Wednesday, July 13, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 09



അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182
(Part -9  -
  സൂക്തം 99 മുതൽ 107 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(99)
وَقَالَ إِنِّي ذَاهِبٌ إِلَى رَبِّي سَيَهْدِينِ


അദ്ദേഹം പറഞ്ഞു തീർച്ചയായും ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക് പോവുകയാണ് അവൻ എനിക്ക് വഴി കാണിക്കുന്നതാണ്


തീയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഇബ്‌റാഹീം നബി عليه السلام പറയുന്നതാണിത്. ഞാൻ മനസ്സിലാക്കിയ സത്യം വിശ്വസിക്കാനും ആചരിക്കാനും സാധിക്കാത്ത നാട്ടിൽ ഇനിയും തുടരുന്നില്ല അതിനു പറ്റിയ വിശുദ്ധ ഭൂമിയിലേക്ക് (ശാം) ഞാൻ പലായനം ചെയ്യുകയാണ്. വിശ്വാസ സംരക്ഷണം സാധ്യമല്ലാത്തിടത്ത് അള്ളിപ്പിടിച്ച് നിൽക്കലല്ല നിലപാടുകൾ ഉയർത്തിപ്പിടിച്ച് നാടുവിടുന്നതാണ് ധീരമായ ചുവട് വെപ്പ് എന്ന് ഇബ്‌റാഹീം നബി عليه السلام പ്രഖ്യാപിച്ചു. എന്നെ നാഥൻ വഴിയാധാരമാക്കില്ലെന്നും എന്നെ നേർ വഴി നടത്തുമെന്നും ഉറച്ച് വിശ്വസിച്ച് നാട് വിട്ടു. ഭാര്യ സാറ:ബീവി رضي الله عنهاയും സഹോദര പുത്രൻ ലൂഥ് നബി عليه السلامയും കൂടെയുണ്ടായിരുന്നു ചരിത്രത്തിലെ ധർമ്മ സംസ്ഥാപനത്തിനായുള്ള ആദ്യ പലായനമാണിത് പിന്നീട് നബി തങ്ങളുടെ ശിഷ്യന്മാർ (സഹാബത്ത്) എത്യോപ്യയിലേക്കും നബി തങ്ങളും ശിഷ്യന്മാരും മദീനയിലേക്കും പലായനം ചെയ്തത് സുപ്രസിദ്ധ സംഭവമാണ്. വിശ്വാസം ചോദ്യം ചെയ്യപ്പെടുമ്പോൾ അത് സംരക്ഷിക്കേണ്ടതിനാ‍യി പലായനം സാധിക്കുന്നവർ അത് ചെയ്യാതെ ദുർബലരാണ് ഞങ്ങൾ എന്ന് ദുർന്യായം പറഞ്ഞ് അവിശ്വാസത്തിൽ കഴിഞ്ഞു കൂടുന്നത് അനന്തമായ പരാചയ കാരണമാണെന്ന് നാലാം അദ്ധ്യായം (നിസാഅ്) വിശദീകരിക്കുന്നുണ്ട്.


( അവിശ്വാസികൾക്കിടയിൽ തന്നെ ജീവിച്ച് കൊണ്ട് സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോൾ മലക്കുകൾ അവരോട് ചോദിക്കും നിങ്ങൾ എന്തൊരു നിലപാടിലായിരുന്നു
? അവർ പറയും ഞങ്ങൾ നാട്ടിൽ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു  മലക്കുകൾ ചോദിക്കും അള്ളാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങൾക്ക് സ്വദേശം വിട്ട് എവിടെയെങ്കിലും പോകാമായിരുന്നല്ലോ (അങ്ങനെ സത്യ വിശ്വാസികളായി ജീവിക്കാമായിരുന്നല്ലോ) എന്നാൽ അത്തരക്കാരുടെ വാസ സ്ഥലം നരകമത്രെ അതെത്ര ചീത്ത സങ്കേതം!
എന്നാൽ യാതൊരു ഉപായവും സ്വീകരിക്കാൻ കഴിവില്ലാതെ
, ഒരു രക്ഷാമാർഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായി-ക്കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതിൽ നിന്നൊഴിവാകുന്നു. അത്തരക്കാർക്ക് അള്ളാഹു മാപ്പ് നൽകിയേക്കാം അള്ളാഹു അത്യധികം മാപ്പ് നൽകുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.


അള്ളാഹുവിന്റെ മാർഗത്തിൽ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയിൽ ധാരാളം അഭയ സ്ഥാനങ്ങളും ജീവിത വിശാലതയും അവൻ കണ്ടെത്തുന്നതാണ് വല്ലവനും തന്റെ വീട്ടിൽ നിന്ന് (സ്വദേശം വെടിഞ്ഞ് കൊണ്ട്) അള്ളാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും അനന്തരം (വഴിമദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അള്ളാഹുവിങ്കൽ സ്ഥിരപ്പെട്ടു കഴിഞ്ഞു അള്ളാഹു ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യവാനുമാകുന്നു  (നിസാഅ് 97-100 )


ഈ സൂക്തങ്ങളിൽ നിന്ന് പലായനം ചെയ്യാൻ കഴിയുന്നവർ ഞങ്ങൾ ഇവിടെ നിസ്സഹായരാണ് എന്ന് വാദിക്കുന്നത് കൊണ്ട് മാത്രം രക്ഷപ്പെടില്ലെന്നും എന്നാൽ അക്ഷരാർത്ഥത്തിൽ നിസ്സഹായരായവർ വിശ്വാസം ഉള്ളിലൊതുക്കി കഴിഞ്ഞു കൂടിയാൽ അവരെ അള്ളാഹു ശിക്ഷിക്കില്ലെന്നും മനസ്സിലാക്കാം.ധീരമായ നിലപാട് സ്വീകരിച്ച് പലായനം ചെയ്യുകയും ഒരു ലക്ഷ്യസ്ഥാനത്തും എത്തുന്നതിനു മുമ്പേ മരണപ്പെടുകയും ചെയ്താൽ  അവരുടെ നിലപാട് ശരിയായതിനാൽ അള്ളാഹു അവർക്ക് പ്രതിഫലം നൽകുമെന്നും വ്യക്തമായി


(100)
رَبِّ هَبْ لِي مِنَ الصَّالِحِينَ


എന്റെ രക്ഷിതാവേ! സൽ വൃത്തരിൽ ഒരാളെ നീ എനിക്ക്  
( പുത്രനായി ) പ്രദാനം ചെയ്യേണമേ!

ജനിച്ചു വളർന്ന നാടും വളർത്തി വലുതാക്കിയ കുടുംബവും ഉപേക്ഷിച്ച് ഹൃദയം നുറുങ്ങുന്ന വേദനയോടെ പലായനം ചെയ്ത ഇബ്‌റാഹീം നബി عليه السلامയുടെ പ്രാർത്ഥന വളരെ പ്രസക്തവും അവസരോചിതവുമാണ് നിന്നെ വിശ്വസിക്കാത്ത എന്റെ നഷ്ടപ്പെട്ട കുടുംബത്തിനും നാടിനും പകരം നിന്നെ അനുസരിക്കുന്ന, നിന്റെ സന്ദേശങ്ങളിൽ എനിക്ക് പ്രചരണത്തിനു ശക്തി പകരുന്ന, ഭൂമിയിൽ നന്മ പരത്താനും കുഴപ്പങ്ങൾ ഇല്ലാതാക്കാനും പരിശ്രമിക്കുന്ന  സന്താനങ്ങളെ എനിക്ക് നീ ഔദാര്യമായി നൽകേണമേ എന്ന്

 


(101)
فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ


അപ്പോൾ സഹന ശീലനായ ഒരു ബാലനെ പറ്റി നാം അദ്ദേഹത്തിനു സന്തോഷ വാർത്ത അറിയിച്ചു


ഇബ്‌റാഹീം നബി عليه السلامയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു  നിങ്ങൾക്ക് സഹന ശീലനായ ഒരു കുഞ്ഞിനെ നാം നൽകുമെന്ന് സന്തോഷ വിവരം നൽകി. ആ കുഞ്ഞാണ് ഇസ്‌മാഈൽ നബി عليه السلام .ഇബ്നു കസീർ رحمة الله عليه എഴുതുന്നു ഈ കുട്ടി ഇസ്‌മാഈൽ ആണ് ഇബ്‌റാഹീം നബി عليه السلامക്ക് ആദ്യമായി സന്തോഷ വാർത്ത അറിയിക്കപ്പെട്ടതും ഇതാണ് ഇസ്‌മാഈൽ നബി عليه السلامക്ക് ഇസ്‌ഹാഖ് നബി عليه السلامയേക്കാൾ പ്രായക്കൂടുതലുണ്ടെന്ന് മുസ്‌ലിംകളുടെയും വേദക്കാരുടെയും ഏകകണ്ഢമായ അഭിപ്രായമാണ് എന്നാൽ പിൽക്കാലത്ത് ഒരു മകനെ അറുക്കാൻ അള്ളാഹുവിന്റെ ഭാഗത്ത് നിന്ന് നിർദേശമുണ്ടാവുകയും അവരുടെ ത്യാഗ സന്നദ്ധത വെളിപ്പെടുകയും ചെയ്തപ്പോൾ അത് ഞങ്ങളുടെ പരമ്പരയിലുള്ള ഇസ്‌ഹാഖ് നബി عليه السلامയാണെന്ന് വരുത്താൻ അവർ ഒരു നുണപ്രചരണം അഴിച്ചു വിടുകയാണ് ചെയ്തത്. ഇസ്‌മാഈൽ നബി عليه السلامയാണ് അത് എന്ന് വരുമ്പോൾ അറബ് വംശത്തിന് സന്തോഷമുണ്ടാകുന്നതിലുള്ള അസൂയ നിമിത്തമാണ് ഈ ചരിത്ര വഞ്ചനക്ക് അവർ മിനക്കെട്ടത് അതിനായി ചില തിരിമറികളും ചരിത്രത്തിൽ അവർ നടത്തി. മുസ്‌ലിംകളിലും ചിലർ അവരുടെ ഈ അഭിപ്രായം ശരിയാണെന്ന് ധരിച്ചിട്ടുണ്ട് എന്നാൽ അത് സമ്മതിക്കാനാവില്ല കാരണം അറുക്കപ്പെടാൻ നിർദേശമുണ്ടായത് ഇസ്‌മാഈലിനെ عليه السلامയാണെന്ന് വ്യക്തമായി ഖുർആനിന്റെ ശൈലിയിൽ നിന്ന് തന്നെ നമുക്ക് ബോധ്യപ്പെടും കാരണം  ഇവിടെ സഹന ശീലനായ കുട്ടിയെക്കുറിച്ച് സന്തോഷ വാർത്ത അറിയിച്ചു എന്നും ആ കുട്ടിയെ തന്നെ അറുക്കാൻ കല്പിച്ചു എന്നും വ്യക്തമായി പറയുന്നു ശേഷം ഇതേ അദ്ധ്യായത്തിൽ തന്നെ ഇസ്‌ഹാഖ് നബി عليه السلامയെക്കൊണ്ട് സന്തോഷ വാർത്ത നൽകുന്നു (112 ) ഇസ്‌ഹാഖ് നബി عليه السلامയെക്കുറിച്ച് സന്തോഷ വാർത്ത അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിൽ (പതിനൊന്നാം അദ്ധ്യായം ഹൂദ് എഴുപത്തി ഒന്നാം സൂക്തത്തിൽ പറയുന്നത് ഇബ്‌റാഹീം നബി عليه السلامയുടെ ഭാര്യക്ക് (സാറ ബീവിക്ക് ) ഇസ്‌ഹാഖിനെ عليه السلامക്കൊണ്ടും അതിനു പുറകിൽ യഅ്ഖൂബിനെക്കൊണ്ടും നാം സന്തോഷമറിയിച്ചു എന്നാണ് പറയുന്നത് അതായത് അവരുടെ ജീവിത കാലത്ത് തന്നെ മകൻ ഇസ്‌ഹാഖ് നബി عليه السلامക്ക് യഅ്ഖൂബ് عليه السلامഎന്ന മകൻ ജനിക്കുമെന്ന് ആ സ്ഥിതിക്ക് ആ മകനെ ചെറുപ്പത്തിൽ അറുക്കാൻ നിർദേശിച്ചു എന്ന് പറയാനാവില്ല കാരണം മകനെക്കുറിച്ചുള്ള സന്തോഷ വാർത്തയിൽ തന്നെ താൻ സന്താനോല്പാദനം നടത്താൻ സാധ്യമായ വിധത്തിൽ ജീവിച്ചിരിക്കണമെന്ന് പറയുന്നുണ്ട്  അറുക്കാൻ കല്പിക്കലും ദീർഘായുസ്സ് വാഗ്‌ദാനം ചെയ്യലും തമ്മിൽ പൊരുത്തക്കേട് പ്രകടമാണ് മാത്രവുമല്ല ഇസ്‌മാഈൽ നബി عليه السلامയെക്കുറിച്ചുള്ള സന്തോഷ വാർത്തയിൽ അള്ളാഹു അവരെ വിശേഷിപ്പിച്ചത് സഹന ശീലൻ എന്നാണ് അറുക്കാൻ നിന്നു കൊടുത്തു എന്ന ചരിത്രത്തോട് ഇത് നന്നായി യോചിക്കുന്നു (ഇബ്നു കസീർ)


(102)
فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَى قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِن شَاء اللَّهُ مِنَ الصَّابِرِينَ

 

എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ കുഞ്ഞു മകനേ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്നത്തിൽ കാണുന്നു അത് കൊണ്ട് നീ എന്താണ് അഭിപ്രായപ്പെടുന്നത് എന്ന് ചിന്തിക്കൂ  ആ ബാലൻ പറഞ്ഞു എന്റെ പിതാവേ! കൽപ്പിക്കപ്പെടുന്നതെന്തോ അത് തങ്ങൾ ചെയ്ത് കൊള്ളുക അള്ളാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ അങ്ങ് എന്നെ കണ്ടെത്തുന്നതാണ്


അള്ളാഹു തനിക്ക് നൽകിയ സന്താനം (ഇസ്മാഈൽ നബി) ഉപ്പയുടെ കൂടെ ജോലികളിൽ സഹായിക്കാനും കാര്യങ്ങളിൽ ഇടപെടാനുമുള്ള പ്രായമായപ്പോൾ (പതിമൂന്ന് വയസ്സ് എന്നും ഏഴ് വയസ്സ് എന്നും മറ്റും അഭിപ്രായമുണ്ട് ) മകനെ അറുക്കാനുള്ള കല്പന സ്വപനത്തിൽ ഇബ്‌റാഹീം നബി عليه السلام കാണുന്നു പ്രഭാതത്തിൽ അത് ദൈവിക സ്വപ്നം തന്നെയോ?എന്ന് ആലോചിച്ചു പിറ്റെ ദിവസം അള്ളാഹുവിൽ നിന്നുള്ള സ്വപ്നം തന്നെ എന്ന് തനിക്ക് മനസ്സിലായി അതിനടുത്ത ദിനം അറുക്കാനുള്ള ഒരുക്കങ്ങൾ നടത്തി ഇത് കൊണ്ടാണ് ദുൽ ഹിജ്ജ 8നു യൌമുത്തർവിയ: (ആലോചന നടന്ന നാൾ ) എന്നും ഒമ്പതിനു അറഫ: (അറിഞ്ഞ ദിനം ) പത്തിനു യൌമുന്നഹർ )   അറവ് ദിനം ) എന്നും പേരു പറയുന്നത്  സ്വപ്നം അള്ളാഹുവിൽ നിന്ന് തന്നെ എന്ന് മനസ്സിലാക്കിയ ഇബ്‌റാഹീം നബി عليه السلامമകനോട് അതെക്കുറിച്ച് അഭിപ്രായം ചോദിച്ചതാണ് ഈ സൂക്തത്തിൽ പറയുന്നത് അള്ളാഹുവിൽ നിന്നുള്ള കല്പനയാണ് എന്ന് വരുമ്പോൾ അത് നടപ്പാക്കിയല്ലേ പറ്റൂ പിന്നെ എന്തിനു അഭിപ്രായം തേടി എന്ന് ചോദിക്കാം അള്ളാഹുവിന്റെ പരീക്ഷണങ്ങളെക്കുറിച്ച് മകന്റെ അഭിപ്രായം എന്താണ് ?

അള്ളാഹുവിന്റെ കല്പനകളിൽ എത്രമാത്രം ക്ഷമിക്കാൻ മകൻ തയാറാണ്അള്ളാഹുവിനെ അനുസരിക്കുന്നതിൽ എത്രത്തോളം നിർബന്ധ ബുദ്ധി കാണിക്കുന്നുണ്ട് എന്ന് അറിയുവാനും പ്രയാസം അനുഭവിക്കുമ്പോൾ ക്ഷമ പാലിച്ച് പരീക്ഷണത്തെ പുഞ്ചിരിയോടെ നേരിടാൻ പാകപ്പെടാനുമാണ് ഈ ചൊദ്യം (ഖാസിൻ)
അള്ളാഹു ഉദ്ദേശിച്ചാൽ ക്ഷമാശീലരിൽ അങ്ങേക്ക് എന്നെ കണ്ടെത്താം എന്ന അനുഗ്രഹീത വാക്ക് കാരണത്താൽ കല്പന നിറവേറ്റാൻ അവർക്ക് അള്ളാഹു അവസരം നൽകി ( ഖുർതുബി )



(103)
فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ


അങ്ങനെ അവർ രണ്ടു പേരും (കല്പനക്ക് ) കീഴ്പെടുകയും ബാലനെ നെറ്റി മേൽ ചെരിച്ച് കിടത്തുകയും ചെയ്ത സന്ദർഭം

ഇബ്‌റാഹീം നബി عليه السلام അള്ളാഹുവിന്റെ കല്പനക്കും മകൻ അള്ളാഹുവിന്റെ കല്പനക്കും പിതാവിന്റെ അനുസരണത്തിനും തയാറായപ്പോൾ മകനെ അറവ് നടത്താനായി കുട്ടിയെ നെറ്റിയുടെ മേൽ ചെരിച്ച് കിടത്തി.കിടത്തിയ രീതി സംബന്ധമായി വ്യത്യസ്ഥ വീക്ഷണങ്ങളുണ്ട് കഴുത്തിൽ കത്തി വെച്ച് അറവ് നടത്തിയിട്ട് കഴുത്ത് മുറിയുന്നില്ലെന്നും അറവ് നടത്താൻ തയാറാണെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ അറുക്കേണ്ടതില്ല താങ്കൾ സ്വപ്നം സാക്ഷാൽക്കരിച്ചിരിക്കുന്നു എന്ന്  അറിയിയിപ്പുണ്ടായി എന്നും വ്യാഖ്യാനമുണ്ട്
ഇബ്‌റാഹീം നബി
عليه السلام അള്ളാഹുവിന്റെ കല്പന നടപ്പാക്കാൻ മകനുമായി വീട്ടിൽ നിന്നിറങ്ങിയപ്പോൾ പിശാച് ഉമ്മ ഹാജർ ബീവി رضي الله عنهاയുടെ അടുത്ത് ചെന്ന് മകനെ അറുക്കാൻ കൊണ്ട് പോകുന്നുവെന്നും തടയണമെന്നും ആവശ്യപ്പെട്ടു. അള്ളാഹുവിന്റെ കല്പന ഉണ്ടെങ്കിൽ അത് നടക്കുക തന്നെയാണ് വേണ്ടത് എന്ന് ഉമ്മ പ്രതികരിച്ചതോടെ നിരാശനായ പിശാച് മകൻ ഇസ്‌മാഈലിന്റെ അടുത്ത് വന്ന് നിന്നെ അറുക്കാൻ കൊണ്ട് പോവുകയാണ് രക്ഷപ്പെട്ടോളൂ എന്ന് പറഞ്ഞു. മാറി നിൽക്കെടാ പിശാചേ ! എന്നായിരുന്നു മകന്റെ മറുപടി നിരാശക്കുമേൽ നിരാശ അനുഭവിച്ചു കൊണ്ട് പിശാച് ഇബ്‌റാഹീം നബി عليه السلامയെ തന്നെ സമീപിക്കുകയും നിങ്ങൾ കണ്ട സ്വപ്നം പിശാചിൽ നിന്നായിരിക്കും അതിനാൽ ഈ നിഷ്ക്കളങ്കനായ മകനെ അറുക്കരുത് എന്ന് പറഞ്ഞു. ശപിക്കപ്പെട്ട പിശാചേ മാറി നിൽക്കൂ ഞാൻ എന്റെ ദൌത്യം നിർവഹിക്കട്ടെ എന്നായിരുന്നു ഇബ്‌റാഹീം നബി عليه السلامയുടെ മറുപടി. ഇന്ന് ഹജ്ജ് വേളകളിൽ  കല്ലെറിയുന്ന മൂന്ന് സ്ഥലത്തും (ജംറ:) പാരയുമായി അവൻ എത്തിയതായും അവനെ ഏഴ് വീതം കല്ല് കൊണ്ട് മൂന്ന് സ്ഥലത്ത് നിന്നും എറിഞ്ഞോടിച്ചതായും വ്യഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്

(104)
وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ

 

നാം അദ്ദേഹത്തെ വിളിച്ച് പറഞ്ഞു ഹേ ! ഇബ്‌റാഹീം


അള്ളാഹു നബിയെ വിളിക്കുന്നു

 


(105)
قَدْ صَدَّقْتَ الرُّؤْيَا إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ


തീർച്ചയായും താങ്കൾ സ്വപനം സാക്ഷാത്ക്കരിച്ചിരിക്കുന്നു  തീർച്ചയായും അപ്രകാരമാണ് നാം സദ് വൃത്തർക്ക് പ്രതിഫലം നൽകുന്നത്

അള്ളാഹുവിന്റെ കല്പന എന്ത് തന്നെ ആയാലും അത് ഞാൻ അനുസരിക്കും അതിനായി ഏതറ്റം വരെയും പോകും എന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച ഇബ്‌റാഹീം നബി عليه السلامക്ക് അള്ളാഹു നൽകുന്ന പ്രശംസയാണിത് എന്ത് കാര്യവും അള്ളാഹു കാണുന്നു എന്ന ചിന്തയോടെ അവന്റെ തൃപ്തി മാത്രം ലക്ഷ്യം വെച്ച് ചെയ്യലാണ് ഇഹ്‌സാൻ. ആ സ്വഭാവം ഉള്ളവനാണ് മുഹ്‌സിൻ. ഇബ്‌റാഹീം നബി عليه السلامയും ഇസ്മാഈൽ നബി عليه السلامയും ഈ ശൈലിയാണ് നടപ്പാക്കിയത്

 

(106)
إِنَّ هَذَا لَهُوَ الْبَلَاء الْمُبِينُ


തീർച്ചയായും ഇത് വ്യക്തമായ പരീക്ഷണം തന്നെയാണ്

സ്വന്തം മകന്റെ കഴുത്തിൽ കത്തി വെക്കുക അതും വളരെക്കാത്തിരുന്ന് കിട്ടിയ ഒരു പൊന്നുമോന്റെ കഴുത്തിൽ ! മഹാ പരീക്ഷണം തന്നെയാണിത്



(107)

وَفَدَيْنَاهُ بِذِبْحٍ عَظِيمٍ



ബാലനു പകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു ബലി മൃഗത്തെ നാം നൽകുകയും ചെയ്തു


നരബലി വിലക്കി മൃഗ ബലിയിലേക്ക് ഈ ത്യാഗത്തെ അള്ളാഹു വഴിതിരിച്ചു വിട്ടു അത് കൊണ്ട് തന്നെ ദൈവ പ്രീതിക്കായി നരബലി എന്ന ശൈലി ശരിയല്ല

 
സ്വർഗത്തിൽ നിന്ന് ഒരു ആടിനെ ജിബ്‌രീൽ
عليه السلام കൊണ്ട് വരികയും ഇബ്‌റാഹീം നബി عليه السلامഅതിനെ അറുക്കുകയും ചെയ്തു
സ്വർഗത്തിൽ വസിച്ചിരുന്ന ആടാണെന്നും ആദം നബി
عليه السلامയുടെ പുത്രൻ ഹാബീൽ എന്നവർ ബലി നൽകിയ ആ‍ടാണിതെന്നും അഭിപ്രായമുണ്ട്
അള്ളാഹു നമുക്ക് ഈ മഹാന്മാരുടെ പാത പിന്തുടരാൻ ഭാ‍ഗ്യം നൽകട്ടെ

امين

 

ان شاء الله  തുടരും

No comments: