അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88
(Part -1 - സൂക്തം 01 മുതൽ 11 വരെ
സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(1)
ص وَالْقُرْآنِ ذِي الذِّكْرِ
സ്വാദ്- ഉൽബോധനം ഉൾക്കൊളുന്ന ഖുർആൻ തന്നെ സത്യം
സ്വാദ് എന്നതിന്റെ വിശദീകരണം ﷲഅള്ളാഹുവിനറിയാം എന്നതാണ് ഏറ്റവും ആദ്യത്തെ വിശദീകരണം. അദ്ധ്യായത്തിന്റെ നാമമാണെന്നും, ﷲഅള്ളാഹുവിന്റെ നാമമാണെന്നും അഭിപ്രായമുണ്ട് (ഇബ്നുകസീർ)
ഉൽബോധനം ഉൾക്കൊള്ളുന്ന ഖുർആൻ എന്നാൽ ജനങ്ങളുടെ ജീവിതത്തിലും പരലോകത്തും
ഉപകരിക്കുന്ന ഉപദേശങ്ങൾ ഉൾക്കൊള്ളുന്ന ഖുർആൻ എന്ന് സാരം (ഇബ്നുകസീർ
ഖുർആൻ കൊണ്ട് സത്യം ചെയ്ത് മുഹമ്മദ് നബി ﷺസത്യമാണ് പറഞ്ഞത് എന്ന് ﷲഅള്ളാഹു സ്ഥാപിക്കുകയാണിവിടെ (ബഗ്‌വി)
(2)
بَلِ
الَّذِينَ كَفَرُوا فِي عِزَّةٍ وَشِقَاقٍ
എന്നാൽ സത്യ നിഷേധികൾ ദുരഭിമാനത്തിലും കക്ഷിമാത്സര്യത്തിലുമാകുന്നു
ഖുർആൻ ഉപദേശം നൽകുന്നുണ്ടെങ്കിലും സത്യം
മനസ്സിലായിട്ടും അത് സ്വീകരിക്കാൻ വിസമ്മതിക്കുകയും നബി ﷺ തങ്ങളോട് കടുത്ത ശത്രുത വെച്ച് പുലർത്തുകയും ചെയ്യുകയാണവർ ചെയ്തത്
(3)
كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ
فَنَادَوْا وَلَاتَ حِينَ مَنَاصٍ
അവർക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു അപ്പോൾ അവർ മുറവിളി കൂട്ടി
എന്നാൽ അത് രക്ഷ പ്രാപിക്കാനുള്ള സമയമല്ല
മക്കയിലെ ബഹുദൈവാരാധകർ നിഷേധ നിലപാട് കടുപ്പിച്ചതിനോട് ﷲഅള്ളാഹു ശക്തമായി വിയോജിക്കുകയാണിവിടെ. അവരെ താക്കീത് ചെയ്ത് കൊണ്ട് മുൻ സമുദായങ്ങളിൽ കഴിഞ്ഞു പോയ നടപടിക്രമങ്ങൾ ﷲഅള്ളാഹു വിശദീകരിക്കുന്നു അതായത് ഇവർക്ക് മുമ്പ് എത്രയോ
തലമുറകൾ പ്രവാചകന്മാരെ നിഷേധിക്കുകയും അവരെ എതിർത്ത് നിൽക്കുകയും
ചെയ്തതിനെത്തുടർന്ന് അവർക്കെല്ലാം നാം ശക്തമായ ശിക്ഷ ഇറക്കി അവരെ നശിപ്പിച്ചു. എന്നാൽ അഹങ്കാരികളായിരുന്നിട്ടും, ശിക്ഷ വരാൻ വെല്ലുവിളിച്ചിട്ടും നടന്നിരുന്നവർ പക്ഷെ ശിക്ഷ
വന്നപ്പോൾ അലറിവിളിച്ചു കരയാനും ഞങ്ങൾ നന്നായിക്കൊള്ളാം എന്ന് പശ്ചാത്തപിക്കാനും
തുടങ്ങി പക്ഷെ ശിക്ഷ നേരിൽ കാണുമ്പോഴുള്ള വിശ്വാസം സ്വീകരിക്കില്ലെന്നതാണ് നാഥന്റെ നിലപാട്. അതാണ് “അവർ മുറവിളി
കൂട്ടി. എന്നാൽ അത് രക്ഷ പ്രാപിക്കാനുള്ള സമയമല്ല” എന്ന് പറഞ്ഞത്. ഇമാം ബഗ്‌വി رحمة الله عليه എഴുതുന്നു ‘മക്കയിലെ നിഷേധികൾ യുദ്ധം ശക്തിപ്രാപിക്കുമ്പോൾ ഓടി
രക്ഷപ്പെടാനും മുസ്‌ലിംകൾക്കെതിരിൽ ജാഗ്രത പാലിക്കാനും വിളിച്ചു പറയുമായിരുന്നു. എന്നാൽ ബദ്‌റിൽ അവർക്ക് ശിക്ഷ ഇറങ്ങിയപ്പോൾ ഇതുപോലെ രക്ഷപ്പെടാൻ അവർ വിളിച്ചു കൂവിയെങ്കിലും
അള്ളാഹു ഇത് രക്ഷപ്പെടാനുള്ള സമയമല്ല’ എന്ന് അവരോട് പറഞ്ഞു (ബഗ്‌വി)
(4)
وَعَجِبُوا أَن جَاءهُم مُّنذِرٌ مِّنْهُمْ وَقَالَ
الْكَافِرُونَ هَذَا سَاحِرٌ كَذَّابٌ
അവരിൽ നിന്നു തന്നെയുള്ള ഒരു താക്കീതുകാരൻ അവരുടെ അടുത്ത് വന്നതിൽ അവർക്ക്
ആശ്ചര്യം തോന്നിയിരിക്കുന്നു സത്യ നിഷേധികൾ പറഞ്ഞു നബി ﷺതങ്ങൾ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു
മക്കയിൽ നബി ﷺതങ്ങളെ അള്ളാഹു പ്രവാചകനായി നിയോഗിക്കുകയും
നിലവിലുണ്ടായിരുന്ന ബഹുദൈവാരാധനയെ നബി ﷺതങ്ങൾ എതിർക്കുകയും ചെയ്തപ്പോൾ മക്കയിൽ നിന്ന് ഒരാളെ
ദൈവദൂതനാക്കുന്നുവെങ്കിൽ അത് മുഹമ്മദ് നബി ﷺആകുന്നതെങ്ങിനെ എന്ന് അവർ അത്ഭുതം കൂറി. അഥവാ അത് ഉൾക്കൊള്ളാൻ അവർക്കായില്ല. (മക്കയിൽ നിന്ന് ഒരാൾ
ദൈവദൂതനാവണമെങ്കിൽ ഞങ്ങളെ പോലുള്ള കേമന്മാർ ഇവിടെ ഇല്ലേ? ധനവും നേതൃത്വവും എല്ലാം ഉള്ളവർ.അവരെ എല്ലാം
ഒഴിവാക്കി ദാരിദ്ര്യം വിഷമിപ്പിക്കുന്ന ആളെ നബിയാക്കുകയോ? ഇത്
അംഗീകരിക്കാനാവില്ല എന്നായിരുന്നു അവരുടെ മനോഗതം) അത് കൊണ്ട് തന്നെ നബി ﷺതങ്ങളെ നിരാകരിക്കാൻ “കള്ളവാദിയായ ഒരു
ജാലവിദ്യക്കാരനാകുന്നു” എന്ന് തട്ടിവിടുകയായിരുന്നു അവർ (ഇബ്നുകസീർ)
ജനങ്ങളെ സംശയിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ് അവരെ ചതിക്കുകയും പിതാവിനും
മകന്നുമിടയിലും ഭാര്യക്കും ഭർത്താവിന്നുമിടയിലും ഭിന്നിപ്പുണ്ടാക്കുന്ന
പ്രവാചകനെന്ന് കള്ളം പറയുന്നവനാണ് എന്ന് അവർ നബി ﷺതങ്ങളെക്കുറിച്ച് പറഞ്ഞു (ഖുർതുബി)
(5)
أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا
لَشَيْءٌ عُجَابٌ
ഈ പ്രവാചകൻ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീർച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ
ﷲ അള്ളാഹുവിനെ
മാത്രം ആരാധിക്കണം എന്ന നബി ﷺ തങ്ങളുടെ വാദം അവരെ വല്ലാതെ അസ്വസ്ഥരാക്കി കാരണം അവർ
പാരമ്പര്യമായി ബിംബാരാധന ശീലിക്കുകയും അതിനോട് വലിയ സ്നേഹം നിലനിർത്തുകയും
ചെയ്തിരുന്നു .അത്തരം ശീലങ്ങൾ ഒഴിവാക്കാനായി നബി ﷺ തങ്ങൾ അവരെ ഉപദേശിക്കുകയും ﷲഅള്ളാഹുവിന്റെ ഏകത്വം ഉൾക്കൊള്ളാൻ അവരോട് നിർദേശിക്കുകയും
ചെയ്തപ്പോൾ അതിൽ അവർ അതിശയം പ്രകടിപ്പിച്ചു. ഇത്രയും
ദൈവങ്ങളോട് പ്രാർത്ഥിച്ചിട്ട് തന്നെ കാര്യങ്ങൾ നേരാം വണ്ണം നടക്കുന്നില്ല
പിന്നെയെല്ലേ ഒരൊറ്റ ദൈവത്തെ കൊണ്ട് മതിയാക്കൽ! ഇതാണ് അവരുടെ ഉള്ളിലിരിപ്പ്. അവർ മനസ്സിലാക്കിയ ദൈവിക സങ്കൽപ്പം ഇത്ര വികലമാണെന്ന് ഖുർആൻ
വ്യക്തമാക്കിയിട്ടും അവർക്ക് ﷲഅള്ളാഹുവിൽ വിശ്വാസമുണ്ടായിരുന്നു എന്ന് ചിലർ പറയുന്നത്
കാണുമ്പോൾ അതിശയം തോന്നുന്നു
ഇമാം ബഗ്‌വി رحمة
الله عليهഎഴുതുന്നു ഉമർ رضي الله عنهاമുസ്‌ലിമായപ്പോൾ ഖുറൈശികൾ വല്ലാതെ വിഷമിച്ചു സത്യ വിശ്വാസികൾ നന്നായി
സന്തോഷിക്കുകയും ചെയ്തു. അപ്പോൾ ഇരുപത്തഞ്ചോളം വരുന്ന ഖുറൈശി പ്രമുഖരോട് കൂട്ടത്തിൽ
കൂടുതൽ പ്രായമുള്ള വലീദ് ബിൻ മുഗീറ: പറഞ്ഞു അബൂതാലിബിന്റെ അടുത്ത് പോയി നമ്മുടെ
വിഷമം പറയുക. അവർ അബൂതാലിബിനെ സമീപിച്ച് നിങ്ങൾ ഞങ്ങളുടെ നേതാവും
കാരണവരുമാണ് നിങ്ങളുടെ സഹോദര പുത്രനും അനുയായികളും പലതും ചെയ്തുകൂട്ടുന്നുണ്ട്
അതിനാൽ ഞങ്ങൾക്കിടയിൽ നിങ്ങൾ ഒരു തീർപ്പുണ്ടാക്കണം. അബുതാലിബ് നബി ﷺ തങ്ങളെ വിളിച്ച് വരുത്തുകയും നാട്ടുകാർ മദ്ധ്യസ്ഥം
ആവശ്യപ്പെടുന്നുണ്ട് അതിനാൽ നാട്ടുകാർക്കെതിരായി പൂർണമായി നിലപാട് എടുക്കരുത്
എന്ന് നബി ﷺതങ്ങളോട് പറയുകയും ചെയ്തു. നബി ﷺതങ്ങൾ ചോദിച്ചു എന്താണ് അവർ ആവശ്യപ്പെടുന്നത്? അവരുടെ ആരാധ്യന്മാരെ നിങ്ങൾ പരാമർശിക്കാതിരിക്കുക
നിങ്ങളെയും നിങ്ങളുടെ ആരാധ്യനെയും അവരും വെറുതെ വിടാം. ഇതാണ് അവർ
പറയുന്നത്. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു ഒരു വാക്ക് മാത്രം അവർ എനിക്ക് നൽകുമോ അറബികളെയും
അനറബികളെയും അവരുടെ കീഴിൽ കൊണ്ടു വരാൻ അത് മുഖേന ഇവർക്ക് സാധിക്കും അപ്പോൾ അബൂജഹ്‌ൽ
പറഞ്ഞു ഒന്നല്ല പത്ത് വാക്ക് തരാൻ ഞങ്ങൾ തയാറാണ്. അപ്പോൾ നബി
തങ്ങൾ പറഞ്ഞു നിങ്ങൾ (لااله الاالله )ലാഇലാഹ ഇല്ലള്ളാഹ് എന്ന് പറയുക. അപ്പോൾ അവർ
പ്രതിഷേധിക്കുകയും സദസ്സിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്തു എല്ലാ ദൈവങ്ങളെയും കൂടി
മുഹമ്മദ് നബി ഒന്നാക്കിയോ? എല്ലാ സൃഷ്ടികൾക്കും കൂടി ഒരു ദൈവം എങ്ങനെ മതിയാവാനാണ്? ഇതാണ് അവർ
അത്ഭുതം കൂറിയ പശ്ചാത്തലം (ബഗ്‌വി)
(6)
وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا
وَاصْبِرُوا عَلَى آلِهَتِكُمْ إِنَّ هَذَا لَشَيْءٌ يُرَادُ
അവരിലെ പ്രധാനികൾ (ഇപ്രകാരം പറഞ്ഞുകൊണ്ട് പോയി) നിങ്ങൾ മുന്നോട്ട് പോയിക്കൊള്ളുക നിങ്ങളുടെ
ദൈവങ്ങളുടെ കാര്യത്തിൽ നിങ്ങൾ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുകയും ചെയ്യുക. തീർച്ചയായും ഇത് ഉദ്ദേശപൂർവ്വം ചെയ്യപ്പെടുന്ന
ഒരു കാര്യം തന്നെയാകുന്നു
നബി ﷺ തങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത മുശ്‌രിക്കുകൾ പുറത്തിറങ്ങിയപ്പോൾ
പറഞ്ഞതാണിത്, നമ്മുടെ ദൈവങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും നാം പോകേണ്ടി വരും. എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും നാം ഉറച്ച് നിൽക്കണം കാരണം മുഹമ്മദ് നബി ﷺ നമ്മുടെ മേലിൽ ആധിപത്യം സ്ഥാപിക്കാനും മേധാവി ചമയാനുമാണ് ഈ
വാദമുന്നയിക്കുന്നത് നമ്മൾ അതിനു വഴങ്ങാതെ അടിയുറച്ച് നിലക്കൊള്ളണം എന്ന് ഉഖ്‌ബത്തു
ബിൻ അബീ മുഅയ്ത്ത് പറഞ്ഞു (ഥിബ്‌രി)
(7)
مَا سَمِعْنَا بِهَذَا فِي
الْمِلَّةِ الْآخِرَةِ إِنْ هَذَا إِلَّا اخْتِلَاقٌ
അവസാനത്തെ മതത്തിൽ ഞങ്ങൾ ഇതിനെ പറ്റി കേൾക്കുകയുണ്ടായിട്ടില്ല ഇതൊരു കൃത്രിമ
സൃഷ്ടി മാത്രമാകുന്നു
അവസാനമായി ഇവിടെ വന്ന മതം കൃസ്ത്യാനിറ്റിയാണ്
അതിൽ പോലും ഏക ദൈവത്തെയല്ല ത്രിയേകത്വമാണ് അടിസ്ഥാനമാക്കുന്നത് അത് കൊണ്ട് ഏക ദൈവ
വാദം മുഹമ്മദ് നബി ﷺ മിനഞ്ഞുണ്ടാക്കുന്നതാണ്. അതിനു യാതൊരു ചരിത്ര പിൻ
ബലവുമില്ല എന്നാണ് അവർ പറയുന്നത്
(8)
أَأُنزِلَ عَلَيْهِ الذِّكْرُ مِن بَيْنِنَا بَلْ
هُمْ فِي شَكٍّ مِّن ذِكْرِي بَلْ لَمَّا يَذُوقُوا عَذَابِ
ഞങ്ങളുടെ ഇടയിൽ നിന്ന് ഉൽബോധനം ഇറക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ മേലാണോ? അങ്ങനെയൊന്നുമല്ല അവർ എന്റെ ഉൽബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു അല്ല. അവർ എന്റെ ശിക്ഷ ഇതുവരെ
ആസ്വദിക്കുകയുണ്ടായിട്ടില്ല
നബി തങ്ങൾക്ക് ദിവ്യബോധനവും ഖുർആനും
ഇറക്കപ്പെട്ടു എന്നത് അവർക്ക് വിശ്വസിക്കാനാവുന്നില്ല നബി ﷺതങ്ങളുടെ സത്യ സന്ധതയിൽ ഇതു വരെ അവർക്ക് സംശയമില്ലെങ്കിലും
ഖുർആൻ അവതരിക്കപ്പെട്ടത് തങ്ങൾക്കാണെന്ന വാദം അവർക്ക് ഉൾക്കൊള്ളാനാവുന്നില്ല ﷲഅള്ളാഹു പറയുന്നത് അവർ എന്റെ ശിക്ഷ ഇതു വരെ ആസ്വദിക്കാത്തത്
കൊണ്ടാണ് പാപത്തിന്റെ കൂലിയായി അത് അനുഭവിക്കുമ്പോൾ അവർക്ക് കാര്യം ബോദ്ധ്യപ്പെടും
പക്ഷെ അന്നേരത്തെ ബോദ്ധ്യം കൊണ്ട് പ്രയോജനമുണ്ടാവില്ല
(9)
أَمْ عِندَهُمْ خَزَائِنُ رَحْمَةِ رَبِّكَ
الْعَزِيزِ الْوَهَّابِ
അതല്ല പ്രതാപിയും അത്യുദാരനുമായ തങ്ങളുടെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകൾ
അവരുടെ പക്കലാണോ?
ﷲഅള്ളാഹുവിന്റെ കാരുണ്യത്തിന്റെ ഖജനാവ് അവരുടെ പക്കലാണോ എന്ന്
ചോദിക്കുന്നതിന്റെ താല്പര്യം നബി ﷺ തങ്ങൾക്ക് ഖുർആൻ ഇറക്കി കൊടുക്കരുത് എന്ന് പറയാൻ ഇവർക്ക് എന്ത്
അധികാരം ? ആർക്ക് എന്ത് നൽകണം എന്ന് തീരുമാനിക്കുന്നത് ﷲഅള്ളാഹുവാണ് അവൻ നബി ﷺ തങ്ങളെ തിരഞ്ഞെടുത്താൽ പിന്നെ ഇവരുടെ പ്രതിഷേധം ആരു കേൾക്കാൻ
എന്ന് സാരം
(10)
أَمْ لَهُم مُّلْكُ السَّمَاوَاتِ وَالْأَرْضِ وَمَا
بَيْنَهُمَا فَلْيَرْتَقُوا فِي الْأَسْبَابِ
അതല്ല ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും ആധിപത്യം അവർക്കാണോ?എങ്കിൽ ആ മാർഗങ്ങളിലൂടെ അവർ കയറി നോക്കട്ടെ
ﷺഅള്ളാഹു അവൻ
ഉദ്ദേശിക്കുന്നവരെ യോഗ്യരാക്കും അവൻ ഉദ്ദേശികുന്നവർക്ക് അംഗീകാരം നൽകും അവൻ
ഉദ്ദേശിക്കുന്നവർക്ക് ദിവ്യ ബോധനം നൽകും അതിനാൽ നബി ﷺതങ്ങളെ ﷲഅള്ളാഹു ഇത്തരം ആദരവിനു പരിഗണിച്ചതിനെ ചോദ്യം ചെയ്യാനുള്ള
ഒരു അവകാശവും ഇവർക്കില്ല.ഇവർക്ക് വല്ല അധികാരവുമുണ്ടെങ്കിൽ അവർ ആ മാർഗങ്ങളിലൂടെ
കയറി നോക്കട്ടെ അവരുദ്ദേശിക്കുന്നവർക്ക് ബോധനം നൽകാൻ വല്ല മാർഗവുമുണ്ടോ എന്ന്. ഇത് ശക്തമായ താക്കീതാണ് (ബഗ്‌വി)
(11)
جُندٌ مَّا هُنَالِكَ مَهْزُومٌ مِّنَ الْأَحْزَابِ
പല കക്ഷികളിൽ പെട്ട പരാജയപ്പെടാൻ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്
നബി ﷺ തങ്ങൾക്കെതിരിൽ ശാത്രവം പ്രഖ്യാപിച്ച അറേബ്യൻ മുശ്‌രിക്കുകൾ ആവട്ടെ മറ്റു പൈശാചിക ശക്തികളാവട്ടെ, അവരെല്ലാം പരാജയപ്പെടാൻ പോകുന്ന ഒരു കൂട്ടമാണ് ബദ്‌റിലും
മറ്റും അത് ബോധ്യമാവുകയും ചെയ്തു
ﷲഅള്ളാഹു സത്യം ഉൾക്കൊള്ളാൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
====================================================================
No comments:
Post a Comment