അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -6 - സൂക്തം 31 മുതൽ 36 വരെ
സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(31)
نَحْنُ أَوْلِيَاؤُكُمْ فِي
الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي
أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ
ഞങ്ങൾ ഐഹിക ജീവിതത്തിലും പരലോകത്തും നിങ്ങളുടെ സഹായികളാകുന്നു നിങ്ങൾക്ക് അവിടെ
(പരലോകത്ത്) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാം ഉണ്ടായിരിക്കും നിങ്ങൾക്കവിടെ
നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും
സത്യ നിഷേധികൾക്കുണ്ടായിരുന്ന കൂട്ടുകാർ
നിഷേധികളെ വഴിതെറ്റിക്കാൻ പരിശ്രമിച്ചതും ആ കൂട്ടുകെട്ട് അവരെ അനന്തമായ
പരാജയത്തിലെത്തിച്ചതും ഇതേ അദ്ധ്യായം ഇരുപത്തി അഞ്ചാം സൂക്തത്തിൽ നാം വിശദീകരിച്ചുവല്ലോ. അതിനെതിരിൽ സത്യ വിശ്വാസികൾക്കുള്ള
കൂട്ടിനെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത് സത്യ നിഷേധികളുടെ കൂട്ടുകാർ എല്ലായിടത്തുമുള്ള തിന്മകൾ ഇവർക്ക് അലംകൃതമായി
തോന്നിപ്പിക്കുകയും ഇവരെ നിരന്തര ശിക്ഷയിലേക്ക് തള്ളി വിടുകയുമായിരുന്നു
ചെയ്തിരുന്നതെങ്കിൽ സത്യ വിശ്വാസികളുടെ കൂട്ടുകാരും സഹായികളുമായി മലക്കുകൾ വരുമ്പോൾ
വിശ്വാസികളെ എന്നെന്നും രക്ഷിക്കാൻ ആവശ്യമായ ജാഗ്രതയും കരുത്തുമാണ് അവരുടെ
അടുത്തുള്ളത് .ഇമാം റാസി رحمة الله عليهഎഴുതുന്നു.മലക്കുകൾ
സത്യ വിശ്വാസികളുടെ സഹായികളാണ് എന്ന് പറയുന്നതിന്റെ താല്പര്യം മലക്കുകൾക്ക്
മനുഷ്യാത്മാക്കളിൽ ചില പ്രത്യേക സ്വാധീനമുണ്ട് നന്മകൾ മനസ്സിൽ തോന്നിപ്പിച്ചും ചില
യാഥാർത്ഥ്യങ്ങൾ നേരിട്ട് കാണിച്ച് കൊടുത്തും
യഥാർഥമായ ചില സ്ഥാനങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തിയും ഈ സ്വാധീനം അവർ
നടപ്പാക്കും പിശാചുക്കൾ ചീത്ത ആത്മാക്കളിലേക്ക് ദുഷ്ചിന്ത ഇട്ടു കൊടുത്തും അനാവശ്യ
സംശയങ്ങളുണ്ടാക്കിയും തെറ്റായ വിശ്വാസങ്ങൾക്ക് ദുസ്സ്വാധീനം ചെലുത്തിയും അവരെ വഴി
തെറ്റിക്കാൻ ശ്രമിക്കുന്നത് പോലെ തന്നെ. എന്നാൽ മലക്കുകൾക്ക്
വിശുദ്ധാത്മാക്കളുമായുള്ള ഈ ബന്ധം ഭൂമിയിൽ മാത്രമല്ല പരലോകത്തും നില നിൽക്കും
കാരണം ആ ബന്ധം അടിസ്ഥാന പരവും നീങ്ങിപ്പോകാത്തതുമാണ് ആ ബന്ധം മരണ ശേഷം കൂടുതൽ ശക്തവും സ്ഥിര
സ്വഭാവമുള്ളതുമായിരിക്കും കാരണം മരണത്തോടെ ശാരീരിക ബന്ധനങ്ങളിൽ നിന്ന് ആത്മാവ്
കൂടുതൽ വിമോചിതമാകുന്നുണ്ടല്ലൊ ഭൂമിയിലെ ആ ബന്ധനങ്ങൾ മലക്കുകളുടെ ഊഷ്മളമായ
സ്വാധീനത്തിനു മികവ് കുറച്ചിരുന്നു ഇപ്പോൾ അത് നീങ്ങിയിരിക്കുന്നു നബി ﷺ തങ്ങൾ പറഞ്ഞു പിശാചുക്കൾ മനുഷ്യ ഹൃദയത്തെ ചുറ്റിവരിയുന്നില്ലെങ്കിൽ
അവർ ആകാശ രഹസ്യങ്ങളിലേക്ക് നോക്കാൻ യോഗ്യതയുള്ളവരാകുമായിരുന്നു അപ്പോൾ ശാരീരിക
ബന്ധങ്ങളും നിയന്ത്രണങ്ങളും നീങ്ങുന്നതോടെ ഈ മറ ഇല്ലാതാവുകുയും മലക്കുകകളുമായുള്ള
ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും ഇതാണ് ഭൌതിക ജീവിതത്തിലും പരലോകത്തും ഞങ്ങൾ
നിങ്ങളുടെ സഹായികളാണ് എന്ന് മലക്കുകൾ പറയുന്നത് (റാസി)
നിങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അവിടെ ലഭിക്കും എന്ന് പറയുന്നത് രണ്ടും
ഒരേ അർത്ഥം തന്നെയല്ലെ?എന്തിനാണ് രണ്ട് ശൈലി എന്ന ചോദ്യമുണ്ടിവിടെ ഇമാം റാസി رحمة الله عليهപറയുന്നത് ശരീരം ആഗ്രഹിക്കുന്നത് എന്നത് ശാരീരിക സ്വർഗത്തിലേക്കും
ആവശ്യപ്പെടുന്നത് ആത്മീയ സ്വർഗത്തിലേക്കും സൂചനയാണ് സൂറത് യൂനുസിലെ പത്താം
സൂക്തത്തിൽ ﷲഅള്ളാഹു പറഞ്ഞുവല്ലോ സ്വർഗത്തിൽ അവരുടെ പ്രാർത്ഥന അള്ളാഹുവേ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ
പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു അതിനകത്ത് അവർക്കുള്ള അഭിവാദ്യം സമാധാനം എന്നായിരിക്കും
അവരുടെ പ്രാർത്ഥനയുടെ അവസാനം ലോക രക്ഷിതാവായ ﷲഅള്ളാഹുവിനു സ്തുതി എന്നായിരിക്കും എന്ന് (റാസി)
ഇബ്നു
കസീർ رحمة الله عليه എഴുതുന്നു മരണ സമയത്ത് വിശ്വാസിയുടെ അടുത്ത് എത്തുന്ന മലക്കുകൾ
അദ്ദേഹത്തോട് പറയും ഞങ്ങൾ നിങ്ങളുടെ സഹായികളായിരുന്നു അതായത് ഭൂമിയിൽ നിങ്ങളുടെ
ചങ്ങാതിമാരും നിങ്ങൾ നേർ വഴിക്ക് നടക്കാനും നേരിന്റെ വഴി അനുകൂലമാക്കാനും
അള്ളാഹുവിന്റെ കല്പന പ്രകാരം നിങ്ങളെ സംരക്ഷിക്കാനും ഞങ്ങളുണ്ടായിരുന്നു ഇതു പോലെ
പരലോകത്തും ഖബ്‌റിന്റെ ഒറ്റപ്പെടലിൽ നിങ്ങൾക്ക് ആശ്വാസം തരാനും ‘സൂർ’ എന്ന
കാഹളത്തിൽ ഊതുന്ന സമയത്തും പുനർജന്മ സമയത്തും നിങ്ങൾക്ക് നിർഭയത്വം നൽകാനും
ജഹന്നമിനു മേലേ സ്ഥാപിച്ച സ്വിറാത്ത് പാലം വിട്ടു കടക്കാൻ നിങ്ങളെ സഹായിക്കാനും
സ്വർഗത്തിലേക്ക് നിങ്ങളെ ആനയിക്കാനും ഞങ്ങളുണ്ടാകും (ഇബ്നുകസീർ)
(32)
نُزُلًا مِّنْ غَفُورٍ رَّحِيمٍ
ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യാവാനുമായ ﷲ അള്ളാഹുവിൽ നിന്നുള്ള സൽക്കാരമത്രെ അത്
ഇത് സമ്മാനമാണെന്ന് പറയുമ്പോൾ അതിനു ശേഷം
നാഥന്റെ ചില ആഭരണങ്ങൾ അവൻ നൽകാതിരിക്കില്ല ആ ആഭരണം നാഥനെ കാണുമ്പോഴുണ്ടാവുന്ന മഹത്തായ
സൌഭാഗ്യമല്ലാതെ മറ്റൊന്നല്ല
ഇമാം ഇബ്നു കസീർ رحمة
الله عليهഎഴുതുന്നു സഈദ് ബിൻ മുസ്വയ്യബ് رضي الله عنه അബൂഹുറൈറ: رضي الله عنهയെ കണ്ടു
അപ്പോൾ അബൂഹുറൈറ: رضي
الله عنهപറഞ്ഞു എന്നെയും നിങ്ങളെയും ﷲഅള്ളാഹു സ്വർഗത്തിലെ അങ്ങാടിയിൽ ഒരുമിച്ച് കൂട്ടാൻ ﷲ അള്ളാഹുവോട് ഞാൻ ചോദിക്കുന്നു സഈദ് رضي الله عنهചോദിച്ചു സ്വർഗത്തിൽ അങ്ങാടിയുണ്ടോ?അബൂഹുറൈറ: رضي الله عنه പറഞ്ഞു ഉണ്ട് എന്നോട് നബി ﷺതങ്ങൾ പറഞ്ഞിട്ടുണ്ട് സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ച
ശേഷം ഭൂമിയിലെ ഒരു വെള്ളിയാഴ്ച ദിനത്തിന്റെ അത്ര സമയം അവർ പുറത്തിറങ്ങും അവർക്ക് ﷲ അള്ളാഹുവിനെ കാണാൻ അവസരം ലഭിക്കും അവന്റെ സിംഹാസനം
വെളിവാക്കപ്പെടും പ്രകാശത്തിന്റെയും മുത്തിന്റെയും മാണിക്യത്തിന്റെയും
ഗോമേതകത്തിന്റെയും സ്വർണ, വെള്ളിയുടെയും മിമ്പറുകൾ അവർക്ക് വേണ്ടി വിതാനിക്കപ്പെടും
അവരുടെ കൂട്ടത്തിൽ ഏറ്റവും താഴേ കിടയിലുള്ളവർ കസ്തൂരിയുടെയും കർപ്പൂരത്തിന്റെയും
കുന്നിലിരിക്കും എന്നാൽ കസേരയിലിരിക്കുന്നവരേക്കാൾ അവർക്കെന്തെങ്കിലും
കുറവുള്ളതായി തോന്നുകയും ഇല്ല അബൂഹുറൈറ: رضي الله عنهപറഞ്ഞു ഞാൻ നബി ﷺതങ്ങളോട്
ചോദിച്ചു അന്ത്യനാളിൽ ഞങ്ങൾ നാഥനെ കാണുമോ?നബി ﷺതങ്ങൾ പറഞ്ഞു കാണും സൂര്യനെയും പതിനാലാം രാവിലെ പൂർണ
ചന്ദ്രനെയും കാണുന്നതിൽ നിങ്ങൾക്ക് സംശയമുണ്ടോ? ഞങ്ങൾ പറഞ്ഞു ഇല്ല നബി ﷺതങ്ങൾ പറഞ്ഞു എന്നാൽ ﷲഅള്ളാഹുവിനെ കാണും എന്നതിലും സംശയിക്കണ്ട അവിടെയുള്ള
എല്ലാവരോടും ﷲഅള്ളാഹു സംസാരിക്കും എത്രത്തോളം ﷲഅള്ളാഹു അവരോട് സംസാരിക്കുമെണോ?അവരിൽ ഒരാളെ പേരു വിളിച്ച് ﷲഅള്ളാഹു ചോദിക്കും ഇന്നാലിന്ന ദിനത്തിൽ നീ ചെയ്ത ഇന്നാലിന്ന
കുറ്റം നീ ഓർക്കുന്നില്ലേ?അദ്ദേഹം ചോദിക്കും നാഥാ നീ എനിക്ക് അത് പൊറുത്ത് തന്നതല്ലേ? ﷲഅള്ളാഹു പറയും അതെ എന്റെ വിശാലമായ പാപ മോചനം നിമിത്തം
നിനക്ക് ഞാൻ പൊറുത്ത് തന്നതിനാലാണ് നീ ഇപ്പോൾ ഈ സ്ഥാനത്ത് എത്തിയത്
.അങ്ങനെയിരിക്കെ അവരെ ഒരു മേഘം പൊതിയുകയും ആ മേഘത്തിൽ നിന്ന് മുമ്പൊരിക്കലും
അനുഭവിക്കാത്ത ശക്തമായ സുഗന്ധം അവരുടെ മേൽ പെയ്യുകയും ചെയ്യും പിന്നീട് ﷲഅള്ളാഹു പറയും നിങ്ങൾക്ക് ഞാൻ ഒരുക്കി വെച്ചിരിക്കുന്ന
ആദരവിലേക്ക് വരികയും നിങ്ങൾ ആഗ്രഹിക്കുന്നത് സ്വീകരിക്കുകയും ചെയ്യുക. അങ്ങനെ
മലക്കുകൾ വലയം ചെയ്ത് നിൽക്കുന്ന അങ്ങാടിയിലേക്ക് ഞങ്ങൾ എത്തും ഒരു കണ്ണും
കണ്ടിട്ടില്ലാത്ത,ഒരു കാതും കേട്ടിട്ടില്ലാത്ത ഒരാളുടെ ചിന്തയിലും ഉദിച്ചിട്ടില്ലാത്ത
സൌകര്യങ്ങൾ അവിടെയുണ്ട് വാങ്ങലും വിൽക്കലുമില്ലാതെ ആവശ്യമുള്ളതെല്ലാം ഞങ്ങൾക്ക്
നൽകപ്പെടും സ്വർഗക്കാർ പരസ്പരം ആശയ വിനിമയം നടത്തുകയും ഞങ്ങൾ ഞങ്ങളുടെ
ഭവനത്തിലേക്ക് മടങ്ങുകയും ചെയ്യും അപ്പോൾ ഞങ്ങളുടെ ഇണകൾ പറയും നിങ്ങൾ പോയതിനേക്കാൾ
സൌന്ദര്യത്തിലാണല്ലോ തിരിച്ചു വരുന്നത് ഞങ്ങൾ നാഥനെ കണ്ടിട്ടാണ് വരുന്നതെന്ന് അവർ
മറുപടി പറയും ഇമാം തുർമുദി رحمة
الله عليهയും ഇബ്നുമാജ رحمة الله عليهയുമെല്ലാം ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നു കസീർ)
(33)
وَمَنْ أَحْسَنُ قَوْلًا مِّمَّن
دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
ﷲഅള്ളാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽക്കർമം പ്രവർത്തിക്കുകയും നിശ്ചയം ഞാൻ മുസ്‌ലിംകളിൽ
പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തനേക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന
മറ്റാരുണ്ട്?
ഇമാം റാസി رحمة الله عليهഎഴുതുന്നു. ഈ അദ്ധ്യായത്തിന്റെ തുടക്കത്തിൽ നിങ്ങൾ പറയുന്നത് മനസ്സിലാക്കുന്നതിനും
അംഗീകരിക്കുന്നതിനും തടസ്സമായി ഞങ്ങളുടെ ഹൃദയത്തിൽ മൂടിയുണ്ടെന്ന് ശത്രുക്കൾ
പറഞ്ഞതും ഖുർആൻ കേൾക്കാതിരിക്കാനായി ബഹളമുണ്ടാക്കാൻ നിർദേശിച്ചതും
വിശദീകരിക്കുകയും അതിനുള്ള ഉത്തരം പറയുകയും ചെയ്തുവല്ലോഎന്നാൽ ഇവിടെ ﷲഅള്ളാഹു പറയുന്നത് സമൂഹം ഇത്തരം ദുഷിച്ച വാക്കുകളും തെറ്റായ
നിലപാടുകളും എത്ര തന്നെ തുടർന്നാലും അവിടുന്ന് ഇസ്‌ലാമിലേക്കുള്ള ക്ഷണവും തുടർന്ന്
കൊണ്ടേയിരിക്കണം കാരണം സത്യ ദീനിലേക്കുള്ള
ക്ഷണം പൂർണമായ ആരാധനയും ആരാധനയുടെ തലയുമാണ് ഇതാണ് ﷲഅള്ളാഹുവിലേക്ക് ക്ഷണിക്കുന്നതിനേക്കാൾ നല്ല വാക്ക് പറഞ്ഞവൻ
ആരാണുള്ളത് എന്ന ചോദ്യം. “സൽകർമ്മം ചെയ്യുകയും ചെയ്തവൻ” എന്നത് ഈ പ്രവർത്തനത്തെ
അടയാളപ്പെടുത്തിയതാണ് .ഈ സൂക്തങ്ങളുടെ ക്രമീകരണത്തിൽ മറ്റൊരു നിരീക്ഷണം ഇങ്ങനെ
കാണാം വിജയങ്ങൾക്ക് രണ്ട് തലമുണ്ട് ഒന്ന് പൂർണതയുടെ തലം രണ്ടാമത്തേത് പൂർണതക്കും
മേലെയുള്ള തലം ഒന്നാമത്തേത് ഒരാളിൽ പൂർണതവരാൻ ആവശ്യമായവ പ്രവർത്തിക്കലാണ് അതിൽ
നിന്ന് വിരമിച്ചാൽ ന്യൂനതയുള്ളവരെ പൂർണതയിലെത്തിക്കാൻ പരിശ്രമിക്കണം ഇതാണ്
രണ്ടാമത്തെ തലം നിശ്ചയം ﷲഅള്ളാഹുവാണ് ഞങ്ങളുടെ നാഥൻ എന്ന് പറയുകയും പിന്നീട് നേരാം
വണ്ണം നിലക്കൊള്ളുകയും ചെയ്തു എന്നത് ഒന്നാമത്തെ ഇനത്തിലേക്കും ﷲഅള്ളാഹുവിലേക്ക് ക്ഷണിക്കുന്നവരേക്കാൾ നല്ല വാക്ക് പറഞ്ഞവൻ
ആരുണ്ട് എന്നത് രണ്ടാമത്തെ ഇനത്തിലേക്കും സൂചനയാണ് അഥവാ സ്വയം
നന്നാവാനുള്ള മാർഗങ്ങൾ വിജയിപ്പിച്ച വ്യക്തി അവനിൽ ഒതുങ്ങാതെ ന്യൂനതയുള്ളവരെ ഈ
പൂർണതയിലെത്തിക്കാൻ അദ്ധ്വാനിക്കുക തന്നെ വേണം അത് ﷲഅള്ളാഹുവിലേക്കുള്ള ക്ഷണം (ദഅ്വത്ത് ) കൊണ്ട്
മാത്രമേ സാദ്ധ്യമാവുകയുള്ളൂ ഇത് വളരെ സൌന്ദര്യമുള്ള പ്രതിപാദന രീതി തന്നെ (റാസി)
ഇവിടെ ﷲഅള്ളാഹുവിലേക്ക് ക്ഷണിക്കുന്നവർ എന്നത് നബി തങ്ങളെയാണ്
ഉദ്ദേശിക്കുന്നതെന്നും വാങ്ക് വിളിക്കുന്നവരെയാണ് ഉദ്ദേശിക്കുന്നതെന്നും
അഭിപ്രായങ്ങളുണ്ടെങ്കിലും ﷲഅള്ളാഹുവിലേക്ക് ക്ഷണിക്കുന്ന എല്ലാവരെയും ഇതിൽ
അർത്ഥമാക്കിയിട്ടുണ്ടെന്നതാണ് കൂടുതൽ ശരി.എന്നാൽ ﷲഅള്ളാഹുവിലേക്കുള്ള ക്ഷണം പല തട്ടിലാണ് ഏറ്റം ശക്തമായ ക്ഷണം
നബിമാരുടെതാണ് തെളിവുകൾ നിരത്തുന്നതിലും സ്വയം വിശുദ്ധി പൂർണമാക്കി മറ്റുള്ളവരുടെ
വിഷയത്തിൽ ഇടപെടുന്നതിലും അവരുടെ ക്ഷണത്തിന് കൂടുതൽ സ്വാധീനമുണ്ടാകും സധാരണക്കാർ ഇതിൽ ഏറെ താഴെയും ഔലിയാക്കൾ അമ്പിയാഇന്റെ
താഴെയുമാണിതിൽ. കൃത്യമായ തെളിവുകൾ നിരത്തി ﷲഅള്ളാഹുവിലേക്ക് ക്ഷണിക്കുകയും അതിനാവശ്യമായ ബോദ്ധ്യം
ഉണ്ടാക്കിയെടുക്കുകയും ഞാൻ ഇതിന്റെ വക്താവ് തന്നെയെന്ന് പ്രഖ്യാപിക്കുക കൂടി
ചെയ്യുന്നത് ഈ സൂക്തത്തിൽ നമുക്ക് കാണാം ഇതിന്റെയെല്ലാം പൂർണതയിലെത്തിയത് നബി ﷺ തങ്ങൾ മാത്രം (റാസി)
ഇബ്നുകസീർ رحمة
الله عليهഎഴുതുന്നു ﷲഅള്ളാഹുവിലേക്ക് ക്ഷണിക്കുകയും സൽക്കർമം ചെയ്യുകയും ഞാൻ
മുസ്ലിംകളിൽ പെട്ടവനാണെന്ന് പറയുകയും ചെയ്തു എന്നാൽ സ്വയം നന്നാവുകയും
മറ്റുള്ളവരിലേക്ക് കൂടി ആ നന്മ പടർത്താൻ ശ്രമിക്കുകചെയ്യുന്നുവെന്നും നന്മ കല്പിച്ച്
സ്വയം അത് ചെയ്യാതിരിക്കുകയോ തിന്മ വിരോധിച്ച് അത് പ്രവർത്തിക്കുകയോ ചെയ്യുന്ന
ശൈലി അവനില്ല എന്നാണിവിടെ പറയുന്നത്
(ഇബ്നുകസീർ)
ﷲഅള്ളാഹുവിലേക്ക്
ക്ഷണിക്കുക എന്നാൽ വാങ്ക് വിളിക്കുക എന്നും സൽക്കർമം ചെയ്യുക എന്നാൽ വാങ്കിനു ശേഷം
സുന്നത്തു നിസ്കരിക്കുക എന്നും മുസ്ലിംകളിൽ പെട്ടവനെന്നാൽ ആത്മാർത്ഥമായി ആരാധന ചെയ്യുന്നവൻ എന്നും
വ്യാഖ്യാനമുണ്ട് (ഥിബ്‌രി)
(34)
وَلَا تَسْتَوِي الْحَسَنَةُ
وَلَا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ
وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ
നല്ലതും ചീത്തയും സമമാവുകയില്ല ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് തങ്ങൾ (തിന്മയെ)
പ്രതിരോധിക്കുക അപ്പോൾ ഏതൊരാൾക്കും തങ്ങൾക്കുമിടയിൽ ശത്രുതയുണ്ടോ അവനതാ (തങ്ങളുടെ)
ഉറ്റബന്ധുവെന്നോണം ആയിത്തീരുന്നു
ശത്രുക്കളുടെ നിഷേധാത്മക നിലപാടുകളും
അവക്കുള്ള വ്യക്തമായ മറുപടികളും കഴിഞ്ഞ സൂക്തങ്ങളിൽ വിവരിച്ചപ്പോൾ ഇവിടെ വരാവുന്ന
ഒരു സന്ദേഹത്തിന്റെ ഉത്തരമാണിത്. അതായത് ﷲഅള്ളാഹുവിലേക്ക് ക്ഷണിക്കൽ വളരെ നല്ല കാര്യമാണെങ്കിലും
ശത്രുക്കളുടെ വിഢ്ഢിത്തം എല്ലാ പരിധികളും വിട്ട് മുന്നോട് പോവുമ്പോൾ നമുക്ക് ഇത്
എങ്ങനെ ക്ഷമിക്കാൻ കഴിയും? ﷲഅള്ളാഹു പറയുന്നത് നന്മയും തിന്മയും സമമല്ലല്ലോ. അവർ മോശം നിലപാട് ഇങ്ങോട്ട് കാണിച്ചാലും നാം നല്ല നിലപാടുമായി അവർക്കൊപ്പം
തുടരുക എപ്പോഴെങ്കിലും ഇത് അവർക്ക് മനസ്സിലായാൽ നമ്മുടെ ലക്ഷ്യം സാക്ഷാൽക്കൃതമായി
ഇനി നാം പരാചയപ്പെട്ടാലും ﷲഅള്ളാഹുവിങ്കൽ ഈ മഹത്തായ പ്രവർത്തനം നമുക്ക് മഹത്തായ സ്ഥാനം
നേടിത്തരിക തന്നെ ചെയ്യും ഇങ്ങോടുള്ള തെറ്റായ ഇടപെടൽ ഉണ്ടായിട്ടും നാം അങ്ങോട്ട്
നന്നായി വർത്തിക്കുമ്പോൾ പോകെപ്പോകെ ഈ തെറ്റായ നിലപാട് അവർക്ക് തന്നെ മടുത്ത്
തുടങ്ങും അവർ അനുകൂലമായി പ്രതികരിക്കും ശാത്രവം സൌഹൃദത്തിനും എതിർപ്പ്
സ്വീകാര്യതക്കും വഴിമാറും (റാസി)
ﷲഅള്ളാഹുവാണ്
ഞങ്ങളുടെ നാഥൻ എന്ന് പറയുകയും പിന്നീട് നേരാം വണ്ണം നിലകൊള്ളുകയും ചെയ്യുകയും ﷲഅള്ളാഹുവിനെ അനുസരിക്കുന്നതിലും അവന്റെ വിളിക്ക് ഉത്തരം
ചെയ്യുന്നതിലും നല്ല നിലപാട് സ്വീകരിക്കുകയും ഈ നന്മയിലേക്ക് ﷲഅള്ളാഹുവിന്റെ അടിമകളെ ക്ഷണിക്കുകയും ചെയ്യുന്നവരുടെ
നന്മയും ഖുർആൻ കേൾക്കാതിരിക്കാൻ ബഹളമുണ്ടാക്കണമെന്നും നബി ﷺതങ്ങൾക്കെതിരിൽ ഉറച്ച് നിൽക്കണമെന്നും പറയുന്നവരുടെ ചീത്ത
ശൈലിയും ഒരു പോലെയല്ല ﷲഅള്ളാഹുവിങ്കൽ അത് രണ്ടും സമമല്ല. അതിനാൽ
തങ്ങളിവരുടെ ചീത്തയെ നന്മ കൊണ്ട് പ്രതിരോധിക്കണം അഥവാ തങ്ങളോട് വിവരക്കേട്
കാണിക്കുന്നവരോട് സഹനത്തിന്റെ ശൈലി സ്വീകരിച്ച് ഇങ്ങോട്ട് തെറ്റ് ചെയ്തവരോട്
മാപ്പ് നൽകുന്ന സ്വഭാവം തിരിച്ച് പ്രയോഗിക്കുകയും വെറുപ്പിക്കുന്നവരുടെ
പ്രവർത്തനത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക എന്നാണിവിടെ പറയുന്നത് ദേഷ്യം
വരുമ്പോൾ ക്ഷമിക്കാനും ഇങ്ങോട്ട് തെറ്റ് ചെയ്യുമ്പോൾ സഹിക്കാനുമാണ് ഈ വാക്യത്തിലൂടെ
ﷲഅള്ളാഹു
വിശ്വാസികളോട് നിർദേശിക്കുന്നത് ഈ സ്വഭാവം കഠിന ശത്രുവിനെ ഉറ്റമിത്രമാക്കിയേക്കാം
(ഥിബ്‌രി)
നല്ലത് കൊണ്ട് തിന്മയെ പ്രതിരോധിക്കുക എന്ന് പറഞ്ഞാൽ ഒരാൾ മറ്റൊരാളെ ചീത്ത പറഞ്ഞു
അപ്പോൾ പറയപ്പെട്ടവൻ പറഞ്ഞു നീ എന്നെ കുറിച്ച് പറഞ്ഞത് സത്യമാണെങ്കിൽ എനിക്ക് ﷲഅള്ളാഹു പൊറുത്ത് തരട്ടെ ഇനി നീ കള്ളമാണ് പറഞ്ഞതെങ്കിൽ
നിനക്ക് ﷲഅള്ളാഹു മാപ്പ് തരട്ടെ എന്ന് പറയുക അബൂബക്‌ർ സിദ്ദീഖ് رضي الله عنهതങ്ങളോട് ഒരാൾ ഈ വിധം ചീത്ത പറഞ്ഞപ്പോൾ മഹാനവർകൾ ഈ നിലക്ക് പ്രതികരിച്ചതായി
റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
എതിർപ്പുള്ളവനെ കാണുമ്പോൾ അവനോട് സലാം പറയലും ഹസ്തദാനം ചെയ്യലും ഇതിന്റെ ഭാഗമാണ് ഹസ്തദാനം ചെയ്യൂ മനസ്സിലെ
വെറുപ്പ് നീങ്ങുമെന്ന് മഹദ് വചനമുണ്ട് .അലി رضي الله عنهന്റെ അടിമ ഖുൻബുർ എന്നവരെ ഒരാൾ ചീത്ത വിളിച്ചപ്പോൾ അലി رضي الله عنهപറഞ്ഞു ഖുൻബുറേ! അവനെ വിട്ടേക്കുക അവന്റെ ചീത്ത അവഗണിക്കുക എന്നാൽ ﷲഅള്ളാഹു നിന്നെ തൃപ്തിപ്പെടുകയും പിശാചിനു വല്ലാതെ കോപം
വരികയും ചെയ്യും നിന്നെ ചീത്ത വിളിച്ചയാളെ ﷲഅള്ളാഹു ശിക്ഷക്ക് വിധേയമാക്കുകയും ചെയ്യും ഒരു വിഡ്ഡിക്കും
അവനെ (മറുപടി പറയാതെ) അവഗണിക്കുന്നതിനേക്കാൾ വലിയ ഒരു ശിക്ഷ കൊടുക്കാനില്ല
(ഖുർതുബി)
(35)
وَمَا يُلَقَّاهَا إِلَّا
الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ
ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല വമ്പിച്ച
ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗഹം നൽകപ്പെടുകയില്ല
എന്നാൽ ഇത്തരം ഒരു നിലപാട് കൈക്കൊള്ളാൻ
പ്രയാസങ്ങൾ സഹിക്കാനും പ്രത്യാക്രമണം നടത്താതെ ദേശ്യം കടിച്ചമർത്താനും
കഴിയുന്നവർക്കേ സാധിക്കൂ ആത്മ നിയന്ത്രണം
മുഖേന മഹാ ഭാഗ്യം നേടിയവർക്കല്ലാതെ ഈ നിലപാട് സ്വീകരിക്കാനാവില്ല നന്മയിലും
പ്രതിഫലത്തിലും വലിയ ഭാഗ്യം കിട്ടിയവർക്കേ അത് സാദ്ധ്യമാകൂ
ഇബ്നുകസീർ رحمة
الله عليهപറഞ്ഞു ഈ സൂക്തത്തിന്റെ
വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ് رضي الله عنهപറഞ്ഞു ﷲഅള്ളാഹു വിശ്വാസികളോട് ദേഷ്യം വരുമ്പോൾ ക്ഷമിക്കാനും വിവരക്കേട് കാണുമ്പോൾ
സഹിക്കാനും ഇങ്ങോട്ട് തെറ്റ് ചെയ്യുമ്പോൾ മാപ്പ് നൽകാനും കല്പിച്ചു അപ്രകാരം
വിശ്വാസി പ്രവർത്തിച്ചാൽ പിശാചിൽ നിന്ന് ﷲഅള്ളാഹു അവനെ രക്ഷിക്കുകയും അവന്റെ ശത്രു ഉറ്റമിത്രത്തെ
പോലെ അവനു വഴങ്ങുകയും ചെയ്യും (ഇബ്നു കസീർ)
(36)
وَإِمَّا يَنزَغَنَّكَ مِنَ
الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ هُوَ السَّمِيعُ الْعَلِيمُ
പിശാചിൽ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിങ്ങളെ വ്യതിചലിപ്പിച്ചു കളയുന്ന പക്ഷം ﷲഅള്ളാഹുവോട് നിങ്ങൾ ശരണം തേടിക്കൊള്ളുക നിശ്ചയം
അവൻ തന്നെയാകുന്നു എല്ലാം കേൾക്കുന്നവനും അറിയുന്നവനും
ഇത്തരം മാതൃകാപരമായ നിലപാടുകളുമായി നിങ്ങൾ
മുന്നോട്ട് പോകുന്നത് പിശാച് ഒരിക്കലും സഹിക്കില്ല നിങ്ങളെ ഇതിൽ നിന്ന്
പിന്തിരിപ്പിക്കാനുള്ള പരമാവധി ശ്രമം അവൻ നടത്തും അപ്പോൾ നന്നായി മുന്നോട്ട്
പോകുന്നതിനു വല്ല വൈമുഖ്യവും തോന്നുമ്പോൾ ഇത് പിശാചിന്റെ ദുർബോധനമാണെന്ന്
മനസ്സിലാക്കി ﷲഅള്ളാഹുവിൽ അഭയം തേടുകയും പിശാചിനെ അവഗണിച്ച് മുന്നേറുകയും ചെയ്യണം
തിന്മക്ക് തിന്മ കൊണ്ട്പ്രതികരിക്കണമെന്ന തോന്നൽ പിശാച് തോന്നിപ്പിക്കും അത്തരം
തോന്നൽ വന്നാൽ അത് പൈശാചിക ദുർബോധനമാണെന്ന് തിരിച്ചറിയുകയും അവനിൽ നിന്ന് ﷲഅള്ളാഹുവോട് കാവൽതേടുകയും ചെയ്യണം എന്നാൽ പിശാചിന്റെ ശല്യം
നീങ്ങിക്കിട്ടും
ﷲഅള്ളാഹു
നമ്മെ അവന്റെ നല്ല അടിമകളിൽ
പ്രവേശിപ്പിക്കട്ടെ ആമീൻ
(തുടരും)
ഇൻ ശാ അള്ളാഹ്
No comments:
Post a Comment