Tuesday, June 8, 2021

അദ്ധ്യായം 40 | സൂറത്ത് ഗാഫിർ سورة غافر| ഭാഗം 03

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر| ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 85


(Part -3  -   സൂക്തം 21 മുതൽ 33 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(21)

أَوَ لَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ كَانُوا مِن قَبْلِهِمْ كَانُوا هُمْ أَشَدَّ مِنْهُمْ قُوَّةً وَآثَارًا فِي الْأَرْضِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ اللَّهِ مِن وَاقٍഇവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോൾ ഇവർക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവർക്ക് നോക്കാമല്ലോ. അവർ ശക്തികൊണ്ടും ഭൂമിയിൽ (അവശേഷിപ്പിച്ച) സ്മാരകങ്ങൾ കൊണ്ടും ഇവരേക്കാൾ കരുത്തരായിരുന്നു എന്നിട്ട് അവരുടെ പാപങ്ങൾ നിമിത്തം അള്ളാഹു അവരെ പിടികൂടി. അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് അവർക്ക് കാവൽ നൽകാൻ ആരുമുണ്ടായില്ലനബി തങ്ങളുടെ പ്രവാചകത്വത്തെ നിഷേധിക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിച്ച് കഴിഞ്ഞ കാലങ്ങളിൽ നബിമാരെ തള്ളിക്കളഞ്ഞവർക്ക് അനുഭവിക്കേണ്ടി വന്ന ശിക്ഷകളുടെ ചരിത്രങ്ങൾ ഒന്ന് മനസ്സിലാക്കിക്കൂടേ? മക്കയിലെ മുശ്‌രിക്കുകളേക്കാൾ ശാരീരിക ക്ഷമതയും സാങ്കേതിക സംഭാവനകളുടെ ചരിത്രങ്ങളും സ്മാരകങ്ങളും ഇവർക്ക് അസാദ്ധ്യമായ പലതും അവർക്കുണ്ടായിരുന്നു എന്നിട്ടും സത്യ നിഷേധം അവരെ നാണം കെട്ട അധ:പതനത്തിലേക്ക് തള്ളിവിട്ടുവെന്ന സത്യം ഇവർക്ക് മനസ്സിലാക്കാമല്ലോ ഇവരേക്കാൾ കാലം ഭൂമിയിൽ അവർ അധിവസിച്ചിട്ടും അവർക്ക് ദൈവ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. അപ്പോൾ പിന്നെ അവരെ അപേക്ഷിച്ച് ദുർബലരായ അറേബ്യൻ മുശ്‌രിക്കുകളുടെ കാര്യം പറയാനുണ്ടോ? ഇത് ചിന്തിച്ച് സത്യ നിഷേധമെന്ന ഇരുട്ടിൽ നിന്ന് സത്യവിശ്വാസത്തിന്റെ പ്രകാശത്തിലേക്ക് കടന്നു വരാൻ ഈ സഞ്ചാരവും ചിന്തയും അവരെ പ്രാപ്തമാക്കുമെന്ന് ചുരുക്കം.(22)
ذَلِكَ بِأَنَّهُمْ كَانَت تَّأْتِيهِمْ رُسُلُهُم بِالْبَيِّنَاتِ فَكَفَرُوا فَأَخَذَهُمُ اللَّهُ إِنَّهُ قَوِيٌّ شَدِيدُ الْعِقَابِ

 

അതെന്തുകൊണ്ടെന്നാൽ അവരിലേക്കുള്ള ദൈവദൂതന്മാർ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കൽ ചെല്ലാറുണ്ടായിരുന്നു എന്നിട്ട് അവർ അവിശ്വസിച്ചു കളഞ്ഞു അപ്പോൾ അള്ളാഹു അവരെ പിടികൂടി തീർച്ചയായും അവൻ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ


ആർക്കും ഉൾക്കൊള്ളാവുന്ന തെളിവുകളുമായി പ്രവാചകന്മാർ അവർക്കിടയിൽ സമുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും  ആ തെളിവുകളോട് പുറം തിരിഞ്ഞ് നിൽക്കാനാണ് അവർ ശ്രമിച്ചത് ധിക്കാരവും നിഷേധവും അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ അള്ളാഹു അവർക്ക് അർഹമായ ശിക്ഷ തന്നെ നൽകി നന്നാവാനുള്ള അവസരങ്ങൾ അടിമകൾക്ക് ധാരാളമായി നൽകുന്ന അള്ളാഹു നിരുത്തരവാദ സമീപനം നിത്യമാക്കിയവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യും
ഇത് നബി
തങ്ങളുടെ കാലത്തെ നിഷേധികൾക്കുള്ള കടുത്ത താക്കീതാണ് അതായത് മുൻ കാലങ്ങളിൽ അള്ളാഹുവിന്റെ ഏകത്വം നിഷേധിച്ചും പ്രവാചകന്മാരുടെ ആധികാരികതയെ ചോദ്യം ചെയ്തും മുന്നോട്ട് പോയവരെ അള്ളാഹു നന്നായി ശിക്ഷിച്ചിരുന്നുവെന്ന ചരിത്രം നിഷേധ വഴിയിൽ സഞ്ചരിച്ച് അത്തരം ശിക്ഷ ഏറ്റുവാങ്ങാൻ നിൽക്കാതെ നിങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻ കാല നിഷേധികളുടെ വഴിയെ സഞ്ചരിക്കരുതെന്നും ഉണർത്തുകയാണ് (ഥിബ്‌രി)


അള്ളാഹു കഠിനമായി ശിക്ഷിക്കുന്നവനും തീരുമാനിക്കുന്നത് നടപ്പാക്കാൻ ശക്തനുമാണെന്ന് ഓർമ്മപ്പെടുത്തി ഈ സൂക്തവസാനിപ്പിച്ചിരിക്കുന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അള്ളാഹു അവന്റെ ശിക്ഷയിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തട്ടെ ആമീൻ(23)
وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا وَسُلْطَانٍ مُّبِينٍ

 

 

തീർച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് മൂസാ عليه السلام യെ അയക്കുകയുണ്ടായി


ഇബ്നുകസീർ رحمة الله عليه എഴുതുന്നു. നബി തങ്ങളെ തന്റെ ജനത നിഷേധിച്ചപ്പോൾ നബി തങ്ങൾക്കുണ്ടായ പ്രയാസത്തിൽ അവിടുത്തേക്ക് സമാശ്വാസം നൽകുന്നതും അന്തിമ വിജയവും ദൈവിക സഹായവും ഇരുലോകത്തും തങ്ങൾക്കുമുണ്ടാകുമെന്ന് സന്തോഷവാർത്ത അറിയിക്കുന്നതുമാണീ സൂക്തം. അതായത് മൂസാ നബി عليه السلام യെ ധാരാ‍ളം തെളിവുകളുമായി അള്ളാഹു പ്രവാചകനായി നിയോഗിച്ച്  എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് തന്റെ ദൌത്യ നിർവഹണവുമായി മുന്നോട്ട് പോയപ്പോൾ അവസാനം മൂസാ നബി عليه السلام ക്ക് അള്ളാഹു വിജയം സമാനിച്ചതും എല്ലാ അധികാരവും കയ്യിലുണ്ടായിരുന്നവർ തകർന്നു പോയതുമാണല്ലോ  ചരിത്രം


(വടിയും കൈ പ്രകാശിക്കുന്നതുമടക്കമുള്ള) ഒമ്പത് തെളിവുകളാണ് ഇവിടെ ദൃഷ്ടാന്തങ്ങൾകൊണ്ട് ഉദ്ദേശ്യം തൌറാത് ആണെന്നും അഭിപ്രായമുണ്ട് (ഖുർതുബി)


(24)
إِلَى فِرْعَوْنَ وَهَامَانَ وَقَارُونَ فَقَالُوا سَاحِرٌ كَذَّابٌ

 

ഫിർ ഔനിന്റെയും ഹാമാനിന്റെയും ഖാറൂനിന്റെയും അടുക്കലേക്ക്. അപ്പോൾ അവർ പറഞ്ഞു വ്യാജവാദിയായ ഒരു ജാലവിദ്യക്കാരൻ എന്ന്

മൂസാ നബി عليه السلامയെ അള്ളാഹു പ്രവാചകനായി നിയോഗിച്ചത് ഫറോവയും ഹാമാനും ഖാറൂനും അടക്കമുള്ളവരിലേക്കാണ് എന്നാൽ വടി കൊണ്ട് മായാജാലം കാണിക്കുന്ന ഒരു ജാലവിദ്യക്കാരനും ജനങ്ങളിലേക്ക് ദൂതനായി അള്ളാഹു തന്നെ അയച്ചിട്ടുണ്ടെന്ന് അള്ളാഹുവിന്റെ പേരിൽ കള്ളം പറയുന്നവരുമാണ് മൂസാ നബി عليه السلامഎന്നായിരുന്നു അവരുടെ പ്രതികരണം (ഥിബ്‌രി)


ഇവിടെ ഈ മൂന്ന് പേരുകൾ പ്രത്യേകം പറയാൻ  കാരണം ഫിർഔൻ രാ‍ജാവും ഹാമാൻ മന്ത്രിയും ഖാറൂൻ ധനികനുമാണ് അധികാര‍ത്തിന്റെ സ്വാധീനം പ്രയോഗിക്കുന്ന
രണ്ടു പേരും സമ്പത്ത് നിഷേധ വഴിയിൽ ചിലവിടുന്ന ഖാറൂനും ഒരേ തൂവൽ പക്ഷികൾ തന്നെയാണ് കാര്യങ്ങളുടെ നിയന്ത്രണം ഇവരിലൂടെയായത് കൊണ്ടാണ് അവരെ പ്രത്യേകം പറഞ്ഞത് മൂസാ നബി عليه السلامയെ തെളിവുകൾകൊണ്ട് നേരിടാൻ സാധിക്കാതെ വന്നപ്പോഴായിരുന്നു ജാല വിദ്യക്കാരൻ എന്ന ദുരാരോപണം അവർ നടത്തിയത് (ഖുർതുബി)(25)
فَلَمَّا جَاءهُم بِالْحَقِّ مِنْ عِندِنَا قَالُوا اقْتُلُوا أَبْنَاء الَّذِينَ آمَنُوا مَعَهُ وَاسْتَحْيُوا نِسَاءهُمْ وَمَا كَيْدُ الْكَافِرِينَ إِلَّا فِي ضَلَالٍ

 

അങ്ങനെ നമ്മുടെ പക്കൽ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കൽ ചെന്നപ്പോൾ അവർ പറഞ്ഞു ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആൺ മക്കളെ നിങ്ങൾ കൊന്നു കളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക.(പക്ഷെ) സത്യ നിഷേധികളുടെ കുതന്ത്രം വഴികേടിൽ മാത്രമേ കലാശിക്കൂ

മൂസാ നബി عليه السلام വ്യക്തമായ തെളിവുകളുമായി അവരെ സമീപിച്ചപ്പോൾ അവർക്ക് അതിനെ നേരിടാനായില്ല അപ്പോൾ മൂസാ നബി عليه السلامയിൽ വിശ്വസിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയാൻ അവരുടെ ആൺകുട്ടികളെ കൊന്നു കളയാനും സ്ത്രീകളെ ജീവി‍ക്കാൻ അനുവദിക്കാനും അവർ തീരുമാനിച്ചു മൂസാ നബി عليه السلامജനിക്കുന്ന സമയത്തും ഇത് പോലൊരു കൊല അവർ നടപ്പാക്കിയിരുന്നു ജനങ്ങൾ വിശ്വസിക്കാതിരിക്കാനും ആൺ മക്കളെ കൊണ്ട് മൂസാ നബി عليه السلامക്ക് ശക്തി ലഭിക്കാതിരിക്കാനുമായിരുന്നു വരുടെ ഈ സാഹസം എന്നാൽ അള്ളാഹു അവർക്ക് തവള ശല്യം, പേൻ ശല്യം, രക്തം, പ്രളയം തുടങ്ങിയ പരീക്ഷണങ്ങൾ നൽകി പാഠം പഠിപ്പിക്കുകയും അവസാനം ചെങ്കടലിൽ മുക്കി നശിപ്പിക്കുകയും ചെയ്തു.അത് മുഖേന മൂസാ യെ പ്രതിരോധിക്കാം  എന്ന അവരുടെ ലക്ഷ്യം പരാചയപ്പെട്ടു അതായത് ഇവരുടെ ഈ അക്രമങ്ങൾകൊണ്ട് ജനത്തെ മൂസാ നബി عليه السلامയെക്കൊണ്ട് വിശ്വസിക്കുന്നതിൽ നിന്ന് അവർക്ക് തടയാനായില്ല അതാണ് അവരുടെ കുതന്ത്രം വഴികേടിലേ കലാശിക്കൂ എന്ന് പറഞ്ഞത് (കുർതുബി)
(26)
وَقَالَ فِرْعَوْنُ ذَرُونِي أَقْتُلْ مُوسَى وَلْيَدْعُ رَبَّهُ إِنِّي أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِي الْأَرْضِ الْفَسَادَ

 


ഫിർ ഔൻ പറഞ്ഞു നിങ്ങൾ എന്നെ വിടൂ മൂസായെ ഞാൻ കൊല്ലും മൂസാ തന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ച് കൊള്ളട്ടെ അദ്ദേഹം നിങ്ങളുടെ മതം മാറ്റിമറിക്കുകയോ ഭൂമിയിൽ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു

ഫിർഔൻ മൂസാ നബി عليه السلامയെ കൊല്ലാൻ തീരുമാനമെടുത്തു എന്നിട്ട് തന്റെ ആൾക്കാരോട് പറഞ്ഞു ഞാൻ മൂസായെ കൊല്ലും നിങ്ങൾ എന്നെ അതിൽ നിന്ന് തടയരുത്, എനിക്കെതിരെ മൂസാ നബി عليه السلام തന്റെ നാഥനോട് പ്രാർത്ഥിക്കട്ടെ ഞാൻ അത് കണക്കിലെടുക്കുന്നില്ല കാരണം മൂസായുടെ റബ്ബിന് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല (ഇത് കടുത്ത അഹങ്കാരമാണ് )എന്നിട്ട് മൂസാ നബി عليه السلامയെ കൊല്ലാൻ അവൻ പറഞ്ഞ ന്യായമാണ് മൂസായെ ഞാൻ വെറുതെ വിട്ടാൽ നിങ്ങളുടെ ഇപ്പോഴത്തെ നിലപാടുകൾ അയാൾ തകർക്കും നമുക്കിടയിൽ കടുത്ത ഭിന്നതയാൽ കുഴപ്പം ഉടലെടുക്കും (ഒരു ഉപമ പറയാറുണ്ട് ഫറോവ ഉപദേശിയായി എന്ന്! )അതായത് ഞാൻ ഇത്തരം ഒരു സാഹസത്തിനു മുതിരുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണവൻ (ഇബ്നുകസീർ)


മൂസാ നബി عليه السلامക്കെതിരിൽ അത്തരം ഒരു ബുദ്ധിമോശം കാണിക്കരുതെന്ന്(അത് തന്റെ നാശത്തിൽ കലാശിക്കുമെന്നും ) തന്റെ സ്വന്തക്കാരിൽ പെട്ട പലരും പറഞ്ഞപ്പോഴാണ് എന്നെ വിടൂ ഞാൻ മൂസാ നബിയെ കൊല്ലട്ടെ എന്ന് ഫിർഔൻ പറഞ്ഞത് (ബഗ്‌വി)

(27)
وَقَالَ مُوسَى إِنِّي عُذْتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ

മൂസാ പറഞ്ഞു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട് വിചാരണയുടെ ദിവസത്തിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളിൽ നിന്നും ഞാൻ ശരണം തേടുന്നു

ഫറോവയുടെ കൊലവിളി യുടെ വിവരം കേട്ടപ്പോൾ മൂസാ നബി عليه السلامയുടെ പ്രതികരണമാണിത്.സത്യത്തോട് പ്രതിബദ്ധതയില്ലാത്ത എല്ലാ അഹങ്കാരികളുടെയും –പുനർജന്മത്തിലും തുടർന്നുള്ള വിചാരണയിലും വിശ്വസിക്കാത്ത-ധിക്കാരികളുടെയും ശല്യത്തിൽ നിന്ന് ഞാൻ അള്ളാഹുവിൽ അഭയം തേടുന്നു എനിക്ക് വേണ്ട സംരക്ഷണം അവൻ തന്നു കൊള്ളും എന്ന് സാരം.ഇബ്നു കസീർ رحمة الله عليهഎഴുതുന്നുഇത് കൊണ്ടാണ് ഹദീസിൽ ആരെയെങ്കിലും ഭയപ്പെട്ടാൽ അള്ളാഹുവേ!അവരുടെ ശല്യത്തിൽ നിന്ന് നിന്നോട് ഞാൻ അഭയം തേടുകയും അവർക്ക് നേരെ നിന്നെ ഞാൻ ആക്കുകയും ചെയ്യുന്നു എന്ന് പ്രാർത്ഥിക്കാൻ നബി തങ്ങൾ നിർദ്ദേശിച്ചത് (ഇബ്നു കസീർ)


ഇമാം ഥിബ്‌രി رحمة الله عليهഎഴുതുന്നു വിചാരണ നാളിൽ വിശ്വസിക്കാത്തവനിൽ നിന്ന് അഭയം തേടുന്നു എന്ന് മൂസാ നബി عليه السلام പറഞ്ഞതിന്റെ കാരണം വിചാരണ നാളിൽ വിശ്വസിക്കാത്തവനു നന്മയുടെ പേരിലുള്ള പ്രതിഫലത്തിലെ പ്രതീക്ഷയോ തിന്മ ചെയ്താൽ ശിക്ഷ ലഭിക്കുമെന്ന ഭയമോ ഉണ്ടാവില്ല അതിനാൽ എന്ത് തറവേലയും അവർ കാണിക്കും,(അവൻ അക്രമിയാകുന്നതിൽ ഒരു മന:സാക്ഷിക്കുത്തും അവനുണ്ടാവില്ല എന്ന് സാരം

 


(28)

وَقَالَ رَجُلٌ مُّؤْمِنٌ مِّنْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّيَ اللَّهُ وَقَدْ جَاءكُم بِالْبَيِّنَاتِ مِن رَّبِّكُمْ وَإِن يَكُ كَاذِبًا فَعَلَيْهِ كَذِبُهُ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ الَّذِي يَعِدُكُمْ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ

 

ഫിർഔനിന്റെ ആൾക്കാരിൽ പെട്ട –തന്റെ വിശ്വാസം മറച്ചുവെച്ചു കൊണ്ടിരുന്ന –ഒരു വിശ്വാസിയായ മനുഷ്യൻ പറഞ്ഞു എന്റെ രക്ഷിതാവ് അള്ളാഹുവാണ് എന്ന് പറയുന്നതിനാൽ നിങ്ങൾ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവുകൾ കൊണ്ടു വന്നിട്ടുണ്ട് അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ് അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങൾക്ക് താക്കീത് നൽകുന്ന ചില കാര്യങ്ങൾ (ശിക്ഷകൾ) നിങ്ങളെ ബാധിക്കുകയും ചെയ്യും അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അള്ളാഹു നേർ വഴിയിൽ ആക്കുകയില്ലഈ വിശ്വാസി ഫറോവയുടെ പിതൃവ്യ പുത്രനായിരുന്നു എന്ന് ഇമാം സുദ്ദീ رحمة الله عليه അഭിപ്രായപ്പെടുന്നു അദ്ദേഹവും ഫറോവയുടെ ഭാര്യ ആസിയ ബീവിയും മാത്രമേ അവരിൽ നിന്ന് മൂസാ നബി عليه السلامയിൽ വിശ്വസിച്ചിരുന്നുള്ളൂ എന്ന് ഇബ്നു അബ്ബാസ് رضي الله عنهറിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂസാ നബി عليه السلامയെ ഞാൻ കൊല്ലുമെന്ന് ഫറോവ പറയുന്നത് വരെ ഉദ്ദേഹം തന്റെ വിശ്വാസം വെളിപ്പെടുത്തിയിരുന്നില്ല എന്നാൽ ഇത്തരം ഒരു നിർണായക ഘട്ടത്തിൽ തന്റെ ധർമ രോഷം അണപൊട്ടി ഒഴുകിയതാണിവിടെ കണ്ടത് അക്രമിയായ ഭരണാധികാരിക്ക് മുമ്പിൽ നീതിയുടെ വാക്ക് പറയൽ ഏറ്റവും ശ്രേഷ്ഠമായ യുദ്ധമാണെന്ന ഹദീസ് ഇവിടെ പ്രസക്തമാണ്  ഈ ചോദ്യം എന്തായാലും ഫിർ ഔനിനെ കൊലപാതക ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതുപോലെ കഅ്ബാലയ മുറ്റത്ത് നിസ്ക്കരിക്കുന്ന നബി തങ്ങളെ കഴുത്തിൽ മുണ്ടിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച ഉഖ്ബത്തു ബിൻ അബീ മുഐഥിനെ പിടിച്ച് മാറ്റി അബൂബക്കർ സിദ്ധീഖ് رضي الله عنهചോദിച്ചത് ചരിത്രത്തിലുണ്ട് ഏതായാലും അദ്ദേഹത്തിന്റെ ചോദ്യം പ്രസക്തമാണ് അള്ളാഹുവാണ് എന്റെ നാഥൻ എന്നാണല്ലോ മൂസാ عليه السلامപറയുന്നത് അത് വിശ്വസിക്കാനാവശ്യമായ തെളിവുകളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട് ആ തെളിവുകൾ ശരിയല്ലെങ്കിൽ ദൈവത്തിന്റെ പേരിൽ കള്ളം പറഞ്ഞതിന്റെ ദുരിതം അദ്ദേഹം അനുഭവിക്കട്ടെ ഇനി സത്യമാണവർ പറയുന്നതെങ്കിൽ അദ്ദേഹത്തെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവർക്ക് അദ്ദേഹം താക്കീത് ചെയുന്നത് പോലുള്ള ശിക്ഷകൾ വരിക തന്നെ ചെയ്യും കാരണം അതിക്രമിയെയും കളവ് പറയുന്നവരെയുമൊന്നും അള്ളാഹു ലക്ഷ്യത്തിലെത്തിക്കില്ല കളവ് പറയുന്നവരുടെ വാക്കുകളിലും പ്രവൃത്തികളിലും അഭിപ്രായ വ്യത്യാസവും പൊരുത്തക്കേടും പ്രകടമാവും എന്നാൽ മൂസാ നബി عليه السلامയുടെ നിലപാടും രീതിയും ശരിയായി വരുന്നതായിട്ടാണ് മനസ്സിലാകുന്നത് (അതായത് മൂസാ നബി عليه السلامശരിയായ പ്രവാചകൻ തന്നെ എന്നത് വ്യക്തമാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു ) അത് കൊണ്ട് നിങ്ങൾ മൂസാ നബി عليه السلامയെ അവരുടെ പാട്ടിനു വിടൂ (ഇബ്നു കസീർ).
അദ്ദേഹത്തിന്റെ പേര് ഹബീബ്
, ശംആൻ,  ഖബ്‌റക്, ഹിസ്ഖീൽ,എന്നും മറ്റും അഭിപ്രായമുണ്ട് (ഖുർതുബി)


അദ്ദേഹം പറയുന്നത് സത്യമാണെങ്കിൽ എന്ന പ്രയോഗം പറയുന്ന വ്യക്തിക്ക് സത്യമാണെന്ന് ഉറപ്പില്ല എന്ന് തെളിയിക്കുന്നതല്ല മറിച്ച് അദ്ദേഹം ശരിയായ വിശ്വാസിയും മുസാ നബി
عليه السلامപറയുന്നത് സത്യം തന്നെ എന്ന് വിശ്വസിക്കുന്ന വ്യക്തിയുമാണ് എന്നാൽ മൂസാ നബി عليه السلامയെ അവഗണിക്കുന്നവരോടുള്ള ഫല പ്രദമായ ഒരു ഉപദേശ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത് ഒരു പക്ഷേ അവർ അത് സ്വീകരിക്കാം അല്ലെങ്കിൽ തന്നെ താൻ വിശ്വാസിയാണെന്ന് മനസ്സിലാക്കിയാൽ അവരിൽ നിന്നുണ്ടാകുന്ന അക്രമത്തെ ഇല്ലായ്മ ചെയ്യാം എന്നതെല്ലാം ഈ ശൈലിയുടെ ഗുണമാണ് (ഖുർതുബി)(29)
يَا قَوْمِ لَكُمُ الْمُلْكُ الْيَوْمَ ظَاهِرِينَ فِي الْأَرْضِ فَمَن يَنصُرُنَا مِن بَأْسِ اللَّهِ إِنْ جَاءنَا قَالَ فِرْعَوْنُ مَا أُرِيكُمْ إِلَّا مَا أَرَى وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِഎന്റെ ജനങ്ങളേ! ഭൂമിയിൽ മികച്ച് നിൽക്കുന്നവർ എന്ന നിലയിൽ ഇന്ന് ആധിപത്യം നിങ്ങൾക്ക് തന്നെ.എന്നാൽ അള്ളാഹുവിന്റെ ശിക്ഷ നമുക്ക് വന്നാൽ അതിൽ നിന്ന് നമ്മെ രക്ഷിച്ച് സഹായിക്കാൻ ആരുണ്ട്? ഫിർ ഔൻ പറഞ്ഞു ഞാൻ (ശരിയായി) കാണുന്ന മാർഗം മാത്രമാണ് ഞാൻ നിങ്ങൾക്ക് കാണിച്ചു തരുന്നത് ശരിയായ മാർഗത്തിലേക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കുകയില്ല

ആ വിശ്വാസിയുടെ പ്രഖ്യാപനം ഫറോവയെ ഞെട്ടിച്ചു കളഞ്ഞു അതിൽ നിന്ന് ജന ശ്രദ്ധ തിരിക്കണം അതിനുള്ള ന്യായീകരണമാണ് ഫിർഔൻ പറയുന്നത് ഞാൻ ശരിയിലേക്ക് തന്നെയാണ് ക്ഷണിക്കുന്നത് അത് കൊണ്ട് ഞങ്ങൾക്ക് മൂസാ നബി عليه السلامയെക്കൊണ്ട് വിശ്വസിക്കേണ്ട കാര്യമില്ല എന്നെ അനുസരിക്കുന്നവരെ നേരിൽ ഞാൻ എത്തിക്കും എന്ന്. വാസ്തവത്തിൽ ഇത് ഫറൊവ പറയുന്ന വെള്ളം ചേർക്കാത്ത കളവാണ് മൂസാ നബി عليه السلام ശരിയായ പ്രവാചകനാണെന്നും അതിനെതിരിൽ ഞാൻ നീങ്ങുന്നത് ശരിയല്ലെന്നും ഫറോവക്ക് അറിയാമായിരുന്നു എന്നിട്ടും ജനങ്ങളെ  കുരങ്ങ് കളിപ്പിക്കുകയാണയാൾ

(30)
وَقَالَ الَّذِي آمَنَ يَا قَوْمِ إِنِّي أَخَافُ عَلَيْكُم مِّثْلَ يَوْمِ الْأَحْزَابِ


ആ വിശ്വസിച്ച ആൾ പറഞ്ഞു എന്റെ ജനങ്ങളേ! ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീർച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാൻ ഭയപ്പെടുന്നു

മുൻ കാല നിഷേധികൾക്ക് അള്ളാഹു ശിക്ഷ നൽകിയത് പോലെ നിങ്ങൾക്കും അള്ളാഹു ശിക്ഷ നൽകുമെന്ന് ഞാൻ ഭയപ്പെടുന്നു എന്ന് ആ നല്ല മനുഷ്യൻ പറഞ്ഞു


(31)
مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَالَّذِينَ مِن بَعْدِهِمْ وَمَا اللَّهُ يُرِيدُ ظُلْمًا لِّلْعِبَادِ 

അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും സമൂദിന്റെയും അവർക്ക് ശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്.  ദാസന്മാരോട് യാതൊരു അക്രമവും ചെയ്യാൻ അള്ളാഹു ഉദ്ദേശിക്കുന്നില്ല

നൂഹ് നബി عليه السلام യുടെ ജനത പ്രളയത്തിൽ മുക്കപ്പെട്ടതും ഏഴ് രാവും എട്ട് പകലും വീശിയടിച്ച ശക്തമായ കാറ്റിൽ ആദ് സമൂഹം നശിപ്പിക്കപ്പെട്ടതും കടുത്ത ശബ്ദത്താൽ സമൂദ് ഗോത്രം നശിപ്പിക്കപ്പെട്ടതും പിന്നീട് വന്ന പലരും (ലൂഥ് നബി عليه السلامയുടെ ജനതയെ പോലെ) പ്രവാചകന്മാരെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോൾ അവർ ശിക്ഷിക്കപ്പെട്ടതും അദ്ദേഹം ഓർത്തെടുക്കുകയാണ് അത് അവരുടെ പാപത്തിന്റെ ശമ്പളമായിരുന്നു അല്ലാതെ അള്ളാഹു ആരെയും അക്രമിച്ചതല്ല


(32)

وَيَا قَوْمِ إِنِّي أَخَافُ عَلَيْكُمْ يَوْمَ التَّنَادِ
എന്റെ ജനങ്ങളേ! (നിങ്ങൾ) പരസ്പരം വിളിച്ചു കേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തിൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു

അന്ത്യ നാളിന്റെ ഭയാനക രംഗങ്ങൾ കാണുമ്പോഴായിരിക്കും പരസ്പരം വിളിച്ച് കേഴുകയും അലക്ഷ്യമായി ഓടുകയും ചെയ്യുന്നത് എന്നും നരകത്തിലേക്ക് കൊണ്ടു പോകുമ്പോഴായിരിക്കും അത് നടക്കുന്നതെന്നും നന്മ തിന്മ തൂക്കുന്ന തുലാസിനടുത്ത് നിന്ന് നന്മക്ക് ഭാരം തൂങ്ങുമ്പോൾ ഇന്നയാൾ വിജയിച്ചിരിക്കുന്നു ഇനി ഒരിക്കലും പരാചയം വരാത്ത വിധം എന്ന് മലക്ക് ഉറക്കെ വിളിച്ച് പറയും.തിന്മക്കാണ് മുൻ തൂക്കമെങ്കിൽ ഇന്നയാൾ പരാചയപ്പെട്ടിരിക്കുന്നു എന്നും വിളിച്ച് പറയും അതാണ് ഉദ്ദേശ്യമെന്നും സ്വർഗക്കാർ അവരുടെ പ്രവർത്തനം കൊണ്ട് (സന്തോഷ പൂർവം) സ്വർഗക്കാരെ വിളിച്ച് പരസ്പര അഭിമാനം പറയുന്നതും നരകക്കാർ അവരുടെ പ്രവർത്തനം മുൻ നിർത്തി (ദു:ഖത്തോടെ) സ്വന്തക്കാരെ വിളിച്ച് വിലപിക്കുന്നതും ഉദ്ദേശ്യമാണെന്നും സ്വർഗക്കാർ നരകക്കാരെ വിളിച്ച് ഞങ്ങൾക്ക് അള്ളാഹു വാഗ്ദാനം ചെയ്ത (സ്വർഗം) ലഭിച്ചിരിക്കുന്നു നിങ്ങൾക്ക് വാഗ്ദാനം ചെയ്ത (നരകം) ലഭിച്ചില്ലയോ എന്ന് ചോദിക്കുന്നതും നരകക്കാർ അള്ളാഹു നിങ്ങൾക്ക് നൽകിയ വെള്ളമോ മറ്റെന്തെങ്കിലും ഭക്ഷണമോ ഞങ്ങൾക്ക് തരണമെന്ന് കേഴുന്നതാണ് ഉദ്ദേശ്യമെന്നും, അഅ്റാഫുകാർ, സ്വർഗക്കാരെയും നരകക്കാരെയും വിളിച്ച് സംസാരിക്കുന്നതാണിവിടെ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട് ഇതെല്ലാം നടക്കാനിരിക്കുന്നതിനാൽ എല്ലാം കൂടിയാണ് ഉദ്ദേശ്യമെന്ന് വേറെയും അഭിപ്രായമുണ്ട് ഇമാം ബഗ്‌വി رحمة الله عليهയും മറ്റും അവസാന അഭിപ്രായത്തെയാണ് പ്രബലമാക്കുന്നത് അത് നല്ലൊരു വീക്ഷണമാണ് (ഇബ്നു കസീർ)(33)
يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ اللَّهِ مِنْ عَاصِمٍ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ


അതായത് നിങ്ങൾ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം.
അള്ളാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷ നൽകുന്ന ഒരാളും നിങ്ങൾക്കില്ല ഏതൊരാളെ അള്ളാഹു വഴി തെറ്റിക്കുന്നുവോ അവന് നേർവഴി കാണിക്കാൻ ആരുമില്ല

വിചാരണയുടെ കേന്ദ്രത്തിൽ നിന്ന് നരകത്തിലേക്ക് അവർ വിളിക്കപ്പെടുമ്പോൾ ആ ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കാൻ ആരുമുണ്ടാവില്ല അത് കൊണ്ട് മുൻ കരുതൽ ഇവിടെ നിന്ന് ഏടുക്കുക മൂസാ നബി عليه السلامയെ അനുസരിക്കുക എന്ന് ആ വിശ്വാസി പറഞ്ഞു, അള്ളാഹു നല്ലത് സ്വീകരിക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

(തുടരും)
ഇൻശാഅള്ളാഹ്

 

No comments: