Monday, September 6, 2021

അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | ഭാഗം 07

അദ്ധ്യായം 39  | സൂറത്ത് സുമർ  سورة الزمر  |  ഭാഗം 07

അദ്ധ്യായം 39  | സൂറത്ത് സുമർ  سورة الزمر  | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75

(Part -7  -   സൂക്തം 54 മുതൽ 61 വരെ സൂക്തങ്ങളുടെ വിവരണം )

 

 

നബി തങ്ങൾ എല്ലാ രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി رضي الله عنهاപറയുന്നുണ്ടെന്ന് ഇമാം നസാഈ رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(54)
وَأَنِيبُوا إِلَى رَبِّكُمْ وَأَسْلِمُوا لَهُ مِن قَبْلِ أَن يَأْتِيَكُمُ الْعَذَابُ ثُمَّ لَا تُنصَرُونَ


നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ നാഥനിലേക്ക് താഴ്മയോടെ മടങ്ങുകയും അവന്ന് കീഴ്പെടുകയും ചെയ്യുവീൻ.പിന്നെ (ശിക്ഷ വന്നതിനു ശേഷം) നിങ്ങൾ സഹായിക്കപ്പെടുന്നതല്ല


കഴിഞ്ഞ സൂക്തത്തിൽ അള്ളാഹുവിന്റെ അളവറ്റ കാരുണ്യത്തെക്കുറിച്ച് വിശദീകരിച്ച ശേഷം ആ സൂക്തത്തിന്റെ താൽപര്യമനുസരിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ് ഈ സൂക്തത്തിലൂടെ. അതായത് പശ്ചാത്താപം അള്ളാഹു സ്വീകരിക്കുമെങ്കിലും അത് വെച്ച് താമസിപ്പിക്കുന്നത് ന്യായീകരിക്കാവതല്ല. കാരണം ഭാവിയിൽ നമ്മെ കാത്തിരിക്കുന്നത് എന്താണെന്ന് നമുക്ക് അറിയില്ല അള്ളാഹു കുറ്റവാളികൾക്ക് ഉടൻ ശിക്ഷ നൽകാതെ  സാവകാശം നൽകുന്നുണ്ടെങ്കിലും അവൻ അനുവദിച്ച സമയം അവസാനിച്ചാൽ ആത്യന്തികമായ ശിക്ഷ അവൻ അവതരിപ്പിക്കും അത് അനുഭവിക്കുമ്പോൾ ഞാൻ നന്നാവാം. തെറ്റുകളിൽ നിന്ന് മടങ്ങാം. സത്യവിശ്വാസം സ്വീകരിക്കാം എന്നിങ്ങനെ കുമ്പസാര പ്രസ്താവന നടത്തിയിട്ട് ഫലമുണ്ടാകില്ല അത് കൊണ്ട് കുറ്റവാളികൾ അല്പം പോലും അമാന്തം കാണിക്കാതെ പശ്ചാത്തപിക്കുകയാണ് വേണ്ടത്. തൌബ ചെയ്യാനും സുകൃതങ്ങളിൽ മുഴുകാനും പെട്ടെന്ന് ശ്രമിക്കുക അല്ലെങ്കിൽ ഒരു പക്ഷെ കടുത്ത ശിക്ഷ വന്നേക്കാം. പിന്നീടുള്ള പശ്ചാത്താപം സ്വീകരിക്കപ്പെടുകയില്ല. ഞാനാണ് വലിയ പടച്ചവൻ എന്ന് വരെ വീമ്പിളക്കിയ ഫറോവയെ അള്ളാഹു ചെങ്കടലിൽ മുക്കി. കളി കാര്യമാവുന്നുവെന്ന് ബോദ്ധ്യമായപ്പോൾ ഇസ്‌റയേല്യർ വിശ്വസിക്കുന്ന അള്ളാഹു മാത്രമാണ് ആരാധ്യൻ എന്ന് ഞാനും വിശ്വസിച്ചു എന്ന് അവൻ പറഞ്ഞു.പക്ഷെ പിടിക്കപ്പെട്ടു എന്ന് ഉറപ്പായപ്പോഴുള്ള ആ വിശ്വാസ പ്രഖ്യാപനത്തെ അള്ളാഹു തള്ളിക്കളഞ്ഞു ഇപ്പോഴാണോ തനിക്ക് വിശ്വസിക്കാൻ സമയമായത്. മുമ്പ് നീ ധിക്കാരിയും കുഴപ്പക്കാരനുമായിരുന്നു എന്നാണ് അള്ളാഹു പറഞ്ഞത്. അതായത് ശിക്ഷ മുഖാമുഖം കാണുമ്പോൾ ഞാൻ വിശ്വസിച്ചു എന്ന് പറയുന്നത് സ്വീകാര്യമല്ല. എത്ര കുറ്റവാളിയും അത്തരം അവസ്ഥയിൽ എത്തും മുമ്പേ പശ്ചാത്തപിക്കണം ആ അവസ്ഥ എപ്പോൾ വരുമെന്ന് നമുക്ക് അറിയില്ല അതിനാൽ സാധ്യമായ വേഗത്തിൽ പശ്ചാത്തപിക്കുകയാണ് വേണ്ടത്,പിടിക്കപ്പെട്ട ശേഷം കുമ്പസരിച്ചാലും സഹായിക്കപ്പെടുകയില്ല.

ഈ സൂക്തത്തിന്റെ വ്യാഖ്യാനമായി ഇബ്നുകസീർ رحمة الله عليه എഴുതുന്നു അതായത് പശ്ചാത്താപം കൊണ്ടും സൽക്കർമ്മം കൊണ്ടും നിങ്ങൾ ശിക്ഷ വരുന്നതിനു മുമ്പേ ഉരുക എന്ന് നബി തങ്ങളിൽ നിന്ന് ജാബിർ رضي الله عنه ഉദ്ധരിക്കുന്ന വചനത്തിൽ ഇങ്ങനെ കാണാം ഒരു മനുഷ്യന് അനുസരണത്തിലായി അള്ളാഹു ദീർഘായുസ്സ് നൽകുകകയും ഖേദിച്ച് മടങ്ങാനുള്ള മനസ്ഥിതി നൽകുകയും ചെയ്യുന്നത് അവന്റെ വിജയത്തിൽ പെട്ടതാണ് അതേ സമയം സൽ പ്രവർത്തനം നടത്തുകയും അതിൽ ഉൾനാട്യം (ഞാൻ തരക്കേടില്ലെന്ന് തോന്നൽ) കാണിക്കുകയും ചെയ്യുന്നത് അവന്റെ പരായത്തിൽ പെട്ടതാണ് എന്ന് തങ്ങൾ പറഞ്ഞു (ഖുർതുബി)



(55)
وَاتَّبِعُوا أَحْسَنَ مَا أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ العَذَابُ بَغْتَةً وَأَنتُمْ لَا تَشْعُرُونَ

 


നിങ്ങൾ ഓർക്കാതിരിക്കെ പെട്ടെന്ന് നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങൾ പിൻ പറ്റുകയും ചെയ്യുക



അള്ളാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതിൽ ഉത്തമമായത് വിശുദ്ധ ഖുർആനാണ് അതിന്റെ നിയമങ്ങൾ പിന്തുടരാനാണ് നിർദ്ദേശം .അത് അവഗണിച്ച് ഖുർആനിനെ നിഷേധിക്കാനിറങ്ങിയാൽ നിങ്ങൾ അറിയാത്ത ഭാഗത്ത് കൂടി ശിക്ഷ നിങ്ങളെ പിടികൂടിയേക്കാം പിന്നെ വിഷമിച്ചിട്ട് കാര്യമുണ്ടാകില്ല


ഇമാം ബഗ്‌വി رحمة الله عليهഎഴുതുന്നു ഖുർആൻ മുഴുവനും നല്ലതാണ് അത് പിന്തുടരാനാണ് അള്ളാഹു കല്പിക്കുന്നത് ഈ സൂക്തത്തിന്റെ ആശയം ഹസൻ ബസരി رحمة الله عليهപറഞ്ഞു. നിങ്ങൾ അള്ളാഹുവിനെ അനുസരിക്കുന്ന ശൈലി മുറുകെ പിടിക്കുകയും അവനോട് എതിരായി വരുന്നതിനെ ഒഴിവാക്കുകയും ചെയ്യുക കാരണം ഖുർആൻ ചീത്ത കാര്യങ്ങളെ പരാമർശിക്കുന്നത് അത് നിങ്ങൾ വർജിക്കാനും നിലവാരം കുറഞ്ഞതിനെ പറയുന്നത് അതിലേക്ക് താല്പര്യം വരാതിരിക്കാനും നല്ലതിനെ പരിചയപ്പെടുത്തുന്നത് നിങ്ങൾ അത് തിരഞ്ഞെടുക്കാനുമാണ്. അള്ളാഹുവിന്റെ കല്പനകളെല്ലാം ഈ നല്ലത് എന്നതിന്റെ പരിധിയിൽ വരുന്നതാണെന്ന് ഇമാം സുദ്ദി رحمة الله عليهപറഞ്ഞു  (ബഗ്‌വി)

 

(56)
أَن تَقُولَ نَفْسٌ يَا حَسْرَتَى علَى مَا فَرَّطتُ فِي جَنبِ اللَّهِ وَإِن كُنتُ لَمِنَ السَّاخِرِينَ


എന്റെ കഷ്ടമേ!
അള്ളാഹുവിന്റെ ഭാഗത്തേക്ക് ഞാൻ ചെയ്യേണ്ടതിൽ ഞാൻ വീഴ്ച വരുത്തിയല്ലോ. തീർച്ചയായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്

ഖുർആൻ പിന്തുടരാൻ അള്ളാഹു കല്പിച്ച മുൻ സൂക്തങ്ങളിലെ ശൈലിയുടെ കാരണമാണിവിടെ പറയുന്നത്. അഥവാ അള്ളാഹുവെ അനുസരിച്ച് അവന്റെ ഖുർആനിക കല്പനകൾ സ്വീകരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ ശിക്ഷക്ക് വിധേയരാവും. ആ സമയത്തുണ്ടാകുന്ന ദുരവസ്ഥയാണീ വിലാപം. എനിക്ക് തെറ്റ് പറ്റിയല്ലോ. അള്ളാഹുവിനെ അനുസരിക്കുന്നതിലും അവന്റെ കല്പനകൾ നടപ്പാക്കുന്നതിലും അവനോടുള്ള ബാദ്ധ്യത നിറവേറ്റുന്നതിലും അവന്റെ പൊരുത്തത്തിലെത്താനുള്ള വഴികൾ സ്വീകരിക്കുന്നതിലും എനിക്ക് അബദ്ധം പറ്റിയല്ലോ ഞാൻ അള്ളാഹുവിന്റെ മതത്തെയും അവന്റെ ഗ്രന്ഥത്തെയും പ്രവാചകരെയും സത്യ വിശ്വാസികളെയും പരിഹസിക്കുന്നവരുടെ കൂട്ടത്തിലായിപ്പോയല്ലോ എന്ന് വിലപിക്കുന്ന സാഹചര്യം വരാതിരിക്കാനാണീ ഉൽബോധനം .(ബഗ്‌വി)
അത് സ്വീകരിച്ച് നടപ്പാക്കിയാൽ വിജയം സുനിശ്ചിതം അവഗണിച്ചാൽ പരാചയവും.
അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ


(57)
أَوْ تَقُولَ لَوْ أَنَّ اللَّهَ هَدَانِي لَكُنتُ مِنَ الْمُتَّقِينَ


അല്ലെങ്കിൽ
അള്ളാഹു എന്നെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞാൻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തിൽ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാൽ

പരലോകത്ത് ശിക്ഷ അനുഭവിക്കുമ്പോൾ അവരിൽ നിന്നുണ്ടാകാവുന്ന മറ്റൊരു പ്രയോഗമാണിത്. അള്ളാഹു എന്നെ നേർവഴിയിലാക്കിയിരുന്നുവെങ്കിൽ ഞാൻ സൂക്ഷ്മാലുക്കളിൽ പെടുമായിരുന്നു എന്നത്. അഥവാ ഒരിക്കൽ കൂടി ഭൂമിയിലേക്ക് മടക്കിയാൽ നന്നാവാമായിരുന്നു എന്ന ആഗ്രഹം അവർ പ്രകടിപ്പിക്കുന്നതിനെയാണിവിടെ സൂചിപ്പിക്കുന്നത് .നബി തങ്ങൾ പറഞ്ഞതായി അബൂഹുറൈറ: رضي الله عنهപറയുന്നു നരകാവകാശികളെല്ലാം (അവർ നല്ലവരായിരുന്നുവെങ്കിൽ അവർക്ക് ലഭിക്കുമായിരുന്ന  ) അവരുടെ സ്വർഗത്തിലെ ഇടം കാണും. അപ്പോൾ അവർ നഷ്ടബോധം കൊണ്ട് പറയും അള്ളാഹു എന്നെ സന്മാർഗത്തിലാക്കിയിരുന്നെങ്കിൽ എന്ന്. അപ്പോൾ ആ കാഴ്ച അവർക്ക് വലിയ ദു:ഖം സമ്മാനിക്കും സ്വർഗക്കാരെല്ലാം നരകത്തിൽ അവർക്കുള്ള ഇരിപ്പിടം കാണും അപ്പോൾ അവർ പറയും അള്ളാഹു ഞങ്ങളെ സന്മാർഗത്തിലാക്കിയിരുന്നില്ലെങ്കിൽ ഞങ്ങൾ ആ കഷ്ടപ്പാടിലായേനേ എന്ന് അപ്പോൾ അത് അവരുടെ നന്ദി വാക്കായി മാറും (ഇബ്നുകസീർ)


(58)
أَوْ تَقُولَ حِينَ تَرَى الْعَذَابَ لَوْ أَنَّ لِي كَرَّةً فَأَكُونَ مِنَ الْمُحْسِنِينَ


അല്ലെങ്കിൽ ശിക്ഷ നേരിൽ കാണുന്ന സന്ദർഭത്തിൽ എനിക്കൊന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ സദ്‌വൃത്തരുടെ കൂട്ടത്തിൽ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാൽ


ഇത് അവരിൽ ചിലരുടെ വാക്കുകളാണ്.
എന്നാൽ ഭൂമിയിലേക്ക് അള്ളാഹു അവരെ മടക്കിയാൽ വീണ്ടും അവർ നിഷേധം തന്നെ കാണിക്കും അത് കൊണ്ട് ഇതൊക്കെ ഒരു വർത്തമാനം എന്നതിൽ കവിഞ്ഞ പ്രാധാന്യമൊന്നും ഈ വാക്കുകൾക്കില്ല


(59)
بَلَى قَدْ جَاءتْكَ آيَاتِي فَكَذَّبْتَ بِهَا وَاسْتَكْبَرْتَ وَكُنتَ مِنَ الْكَافِرِينَ


അതെ.
തീർച്ചയായും എന്റെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തുകയുണ്ടായി അപ്പോൾ നീ അവയെ നിഷേധിച്ച് തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാവുകയും ചെയ്തു


ഇങ്ങനെ പല വിലാപങ്ങളും ഉയർത്തുന്ന നരകാവകാശികൾക്കുള്ള നാഥന്റെ മറുപടിയാണിത് എന്റെ വിശുദ്ധ ഗ്രന്ഥം നിങ്ങൾക്ക് വരികയും അത് എന്റെത് അല്ല എന്ന് പറഞ്ഞ് നിങ്ങൾ നിഷേധിക്കുകയും അത് വിശ്വസിക്കാൻ വിസമ്മതിക്കുകയും സത്യ നിഷേധികളിൽ പെടുകയും ചെയ്തു .അതിനാൽ നീ ദയ അർഹിക്കുന്നില്ല ശിക്ഷ അനുഭവിച്ച് കഴിയുക എന്ന് ചുരുക്കം


(60)
وَيَوْمَ الْقِيَامَةِ تَرَى الَّذِينَ كَذَبُواْ عَلَى اللَّهِ وُجُوهُهُم مُّسْوَدَّةٌ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ


ഉയിർത്തെഴുന്നേല്പിന്റെ നാളിൽ
അള്ളാഹുവിന്റെ പേരിൽ കള്ളം പറഞ്ഞവരുടെ മുഖങ്ങൾ കറുത്തിരുണ്ടതായി തങ്ങൾക്ക് കാണാം. നരകത്തിൽ അല്ലയോ അഹങ്കാരികൾക്കുള്ള വാസസ്ഥലം

അന്ത്യ നാളിൽ ചില മുഖങ്ങൾ കറുക്കുകയും ചിലത് വെളുക്കുകയും ചെയ്യും അനാവശ്യ ഭിന്നിപ്പിന്റെ കക്ഷികളുടെ മുഖങ്ങൾ കറുക്കുകയും  അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആളുകളുടെ മുഖം വെളുക്കുകയും ചെയ്യും. അഹങ്കരിക്കുകയും സത്യം വിസമ്മതിക്കുകയും ചെയ്തവർക്ക് നരകം തന്നെയല്ലെയോ അർഹമായ ഇടം (ഇബ്നുകസീർ)


(6
1)

وَيُنَجِّي اللَّهُ الَّذِينَ اتَّقَوا بِمَفَازَتِهِمْ لَا يَمَسُّهُمُ السُّوءُ وَلَا هُمْ يَحْزَنُونَ

 


സൂക്ഷ്മത പുലർത്തിയവരെ രക്ഷപ്പെടുത്തി അവർക്കുള്ളതായ സുരക്ഷിത സ്ഥാനത്ത്
അള്ളാഹു എത്തിക്കുകയും ചെയ്യും ശിക്ഷ അവരെ സ്പർശിക്കുകയില്ല അവർ ദു:ഖിക്കേണ്ടി വരികയും ഇല്ല


അള്ളാഹുവിനെ അനുസരിച്ച് ജീവിച്ചവരെ യാതൊരു വിഷമവും ബാധിക്കാതെ ഒരു ദു:ഖത്തിനും അവസരം നൽകാതെ അള്ളാഹു ആഗ്രഹങ്ങളെല്ലാം നടപ്പാക്കി സ്വർഗത്തിന്റെ ഉന്നതങ്ങളിൽ താമസിപ്പിക്കും ഒരു പ്രയാസമോ ദു:ഖമോ അവർ അനുഭവിക്കുകയില്ല അള്ളാഹു നമ്മെ ആ കൂട്ടത്തിൽ പെടുത്തട്ടെ ആമീൻ



(തുടരും)
ഇൻ ശാ അള്ളാഹ്

=============================================================
ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: