Tuesday, June 15, 2021

അദ്ധ്യായം 40 | സൂറത്ത് ഗാഫിർ سورة غافر| ഭാഗം 04

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر| ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 85


(Part -4  -   സൂക്തം 34 മുതൽ 43 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(34)
وَلَقَدْ جَاءكُمْ يُوسُفُ مِن قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِّمَّا جَاءكُم بِهِ حَتَّى إِذَا هَلَكَ قُلْتُمْ لَن يَبْعَثَ اللَّهُ مِن بَعْدِهِ رَسُولًا كَذَلِكَ يُضِلُّ اللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ

 

വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നബി عليه السلامനിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട് അപ്പോൾ അദ്ദേഹം നിങ്ങൾക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങൾ സംശയത്തിലായിക്കൊണ്ടേയിരുന്നു എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോൾ ഇദ്ദേഹത്തിനു ശേഷം അള്ളാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങൾ പറഞ്ഞു അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളവരാരോ അവരെ അള്ളാഹു വഴിതെറ്റിക്കുന്നു

 

ഇബ്നുകസീർ رحمة الله عليهഎഴുതുന്നു ഈജിപ്തിൽ മുസാ നബി عليه السلامക്ക് മുമ്പ് പ്രവാചകനായി യൂസുഫ് നബി عليه السلام വന്നിരുന്നു അദ്ദേഹം ഖിബ്‌ഥികളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാൽ ഭരണത്തിന്റെ കൂടി സ്വാധീനം യൂസുഫ് നബി عليه السلامക്കുണ്ടായിരുന്നതിനാൽ അവർ പരസ്യമായി യൂസുഫ് നബി عليه السلامയെ അനുസരിക്കുന്നുവെന്ന് അഭിനയിച്ച് രക്ഷപ്പെട്ടു(അള്ളാഹുവിനെ മാത്രം ആരാധിക്കണം എന്ന ആശയം അവർ ഉൾക്കൊണ്ടിരുന്നില്ല) യൂസുഫ് നബി عليه السلامവഫാത്തായപ്പോൾ അവരുടെ നിഷേധവും സത്യത്തോടുള്ള വെറുപ്പും കാരണം ഇനി ഒരു പ്രവാചകനും വരികയില്ലെന്ന് പറഞ്ഞു ഇത്തരം മനസ്സുള്ളവർക്കൊന്നും സന്മാർഗം ലഭിക്കില്ലെന്ന് അള്ളാഹു ഉണർത്തിയിരിക്കുകയാണ് മൂസാ നബി عليه السلام യെ എതിർക്കുന്നവർ ആ നിലപാടുകാരാണെന്ന് വിവരിക്കുകയുമാണ്.
അതിക്രമി എന്നാൽ ശിർക്ക് ചെയ്യുന്നവൻ എന്നാണ് ഉദ്ദേശ്യം (ബഗ്‌വി)

 


(35)
الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ كَبُرَ مَقْتًا عِندَ اللَّهِ وَعِندَ الَّذِينَ آمَنُوا كَذَلِكَ يَطْبَعُ اللَّهُ عَلَى كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ

 

അതായത് തങ്ങൾക്ക് യാതൊരു ആധികാരിക പ്രമാണവും വന്നു കിട്ടാതെ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവരെ (അള്ളാഹു വെഴിതെറ്റിക്കും) അത് അള്ളാഹുവിന്റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപ ഹേതുവായിരിക്കുന്നു അപ്രകാരം അഹങ്കാരികളും ഗർവ്വിഷ്ഠരുമായിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അള്ളാഹു മുദ്ര വെക്കുന്നു

സത്യത്തെ അസത്യം പറഞ്ഞ് പ്രതിരോധിക്കാനും യാതൊരു തെളിവും രേഖയുമില്ലാതെ സത്യത്തിനു നേരെ കുതർക്കം നടത്താനും ശ്രമിക്കുന്നവരാണ് മുൻസൂക്തത്തിൽ പറഞ്ഞ അതിക്രമകാരികൾ .അവർ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം അന്യായമായ നിഷേധവും തർക്കവും അള്ളാഹുവിന്റെ ദേഷ്യം അവരിലേക്ക് വന്ന് ചേരാൻ മതിയായ കാരണം തന്നെയാണ് അള്ളാഹുവിന്റെ ദേഷ്യം അവരെ കുറിച്ചുള്ള ആക്ഷേപമായും അവർക്ക് അവനിൽ നിന്നുള്ള ശാപമായും ശിക്ഷകൾ അവരിലേക്ക് ഇറക്കിയും അവൻ പ്രകടിപ്പിക്കും സത്യ വിശ്വാസികളും ഇത്തരക്കാരോട് കടുത്ത അവമതിപ്പുള്ളവരായിരിക്കും ആ വിധം സത്യത്തിനു നേരെ കൊഞ്ഞനം കുത്തുന്നവരുടെ ഹൃദയം സീൽ വെക്കപ്പെടുമെന്ന് പറഞ്ഞാൽ സത്യം സ്വീകരിക്കാനോ തിരിച്ചറിയാനോ സാധിക്കാത്ത വിധം അവർ പരാജിതരാകുമെന്നാണ്


ഹൃദയം ദുഷിക്കുന്നത് കൊണ്ടാണ് ഈ ശൈലി അവർ സ്വീകരിക്കുന്നത് ഹൃദയം മോശമായാൽ അതിന്റെ നിലപാടുകളെ മറ്റ് അവയവങ്ങൾ പിന്തുണക്കും അതാണ് ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നേരേയാണെങ്കിൽ ശരീരം മുഴുവൻ നന്നാവുകയും അത് ചീത്തയായാൽ ശരീരം മൊത്തം ചീത്തയാവുകയുംചെയ്യും എന്ന നബി
വചനം അറിയിക്കുന്നത് (ഖുർതുബി)

(36)
وَقَالَ فِرْعَوْنُ يَا هَامَانُ ابْنِ لِي صَرْحًا لَّعَلِّي أَبْلُغُ الْأَسْبَابَ


ഫിർ ഔൻ പറഞ്ഞു ഹാമാനേ! എനിക്ക് ആ മാർഗങ്ങളിൽ എത്താവുന്ന വിധം എനിക്ക് വേണ്ടി നീ ഒരു ഉന്നത സൌധം പണിതു തരൂ

വിശ്വാസം മറച്ചു വെച്ചിരുന്ന വ്യക്തിയുടെ സംസാരം ജനങ്ങളിൽ സ്വാധീനമുണ്ടാക്കുമെന്ന് ഭയപ്പെട്ടപ്പോൾ ഫറോവ എടുക്കുന്ന തന്ത്രമാണിത് അവരുടെ ശ്രദ്ധ തിരിക്കാനുള്ള അടവ്. അതായത് മൂസാ നബി عليه السلام പറയുന്നത് ശരിയാണോ എന്ന് നമുക്ക് പരിശോധിക്കാം ശരിയെങ്കിൽ നമുക്ക് അതിനൊപ്പം നിൽക്കാം ശരിയല്ലെന്ന് വന്നാൽ നിലവിലുള്ള മതവുമായി നമുക്ക് മുന്നേറാം ഇതാണ് അവൻ പറയുന്നത് (ഖുർതുബി)

ചുടു കട്ടകൾ കൊണ്ട് ഉയർന്ന സൌധം പണിയാൻ മന്ത്രിയായ ഹാമാനോട് ഫിർഔൻ പറഞ്ഞു (ഇബ്നുകസീർ)

ആകാശ ഭൂമികളുടെ സൃഷ്ടാവാണ് അള്ളാഹു എന്ന് മൂസാ നബി عليه السلام പരിചയപ്പെടുത്തിയപ്പോൾ ഫറോവയുടെ പരിഹാസമാണിത് അതായത് മൂസാ നബി عليه السلام പറയുന്ന അള്ളാഹുവിനെ ഭൂമിയിൽ കാണ്മാനില്ല ആകാശത്തിലുണ്ടോ എന്ന് കയറിനോക്കാം എന്ന്.

(37)
أَسْبَابَ السَّمَاوَاتِ فَأَطَّلِعَ إِلَى إِلَهِ مُوسَى وَإِنِّي لَأَظُنُّهُ كَاذِبًا وَكَذَلِكَ زُيِّنَ لِفِرْعَوْنَ سُوءُ عَمَلِهِ وَصُدَّ عَنِ السَّبِيلِ وَمَا كَيْدُ فِرْعَوْنَ إِلَّا فِي تَبَابٍ

 


അഥവാ ആകാശ മാർഗങ്ങളിൽ. എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാൻ. തീർച്ചയായും മൂസാ കളവ് പറയുകയാണെന്നാണ് ഞാൻ വിചാരിക്കുന്നത് അപ്രകാരം ഫിർഒഊന് തന്റെ ദുഷ് പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാർഗത്തിൽ നിന്ന് അവൻ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തിൽ തന്നെയായിരുന്നു


ആകാശ വാതിലുകളിലേക്ക് കയറാനും മൂസാ നബി عليه السلامതന്നെ പ്രവാചകനായി അയച്ചു എന്ന് പറയുന്ന അള്ളാഹുവിനെ ഒന്ന് കാണാനും എനിക്ക് ഉയർന്ന കെട്ടിടം പണിയുക .അങ്ങനെ ഒരു ദൈവമുണ്ടെന്ന് ഞാൻ കരുതുന്നില്ല മറിച്ച് മൂസാ നബി عليه السلامകള്ളം പറയുകയാണെന്നാണ് എന്റെ വിശ്വാസം എന്നൊക്കെയാണ് അവൻ പറയുന്നത് ഇത് അവന്റെ കടുത്ത ധിക്കാരത്തിൽ നിന്നും വിവരദോഷത്തിൽ നിന്നും ഉടലെടുത്ത വാദമാണ് ഇങ്ങനെയെല്ലാം ദുർന്യായം പറയുന്നത് വലിയ കേമത്തമാണെന്ന് അവൻ ധരിച്ചിരിക്കുന്നു  എന്നാൽ ഇത് കൊണ്ടൊന്നും മൂസാ നബി عليه السلامക്ക് മുന്നിൽ അവന്ന് പിടിച്ച് നിൽക്കാനോ അവന്റെ ആഗ്രഹം സഫലമാക്കാനോ കഴിഞ്ഞില്ല അതാണ് ഫറോവയുടെ തന്ത്രം നഷ്ടത്തിൽ തന്നെയായിരുന്നു എന്ന് ഖുർആൻ പറഞ്ഞത്


അള്ളാഹു ഇവനെ പോലെ ഒരു ശരീരമാണെന്ന ധാരണയിലാണ് ഇത്തരം പ്രയോഗം അവൻ നടത്തുന്നത് എന്നാൽ അള്ളാഹു സ്ഥല കാല അതീതനാണെന്നും അവയവങ്ങളാൽ സംയോജിപ്പിക്കപ്പെട്ട സ്വഭാവത്തിൽ നിന്ന് അവൻ പരിശുദ്ധനാണെന്നും ഇവൻ ചിന്തിച്ചില്ല. ഞാൻ തന്നെയാണ് ഏറ്റവും വലിയ ദൈവം എന്ന കടുത്ത പ്രകോപനം പറയുന്ന ഫറോവ ഇതു പോലുള്ളത് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ!

മാം റാസി رحمة الله عليه എഴുതുന്നു. ഫറോവയുടെ ഈ പ്രഖ്യാപനം ശരിയല്ല.ആകാശത്ത് കയറി നോക്കിയിട്ട് അള്ളാഹുവിനെ കണ്ടില്ലെങ്കിൽ അള്ളാഹു ഇല്ല എന്ന തീരുമാനത്തിലെത്തുന്നത് എങ്ങനെയാണ്? കാരണം അറിവിന്റെ മാനദണ്ഡം കാഴ്ച മാത്രമല്ലല്ലോ കാഴ്ചയും പ്രസ്താവനകളും ചിന്തയും അറിവു ലഭിക്കാനുള്ള വഴികളാണ് അള്ളാഹുവിന്റെ ആസ്തിക്യം മൂസാ നബി عليه السلام സ്ഥിരീകരിച്ചത് ആർക്കും കാണാവുന്ന പ്രാപഞ്ചിക യാഥാർത്ഥ്യങ്ങൾ വെച്ചാണ് ആ വഴിക്ക് പോയാൽ മൂസാ നബി عليه السلامയെ നിഷേധിക്കാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെയാണ് വെറും കാഴ്ചയിൽ ചുരുക്കാൻ അവൻ മിനക്കെട്ടതും തന്റെ വിവരക്കേടുകൾ സ്വീകരിക്കുന്ന പാവങ്ങളിലേക്ക് ഇട്ട് കൊടുത്തതും(റാസി)



(38)
وَقَالَ الَّذِي آمَنَ يَا قَوْمِ اتَّبِعُونِ أَهْدِكُمْ سَبِيلَ الرَّشَادِ


 ആ വിശ്വസിച്ച വ്യക്തി പറഞ്ഞു എന്റെ ജനങ്ങളേ! നിങ്ങൾ എന്നെ പിന്തുടരൂ ഞാൻ നിങ്ങൾക്ക് വിവേകത്തിന്റെ മാർഗം കാട്ടിത്തരാം


ഫറോവയുടെ ഈ വിടുവായത്തം വിട്ട് ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കുകയും എന്നെ പിന്തുടരുകയും ചെയ്യൂ എന്നാൽ അള്ളാഹു മൂസാ നബി عليه السلامക്ക് നൽകിയ സത്യമാർഗം ഞാൻ നിങ്ങൾക്ക് വിവരിച്ച് തരാം അത് മുഖേന ശാശ്വത വിജയത്തിലേക്കും നിങ്ങളെ കൊണ്ടു പോകാം എന്ന് ആ വിശ്വാസി ജനത്തോട് പറഞ്ഞു



(39)
يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاعٌ وَإِنَّ الْآخِرَةَ هِيَ دَارُ الْقَرَارِ

എന്റെ ജനങ്ങളേ! ഈ ഐഹിക ജീവിതം ഒരു താൽക്കാലിക വിഭവം മാത്രമാണ് തീർച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം

ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഈ സൌകര്യങ്ങൾ ഒരു നിശ്ചിത അവധി വരെ മാത്രമേ നിങ്ങൾക്ക് അനുഭവിക്കാനാവൂ പിന്നീട് മരണം നിങ്ങളെ പിടികൂടുകയും ഈ സംവിധാനങ്ങൾ നീങ്ങി പോവുകയും ചെയ്യും എന്നാൽ പിന്നീട് നിങ്ങൾക്ക് അഭിമുഖീകരിക്കാനുള്ള ഭവനം അതൊരിക്കലും അവസാനിക്കുകയില്ല അത് കൊണ്ട് ആ ജീവിതം സന്തോഷകരമാക്കാൻ അദ്ധ്വാനിക്കുകയും ആവശ്യമായ മുൻകരുതൽ എടുക്കുകയും ചെയ്യുക സത്യവിശ്വാസികൾക്ക് അവിടെ സ്വർഗത്തിലും നിഷേധികൾക്ക് അവിടെ നരകത്തിലും സ്ഥിരവാസമാണ് (ഥിബ്‌രി)

 


(40)
مَنْ عَمِلَ سَيِّئَةً فَلَا يُجْزَى إِلَّا مِثْلَهَا وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ


ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തത്തുല്യമായ പ്രതിഫലമേ അവന്ന് നൽകപ്പെടുകയുള്ളൂ സത്യ വിശ്വാസിയായിക്കൊണ്ട് സൽക്കർമം പ്രവർത്തിക്കുന്നതാരോ (പുരുഷനോ സ്ത്രീയോ ആകട്ടെ)  അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് കണക്ക് നോക്കാതെ അവർക്ക് അവിടെ ഉപജീവനം നൽകപ്പെട്ടു കൊണ്ടിരിക്കും

 

ഒരു തെറ്റിനു തത്തുല്യമായ ഒരു ശിക്ഷ മാത്രമേ നൽകപ്പെടുകയുള്ളൂ എന്നാൽ നന്മ ചെയ്യുന്നതിനു അനന്തമായി കണക്കില്ലാത്ത പ്രതിഫലം ഒരുക്കപ്പെട്ടിരിക്കുന്നു ആ പ്രതിഫലം നേടാൻ ശ്രമിക്കുകയല്ലേ ബുദ്ധിയുള്ളവർ വേണ്ടത് എന്ന് ചുരുക്കം

 

 

(41)
وَيَا قَوْمِ مَا لِي أَدْعُوكُمْ إِلَى النَّجَاةِ وَتَدْعُونَنِي إِلَى النَّارِ


എന്റെ ജനങ്ങളേ! എനിക്കെന്തൊരനുഭവം! ഞാൻ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു

എല്ലാ വിജയവും നന്മയും ഉറപ്പ് നൽകുന്ന സത്യസന്ദേശം ഉൾക്കൊള്ളാൻ ഞാൻ നിങ്ങളെ ക്ഷണിക്കുമ്പോൾ നിത്യ ദുരിതം സമ്മാനിക്കുന്ന നരകത്തിലേക്കാണല്ലോ നിങ്ങൾ എന്നെ ക്ഷണിക്കുന്നത് ഇത് എന്തൊരു വിരോധാഭാസമാണ് ?



(42)
تَدْعُونَنِي لِأَكْفُرَ بِاللَّهِ وَأُشْرِكَ بِهِ مَا لَيْسَ لِي بِهِ عِلْمٌ وَأَنَا أَدْعُوكُمْ إِلَى الْعَزِيزِ الْغَفَّارِ


ഞാൻ
അള്ളാഹുവിൽ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് ഞാൻ അവനോട് പങ്ക് ചേർക്കുവാനും നിങ്ങൾ എന്നെ ക്ഷണിക്കുന്നു ഞാനാകട്ടെ പ്രതാപശാലിയും ഏറേ പൊറുക്കുന്നവനുമായ അള്ളാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു


ദൈവമാവാനോ എന്റെ ആവലാതികൾക്ക് പരിഹാരം കാണാനോ സാധിക്കുമെന്നതിനു ഒരു ബോധ്യവുമില്ലാത്തവയെ ആരാധിക്കാൻ നിങ്ങൾ എന്നെ ക്ഷണിക്കുന്നു അവകൾ ദൈവമാണെന്നതിനു യാതൊരു രേഖയുമില്ല.അവയെ ആരാധിക്കാതിരുന്നാൽ എന്തെങ്കിലും എനിക്കെതിരെ ചെയ്യാൻ അവകൾക്ക് സാധിക്കുമെന്നും ഞാൻ കണക്കാക്കുന്നില്ല അതായത് നിങ്ങൾ എന്നെ ക്ഷണിക്കുന്നത് ഇരുട്ടിലേക്ക് തന്നെയെന്ന് വ്യക്തം അതേ സമയം ഞാൻ നിങ്ങളെ വിളിക്കുന്നതോ അവനെ നിഷേധിച്ചവർക്ക് അർഹമായ ശിക്ഷ നൽകാൻ കഴിവുള്ള (അവൻ ശിക്ഷിക്കാൻ തീരുമാനിച്ചാൽ അത് തടയാൻ ഒരാളുമില്ലാത്ത സർവ ശക്തനിലേക്ക്) അതോടൊപ്പം തെറ്റ് ചെയ്തവർ പശ്ചാത്തപിച്ചാൽ ആർക്ക് പൊറുത്ത് കൊടുക്കുന്ന വിശാലമായ കാരുണ്യമുള്ളവനിലേക്ക്! ഇനി ചിന്തിക്കൂ നിങ്ങളുടെ കൂടെ ഞാൻ ചേരുന്നതാണോ എന്റെ ക്ഷണം നിങ്ങൾ സ്വീകരിക്കുന്നതാണോ ശരി എന്ന് ആ വിശ്വാസി പറഞ്ഞു

 


43)
لَا جَرَمَ أَنَّمَا تَدْعُونَنِي إِلَيْهِ لَيْسَ لَهُ دَعْوَةٌ فِي الدُّنْيَا وَلَا فِي الْآخِرَةِ وَأَنَّ مَرَدَّنَا إِلَى اللَّهِ وَأَنَّ الْمُسْرِفِينَ هُمْ أَصْحَابُ النَّارِ


നിങ്ങൾ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാർത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും നമ്മുടെ മടക്കം
അള്ളാഹുവിലേക്കാണ് എന്നതും അതിക്രമകാരികൾ തന്നെയാണ് നരകാവകാശികൾ എന്നതും ഉറപ്പായ കാര്യമാകുന്നു


നിങ്ങൾ എന്നെ ഏതൊരു ദൈവത്തിലേക്കാണോ വിളിക്കുന്നത് അതിനു സംസാരിക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ സാധ്യമല്ലാത്ത അചേതന വസ്തുവാണ് അതേ സമയം നമുക്ക് മടങ്ങി ചെല്ലാനുള്ളത് പ്രതാപിയായ നാഥനിലേക്കാണ് ആ നാഥനെ വിട്ട് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത ബിംബങ്ങളെ ദൈവമാക്കുന്നവർ അതിക്രമികളും നരകാവകാശികളും തന്നെ



നിങ്ങൾ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാർത്ഥനയും ഉണ്ടാകാവുന്നതല്ല
,,

എന്നാൽ അവകൾ അവയെ ആരാധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല പരലോകത്ത് ഈ ആരാധനയുമായി ഞങ്ങൾക്ക് ബന്ധമില്ല എന്ന് അവകൾ ആരാധിച്ചവരെ കയ്യൊഴിയുകയും ചെയ്യും  എന്ന് സാരം (ബഗ്‌വി)


ആ സത്യ വിശ്വാസി കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചിരിക്കുകയാണിവിടെ
അള്ളാഹു സത്യം സ്വീകരിക്കാൻ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമീൻ


(തുടരും) ഇൻശാ അള്ളാഹ്

No comments: