Monday, August 9, 2021

അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | ഭാഗം 03

അദ്ധ്യായം 39  | സൂറത്ത് സുമർ  سورة الزمر  | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75


(Part -3  -   സൂക്തം 21 മുതൽ 31 വരെ സൂക്തങ്ങളുടെ വിവരണം )

 

 

നബി തങ്ങൾ എല്ലാ രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി رضي الله عنهاപറയുന്നുണ്ടെന്ന് ഇമാം നസാഈ رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

 

(21)
أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاء مَاء فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعًا مُّخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَجْعَلُهُ حُطَامًا إِنَّ فِي ذَلِكَ لَذِكْرَى لِأُوْلِي الْأَلْبَابِ


തങ്ങൾ കണ്ടില്ലേ
? അള്ളാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളിൽ അത് അവൻ പ്രവേശിപ്പിച്ചു.അനന്തരം അത് മുഖേന വ്യത്യസ്ഥ വർണങ്ങളിലുള്ള വിള അവൻ ഉല്പാദിപ്പിക്കുന്നു പിന്നെ അത് ഉണങ്ങിപോകുന്നു അപ്പോൾ അത് മഞ്ഞ നിറം പൂണ്ടതായി അങ്ങേക്ക് കാണാം.പിന്നീട് അതിനെ അവൻ വൈക്കോൽ തുരുമ്പാക്കുന്നു തീർച്ചയായും അതിൽ ബുദ്ധിമാന്മാർക്ക് ഒരു ഗുണപാഠമുണ്ട്


അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് മഴ.കർഷകർ ഉൾപ്പെടെ പലരുടെയും പ്രതീക്ഷയാണത്. വെള്ളം സൂക്ഷിക്കാൻ പറ്റിയ അറകൾ അള്ളാഹു ഭൂമിയിൽ സംവിധാനിച്ചിട്ടുണ്ട് ഒരേ വെള്ളം കൊണ്ട് തന്നെ വിവിധയിനം വിളകൾ അവൻ സൃഷ്ടിക്കുന്നു പച്ചയായി തിന്നുന്നവയും ഉണക്കി പൊടിച്ച് വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവയുമുണ്ട് ഇത്തരം കാര്യങ്ങൾ ബുദ്ധിപൂർവം ചിന്തിച്ച് അള്ളാഹുവിനെ മനസ്സിലാക്കുകയാണ് വേണ്ടത്


ഇബ്നു കസീർ رحمة الله عليهഎഴുതുന്നു. ആകാശത്ത് നിന്ന് അള്ളാഹു വെള്ളം ഭൂമിയിലേക്ക് ഇറക്കിയിട്ട് ഭൂഗർഭ അറകളിൽ അത് സംരക്ഷിക്കുകയും ആവശ്യമുള്ളിടത്തേക്ക് ചെറുതും വലുതുമായ ഉറവകളിലൂടെ അവൻ അത് എത്തിക്കുകയും ചെയ്യുന്നു പിന്നീട് ആകാശത്ത് നിന്നുള്ള വെള്ളം മുഖേനയും ഭൂമിയിൽ നിന്ന് പൊട്ടുന്ന ഉറവകൾ മുഖേനയും വ്യത്യസ്ഥ വർണങ്ങളും രുചികളും വാസനകളും ഉപകാരങ്ങളുമുള്ള ഫലങ്ങൾ ഉണ്ടാക്കുന്നു പിന്നീട് പച്ചപ്പ് പോയി കൃഷിയിടങ്ങളും മറ്റ് ഉല്പന്നങ്ങളും ഉണക്കം ബാധിക്കുന്നതിന്റെ ഭാഗമായി മഞ്ഞ നിറം പ്രത്യക്ഷപ്പെടുകയും പിന്നീട് നന്നായി ഉണങ്ങി വൈക്കോൽ തുരുമ്പുകളായി രൂ‍പപ്പെടുകയും ചെയ്യുന്നു ഈ ഭാവ മാറ്റം നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന ബുദ്ധിമാനായ മനുഷ്യൻ ചിന്തിക്കേണ്ടത് ഈ ലോകത്തിന്റെ അവസ്ഥയെക്കുറിച്ചാണ്  നല്ല പച്ചപ്പും ഊർജ്ജസ്വലതയും വൈരൂപ്യത്തിലേക്കും ക്ഷീണത്തിലേക്കും മാറുന്നതും യുവത്വം വാർദ്ധക്യത്തിലേക്ക് മാറ്റപ്പെടുന്നതും ശക്തിക്ക് പകരം ദുർബലത പ്രകടമാകുന്നതും പിന്നീട് നാശം സംഭവിക്കുന്നതും. തന്റെ അവസ്ഥയും ഇത് തന്നെയാണ് കുട്ടിയിൽ നിന്ന് യുവത്വത്തിലേക്കും പിന്നീട് വാർദ്ധക്യത്തിലേക്കും ശേഷം മരണത്തിലേക്കുമാണ് തന്റെ യാത്ര.മരണ ശേഷം കൂടുതൽ നന്മ ലഭിക്കാൻ സഹായകമായ ജീവിതം തന്നെയാണോ താൻ നയിക്കുന്നത് എന്ന് അവൻ ചിന്തിക്കണം (ഇബ്നുകസീർ)


ഇമാം ഥിബ്‌രി
رحمة الله عليهഎഴുതുന്നു. ഭൂമിയിൽ ഇത്തരം പരിവർത്തനം സൃഷ്ടിക്കുന്ന അള്ളാഹുവിനു മരണ ശേഷം പുനർജനിപ്പിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമല്ല എന്ന് ഉൾക്കൊണ്ട് പരലോക വിജയത്തിനായി അദ്ധ്വാനിക്കാൻ ബുദ്ധിയുള്ളവർക്ക് സാധിക്കണമെന്ന് ഇതിൽ പാഠമുണ്ട് (ഥിബ്‌രി)





(22)
أَفَمَن شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَى نُورٍ مِّن رَّبِّهِ فَوَيْلٌ لِّلْقَاسِيَةِ قُلُوبُهُم مِّن ذِكْرِ اللَّهِ أُوْلَئِكَ فِي ضَلَالٍ مُبِينٍ


അപ്പോൾ ഏതൊരാളുടെ ഹൃദയത്തിനു ഇസ്‌ലാം സ്വീകരിക്കുവാൻ
അള്ളാഹു വിശാലത നൽകുകയും അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തു പോയവനെപ്പോലെയാണോ?) എന്നാൽ അള്ളാഹുവിന്റെ സ്മരണയിൽ നിന്ന് അകന്ന് ഹൃദയങ്ങൾകടുത്തു പോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ



ഇസ്‌ലാം സ്വീകരിക്കുവാനും ശരിയുടെ പക്ഷത്ത് നിലയുറപ്പിക്കുവാനും ദൈവീക നിർദ്ദേശങ്ങൾ സ്വീകരിക്കുവാനും വിരോധങ്ങൾ കയ്യൊഴിക്കുവാനും ഭാഗ്യം ലഭിച്ചവർ സത്യത്തിൽ നിന്ന് ബഹുദൂരം അകന്ന് നിഷേധത്തിന്റെ ഇരുട്ടിൽ തപ്പുന്നവനെ പോലെയാവുമോ? അഥവാ രണ്ട് വിഭാഗവും സമമാണോ? ഒരിക്കലും അല്ല.ദൈവീക സ്മരണയിൽ നിന്ന് അകന്ന് ഹൃദയം കടുത്തവരെ കാത്തിരിക്കുന്നത് മഹാ നാശവും പരാജയവുമാണ്
ഇമാം ഖുർതുബി
رحمة الله عليهഎഴുതുന്നു ഇബ്നു മസ്‌ഊദ് رضي الله عنهപറഞ്ഞു ഞങ്ങൾ ഈ സൂക്തത്തെ സംബന്ധിച്ച് നബി തങ്ങളോട് ചോദിച്ചു  എങ്ങനെയാണ് ഹൃദയം വിശാലമാവുക? എന്ന്. അവിടുന്ന് പറഞ്ഞു. ഈമാനിക പ്രകാശം ഒരു ഹൃദയത്തിൽ പ്രവേശിച്ചാൽ ആ ഹൃയം വിശാലമാകും എന്ന്.അതിന്റെ അടയാളമെന്താണെന്ന് ഞങ്ങൾ ചോദിച്ചു. അവിടുന്ന് പറഞ്ഞു ശാശ്വത ഭവനത്തിലേക്കുള്ള മടക്കവും ഭൌതിക ലോകത്തോടുള്ള അകൽച്ചയും മരണം വരും മുമ്പേ അതിനുള്ള തയാറെടുപ്പ് നടത്തലുമാണ് എന്ന്. (ഈ ലോകം സ്ഥിരമല്ലെന്ന് മനസ്സിലാക്കി സ്ഥിരമായ പരലോകം സുഖകരമാക്കാനായി അദ്ധ്വാനിക്കുകയും മരണ സ്മരണ നിലനിർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ ഈമാനിന്റെ പ്രകാശം ആ ഹൃദയത്തിൽ കടന്നുവെന്ന് മനസ്സിലാക്കാം) നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം ലഭിക്കുന്ന ലോകമാണ് പരലോകം .അവിടെ സന്തോഷിക്കാൻ സഹായകമായതല്ലാതെ പ്രവർത്തിക്കാതിരിക്കാൻ തീരുമാനമെടുക്കാൻ വിശ്വാസത്തിന്റെ പ്രഭ മനസ്സിൽ പ്രവേശിക്കണം എന്ന് ചുരുക്കം (ഖുർതുബി)
എന്നാൽ നിരന്തരം അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങേണ്ടി വരുന്ന മനുഷ്യരെ കണ്ടിട്ട് പോലും ഞാനും ഒരു നാൾ മരിക്കുമെന്ന് ചിന്തിക്കാനും ജീവിതം നന്നാക്കാനും സാധിക്കാത്തവന്റെ ഹൃദയം കല്ലിനേക്കാൾ കടുത്ത് പോയി എന്നാണ് സത്യം
അള്ളാഹു നമ്മുടെ മനസ്സ് ലോലമാക്കിത്തരട്ടെ (ആമീൻ)





(23)
اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ ذَلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاء وَمَن يُضْلِلْ اللَّهُ فَمَا لَهُ مِنْ هَادٍ


അള്ളാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിക്കുന്നത് അഥവാ വചനങ്ങൾക്ക് പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതു നിമിത്തം രോമാഞ്ചമണിയുന്നു  പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അള്ളാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു  അതത്രെ അള്ളാഹുവിന്റെ മാർഗ ദർശനം. അത് മുഖേന അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുന്നു വല്ലവനെയും അവൻ പിഴവിലാക്കുന്ന പക്ഷം അവന് വഴികാട്ടാൻ ആരും തന്നെയില്ല



വിശുദ്ധ ഖുർആൻ നേരത്തേ പറഞ്ഞ ഈമാനിക പ്രകാശം നമ്മുടെ ഹൃദയത്തിൽ കടത്താൻ വളരെ സഹായകമായ കാര്യമാണ്. ഇബ്നുകസീർ رحمة الله عليهഎഴുതുന്നുനബി തങ്ങളുടെ മേലിൽ അള്ളാഹു അവതരിപ്പിച്ച ഖുർആനിന്റെ പ്രശംസയാണീ സൂക്തം (1)  ഏറ്റവും ഉത്തമമായ വർത്തമാനം (അതായത് ഖുർആനിക സന്ദേശം ഒരാൾ ശ്രദ്ധിച്ചാൽ തികച്ചും മാതൃകാപരമായ ഉൽബോധനങ്ങളുടെയും ഉപദേശങ്ങളുടെയും പര്യായമായിരിക്കും. അസത്യമോ അപകടമോ വൈരുദ്ധ്യമോ അതിൽ മറഞ്ഞിരിക്കുന്നില്ല എല്ലാം സുതാര്യവും സത്യ സന്ധവും മാതൃകാപരവും തന്നെ) (2/3) പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്നതും (ഗ്രഹിക്കാനുള്ള സൌകര്യത്തിനായി ഒരേ ശൈലിയിൽ പരാമർശനങ്ങൾ ഉണ്ടാകും ഒരേ വിഷയം പലയിടത്തും ആവർത്തിക്കുകയും ചെയ്യും ഓരോ സ്ഥലത്തും അവതരിപ്പിച്ചതിനു പ്രത്യേക കാരണങ്ങളുണ്ടാകുമെന്നത് ശ്രദ്ധേയമാണ് താനും.  ആവർത്തിക്കുക എന്നതിനു മറ്റൊരു വ്യാഖ്യാനമുണ്ട് ഒരു വിഷയം പറഞ്ഞാൽ അതിന്റെ എതിർ ദിശ കൂടി ചൂണ്ടിക്കാണിക്കുക എന്നതാണത്. അതായത് വിശ്വാസിയെ പരാമർശിച്ചാൽ അവിശ്വാസിയെ കൂടി അവിടെ ചർച്ച ചെയ്യും. നരകം പറഞ്ഞാൽ സ്വർഗവും ഇരുട്ട് പറഞ്ഞാൽ വെളിച്ചവും രാവ് പറഞ്ഞാൽ പകലും പ്രതിഫലം പറഞ്ഞാൽ ശിക്ഷയും പറയുന്ന ശൈലി ഖുർ ആനിൽ കാണാം. (4)  രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതു നിമിത്തം രോമാഞ്ചമണിയുന്നു  (ഖുർആൻ കേൾക്കുമ്പോൾ അതിലെ വാഗ്‌ദാനവും താക്കീതും ഉൾക്കൊണ്ട് ശിക്ഷയെക്കുറിച്ചുള്ള ഭയവും പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷയും നിമിത്തം ദൈവ ഭയമുള്ളവർക്ക് രോമാഞ്ചമുണ്ടാകുന്നു .അവരുടെ മനസ്സിൽ അത് ആഴത്തിൽ സ്വാധീനം ചെലുത്തുന്നു (5) പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അള്ളാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു ( ഖുർആൻ കേൾക്കുമ്പോൾ ദൈവിക ചിന്തയും സ്മരണയും നന്നായി അവരുടെ ഹൃദയങ്ങളിൽ നിറയുന്നു അവരുടെ ജീവിതത്തിൽ അത് നല്ല സ്വാധീനമുണ്ടാക്കുന്നു.വിശ്വാസ വർദ്ധനവ് അവരിൽ പ്രകടമാകുന്നു ഖുർആൻ ശ്രദ്ധാപൂർവം കേൾക്കുകയും കണ്ണുകൾ ജലാർദ്രങ്ങളാവുകയും ചെയ്യുന്നു കേട്ടത് അങ്ങനെത്തന്നെ പ്രാവർത്തികമാക്കാൻ അവരുടെ മനസ്സുകൾ കൊതിക്കുന്നു അവർക്ക് മന:ശാന്തിയും സമാധാനവും കൈവരുന്നു ഇത്തരം പരിവർത്തനങ്ങൾ ഖുർ ആൻ കൊണ്ട് നേടുന്നവരെയാണ് അള്ളാഹു സന്മാർഗത്തിനായി തിരഞ്ഞെടുത്തത് എന്നാൽ ഇതൊന്നും ഫലിക്കാത്തവർ വഴിതെറ്റിയവരാകുന്നുഇനി അവരെങ്ങിനെ നന്നാവാൻ !?(ഇബ്നു കസീർ)



(24)
أَفَمَن يَتَّقِي بِوَجْهِهِ سُوءَ الْعَذَابِ يَوْمَ الْقِيَامَةِ وَقِيلَ لِلظَّالِمِينَ ذُوقُوا مَا كُنتُمْ تَكْسِبُونَ


എന്നാൽ ഉയിർത്തെഴുന്നേല്പിന്റെ നാളിൽ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടി വരുന്ന ഒരാൾ (അന്ന് നിർഭയനായിരിക്കുന്നവനെ പോലെയാകുമോ
?) നിങ്ങൾ സമ്പാദിച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾ ആസ്വദിച്ച് കൊള്ളുക എന്ന് അക്രമികളോട് പറയപ്പെടുകയും ചെയ്യും



മുഖത്തിന്റെ മേലെ അവനെ നരകത്തിലേക്ക് വലിക്കപ്പെടുന്നവൻ അന്ന് നിർഭയനായ സത്യ വിശ്വാസിയെ പോലെയാകുമോ? ഒരിക്കലുമില്ല അവരോട് മലക്കുകൾ പറയുന്നത് ചെയ്ത് വെച്ച തിന്മകളുടെ ശിക്ഷ രുചിക്കുക എന്നായിരിക്കും എന്നാൽ സത്യ വിശ്വാസി സ്വർഗത്തിലേക്കാണ് ആനയിക്കപ്പെടുന്നത് (അള്ളാഹു നമ്മെ ആ ഭാഗ്യവാന്മാരിൽ പെടുത്തട്ടെ ആമീൻ)


(25)
كَذَّبَ الَّذِينَ مِن قَبْلِهِمْ فَأَتَاهُمْ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ


അവർക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു.അപ്പോൾ അവർ അറിയാത്ത ഭാഗത്ത് കൂടി അവർക്ക് ശിക്ഷ വന്നെത്തി



മുൻ തലമുറകളിലെ നിഷേധികൾ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ഇനി പരലോകത്തും അവരെവരവേൽക്കുന്നത് കടുത്ത ശിക്ഷ തന്നെയാകും (
അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ)



(26)
فَأَذَاقَهُمُ اللَّهُ الْخِزْيَ فِي الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ


അങ്ങനെ ഐഹിക ജീവിതത്തിൽ
അള്ളാഹു അവർക്ക് അപമാനം ആസ്വദിപ്പിച്ചു പരലോക ശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത് അവർ അത് മനസ്സിലാക്കിയിരുന്നെങ്കിൽ..!



അവർ അവരുടെ പ്രവാചകന്മാരെ നിഷേധിച്ച് മുന്നോട്ട് പോയപ്പോൾ അള്ളാഹു അവർക്ക് കടുത്ത ശിക്ഷ നൽകി. ഈ ലോകത്ത് അവരുടെ അഹങ്കാരത്തിനുള്ള പ്രതിഫലം, അത് അവർക്ക് വല്ലാത്ത അപമാനം തന്നെയായിരുന്നു എന്നാൽ പരലോകത്ത് അവരെ കാത്തിരിക്കുന്ന ശിക്ഷയാകട്ടെ ഇവിടെ അനുഭവിച്ചതിനേക്കാൾ എത്രയോ ഭീകരമായിരിക്കും .മുൻഗാമികളുടെ ഈ അനുഭവം മക്കയിലെ ബഹുദൈവ വിശ്വാസികളോട് അള്ളാഹു പറയുമ്പോൾ അതിൽ വലിയ ഒരു താക്കീതുണ്ട്. മുൻകാലത്ത് പ്രവാചകന്മാരെ നിഷേധിച്ചവർക്ക് തന്നെ ഇവ്വിധം ശിക്ഷ വന്നെങ്കിൽ അവസാനത്തെ നബിയും ഏറ്റവും ശ്രേഷ്ഠ പ്രവാചകരുമായ നബി  തങ്ങളെയാണ് നിങ്ങൾ നിഷേധിക്കുന്നത് നിങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന അപമാനം വളരെ വലുതായിരിക്കും ഇത് ഇവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ നന്നായിരുന്നു  എന്നാണിവിടെ സൂചിപ്പിക്കുന്നത് (ഇബ്നുകസീർ)



(27)
وَلَقَدْ ضَرَبْنَا لِلنَّاسِ فِي هَذَا الْقُرْآنِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ


തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകൾ വിവരിച്ചിട്ടുണ്ട്.അവർ ആലോചിച്ച് മനസ്സിലാക്കുവാൻ വേണ്ടി



മുൻകാല സമൂഹങ്ങളുടെ അനുഭവം അള്ളാഹു വിവരിച്ചത് ഇവർ ഉൽബോധനം സ്വീകരിക്കാനും നിഷേധത്തിൽ നിന്ന് മാറി നിൽക്കാനുമാണ്. വിവരണത്തിലെ പോരായ്മ കൊണ്ട് ആർക്കും സത്യം വ്യക്തമാവാതെ പോവുകയില്ല



(28)
قُرآنًا عَرَبِيًّا غَيْرَ ذِي عِوَجٍ لَّعَلَّهُمْ يَتَّقُونَ

 


അതെ.
ഒട്ടും വക്രതയുള്ളതല്ലാത്ത അറബി ഭാഷയിലുള്ള ഒരു ഖുർആൻ. അവർ സൂക്ഷ്മത പാലിക്കാൻ വേണ്ടി



അതെ.യാതൊരു അവ്യക്തതയുമില്ലാത്ത സ്ഫുടമായ അറബി ഭാഷയിൽ അള്ളാഹു കാര്യങ്ങൾ വിശദീകരിക്കുന്നത് അവർ പാഠമുൾക്കൊള്ളാനും അള്ളാഹുവിന്റെ ശിക്ഷക്ക് കാരണമാകുന്ന നിഷേധവും ബഹുദൈവാരാധനയും ഒഴിവാക്കി അവനിലേക്ക് ഖേദിച്ച് മടങ്ങാനുമാണ് (ഥിബ്‌രി)


(29)
ضَرَبَ اللَّهُ مَثَلًا رَّجُلًا فِيهِ شُرَكَاء مُتَشَاكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لَا يَعْلَمُونَ


അള്ളാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്മാർ.ഒരു യജമാനന്ന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു) ഉപമയിൽ ഇവർ രണ്ടു പേരും ഒരു പോലെയാകുമോ? അള്ളാഹുവിനു സ്തുതി.പക്ഷെ അവരിൽ അധികപേരും അറിയുന്നില്ല


പലർക്കും പങ്കാളിത്തമുള്ള ഒരു അടിമയുടെ കാര്യത്തിൽ ഉടമകൾ പരസ്പരം വഴക്കിടുന്ന ആ അടിമയും ഒരാളുടെ മാത്രം ഉടമയിലുള്ള ഒരു അടിമയും സമമാണോ എന്ന  ഉപമ അള്ളാഹു പറയുന്നത് ഒരിക്കലും അവർ സമമല്ല എന്ന് സ്ഥിരീകരിക്കാനാണ്. ഇത് പോലെ ധാരാളം ആരാധ്യന്മാരെ സ്ഥാപിക്കുന്ന ബഹുദൈവ വാദികളും അള്ളാഹുവിനെ മാത്രം ആരാധ്യനായി അംഗീകരിക്കുന്ന സത്യ വിശ്വാസിയും ഒരു പോലെയല്ല .ഈ ഉദാഹരണം വളരെ വ്യക്തമായി ആർക്കും മനസ്സിലാകുമെന്നതിനാൽ തെളിവുകൾ സ്ഥാപിച്ചതിന്റെ പേരിൽ അള്ളാഹുവിനെ സ്തുതിക്കുക എന്ന കടമ നിർവഹിക്കാനാണ് തുടർന്ന് അള്ളാഹുവിനാകുന്നു സർവ സ്തുതിയും എന്ന പ്രഖ്യാപനം .എന്നാൽ ഈ യാഥാർത്ഥ്യം ബഹുദൈവാരാധകർക്ക് മനസ്സിലാകുന്നില്ല അത് കൊണ്ട് അവർ അവിടെ പങ്കാളികളെ സ്ഥാപിച്ച് കൊണ്ടിരിക്കുന്നു (ഇബ്നുകസീർ)



(30)
إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ


തീർച്ചയായും അങ്ങ് മരിക്കുന്നവരാകുന്നു അവരും മരിക്കുന്നവരാകുന്നു


അള്ളാഹു അല്ലാത്തവരെല്ലാം ഈ ലോകത്ത് എത്ര ഉന്നതരായാലും മതപരമായോ ഭൌതികമായോ അവർക്ക് എത്ര മികച്ച സ്ഥാനങ്ങളുണ്ടായാലും അവർ മരണപ്പെടുക തന്നെ ചെയ്യും മുശ്‌രിക്കുകൾ ദൈവങ്ങളെന്ന് വിശ്വസിക്കുന്നവരും മരണപ്പെടുന്നതിലുണ്ട്. എങ്കിൽ അത്തരക്കാരെ അള്ളാഹുവോട് സമപ്പെടുത്തുന്നത് എന്ത് മാത്രം അപരാധമായിരിക്കും എന്ന് ചിന്തിപ്പിക്കുകയാണിവിടെ .ആരാധ്യൻ അള്ളാഹു മാത്രമേ ഉള്ളൂ എന്നതിന്റെ സ്ഥിരീകരണവും ഇതിലുണ്ട്. അത് കൊണ്ടാണ് നബി തങ്ങൾ വിട പറഞ്ഞപ്പോൾ അബൂബക്ക رضي الله عنه ആരെങ്കിലും മുഹമ്മദ് നബി യെ ആരാധിക്കുന്നുവെങ്കിൽ അവിടുന്ന് വിട പറഞ്ഞിരിക്കുന്നു അള്ളാഹുവെയാണ് ആരാധിക്കുന്നതെങ്കിൽ അവൻ എന്നെന്നും ജീവിച്ചിരിക്കുന്നുണ്ട് താനും എന്ന് പറഞ്ഞത്. പടപ്പുകളെല്ലാം ഈ ലോകത്ത് നിന്ന് പോകുമെന്നും പരലോകത്ത് അള്ളാഹു എല്ലാവരേയും ഒരുമിച്ച് കൂട്ടുമെന്നും ആരുടെതാണ് ശരിയായ വിശ്വാസം എന്ന് അവൻ തീർപ്പ് കൽപ്പിക്കുമെന്നും ഇവിടെ ഉണർത്തുന്നുണ്ട്  എന്ന് ഇബ്നുകസീർ رحمة الله عليهരേഖപ്പെടുത്തുന്നു

 


(3
1)
ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِندَ رَبِّكُمْ تَخْتَصِمُونَ


പിന്നീട് നിങ്ങൾ ഉയിർത്തെഴുന്നേല്പിന്റെ നാളിൽ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ വെച്ച് വഴക്ക് കൂടുന്നതാണ്



അതായത് ഭൂമിയിൽ വെച്ച് അക്രമം ഏറ്റുവാങ്ങിയവന്ന്  അക്രമിയോട് പകരം ചോദിക്കാൻ അവസരമുണ്ടാകും  ഭൂമിയിൽ കൊമ്പുള്ള ആട് കൊമ്പില്ലാത്ത ആടിനെ കുത്തിയതിന് പകരം കുത്താൻ അള്ളാഹു കൊമ്പില്ലാതിരുന്ന ആടിനു പോലും അവസരം നൽകും. ചതിയന്മാർ അവിടെ പ്രതിക്കൂട്ടിൽ നിൽക്കും വഞ്ചിക്കപ്പെട്ടവർക്ക് വഞ്ചിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ സംവിധാനം ഉണ്ടാകും .വഴിതെറ്റിച്ച നേതാക്കൾക്കെതിരിൽ അനുയായികളുടെ പരാതി ഉയരും. ഇങ്ങനെ നീതിയും സത്യവും പുലരാനും ഓരോരുത്തർക്കും അവകാശപ്പെട്ടത് നൽകാനും നാഥൻ സംവിധാനം ഉണ്ടാക്കും .ധാരാളം സൽക്കർമങ്ങളുമായി വന്ന് പരാതിക്കാർക്ക് അത് മുഴുവനും വിഹിതം വെച്ച് കൊടുത്ത് പിന്നെയും പരാതിക്കാർ ബാക്കിയാവുകയും അവരുടെ കുറ്റങ്ങൾ കൂടി ഇവന്റെ ഉത്തരവാദിത്വത്തിലേക്ക് മാറ്റി നരകത്തിലേക്ക് മലക്കുകൾ വലിച്ചു കൊണ്ടു പോകുന്ന ഹതഭാഗ്യനാണ് ഏറ്റവും വലിയ പാപ്പരായവൻ എന്ന നബി വചനം ഇവിടെ സ്മരിക്കുക അള്ളാഹു നമ്മെ ഇരു ലോക വിജയികളിൽ പെടുത്തട്ടെ ആമീൻ


(തുടരും)
ഇൻശാ അള്ളാഹ്





ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: