അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75
(Part -2 - സൂക്തം 10 മുതൽ 20 വരെ സൂക്തങ്ങളുടെ വിവരണം )
നബിതങ്ങൾ എല്ലാ
രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി പറയുന്നുണ്ടെന്ന് ഇമാം നസാഈ
റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(10)
قُلْ يَا عِبَادِ الَّذِينَ
آمَنُوا اتَّقُوا رَبَّكُمْ لِلَّذِينَ أَحْسَنُوا فِي هَذِهِ الدُّنْيَا حَسَنَةٌ
وَأَرْضُ اللَّهِ وَاسِعَةٌ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ
حِسَابٍ
പറയുക. വിശ്വസിച്ചവരായ എന്റെ ദാസന്മാരേ! നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക
ഈ ഐഹിക ജീവിതത്തിൽ നൻമ പ്രവർത്തിച്ചവർക്കാണ് സൽഫലമുള്ളത്. ﷲ അള്ളാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു.ക്ഷമാശീലർക്കു
തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കു നോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്
വിശ്വാസികളെ ﷲഅള്ളാഹു ആഹ്വാനം ചെയ്യുന്നത് തന്റെ അനുസരണത്തിലും
ഭക്തിയിലും സ്ഥിരമായി നിലനിൽക്കാനും അതിനു വിരുദ്ധമായ ശൈലിയെ തൊട്ട് ജാഗ്രത
പാലിക്കാനുമാണ്. അങ്ങനെ ഭൂമിയിൽ ജീവിക്കുന്ന ഭക്തർക്ക് നന്മ ചെയ്യാൻ
സാഹചര്യമുണ്ടാകും തൽഫലമായി ഭൂമിയിലും പരലോകത്തും ധാരാളം സൽഫലങ്ങൾക്ക് അവർ
അർഹരായിത്തീരും.എന്നാണിവിടെ പറയുന്നത്
“ﷲഅള്ളാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു”.എന്നതിന്റെ വിവക്ഷ ﷲഅള്ളാഹുവിനെ അനുസരിച്ച് ജീവിക്കാൻ ഒരു സ്ഥലം പറ്റാതെ വന്നാൽ
അതിനു സാധിക്കുന്നിടത്തേക്ക് പലായനം ചെയ്യുകയാണ് വേണ്ടത് അല്ലാതെ വിശ്വാസവും
കർമവും കയ്യൊഴിക്കുകയും സാഹചര്യത്തിനൊപ്പം നിന്ന് ബിംബാരാധനയും മറ്റ് അരുതായ്മകളും
സ്വീകരിക്കുകയല്ല ചെയ്യേണ്ടത് പക്ഷെ ഇങ്ങനെ പലായനം ചെയ്യാനും മറ്റും ചിലപ്പോൾ വലിയ
ത്യാഗങ്ങൾ അനുഭവിക്കേണ്ടി വരും അതിനു ക്ഷമയോടെ നിലക്കൊള്ളാൻ പ്രയാസമുണ്ടാകും അത്
സഹിക്കുന്നവർക്ക് കണക്കില്ലാത്ത പ്രതിഫലമായിരിക്കും പരലോകത്ത് ലഭിക്കുക
സ്വർഗത്തിലെ താമസം അതിലൊന്നായിരിക്കും
ﷲഅള്ളാഹുവിനെ
അനുസരിക്കുന്നവർക്ക് ആരോഗ്യവും സൌഖ്യവും ഇവിടെ ഗുണമായി ലഭിക്കുന്നതോടൊപ്പം
പരലോകത്ത് സ്വർഗവും ലഭിക്കും.വിശ്വാസം മുറൂകെ പിടിക്കാൻ സാധിക്കുന്നില്ല്ലെങ്കിൽ
കുറ്റങ്ങൾ പ്രകടമാവുന്നിടത്ത് നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ ഈ
സൂക്തത്തിൽ പ്രേരണയുണ്ടെന്ന് ഇബ്നു അബ്ബാസ് رضي الله عنه
പറഞ്ഞിരിക്കുന്നു എത്യോപ്യയിലേക്ക് പലായനം ചെയ്തവരുടെ കാര്യത്തിലാണിത് അവതരിച്ചത്
എന്ന് അഭിപ്രായമുണ്ട്. ദോഷം ചെയ്യാൻ കല്പിക്കപ്പെടുന്നിടത്ത് നിന്ന് ഓടി
രക്ഷപ്പെടണമെന്നാണ് സഈദുബിൻ ജുബൈർ رضي
الله عنه അഭിപ്രായപ്പെട്ടത്. സാധാരണ അനുസരിച്ചവർക്ക് അളന്നും തൂക്കിയുമാണ് പ്രതിഫലം നൽകപ്പെടുക എന്നാൽ
ക്ഷമിക്കുന്നവർക്ക് ഒന്നായി കോരിയിട്ടു കൊടുക്കുകയാണ് ചെയ്യുക എന്ന് അലി رضي الله عنه പറഞ്ഞിരിക്കുന്നു ഭുമിയിൽ പരീക്ഷണം നേരിടുകയും ക്ഷമയോടെ അത്
സ്വീകരിക്കുകയും ചെയ്തവർക്ക് പരലോകത്ത് കണക്കില്ലാതെ പ്രതിഫലം ചൊരിഞ്ഞ് കൊടുക്കുന്നത്
കാണുമ്പോൾ ഭുമിയിൽ പ്രയാസമൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്തവർ തങ്ങളുടെ ശരീരങ്ങൾ
വാളുകൊണ്ട് ഈർന്നു മുറിക്കപ്പെടുകയും ഇതു പോലുള്ള പ്രതിഫലത്തിനു
പരിഗണിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകും (ബഗ്‌വി)
(11)
قُلْ إِنِّي أُمِرْتُ
أَنْ أَعْبُدَ اللَّهَ مُخْلِصًا لَّهُ الدِّينَ
(നബിയേ!) അങ്ങ് പറയുക. കീഴ്വണക്കം
ﷲഅള്ളാഹുവിനു നിഷ്ക്കളങ്കമാക്കിക്കൊണ്ട് അവനെ
ആരാധിക്കുവാനാണ് ഞാൻ
കല്പിക്കപ്പെട്ടിട്ടുള്ളത്
ബഹുദൈവാരാധനയിൽ മൂടുറച്ച് പോയവരോട് നിലപാട്
പ്രഖ്യാപിക്കാൻ നബി ﷺ തങ്ങളോട് ﷲഅള്ളാഹു കല്പിച്ചതാണിവിടെ കാണുന്നത് ﷲഅള്ളാഹുവിനെ വിട്ട് നിങ്ങൾ ആരാധിക്കുന്ന ഒന്നിനെയും
ആരാധിക്കാൻ പാടില്ല ﷲഅള്ളാഹു മാത്രമേ ആരാധ്യനുള്ളൂ അവനെ മാത്രമേ ഞാൻ ആരാധിക്കുകയുമുള്ളൂ.അതാണ്
എന്നോടുള്ള കല്പന
(12)
وَأُمِرْتُ لِأَنْ أَكُونَ
أَوَّلَ الْمُسْلِمِينَ
ഞാൻ കീഴ്പെടുന്നവരിൽ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്പന നൽകപ്പെട്ടിരിക്കുന്നു
ഈ സമുദായത്തിലെ ﷲഅള്ളാഹുവിന്ന് കീഴ്പെടുന്നവരിൽ ഒന്നാമത്തെ ആളാവാനും ഞാൻ
കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ഉമ്മത്തിൽ നിന്ന് പാരമ്പര്യ വിശ്വാസത്തിലെ
അബദ്ധം ചൂണ്ടിക്കാട്ടി അതിനോട് പുറം തിരിഞ്ഞ് നിന്ന ആദ്യ വ്യക്തി
തങ്ങളായിരുന്നുവല്ലോ! ബിംബങ്ങളെ കയ്യൊഴിച്ച് ﷲഅള്ളാഹുവിനെ പൂർണമായി വിശ്വസിച്ചും അനുസരിച്ചും അതിലേക്ക് ജനങ്ങളെ ക്ഷണിച്ചും ആദ്യമായി രംഗത്ത്
വന്നത് നബി ﷺതങ്ങൾ
തന്നെ
(13)
قُلْ إِنِّي أَخَافُ إِنْ
عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ
പറയുക. ഞാൻ എന്റെ രക്ഷിതാവിനെ
ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീർച്ചയായും ഞാൻ പേടിക്കുന്നു
ﷲഅള്ളാഹുവിനെ മാത്രം ആരാധിക്കണം അവനെ മാത്രം നാഥനായും ആരാധ്യനായും ഉൾക്കൊള്ളണം
എന്ന കല്പനക്കെതിരായി ഞാൻ വല്ലതും പ്രവർത്തിച്ചാൽ അതി ഭയാനകമായ ശിക്ഷകൾ വരുന്ന
അന്ത്യ ദിനത്തിൽ ﷲഅള്ളാഹു എന്നെ കണക്കിനു ശിക്ഷിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അത് കൊണ്ട് തന്നെ ഏകദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചക്കും
ഞാൻ ഒരുക്കമല്ല എന്ന് സാരം
(14)
قُلِ اللَّهَ أَعْبُدُ مُخْلِصًا
لَّهُ دِينِي
പറയുക. ﷲഅള്ളാഹുവെയാണ് ഞാൻ ആരാധിക്കുന്നത്. എന്റെ കീഴ്വണക്കം അവന്ന്
നിഷ്ക്കളങ്കമാക്കിക്കൊണ്ട്
ഞാൻ ﷲഅള്ളാഹുവല്ലാത്ത ഒരു ദൈവത്തേയും അംഗീകരിക്കുന്നില്ല എന്ന്
നയം നബി ﷺതങ്ങളോട് പ്രഖ്യാപിക്കാൻ വീണ്ടും പറഞ്ഞതാണിത്
(15)
فَاعْبُدُوا مَا
شِئْتُم مِّن دُونِهِ قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ
وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلَا ذَلِكَ هُوَ الْخُسْرَانُ الْمُبِينُ
എന്നാൽ നിങ്ങൾ അവനു പുറമേ നിങ്ങൾ ഉദ്ദേശിച്ചതിന് ആരാധന ചെയ്തു കൊള്ളുക പറയുക. ഉയിർത്തെഴുന്നേല്പിന്റെ നാളിൽ സ്വദേഹങ്ങൾക്കും
തങ്ങളുടെ ആളുകൾക്കും നഷ്ടം വരുത്തി വെച്ചതാരോ അവരത്രെ തീർച്ചയായും നഷ്ടക്കാർ.അത്
തന്നെയാണ് വ്യക്തമായ നഷ്ടം
ﷲഅള്ളാഹുവല്ലാത്ത ഇഷ്ടമുള്ളവരെ ആരാധിക്കുക എന്ന് പറഞ്ഞത് ആരാധിക്കാനുള്ള
അനുമതിയല്ല കടുത്ത താക്കീതാണ് അതായത് ഞാൻ അള്ളാഹുവിനെ മാത്രം ആരാധിക്കാൻ
കല്പിക്കപ്പെട്ടു എന്ന് പ്രവാചകൻ പറഞ്ഞശേഷം മറ്റൊരു നിലപാട് നിങ്ങൾ
എടുക്കുന്നുവെങ്കിൽ നിങ്ങൾ എടുക്കുക അതിന്റെ പ്രത്യാഘാതവും നിങ്ങൾ അനുഭവിക്കുക
എന്ന ശൈലിയാണിത് .അതാണ് തുടർന്ന് ﷲഅള്ളാഹു പറഞ്ഞത് അന്ത്യനാളിൽ സ്വന്തം പരാജയം വിലക്കു
വാങ്ങുകയും കുടുംബത്തെ കൂടി അതിൽ പങ്കാളിയാക്കുകയും ചെയ്യുന്നത് കടുത്ത നഷ്ടം
തന്നെയാണ് എന്ന് .അതായത് തെറ്റായ വിശ്വാസം കൊണ്ട് നടന്നാൽ പരലോകത്ത് നരകം
ഉറപ്പ്. അതിലേക്ക് കുടുംബങ്ങളെ കൂടി ചേർത്തിരുന്നുവെങ്കിൽ അവരും
നരകത്തിലെ നഷ്ടക്കാരായിരിക്കും ഇനി അവർ സ്വർഗാവകാശികളാണെങ്കിലോ ഇവനുമായി അവർക്ക്
യാതൊരു ബന്ധവുമുണ്ടാവുകയില്ല. ഒറ്റപ്പെടലിന്റെ വല്ലാത്തൊരു
ദയനീയത. അതിലേക്ക് നയിച്ചതാവട്ടെ ഇവന്റെ സത്യ നിഷേധവും!
(16)
لَهُم مِّن فَوْقِهِمْ ظُلَلٌ
مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ
يَا عِبَادِ فَاتَّقُونِ
അവർക്ക് അവരുടെ മുകൾ ഭാഗത്ത് തിയ്യിന്റെ തട്ടുകളുണ്ട്. അവരുടെ
കീഴ്ഭാഗത്തുമുണ്ട് തട്ടുകൾ. അതിനെ
പറ്റിയാകുന്നു ﷲഅള്ളാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാൽ എന്റെ ദാസന്മാരേ ,നിങ്ങൾ എന്നെ സൂക്ഷിക്കുവീൻ
നരക ശിക്ഷയുടെ ദയനീയ ചിത്രമാണിത്. തീ എല്ലായിടത്തുനിന്നുമായി അവരെ വലയം ചെയ്യുന്നുണ്ടാവുമെന്നാണിതിന്റെ സാരം. ഇങ്ങനെയുള്ള നരകത്തിൽ ചെന്ന് ചാടാതിരിക്കാനായി ﷲഅള്ളാഹു അടിമകൾക്ക് ഈ കാര്യം വിശദീകരിക്കുന്നത് അവരെ
ഭയപ്പെടുത്താനും അവന്റെ ശിക്ഷയെ ഭയപ്പെട്ടും കല്പനകളെ നടപ്പാക്കിയും വിരോധങ്ങളെയും
കുറ്റങ്ങളെയും കയ്യൊഴിച്ചും അവനെ സൂക്ഷിക്കുക എന്ന് അവരെ പഠിപ്പിക്കാനുമാണ്
(17)
وَالَّذِينَ اجْتَنَبُوا
الطَّاغُوتَ أَن يَعْبُدُوهَا وَأَنَابُوا إِلَى اللَّهِ لَهُمُ الْبُشْرَى
فَبَشِّرْ عِبَادِ
ദുർമൂർത്തിയെ-അതിനെ ആരാധിക്കുന്നത്- വർജ്ജിക്കുകയും അള്ളാഹുവിലേക്ക് വിനയത്തോടെ
മടങ്ങുകയും ചെയ്തവരാരോ അവർക്കാണ് സന്തോഷ വാർത്ത.അതിനാൽ എന്റെ ദാസന്മാർക്ക് അങ്ങ്
സന്തോഷ വാർത്ത അറിയിക്കുക
അബൂദർ رضي الله عنه, സൽമാനുൽ ഫാരിസീ رضي الله عنه തുടങ്ങിയ ബിംബാരാധനയുടെ നിരത്ഥകത മനസ്സിലാക്കി ഏക ദൈവ
വിശ്വാസത്തിലേക്ക് കടന്നു വന്നവരെ പ്രശംസിക്കാനുള്ള സന്ദേശമാണിതിൽ. അതായത് ദുർമൂർത്തിയെ അഥവാ ബിംബങ്ങളെ/പിശാചിനെ ആരാധിക്കുന്നത് ഒഴിവാക്കി മഹാ
കാരുണ്യവാനായ ﷲഅള്ളാഹുവെ മാത്രം ആരാധിക്കുന്ന നിലപാട് സ്വീകരിച്ച് ശരിയായ മാർഗ്ഗം പിന്തുടരുന്നവർക്ക് ഇഹത്തിലും
പരത്തിലും സന്തോഷമുണ്ടെന്ന് സന്ദേശം നൽകുക
(18)
الَّذِينَ يَسْتَمِعُونَ
الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ أُوْلَئِكَ الَّذِينَ هَدَاهُمُ اللَّهُ
وَأُوْلَئِكَ هُمْ أُوْلُوا الْأَلْبَابِ
അതായത് വാക്ക് ശ്രദ്ധിച്ച് കേൾക്കുകയും അതിൽ ഏറ്റവും നല്ലത് പിൻപറ്റുകയും
ചെയ്യുന്നവർക്ക് . അക്കൂട്ടർക്കാകുന്നു ﷲഅള്ളാഹു മാർഗ ദർശനം നൽകിയിട്ടുള്ളത്. അവർ തന്നെയാകുന്നു ബുദ്ധിമാന്മാർ
ദൈവിക വജനങ്ങൾ ശ്രദ്ധിച്ച് കേട്ട്
അതനുസരിച്ച് ജീവിക്കുന്നവരാണവർ ഇത്തരം മാതൃകാ സ്വഭാവം സ്വീകരിക്കുന്നവർ ഇരു
ലോകത്തും സന്മാർഗം ലഭിച്ചവരാണ് അവർ ശരിയായ ബുദ്ധിയും ഋജുവായ പ്രകൃതവും
നൽകപ്പെട്ടവരത്രെ
(19)
أَفَمَنْ حَقَّ عَلَيْهِ كَلِمَةُ
الْعَذَابِ أَفَأَنتَ تُنقِذُ مَن فِي النَّارِ
അപ്പോൾ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുകഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിങ്ങൾക്ക് സഹായിക്കാനാകുമോ?) അപ്പോൾ നരകത്തിലുള്ളവനെ തങ്ങൾക്ക് രക്ഷപ്പെടുത്താനാവുമോ?
ﷲഅള്ളാഹു പരാജയം തീരുമാനിച്ചവരെ വിജയത്തിലെത്തിക്കാൻ ആർക്കും സാദ്ധ്യമല്ല. അഥവാ പരലോകത്ത് ശുപാർശ മുഖേന രക്ഷ ലഭിക്കണമെങ്കിൽ അടിസ്ഥാന ഈമാൻ അനിവാര്യമാണ്. അതില്ലാത്തവർ കാലാകാലം നരക ശിക്ഷ തന്നെ അനുഭവിക്കണം
(20)
لَكِنِ الَّذِينَ اتَّقَوْا
رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِي مِن
تَحْتِهَا الْأَنْهَارُ وَعْدَ اللَّهِ لَا يُخْلِفُ اللَّهُ الْمِيعَادَ
പക്ഷെ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവർക്കാണ് മേൽക്കുമേൽ
തട്ടുകളായി നിർമിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത് അവയുടേ താഴ്ഭാഗത്ത് കൂടി
അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു ﷲഅള്ളാഹുവിന്റെ വാഗ് ദാനമത്രെ അത്. ﷲഅള്ളാഹു വാഗ്‌ദാനം ലംഘിക്കുകയില്ല
വിജയികളായ അടിമകൾക്ക് പരലോകത്ത് ﷲഅള്ളാഹു നൽകുന്ന സമ്മാനങ്ങൾ വിവരിക്കുകയാണിവിടെ ഉയർന്ന്
നിൽക്കുന്ന കൊട്ടാരങ്ങൾ അവർക്കായി ﷲഅള്ളാഹു തയാറാക്കിയിരിക്കുന്നു അതിന്റെ താഴ്ഭാഗത്ത് കൂടി
അരുവികൾ ഒഴുക്കി അവൻ അലംകൃതമാക്കിയിരിക്കുന്നു ജീവിതത്തിൽ അവർ പുലർത്തിയ
വിശുദ്ധിക്കുള്ള സമ്മാനം. ഇത് നാഥന്റെ വാഗ്‌ദാനം.(ഇബ്നുകസീർ)
(ﷲഅള്ളാഹു നമുക്ക് അതിനു ഭാഗ്യം നൽകട്ടെ ആമീൻ)
നബി ﷺ തങ്ങൾ പറഞ്ഞതായി അബൂമാലിക് അൽ അശ്‌അരി رضي الله عنهപറയുന്നു. സ്വർഗത്തിൽ ചില റൂമുകളുണ്ട് പുറമേ നിന്ന് അതിന്റെ ഉള്ളും
ഉള്ളിൽ നിന്ന് അതിന്റെ പുറവും കാണപ്പെടും നല്ല സംസാരം നടത്തുകയും ആവശ്യക്കാർക്ക്
അന്നം നൽകുകയും നോമ്പ് തുടരെ നോൽക്കുകയും ജനങ്ങൾ രാത്രിയിൽ ഉറക്കത്തിലാകുമ്പോൾ
നിസ്ക്കരിക്കുകയും ചെയ്യുന്നവർക്കായി ﷲഅള്ളാഹു ഒരുക്കി വെച്ചതാണത് (ഇബ്നുകസീർ)
ഇമാം അഹ്‌മദ് رحمة
الله عليهറിപ്പോർട്ട് ചെയ്യുന്നു
അബൂഹുറൈറ: رضي الله عنهഒരിക്കൽ നബി ﷺതങ്ങളോട് പറഞ്ഞു ﷲഅള്ളാഹുവിന്റെ ദൂതരേ! ഞങ്ങൾ അങ്ങയെ കണ്ടുകൊണ്ടിരിക്കുമ്പോൾ
ഞങ്ങളൂടെ ഹൃദയങ്ങൾ ലോലമാവുകയും ഞങ്ങൾ പാരത്രിക ചിന്തയുള്ളവരാവുകയും ചെയ്യും എന്നാൽ
തങ്ങളുടെ അടുത്ത് നിന്ന് പിരിഞ്ഞ് പോയാൽ ദുനിയാവ് ഞങ്ങളെ സന്തോഷിപ്പിക്കുകയും
ഞങ്ങൾ ഭാര്യമാരും മക്കളുമൊക്കെയായി ജീവിക്കുകയും ചെയ്യും എന്ന്. നബി ﷺതങ്ങൾ പറഞ്ഞു നിങ്ങൾ എന്റെ
അടുത്തുള്ള അതേ രൂപത്തിൽ എല്ലാ സമയത്തും ആയാൽ മലക്കുകൾ നിങ്ങളെ ഹസ്തദാനം ചെയ്യുകയും
നിങ്ങളുടെ വീടുകളിൽ മലക്കുകൾ സന്ദർശനം നടത്തുകയും ചെയ്യുമായിരുന്നു നിങ്ങൾ ഒരു
ദോഷവും സംഭവിക്കാത്ത പരിശുദ്ധന്മാരായിരുന്നുവെങ്കിൽ ﷲഅള്ളാഹു മറ്റൊരു സമൂഹത്തെ ഇവിടെ കൊണ്ടു വരികയും (അവരിൽ നിന്ന്
കുറ്റം സംഭവിച്ച് അവർ പൊറുക്കലിനെ തേടുമ്പോൾ ﷲഅള്ളാഹു അവർക്ക് പൊറുത്ത് കൊടുക്കുകയും ചെയ്യുമായിരുന്നു.(അതായത്
ഈ നിലവാരത്തിൽ നിങ്ങൾ തുടരുക എന്ന് ) ഞങ്ങൾ ചോദിച്ചു സ്വർഗത്തെ കുറിച്ച് അതിലെ
കെട്ടിടങ്ങളെ കുറിച്ച് ഞങ്ങൾക്കൊന്ന് പറഞ്ഞ് തരിക എന്ന്. അവിടുന്ന്
പറഞ്ഞു അവിടുത്തെ ഇഷ്ടിക സ്വർണ്ണത്തിന്റെയും
വെള്ളിയുടെയുമായിരിക്കും സിമന്റ് അടിച്ച്
വീശുന്ന സൌരഭ്യമുള്ള കസ്തൂരിയും അവിടുത്തെ
കല്ലുകൾ രത്നവും മാണിക്യവും, മണ്ണ് കുങ്കുമവും ആണ് അതിൽ പ്രവേശിച്ചവർ സുഖത്തിൽ
തന്നെയായിരിക്കുകയും ഒരിക്കലും പ്രയാസം ബാധിക്കാത്തവരാവുകയും മരിക്കാതെ നിത്യ
ജീവിതം ലഭിക്കുകയും ചെയ്യും അവരുടെ വസ്ത്രം നുരുമ്പുകയോ യുവത്വം നശിക്കുകയൊ ഇല്ല. (ഇബ്നുകസീർ)
മേൽക്കുമേൽ തട്ടുകളായി നിർമിക്കപ്പെട്ട കൊട്ടാരം എന്നതിന്റെ പരിധിയിൽ
സ്വർഗാവകാശികളുടെ സ്ഥാന വ്യത്യാസമനുസരിച്ച് അവരുടെ കെട്ടിടങ്ങൾ മുകളിലും
താഴെയുമായി കാണാനാവുമെന്നും വിശദീകരണമുണ്ട്. ﷲഅള്ളാഹുവിന്റെ വിധിവിലക്കുകൾ മാനിച്ച് ശരിയായ വിശ്വാസം
മുറുകെ പിടിച്ച് വിജയിക്കുന്നവരിൽ ﷲഅള്ളാഹു നമുക്കെല്ലാം ഇടം നലകട്ടെ ആമീൻ
(തുടരും)
ഇൻശാഅള്ളാഹ്
No comments:
Post a Comment