Tuesday, June 28, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 08

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -8  -   സൂക്തം 88 മുതൽ 98 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(88)

فَنَظَرَ نَظْرَةً فِي النُّجُومِ


എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി


ബിംബാരാധനയുടെ അർത്ഥ ശൂന്യത ഉണർത്തിയ ശേഷം ഇബ്‌റാഹീം നബി عليه السلامനക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. നക്ഷത്ര ശാസ്ത്രത്തിൽ വലിയ വിശ്വാസമുണ്ടായിരുന്ന നാട്ടുകാരുടെ മുന്നിൽ താനും അതിന്റെ സാധ്യതകൾ പരിശോധിക്കുന്നു എന്ന് വരുത്തൽ ഇവിടെ ഉദ്ദേശമാകാം,
ബിംബാരാധനയുടെ അർത്ഥ ശൂന്യത അവരെ ബോധിപ്പിക്കണം നാളെ നടക്കുന്ന ഉത്സവത്തിനു എല്ലാവരും പോയിക്കഴിയുമ്പോൾ ബിംബങ്ങൾക്ക് നേരെ കയ്യേറ്റം നടത്തണം പ്രതിരോധിക്കാനാവാത്ത അവയുടെ ദയനീയത അവരെ ബോധ്യപ്പെടുത്തണം അതിനു താൻ അവിടെ നിൽക്കണം അതിനു സാഹചര്യമൊരുക്കുകയാണിവിടെ   (റാസി)


പ്രബോധന വഴിയിൽ ചടുലമായ നീക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമാണിത് എന്ന് നമുക്ക് മനസിലാക്കാം

 

(89)
فَقَالَ إِنِّي سَقِيمٌ


തുടർന്ന് അദ്ദേഹം പറഞ്ഞു തീർച്ചയായും എനിക്ക് അസുഖമാകുന്നു

ബഹു ദൈവാരാധകർ അവരുടെ ഉത്സവത്തിനു കൂടെ പോകാൻ ക്ഷണിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത് ഞാൻ വരുന്നില്ല കാരണം അസുഖമുണ്ട് എന്ന്. നാട്ടുകാരെല്ലാം ഉത്സവത്തിനു പോകുന്ന സമയത്ത് ബിംബങ്ങളെ തകർക്കാൻ അവസരം ലഭിക്കുമെന്ന് അറിയാമായിരുന്ന ഇബ്‌റാഹീം നബി عليه السلامയുടെ പ്രതികരണമാണിത്. അസുഖം എന്ന് പറഞ്ഞത് ആലങ്കാരികമായി പറഞ്ഞതാണ് യഥാർത്ഥത്തിൽ നുണ പറഞ്ഞതല്ല വിവിധ വ്യാഖ്യാനങ്ങൾ ഇത് സംബന്ധമായി വന്നിട്ടുണ്ട് നക്ഷത്രങ്ങളെ നോക്കിയ സമയത്ത് താൻ സഖീം ആണ് എന്ന് പറഞ്ഞത് ദുർബലൻ എന്ന ഉദ്ദേശത്തിലാണ് / ഭാവിയിൽ മരണ രോഗം വരും എന്ന അർത്ഥത്തിലാണ്/ നിങ്ങൾ ബിംബാരാധന നടത്തുന്ന വിഷയത്തിൽ മനസ്സിനു സുഖമില്ലാത്തവനാണ് എന്ന അർത്ഥത്തിലാണ് എന്നെല്ലാം വ്യാഖ്യാനമുണ്ട് (ഇബ്നുകസീർ)

ശരിയായ രോഗി ആവുന്നതിനും തടസ്സമില്ല (റാസി)
ഇത്തരം വ്യാഖ്യാനങ്ങൾ സ്വീകാര്യമാണ്.
കാരണം ഇബ്‌റാഹീം നബി عليه السلام സത്യസന്ധനും നിലപാടുകളുടെ രാജാവുമാണ്. മൂന്ന് കളവുകൾ ഇബ്‌റാഹീം നബി عليه السلام പറഞ്ഞു എന്ന പരാമർശനം പലയിടത്തും കാണാം അതിനർത്ഥം യഥാർത്ഥത്തിൽ കളവു പറഞ്ഞു എന്നല്ല മറിച്ച് കളവാണെന്ന് ചിലർക്ക് തോന്നിയ മൂന്നു കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രമാണ്. ഒന്നിലധികം അർത്ഥങ്ങളുള്ള പദങ്ങൾ /വാചകങ്ങൾ ഉപയോഗിക്കുന്നവർ അതിൽ വിദൂരവും തനിക്ക് വേണ്ടതും മാത്രം ഉദ്ദേശിക്കുന്ന പതിവുണ്ട് ഇവിടെ സംസാരിക്കുന്നവൻ ഒന്ന് ഉദ്ദേശിക്കും കേൾക്കുന്നവൻ മറ്റൊന്ന് മനസിലാക്കും ഇതിന് മആരീള്  (ദ്വയാർത്ഥ സൂത്ര വാചകങ്ങൾ )  എന്നാണ് പറയുക ചില സന്ദർഭങ്ങളിൽ സദുദ്ദേശപരമായി ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കാം കള്ളം പറഞ്ഞ കുറ്റം വരാതെ സൂക്ഷിക്കാനും സത്യം പറഞ്ഞ് പുലിവാൽ പിടിക്കാതിരിക്കാനും ഇത് സഹായിക്കും

ഒരു ഉദാഹരണം നോക്കൂ മദീനയിലേക്കുള്ള ഹിജ്‌റ (പലായനം) യുടെ മധ്യേ നബി തങ്ങളോട് ഒരാൾ ചോദിച്ചു താങ്കൾ എവിടെ നിന്നാണ്? തങ്ങൾ പറഞ്ഞു മിൻ മാഇൻ ബീജത്തിൽ നിന്ന് ഉണ്ടായി എന്നാണ് തങ്ങൾ ഉദ്ദേശിച്ചത് കേട്ടയാൾ മാഅ് എന്ന ഗോത്രത്തിൽ നിന്നാണ് എന്ന് കരുതി. നബി തങ്ങൾ പറഞ്ഞത് ശരിയാണ് ബീജത്തിൽ നിന്നാണല്ലോ നാമുണ്ടാകുന്നത് പക്ഷെ ഇവിടെ മക്കയിൽ നിന്നാണ് എന്നോ ഖുറൈശി ആണ് എന്നോ പറഞ്ഞാൽ അവിടെ അപകടമാണ് കാരണം നബി തങ്ങളുടെ തലക്ക് 100 ഒട്ടകം സമ്മാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സമയമാണ്. ബദ്‌റ് യുദ്ധവുമായി ബന്ധപ്പെട്ട ഒരു രംഗത്തും ഇത്തരം പ്രയോഗമുണ്ടായിട്ടുണ്ട് ഇതേ യാത്രയിൽ സിദ്ദീഖ് رضي الله عنه തങ്ങളോട് കൂടെയുള്ളത് ആരാണെന്ന് ചോദ്യമുണ്ടായി എന്റെ ഹാദി (വഴികാട്ടി ) എന്ന് ഉത്തരം പറഞ്ഞു കേട്ടയാൾ യാത്രയിലെ വഴികാട്ടിയെന്ന് ധരിച്ചു പടച്ചവനിലേക്കുള്ള വഴികാട്ടി എന്ന് സിദ്ദീഖ് رضي الله عنه തങ്ങൾ ഉദ്ദേശിച്ചു നബിയാണെന്ന് പറഞ്ഞാൽ ഉണ്ടാകാവുന്ന പൊല്ലാപ്പ് ഈ പദപ്രയോഗത്തിലൂടെ പരിഹരിച്ചു ഇത് പോലെ ഇബ്‌റാഹീം നബിയു عليه السلامടെ ഈ പ്രയോഗം പ്രബോധന ദൌത്യം മുന്നോട്ട് കൊണ്ടു പോകാൻ തടസ്സം വരാതിരിക്കാനുള്ള തന്ത്രമാണ് നുണയാവാത്ത അർത്ഥം തന്നെ ഉദ്ദേശിച്ചു കൊണ്ട് മഹാൻ അത് പ്രയോഗിച്ചു എന്ന് മനസിലാക്കാം. അഥവാ ഇബ്‌റാഹീം നബി عليه السلامകളവ് പറയുക എന്ന തെറ്റ് ചെയ്തവരാ‍ണ് എന്ന് ആക്ഷേപിക്കാൻ പഴുതില്ല


(90)
فَتَوَلَّوْا عَنْهُ مُدْبِرِينَ


അപ്പോൾ അവർ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞ് പോയി

ഉത്സവത്തിൽ സംബന്ധിക്കാനുള്ള അസൌകര്യം ഇബ്‌റാഹീം നബി عليه السلامഅറിയിച്ചപ്പോൾ അവർ അദ്ദേഹത്തെ വിട്ട് ഉത്സവത്തിനു പോയി അവർ പോയ സമയത്ത് തന്റെ പദ്ധതി നടപ്പാക്കുകയാണ് ഇബ്‌റാഹീം നബി عليه السلام. ബിംബങ്ങളെ ഞാൻ കൈകാര്യം ചെയ്യുമെന്ന് നേരത്തെ തന്നെ ഇബ്‌റാഹീം നബി عليه السلامഅവരോട് പറഞ്ഞിരുന്നതായി ഇരുപത്തി ഒന്നാം അദ്ധ്യായം (അൽ അൻബിയാഅ്) അമ്പത്തി ഏഴാം സൂക്തം വിവരിക്കുന്നുണ്ട്


(91)
فَرَاغَ إِلَى آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ


എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേർക്ക് തിരിഞ്ഞിട്ട് പറഞ്ഞു നിങ്ങൾ തിന്നുന്നില്ലേ
?

ഇബ്നുകസീർ رحمة الله عليه എഴുതുന്നു അവർ എല്ലാവരും ഉത്സവത്തിനു പോയ ഉടൻ ഇബ്‌റാഹീം നബി عليه السلام ബിംബങ്ങൾ കുടിയിരുത്തപ്പെട്ട മണ്ഡപത്തിലേക്ക് നീങ്ങി അപ്പോൾ വിശാലമായ ഒരു റൂമിൽ വലുതും ചെറുതുമായി ധാരാളം ബിംബങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടതായി കണ്ടു ഏറ്റവും ആദ്യം വലിയ ബിംബം പിന്നീട് അതിനടുത്തത് എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു അവകളുടെ മുന്നിൽ ഭക്ഷണ സാധനങ്ങൾ ഇരിക്കുന്നുണ്ട്. ബിംബങ്ങൾക്ക് കഴിക്കാൻ എന്ന നിലയിലോ അവർ തിരിച്ചെത്തിയാൽ ബിംബത്തിന്റെ അനുഗ്രഹം ലഭിച്ച ഭക്ഷണം അവർക്ക് കഴിക്കാൻ എന്ന നിലയിലോ വെച്ചതാകാം. കൊണ്ടു വന്നു വെച്ച ഭക്ഷണം അവയുടെ മുന്നിൽ ഇരിക്കുന്നത് കണ്ട ഇബ്‌റാഹീം‍ നബി عليه السلام ചോദിക്കുകയാണ് നിങ്ങൾ കഴിക്കുന്നില്ലേ? അവക്ക് അതിനു കഴിയില്ലെന്ന് സ്ഥിരീകരിക്കുന്ന ചോദ്യമാണിത്


(92)
مَا لَكُمْ لَا تَنطِقُونَ


നിങ്ങൾക്ക് എന്ത് പറ്റി നിങ്ങൾ സംസാരിക്കുന്നില്ലല്ലോ!

നിങ്ങൾ എന്താണ് മിണ്ടാത്തത് എന്ന് ഇബ്‌റാഹീം നബി عليه السلامചോദിച്ചു കാരണം അവയെ ആരാധ്യ വസ്തുക്കളായി കാണുന്നവർ അവക്ക് വലിയ കഴിവുകൾ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടല്ലോ ആ സ്ഥിതിക്ക് തന്റെ ചോദ്യത്തിനു അവ ഉത്തരം പറയണമല്ലോ. ഈ സ്ഥിതിയിലാണ് ചോദ്യം

(93)
فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ


തുടർന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞ് വലത് കൈ കൊണ്ട് ഊക്കോടെ അവയെ വെട്ടി


വളരെ ശക്തിയായി പ്രഹരം ഏല്പിക്കാനാണ് വലത് കൈകൊണ്ട് തന്നെ വെട്ടിയത്

 


(94)
فَأَقْبَلُوا إِلَيْهِ يَزِفُّونَ


എന്നിട്ട് അവർ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു

ഉത്സവം കഴിഞ്ഞ് തിരിച്ചെത്തിയ ജനം ആരാധനാ മണ്ഡപത്തിൽ എത്തിയപ്പോൾ തങ്ങളുടെ ദൈവങ്ങൾ ആക്രമണത്തിനു വിധേയരായി അവർ കാണുന്നു ആരായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക എന്ന് ചിന്തിച്ചപ്പോൾ ബിംബങ്ങൾക്ക് എതിരായി എപ്പോഴും സംസാരിക്കാറുള്ള ഇബ്‌റാഹീം നബി عليه السلامതന്നെയായിരിക്കും ഇത് ചെയ്തിരിക്കുക എന്ന നിഗമനത്തിൽ എത്തിയ അവർ ഇബ്‌റാഹീം നബി عليه السلامയുടെ അടുത്തേക്ക് പാഞ്ഞു വന്നു ആരാണീ കടുംകൈ ചെയ്തത് എന്ന് ചോദിച്ചു ആരോ ചെയ്തിരിക്കും നിങ്ങളുടെ ദൈവങ്ങളോട് തന്നെ ചോദിക്കരുതോ എന്ന് ഇബ്‌റാഹീം നബി عليه السلام പറഞ്ഞു

(95)
قَالَ أَتَعْبُدُونَ مَا تَنْحِتُونَ


അദ്ദേഹം പറഞ്ഞു നിങ്ങൾ തന്നെ കൊത്തി ഉണ്ടാക്കിയവയെ ആണോ നിങ്ങൾ ആരാധിക്കുന്നത്
?


ബിംബാരാധനയുടെ നിരർത്ഥകത അവർക്ക് ബോധ്യപ്പെടുത്താനാണീ ചോദ്യം നിങ്ങൾ തന്നെ കൊത്തി രൂപപ്പെടുത്തിയ വസ്തുക്കൾക്ക് നിങ്ങൾ ആരാധിക്കുകയോ ? നിങ്ങൾ ഇങ്ങനെ രൂപപ്പെടുത്തുന്നതിനു മുമ്പ് അത് വെറും മരക്കഷ്ണമോ കല്ലോ ആയിരുന്നില്ലേ? ഒന്ന്  രൂപ മാറ്റം വരുത്തുമ്പോഴേക്ക് അതിനെങ്ങനെയാണ് ദിവ്യത്വം ലഭിക്കുന്നത്? നിങ്ങൾ എന്തേ ചിന്തിക്കാത്തത്?

 


(96)
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ


അള്ളാഹുവാണ് നിങ്ങളെയും നിങ്ങൾ നിർമ്മിക്കുന്നവയെയും സൃഷ്ടിച്ചത് എന്നിരിക്കെ


നിങ്ങളെയും നിങ്ങൾ ആരാധിക്കുന്നവയെയും സൃഷ്ടിച്ചത് അള്ളാഹുവാണ് ആ അള്ളാഹുവിനു മാത്രമേ പരമമായ വണക്കം എന്ന ആരാധന ചെയ്യാൻ പാടുള്ളൂ . അള്ളാഹുവിന്റെ ഒരു സൃഷ്ടിയെ അവനോട് തുല്യപ്പെടുത്തുന്നത് വല്ലാത്ത അശ്ലീലം തന്നെ.




(97)
قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ


അവർ (പരസ്പരം) പറഞ്ഞു നിങ്ങൾ അദ്ദേഹത്തിന് (ഇബ്‌റാഹീം) വേണ്ടി ഒരു ചൂള പണിയുക  എന്നിട്ട് അദ്ദേഹത്തെ ജ്വലിക്കുന്ന അഗ്‌നിയിൽ ഇട്ടേക്കുക

 

തകർക്കപ്പെട്ട ദൈവങ്ങൾ നിസ്സഹായരാണെന്നും അവ ദൈവങ്ങൾ അല്ലെന്നും ഇബ്‌റാഹീം നബി عليه السلام സ്ഥാപിച്ചപ്പോൾ ഉത്തരം മുട്ടിയ ആ ജനത ശരിയായ വിശ്വാസത്തിലേക്ക് വരുന്നതിനു പകരം സത്യം പറഞ്ഞ ഇബ്‌റാഹീം നബി عليه السلامയെ തകർക്കാൻ തീരുമാനമെടുക്കുകയാണുണ്ടായത് മുപ്പത് മുഴം നീളവും ഇരുപത് മുഴം വീതിയുമുള്ള ഒരു കൽചൂള അവർ നിർമ്മിച്ചു (റാസി) അതിനായി കല്ലുകൾ/വിറകുകൾ എല്ലാവരും എത്തിച്ചു രോഗികൾ രോഗം മാറാൻ നേർച്ചയാക്കി കല്ലു ചുമന്നു (ഇബ്നുകസീർ).  കാരണം ആ സാധുക്കളുടെ ധാരണയിൽ ദൈവങ്ങൾക്ക് വേണ്ടിയുള്ള ഒരു പുണ്യപ്രവർത്തിയാണ് അവർ ചെയ്യുന്നത്  വാസ്തവത്തിൽ അങ്ങേയറ്റം ആക്ഷേപാർഹമായ കാര്യവും!

.
ശക്തമായ ചൂട് കാരണം അടുത്തേക്ക് പോകാനാവാത്തതിനാൽ തെറ്റ് വില്ലുണ്ടാക്കി അതിൽ നിന്ന് ഇബ്‌റാഹീം നബി
عليه السلامയെ ചൂളയീൽ എത്തിക്കുകയാണവർ ചെയ്തത് ഹൈസൻ എന്ന് പേരുള്ള ഒരു കുർദ് വംശജനായ പേർഷ്യക്കാരനാണ് ആ വിദ്യ നിർദേശിച്ചത് എന്നും അക്കാരണത്താൽ അവനെ അള്ളാഹു ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞു എന്നും ഇപ്പോഴും അവൻ ആഴ്ന്നു പോയിക്കൊണ്ടിരിക്കുന്നുവെന്നും ഇബ്നുകസീർ رحمة الله عليه ഇരുപത്തി ഒന്നാം അദ്ധ്യായം (അൽ അൻബിയാഅ് ) അറുപത്തി എട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ചൂളയിലെറിയപ്പെടുന്ന നേരത്ത് വല്ല സഹായവും വേണോ എന്ന് ജിബ്‌രീൽ عليه السلام ചോദിച്ചതായും നിങ്ങളിലേക്ക് എനിക്ക് ഒരു ആവശ്യവുമില്ലെന്ന് ഇബ്‌റാഹീം നബി عليه السلام പറഞ്ഞതായും ഹസ്ബിയള്ളാഹു വ നിഅ്മൽ വകീൽ എന്ന് ചൊല്ലിയതായും അവിടെ ഇബ്നുകസീർ رحمة الله عليه വിവരിച്ചിട്ടുണ്ട്

 


(98)
فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَسْفَلِينَ


അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തിൽ അവർ ഒരു കുതന്ത്രം പ്രയോഗിച്ചു എന്നാൽ നാം അവരെ ഏറ്റവും അധമന്മാരാക്കുകയാണ് ചെയ്തത്


തീയിലെറിഞ്ഞ് കരിച്ച് കളഞ്ഞാൽ ഒരിക്കലും ഇബ്‌റാഹീമിന്റെ ശല്യം ഉണ്ടാവാതെ ബിംബാരാധന തുടരാമെന്ന വ്യാമോഹത്താലാണ് അവർ ഈ തീക്കളി നടത്തിയത് പക്ഷെ ഒരു രോമത്തിനു പോലും കേട് പറ്റാത്ത പുഞ്ചിരിച്ച് തലയുയർത്തി ചൂളയിൽ നിന്ന് ഇറങ്ങി വരുന്ന ഇബ്‌റാഹീം നബി عليه السلامയെ കാണേണ്ടി വന്ന അവരുടെ നാണക്കേടിന്റെ ആഴം വിവരണാതീതമാണ്. കള്ള ദൈവങ്ങൾക്ക് വേണ്ടി യഥാർത്ഥ ദൈവ ദാസനോട് മുട്ടാനിറങ്ങിയവർ തോറ്റു തുന്നം പാടി ഇനി ഒരു അങ്കത്തിനു മുതിരാനാവാത്ത വിധം പരാജയപ്പെട്ടു എന്ന് ചുരുക്കം
സാധാരണ കരിക്കുക എന്ന ദർമ്മമാണ് തീ നടപ്പാക്കുന്നതെങ്കിൽ
അള്ളാഹുവിന്റെ നിർദേശാനുസരണം സംരക്ഷിക്കുക എന്ന ദൌത്യമാണ് ഇബ്‌റാഹീം നബി عليه السلامയുടെ വിഷയത്തിൽ അത് നടപ്പാക്കിയത് അത് കൊണ്ടാണ് എല്ലാ പ്രതീക്ഷയും തകർന്ന് അവർ നാണം കെട്ടത്


സത്യവിരുദ്ധ ചേരി എന്തൊക്കെ കുതന്ത്രങ്ങൾ മെനഞ്ഞാലും ആക്രമണങ്ങൾ അഴിച്ചു വിട്ടാലും
അള്ളാഹുവിൽ ഭരമേല്പിച്ച് അവന്റെ തൃപ്തിക്കായി പ്രവർത്തിക്കുന്നവർക്ക് തന്നെയായിരിക്കും അന്തിമ വിജയം എന്ന് തിരിച്ചറിയുക തന്നെ വേണം അള്ളാഹു നമ്മെ നല്ലവരിൽ ഉൾപ്പെടുത്തട്ടെ

امين


(തുടരും)
ان شاء الله






 

No comments: