Monday, August 30, 2021

അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | ഭാഗം 06

അദ്ധ്യായം 39  | സൂറത്ത് സുമർ  سورة الزمر  | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75


(Part -6  -   സൂക്തം 53  ന്റെ വിവരണം )

 

 

നബി തങ്ങൾ എല്ലാ രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി رضي الله عنهاപറയുന്നുണ്ടെന്ന് ഇമാം നസാഈ رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

 

(53)

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ


(നബിയേ!) പറയുക.
സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചു പോയ എന്റെ ദാസന്മാരേ!  അള്ളാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിങ്ങൾ നിരാശരാവരുത് തീർച്ചയായും അള്ളാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ് തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യവാനും.


ഇബ്നു കസീർ رحمة الله عليهഎഴുതുന്നു ഈ സൂക്തം അവിശ്വാസികളും അല്ലാത്തവരുമായ മുഴുവൻ ദോഷികളെയും പശ്ചാത്താപത്തിലേക്കും അള്ളാഹുവിലേക്ക് തെറ്റുകൾ ഏറ്റുപറഞ്ഞു മടങ്ങുന്നതിലേക്കും ക്ഷണിക്കുന്നതാണ്. എത്ര വലിയ കുറ്റവാളിയും തന്റെ തെറ്റ് ബോദ്ധ്യപ്പെട്ട് ഏറ്റുപറയുകയും ആ തെറ്റിൽ നിന്ന് പിൻ മാറുകയും ചെയ്താൽ സമുദ്രത്തിലെ തിരമാലകളിൽ കാണുന്ന നുരപോലെ കണക്കില്ലാത്ത ദോഷങ്ങൾ ഉണ്ടായാൽ പോലും അത് അള്ളാഹു പൊറുത്തുകൊടുക്കും .തെറ്റുപറ്റിയവൻ പശ്ചാത്തപിച്ച് മടങ്ങുന്നതിനെക്കുറിച്ച് തന്നെയാണ് ഈ സൂക്തം വന്നിട്ടുള്ളത് .തുടർന്ന് ഇബ്നുകസീർ رحمة الله عليهഎഴുതുന്നു ഇമാം ബുഖാരി رحمة الله عليهപറഞ്ഞു ഇബ്നുഅബ്ബാസ് رضي الله عنه പറഞ്ഞിരിക്കുന്നു ബഹുദൈവാരാധകരായിരുന്ന ഒരു കൂട്ടം ആളുകൾ നേരത്തെ ധാരാളം കൊലപാതകങ്ങളും വ്യഭിചാരവും മറ്റും ചെയ്തിരുന്നവർ നബി തങ്ങളുടെ സമീപം വന്ന് പറഞ്ഞു നബിയേ അങ്ങ് ക്ഷണിക്കുന്ന മതവും ആശയവും വളരെ നല്ലത് തന്നെ പക്ഷെ കഴിഞ്ഞ കാല ജീവിതത്തിൽ ഞങ്ങൾ ചെയ്ത് പോയ തിന്മകൾക്കുള്ള പ്രായശ്ചിത്തം എന്താണെന്ന് അവിടുന്ന് പറഞ്ഞു തരണം (എന്നാൽ ഞങ്ങളും ഈ ആശയം സ്വീകരിക്കാൻ തയാറാണ്) അപ്പോൾ വിശുദ്ധ ഖുർആനിലെ ഇരുപത്തി അഞ്ചാം അദ്ധ്യായം (ഫുർഖാൻ ) അറുപത്തി എട്ട് മുതൽ എഴുപത്തി ഒന്ന് വരെയുള്ള സൂക്തങ്ങൾ അവതരിച്ചു (അള്ളാഹുവിന്റെ അടിമകൾ അള്ളാഹുവല്ലാത്ത മറ്റു ആരാധ്യന്മാരെ വിളിക്കാത്തവരും അള്ളാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ  അകാരണമായി കൊല ചെയ്യാത്തവരും വ്യഭിചരിക്കാത്തവരുമാണ്. അത്തരം തിന്മകൾ ചെയ്തവർ അതിന്റെ പാപ ഫലം കാണുക തന്നെ ചെയ്യും ഉയിർത്തെഴുന്നേല്പിന്റെ നാളിൽ അവന്ന് ശിക്ഷ ഇരട്ടിയാക്കപ്പെടുകയും നിന്ദ്യനായി അവൻ അതിൽ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാർക്ക് അള്ളാഹു തങ്ങളുടെ തിന്മകൾക്ക് പകരം നന്മകൾ മാറ്റിക്കൊടുക്കുന്നതാണ് അള്ളാഹു ഏറെ പൊറുക്കുന്നവനും മഹാകാരുണ്യവാനുമായിരിക്കുന്നു. വല്ലവനും പശ്ചാത്തപിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അള്ളാഹുവിങ്കലേക്ക് ശരിയായ നിലയിൽ മടങ്ങുകയാണ് അവൻ ചെയ്യുന്നത്)
ഇങ്ങനെ പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കാൻ മറ്റൊരു വ്യവസ്ഥയും
അള്ളാഹു പറയുന്നില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന മുപ്പത്തൊമ്പതാം അദ്ധ്യായം സുമറിലെ ഈ അമ്പത്തിമൂന്നാം സൂക്തവും അവതരിച്ചു .(തെറ്റു പറ്റിയവർക്ക് മാറി ചിന്തിക്കുവാനും പാപ ഭാരം ഇറക്കി വെക്കുവാനും നിരുപാധികമായുള്ള സമ്മതപത്രമാണ് ഈ സൂക്തം. ഈ സൂക്തത്തിനു പകരം ഭൂമിയും അതിലുള്ള മുഴുവൻ വസ്തുക്കളും ലഭിച്ചാലും എനിക്ക് ഇഷ്ടമാവില്ല എന്ന് നബി തങ്ങൾ പറഞ്ഞു അപ്പോൾ ഒരാൾ ചോദിച്ചു നബിയേ! ഒരാൾ ശിർക്ക് ചെയ്തിട്ടുണ്ടെങ്കിലോ? (അതും പൊറുക്കുമോ എന്ന് സാരം) നബി തങ്ങൾ ഒന്നു മൌനിയായി എന്നിട്ട് പറഞ്ഞു ശിർക്ക് ചെയ്തവനെയും അള്ളാഹു സ്വീകരിക്കും എന്ന് മൂന്ന് തവണ നബി തങ്ങൾ പറഞ്ഞു.(ശിർക്ക് അള്ളാഹു പൊറുക്കുകയില്ല എന്ന് പറഞ്ഞത് പശ്ചാത്തപിക്കാതെ പൊറുക്കുകയില്ല എന്നാണ് .ഇതും ഇവിടെ വ്യക്തമാകുന്നുണ്ട്)


ഇബ്നു കസീർ
رحمة الله عليهതുടരുന്നു. ഒരു വയസ്സായ മനുഷ്യൻ ഊന്നുവടിയുടെ സഹായത്തോടെ നബി തങ്ങളെ സമീപിച്ചു എന്നിട്ട് ചോദിച്ചു തങ്ങളേ! ധാരാളം വഞ്ചനയും തോന്നിവാസങ്ങളും നടത്തിയവനാണ് ഞാൻ എനിക്ക് അള്ളാഹു പൊറുത്തു തരുമോ? നബി തങ്ങൾ ചോദിച്ചു. നിങ്ങൾ ആരാധ്യഅള്ളാഹു മാത്രമാണെന്ന സത്യ സാക്ഷ്യം ഉൾക്കൊള്ളുന്നവനല്ലേ? അതെ എന്ന് അദ്ദേഹം പറഞ്ഞു നബി തങ്ങൾ  അള്ളാഹുവിന്റെ ദുതനാണെന്നും ഞാൻ വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു അപ്പോൾ നബി തങ്ങൾ പറഞ്ഞു നിങ്ങളുടെ എല്ലാ കുറ്റങ്ങളും അള്ളാഹു പൊറുത്തിരിക്കുന്നു എന്ന്. ഇത്രയും വിശദീകരിച്ചു കൊണ്ട് ഇബ്നുകസീർ رحمة الله عليهപറയുന്നു ഈ നബി വനങ്ങളെല്ലാം അറിയിക്കുന്നത് പശ്ചാത്തപിച്ചാൽ അള്ളാഹു എല്ലാ ദോഷവും പൊറുക്കുമെന്നും എത്ര വലിയ ദോഷിയും അള്ളാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശനാവരുത്. കാരണം പശ്ചാത്താപത്തിന്റെയും നാഥന്റെ കാരുണ്യത്തിന്റെയും കവാടം വിശാലമാണ്  

അള്ളാഹു തന്റെ അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുമെന്ന് അവർക്കറിയില്ലയോ (തൌബ 104)

ആരെങ്കിലും തെറ്റ് ചെയ്യുകയോ സ്വശരീരത്തെ കുറ്റങ്ങൾ കൊണ്ട് അക്രമിക്കുകയോ ചെയ്ത ശേഷം അള്ളാഹുവോട് പൊറുക്കലിനെ തേടിയാൽ വല്ലാതെ പൊറുക്കുന്നവനും മഹാ കാരുണ്യവാനുമായി അള്ളാഹുവിനെ അവൻ എത്തിക്കും (നിസാഅ് 110)

 കപന്മാർ നരകത്തിന്റെ അടിത്തട്ടിലാണ് അവർക്ക് ഒരു സഹായിയും ഇല്ല പശ്ചാത്തപിച്ചവരൊഴികെ (നിസാഅ് 145,146)

 അള്ളാഹു ത്രിയേകത്വത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞവർ തീർച്ചയായും നിഷേധികളായിരിക്കുന്നു യഥാർത്ഥത്തിൽ അള്ളാഹു മാത്രമാണ് ആരാധ്യൻ. ഇത്തരം അസംബന്ധം (അള്ളാഹു ത്രിയേകത്വത്തിന്റെ ഭാഗമാണ് തുടങ്ങിയ പരാമർശനം) പറയുന്നത് അവർ അവസാനിപ്പിക്കുന്നില്ലെങ്കിൽ സത്യ നിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. അവർ അള്ളാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നില്ലയോ അള്ളാഹു ധാരാളം പൊറുക്കുന്നവനും മഹാ കാരുണ്യവാനുമാകുന്നു   (മാഇദ: 73/74

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മർദ്ദിക്കുകയും പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവർക്ക് നരകശിക്ഷയുണ്ട് തീർച്ച അവർക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട് (ബുറൂജ് 10)


ഹസൻ ബസരീ
رحمة الله عليهപറഞ്ഞു ഈ ഔദാര്യവും ധർമവും നോക്കൂ തന്റെ ഇഷ്ടദാസന്മാരെ കൊന്നു കളഞ്ഞവരെ പോലും അള്ളാഹു പശ്ചാത്താപത്തിലേക്കും പാപ മോചനത്തിലേക്കും ക്ഷണിക്കുന്നു
ഇബ്നു കസീർ
رحمة الله عليه തുടരുന്നു ഈ വിഷയത്തിൽ ധാരാളം നബി വചനങ്ങളുണ്ട് ഇമാം ബുഖാരിയും رحمة الله عليهമുസ്‌ലിമും رحمة الله عليهറിപ്പോർട്ട് ചെയ്യുന്നു മുൻകാലത്ത് തൊണ്ണൂറ്റിഒമ്പത് പേരെ കൊന്ന ഒരു മനുഷ്യനുണ്ടായിരുന്നു അങ്ങനെ അദ്ദേഹത്തിനു ചെറിയ ഒരു ബോധം വന്നപ്പോൾ ഇസ്‌റയേലികളിലെ  ആരാധനയിൽ മുഴുകിയ ഒരാളോട് എനിക്ക് അള്ളാഹു പശ്ചാത്താപം നൽകുമോ എന്ന് ചോദിച്ചു അയാൾ പറഞ്ഞു ഇല്ല എന്ന് അപ്പോൾ അയാളെയും കൊന്നു നൂറു പേരെ കൊന്ന ഇദ്ദേഹം അവരിലെ ഒരു പണ്ഡിതനോട് എനിക്ക് അള്ളാഹു പൊറുത്തു തരുമോ എന്ന് ചോദിച്ചു പണ്ഡിതൻ പറഞ്ഞത് നിനക്കും നാഥനുമിടയിൽ തടസ്സം നിൽക്കാൻ ആർക്കാണ് സാധിക്കുക (നീ പശ്ചാത്തപിച്ചാൽ നിന്നെയും അള്ളാഹു സ്വീകരിക്കും എന്ന് സാരം) എന്നിട്ട് ആ പണ്ഡിതൻ ഈ കൊലയാളിയോട് പറഞ്ഞു നീ ഇപ്പോൾ താമസിക്കുന്ന സഥലം തിന്മയുടെ കേന്ദ്രമാണ് നന്മകൾ കൊണ്ട് സജീവമായൊരിടമുണ്ട് നീ അങ്ങോട്ട് താമസം മാറ്റുകയും അള്ളാഹുവോട് പശ്ചാത്തപിക്കുകയും ചെയ്യുക എന്ന്. പശ്ചാത്താപ മനസ്സുമായി നന്മയുള്ള നാട്ടിലേക്ക് പുറപ്പെട്ട ആ മനുഷ്യൻ വഴിയിൽ വെച്ച് മരണപ്പെട്ടു (ജനങ്ങൾക്ക് പാഠം നൽകാനായി മനുഷ്യ രൂപത്തിലെത്തിയ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷകൊണ്ട് ഏല്പിക്കപ്പെട്ട മലക്കുകളും അവിടെ തർക്കം നടത്തി ഇന്നോളം നന്മ ചെയ്യാത്ത നൂറു കൊലപാതകം ചെയ്ത ഈ കൊടും കുറ്റവാളിയെ നരകത്തിലയക്കണം എന്ന് ശിക്ഷയുടെ മലക്കുകൾ വാദിച്ചു. ഇന്നോളം നന്മ ചെയ്തില്ലെന്നത് നേരാണെങ്കിലും നൻമ ചെയ്യാനുറച്ച് നല്ലവരുടെ നാട്ടിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി മാനിക്കണമെന്നും അദ്ദേഹത്തെ ഇനിയും പഴയ കുറ്റങ്ങളുടെ പേരിൽ പഴി പറയരുതെന്നും കാരുണ്യത്തിന്റെ മലക്കുകളും  വാദിച്ചു മദ്ധ്യസ്ഥനായി പ്രത്യക്ഷപ്പെട്ട മലക്ക് പറഞ്ഞു അദ്ദേഹം ചീത്ത പ്രവർത്തനങ്ങൾ നിറഞ്ഞ നാട്ടിൽ നിന്ന് നന്മയുള്ള നാട്ടിലേക്ക് പുറപ്പെട്ടതാണല്ലോ ഏത് നാട്ടിലേക്കാണ് അദ്ദേഹത്തിന്റെ മൃതദേഹം അടുത്ത് നിൽക്കുന്നതെന്ന് അളവെടുത്ത് ആ നാട്ടിന്റെ വിധി നടപ്പാക്കാം എന്ന്. അങ്ങനെ അളന്നപ്പോൾ ഒരു ചെറിയ മുൻതൂക്കം നന്മയുടെ നാട്ടിലേക്ക് ലഭിക്കുകയും അദ്ദേഹത്തെ കാരുണ്യത്തിന്റെ മലക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. നല്ല നാടിനോട് അയാളിലേക്ക് അടുക്കാനും ചീത്ത നാടിനോട് അയാളിൽ നിന്ന് അകലാനും അള്ളാഹു നിർദ്ദേശം നൽകിയത് കൊണ്ടാണ് ഇത് സാദ്ധ്യമായത് എന്ന് കൂടി ഈ ഹദീസിൽ കാണാം .നോക്കൂ പശ്ചാത്താപ മനസ്സുള്ളവനെ പോലും അള്ളാഹു സ്വീകരിക്കുമെന്നാണിവിടെ തെളിയുന്നത്
ഇബ്നു കസീർ
رحمة الله عليه തുടരുന്നു ഇബ്നു അബ്ബാസ് رضي الله عنهപറഞ്ഞു അള്ളാഹു സന്താനോല്പാദനം നടത്തി എന്ന് പറഞ്ഞ ജൂത, നസാറാക്കൾ, അള്ളാഹു ദരിദ്രനാണെന്ന് പറഞ്ഞവർ, അള്ളാഹു പിശുക്കനാണെന്ന് പറഞ്ഞവർ, അള്ളാഹു ത്രിയേകത്വത്തിന്റെ ഭാഗമാണെന്ന് പറഞ്ഞവർ, ഇതിലുമൊക്കെ വലിയ വാക്ക് ഞാനാണ് ഏറ്റവും വലിയ പടച്ചവൻ എന്ന് പറഞ്ഞവർ ഇവരെയൊക്കെ അള്ളാഹു പശ്ചാത്താപത്തിലേക്ക് ക്ഷണിക്കുകയും ഇവർ പശ്ചാത്തപിച്ചാൽ സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരിക്കെ അള്ളാഹുവിന്റെ കുറ്റവാളികളായ അടിമകളെ അവന്റെ പശ്ചാത്താപത്തിൽ നിന്ന് നിരാശരാക്കുന്നവർ അള്ളാഹുവിന്റെ ഖുർആനിനെ നിഷേധിക്കുന്നവരാകുന്നു.


ഇബ്നുകസീർ
رحمة الله عليه തുടരുന്നു ഇബ്നു മസ്‌ഊദ് رضي الله عنهപറഞ്ഞു. ഖുർആനിലെ ഏറ്റവും മഹത്വമുള്ള സൂക്തം സൂറത്തുൽ ബഖറയിലെ 255 ‌‌-മത് സൂക്തം (ആയത്തുൽ കുർസിയ്യ്) ആണ്. നന്മ,തിന്മകളെ സംബന്ധിച്ചുള്ള എല്ലാം ഉൾക്കൊണ്ട സൂക്തം സൂറത്തുന്നഹ്‌ലി (പതിനാറാം അദ്ധ്യായം) ലെ തൊണ്ണൂറാം സൂക്തമാണ് (തീർച്ചയായും അള്ളാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവർക്ക് സഹായം നൽകുവാനുമാണ് അവൻ വിലക്കുന്നത് നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ് നിങ്ങൾ ചിന്തിച്ച് ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് ഉപദേശം നൽകുന്നു )  ഖുർആനിലെ ഏറ്റവും കൂടുതൽ രക്ഷ നൽകുന്ന സൂക്തം സൂറത്തു സ്സുമറിലെ ഈ അമ്പത്തിമൂന്നാം സൂക്തമാണ് (അപ്പോൾ കുറ്റങ്ങളിൽ പെട്ട് പോയവർക്ക് രക്ഷയുടെ മാർഗം തെളിയിച്ച് തരികയാണ് ഈ സൂക്തം. കുറ്റവാളി കുറ്റത്തിൽ നിന്ന് വീണ്ടും കുറ്റത്തിലേക്ക് സഞ്ചരിക്കേണ്ടവനല്ല പറ്റിപ്പോയ അബദ്ധം ഏറ്റുപറഞ്ഞ് നന്മയിലായി ജീവിക്കേണ്ടവനാണ് അതിനു അവനെ പാകപ്പെടുത്തുന്ന സന്ദേശം (തെറ്റ് ചെയ്തവനും രക്ഷപ്പെടാൻ സന്ദർഭമുണ്ടെന്ന ഉപദേശം ) ഈ സൂക്തം നൽകുന്നു)
ഇബ്നുകസീർ
رحمة الله عليهതുടരുന്നു.. ‘ഒരിക്കൽ ഒരു ഉപദേശിയുടെ അടുത്ത് കൂടി ഇബ്നു മസ്‌ഊദ് رحمة الله عليهനടന്നു പോയി ആ ഉപദേശി ജനങ്ങൾക്ക് ഉപദേശം നൽകിക്കൊണ്ടിരിക്കുകയാണ് (എന്നാൽ ആ ഉപദേശിയുടെ വാക്കുകൾ തെറ്റ് പറ്റിയവനു രക്ഷപ്പെടാൻ അവസരമില്ലെന്ന തോന്നലുണ്ടാക്കും വിധമാണ് വരുന്നത് ) ഇബ്നു മസ്‌ഊദ് رحمة الله عليهഅദ്ദേഹത്തോട് ചോദിച്ചു ഓ ഉപദേശകാ! നിങ്ങൾ എന്തിനാണ് ജനങ്ങളെ നിരാശരാക്കുന്നത്? എന്നിട്ട് ഈ സൂക്തം (തെറ്റ് ചെയ്തവർ അള്ളാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശരാകണ്ട എന്ന സൂക്തം) മഹാൻ അവിടെ നിന്ന് പാരായണം ചെയ്തു
ഇബ്നു അബീ ഹാത്തം
رضي الله عنه അബ്ദുള്ളാഹിബിൻ ഉബൈദുബിൻ ഉമയ്‌ർ رضي الله عنهഎന്നവരിൽ നിന്ന് ഉദ്ധരിക്കുന്നതായി ഇബ്നുകസീർ رحمة الله عليهപറയുന്നു ഇബ്‌ലീസിനെ സ്വർഗത്തിൽ നിന്ന് പുറത്താക്കിയപ്പോൾ അവൻ അള്ളാഹുവോട് പറഞ്ഞു അള്ളാഹുവേ! ഈ ആദം കാരണത്താൽ നീ ഇന്ന് എന്നെ സ്വർഗത്തിൽ നിന്ന് പുറത്താക്കി അവർക്കെതിരിൽ പ്രവർത്തിക്കാൻ എനിക്ക് നീ അധികാരം നൽകണം . അള്ളാഹു പറഞ്ഞു നിനക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നു.അവൻ പറഞ്ഞു ഇനിയും വർദ്ധിപ്പിക്കണം അള്ളാഹു പറഞ്ഞു ആദമിനു ഒരു സന്താനം ജനിക്കുമ്പോൾ നിനക്കും അത് പോലെ നൽകപ്പെടും അവൻ പറഞ്ഞു ഇനിയും വർദ്ധിപ്പിക്കണം അള്ളാഹു പറഞ്ഞു മനുഷ്യരുടെ ഹൃദയങ്ങൾ നിങ്ങളുടെ താമസസ്ഥലം ആക്കിയിരിക്കുന്നു അവരുടെ ശരീരത്തിൽ രക്ത ചലനമുള്ളിടത്തെല്ലാം നിങ്ങൾക്ക് സഞ്ചരിക്കാം  അവൻ പറഞ്ഞു ഇനിയും വർദ്ധിപ്പിക്കണം അള്ളാഹു പറഞ്ഞു അവർക്കെതിരിൽ നിന്റെ കാലാൾപ്പടയെയും കുതിരപ്പടയെയും നീ വിളിച്ച് കൂട്ടുക സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും ചെയ്യുക അവർക്ക് നീ വാഗ്‌ദാനങ്ങൾ നൽകുകയും ചെയ്യുക (പിശാച് അവരോട് ചെയ്യുന്ന വാഗ്‌ദാനം വഞ്ചന മാത്രമാകുന്നു ) ഇത്രയുമായപ്പോൾ ആദം നബി عليه السلام പറഞ്ഞു അള്ളാഹുവേ! എന്റെ മേൽ അവന്ന് നീ അധികാരം നൽകി നിന്റെ സഹായം കൊണ്ടല്ലാതെ അവനെ പ്രതിരോധിക്കാൻ എനിക്കാവില്ല. അള്ളാഹു പറഞ്ഞു നിങ്ങൾക്കുണ്ടാകുന്ന ഓരോ സന്താനങ്ങളെയും ചീത്ത കൂട്ടുകാരിൽ നിന്ന് സംരക്ഷിക്കാനുള്ള കാവൽക്കാരെ ഞാൻ ഏല്പിക്കും ആദം നബി عليه السلام പറഞ്ഞു ഇനിയും വർദ്ധിപ്പിച്ചു തരണം അള്ളാഹു പറഞ്ഞു ഒരു നന്മ പത്തോ അതിൽ കൂടുതലോ പ്രതിഫലത്തിനു അർഹതയുള്ളതാക്കും അതെ സമയം തിന്മക്ക് ഒരു ശിക്ഷ നൽകുകയോ അതിനെ ഞാൻ മായ്ച്ച് കളയുകയോ ചെയ്യും ആദം നബി عليه السلامപറഞ്ഞു നാഥാ! ഇനിയും വർദ്ധിപ്പിച്ച് താ. അള്ളാഹു പറഞ്ഞു ആത്മാവ് ശരീരത്തിലുള്ള കാലത്തോളം പശ്ചാത്താപത്തിന്റെ കവാടം തുറക്കപ്പെട്ടിരിക്കും ആദം നബി عليه السلا പറഞ്ഞു നാഥാ ഇനിയും വർദ്ധിപ്പിച്ചു താ, അള്ളാഹു പറഞ്ഞു തെറ്റ് പറ്റിയവർ നിരാശരാകണ്ട പശ്ചാത്തപിച്ചാൽ ഞാൻ അവർക്ക് പൊറുത്തു കൊടുക്കും (ഇബ്നുകസീർ)


അപ്പോൾ കുറ്റങ്ങൾ ചെയ്തവർ അത് തെറ്റാണെന്ന് തിരിച്ചറിയുകയും നിലവിൽ ആ തെറ്റിൽ നിന്ന് പിന്മാറുകയും ഇനി അത് ആവർത്തിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്ത്
അള്ളാഹുവേ എനിക്ക് മാപ്പാക്കണമെന്ന് മനസ്സറിഞ്ഞ് പറഞ്ഞാൽ അത്തരക്കാരുടെ കുറ്റം എത്ര ഗുരുതരമാണെങ്കിലും അള്ളാഹു പൊറുക്കും എന്നാണിവിടെ പറയുന്നത് അതിനാൽ തെറ്റ് പറ്റിയവർ ഈ പ്രതീക്ഷയുടെ മാർഗം സ്വീകരിക്കുകയും വീണ്ടും തെറ്റ് പറ്റാതിരിക്കാൻ പരിശ്രമിക്കുകയുമാണ് ചെയ്യേണ്ടത് പശ്ചാത്തപിക്കുന്നവരെ അള്ളാഹുവിനു വലിയ ഇഷ്ടമാണെന്ന് ഖുർആനും നബി വചനങ്ങളും അടിക്കടി ഉണർത്തിയിട്ടുണ്ട് ഇത് ഉപയോഗപ്പെടുത്തുകയാണ് ബുദ്ധിയുള്ള മനുഷ്യൻ ചെയ്യേണ്ടത്
ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലമായി ഇമാം ബഗ്‌വി
رحمة الله عليه ഉദ്ധരിക്കുന്ന സംഭവം കാണുക. വഹ്‌ശിയെ (ഉഹുദ് യുദ്ധ വേളയിൽ നബി തങ്ങളുടെ പിതൃവ്യൻ ഹംസ رضي الله عنهയെ കൊന്ന വ്യക്തിയാണ് വഹ്‌ശി എന്നാൽ പിന്നീട് കുറ്റബോധം തോന്നി നന്നായി മാറി‌) നബി തങ്ങൾ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു അപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി നൽകി. കൊല നടത്തുക,      അള്ളാഹു അല്ലാത്തവരെ ആരാധിക്കുക, വ്യഭിചരിക്കുക എന്നിവ ചെയ്തവർക്ക് പാപ പ്രതിഫലം കാണേണ്ടി വരുമെന്നും ഇരട്ട ശിക്ഷ ലഭിക്കുമെന്നുമാണല്ലോ അങ്ങ് പറയുന്നത് ഞാനാ‍കട്ടെ ഇവകളെല്ലാം ചെയ്തവനാണ് അപ്പോൾ പശ്ചാത്തപിക്കുകയും സത്യം വിശ്വസിക്കുകയും സൽക്കർമ്മം ചെയ്യുകയും ചെയ്താൽ അള്ളാഹു അവരെ സ്വീകരിക്കുമെന്ന് നബി തങ്ങൾ വിശദീകരിച്ചു. അപ്പോൾ വഹ്‌ശി പറഞ്ഞു ഇത് കടുത്ത നിബന്ധനയാണ് എന്നെക്കൊണ്ട് ഇത് നടപ്പാക്കാൻ സാദ്ധ്യമല്ല. ഇതല്ലാത്ത വല്ല മാർഗവും ഉണ്ടോ എന്ന് വഹ്ശി അന്വേഷിച്ചു   അപ്പോൾ ശിർക്കല്ലാത്ത പാപങ്ങൾ അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് പൊറുക്കുമെന്ന സൂറത്തുന്നിസാഇലെ നാല്പത്തി എട്ടാം വാക്യം അവതരിച്ചു അപ്പോൾ വഹ്‌ശി പറഞ്ഞു എന്റെ സംശയം തീർന്നിട്ടില്ല കാരണം അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് പൊറുക്കുമ്പോൾ ആ കൂട്ടത്തിൽ ഞാനുണ്ടാവുമോ എന്നറിയില്ലല്ലോ അപ്പോൾ ഈ സൂക്തം (തെറ്റ് ചെയ്ത് സ്വന്തത്തോട് അതിക്രമം കാണിച്ച അടിമകളേ നിങ്ങൾ നാഥന്റെ കാരുണ്യത്തെ തൊട്ട് നിരാശരാവണ്ട ) അവതരിച്ചു അപ്പോൾ വഹ്‌ശി പറഞ്ഞു ഇത് നിബന്ധനകളില്ലാത്ത പ്രഖ്യാപനമാണ് എന്നെയും കൂടി ഉൾക്കൊള്ളുന്നതാണ് എന്ന് പറഞ്ഞ് അദ്ദേഹം നബി തങ്ങളെ സമീപിച്ച് മുസ്‌ലിമായി അപ്പോൾ പ്രാവാചക ശിഷ്യന്മാർ ചോദിച്ചു നബിയേ! ഈ സൂക്തത്തിന്റെ നിയമം വഹ്‌ശിക്ക് മാത്രമാണോ അതോ എല്ലാ മുസ്‌ലിംകൾക്കും ബാധകമാണോ? നബി തങ്ങൾ പറഞ്ഞു എല്ലാ മുസ്‌ലിംകൾക്കും ബാധകമാണ് (ബഗ്‌വി)
ഈ സൂക്തം തെറ്റ് ചെയ്തവർക്ക് അതിൽ നിന്ന് മടങ്ങാനുള്ള  സന്ദേശം നൽകുന്നതോടൊപ്പം തെറ്റ് പറ്റിയവരെ ആക്ഷേപിച്ചും നിന്നെ
അള്ളാഹു സ്വീകരിക്കില്ലെന്ന് കുറ്റപ്പെടുത്തിയും അഹങ്കരിക്കുന്നവർക്കുള്ള താക്കീത് കൂടിയാണ്. ഇമാം ബഗ്‌വി رحمة الله عليهപറയുന്നു ളംളം ബിൻ ജൌസ് رحمة الله عليهഎന്നവർ പറഞ്ഞു ഞാൻ മദീനത്തെ പള്ളിയിൽ പ്രവേശിച്ചപ്പോൾ എന്നെ ഒരു വയസ്സായ വ്യക്തി വിളിച്ചു എനിക്ക് അദ്ദേഹത്തെ പരിയമുണ്ടായിരുന്നില്ല . അദ്ദേഹം എന്നോട് പറഞ്ഞു അള്ളാഹു നിനക്ക് ഒരിക്കലും പൊറുത്ത് തരില്ല, നിന്നെ അള്ളാഹു സ്വർഗത്തിൽ കടത്തുകയില്ല എന്ന് ഒരാളോടും നീ പറയരുത് ഞാൻ ചോദിച്ചു നിങ്ങൾ ആരാണ്? അദ്ദേഹം പറഞ്ഞു ഞാൻ അബൂഹുറൈറ:യാണ് (നബി തങ്ങളുടെ ശിഷ്യനും ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്തവരും തങ്ങളുടെ എല്ലാ സദസ്സിലും സംബന്ധിച്ച് വിജ്ഞാനം കരസ്ഥമാക്കിയവരുമാണ് അബൂഹുറൈറ رضي الله عنه)ഞാൻ പറഞ്ഞു നമ്മൾ കുടുംബത്തോടോ സേവകരോടോ ഒക്കെ ദേഷ്യം പിടിക്കുമ്പോൾ സാധാരണ ഇങ്ങനെയുള്ള വാക്ക് പറയാറുണ്ടല്ലൊ ? അബൂഹുറൈറ: رضي الله عنه പറഞ്ഞു നബി തങ്ങൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് ഇസ്രയേല്യരിലെ രണ്ട് മനുഷ്യർ ഉണ്ടായിരുന്നു അവർ സ്നേഹിതന്മാരായിരുന്നു ഒരാൾ നന്നായി ആരാധനകളിൽ ശ്രദ്ധിച്ചിരുന്നു മറ്റയാൾ പലപ്പോഴും തെറ്റുകൾ ചെയ്യുകയും ചെയ്തിരുന്നു അപ്പോഴൊക്കെ ആരാധന ചെയ്യുന്നയാൾ പറയും ഇതൊക്കെ ഒന്ന് അവസാനിപ്പിക്ക് എന്ന്. എന്നാൽ തെറ്റ് ചെയ്യുന്നയാൾ പറയും എന്നെയും എന്റെ നാഥനെയും നീ വെറുതെ വിടൂ എന്ന്. അങ്ങനെ ഒരു ദിനം ഇയാൾ വല്ലാത്തൊരു കുറ്റം ചെയ്തു. അപ്പോഴും പതിവു പോലെ മറ്റയാൾ ഇത് അവസാനിപ്പിക്കൂ എന്ന് ഉപദേശിച്ചു. എന്നെയും എന്റെ നാഥനെയും വെറുതെ വിടൂ. എന്നെ നിരീക്ഷിക്കാൻ അള്ളാഹു നിന്നെ ഏല്പിച്ചിട്ടൊന്നുമില്ല എന്ന് കുറ്റം ചെയ്യുന്നയാൾ മറുപടി പറഞ്ഞു അപ്പോൾ ആരാധന ചെയ്യുന്നയാൾ പറഞ്ഞു അള്ളാഹു ഒരിക്കലും നിനക്ക് പൊറുക്കുകയോ നിന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയോ ഇല്ല എന്ന് .അങ്ങനെ രണ്ട് പേരെയും മരണം പിടികൂടി. അങ്ങനെ രണ്ട് പേരും നാഥന്റെ അടുത്ത് എത്തി. കുറ്റം ചെയ്തിരുന്നയാളോട് അള്ളാഹു സ്വർഗത്തിൽ പോവുക എന്ന് പറഞ്ഞു . ആരാധന ചെയ്തിരുന്നവനോട് അള്ളാഹു ചോദിച്ചു എന്റെ അടിമക്ക് ഞാൻ കാരുണ്യം ചെയ്യുന്നത് തടയാൻ നിനക്ക് സാധിക്കുമോ? എന്ന്. അയാൾ പറഞ്ഞു ഇല്ല എന്ന്. അപ്പോൾ അയാളെ നരകത്തിലേക്ക് കൊണ്ട് പോകാൻ അള്ളാഹു മലക്കുകളോട് നിർദ്ദേശിച്ചു. ഇത് വിശദീകരിച്ച് അബൂഹുറൈറ: رضي الله عنه പറഞ്ഞു അള്ളാഹുവാണേ സത്യം ഒരൊറ്റ വാക്ക് അവന്റെ രണ്ട് ലോകവും നശിപ്പിച്ചു എന്ന് (ബഗ്‌വി) നമ്മൾ നന്നായി ശ്രദ്ധിക്കേണ്ട ഒരു ആശയമാണിത് അള്ളാഹുവാണ് പൊറുക്കുന്നവൻ അതിനാൽ ആരെയും നമ്മൾ നിരാശരാക്കരുത് നമുക്ക് അബദ്ധം പറ്റിയാൽ ഉടൻ പശ്ചാത്തപിച്ച് മടങ്ങുകയും വേണം അള്ളാഹു നമ്മെ ഇരു ലോകത്തും വിജയിപ്പിക്കട്ടെ ആമീൻ


(തുടരും)ഇൻശാഅള്ളാഹ്



=================================================


ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: