അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75
(Part -9 - സൂക്തം 68 മുതൽ
75 വരെ സൂക്തങ്ങളുടെ വിവരണം )
നബി ﷺതങ്ങൾ എല്ലാ
രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി رضي الله عنهاപറയുന്നുണ്ടെന്ന് ഇമാം
നസാഈ رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(69)
وَأَشْرَقَتِ الْأَرْضُ بِنُورِ
رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاء وَقُضِيَ
بَيْنَهُم بِالْحَقِّ وَهُمْ لَا يُظْلَمُونَ
ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭ കൊണ്ട് പ്രകാശിക്കുകയും ചെയ്യും (കർമങ്ങളുടെ) രേഖ
വെക്കപ്പെടുകയും പ്രവാചകന്മാരും സാക്ഷികളും കൊണ്ടുവരപ്പെടുകയും ജനങ്ങൾക്കിടയിൽ
സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും അവരോട് അനീതി കാണിക്കപ്പെടുകയില്ല
ജനങ്ങൾക്കിടയിൽ അന്ന് ﷲ അള്ളാഹു
വിധി പ്രഖ്യാപിക്കും അവൻ ഭൂമി പ്രകാശിപ്പിക്കുകയും ചെയ്യും. ഓരോരുത്തരുടെയും
ജീവിത ഡയറി ഹാജറാക്കപ്പെടുകയും വിചാരണ നടത്തി പ്രതിഫലം നിശ്ചയിക്കപ്പെടുകയും
ചെയ്യും നബിമാരും സാക്ഷികളും സന്നിഹിതരാവുകയും ആ നബിമാരോട് അവർ ചെയ്ത
പ്രബോധനത്തിനു അനുയായികൾ നടത്തിയ പ്രതികരണം എന്തായിരുന്നുവെന്ന് ﷲഅള്ളാഹു ചോദിക്കുകയും പൂർവീക നബിമാരുടെ പ്രബോധനത്തെ
പരാചിതരായ ആളുകൾ നിഷേധിക്കുകയും ഞങ്ങൾക്ക് ഇവർ ഒരു സന്ദേശവും എത്തിച്ചു
തന്നിരുന്നില്ല എന്ന് ആരോപിക്കുകയും ചെയ്യുമ്പോൾ ആ നബിമാർ പ്രബോധനം
ചെയ്തിട്ടുണ്ടെന്നും ഇവർ നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മുത്ത് നബി ﷺന്റെ ഉമ്മത്ത് സാക്ഷ്യം വഹിക്കുകയും ചെയ്യും (നബി ﷺ തങ്ങളുടെ സമുദായമാണിവിടെ സാക്ഷികൾ. നബിമാർക്ക്
അനുകൂലമായി അവരുടെ സാക്ഷ്യം
സ്വീകരിക്കപ്പെടും) ഇവിടെ പറഞ്ഞ ശുഹദാക്കൾ അള്ളാഹുവിന്റെ മാർഗത്തിൽ ജീവ ത്യാഗം ചെയ്തവരാണ് എന്ന അഭിപ്രായവുമുണ്ട് എന്തായാലും
എല്ലാ വിഭാഗം ആളുകൾക്കിടയിലും നീതി നിഷ്ഠമായി ﷲഅള്ളാഹു വിധിക്കുന്നതാണ് ചെയ്യാത്ത കുറ്റം
അടിച്ചേല്പിക്കപ്പെട്ടു കൊണ്ടോ മറ്റോ ആരും അക്രമിക്കപ്പെടുകയില്ല (ഥിബ്‌രി)
ഭൂമി പ്രകാശിക്കുമെന്നതിനു നീതിയുടെ പ്രകാശം പരക്കുമെന്നും അനീതി ഇരുട്ടാണെന്നും
വ്യാഖ്യാനമുണ്ട് സാക്ഷികൾ കൊണ്ട് വിവക്ഷ നബി ﷺതങ്ങളുടെ സമുദായമാണെന്നും രക്ത സാക്ഷികൾ ദീനീ പ്രബോധനത്തിൽ
സഹായിച്ചവർക്കനുകൂലമായി സാക്ഷി നിൽക്കുമെന്നും മനുഷ്യരുടെ പ്രവർത്തനങ്ങൾ കണ്ടു
കൊണ്ടിരുന്ന കാവൽ മാലാഖമാർ ആ പ്രവർത്തനങ്ങളുടെ മേലിൽ സാക്ഷികളാകുമെന്നും
വ്യാഖ്യാനമുണ്ട്. അവിടെ സത്യവും നീതിയും അനുസരിച്ച് ﷲഅള്ളാഹു വിധിക്കുമ്പോൾ നന്മകൾ ചുരുക്കപ്പെടുകയോ ഇല്ലാത്ത
തിന്മകൾ വർദ്ധിപ്പിക്കപ്പെടുകയോ ഇല്ല (ഖുർതുബി)
ഇവിടെ ഭൂമി പ്രകാശിക്കുമെന്ന് പറഞ്ഞത് മഹ്‌ശറിലെ അവസ്ഥയാണ് (ബഗ്‌വി)
(70)
وَوُفِّيَتْ كُلُّ نَفْسٍ مَّا
عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ
ഓരോ വ്യക്തിക്കും താൻ പ്രവർത്തിച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും അവർ
പ്രവർത്തിക്കുന്നതിനെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനത്രെ
ഓരോരുത്തരുടെ പ്രവർത്തനങ്ങളും
സാക്ഷികളില്ലാതെ/എഴുതിവെച്ച രേഖകളില്ലാത
തന്നെ വിശദമായി ﷲഅള്ളാഹു അറിയുന്നവനാണ്. അതിന്റെ
അടിസ്ഥാനത്തിൽ കൃത്യമായ പ്രതിഫലം അവൻ നൽകും സാക്ഷികളും ഗ്രന്ഥവുമെല്ലാം അവിടെ
കൊണ്ടു വരുന്നത് തെളിവുകൾ നൽകി അക്രമികളെ പ്രതിസന്ധിയിലാക്കാനാണ് (ഖുർതുബി)
(71)
وَسِيقَ الَّذِينَ كَفَرُوا إِلَى
جَهَنَّمَ زُمَرًا حَتَّى إِذَا جَاؤُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ
خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ
رَبِّكُمْ وَيُنذِرُونَكُمْ لِقَاء يَوْمِكُمْ هَذَا قَالُوا بَلَى وَلَكِنْ
حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ
സത്യ നിഷേധികൾ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും അങ്ങനെ
അവർ അതിനടുത്ത് വന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടും നിങ്ങൾക്ക് നിങ്ങളുടെ
രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ ഓതി കേൾപിക്കുകയും നിങ്ങൾക്കുള്ളതായ ഈ ദിവസത്തെ
കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങൾക്ക് താക്കീത് നൽകുകയും ചെയ്യുന്ന നിങ്ങളുടെ
കൂട്ടത്തിൽ നിന്നു തന്നെയുള്ള ദൂതന്മാർ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ എന്ന്
അതിന്റെ (നരകത്തിന്റെ) കാവൽക്കാർ അവരോട് ചോദിക്കുകയും ചെയ്യും .അവർ പറയും അതെ. പക്ഷെ സത്യ
നിഷേധികളുടെ മേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി
ഇബ്നുകസീർ رحمة الله عليه എഴുതുന്നു പരാചിതരും നിഷേധികളുമായ ജനങ്ങൾ എങ്ങനെയാണ്
നരകത്തിലേക്ക് തെളിക്കപ്പെടുന്നത് എന്ന് വിവരിക്കുകയാണ് ﷲഅള്ളാഹു. അവർ വളരെ കർശനമായും താക്കീതു നൽകപ്പെട്ടും
ദാഹിച്ച് വലഞ്ഞും കണ്ണു കാണാതെയും കാതു കേൾക്കാതെയും സംസാര ശേഷിയില്ലാതെയും
മുഖത്തിന്റെ മേലിൽ വലിച്ചിഴച്ചും മറ്റും കൂട്ടം കൂട്ടമായി നരകത്തിലേക്ക്
നയിക്കപ്പെടും. അവർ നരകത്തിനടുത്തെത്തുമ്പോൾ താമസം വിനാ നരക കവാടങ്ങൾ
തുറക്കപ്പെടും ശിക്ഷ അനുഭവിക്കാനുള്ള സമയം അല്പം പോലും നഷ്ടപ്പെടാതിരിക്കാനാണിത്. അവിടെ മറ്റൊരു ശിക്ഷ എന്ന നിലക്ക് നരകത്തിന്റെ കാവൽക്കാരായ മലക്കുകളുടെ ചോദ്യം
ഇത്തരം ദുരവസ്ഥയിൽ വന്നു പെടാതിരിക്കാനുള്ള ഉൽബോധനവും ഉപദേശവും നിങ്ങൾക്ക് നൽകാൻ
ദൈവ ദൂതന്മാർ വന്നിരുന്നില്ലേ എന്ന്. വന്നിരുന്നു പക്ഷെ ഞങ്ങൾ അവരെ പരിഗണിക്കാൻ
തയാറായില്ല അത് ഞങ്ങളുടെ പരാജയം ഉറപ്പാക്കി എന്ന് അവർ വലിയ നിരാശയോടെ മറുപടി പറയും
(ഇബ്നുകസീർ)
(72)
قِيلَ ادْخُلُوا أَبْوَابَ
جَهَنَّمَ خَالِدِينَ فِيهَا فَبِئْسَ مَثْوَى الْمُتَكَبِّرِينَ
(അവരോട്) പറയപ്പെടും നിങ്ങൾ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക നിങ്ങളതിൽ
നിത്യവാസികളായിരിക്കും എന്നാൽ അഹങ്കാരികളുടെ പാർപ്പിടം എത്ര ചീത്ത
ഇബ്നു കസീർ رحمة الله عليهഎഴുതുന്നു.അവരോട് പറയപ്പെടും എന്ന് പറഞ്ഞാൽ അവരുടെ അവസ്ഥ അറിയുന്ന ആരും പറഞ്ഞു
പോകും നിങ്ങൾ നരക കവാടത്തിലൂടെ അകത്ത് പ്രവേശിക്കുക നിങ്ങൾ നീതിമാനായ നാഥന്റെ
വിധിയനുസരിച്ച് നരകത്തിനു അർഹർ തന്നെ ഒരിക്കലും ഇതിൽ നിന്ന് പുറത്ത് കടക്കാമെന്ന
പ്രതീക്ഷയില്ലാതെ വേണം നിങ്ങളതിൽ പ്രവേശിക്കാൻ. സത്യം
വ്യക്തമായിട്ടും അത് അംഗീകരിക്കാൻ തയാറാവാത്ത അഹങ്കാരമാണ് നിങ്ങളെ ഇവിടെ
എത്തിച്ചത് നിങ്ങളുടെ അവസ്ഥയും അഭയ സ്ഥാനവും വളരെ മോശം തന്നെ (ഇബ്നുകസീർ)
തീയിന്റെ ദണ്ഢുകളുപയോഗിച്ച് കാവൽക്കാരായ മലക്കുകൾ അവരെ നരകത്തിലേക്ക് തള്ളി വിടും
ഒരു തള്ളലിൽ തന്നെ റബീഅ: മുളർ (ധാരാളം ജനസംഘ്യയുള്ള രണ്ട് അറബ് ഗോത്രങ്ങൾ)
ഗോത്രക്കാരുടെ എണ്ണം നരകത്തിലെത്തും (ഖുർതുബി)
(73)
وَسِيقَ الَّذِينَ اتَّقَوْا
رَبَّهُمْ إِلَى الْجَنَّةِ زُمَرًا حَتَّى إِذَا جَاؤُوهَا وَفُتِحَتْ
أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ
فَادْخُلُوهَا خَالِدِينَ
തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവർ സ്വർഗത്തിലേക്ക് കൂട്ടം കൂട്ടമായി
നയിക്കപ്പെടും അങ്ങനെ അതിന്റെ കവാടങ്ങൾ തുറന്ന് വെക്കപ്പെട്ട നിലയിൽ അവർ
അതിന്നടുത്ത് വരുമ്പോൾ അവരോട് അതിന്റെ കാവൽക്കാർ പറയും.നിങ്ങൾക്ക് സമാധാനം. നിങ്ങൾ സംശുദ്ധരായിരിക്കുന്നു അതിനാൽ
നിത്യവാസികളെന്ന നിലയിൽ നിങ്ങൾ അതിൽ പ്രവേശിച്ചു കൊള്ളുക
ഇബ്നുകസീർ رحمة الله عليه എഴുതുന്നു വിശ്വാസികളും വിജയികളുമായ ആളുകളുടെ അവസ്ഥ ﷲഅള്ളാഹു വിവരിക്കുകയാണ്. അവർ സംഘം
സംഘമായി സ്ഥാന വ്യത്യാസമനുസരിച്ച് അവരവരുടെ അതേ സ്ഥാനത്തുള്ളവരോടൊപ്പം ആദ്യം
നബിമാർ, പിന്നെ സിദ്ധീഖുകൾ, ശുഹദാക്കൾ, ഉലമാക്കൾ ഇങ്ങനെ സ്വർഗ കവാടത്തിലേക്ക് നയിക്കപ്പെടും
നരകക്കാരെ നിർദാക്ഷിണ്യം തെളിച്ചു കൊണ്ടു പോവുകയായിരുന്നുവെങ്കിൽ ഇവരെ അതിഥികൾക്ക്
നൽകപ്പെടുന്ന പരിഗണയിലാണ് ആനയിക്കപ്പെടുന്നത്. സിറാഥ് പാലം
കടന്ന ശേഷം സ്വർഗ നരകത്തിനിടയിൽ അവർ തടഞ്ഞു നിർത്തപ്പെടുകയും ഭൂമിയിൽ
അവർക്കിടയിലുണ്ടായിരുന്ന എന്തെങ്കിലും പ്രശ്നങ്ങൾക്ക് പ്രതിക്രിയ
നൽകപ്പെടാനുണ്ടെങ്കിൽ അത് നൽകി അവർ ശുദ്ധമാക്കപ്പെടുകയും രേഖകൾ പൂർണമായി
ശരിയാക്കപ്പെടുകയും ചെയ്ത് സ്വർഗ പ്രവേശനത്തിനു അനുമതി നൽകപ്പെടും അങ്ങനെ സ്വർഗ
കവാടങ്ങൾക്കടുത്ത് എത്തുമ്പോൾ അവർ പ്രവേശനാനുമതി ആര് ചോദിക്കണം എന്നത് സംബന്ധമായി
കൂടിയാലോചന നടത്തും ആദം, നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ عليهم
الصلاة والسلام, മുഹമ്മദ് നബി ﷺഎന്നിങ്ങനെ മഹ്‌ശറിൽ വെച്ച് സഹായം തേടിയ ക്രമത്തിൽ അവർ
നബിമാരെ സമീപിക്കും നബി ﷺ തങ്ങളുടെ സ്ഥാന വലിപ്പം ഒന്നു കൂടി പ്രകടമാക്കാനാണിത്.അങ്ങനെ
സ്വർഗ പ്രവേശനാനുമതി ആദ്യമായി ചോദിക്കാൻ ആ നബിമാരെല്ലാം വിസമ്മതിക്കുകയും നബി ﷺ തങ്ങൾ അത് നിർവഹിക്കുകയും ചെയ്യും സ്വർഗ വാതിൽ ആദ്യമായി
മുട്ടുന്നത് ഞാനായിരിക്കും എന്ന നബി വചനം ഇത് സ്ഥിരീകരിക്കുന്നുണ്ട് അങ്ങനെ
വിശ്വാസികൾ സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ കാവൽക്കാർ “നിങ്ങൾക്ക്
സമാധാനം.നിങ്ങൾ സംശുദ്ധരായിരിക്കുന്നു അതിനാൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ അതിൽ
പ്രവേശിച്ചു കൊള്ളുക” എന്ന് ആശംസിക്കും (ഇബ്നുകസീർ)
(74)
وَقَالُوا الْحَمْدُ
لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ
الْجَنَّةِ حَيْثُ نَشَاء فَنِعْمَ أَجْرُ الْعَامِلِينَ
അവർ പറയും നമ്മളോടുള്ള തന്റെ വാഗ്‌ദാനം സത്യമായി പാലിക്കുകയും സ്വർഗത്തിൽ നിന്ന്
നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വർഗ) ഭൂമി നമുക്ക്
അവകാശപ്പെടുത്തിത്തരികയും ചെയ്ത ﷲഅള്ളാഹുവിനു സ്തുതി. അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
സ്വർഗത്തിലെ സംവിധാനങ്ങൾ കാണുന്ന വിശ്വാസികളുടെ
സന്തോഷ പ്രകടനമാണിത് ﷲഅള്ളാഹു നമുക്ക് ഭാഗ്യം നൽകട്ടെ ആമീൻ
(75)
وَتَرَى الْمَلَائِكَةَ حَافِّينَ
مِنْ حَوْلِ الْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَقُضِيَ بَيْنَهُم
بِالْحَقِّ وَقِيلَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം ചെയ്തു കൊണ്ട്
സിംഹാസനത്തിന്റെ ചുറ്റും വലയം ചെയ്യുന്നതായി തങ്ങൾക്ക് കാണാം അവർക്കിടയിൽ
സത്യപ്രകാരം വിധി കല്പിക്കപ്പെടും ലോക രക്ഷിതാവായ അള്ളാഹുവിനു സ്തുതി എന്ന്
പറയപ്പെടുകയും ചെയ്യും
സ്വർഗക്കാരുടെയും നരകക്കാരുടെയും അവസ്ഥ
വിവരിച്ചപ്പോൾ മലക്കുകളുടെ അവസ്ഥ കൂടി ﷲഅള്ളാഹു വിവരിക്കുകയാണ് അവർ അള്ളാഹുവെ സ്തുതിച്ച് കൊണ്ട്
അർശിനു ചുറ്റും വലയം ചെയ്യും
ഇമാം ബഗ്‌വി رحمة
الله عليهഎഴുതുന്നു ‘മലക്കുകൾ
അർശിനു ചുറ്റും വലയം ചെയ്യുന്നത് ﷲഅള്ളാഹുവിന്റെ പരിശുദ്ധി വാഴ്ത്തിയും അവനെ സ്തുതിച്ചു
കൊണ്ടുമായിരിക്കും. ഈ സ്തുതി വാചകങ്ങൾ ഉരുവിടുന്നത് അവർക്ക് അത് ആനന്ദകരം എന്ന
നിലയിലാണ് അല്ലാതെ ഒരു കല്പനയുടെ ഭാഗമായിട്ടല്ല കാരണം കല്പനയുടെയും
കീർത്തനങ്ങളുടെയും ലോകം അതല്ലല്ലോ എന്ന് അഭിപ്രായമുണ്ട് (ബഗ്‌വി)
ലോക രക്ഷിതാവിനു സ്തുതി എന്ന് പറയപ്പെടുന്നത് സ്വർഗാവകാശികൾ സ്വർഗത്തിലെത്തി ﷲഅള്ളാഹുവിന്റെ വാഗ്‌ദാനം പൂർത്തിയായി എന്ന്
മനസ്സിലാകുമ്പോഴാണ് (ബഗ്‌വി)
സൃഷ്ടിപ്പിന്റെ വിവരണത്തെ സ്തുതി കൊണ്ടാണ് ﷲഅള്ളാഹു ആരംഭിച്ചത് (ആറാം അദ്ധ്യായം, അൻആം ഒന്നാം
വാക്യം.
الْحَمْدُ لِلّهِ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ وَجَعَلَ
الظُّلُمَاتِ وَالنُّورَ ثُمَّ الَّذِينَ كَفَرُواْ بِرَبِّهِم يَعْدِلُونَ
(ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും
ചെയ്ത ﷲഅള്ളാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ
സത്യ നിഷേധികൾ തങ്ങളുടെ രക്ഷിതാവിനു സമന്മാരെ വെക്കുന്നു .അൻആം.1 ) എല്ലാ വിധി പ്രസ്താവങ്ങളും നീതി പൂർവം അവസാനിപ്പിച്ച് പരലോക
ജീവിതം തുടങ്ങുന്നതിനെയും സ്തുതി കൊണ്ട് ﷲഅള്ളാഹു അവസാനിപ്പിച്ചിരിക്കുന്നു (ഥബ്‌രി/ഖുർതുബി/ബഗ്‌വി/ഇബ്നുകസീർ)
ﷲഅള്ളാഹു
നമ്മെയെല്ലാം സ്വർഗാവകാശികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ
No comments:
Post a Comment