Monday, August 23, 2021

അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | ഭാഗം 05

അദ്ധ്യായം 39  | സൂറത്ത് സുമർ  سورة الزمر  | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75


(Part -5  -   സൂക്തം 41 മുതൽ 52 വരെ സൂക്തങ്ങളുടെ വിവരണം )

 

 

നബി തങ്ങൾ എല്ലാ രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി رضي الله عنهاപറയുന്നുണ്ടെന്ന് ഇമാം നസാഈ رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(41)
إِنَّا أَنزَلْنَا عَلَيْكَ الْكِتَابَ لِلنَّاسِ بِالْحَقِّ فَمَنِ اهْتَدَى فَلِنَفْسِهِ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَمَا أَنتَ عَلَيْهِم بِوَكِيلٍ


തീർച്ചയായും നാം മനുഷ്യർക്ക് വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം തങ്ങളുടെ മേലിൽ ഇറക്കിയിരിക്കുന്നു അതിനാൽ ആരെങ്കിലും സന്മാർഗം സ്വീകരിച്ചാൽ അത് അവന്റെ ഗുണത്തിനു തന്നെയാണ് വല്ലവനും വഴിപിഴച്ചു പോയാൽ അവൻ വഴിപിഴച്ചു പോകുന്നതിന്റെ ദോഷവും അവനു തന്നെ.തങ്ങൾ അവരുടെ മേൽ ഏല്പിക്കപ്പെട്ടയാളല്ല


അള്ളാഹു നബി തങ്ങളെ സംബോധന ചെയ്തു കൊണ്ട് പറയുന്നത് മനുഷ്യ, ജിന്ന് വിഭാഗങ്ങൾക്കെല്ലാം താക്കീത് നൽകാനും ആവശ്യമായ ഉൽബോധനം നൽകാനുമായി എല്ലാ നിലയിലും അസത്യത്തിന്റെ ലാഞ്ചന പോലുമില്ലാതെ സത്യസമേതം നബി തങ്ങളുടെ മേൽ ഖുർആൻ അവതരിപ്പിച്ചു. അതിന്റെ ഉൽബോധനം സ്വീകരിച്ചും താക്കീ‍തുകൾ മുഖവിലക്കെടുത്തും സന്മാർഗം സ്വീകരിച്ച് ആരെങ്കിലും ജീവിക്കുന്നുവെങ്കിൽ അതിന്റെ ഗുണവും നേട്ടവും അവനു തന്നെയാണ് അഥവാ അനന്തമായ സന്തോഷവും സൌഭാഗ്യവും അനുഭവിക്കാൻ അവന് സാധിക്കും. എന്നാൽ ഖുർആനിന്റെ ഉൽബോധനം നിരാകരിക്കുകയും താക്കീതുകളെ അവഗണിക്കുകയും ചെയ്യുക വഴി വഴിതെറ്റുകയാണെങ്കിൽ അതിന്റെ ദുരിതവും അവൻ തന്നെയാണ് അനുഭവിക്കേണ്ടി വരിക. കാരണം അവൻ കാലാകാലം നരകത്തിന്റെ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെടുകയാണല്ലോ ചെയ്യുന്നത്. അവനെ രക്ഷിക്കാനോ സഹായിക്കാനോ ആരുമുണ്ടാവില്ല. എന്നാൽ ഖുർആനിന്റെ നിർദ്ദേശങ്ങളും താക്കീതുകളും ജനങ്ങളിലേക്ക് എത്തിച്ച് നൽകുക എന്ന ബാധ്യതയാണ് നബി തങ്ങൾക്ക് അള്ളാഹു നൽകിയത് അല്ലാതെ ആളുകളെ നേർവഴിയിലെത്തിക്കുക എന്ന ചുമതലയല്ല. അത് കൊണ്ട് എത്തിച്ചു കൊടുക്കുക എന്ന കടമ തങ്ങൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്ന് അള്ളാഹുവിനറിയാം. ആരെങ്കിലും വഴിതെറ്റുമ്പോൾ നബി തങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥതയിൽ അവിടുത്തേക്ക് സമാധാനം നൽകുന്ന പ്രയോഗമാണിത് എന്ത് കൊണ്ട് അവൻ നന്നായില്ല എന്ന ചോദ്യം തങ്ങൾക്ക് നേരെ ഉയരുകയില്ല എന്ന് സാരം



(42)
اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَى عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَى إِلَى أَجَلٍ مُسَمًّى إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ


ആത്മാവുകളെ അവയുടെ മരണ വേളയിൽ
അള്ളാഹു പൂർണ്ണമായി ഏറ്റെടുക്കുന്നു മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചു വെക്കുന്നു മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്



മരണവും ഉറക്കവും പരസ്പരം സാമ്യമുള്ള പ്രതിഭാസങ്ങളാണ് മനുഷ്യന്റെ ശ്രദ്ധ അതിലേക്ക് ക്ഷണിക്കുകയാണിവിടെ. മരിക്കുന്നവരുടെ ആത്മാവ് തിരിച്ചു വരുന്നില്ല എന്നാൽ ഉറങ്ങിയവരുടെത് തിരിച്ചു വരികയും സമ്പൂർണ്ണ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു ഉറക്കം മരണത്തിന്റെ സഹോദരനാണെന്ന വാക്യം ഇവിടെ ഓർക്കാം.
ഇബ്നുകസീർ
رحمة الله عليهഎഴുതുന്നു അള്ളാഹു തന്നെ പരിചയപ്പെടുത്തുകയാണിവിടെ അവൻ എല്ലാ കാര്യത്തിലും അവൻ ഉദ്ദേശിക്കുന്ന പ്രകാരം ക്രയവിക്രയം നടത്തുന്നവനാണ്. മനുഷ്യന് രണ്ട് തരത്തിലുള്ള മരണം അള്ളാഹു നൽകുന്നു ഉറക്കത്തെ ചെറുമരണമായി അള്ളാഹുപരിചയപ്പെടുത്തുന്നു സമ്പൂർണമായി ആത്മാവിനെ പിടിച്ചെടുക്കുന്നത് വലിയ മരണമാണ് എന്നാൽ ഉറക്കത്തിലും ഒരു തരം പിടുത്തം ആത്മാവിനെ പിടിക്കുന്നു അത് കൊണ്ടാണ് അവനു പൂർണ ചലനം ഉറക്കത്തിൽ നടക്കാത്തത് ഉറങ്ങാൽ കിടക്കുമ്പോൾ ചൊല്ലാൻ നിർദ്ദേശിക്കപ്പെട്ട വാക്യങ്ങൾ ഇത് ബോദ്ധ്യപ്പെടുത്തും.

باسمك ربي وضعت جنبي وبك أرفعه ان أمسكت نفسي فارحمها وان ارسلتها فاحفظها بماتحفظ به عبادك الصالحين

 “അള്ളാഹുവിന്റെ നാമം കൊണ്ട് ഞാൻ എന്റെ ശരീരം വെക്കുന്നു അവനെക്കൊണ്ട് തന്നെ അതിനെ ഞാൻ ഉയർത്തുകയും ചെയ്യുന്നു . ഈ ഉറക്കത്തിൽ ആത്മാവിനെ നീ പിടിക്കുകയാണെങ്കിൽ അതിനോട് നീ കരുണ കാണിക്കേണമേ പൂർണമായി പിടിക്കാതെ വിട്ടയക്കുന്നുവെങ്കിൽ നിന്റെ സജ്ജനങ്ങൾക്ക് നീ നൽകിയ കാവൽ കൊണ്ട് അതിനെയും  നീ സംരക്ഷിക്കേണമേ  (ഈ വാക്യങ്ങളിൽ മരണസമയത്തുള്ള പൂർണ പിടുത്തവും ഉറക്കത്തിലുള്ള ഭാഗിക പിടുത്തവും വ്യക്തം).ഇത്തരം പ്രവർത്തനങ്ങൾ ചിന്തിക്കുന്നവർക്ക് പാഠമാണ്. അള്ളാഹു ഉദ്ദേശിക്കുന്ന സമയത്തിനു മുമ്പ് മരിക്കാനോ അവൻ നിശ്ചയിച്ച സമയത്ത് മരണത്തിൽ നിന്ന് രക്ഷപ്പെടാനോ നമ്മുടെ കയ്യിൽ ഒരു മാർഗവുമില്ല എന്നിട്ടും ബലഹീനനായ മനുഷ്യൻ അഹങ്കരിക്കുകയും അള്ളാഹുവിനെ ധിക്കരിക്കുകയും അവന്റെ ആസ്തിക്യത്തെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു എന്നത് വിചിത്രമല്ലേ!

പുനർജന്മം സാദ്ധ്യമാണെന്നതിന്റെ തെളിവ് ഈ ആത്മാവിനെ മടക്കി കൊടുക്കുന്നതിൽ നിന്ന് മനസ്സിലാക്കാം എന്ന് ഇമാം ബഗ്‌വി رحمة الله عليه പറയുന്നു (ബഗ്‌വി)



(43)
أَمِ اتَّخَذُوا مِن دُونِ اللَّهِ شُفَعَاء قُلْ أَوَلَوْ كَانُوا لَا يَمْلِكُونَ شَيْئًا وَلَا يَعْقِلُونَ


അതല്ല
അള്ളാഹുവിനു പുറമേ അവർ ശുപാർശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക അവർ (ശുപാർശക്കാർ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ച് മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും (അവരെ ശുപാർശക്കാരാക്കുകയോ?)


അവർ (മുശ്‌രിക്കുകൾ) അള്ളാഹുവിൽ നിന്ന് കാര്യങ്ങൾ നിർബന്ധപൂർവ്വം പിടിച്ചു വാങ്ങിത്തരും എന്ന വിശ്വാസത്തോടെ പല ശുപാർശക്കാരെയും ദൈവങ്ങളായി സങ്കല്പിച്ചു എന്നാൽ അവകൾക്ക് യാതൊരു കഴിവോ ഗ്രാഹ്യ ശക്തി പോലുമോ ഇല്ല എന്നതാണ് വസ്തുത. ഇത് തികച്ചും അപലപനീയമായ പ്രവർത്തി തന്നെ എന്ന് സാരം.
ഇബ്നു കസീർ
رحمة الله عليه എഴുതുന്നു ബഹുദൈവാരാധകർ ബിംബങ്ങളെ ശുപാർശക്കാരാക്കിയതിനെ അള്ളാഹു ആക്ഷേപിക്കുകയാണിവിടെ കാരണം യാതൊരു തെളിവുമില്ലാതെ അവർ സ്വയം മിനഞ്ഞുണ്ടാക്കിയതാണിത് ആ ശുപാർശക്കാർ എന്ന് ഇവർ പറയുന്നവക്ക് യാതൊരു അധികാരവുമില്ല കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിയോ കേൾക്കാനുള്ള കാതോ കാണാനുള്ള കണ്ണോ അവക്കില്ല കാരണം അവ ജീവിയേക്കാൾ നിലവാരം തഴ്ന്ന അചേതന വസ്തുക്കളാകുന്നു (എന്നിട്ടും അവയെ സർവ ശക്തനായ അള്ളാഹുവിന്റെ കൂറുകാരാണെന്ന് പറയുന്ന അക്രമം അതിരു വിട്ടത് തന്നെ )



ഇമാം ഥിബ്‌രി
رحمة الله عليهഎഴുതുന്നു അള്ളാഹുവിന്റെ അനുമതിയില്ലാതെ ഒരാൾക്കും ശുപാർശ ചെയ്യാൻ സാധിക്കില്ല അതിനാൽ ആരാധന അവനു മാത്രം നൽകുകയും അവൻ ഇഷ്ടപ്പെടുന്ന വിധം ജീവിതം ക്രമീകരിക്കുകയും വേണം  (അല്ലാതിരുന്നാൽ അള്ളാഹുവിന്റെ സഹായവും ഇല്ല ശുപാർശക്കാർ രക്ഷിക്കുകയുമില്ല)


(44)
قُل لِّلَّهِ الشَّفَاعَةُ جَمِيعًا لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ثُمَّ إِلَيْهِ تُرْجَعُونَ


പറയുക.
അള്ളാഹുവിന്നാകുന്നു ശുപാർശ മുഴുവൻ.അവന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നത്



അള്ളാഹുവിനെ വിട്ട് ശുപാർശക്കാരെ തേടിപ്പോയവരോട് പറയാൻ നബി തങ്ങളോട് അള്ളാഹു നിർദ്ദേശിക്കുന്നതിന്റെ ചുരുക്കം അള്ളാഹു തൃപ്തിപ്പെട്ടവരും അവൻ അനുമതി നൽകിയവരും മാത്രമേ അള്ളാഹുവിങ്കൽ ശുപാർശ ചെയ്യുകയുള്ളൂ കാരണം അതിന്റെ നിയന്ത്രണം മുഴുവനും അള്ളാഹുവിന്നാകുന്നു അവനിലേക്ക് തന്നെയാണ് എല്ലാവരുടെയും മടക്കം അവർക്കിടയിൽ അവൻ നീതി പൂർവം വിധി കല്പിക്കുകയും അർഹമായ പ്രതിഫലം ഓരോരുത്തർക്കും അവൻ നൽകുകയും ചെയ്യും  അപ്പോൾ അവനെ ആരാധിക്കുകയും അവന്റെ അനുഗ്രഹം കാംക്ഷിക്കുകയും ചെയ്ത് അവന്റെ ഇഷ്ടദാസന്മാരോട് അടുപ്പം പുലർത്തി ജീവിക്കുകയാണ് വേണ്ടത്. ഈ നിർദ്ദേശം അവഗണിക്കുന്നത് തികച്ചും ആത്മഹത്യാപരം തന്നെ എന്ന് ചുരുക്കം



(45)
وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ


അള്ളാഹുവെ പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാൽ പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങൾക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്.അള്ളാഹുവിനു പുറമേയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവർ സന്തുഷ്ടചിത്തരാകുന്നു


മുശ്‌രിക്കുകളുടെ ഒരു സ്വഭാവമാണിത് അള്ളാഹുവെ മാത്രം ആരാധിക്കണമെന്ന് പറയപ്പെട്ടാൽ അവർ പ്രതിഷേധിക്കും അത് അവർ നിരാകരിക്കും അതേ സമയം ബഹുദൈവങ്ങളെ പരാമർശിക്കുന്നിടത്ത് അവർക്ക് ആനന്ദമുണ്ടാകും അഥവാ അവരുടെ ഹൃദയത്തിൽ അള്ളാഹുവിനു ഒരു സ്ഥാനവുമില്ല (വസ്തുത ഇതായിരിക്കെ നമ്മുടെ ചില സഹോദരങ്ങൾ ഈ ബഹുദൈവ വാദികൾക്ക് അള്ളാഹുവിൽ വിശ്വാസമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ പണിപ്പെടുന്നത് കാ‍ണുമ്പോൾ സഹതാപം തോന്നുന്നു)

 


(46)
قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ


പറയുക. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവും അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ
അള്ളാഹുവേ, നിന്റെ ദാസന്മാർക്കിടയിൽ അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ നീ തന്നെയാണ് വിധി കല്പിക്കുന്നത്

ഇബ്നു കസീർ رحمة الله عليهഎഴുതുന്നു അള്ളാഹു കഴിഞ്ഞ സൂക്തങ്ങളിൽ ബഹുദൈരാധന ഇഷ്ടപ്പെടുകയും ഏകദൈവാരാധന (തൌഹീദ്) വെറുക്കുകയും ചെയ്തവരുടെ നിലപാടിനെ ആക്ഷേപിച്ച ശേഷം ഏക ദൈവാരാധനയെ അരക്കിട്ടുറപ്പിക്കുന്ന ഒരു പ്രാർത്ഥന നബി തങ്ങളോട് നിർദ്ദേശിക്കുകയാണ് ഒരു മുൻ മാതൃകയില്ലാതെ ആകാശ ഭൂമികളെ സൃഷ്ടിച്ച, രഹസ്യവും പരസ്യവും, ദൃശ്യവും അദൃശ്യവും അറിയുന്ന, ഭൂമിയിൽ ജനങ്ങൾ തർക്കത്തിലായ വിഷയങ്ങളിലെല്ലാം പരലോകത്ത് തീർപ്പ്  കല്പിക്കുന്ന അള്ളാഹുവേനിന്റെ അടിമകൾക്കിടയിൽ തർക്കത്തിലുള്ള കാര്യങ്ങൾക്ക് നീ തന്നെയാണ്  വിധികല്പിക്കുന്നത് ആരാണ് ശരി ആരാണ് തെറ്റിപ്പോയത് എന്ന് അന്ന് ബോധ്യപ്പെടും
(ഇങ്ങനെ വിവരിക്കുമ്പോൾ അള്ളാഹുവിന്റെ പ്രാധാന്യം ബോധ്യപ്പെടുകയും മറ്റു ദൈവങ്ങൾ അപ്രസക്തമാവുകയും ചെയ്യുമെന്നത് വ്യക്തം)
അബ്ദുള്ളാഹി ബിൻ മസ്‌ഊദ്
رضي الله عنهനബി തങ്ങൾ പറഞ്ഞതായി ഉദ്ധരിക്കുന്നു

أللهم فاطر السماوات والأرض عالم الغيب والشهادة اني أعهد اليك في هذه الدنيا أني أشهد أن لااله الاانت وحدك لاشريك لك وأن محمدا عبدك ورسولك فانك ان تكلني الي نفسي تقربني من الشر وتباعدني من الخيرواني لاأثق الابرحمتك فاجعل لي عندك عهدا توفينيه يوم القيامة انك لاتخلف الميعاد

ആരെങ്കിലും ആകാശ ഭൂമികളെ മുൻ മാതൃകയില്ലാതെ സൃഷ്ടിച്ച, ദൃശ്യവും അദൃശ്യവുമറിയുന്ന അള്ളാഹുവേ! ഈ ഭൂമിയിൽ വെച്ച് നിന്നോട് ഞാൻ കരാർ സ്വീകരിക്കുന്നു നീ മാത്രമാണ് ആരാധ്യൻ യാതൊരു കൂറുകാരുമില്ലാത്ത ഏകൻ. മുഹമ്മദ് നബി തങ്ങൾ നിന്റെ അടിമയും ദൂതനുമാണ് എന്ന് ഞാൻ മനസ്സിൽ ബോധ്യപ്പെട്ട കാര്യം പരസ്യമായി പ്രഖ്യാപിക്കുന്നു നീ എന്നെ എന്നിലേക്ക് ഏല്പിച്ചാൽ തിന്മയിലേക്ക് എന്നെ അടുപ്പിക്കലും നന്മയിൽ നിന്ന് എന്നെ അകറ്റലുമായിരിക്കും അതിന്റെ ഫലം. കാരണം നിന്റെ കാരുണ്യമല്ലാതെ എനിക്ക് ഒരു പ്രതീക്ഷയുമില്ല. അതിനാൽ അന്ത്യനാളിൽ നീ എനിക്ക് പൂർത്തിയാക്കിത്തരുന്ന ഒരു ഉടമ്പടി എനിക്ക് നീ നിശ്ചയിക്കേണമേ നീ വാഗ്‌ദാനം ലംഘിക്കാത്തവനാണല്ലോ എന്ന് പറഞ്ഞാൽ അള്ളാഹു മലക്കുകളോട് പറയും എന്റെ അടിമ എന്നോട് കരാറിൽ ഏർപ്പെട്ടിരിക്കുന്നു അത് കൊണ്ട് അത് നിങ്ങൾ പൂർത്തിയാക്കുക എന്ന്. അങ്ങനെ അള്ളാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും (ഇബ്നുകസീർ )

ഈ പ്രാർത്ഥന നമുക്ക് നടപ്പാക്കുള്ളതാണ് എന്ന് ഓർക്കുക



(47)
وَلَوْ أَنَّ لِلَّذِينَ ظَلَمُوا مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ مِن سُوءِ الْعَذَابِ يَوْمَ الْقِيَامَةِ وَبَدَا لَهُم مِّنَ اللَّهِ مَا لَمْ يَكُونُوا يَحْتَسِبُونَ


ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവർത്തിച്ചവരുടെ അധീനത്തിലുണ്ടായിരുന്നാൽ പോലും ഉയിർത്തെഴുന്നേല്പിന്റെ നാളിലെ കടുത്ത ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അതവർ പ്രായശ്ചിത്തമായി നൽകിയേക്കും. അവർ കണക്ക് കൂട്ടിയിട്ടില്ലായിരുന്ന പലതും
അള്ളാഹുവിങ്കൽ നിന്ന് അവർക്ക് വെളിപ്പെടുകയും ചെയ്യും



ബിംബാരാധന അള്ളാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്നതാണെന്ന് ധരിച്ച ബഹുദൈവാരാധകർ പരലോകത്ത് വരുമ്പോൾ അവരുടെ കണക്ക് കൂട്ടലുകൾക്കപ്പുറമാണ് കാര്യം എന്ന് അവർക്ക് ബോധ്യപ്പെടും അപ്പോൾ അള്ളാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എന്ത് പ്രായശ്ചിത്തം ചെയ്യാനും അവർ ഒരുക്കമായിരിക്കും പക്ഷെ ഒന്നും ഫലപ്രദമല്ലെന്ന് അവർക്ക് ബോദ്ധ്യപ്പെടും . മുഹമ്മദ് ബിൻ അൽ മുൻകദിർ رضي الله عنه മരണ സമയത്ത് അസ്വസ്ഥത പ്രകടിപ്പിച്ചു അപ്പോൾ എന്തിനാണിങ്ങനെ ? എന്ന് ചോദിക്കപ്പെട്ടു മഹാൻ പറഞ്ഞത് ഞാൻ കണക്ക് കൂട്ടാത്ത വല്ലതും പരലോകത്ത് വെളിപ്പെടുമോ എന്ന് ഭയപ്പെട്ടു എന്ന് (ബഗ്‌വി)


(48)
وَبَدَا لَهُمْ سَيِّئَاتُ مَا كَسَبُوا وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُون


അവർ സമ്പാദിച്ചതിന്റെ ദൂഷ്യങ്ങൾ അവർക്ക് വെളിപ്പെടുകയും ചെയ്യും എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും



ശിർക്കിനു പുറമേ അവർ ചെയ്ത കുറ്റങ്ങൾക്കുള്ള പ്രതിഫലവും ശിക്ഷയും അവർക്ക് ബോദ്ധ്യമാവും പുനർജന്മവും ശിക്ഷയും ഉണ്ടാവില്ലെന്ന് പറഞ്ഞ് അതിനെ  പരിഹസിച്ചിരുന്നവരെ ആ ശിക്ഷ മുഴുവനായി പിടികൂടും


(49)
فَإِذَا مَسَّ الْإِنسَانَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَاهُ نِعْمَةً مِّنَّا قَالَ إِنَّمَا أُوتِيتُهُ عَلَى عِلْمٍ بَلْ هِيَ فِتْنَةٌ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ


എന്നാൽ മനുഷ്യന് വല്ല ദോഷവും ബാധിച്ചാൽ നമ്മോടവൻ പ്രാർത്ഥിക്കുന്നു പിന്നീട് നാം അവന്ന് നമ്മുടെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താൽ അവൻ പറയും അറിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് തനിക്കത് നൽകപ്പെട്ടിട്ടുള്ളത് എന്ന്.പക്ഷെ അത് ഒരു പരീക്ഷണമാകുന്നു എന്നാൽ അവരിൽ അധികപേരും അത് മനസ്സിലാക്കുന്നില്ല


പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ അള്ളാഹുവോട് പ്രാർത്ഥിക്കുന്ന മനുഷ്യൻ അനുഗ്രഹം ലഭിച്ചാൽ ഇത് എനിക്ക് അർഹതയുള്ളത് തന്നെ എന്ന് പറഞ്ഞ് അഹങ്കരിക്കുകയും അനുഗ്രഹ ദാതാവായ അള്ളാഹുവിനെ വിസ്മരിക്കുകയും ചെയ്യും എന്നാൽ അള്ളാഹു അവനെ പരീക്ഷിച്ചിരിക്കുകയാണെന്നും അതിൽ അവൻ തോറ്റുപോയിരിക്കുന്നുവെന്നും അവർക്ക് മനസ്സിലാകുന്നില്ല അത് കൊണ്ടാണ് ഇത്തരം വാദങ്ങൾ മുന്നോട്ട് വെക്കുന്നത്. പ്രതിസന്ധിയിലും സന്തോഷത്തിലുമെല്ലാം അള്ളാഹുവിലേക്ക് തന്നെയാണ് അടുക്കേണ്ടത് എന്ന് സാരം



(50)
قَدْ قَالَهَا الَّذِينَ مِن قَبْلِهِمْ فَمَا أَغْنَى عَنْهُم مَّا كَانُوا يَكْسِبُونَ


ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട് എന്നാൽ അവർ സമ്പാദിച്ചിരുന്നത് അവർക്ക് പ്രയോജനപ്പെടുകയുണ്ടായില്ല



ഇത്തരം അവകാശ വാദങ്ങൾ മുൻ കാലത്തും നിഷേധികൾ ഉയർത്തിയിട്ടുണ്ട് പക്ഷെ അവർ രക്ഷപ്പെട്ടിട്ടില്ല ഇവരും തഥൈവ



(51)
فَأَصَابَهُمْ سَيِّئَاتُ مَا كَسَبُوا وَالَّذِينَ ظَلَمُوا مِنْ هَؤُلَاء سَيُصِيبُهُمْ سَيِّئَاتُ مَا كَسَبُوا وَمَا هُم بِمُعْجِزِينَ


അങ്ങനെ അവർ സമ്പാദിച്ചിരുന്നതിന്റെ ദൂഷ്യങ്ങൾ അവർക്ക് ബാധിച്ചു ഇക്കൂട്ടരിൽ നിന്ന് അക്രമം ചെയ്തിട്ടുള്ളവർക്കും തങ്ങൾ സമ്പാദിച്ചതിന്റെ ദൂഷ്യങ്ങൾ ബാധിക്കാൻ പോവുകയാണ്.അവർക്ക് (നമ്മെ) തോല്പിച്ചുകളയാൻ ആവില്ല

മുൻകാലത്തെ അഹങ്കാരികൾക്ക് അർഹമായത് അള്ളാഹു നൽകി ഫറൊവയെ പോലെ, ഖാറൂൻ മുതലാളിയെ പോലെ എല്ലാവരും തകർന്നടിഞ്ഞു. ഇക്കാലത്തെ ധിക്കാരികളെയും കാത്തിരിക്കുന്നത് അത്തരം തിരിച്ചടികൾ തന്നെ എന്ന് ചുരുക്കം . അള്ളാഹുവിനെ തോല്പിച്ച് ആരും രക്ഷപ്പെടുകയില്ല എല്ലാ ധിക്കാരികൾക്കും അർഹമായത് അവൻ നൽകിയിരിക്കും തീർച്ച



(52)
أَوَلَمْ يَعْلَمُوا أَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ


അള്ളാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കിക്കൊടുക്കുകയും താൻ ഉദ്ദേശിക്കുന്നവർക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവർ മനസ്സിലാക്കിയിട്ടില്ലേ?  വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്



ഭൂമിയിൽ അള്ളാഹു ചിലർക്ക് വാരിക്കോരി കൊടുക്കും അത് ലഭിച്ചവന്റെ മികവായി വ്യാഖ്യാനിക്കരുത്. ചിലർക്ക് അവൻ ദാരിദ്ര്യം നൽകും അത് അവനെ അള്ളാഹു അവഗണിച്ചതിന്റെ തെളിവായും വിലയിരുത്തരുത്. ഇത് രണ്ടും പരീക്ഷണമാണെന്ന് വിശ്വാസി തിരിച്ചറിയും അങ്ങനെ അനുഗ്രഹം ലഭിച്ചാൽ അഹങ്കരിക്കാതെ അത് നൽകിയ നാഥനു നന്ദി ചെയ്യും പ്രയാസമുണ്ടായാൽ പൊറുതികേട് കാണിക്കാതെ അത് നൽകിയ നാഥന്റെ പ്രതിഫലം കാംക്ഷിച്ച് അവൻ ക്ഷമ കൈക്കൊള്ളും. രണ്ടായാലും വിശ്വാസി പ്രതിഫലാർഹനാകുന്നു അവിശ്വാസിയാകട്ടെ കാര്യങ്ങൾ ബോദ്ധ്യപ്പെടാതെ നട്ടം തിരിയുന്നു

 
ഇത്തരം യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് രണ്ട് ലോകവും
അള്ളാഹു നമുക്ക് വിജയിപ്പിച്ചു തരട്ടെ ആമീൻ


(തുടരും)
ഇൻശാ
അള്ളാഹ്



=================================================


ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: