അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -5 - സൂക്തം 30 ന്റെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(30)
إِنَّ الَّذِينَ قَالُوا رَبُّنَا
اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا
تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ
ﷲ അള്ളാഹുവാണ് നിശ്ചയമായും ഞങ്ങളുടെ
രക്ഷിതാവ് എന്ന് പറയുകയും പിന്നീട് നേരാം വണ്ണം നിലകൊള്ളുകയും ചെയ്തവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങി വരും.
(എന്നിട്ട് ആ മലക്കുകൾ പറയും) നിങ്ങൾ
ഭയപ്പെടുകയോ ദു:ഖിക്കുകയോ വേണ്ട നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന
സ്വർഗത്തെക്കുറിച്ച് നിങ്ങൾ സന്തോഷിക്കുക
ഇബ്നു
കസീർ رحمة الله عليه എഴുതുന്നു ﷲഅള്ളാഹുവിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ﷲഅള്ളാഹു നിയമമാക്കിയ വിധം അനുസരണത്തെ ക്രമീകരിക്കുകയും
ചെയ്തവർ എന്നാണ് “ﷲഅള്ളാഹുവാണ് ഞങ്ങളുടെ രക്ഷിതാവ് എന്ന് പറയുകയും പിന്നീട് നേരാം വണ്ണം
നിലകൊള്ളുകയും ചെയ്തവർ” എന്ന്
പറഞ്ഞതിന്റെ താല്പര്യം.
ഈ സൂക്തം നബി ﷺതങ്ങൾ
പാരായണം ചെയ്യുകയും ഇങ്ങനെ ﷲഅള്ളാഹുവാണ് ഞങ്ങളുടെ രക്ഷിതാവ് എന്ന് പറഞ്ഞ ശേഷം ധാരാളം
ആളുകൾ നിഷേധികളായി പോയി എന്നാൽ ഈ വാക്ക് ഒരാൾ പറയുകയും മരണം വരെ അതിൽ നിന്ന്
മാറാതിരിക്കുകയും ചെയ്താൽ അവനാണ് അതിന്റെ മേലിൽ നേരായി നിലക്കൊണ്ടവൻ എന്ന് ﷺതങ്ങൾ പറയുകയുണ്ടായി എന്ന് അനസ് رضي الله عنهപറഞ്ഞിരിക്കുന്നു (ഇബ്നു കസീർ)
“ﷲഅള്ളാഹുവാണ് രക്ഷിതാവ് എന്ന് പറയുകയും പിന്നീട് നേരാം വണ്ണം
നിലകൊള്ളുകയും ചെയ്തു” എന്നാൽ ശിർക്ക്
ചെയ്യാതിരുന്നവർ എന്നാണ് എന്ന് അബൂബകർ സിദ്ദീഖ് رضي الله عنهപറഞ്ഞു (ഇബ്നുകസീർ)
ﷲഅള്ളാഹുവേ
നീയാണ് ഞങ്ങളുടെ നാഥൻ അതിനാൽ നീ ഞങ്ങൾക്ക് നേരാം വണ്ണമുള്ള ജീവിതം നൽകേണമേ എന്ന്
ഹസനുൽ ബസരി رحمة الله عليه പറയാറുണ്ട് (ഇബ്നുകസീർ)
സുഫ്‌യാൻ ബിൻ അബ്‌ദിള്ളാഹിസ്സഖഫീ رضي الله عنه നബി ﷺതങ്ങളോട് ചോദിച്ചു ﷲഅള്ളാഹുവിന്റെ ദൂതരേ! എനിക്ക് മുറുകെ പിടിക്കാൻ പറ്റിയ ഒരു
കാര്യം അങ്ങ് പറഞ്ഞു തന്നാലും! തങ്ങൾ പറഞ്ഞു നിങ്ങൾ ﷲഅള്ളാഹുവാണ് എന്റെ നാഥൻ എന്ന് പറയുകയും പിന്നീട് നേരാം
വണ്ണം നിലക്കൊള്ളുകയും ചെയ്യുക .അദ്ദേഹം വീണ്ടും ചോദിച്ചു തങ്ങൾ എന്റെ മേലിൽ
ഏറ്റവും ഭയപ്പെടുന്ന കാര്യമെന്താണ്? ﷺതങ്ങൾ നാവിന്റെ തല ഭാഗം പിടിച്ച് ഇതാണ് ഞാൻ നിനക്ക് ഏറ്റവും
ഭയപ്പെടുന്ന വസ്തു എന്ന് പറഞ്ഞു (നാവിനെ സൂക്ഷിക്കുകയും അരുതാത്തത് പറഞ്ഞു കൂടാ
എന്ന നിർബന്ധ ബുദ്ധി നിലനിറുത്തുകയും വേണം)
“അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങി വരും”, എന്ന് പറഞ്ഞാൽ അവരുടെ മരണ സമയത്ത് മലക്കുകൾ ഇറങ്ങി വന്ന്
പുതിയൊരു ലോകത്തേക്ക് പോകുന്നതിൽ ഭയം വേണ്ട എന്നും ഭൂമിയിൽ സ്വന്തമെന്ന്
കരുതിയിരുന്ന ഭാര്യ, സന്താനങ്ങളും സമ്പത്തും, ഇല്ലാതെ വെറും
കയ്യോടെ പോകുന്നതിൽ ദു:ഖം തോന്നേണ്ടതില്ലെന്നും കാരണം ഇതിനു പകരം
നിങ്ങൾക്ക് നാം ഒരുക്കിവെച്ചത് സ്വർഗമാണെന്നും പറയും അഥവാ തിന്മയെല്ലാം പോയി
നന്മയുടെ വരവ് അറിയിക്കുകയാണ് മലക്കുകൾ ചെയ്യുന്നത്
ബറാഅ് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു
മലക്കുകൾ സത്യ വിശ്വാസിയുടെ (മരണ സമയത്ത്) അവന്റെ ആത്മാവിനോട് ഇങ്ങനെ പറയും നല്ല
ശരീരത്തിൽ കുടി കൊള്ളുന്ന നല്ല ആത്മാവേ! സുഖത്തിലേക്കും സംതൃപ്തിയിലേക്കും
നിന്നോട് അശേഷം ദേഷ്യമില്ലാത്ത നാഥനിലേക്കും നീ പുറപ്പെട്ട് വന്നോളൂ. ഖബ്‌റിൽ നിന്ന്
ഉയിർത്തെഴുന്നേൽക്കുമ്പോഴാണ് ഇങ്ങനെ പറയപ്പെടുന്നതെന്ന് ഒരു അഭിപ്രായമുണ്ട്. ജഅ്ഫറുബിൻ സുലൈമാൻ رضي
الله عنهപറയുന്നു സാബിത് رضي الله عنهഈ അദ്ധ്യായം പാരായണം ചെയ്തു ഈ മുപ്പതാം സൂക്തം എത്തിയപ്പോൾ അദ്ദേഹം പാരായണം
നിർത്തിയിട്ട് പറഞ്ഞു സത്യ വിശ്വാസിയെ ഖബ്‌റിൽ നിന്ന് ﷲഅള്ളാഹു പുനർജനിപ്പിക്കുമ്പോൾ ഭൂമിയിൽ അവന്റെ
കൂടെയുണ്ടായിരുന്ന (നന്മ തിന്മ രേഖപ്പെടുത്തുന്ന) രണ്ട് മലക്കുകൾ അവന്റെ അടുത്ത്
വരികയും ഭയമോ ദു:ഖമോ ആവശ്യമില്ല നിങ്ങളെ കാത്തിരിക്കുന്നത് സ്വർഗമാണെന്ന് പറയുകയും
ചെയ്യും അപ്പോൾ അള്ളാഹു ആ മനുഷ്യന് നിർഭയത്വം നൽകുകയും കണ്ണിനു കുളിർമ(സന്തോഷം)
നൽകുകയും ചെയ്യും ﷲഅള്ളാഹു അവനെ സന്മാർഗത്തിലാക്കുകയും അവൻ പരലോക വിജയത്തിനായി പ്രവർത്തിക്കുകയും
ചെയ്ത കരണത്താൽ ഖിയാമത്ത് നാളിൽ എല്ലാവരും ഭയത്തിന്റെ തടവറയിലാകുന്ന
വിഷയങ്ങളെല്ലാം വിശ്വാസിക്ക് സന്തോഷത്തിന്റെ വഴികളായിരിക്കും മൂന്നാമതൊരു അഭിപ്രായം
ഈ സന്തോഷമറിയിക്കൽ മരണ സമയത്തും ഖബ്‌റിൽ എത്തിയാലും പുനർജന്മം
നടക്കുമ്പോഴുമുണ്ടാവുമെന്നാണ് സൈദ് ബിൻ അസ്‌ലം رضي الله عنها പറഞ്ഞ ഈ അഭിപ്രായം എല്ലാം ഉൾക്കൊള്ളുന്നതും വളരെ നല്ലതുമാണ് യാഥാർത്ഥ്യവും
അത് തന്നെയാണ് എന്ന് ഇബ്നു കസീർ رحمة
الله عليه
അഭിപ്രായപ്പെടുന്നു (ഇബ്നുകസീർ)
ഇസ്തിഖാമത് (നേരാം വണ്ണം നിലക്കൊള്ളൽ) എന്നാൽ ശിർക്ക് ചെയ്യാതിരിക്കലാണെന്ന്
സിദ്ധീഖ് തങ്ങളും നന്മ കല്പിക്കൽ തിന്മ വിരോധിക്കൽ എന്നിവയിൽ ശരിയായ നിലപാട്
സ്വീകരിക്കുകയും കുറുക്കനെ പോലെ കുതന്ത്രങ്ങൾ മെനയാതിരിക്കലുമാണ് ഇസ്തിഖാമത്ത്
എന്ന് ഉമർ رضي
الله عنهതങ്ങളും അള്ളാഹുവിനു വേണ്ടി
ആത്മാർത്ഥമായി പ്രവർത്തിക്കലാണ് ഇസ്തിഖാമത്തെന്ന് ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنهതങ്ങളും നിർബന്ധങ്ങൾ വീട്ടലാണെന്ന് അലിയാർ رضي الله عنه തങ്ങളും ഇബ്നു അബ്ബാസ് رضي الله عنهതങ്ങളും ആരാധനകൾ നടപ്പാക്കുകയും കുറ്റങ്ങളെ വർജ്ജിക്കുകയും ചെയ്യലാണ്
ഇസ്തിഖാമത്ത് എന്ന് ഹസനുൽ ബസരി رحمة الله عليهതങ്ങളും ആരാധിക്കപ്പെടാൻ അർഹൻ അള്ളാഹുമാത്രമെന്ന സത്യ സാക്ഷ്യം മരണം വരെ
നിലനിർത്തലാണ് ഇസ്തിഖാമത് എന്ന് മുജാഹിദ് رضي الله عنه, ഇഖ്‌രിമرضي الله عنه എന്നിവരും അഭിപ്രായപ്പെട്ടതായി ഇമാം ബഗ്‌വി رحمة الله عليهപറയുന്നു (ബഗ്‌വി)
ഇസ്തിഖാമത്ത്
എന്നാൽ നശിച്ചു പോകുന്നതിനെ(ദുനിയാവിന്റെ സുഖങ്ങളെ) ഒഴിവാക്കി എന്നും നില
നിൽക്കുന്നതിനെ(പരലോക വിജയത്തെ) ആഗ്രഹിക്കുക എന്നാണ് എന്ന് ഫുളൈൽ ബിൻ ഇയാള് رضي الله عنهപറഞ്ഞു (ഖുർതുബി)
എന്താണ് ഇസ്തിഖാമത്ത് എന്നത് സംബന്ധമായി നേരത്തെ വിശദീകരിച്ചത് പോലുള്ള വിവിധ
അഭിപ്രായങ്ങൾ വിശദീകരിച്ച് ഇമാം ഖുർതുബി رحمة الله عليهപറയുന്നു ഈ പറഞ്ഞ അഭിപ്രായങ്ങളെല്ലാം പരസ്പര പൂരകങ്ങളാണ് അതിന്റെ
രത്നച്ചുരുക്കം ഇങ്ങനെയാണ് വിശ്വാസത്തിലും കർമത്തിലും വാക്കിലും നേരായ വഴിയിൽ
നിലക്കൊള്ളുക എന്നാണ് ഇസ്തിഖാമത്ത് എന്ന്
പറഞ്ഞാൽ (ഖുർതുബി)
ﷲഅള്ളാഹുവാണ്
ഞങ്ങളുടെ നാഥൻ എന്ന് പറഞ്ഞാൽ അവൻ മാത്രമേ ആരാദ്ധ്യനുള്ളൂ അവന്ന് യാതൊരു
കൂറുകാരുമില്ല എന്ന് പ്രഖ്യാപിക്കുകയും മറ്റു ആരാധ്യ വസ്തുക്കളിൽ നിന്ന്
രാജിയാവലുമാണ് (ഥിബ്‌രി)
ഇമാം റാസി എഴുതുന്നു കഴിഞ്ഞ സൂക്തങ്ങളിൽ നിഷേധികൾക്കുള്ള ശക്തമായ താക്കീതുകൾ
വിവരിച്ച ﷲഅള്ളാഹു ഇവിടെ സത്യവിശ്വാസികൾക്കുള്ള നേട്ടങ്ങളെ വിവരിക്കുകയാണ് ഇത് ഖുർ
ആനിന്റെ പൊതുവായ ഒരു വിവരണ ശൈലിയും വളരെ ഫലപ്രദമായ രീതിയുമാണ് മനുഷ്യന്റെ പൂർണ്ണത
മൂന്ന് വിഷയങ്ങളിൽ അധിഷ്ഠിതമാണ് മാനസികം, ശാരീരികം, ബാഹ്യം എന്നിങ്ങനെ. ഇതിൽ ഏറ്റവും മുകളിൽ
മാനസികമായതും മധ്യം ശാരീരികമായതും താഴെ ബാഹ്യ വിഷയങ്ങളുമാണ് മാനസിക പൂർണതയുടെ പ്രധാന
ഘടകം ഉറച്ച ബോദ്ധ്യമാണ് ആ ബോദ്ധ്യത്തിന്റെ ആത്മാവ് ﷲഅള്ളാഹുവെ മനസ്സിലാക്കുക എന്നതാണ് അതാണ് “നിശ്ചയം
ഞങ്ങളുടെ നാഥൻ അള്ളാഹുവാണ്” എന്ന പ്രയോഗം
സൂചിപ്പിക്കുന്നത് ശാരീരിക പൂർണതയുടെ വഴി
ഇല്ലാത്തത് വന്ന് ചേരാതെയും ഉള്ളത് ചോർന്ന് പോകാതെയും പ്രവർത്തനം നടത്തുക എന്നതാണ്
അതിലേക്കാണ് “പിന്നീട് അവർ നേരാം അണ്ണം നില കൊണ്ടു”എന്ന പരാമർശനം വിരൽ ചൂണ്ടുന്നത്. അബ്ബാദീ رحمة الله عليهഎന്ന മഹാന്റെ സദസ്സിൽ ഒരാൾ ഈ സൂക്തം പാരായണം ചെയ്തു അപ്പോൾ മഹാൻ പറഞ്ഞു
ഖിയാമത്ത് നാളിലെ നില നില്പ് ഇസ്തിഖാമത്തിന്റെ തോതനുസരിച്ചായിരിക്കും ഈ യാഥാർത്ഥ്യം നിനക്ക് മനസ്സിലായാൽ ഈ
സൂക്തത്തിൽ പറയുന്ന ﷲഅള്ളാഹുവാണ് ഞങ്ങളുടെ നാഥൻ എന്ന പ്രഖ്യാപനമോ നേരേ ചൊവ്വെ
ജീവിച്ചു എന്ന പരാമർശനമോ വെറും വാക്കാലുള്ള പ്രഖ്യാപനത്തെ പ്രതിനിധീകരിക്കുന്നതല്ല
മറിച്ച് പൂർണമായ ബോദ്ധ്യവും ശരിയായ അറിവും ഇതിനു അനിവാര്യമാണ് എന്ന് നിനക്ക്
മനസ്സിലാക്കാം അപ്പോൾ ﷲഅള്ളാഹുവിനെക്കുറിച്ചുള്ള ശരിയായ വിശ്വാസവും അറിവും
അതോടൊപ്പം സൽക്കർമങ്ങളിലുള്ള മത ചിട്ടയെ ഉൾക്കൊള്ളലും അടങ്ങിയതാണ് ഈ പ്രഖ്യാപനം എന്നും ﷲഅള്ളാഹുവെക്കുറിച്ചുള്ള അറിവും അവന്റെ ഏകത്വത്തെ
സംബന്ധിച്ചുള്ള ഉറപ്പും മാത്രമാണിവിടെ ഉദ്ദേശ്യം എന്നും വ്യാഖ്യാനമുണ്ട് ‘പിന്നീട് അവർ
നേരാം വണ്ണം നിലക്കൊണ്ടു’ എന്നതിനു ﷲഅള്ളാഹു അല്ലാത്ത ഒരു ആരാദ്ധ്യനിലേക്കും തിരിഞ്ഞു
നോക്കിയില്ല എന്ന സിദ്ധീഖ് رضي الله عنهതങ്ങളുടെ
വ്യാഖ്യാനം ഈ രണ്ടാം അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നുണ്ട് എന്നാൽ ധാരാളം സഹാബികൾ
ആദ്യത്തെ അഭിപ്രായം (വിശ്വാസവും സൽക്കർമ്മവും ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന
അഭിപ്രായക്കാരാണ് ഇതായിരിക്കും കൂടുതൽ
വ്യക്തം കാരണം ‘ﷲഅള്ളാഹുവാണ് നാഥൻ’, എന്നത് വാക്കിനെയും വിശ്വാസത്തെയും ‘നേരാം വണ്ണം
നിലക്കൊള്ളുക’, എന്നത് സൽക്കർമ്മത്തെയും
അടയാളപ്പെടുത്തുമല്ലൊ!
ഈ സൂക്തം അവതരിച്ചത് സിദ്ധീഖ് رضي الله عنهതങ്ങളുടെ വിഷയത്തിലാണ് അവർ പല പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും
അകപ്പെട്ടപ്പോൾ തന്റെ മതപരമായ ബോദ്ധ്യത്തിൽ നിന്നോ ﷲഅള്ളാഹു എന്ന ചിന്തയിൽ നിന്നോ അശേഷം തനിക്ക് മാറ്റം
വന്നില്ല ആ ഉറച്ച നിലപാടിനെയാണ് ﷲഅള്ളാഹുവാണ് ഞങ്ങളുടെ നാഥൻ എന്ന പ്രഖ്യാപനവും നേരാം വണ്ണം
നിലക്കൊണ്ടു എന്നതും അടയാളപ്പെടുത്തുന്നത് എന്ന് ഇബ്നു അബ്ബാസി رضي الله عنهൽ നിന്ന് ഒരു റിപ്പോർട്ട് വന്നിട്ടുണ്ട് (റാസി)
മലക്കുകൾ സത്യ വിശാസിയുടെ അടുത്ത് വന്ന് ആദ്യം ഭയപ്പെടരുത് എന്നും പിന്നീട്
ദു:ഖിക്കണ്ട എന്നും പറയുന്നതിന്റെ കാരണം ഇമാം റാസി رحمة
الله عليه വിശദീകരിക്കുന്നത് ശ്രദ്ധേയമാണ് ഏറ്റവും നന്മയുള്ളത് പരിഗണിക്കുന്നിടത്ത്
ഉപദ്രവത്തെ നിരാകരിക്കലും ഉപകാരത്തെ വലിച്ച് കൊണ്ടു വരലും ആവശ്യമാണ് എന്നാൽ ഉപകാരം
കൊണ്ടു വരുന്നതിനേക്കാൾ ഉപദ്രവം തടയുന്നതിനാണ് മുൻഗണന.ഈ ഉപദ്രവം ഭാവിയിൽ
വരാനുള്ളതോ വർത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്നതോ മുൻ കാലത്ത് കഴിഞ്ഞു പോയതോ
ആവാം എന്നാൽ ഇവിടെ ബുദ്ധിപരമായ ഒരു കാര്യമുണ്ട്.ഭാവിയിൽ വരാനുള്ളത് ഏറ്റവും ആദ്യം
ചർച്ച ചെയ്യണം വർത്തമാന കാലത്തെത് രണ്ടാമതും കഴിഞ്ഞു പോയത്
മൂന്നാമതുമാണ് വരിക അത് കൊണ്ടാണ് മരണാസന്നനായ വിശ്വാസിക്ക് ഭാവിയിൽ
നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ഭയം ഇല്ലാതാക്കാൻ “നിങ്ങൾ
ഭയപ്പെടേണ്ട” എന്ന് പറയുന്നത് മാത്രവുമല്ല ‘ഭയം’ എന്നത് ഭാവിയിൽ
പ്രതീക്ഷിക്കപ്പെടുന്നതും ‘വിഷമം’ എന്നത് കഴിഞ്ഞു പോയ ചിലതിനെ
അടയാളപ്പെടൂത്തുന്നതുമാണ് അപ്പോൾ കഴിഞ്ഞ കാലത്ത് സംഭവിച്ചതിനെ തുടർന്നുണ്ടാകുന്ന
വിഷമത്തേക്കൾ ആദ്യം അകറ്റേണ്ടത് പിന്നീട് പ്രതീക്ഷിക്കപ്പെടുന്ന ഭയത്തെ തന്നെയാണ്
അത് കൊണ്ടാണ് മലക്കുകൾ ആദ്യം ‘വരാൻ പോകുന്ന
ലോകത്തെക്കുറിച്ച് ഭയം വേണ്ട’ എന്നും പിന്നീട് ‘നഷ്ടപ്പെട്ടതിൽ
വിഷമം വേണ്ട’ എന്നും പറഞ്ഞത്
ഭാവി സുരക്ഷിതമാണെന്നും കഴിഞ്ഞത് കാര്യമാക്കേണ്ട എന്നും വന്നാൽ എല്ലാ
നിലയിലുമുള്ള അലച്ചിൽ അവസാനിക്കുകയും നല്ല സ്വസ്ഥതയുള്ള മനസ്സ് ലഭിക്കുകയും
ചെയ്യും അങ്ങനെ ശാന്തമായ മനസ്സിലേക്ക് ഇട്ട് കൊടുക്കുന്ന നല്ല വാർത്തക്ക് വലിയ
സ്വാധീനമുണ്ടാകും അതാണ് എല്ലാതരം വിഷമങ്ങളിൽ നിന്നും ഒഴിവാക്കിയ ശേഷം ‘നിങ്ങൾ സ്വർഗം
കൊണ്ട് സന്തോഷിച്ചോളൂ’ എന്ന് പറയാൻ കാരണം.സത്യവിശ്വാസിക്ക് ലഭിക്കാൻ പോകുന്ന ഈ
നേട്ടത്തിൽ നിന്ന് മരണ സമയത്തും ഖബ്‌റിലും പുനർജന്മ സമയത്തും അവനു ഭയപ്പാടില്ല എന്ന്
കൂടി മനസ്സിലാക്കാം (റാസി)
ഇതാണ് സൌഭാഗ്യം ഇതിനായിട്ടാണ് നാം അദ്ധ്വാനിക്കേണ്ടത് ﷲഅള്ളാഹു നമുക്ക് ഭാഗ്യം നൽകട്ടെ ആമീൻ
ഇവിടെ ഒരു പ്രധാന ചിന്ത നമുക്ക് വേണം നമ്മെ വഴി പിഴപ്പിക്കാൻ തക്കം
പാർത്തിരിക്കുന്ന പിശാച് ഏറ്റവും അവസാനമായി ഒന്നും ചെയ്യാതെ നമ്മെ വെറുതെ വിടുമോ?ഒരിക്കലുമില്ല പിശാച്
മനുഷ്യനെ വഴി തെറ്റിക്കാൻ ഏറ്റവും ശക്തമായി ശ്രമിക്കുന്നത് അവന്റെ മരണ
സമയത്തായിരിക്കും അവന്റെ സഹായികളോട് അവൻ പറയും പിടിക്കൂ ആ മനുഷ്യനെ കാരണം ഇന്ന് അവൻ
നമ്മുടെവരുതിയിൽ ആയില്ലെങ്കിൽ പിന്നീട് ഒരിക്കലും അവന്റെ കാര്യത്തിൽ നമ്മെ വിജയം
തുണക്കുകയില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് മരണാസന്നനായ വ്യക്തിയെ
നിഷേധിയാക്കാൻ മരണപ്പെട്ടു പോയ അവന്റെ പിതാവിന്റെയോ മാതാവിന്റെയോ രൂപത്തിൽ
വന്ന് പിശാച് നീ മുസ്‌ലിമായി മരിക്കരുത്
ഞാൻ തന്നെ മുസ്‌ലിമായി മരിച്ചിട്ട് ആകെ പ്രയാസത്തിലാണെന്ന് പറയുകയും ജൂതനോ നസ്‌റാനിയോ
ആയി മരിക്കാൻ ഉപദേശിക്കുമെന്നും മരണ സമയത്തെ അനിശ്ചിതത്വത്തിൽ പലരും അടിതെറ്റി
വീഴുമെന്നും അവസാനം നന്നാവുന്നത് മഹാ ഭാഗ്യമാണെന്നുമൊക്കെ ഇമാം ഖുർതുബി رحمة الله عليهതന്റെ ‘തദ്കിറ’ യിൽ വിശദീകരിച്ചിട്ടുണ്ട്
മരണ സമയത്തെ പരീക്ഷണത്തിൽ നിന്ന് എല്ലാ നിസ്ക്കാരത്തിലും അഭയം തേടാൻ നബി ﷺതങ്ങൾ നിർദ്ദേശിച്ചത് തന്നെ ഇതിന്റെ ഗൌരവം നമ്മെ
ബോദ്ധ്യപ്പെടുത്തേണ്ടതല്ലയോ? നബി ﷺതങ്ങളുടെ
ഒരു ഹദീസ് ശ്രദ്ധിച്ഛ് നോക്കൂ മനുഷ്യൻ സ്വർഗാവകാശികളുടേ പ്രവർത്തനങ്ങൾ
നടത്തിക്കൊണ്ട് തന്നെ ജീവിക്കുന്നു അവന്റെയും സ്വർഗത്തിന്റെയും ഇടയിൽ ഒരു മുഴം
മാത്രം അകലം ബാക്കിയുള്ളപ്പോൾ അവന്റെ വിധി മുൻ കടക്കുകയും അവൻ നരകക്കാരുടെ
പ്രവർത്തനം നടത്തി നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു മറ്റൊരാൾ നരകക്കാരുടെ
പവർത്തനങ്ങൾ നടത്തി തന്നെ ജീവിച്ചു കൊണ്ടിരിക്കുന്നു അവന്റെയും നരകത്തിന്റെയും
ഇടയിൽ ഒരു മുഴം മാത്രം ദൂരമുള്ളപ്പോൾ അവന്റെ വിധി മുൻ കടക്കുകയും അവൻ
സ്വർഗക്കാരുടെ പ്രവർത്തനം നടത്തി സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു ഇമാം
ബുഖാരി رحمة الله عليهയും മുസ്‌ലിമും رحمة الله عليه റിപ്പോർട്ട് ചെയ്ത ഈ ഹദീസ് നമ്മെ ഇരുത്തിചിന്തിപ്പികേണ്ടതല്ലേ?നമ്മുടെ അവസാനം നന്നായി
കിട്ടാൻ നമുക്ക് പിശാചിനെ ആ നിർണായക സമയത്ത് നമ്മിൽ നിന്നകറ്റാൻ സാധിക്കണം അതിനു
കാരുണ്യത്തിന്റെ മലക്കുകളുടെ സാന്നിദ്ധ്യവും അവരുടെ കാവലും വേണം ആ കാവൽ
കിട്ടാനുള്ള യോഗ്യതയാണ് വിശ്വാസവും കർമ്മവും ശരിപ്പെടുത്തുക എന്നത് അതാണ്
ഇസ്തിഖാമത്തിന്റെ കാതൽ.ഒന്നാം അദ്ധ്യായം സൂറതുൽ ഫാതിഹ: ഇത് നന്നായി വിശദീകരിച്ചിട്ടുണ്ട്
നേർമാർഗത്തിലേക്ക് ചേർക്കാനായി ﷲഅള്ളാഹുവോട് പ്രാർത്ഥിക്കാൻ അവൻ നമ്മെ ഉപദേശിക്കുന്നു
എന്നിട്ട് നേർമാർഗം എന്താണെന്ന് അവൻ തന്നെ വിശദീകരിക്കുകയും ചെയ്യുന്നു അതായത്
നേർമാർഗം എന്നാൽ (ഇസ്തിഖാമത്ത് ലഭിക്കുക എന്നത് ) ﷲഅള്ളാഹു അനുഗ്രഹിച്ചവരുടെ മാർഗം സ്വീകരിക്കലാണ്
എന്ന്.അപ്പോൾ ഏതാണ് ശരിയായ മാർഗം എന്ന വിഷയത്തിൽ എപ്പോഴൊക്കെ സംശയം ജനിക്കുകയോ
തർക്കം ഉടലെടുക്കുകയോ ചെയ്യുന്നുവോ അപ്പോഴെല്ലാം ആ വിഷയത്തിൽ അള്ളാഹു
അനുഗ്രഹിച്ചവർ എന്ത് നിലപാട് സ്വീകരിച്ചു എന്ന് നോക്കുകയാണ് വേണ്ടത് (ﷲഅള്ളാഹു അനുഗ്രഹിച്ചവർ ആരാണ് എന്നതിന്റെ ഉത്തരം നാലാം
അദ്ധ്യായം സൂറത്തുന്നിസാഅ് അറുപത്തിഒമ്പതാം സൂക്തം പറയുന്നു നബിമാർ, സിദ്ധീഖുകൾ ,രക്ത സാക്ഷികൾ, സജ്ജനങ്ങൾ എന്നിവരാണവർ)
ഒന്നു കൂടി ലളിതമായി പറഞ്ഞാൽ മുസ്‌ലിം പാരമ്പര്യത്തെ മുറുകെ പിടിക്കുക എന്നതാണ് അതിനുള്ള വഴി .അഥവാ ആ പൂർവ സൂരികൾ എങ്ങനെയാണോ ഇസ്‌ലാമിക
പ്രമാണങ്ങളായ ഖുർആനും സുന്നത്തുമെല്ലാം മനസ്സിലാക്കിയത് അതിന്റെ അടിസ്ഥാനത്തിൽ
ഐക്യ കണ്ഢേന(ഇജ്‌മാ അ്) നിലപാട്
സ്വീകരിച്ചത് ലഭ്യമായ തെളിവുകൾ വെച്ച് പുതു പ്രശ്നങ്ങളിൽ എന്ത് നിലാട് വേണമെന്ന്
അവർ തീരുമാനിച്ചുവോ (ഖിയാസ്) അത് പിൻ തുടരണം പൂർവീകരായ നമ്മുടെ നേതാക്കൾക്ക്
തെറ്റിയിട്ടില്ല എന്ന് അവരെ കുറിച്ച് നാം ഉറപ്പിക്കണം അപ്പോഴാണ് നാം നേർമാർഗം
സ്വീകരിച്ചവരാവുക .അപ്പോൾ പൂർവീകർക്കെതിരിൽ നമ്മൾ ഖുർആൻ ദുർവ്യാഖ്യാനം ചെയ്താൽ നാം
നേർമാർഗത്തിൽ നിന്ന് വ്യതിചലിച്ചു എന്നത് മൂന്നരത്തരം അത് കൊണ്ടാണ് നമ്മുടെ മുൻ ഗാമികൾ
നമുക്ക് ഇത്രയും സ്വീകാര്യരാവുന്നതും ആ പാരമ്പര്യവും സാമ്പ്രദായികമായ ശൈലിയും
അനിവാര്യമാകുന്നതും. ഇതിൽ ഉറച്ച് നിന്നാൽ നാം ഇസ്തിഖാമത്തുള്ളവരായി.
ഇസ്തിഖാമത്തുള്ളവർക്കാണ്
മലക്കുകൾ മരണ സമയത്ത് സന്തോഷ വാർത്ത നൽകുന്നത് അത് ലഭിക്കുന്നിടത്ത് പിശാചിന്റെ
ഇടപെടൽ പാളും. നാം രക്ഷപ്പെടും അത് കൊണ്ട് നാം പുതിയ വാദങ്ങളോട് നന്നായി അകലം പാലിക്കണം നമ്മുടെ അവസാന സമയം
നന്നാവാൻ അത് അനിവാര്യമാണ് അവസാനം ചീത്തയാവാനുള്ള കാരണങ്ങളിൽ പുത്തൻ വാദം മഹാന്മാർ
പ്രാധാന്യത്തോടെ എണ്ണിയിട്ടുണ്ട് എന്നതും കൂടി ഇതിനോട് ചെർത്ത് വായിക്കുക ﷲഅള്ളാഹു നമുക്കെല്ലാം അവസാനം നന്നായി മരിക്കാൻ ഭാഗ്യം
നൽകട്ടെ ആമീൻ
(തുടരും)
ഇൻശാ
അള്ളാഹ്
No comments:
Post a Comment