത്തുന്നത് ഖുർആൻ
കേൾക്കുമ്പോൾ ബഹളമുണ്ടാക്കി വിശ്വാസത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു
സത്യത്തിൽ ഖുർആൻ വാജികമായും ആർത്ഥികമായും സമ്പൂർണമായതിനാൽ ആരെങ്കിലും ഇത്
കേൾക്കുകയാണെങ്കിൽ ഖുർആനിന്റെ സത്യസന്ധതയും ആധികാരികതയും ശ്രോദ്ധാവിനു
ബോദ്ധ്യപ്പെടുകയും അവൻ ഈ ഗ്രന്ഥവും നബി ﷺ തങ്ങളെയും സ്വീകരിക്കുകയും ചെയ്യുമെന്ന് ഇവർക്ക് ഉറപ്പായിരുന്നു
അത് കൊണ്ട് അവർ ആലോചിക്കുകയാണ് ഇത് ജനം കേൾക്കരുത് അതിനെന്ത് മാർഗം സ്വീകരിക്കണം
.അങ്ങനെ അവർ കണ്ടെത്തിയതാണ് ഖുർആൻ ഓതുന്നിടത്ത് ബഹളമുണ്ടാക്കാനും ജനത്തെ ഇതിൽ
നിന്ന് തടയാനും. .എന്നാൽ ഇവരുടെ കുതന്ത്രങ്ങൾ തകർത്ത് നബി ﷺതങ്ങളെ ﷲഅള്ളാഹു സഹായിക്കുമെന്ന് ഇവർക്കുണ്ടോ മനസ്സിലാക്കാൻ
സാധിക്കുന്നു!
(27)
فَلَنُذِيقَنَّ الَّذِينَ
كَفَرُوا عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ الَّذِي كَانُوا
يَعْمَلُونَ
എന്നാൽ ആ സത്യ നിഷേധികൾക്ക് നാം കഠിനമായ ശിക്ഷ
ആസ്വദിപ്പിക്കുക തന്നെ ചെയ്യും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിൽ അതിനീചമായതിനുള്ള
പ്രതിഫലം നാം അവർക്ക് നൽകുക തന്നെ ചെയ്യും
ഖുർആനിനോടുള്ള അവരുടെ ഈ ശാത്രവത്തിന്
അർഹമായതും ഉചിതമായതുമായ ശിക്ഷ അവർക്ക് നൽകുക തന്നെ ചെയ്യും അവരുടെ ഏറ്റവും ചീത്തയായ പ്രവർത്തനം ശിർക്കാണ്
കഠിനമായ ശിക്ഷ എന്നാൽ ഒരിക്കലും നിന്നു പോവാതെ തുടരെത്തുടരെ
ലഭീക്കുന്നതും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്നതുമാണ് (ഖുർതുബി)
ഭൂമിയിൽ വെച്ച് ഏറ്റവും മോശമായ പ്രവർത്തനം നടത്തിവർക്ക്
പരലോകത്ത് ഏറ്റവും മോശം ശിക്ഷ തന്നെ ﷲഅള്ളാഹു പ്രതിഫലമായി നൽകും (ഥിബ്‌രി)
ഇമാം റാസി رحمة
الله عليه എഴുതുന്നു ‘രുചിപ്പിക്കുക’ എന്നത് പരിചയപ്പെടുത്താനായി
അല്പമായി നൽകുന്നിടത്താണ് പ്രയോഗിക്കാറുള്ളത് അത് തന്നെ കഠിനമാണെന്നാണ് ﷲഅള്ളാഹു പറയുന്നത് അപ്പോൾ അല്പമായി നൽകുന്ന ശിക്ഷ തന്നെ കഠിനമാണെങ്കിൽ
കൂടുതലുള്ള ശിക്ഷയുടെ അവസ്ഥ എന്തായിരിക്കുമെന്ന് സൂചിപ്പിക്കുകയാണിവിടെ (റാസി)
‘നീചമായതിനുള്ള പ്രതിഫലം നൽകുമെ’ന്നാൽ അവരുടെ നന്മകളൊന്നും
സ്വീകരിക്കുകയില്ലെന്നും അവിശ്വാസം കാരണത്താൽ അതെല്ലാം പൊളിഞ്ഞ് പോയെന്നും തിന്മകൾ
മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ അത് കൊണ്ട് തന്നെ തിന്മക്കുള്ള ശിക്ഷ മാത്രമാണ് അവരെ
കാത്തിരിക്കുന്നതെന്നുമാണ് അർത്ഥം എന്ന് ഹസനുൽ ബസരി رحمة الله عليهപറഞ്ഞിരിക്കുന്നു
(28)
ذَلِكَ جَزَاء أَعْدَاء اللَّهِ
النَّارُ لَهُمْ فِيهَا دَارُ الْخُلْدِ جَزَاء بِمَا كَانُوا بِآيَاتِنَا
يَجْحَدُونَ
അതത്രെ അള്ളാഹുവിന്റെ ശത്രുക്കൾക്കുള്ള പ്രതിഫലമായ നരകം.അവർക്ക് അവിടെയാണ് സ്ഥിര
വാസത്തിനുള്ള വസതി.നമ്മൂടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു കളഞ്ഞിരുന്നതിനുള്ള
പ്രതിഫലമത്രെ അത്
ﷲഅള്ളാഹു പ്രവാചകനെ അയച്ച് സത്യം
വിശദീകരിക്കുമ്പോൾ അതിനെ നിരാകരിക്കുന്നു എന്നതാണ് അവർ ﷲഅള്ളാഹുവിന്റെശത്രുക്കളാകാൻ കാരണം അതിനുള്ള പ്രതിഫലമാണ്
നരകമെന്ന വാസ സ്ഥലം ഒരിക്കലും തീർന്നു പോവാതെ അനന്തമായി നീളുന്നത് കൊണ്ടാണ് അത്
അവർക്കുള്ള സ്ഥിര വാസമാണെന്ന് പറയുന്നത്
അവർക്ക് ചീത്ത പ്രതിഫലമുണ്ടെന്ന് കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞത് ഈ നരകമാണെന്ന്
വിശദീകരിച്ചിരിക്കുകയാണിവിടെ (റാസി)
(29)
وَقَالَ الَّذِينَ كَفَرُوا
رَبَّنَا أَرِنَا الَّذَيْنِ أَضَلَّانَا مِنَ الْجِنِّ وَالْإِنسِ نَجْعَلْهُمَا
تَحْتَ أَقْدَامِنَا لِيَكُونَا مِنَ الْأَسْفَلِينَ
സത്യ നിഷേധികൾ പറയും ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ വഴിപിഴപ്പിച്ചവരായ ജിന്നുകളിൽ
നിന്നും മനുഷ്യരിൽ നിന്നുമുള്ള രണ്ടു വിഭാഗത്തെ നീ ഞങ്ങൾക്ക് കാണിച്ചു തരേണമേ! അവർ
അധമന്മാരുടെ കൂട്ടത്തിലാകത്തക്ക വണ്ണം ഞങ്ങൾ അവരെ ഞങ്ങളൂടെ പാദങ്ങൾക്ക് ചുവട്ടിലിട്ട്
ചവിട്ടട്ടെ
നരകത്തിൽ വെച്ച് നിഷേധികളുടെ
ആവശ്യമുയരുന്നതാണിടെ സൂചിപ്പിക്കുന്നത്
ഞങ്ങളെ പിഴപ്പിച്ച രണ്ട് വിഭാഗം എന്നത് മനുഷ്യരിൽ നിന്നുള്ള സഹോദരനെ
കൊലപ്പെടുത്തിയ ഖാബീലും ജിന്നുകളിൽ നിന്നുള്ള ഇബ്‌ലീസുമാണ് അവർ രണ്ട് പേരുമാണ്
കല്പന ലംഘിക്കുന്ന കീഴ്വഴക്കത്തിനു തുടക്കം കുറിച്ചവർ ഞങ്ങളുടെ കാൽചുവട്ടിൽ
കിടക്കുമ്പോൾ നരക ശിക്ഷയുടെ തീഷ്ണത ഞങ്ങളേക്കാൾ അവർക്ക് അനുഭവിക്കേണ്ടി വരുമല്ലോ
എന്നാണിവരുടെ ആവശ്യത്തിന്റെ കാതൽ (ബഗ്‌വി)
എല്ലാബഹുദൈവാരാധകരും ഇബ്‌ലീസിനെയും എല്ലാ വൻ പാപങ്ങൾ ചെയ്തവരും ഖാബീലിനെയും
വിളിക്കും കാരണം ശിർക്കോ അതിനു താഴെയുള്ളതോ ആയ എല്ലാ തിന്മയിലേക്കും
ക്ഷണിച്ചിരുന്നവനാണ് ഇബ്‌ലീസും ആദം സന്തതികളിലെ ആദ്യ പുത്രനും.
ഹദീസിൽ വന്നിട്ടുണ്ട് അക്രമമായി ആര്
കൊല്ലപ്പേടുമ്പോഴും ആദം നബി عليه
السلامയുടെ ആദ്യ സന്താനത്തിന്
കുറ്റത്തിന്റെ ഒരു വിഹിതമുണ്ടാവും കാരണം കൊലപാതകത്തിനു മാതൃക കാണിച്ചവനാണവൻ. ജനങ്ങളെ വഴികേടിലേക്ക്നയിച്ച നേതാക്കൾക്കെതിരിൽ അനുയായികളുടെ പ്രതിഷേധമാണ്
(ഞങ്ങളെ ഇവ്വിധത്തിലാക്കിയവരെ ചവിട്ടിമെതിക്കാൻ വിട്ടു തരണമെന്ന ആവശ്യം )
ശിക്ഷയുടെ കാഠിന്യം ഞങ്ങളേക്കാളവരാണ് അനുഭവിക്കേണ്ടത് എന്ന തോന്നലിലാണ് ഈ ആവശ്യം
എന്നാൽ ഓരോരുത്തർക്കും അർഹമായ ശിക്ഷ ﷲഅള്ളാഹു നൽകുക തന്നെ ചെയ്യും എന്നാണ് ﷲഅള്ളാഹു ഖുർആനിൽ പലയിടത്തായി വിശദീകരിച്ചത്
(ഇബ്നുകസീർ)
ഞങ്ങളെ വഴിതെറ്റിച്ച രണ്ട് വിഭാഗം എന്നത് ഇബ്ലീസിനും
ഖാബീലിനും മാത്രമല്ല എല്ലാ തിന്മയുടെ നായകർക്കും ബാധകമാവും വിധം രണ്ടു പ്രതീകമായി
മനസ്സിലാക്കിയാൽ മതി(ഖുർതുബി)
ഭൂമിയിൽ ജീവിക്കുമ്പോൾ ആരെങ്കിലും തെളിക്കുന്ന വഴിയെ നടക്കുകയും സത്യത്തെ
വെല്ലുവിളിക്കുകയും ചെയ്യുന്ന എല്ലാവരും ഈ സൂക്തം മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്
വഴിപിഴപ്പിച്ചവരും പിഴച്ചവരും നരകത്തിലെ ശിക്ഷ അനുഭവിക്കുമ്പോഴുള്ള ഈ ദയനീയമായ
പ്രതിഷേധം കൊണ്ട് എന്ത് നേട്ടം?സത്യം ചിന്തിക്കാനും അത് ഉൾകൊള്ളാനുമുള്ള സന്മനസ്സ്
കാണിക്കാത്തവരെല്ലാം ഇത്തരം ദുരന്തങ്ങളായി പരലോകത്ത് മാറും.അതിനാൽ നാം
സ്വീകരിക്കുന്ന നിലപാടുകളുടെ സുതാര്യത നൂറുവട്ടം ആലോചിക്കണം ശരിയോടൊപ്പം തന്നെയാണെന്ന്
ഉറപ്പ് വരുത്തണം.പ്രമാണങ്ങളെ ശരിയായി സ്വീകരിക്കാൻ സാധിക്കണം സൂക്ഷ്മാലുക്കളും
സാത്വികരുമായ പൂർവ സൂരികളെ മാതൃകയാക്കിയാൽ അബദ്ധത്തിൽ ചാടാതെ രക്ഷപ്പെടാം ﷲഅള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment