Wednesday, November 11, 2020

അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | ഭാഗം 07

അദ്ധ്യായം 41  | സൂറത്ത് ഫുസ്സിലത്ത് سورة فصلت | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54


(Part -7  -   സൂക്തം 37 മുതൽ 43 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(37)

وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ



അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും.
സൂര്യന്നോ    ചന്ദ്രന്നോ നിങ്ങൾ സുജൂദ് (പ്രണാമം) ചെയ്യരുത് അവകളെ സൃഷ്ടിച്ചവനായ അള്ളാഹുവിന് നിങ്ങൾ സുജൂദ് ചെയ്യുക നിങ്ങൾ അവനെ മാത്രമാണ് ആരാധിക്കുന്നതെങ്കിൽ



മുൻ സൂക്തങ്ങളിൽ അള്ളാഹുവിലേക്ക് ക്ഷണിക്കുന്നതിന്റെ പ്രാധാന്യവും അതിന്റെ മഹത്വവും വിശദീകരിച്ചുവല്ലോ ക്ഷണിക്കുന്നവർ കൃത്യമായ തെളിവുകൾ നിരത്തി തന്റെ ആശയം സമർത്ഥിക്കുമ്പോഴാണ് പ്രബോധനം ഫലപ്രദമാവുക അത് കൊണ്ട് അള്ളാഹു ഇവിടെ തെളിവുകൾ വിവരിക്കുകയാണ് ഇത് ഖുർആനിന്റെ പ്രതിപാദന  സൌന്ദര്യമാണ് (റാസി)
അള്ളാഹു അവന്റെ മഹാ ശക്തിയെക്കുറിച്ച് ജങ്ങളെ അറിയിക്കുകയും അവനു സമാനരായി ആരുമില്ലെന്നും അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും അതിന്റെ രേഖയായി പ്രകൃതിയിലെ ചില പ്രകടമായ തെളിവുകൾ വിവരിക്കുകയുമാണിവിടെ.  ഇരുട്ടിന്റെ അകമ്പടിയോടെ കടന്ന് വരുന്ന രാവും പ്രകാശത്തിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തി കടന്ന് വരുന്ന പകലും കൃത്യമായ വ്യവസ്ഥിതിയോടെ നാം കാണുന്ന സൂര്യ ചന്ദ്രന്മാരുടെ ചലനവും ഇതിന്  പിന്നിലുള്ള ശക്തിയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.ആ ശക്തി ഏകനും പരാശ്രയ രഹിതനുമാണെന്നും ഇത് വിളിച്ചോതുന്നുണ്ട്

 (ഒന്നിലധികം ശക്തികൾക്ക് ഈ സൃഷ്ടിപ്പിൽ പങ്കാളിത്തമുണ്ടായിരുന്നുവെങ്കിൽ അഭിപ്രായ വ്യത്യാസം കാരണത്താൽ ഇവയുടെ പ്രവർത്തനത്തിൽ വിഗ്‌നങ്ങൾ കാണുകയും ക്രമീകരണങ്ങൾ തകരാറിൽ ആവുകയും ചെയ്തേനേ. എന്നാൽ എപ്പോഴെങ്കിലും അത്തരമൊരുപരാജയം ആർക്കും പറയാനായിട്ടില്ല എന്ന് വ്യക്തം അതായത് ഇവയുടെ എല്ലാം നിയന്ത്രണവും ക്രമീകരണവും ഏകനും അതിശക്തനുമായ അള്ളാഹുവിന്റെ കഴിവ് മാത്രമാണ് എന്ന് ഉറപ്പായി)
 രാ
വും പകലും വരുന്നതും സൂര്യനും ചന്ദ്രനും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നതും  മനുഷ്യ ജീവിതം സുഖമമായി മുന്നോട്ട് പോവാനും ദിവസങ്ങളും മാസങ്ങളും വേർതിരിച്ചു മനസ്സിലാക്കാനും അത് മുഖേന മനുഷ്യരുടെ വ്യവഹാരങ്ങളിൽ വ്യവസ്ഥാപിതമായ നിലപാട് സ്വീകരിക്കാനും ആരാധനാ സമയങ്ങൾ ക്രമീകരിക്കാനും സഹായകമാകുന്നു
 ഈ പ്രാപഞ്ചിക യാഥാർത്ഥ്യങ്ങൾ
അള്ളാഹുവിന്റെ ആസ്തിക്യത്തിന്റെ രേഖയും അവന്റെ അജയ്യമായ ശക്തിയുടെ വിളംബരവുമാണ് അത് കൊണ്ടാണ് ഇവകൾ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണെന്ന് ഈ സുക്തം വിവരിച്ചത്

 
മറ്റൊരു കാര്യം സൂര്യനും ചന്ദ്രനും എല്ലായിടത്ത് നിന്നും കാണാൻ സാധിക്കുന്ന സുന്ദരമായ സൃഷ്ടികളായതിനാൽ അവ
അള്ളാഹുവിന്റെ പടപ്പുകളാണെന്നും അവന്റെ നിയന്ത്രണത്തിൻ കിഴിൽ അവൻ തീരുമാനിക്കുന്ന നിലയിൽ സഞ്ചരിക്കുന്നവയാണെന്നും സ്ഥിരീകരിച്ച് കൊണ്ട് അവകൾക്ക് നിങ്ങൾ ആരാധിക്കരുത് മറിച്ച് അവയെ പടച്ച അള്ളാഹുവിനെ മാത്രം ആരാധിക്കണം അവകളെ ആരാധിച്ചത് കൊണ്ട് എന്തെങ്കിലും നേടാനോ ആരാധിക്കാതെ അവഗണിച്ചാൽ എന്തെങ്കിലും ഭയപ്പെടാനോ ഇല്ല എന്നാൽ അള്ളാഹുവിൽ പങ്കാളികളെ സ്ഥാപിക്കുന്നതും അള്ളാഹു അല്ലാത്തവരെ ആരാധിക്കുന്നതും മഹാ കുറ്റവും പൊറുക്കപ്പെടാത്ത പാപവുമാകുന്നു


സൂര്യനെയും ചന്ദ്രനെയും ആരാധിച്ചിരുന്നവർക്ക്
അള്ളാഹു നൽകുന്ന കർക്കശമായ താക്കീതാണിത് അഥവാ സൂര്യനും ചന്ദ്രനും അവകളുടെ ഇഷ്ടത്തിനു പ്രവർത്തിക്കുന്ന സ്വയം കഴിവുള്ള വസ്തുക്കളല്ല അതിനാൽ അവകൾക്ക് കഴിവ് നൽകിയ യഥാർത്ഥ അനുഗ്രഹ ദാതാവായ അള്ളാഹുവിനെ മാത്രമേ ആരാധിക്കാവൂ കാരണം അവകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ അള്ളാഹു തീരുമാനിച്ചാൽ അവകൾക്ക് പിന്നെ ഒരു കഴിവും ഇല്ല അത്തരം നിസ്സഹായ വസ്തുക്കൾക്ക് ആരാധനയർപ്പിക്കാൻ എങ്ങനെയാണ് മനുഷ്യൻ ശ്രമിക്കുന്നത്?




(38)
فَإِنِ اسْتَكْبَرُوا فَالَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُ بِاللَّيْلِ وَالنَّهَارِ وَهُمْ لَا يَسْأَمُونَ


ഇനി അവർ അഹങ്കരിക്കുകയാണെങ്കിൽ തങ്ങളൂടെ രക്ഷിതാവിന്റെ അടുക്കലുള്ളവർ രാവും പകലും അവനെ പ്രകീർത്തിക്കുന്നുണ്ട് അവർക്ക് (അതിൽ) മടുപ്പ് തോന്നാത്ത സ്ഥിതിയിൽ



അള്ളാഹുവിനെ മാത്രം ആരാധിക്കാ‍ൻ നബി തങ്ങളുടെ വിരോധികൾ തയാറല്ലെങ്കിൽ അവരെ അവഗണിക്കുക കാരണം അള്ളാഹുവിങ്കൽ ഉന്നത സ്ഥാനവും മഹത്വവുമുള്ള മലക്കുകൾ രാപ്പകൽ വ്യത്യാസമില്ലാതെ അള്ളാഹുവിനെ ആരാധിക്കുന്നുണ്ട് അവർക്കതിൽ മുഷിപ്പ് തോന്നുക പോലും ചെയ്യുന്നില്ല . രാപ്പകലുകളെയും സൂര്യ ചന്ദ്രനെയും കാറ്റിനെയും നിങ്ങൾ ചീത്ത പറയരുത് കാരണം അള്ളാഹു കാറ്റിനെ അയക്കുന്നത് ചിലർക്ക് അനുഗ്രഹമായും മറ്റു ചിലർക്ക് ശിക്ഷയായിട്ടുമാണ് (ഇബ്നുകസീർ)
രക്ഷിതാവിന്റെ അടുക്കലുള്ളവർ എന്ന പ്രയോഗത്തിലെ അടുക്കൽ എന്നത് ശാരീരിക അടുപ്പമാണെന്ന് കരുതരുത് കാരണം
അള്ളാഹു സ്ഥലമുള്ളവനല്ലെന്ന് മനസ്സിലാക്കണം രാജാവിന്റെ അടുക്കൽ ഇത്ര സൈന്യമുണ്ടെന്ന് പറഞ്ഞാൽ ശാരീരികമായി സമീപത്ത് എന്നല്ല രാജാവിന്റെ നിയന്ത്രണത്തിൽ എന്നാണല്ലോ (റാസി)
ഇത്തരത്തിലുള്ള പ്രയോഗങ്ങളിലെല്ലാം ഈ ആശയം നാം ഓർക്കണം അല്ലെങ്കിൽ
അള്ളാഹുവിനു സ്ഥലം ഉണ്ടെന്ന് വാദിക്കുന്ന അപകടത്തിൽ എത്തിച്ചേരും അള്ളാഹു നമ്മെ അത്തരം സംസാരത്തിൽ നിന്ന് രക്ഷിക്കട്ടെ ആമിൻ



(39)
وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاء اهْتَزَّتْ وَرَبَتْ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَى إِنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ

അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ ഭൂമിയെ തങ്ങൾ വരണ്ടുണങ്ങിയതായി കാണുന്നു എന്നിട്ട് അതിൽ നാം വെള്ളം (മഴ) വർഷിച്ചാൽ അതിനു ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു എന്നത്. അതിന് ജീവൻ നൽകിയവൻ തീർച്ചയായും മരിച്ചവർക്കും ജീവൻ നൽകുന്നവനാകുന്നു നിശ്ചയം അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു



മരിച്ച് മണ്ണിൽ ലയിച്ച മനുഷ്യനെ പരലോകത്ത് അള്ളാഹു പുനർജ്ജനിപ്പിക്കുകയും അവരുടെ ഭൂമിയിലെ  പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും എന്ന് നബി തങ്ങൾ വിശദീകരിച്ചപ്പോൾ അത്തരം സാഹചര്യങ്ങൾക്ക് തയാറെടുക്കുകയും പ്രവർത്തനം നന്നാക്കുകയും ചെയ്യുന്നതിനു പകരം അങ്ങനെ ഒരു പുനർജന്മം സാദ്ധ്യമല്ലെന്ന് വീറോടെ വാദിക്കുകയും മണ്ണിൽ ലയിച്ച ശേഷം പുനർജനിപ്പിക്കുന്നത് ചിന്തിക്കാനേ കഴിയില്ലെന്ന് കാരണം പറയുകയും ചെയ്തവർക്കുള്ള വ്യക്തമായ മറുപടിയാണിത്. വരൾച്ച ബാധിച്ച് ഒരു സസ്യം  പോലും ഇല്ലാതെ ഉണങ്ങിക്കിടക്കുന്ന ഭൂമിയിൽ മഴ വർഷിക്കുന്നതോടെ വരണ്ടുണങ്ങിയ ഭൂമിയിൽ സസ്യങ്ങൾ കിളിർത്തു വരുന്നതും ഭൂമി പച്ചപ്പിൽ മുങ്ങി നിൽക്കുന്നതും നാം നിരന്തരം കാണുന്നുണ്ടല്ലോ നേരത്തെ ഉണങ്ങി നിന്നിരുന്ന ഭൂമിക്ക് ഇത്തരം ഒരു ഭാവ മാറ്റവും പരിവർത്തനവും നമുക്ക് ഊഹിക്കാനാകുമയിരുന്നില്ല എന്നാൽ ഇപ്പോൾ ആ ഭൂമിയാകെ സജീവമാണ് ഇത് സാദ്ധ്യമാക്കിയത് അള്ളാഹുവാണ് ആ അള്ളാഹുവിന് മണ്ണിൽ ലയിച്ച് അപ്രത്യക്ഷമായിരുന്ന നിങ്ങൾക്ക് പുതു ജീവൻ നൽകാൻ സാദ്ധ്യമല്ലെന്ന് ഇനി എങ്ങനെ പറയും? അഥവാ അള്ളാഹുവിന്റെ അതി ശക്തമായ കഴിവിനെ തള്ളിപ്പറയുന്നത് ഭൂമിയിലെ ഈ അനുഭവത്തെ കുറിച്ച് പോലും ബോധമില്ലാത്തത് കൊണ്ടാണ് എന്ന് ചുരുക്കം.മാത്രവുമല്ല തീരെ ഇല്ലാതിരുന്ന നിങ്ങളെ സൃഷ്ടിക്കാൻ സാധിച്ച അള്ളാഹുവിന് ഉണ്ടായതിന് ശേഷം ചില മാറ്റങ്ങൾക്ക് വിധേയമാവുമ്പോൾ വീണ്ടും പടക്കാനാവില്ലെന്ന് പറയുന്നത് തികച്ചും യുക്തിരഹിതമായ വാദമാണെന്ന് ഉറപ്പാണ്


(40)
إِنَّ الَّذِينَ يُلْحِدُونَ فِي آيَاتِنَا لَا يَخْفَوْنَ عَلَيْنَا أَفَمَن يُلْقَى فِي النَّارِ خَيْرٌ أَم مَّن يَأْتِي آمِنًا يَوْمَ الْقِيَامَةِ اعْمَلُوا مَا شِئْتُمْ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ



നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവർ നമ്മുടെ മേൽ അവ്യക്തരാവുന്നില്ല തീർച്ച. അപ്പോൾ നരകത്തിൽ എറിയപ്പേടുന്നവനാണോ ഉത്തമൻ അതോ ഉയിർത്തെഴുന്നേല്പിന്റെ നാളിൽ നിർഭയനായിട്ട് വരുന്നവനോ? നിങ്ങൾ ഉദ്ദേശിച്ചത് നിങ്ങൾ ചെയ്യുക തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു

വ്യക്തമായ തെളിവുകൾ നാം നൽകുമ്പോൾ അത് സ്വീകരിക്കാനും ശരിയായ നിലപാട് എടുക്കാനും സന്നദ്ധരല്ലാതെ തെറ്റായ വ്യാഖ്യാനങ്ങൾ പറഞ്ഞും തെളിവുകൾ ശ്രദ്ധിക്കാതെ ബഹളമുണ്ടാക്കിയും തെളിവുകളെ പരിഹസിച്ചും അവിശ്വാസം പ്രകടിപ്പിക്കുന്നതിൽ അഭിമാനം കൊണ്ടും മുന്നോട്ട് പോകുന്നവർ ഒരിക്കലും അവരുടെ കുതന്ത്രം നമുക്ക് മനസ്സിലായിട്ടില്ല എന്ന് കരുതണ്ട ഓരോരുത്തരും സ്വീകരിക്കുന്ന നിലപാടുകൾ കൃത്യമായി നമ്മുടെ പരിഗണനയിലുണ്ട് ഓരോരുത്തർക്കും അവകാശപ്പെട്ടത് അവർക്ക് നാം നൽകുക തന്നെ ചെയ്യും (ഇത് നിഷേധികൾക്കുള്ള ശക്തമായ താക്കീതാണ്. അള്ളാഹുവിനെയും പ്രവാചകരെയും വെല്ലുവിളിച്ചിട്ടും ഞങ്ങൾക്ക് ഒന്നും സംഭവിക്കുന്നില്ല എന്ന അഹങ്കാരികളുടെ ജല്പനങ്ങൾക്കുള്ള മറുപടിയാണിത് പുനർജന്മസമയത്ത് അവർ അനുഭവിക്കാനിരിക്കുന്ന ശിക്ഷകൾ കാണുമ്പോൾ അവർക്കത് ബോദ്ധ്യമാവും)
ഇങ്ങനെ അവിശ്വാസത്തിന്റെ പേരിൽ നരകത്തിലേക്ക് എറിയപ്പെടുന്നവനും ഭൂമിയിൽ വെച്ച് സത്യ വിശ്വാസം സ്വീകരിച്ച് പരലോക ജീവിതത്തിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു എന്ന സന്തോഷം ഉറപ്പാക്കിയവനും ഒരു പോലെയല്ല കാരണം വിശ്വാസി ഇനിയങ്ങോട്ട് അനന്തമായി സുഖത്തിലും ആനന്ദത്തിലും കഴിയും അവിശ്വാസി ദുരിതത്തിലും ശിക്ഷയിലും കിടന്ന് വേദനിക്കും  സത്യത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ സാധിക്കാതെ പോകുന്നത് മഹാ പരാചയം തന്നെ എന്നാണിവിടെ പറയുന്നത്  നിങ്ങൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്ന് പറയുന്നത് എന്തും ചെയ്യാനുള്ള അനുവാദമല്ല മറിച്ച് ശക്തമായ താക്കീതാണ് അത് കൊണ്ടാണ് ശേഷം നിങ്ങൾ ചെയ്യുന്നതെല്ലാം‍
അള്ളാഹു കണ്ടറിയുന്നുണ്ട് എന്ന് പറഞ്ഞത്


(41)
إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ

 


തീർച്ചയായും ഈ ഉൽബോധനം അവർക്ക് വന്നുകിട്ടിയപ്പോൾ അതിൽ അവിശ്വസിച്ചവർ (നഷ്ടം പറ്റിയവർ തന്നെ) നിശ്ചയം അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു



ഉൽബോധനം എന്നത് കൊണ്ട് ഉദ്ദേശം ഖുർആനാണ്  അതിനു ഉൽബോധനം എന്ന് പറയാൻ കാരണം മനുഷ്യന് ആവശ്യമുള്ള എല്ലാ നിയമങ്ങളും അതിൽ അടങ്ങിയിട്ടുണ്ട് അത് പ്രതാപമുള്ള ഗ്രന്ഥമാണെന്ന് പറഞ്ഞത് അതിനു തുല്യമായൊരു ഗ്രന്ഥം മറ്റാർക്കും കൊണ്ട് വരാൻ കഴിയില്ലെന്ന അർത്ഥത്തിലാണ് (ഖുർതുബി)


ഖുർആനിനോട് കിടപിടിക്കുന്ന ഒരു ഗ്രന്ഥം
, അല്ലെങ്കിൽ പത്ത് അദ്ധ്യായം, അല്ലെങ്കിൽ  ഒരു അദ്ധ്യായം എന്നിങ്ങനെ കൊണ്ടു വരാൻ ഖുർആൻ വെല്ലുവിളിച്ചിട്ട് ആർക്കും അത്  കൊണ്ട് വരാൻ കഴിഞ്ഞില്ല ഇന്നും ഈ വെല്ലുവിളി നിലനിൽക്കുന്നു  ഇതാണ് ഖുർആനിന്റെ പ്രതാപം


(42)
لَا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ


അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്



ഇവിടെ പറഞ്ഞ അസത്യം കൊണ്ട് വിവക്ഷ പിശാച് ആണെന്നും അവന് ഖുർആനിൽ വല്ലമാറ്റവും വരുത്താനോ  അസത്യം കൂട്ടി ചേർക്കാനോ ഉള്ള സത്യം  കുറച്ച് കളയാനോ സാധിക്കില്ല എന്നാണ് വ്യാഖ്യാനം എന്നും മുമ്പ് വന്ന ദൈവിക ഗ്രന്ഥങ്ങളെ ഖുർആൻ കളവാക്കുകയില്ലെന്നും ഖുർആനിനെ നിരാകരിച്ച് ഇനി ഒരു ഗ്രന്ഥം വരികയില്ലെന്നാണ് അതിന്റെ വ്യാഖ്യാനമെന്നും അഭിപ്രായമുണ്ട് (ബഗ്‌വി)


കഴിഞ്ഞ കാലത്തെ സംഭവങ്ങളിൽ ഖുർആൻ പറഞ്ഞതിലോ ഭാവിയിൽ വരാനുള്ള കാര്യങ്ങളെ കുറിച്ച് ഖുർആൻ പറഞ്ഞതിലോ സത്യവിരുദ്ധമായതൊന്നുമില്ലെന്നും അള്ളാഹുവിൽ നിന്നോ ജിബ്‌രീലിൽ നിന്നോ മുഹമ്മദ്നബി തങ്ങളിൽ നിന്നോ ഒരു അസത്യവും ഇതിൽ കലരുകയില്ല എന്നും വ്യാഖ്യാനമുണ്ട് (ഖുർതുബി)
ഒരു അസത്യ വാദിക്കും തന്റെ കുതന്ത്രമുപയോഗിച്ച് ഖുർആനിൽ മാറ്റം വരുത്താനോ തിരിമറി കാണിക്കാനോ സാധിക്കില്ല എന്നാണിതിന്റെ ഉദ്ദേശ്യം (ഥിബ്‌രി)



(43)
مَا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ

 


(നബിയേ!) തങ്ങൾക്ക് മുമ്പുണ്ടായിരുന്ന ദൂതന്മാരോട് പറയപ്പെട്ടതല്ലാത്ത ഒന്നും തങ്ങളോട് പറയപ്പെടുന്നില്ല തീർച്ചയായും അങ്ങയുടെ രക്ഷിതാവ് പാപ മോചനം നൽകുന്നവനും വേദനയേറിയ ശിക്ഷ നൽകുന്നവനുമാകുന്നു

സത്യ സന്ദേശവുമായി വരുന്ന നബി തങ്ങൾ ശത്രുക്കളാൽ വല്ലാതെ ഉപദ്രവിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തപ്പോൾ തങ്ങളെ ആശ്വസിപ്പിച്ച് കൊണ്ട് അള്ളാഹു പറയുകയാണ് സത്യ പ്രബോധനത്തിനു തങ്ങളുടെ മുൻ ഗാമികൾ കേട്ട ആക്ഷേപം തന്നെയാണ് തങ്ങളും കേൾക്കുന്നത് അവർ ക്ഷമിച്ചത് പോലെ തങ്ങളും ക്ഷമിക്കുക അവർ കളവാക്കപ്പെട്ടത് പോലെ തന്നെയാണ് തങ്ങളും കളവാക്കപ്പെടുന്നത് എന്നാണിവിടെ പറയുന്നത്


 
അള്ളാഹുവിനെ മാത്രം ആരാധിക്കണമെന്ന സന്ദേശമാണ് മുൻ ദൂതന്മാർക്ക്നൽകപ്പെട്ടത് തങ്ങളോടും അത് തന്നെയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് (അഥവാ തൌഹീദിൽ ഒരു മാറ്റവും ഒരു കാലത്തും ഇല്ല) എന്നാണീ സൂക്തത്തിന്റെ ആശയം എന്നും വ്യാഖ്യാനമുണ്ട് (ഖുർതുബി)
പശ്ചാത്തപിക്കുന്നവർക്ക് പൊറുക്കുകയും അവിശ്വാസത്തിലും അധർമത്തിലും നില നിന്ന് അതിലായി മരിച്ചവ
മഹാ ശിക്ഷക്ക് അർഹരായിരിക്കുമെന്നും അള്ളാഹു ഉണർത്തുന്നു അള്ളാഹു അവന്റെ അടിമകൾക്ക് പൊറുക്കുകയും വിട്ടു വീഴ്ച ചെയ്യുകയും ചെയ്യുമായിരുന്നില്ലെങ്കിൽ ഒരാൾക്കും സുഖ ജീവിതം സാദ്ധ്യമാവുമായിരുന്നില്ല അള്ളാഹുവിന്റെ താക്കീതും ശിക്ഷയും ഇല്ലായിരുന്നുവെങ്കിൽ എല്ലാവരും അള്ളാഹുവിന്റെ കാരുണ്യം മാത്രം അവലംഭിച്ചേനേ (അതായത് വിശ്വാസി അള്ളാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ച് നന്മ ചെയ്യുന്ന അതേ അനുപാതത്തിൽ അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഓർത്ത് തിന്മകളോട് അകന്ന് നിൽക്കണം (ഇബ്നു കസീർ)

അള്ളാഹു നമ്മെ അവന്റെ യഥാർത്ഥ വിശ്വാസികളിൽ പെടുത്തട്ടെ ആമിൻ
(തുടരും)

ഇൻശാ‍ അള്ളാഹ്

No comments: