Monday, November 15, 2021

അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | ഭാഗം 05

അദ്ധ്യായം 38  | സൂറത്ത് സ്വാദ്  سورة ص | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88


(Part -5  -   സൂക്തം 30 മുതൽ 40 വരെ സൂക്തങ്ങളുടെ വിവരണം )

 

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(30)
وَوَهَبْنَا لِدَاوُودَ سُلَيْمَانَ نِعْمَ الْعَبْدُ إِنَّهُ أَوَّابٌ


ദാവൂദ് നബി
عليه السلامക്ക് നാം സുലൈമാൻ നബി عليه السلامയെ (പുത്രൻ) പ്രദാനം ചെയ്തു. വളരെ നല്ല ദാസൻ. തീർച്ചയായും അദ്ദേഹം (അള്ളാഹുവിങ്കലേക്ക്) ഏറ്റവുമധികം ഖേദിച്ചു മടങ്ങുന്നവരാകുന്നു


ഇബ്നുകസീർ رحمة الله عليه എഴുതുന്നു ദാവൂദ് നബി عليه السلامക്ക് നബിയായ മകൻ എന്ന നിലക്ക് സുലൈമാൻ നബി عليه السلامയെ അള്ളാഹു നൽകി എന്നാണ് ഇവിടെ പറയുന്നത്. അല്ലെങ്കിൽ ദാവൂദ് നബി عليه السلامക്ക് വേറെയും ധാരാളം മക്കൾ ഉണ്ടായിരുന്നു കാരണം സ്വതന്ത്രകളായ നൂറ് ഭാര്യമാർ തനിക്കുണ്ടായിരുന്നു (ഇബ്നുകസീർ) തന്റെ മക്കളിൽ ഒരാളെ അള്ളാഹു നബിയാക്കുക എന്നത് ഏതൊരു പിതാവിനെയും വല്ലാതെ സന്തോഷിപ്പിക്കുന്ന അനുഗ്രഹം തന്നെയാണല്ലോ അതാണ് ഇവിടെ അനുഗ്രഹമായി എടുത്ത് പറഞ്ഞിരിക്കുന്നത് തുടർന്ന് സുലൈമാൻ നബി عليه السلامയെ അള്ളാഹു പ്രശംസിച്ചതാണ് വളരെ നല്ല ദാസൻഎന്നത് ധാരാളം ആരാധനകളും അള്ളാഹുവിലേക്ക് ഖേദിച്ചു മടങ്ങലും പതിവാക്കിയത് കൊണ്ടാണ് തന്റെ നന്മയെ അള്ളാഹു പ്രശംസിച്ചത്
ഇബ്നു കസീർ
رحمة الله عليه എഴുതുന്നു ഇബ്നു അബീ ഹാതം رحمة الله عليه റിപ്പോർട്ട് ചെയ്യുന്നു അള്ളാഹു ദാവൂദ് നബി عليه السلامക്ക് ദാനമായി സുലൈമാൻ എന്ന മകനെ നൽകിയപ്പോൾ മകനോട് ദാവൂദ് നബി عليه السلام ചോദിച്ചു  മോനേ! ഏറ്റവും നല്ല കാര്യമെന്താണ്? സുലൈമാൻ നബി عليه السلام പറഞ്ഞു അള്ളാഹുവിൽ നിന്നുള്ള സമാധാനവും അവനെക്കൊണ്ടുള്ള വിശ്വാസവും. ഏറ്റവും മോശമായതോ? വിശ്വസിച്ച ശേഷം നിഷേധത്തിലേക്ക് പോകുന്നത്. ഏറ്റവും മാധുര്യമുള്ളതെന്താണ് ? അള്ളാഹു തന്റെ അടിമകൾക്കിടയിൽ നൽകുന്ന കാരുണ്യം .ഏറ്റവും തണുപ്പ് നൽകുന്നതെന്ത്? അള്ളാഹു ജനങ്ങൾക്ക് മാപ്പ് നൽകുന്നതും ജനങ്ങൾ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതുമാണ്. അപ്പോൾ ദാവൂദ് നബി പറഞ്ഞു നിങ്ങൾ നബി തന്നെ. അവർക്കേ ഈ വിധം സംസാരിക്കാനാവൂ എന്ന് സാരം (ഇബ്നുകസീർ)


(31)
إِذْ عُرِضَ عَلَيْهِ بِالْعَشِيِّ الصَّافِنَاتُ الْجِيَادُ


കുതിച്ചോടാൻ തയാറായി നിൽക്കുന്ന വിശിഷ്ടമായ കുതിരകൾ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം


മൂന്ന് കാലിൽ നിൽക്കുകയും  നാലാമത് കാലിന്റെ കുളമ്പ് അല്പം മാത്രം നിലത്ത് കുത്തുകയും ചെയ്യുന്ന ഒരു പ്രത്യേക രീതിയുള്ള കുതിര എന്നാണ് സാഫിനാത്ത് വേഗത കൂടിയത് എന്നാണ് ജിയാദ് കൊണ്ട് വിവക്ഷ (ബഗ്‌വി)

അധികാരമുള്ള സുലൈമാൻ നബി
عليه السلامയെ അള്ളാഹു പരീക്ഷിച്ചതും അത് തിരിച്ചറിഞ്ഞപ്പോൾ തന്നിൽ നിന്നുണ്ടായ പ്രതികരണവുമാണിവിടെ പറയുന്നത് .ഒരു വൈകുന്നേരം അപ്പോഴുള്ള തന്റെ നിസ്ക്കാരം നിർവഹിച്ച് സുലൈമാൻ നബി عليه السلام കസേരയിൽ ഇരിക്കുന്നു  തന്റെ മുന്നിൽ വളരെ വേഗതയേറിയതും ഉന്നത നിലവാരം പുലർത്തുന്നതുമായ കുതിരകൾ പ്രദർശിപ്പിക്കപ്പെട്ടു. ആ കുതിരകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോൾ സൂര്യൻ അസ്തമയത്തിലേക്ക് പോയത് താൻ മറന്നു പോവുകയും തന്റെ അസ്‌ർ നിസ്ക്കാരം സമയം തെറ്റുകയും ചെയ്തു കുതിരകളെ താലോലിച്ച് നാഥനുമായുള്ള സംഭാഷണം നഷ്ടപ്പെട്ടത് ഓർത്തപ്പോൾ താൻ അതീവ ദുഖിതനായി നാഥനെക്കുറിച്ചുള്ള ഭയം വല്ലാതെ തന്നെ അസ്വസ്ഥനാക്കി. കുതിരകളെ മുഴുവൻ തിരിച്ചു കൊണ്ടു വരാൻ താൻ കല്പിച്ചു അള്ളാഹുവിന്റെ തൃപ്തിക്ക് വേണ്ടി അവകളെ മുഴുവനും അറുത്ത് ദാനം ചെയ്തു ഭൌതിക പ്രൌഢികൾ ആത്മീയ യാത്രയിൽ വഴിമുടക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല.ഇതാണ് ഇവിടെ പറയുന്ന സംഭവത്തിന്റെ ചുരുക്കം .എത്ര കുതിരകൾ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വ്യത്യസ്ഥ വീക്ഷണങ്ങളുണ്ട് ഇരുപതിനായിരം എന്നതാണ് കൂടുതൽ ശരി എന്ന നിരീക്ഷണം ഇബ്നു കസീർ رحمة الله عليه ഉദ്ധരിക്കുന്നുണ്ട്. ചിറകുകളുള്ള കുതിരകളായിരുന്നു ഇവ എന്ന അഭിപ്രായവും വ്യാഖ്യാതാക്കൾ ഇവിടെ വിവരിച്ചിട്ടുണ്ട്. ആഇശ  ബീവി رضي الله عنهاയുടെ കളിക്കോപ്പുകളിൽ ചിറകുള്ള കുതിരയെക്കണ്ട നബി തങ്ങൾ അത്ഭുതം കൂറിയപ്പോൾ സുലൈമാൻ നബി رضي الله عنهയുടെ കുതിരകൾക്ക് ചിറകുണ്ടായിരുന്നത് തങ്ങൾക്കറിയാമല്ലോ എന്ന് ആഇശ ബീവി رضي الله عنهاപ്രതികരിച്ച അബൂദാവൂദ് رحمة الله عليه റിപ്പോർട്ട് ചെയ്ത ഹദീസ് ചിറകുള്ള കുതിരക്ക് തെളിവായി ഇബ്നു കസീർ رحمة الله عليه ഇവിടെ ഉദ്ധരിക്കുന്നുണ്ട്




(32)
فَقَالَ إِنِّي أَحْبَبْتُ حُبَّ الْخَيْرِ عَن ذِكْرِ رَبِّي حَتَّى تَوَارَتْ بِالْحِجَابِ


അപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവിന്റെ സ്മരണ വിട്ടാണ് ഐശര്യത്തെ ഞാൻ സ്നേഹിച്ചിട്ടുള്ളത് അങ്ങനെ അത് (സൂര്യൻ) മറവിൽ പോയി മറഞ്ഞു


എന്റെ കുതിരയെന്ന ഈ ധനത്തോടുള്ള സ്നേഹത്തിൽ മുഴുകി നാഥനുമായുള്ള സംഭാഷണം മറന്നു പോയി ഇത് വല്ലാത്തൊരു പരീക്ഷണമായി എന്ന് സുലൈമാൻ നബി عليه السلام അത്മഗതം ചെയ്തു. സൂര്യാസ്തമയം കഴിയുന്നതിനു മുൻപ് അസ്‌ർ നിസ്ക്കരിക്കാൻ സാധിക്കാതെ പോയതിലുള്ള ഖേദവും വിഷമവുമാണിത് (ബഗ്‌വി)

 

(33)
رُدُّوهَا عَلَيَّ فَطَفِقَ مَسْحًا بِالسُّوقِ وَالْأَعْنَاقِ

 

(അപ്പോൾ അദ്ദേഹം പറഞ്ഞു) നിങ്ങൾ അവയെ എന്റെ അടുത്തേക്ക് തിരിച്ചു കൊണ്ടുവരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും തടവാൻ തുടങ്ങി

 

തന്റെ നിസ്കാരം നഷ്ടപ്പെടാൻ കാരണമായ കുതിരകളെ തന്റെ മുന്നിൽ എത്തിക്കാൻ സുലൈമാൻ നബി عليه السلام പറയുകയും കൊണ്ടു വന്നപ്പോൾ അവയുടെ കണങ്കാലും കഴുത്തും വെട്ടി അവയെ അറവ് നടത്തുകയും ചെയ്തു തടവി എന്നത് അക്കാലത്തിന്റെ അറവിന്റെ ശൈലിയാണ് അങ്ങനെ അവയുടെ മാംസം നാഥന്റെ തൃപ്തിക്കായി ദാനം ചെയ്തു. ഇവിടെ അതിനെ മടക്കുക എന്നാൽ അസ്തമിച്ച സൂര്യനെ മടക്കാനും തനിക്ക് സൂര്യാസ്തമയത്തിനു മുമ്പ് നിസ്ക്കാരം നടത്താനും സൌകര്യമൊരുക്കാൻ മലക്കുകളോട് താൻ കല്പിക്കുകയും സൂര്യനെ അവർ മടക്കുകയും നബി عليه السلامഅസ്ർനിസ്ക്കരിക്കുകയും ചെയ്തു എന്ന് അലി യിൽ നിന്ന് ഒരു റിപ്പോർട്ടുണ്ട് . കുതിരകളെ തടവി എന്നത് ധർമ്മ യുദ്ധത്തിനു തയാറാക്കി നിർത്തിയ വാഹനം എന്ന ബഹുമാനത്തിലാണ് എന്നും ഇവിടെ അഭിപ്രായം ഉണ്ട് (ബഗ്‌വി)


(34)
وَلَقَدْ فَتَنَّا سُلَيْمَانَ وَأَلْقَيْنَا عَلَى كُرْسِيِّهِ جَسَدًا ثُمَّ أَنَابَ


സുലൈമാൻ നബി
عليه السلامയെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സിംഹാസനത്തിൻ മേൽ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു പിന്നീട് അദ്ദേഹം താഴ്മയുള്ളവരായി മടങ്ങി


സുലൈമാൻ നബി عليه السلام ക്കുണ്ടായ പരീക്ഷണം ഒരിക്കൽ തന്റെ രാജാധികാരം നഷ്ടപ്പെട്ടത് മൂലമാണ് എന്ന് ഇബ്നു കസീർ رحمة الله عليه ഉദ്ധരിക്കുന്നുണ്ട് തന്റെ സിംഹാസനത്തിനു മേൽ ജഡത്തെ ഇട്ടു എന്നാൽ പിശാചിനെ ഇട്ടു. അഥവാ സുലൈമാൻ നബി عليه السلامയുടെ രൂപത്തിൽ നാല്പത് ദിനം തന്റെ കസേരയിൽ പിശാച് ഇരുന്നു പിന്നീട് അദ്ദേഹം അധികാരത്തിലേക്ക് മടങ്ങി എന്നാണ് പിന്നെ താഴ്മയുള്ളവരായി മടങ്ങി എന്നതിന്റെ താല്പര്യം. ഇവിടെ ഇതുമായി ബന്ധപ്പെട്ട കഥ വിശദമായി വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം
 
ഇമാം സുദ്ദി رحمة الله عليهഉദ്ധരിക്കുന്നു സുലൈമാൻ നബി عليه السلامക്ക് നൂറു ഭാര്യമാരുണ്ടായിരുന്നു അതിൽ തനിക്ക് ഏറ്റവും വിശ്വാസമുണ്ടായിരുന്നത് ജറാദ:എന്നവരോടായിരുന്നു തനിക്ക് വലിയ അശുദ്ധി ഉണ്ടാവുകയോ വിസർജനം നടത്താൻ പോവുകയോ ചെയ്യുമ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന മോതിരം അദ്ദേഹം ഈ ജറാദയെ ഏല്പിക്കും ആവശ്യം കഴിഞ്ഞു വന്ന് തിരിച്ച് വാങ്ങും. ഇതുപോലെ ഒരു ദിനം മോതിരം ഭാര്യയെ ഏല്പിച്ച് കക്കൂസിൽ പോയി അന്നേരം പിശാച് സുലൈമാൻ നബിയുടെ രൂപത്തിൽ വന്ന് ഭാര്യയിൽ നിന്ന് മോതിരം തിരിച്ചുവാങ്ങി. സുലൈമാൻ നബി عليه السلامകക്കൂസിൽ നിന്ന് തിരിച്ചെത്തി മോതിരം ചോദിച്ചപ്പോൾ ഭാര്യ അല്പം മുമ്പ് ഞാൻ നിങ്ങളെ ഏല്പിച്ചല്ലോ എന്ന് പറഞ്ഞു സുലൈമാൻ നബി عليه السلام എന്നെ ഏൽപിച്ചിട്ടില്ല ഞാൻ ഇപ്പോൾ കക്കൂസിൽ നിന്ന് വരുന്നതേയുള്ളൂ എന്ന് പറഞ്ഞു മോതിരം തിരിച്ചേല്പിച്ചതായി ഭാര്യയും ആണയിട്ടു. അതോടെ എന്തോ അപകടം മണത്ത സുലൈമാൻ നബി عليه السلام വിഷമത്തോടെ അവിടെ നിന്നിറങ്ങി നാല്പത് ദിവസം അലക്ഷ്യമായി സഞ്ചരിച്ചു ആ സമയം സുലൈമാൻ നബി عليه السلامയെന്ന വ്യാജേന ഈ മോതിരവും കയ്യിൽ വെച്ച് പിശാച് അധികാരക്കസേരയിൽ ഇരുന്നു പക്ഷെ തന്റെ പല വിധികളിലും ഉൾക്കൊള്ളാനാവാത്ത മാറ്റം കണ്ടു തുടങ്ങിയപ്പോൾ (പിശാചല്ലേ വിധിക്കുന്നത് നേരേ ചൊവ്വേ ആവില്ലല്ലോ കാര്യങ്ങൾഒന്നും!) ബനൂ ഇസ്‌റാഈലിലെ പണ്ഡിതന്മാരും കാര്യബോധമുള്ളവരും ഒരുമിച്ച് സുലൈമാൻ നബി عليه السلامയുടെ ഭാര്യമാരെ സമീപിച്ച് സുലൈമാൻ നബി عليه السلامക്ക് എന്ത് സംഭവിച്ചു വിധികൾ പലതും തെറ്റായ ദിശയിലാണ് വരുന്നത് ഇത് സുലൈമാൻ നബി عليه السلام തന്നെയാണെങ്കിൽ അദ്ദേഹത്തിന് കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു എന്ന് പറഞ്ഞു ഭാര്യമാർ നിലവിളിക്കാൻ തുടങ്ങി. പണ്ഡിതന്മാർ മടങ്ങി വന്ന് തൌറാത്ത് വായിക്കാനും രാജാവിനെ (രാജാവെന്ന വ്യാജേന ഇപ്പോൽ കസേരയിൽ ഇരിക്കുന്ന പിശാചിനെ) സൂക്ഷിച്ച് നിരീക്ഷിക്കുകയും ചെയ്യാൻ തുടങ്ങി അപകടം മണത്ത പിശാച് അവിടെ നിന്ന് ഓടുകയും കടലിൽ പ്രവേശിക്കുകയും ചെയ്തു അപ്പോൾ മോതിരം സമുദ്രത്തിൽ വീഴുകയും ഒരു മത്സ്യം അത് വിഴുങ്ങുകയും മീൻ പിടുത്തക്കാരുടെ വലയിൽ ആ മത്സ്യം കുടുങ്ങുകയും അവർ ആ മത്സ്യത്തെ കരയിലെത്തിക്കുകയും മീൻ പിടുത്തക്കാരോട് ഭക്ഷണം ചോദിച്ച സുലൈമാൻ നബി عليه السلامക്ക് അവർ ആ മത്സ്യം നൽകുകയും അതിനെ വൃത്തിയാക്കുമ്പോൾ മോതിരം ലഭിക്കുകയും സന്തോഷത്തോടെ അധികാക്കസേരയിലേക്ക് താൻ തിരിച്ചു വരികയും ചെയ്തു ഹബ്‌ഖീഖ് എന്ന് പേരുള്ള ആ പിശാചിനെ പിന്നീട് സുലൈമാൻ നബി عليه السلام തന്റെ മുന്നിലെത്തിച്ച് ഇരുമ്പ് പെട്ടിയിൽ അടക്കം ചെയ്ത് തന്റെ സീൽ പതിച്ച് കടലിൽ തന്നെ ഇടുകയും അന്ത്യനാൾ വരെ അവൻ അതേ അവസ്ഥയിൽ തുടരുകയും ചെയ്യും (ഇബ്നുകസീർ)

ഇവിടെ ആൾമാറാട്ടം നടത്തിയ പിശാച് സുലൈമാൻ നബി عليه السلامയെന്ന വ്യാജേന എല്ലാം കൈകാര്യം ചെയ്ത കാലത്ത് തന്റെ ഭാര്യമാരിലേക്ക് അടുക്കാൻ സാധിക്കാതെ അള്ളാഹു അവരെ സംരക്ഷിച്ചു എന്ന നിരീക്ഷണത്തിനാണ് കൂടുതൽ സ്വീകാര്യത എന്ന് കൂടി നാം മനസ്സിലാക്കണം


(35)
قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّنْ بَعْدِي إِنَّكَ أَنتَ الْوَهَّابُ


അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവേ! നീ എനിക്ക് പൊറുത്തു തരികയും എനിക്ക് ശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജ വാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ.തീർച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാന ശീലൻ


അള്ളാഹുവോട് പൊറുക്കലിനെ തേടുകയും അവന്റെ സാമീപ്യം കൂടുതലായി ഉറപ്പാക്കുകയും ചെയ്തു കൊണ്ട് സുലൈമാൻ നബി عليه السلام ആവശ്യപ്പെടുന്നത് എനിക്ക് ശേഷം ഒരാൾക്കും ലഭിക്കാത്ത വിധം അധികാരമാണ്. അതിന്റെ താല്പര്യം ഇനി ആർക്കും അധികാരം ലഭിക്കുന്നതിനെ തടയണമെന്നല്ല മറിച്ച് മുമ്പ് സംഭവിച്ചത് പോലെ തന്റെ അധികാരം നഷ്ടപ്പെടുന്ന സാഹചര്യം വരരുതെന്നാണെന്ന് ചിലർ അഭിപ്രായപ്പെട്ടുവെങ്കിലും ശരിയായ അഭിപ്രായം തനിക്ക് ശേഷം ഇത്രയും വിപുലമായ അധികാരം ആർക്കും ലഭിക്കരുതെന്ന് തന്നെയാണെന്ന് ഈ സൂക്തത്തിന്റെ ക്രമീകരണവും ശരിയായ നബിവചനങ്ങളും സ്ഥിരീകരിക്കുന്നുണ്ട് ഉദാഹരണമായി ഇമാം ബുഖാരി رحمة الله عليه ഉദ്ധരിക്കുന്ന നബി വചനത്തിൽ കാണാം. അബൂഹുറൈറ: رضي الله عنه റിപ്പോർട്ട് ചെയ്യുന്നു നബി തങ്ങൾ പറഞ്ഞു ഇന്നലെ രാത്രി എന്റെ നിസ്കാരത്തിൽ പ്രശ്നമുണ്ടാക്കാൻ ഒരു കൊടിയ പിശാച് വന്നു. അവനെ പിടികൂടാൻ അള്ളാഹു എനിക്ക് സൌകര്യം തന്നു അവനെ മദീനാ പള്ളിയുടെ ഒരു തൂണിൽ കെട്ടിയിടാനും പകൽ വെളിച്ചത്തിൽ നിങ്ങൾക്കെല്ലാം കാണാനും സൌകര്യം ഒരുക്കാമെന്ന് ഞാൻ കരുതി. പക്ഷെ എന്റെ സഹോദരൻ സുലൈമാൻ നബി عليه السلامയുടെ (മറ്റാർക്കും നൽകപ്പെടാത്ത അധികാരം എനിക്ക് നൽകണം എന്ന ) പ്രാർത്ഥന ഞാൻ ഓർത്തു നിന്ദ്യനായി അവനെ ഞാൻ പറഞ്ഞു വിട്ടു.(ഇബ്നുകസീർ)
പിശാചുക്കളെ ഉദ്ദേശിക്കും വിധം കൈകാര്യം ചെയ്യാനുള്ള അധികാരം
അള്ളാഹു സുലൈമാൻ നബി عليه السلامക്ക്  നൽകിയിട്ടുണ്ട് അത് ഞാൻ കൈകാര്യം ചെയ്യണ്ട എന്ന് നബി തങ്ങൾ തീരുമാനിച്ചതായി ഈ ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാം അപ്പോൾ തന്റെ അധികാരം നഷ്ടപ്പെരുതെന്ന് മാത്രമല്ല ഇത്തരം വിപുലമായ അധികാരം ആരും കൈകാര്യം ചെയ്യരുതെന്ന് തന്നെയാണ് ആ പ്രർത്ഥനയുടെ പൊരുൾ എന്ന് വ്യക്തമാവുന്നു
ഇവിടെ ശ്രദ്ധേയമായൊരു ചോദ്യവും ഉത്തരവും ഇമാം ഖുർതുബി
رحمة الله عليه പറയുന്നുണ്ട്. ദുനിയാവിനെ അള്ളാഹു സ്നേഹിക്കുന്നില്ലെന്ന് മാത്രമല്ല അതിനു ഒരു വിലയും നാഥൻ നൽകിയിട്ടുമില്ല ആ സ്ഥിതിക്ക് ദുനിയാവ് കൈപിടിയിലൊതുക്കാൻ സുലൈമാൻ നബി عليه السلام ചോദിച്ചത് ശരിയായോ എന്നാണ് ചോദ്യം. അധികാരം നൽകപ്പെട്ടാൽ അതിലുള്ള കടമകൾ പാലിക്കുകയും പടപ്പുകൾക്ക് സേവനം ചെയ്യുകയും വിധികളും നിയമങ്ങളും ശരിയായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും നീതി നിലനിർത്തിയും നിയമവാഴ്ച ഉറപ്പാക്കുകയും ചെയ്യാനുള്ള അവസരം ലഭിക്കും അത് പൊതു ജനത്തിനു വലിയ ഉപകാരവുമാകും ഇത്തരം ലക്ഷ്യങ്ങൾ അള്ളാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുന്നതും അവന്റെ തൃപ്തി ലഭിക്കുന്നവയുമാണ്. ഈ വീക്ഷണമനുസരിച്ച് സുലൈമാൻ നബി عليه السلامയുടെ ചോദ്യം പ്രശംസനീയമാണ്. ഇതാണ് ഉത്തരം (ഖുർതുബി)

 

(36)
فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاء حَيْثُ أَصَابَ


അപ്പോൾ അദ്ദേഹത്തിനു കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു അദ്ദേഹത്തിന്റെ കല്പനപ്രകാരം അദ്ദേഹം ലക്ഷ്യമക്കിയേടത്തേക്ക് സൌമ്യമായ നിലയിൽ അത് സഞ്ചരിക്കുന്നു


സുലൈമാൻ നബി عليه السلامയുടെ വിപുലമായ അധികാരത്തിന്റെ ഭാഗമാണിത് താൻ ലക്ഷ്യമിടുന്ന സ്ഥലത്തേക്ക് നിമിഷ നേരം കൊണ്ട് എത്താൻ സാധിക്കുന്ന അതിവേഗ വാഹനമായി കാറ്റിനെ നൽകി  തന്റെ നിർദ്ദേശാനുസരണം തന്നെയും കൊണ്ട് സഞ്ചരിക്കുകയാണ് കാറ്റിന്റെ ദൌത്യം
ചില മഹത്തുക്കൾ പറഞ്ഞതായി ഇബ്നു കസീർ
رحمة الله عليه ഉദ്ധരിക്കുന്നു ദാവൂദ് നബി عليه السلام അള്ളാഹുവോട് പ്രാർത്ഥിച്ചു അള്ളാഹുവേ! എനിക്ക് നീ അനുഗ്രഹം ചെയ്തത് പോലെ എന്റെ മകൻ സുലൈമാനും നീ നൽകണം എന്ന്. അള്ളാഹു പറഞ്ഞു നിങ്ങൾ എന്നോട് സ്വീകരിച്ച അതേ നിലപാട് എന്നോട് സ്വീകരിക്കാൻ മകനോട് പറയൂ എങ്കിൽ ഞാൻ അതേ നിലാപാടു സ്വീകരിക്കാം (അത് സുലൈമാൻ നബി عليه السلامനടപ്പാക്കി അള്ളാഹു തനിക്കും അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു )  ഹസൻ ബസരി رحمة الله عليه പറയുന്നത് കാണാം അള്ളാഹുവിനു വേണ്ടി തന്റെ വിലപിടിപ്പുള്ള കുതിരകളെ സുലൈമാൻ നബി عليه السلام അറുത്ത് ദാനം ചെയ്തപ്പോൾ  അതിലും വേഗത കൂടിയ (ആ കുതിര ഒരു മാസം സഞ്ചരിച്ചാൽ എത്തുന്ന ദൂരം ഒരു പകലു കൊണ്ടും ഒരു മാസം സഞ്ചരിച്ചാൽ എത്തുന്ന ദൂരം ഒരു രാവ് കൊണ്ടും എത്താൻ സാധിക്കുന്ന അതിവേഗ വാഹനമായിരുന്നു കാറ്റ്) വാഹനത്തെ അള്ളാഹു സുലൈമാൻ നബി عليه السلامക്ക് പകരം നൽകി (ഇബ്നുകസീർ)


(37)
وَالشَّيَاطِينَ كُلَّ بَنَّاء وَغَوَّاصٍ


എല്ലാ കെട്ടിട നിർമാണ വിദഗ്‌ദ്ധരും മുങ്ങൽ വിദഗ്‌ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിനു നാം കീഴ്പെടുത്തികൊടുത്തു)

അമ്പരപ്പിക്കുന്ന കെട്ടിടങ്ങൾ നിഷ് പ്രയാസം നിർമിക്കാൻ വൈദഗ്ദ്യമുള്ള മനുഷ്യ സാദ്ധ്യമെന്ന് പറയാൻ പറ്റാത്ത ശ്രമകരമായ ജോലികൾ നിർവഹിക്കാൻ സാധിക്കുന്നവരും കടലിൽ മുങ്ങി മുത്തുകളും രത്നങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കരക്കെത്തിക്കുന്നതിൽ വിദഗ്‌ദരായ  പിശാചുക്കളും സുലൈമാൻ നബി عليه السلامയുടെ ചൊല്പടിക്ക് നിൽക്കും വിധം അള്ളാഹു കീഴ്പെടുത്തിക്കൊടുത്തു (ഇബ്നുകസീർ)

 


(38)
وَآخَرِينَ مُقَرَّنِينَ فِي الْأَصْفَادِ


ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ) യും (അധീനപ്പെടുത്തിക്കൊടുത്തു)

അച്ചടക്ക ലംഘനം കാണിച്ച അതി ശക്തരായ പിശാചുക്കളെ ചങ്ങലകളിൽ കെട്ടി നിയന്ത്രിക്കാനും അള്ളാഹു അധികാരം നൽകി


(39)
هَذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ


ഇത് നമ്മുടെ ദാനമാകുന്നു ആകയാൽ അങ്ങ് ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക.കണക്കു ചോദിക്കൽ ഉണ്ടാവില്ല (എന്ന് സുലൈമാൻ നബി
عليه السلامയോട് പറയുകയും ചെയ്തു)

ഇത്രയും വിപുലമായ അധികാരം തങ്ങൾക്ക് നാം നൽകിയതിൽ നിന്ന് ഇഷ്ടമുള്ളവർക്ക് കൊടുക്കാനും അല്ലാത്തവർക്ക് തടയാനും നിങ്ങൾക്ക് അവകാശം നൽകും വിധം അങ്ങേക്ക് നാം ഔദാര്യമായി നൽകിയതാണീ അധികാരം എന്ത് കൊണ്ട് കൊടുത്തു എന്നോ കൊടുത്തില്ല എന്നോ ചോദിക്കുകയില്ല എന്ന് സാരം (ഇബ്നുകസീർ)


(40)

وَإِنَّ لَهُ عِندَنَا لَزُلْفَى وَحُسْنَ مَآبٍ



തീർച്ചയായും അദ്ദേഹത്തിനു നമ്മുടെ അടുക്കൽ സാമീപ്യമുണ്ട് മടങ്ങി എത്താൻ ഉന്നതമായ സ്ഥാനവും


ഭൂമിയിൽ ഇത്തരം അധികാരം കൊണ്ട് സുലൈമാൻ നബി عليه السلامയെ ആദരിച്ച അള്ളാഹുവിങ്കൽ തനിക്ക് നല്ല സ്വീകാര്യതയും പരലോകത്ത് ഉന്നതമായ സീറ്റും അള്ളാഹു ഉറപ്പ് നൽകുന്നു
അള്ളാഹു അവരുടെ മഹത്വം കൊണ്ട് നമ്മെ നല്ലവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ


(തുടരും)
ഇൻശാ
അള്ളാഹ്




No comments: