Monday, January 29, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 03

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -3  -   സൂക്തം 11 &  12  സൂക്തങ്ങളുടെ വിവരണം )

 


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 


(11)
إِنَّمَا تُنذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَن بِالْغَيْبِ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ


ഉദ്ബോധനത്തെ പിന്തുടരുകയും നേരിൽ കാണാതെ തന്നെ മഹാ കാരുണ്യവാനായ അള്ളാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവന്ന് മാത്രമേ തങ്ങളുടെ താക്കീത് ഫലപ്പെടുകയുള്ളൂ .അതിനാൽ പാപ മോചനവും മാന്യമായ പ്രതിഫലവും ഉണ്ടെന്ന സന്തോഷ വാർത്ത അവനെ തങ്ങൾ അറിയിക്കുക

(തങ്ങളുടെ താക്കീത് ഫലപ്പെടുന്നത് ഖുർആൻ വിശ്വസിക്കുകയും അതിലുള്ള നിയമങ്ങളെ പിൻപറ്റുകയും അള്ളാഹുവല്ലാതെ ആരും കാണാനില്ലാത്ത സ്ഥലത്ത് അള്ളാഹുവിനെ ഭയപ്പെട്ട് തെറ്റുകളെ സൂക്ഷിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ്. അത്തരക്കാർക്ക് അള്ളാഹുവിൽ നിന്നുള്ള പാപ മോചനവും അവരുടെ സൽക്കർമങ്ങൾക്ക് പരലോകത്തുള്ള സ്വർഗ പ്രവേശനമെന്ന മഹത്തായ പ്രതിഫലം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുക എന്നാണ് സാരം)

നബി തങ്ങളെ നിയോഗിച്ചതും ഖുർആൻ അവതരിപ്പിച്ചതും താക്കീതു നൽകാനാണെന്നും എന്നാൽ നിഷേധികൾക്ക് ആ താക്കീത് ഫലം ചെയ്യില്ലെന്നും കഴിഞ്ഞ സൂക്തങ്ങളിൽ വിശദീകരിച്ച ശേഷം താക്കീത് ഫലം ചെയ്യുന്നത് ആർക്കാണ് എന്ന് വിശദീകരിക്കുകയാണിവിടെ. അതായത് താക്കീത് ചെയ്യപ്പെടുന്നവർ അത് സ്വീകരിച്ചാലും ഇല്ലെങ്കിലും തങ്ങൾ താക്കീത് ചെയ്യണമെന്നാണ് അള്ളാഹുവിന്റെ കല്പന. എന്നാൽ ആ താക്കീത് ഫലം ചെയ്യുക ഇനി പറയുന്നവർക്ക് മാത്രമായിരിക്കും എന്ന് നബി തങ്ങളെ അള്ളാഹു അറിയിക്കുകയാണ്. പ്രബോധനം ചെയ്യുമ്പോൾ പരിഹാസവും പിന്തിരിയലും നിരന്തരം കാണുമ്പോൾ നിരാശ വരരുതെന്നും ദൌത്യ നിർവഹണം നടത്തുക വഴി തങ്ങളുടെ അദ്ധ്വാനം ഫലപ്രദം തന്നെയാണെന്നും നബി തങ്ങളെ ബോധ്യപ്പെടുത്തുകയാണിവിടെ അടിസ്ഥാന വിശ്വാസം സ്വീകരിക്കൽ (അള്ളാഹുവിന്റെ ഏകത്വം  (തൌഹീദ്), പ്രവാചകത്വം അംഗീകരിക്കൽ (രിസാലത്ത്), പരലോക വിശ്വാസം എന്നിവയാണ് അടിസ്ഥാന വിശ്വാസം. ഇതിനെക്കുറിച്ച് എല്ലാവരെയും താക്കീത് ചെയ്യണം എന്നാണ് കഴിഞ്ഞ സൂക്തത്തിലെ താല്പര്യം എന്നാൽ വിശ്വാസികളോട് കർമ്മ പരമമായ നിസ്കാരം ഉപേക്ഷിക്കരുത്, സക്കാത്ത് മുടക്കരുത് തുടങ്ങിയ താക്കീത് നലകണമെന്നാണ് ഈ സൂക്തത്തിൽ പറയുന്നത് എന്നും വിശദീകരണമാവാം എന്ന് ഇമാം റാസി رحمة الله عليه വിവരിച്ചിട്ടുണ്ട്


ഇനി ഈ സൂക്തത്തിലെ ചില പദങ്ങളുടെ വിവരണം നോക്കാം
ദിക്‌ർ പിന്തുടരുന്നവർ എന്ന് പറഞ്ഞത് വിവിധ വ്യാഖ്യാന സാധ്യതയുള്ളതാണ് (1) ഖുർആൻ പിന്തുടർന്നവർ  (2) ഖുർആനിലെ ദൃഷ്ടാന്തങ്ങൾ പിന്തുടർന്നവർ (3) തെളിവുകളെ പിന്തുടർന്നവർ എന്നിവയാണത് അതായത് ഖുർആൻ പറയുന്നത് അനുസരിച്ച് അള്ളാഹുവിനെ മനസ്സിലാക്കി ഭയപ്പെടുന്നവർക്കാണ്  തങ്ങൾ താക്കീത് ചെയ്യുന്നത് ഉപകരിക്കുക അവരാണ് ഉൽബോധനം സ്വീകരിക്കുക എന്ന് സാരം


മഹാ കാരുണ്യവാനായ അള്ളാഹുവിനെ ഭയപ്പെടുന്നവർ, എന്നാൽ സുകൃതങ്ങൾ പ്രവർത്തിക്കുന്നവർ   എന്നാണ് ഉദ്ദേശ്യം കാരണം തുടർന്ന് പറയുന്നത് പാപ മോചനവും പ്രതിഫലവും കൊണ്ടുള്ള സന്തോഷമാണ് നാം ധാരാളം തവണ പറഞ്ഞതാണ് പാപ മോചനം വിശ്വാസത്തിന്റെ പ്രതിഫലവും, മാന്യമായ പ്രതിഫലം സൽക്കർമ്മങ്ങളുടെ ഫലവുമാണ് എന്ന്. ഉദാഹരണമായി ഖുർആനിലെ ഒരു സൂക്തം (ഇരുപത്തി രണ്ടാം അദ്ധ്യായം അൽ-ഹജ്ജ് അമ്പതാം സൂക്തം) ഇങ്ങനെയാണ് സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമങ്ങൾ അനുവർത്തിക്കുകയും ചെയ്തവർക്ക് പാപ മോചനവും സമാദരണീയമായ ജീവിത വിഭവങ്ങളുമുണ്ടായിരിക്കും”,
മഹാ കാരുണ്യാവാനായ അള്ളാഹുവിനെ ഭയപ്പെടുക എന്ന പ്രയോഗത്തിൽ ഒരു രഹസ്യമുണ്ട് കാരുണ്യം എന്നത് പ്രതീക്ഷയും അവലംഭവും ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ അള്ളാഹുവാകട്ടെ കാരുണ്യത്തോടൊപ്പം അവനെ നിഷേധിക്കുന്നവർക്ക് പരലോകത്ത് ശിക്ഷ കൊടുക്കുന്നവൻ കൂടിയാണ് അതിനാൽ പ്രതീക്ഷക്കൊപ്പം ഭയം കൂടി സമം ചേർത്ത് വേണം അള്ളാഹുവിനെ ചിന്തിക്കാൻ. കാരണം ബുദ്ധിമാനായ മനുഷ്യൻ അള്ളാഹുവിന്റെ അനുഗ്രഹം അവന്റെ കാരുണ്യത്താലാണ് ലഭിക്കുന്നത് എന്ന് മനസിലാക്കിയാൽ ആ കാരുണ്യം നഷ്ടപ്പെടാൻ കാരണമാകുന്ന ഒരു അനിഷ്ടവും എന്നെ സംബന്ധിച്ച് ആ അള്ളാഹുവിനു ഉണ്ടാവരുത് എന്ന് ചിന്തിക്കുകയും അതിനാൽ അനുഗ്രഹത്തിലെ പ്രതീക്ഷയുടെ അത്ര തന്നെ ശിക്ഷയെക്കുറിച്ചുള്ള ഭയം അവൻ മനസ്സിൽ സൂക്ഷിക്കുകയും അതിന്റെ താല്പര്യത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യും. അതായത് ചില മഹാന്മാർ പറയുന്നത് അള്ളാഹുഎന്നത് ഗാംഭീര്യത്തിന്റെ പ്രതീകമായി മനുഷ്യൻ മനസ്സിലാക്കും അപ്പോൾ അവനിൽ നിന്ന് ഒരു നന്മയും പ്രതീക്ഷിക്കാനില്ല എന്ന നിരാശ തോന്നാൻ സാധ്യതയുണ്ട്  അതേ സമയം  കാരുണ്യവാൻ  എന്ന് കേൾക്കുമ്പോൾ ഇനി ഒന്നും ഭയപ്പെടാനില്ല എന്ന് ചിന്തിക്കാനും സാധ്യതയുണ്ട്  അതിനാൽ രണ്ടും കൂടി ചേർത്തു കൊണ്ടുള്ള സമീപനമാണ് വിശ്വാസി സ്വീകരിക്കേണ്ടത് അതായത് കാരുണ്യം നൽകുന്നവൻ എന്ന് പറയുമ്പോഴേക്ക് ശിക്ഷയെക്കുറിച്ച് നിർഭയത്വമോ ഗാംഭീര്യം എന്ന് കേൾക്കുമ്പോൾ കാരുണ്യത്തെ ക്കുറിച്ച് നിരാശയോ ഉണ്ടാവാതെ രണ്ടും സമന്വയിപ്പിച്ച് ജീവിക്കണം അതാണ് ഈ സൂക്തത്തിൽ കാരുണ്യാവാനെ ഭയപ്പെടുക എന്ന് രണ്ടും ഉൾക്കൊള്ളിച്ചത് (റാസി)


ഗൈബ് എന്ന പദം നമ്മുടെ കാഴ്ചയിൽ അനുഭവപ്പെടാത്തകാര്യങ്ങളിലേക്ക് സൂചന നൽകുന്നു അള്ളാഹുവെ നാം കാണാതെ തന്നെ നാം വിശ്വസിക്കുന്നു അന്ത്യനാളിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ, സ്വർഗ-നരക വിഷയങ്ങൾ ഒന്നും നേരിൽ കണ്ടല്ല നാം വിശ്വസിക്കുന്നത്. അതിലേക്ക് സൂചനയാണ്.
ആരും കാണാത്ത സ്വകാര്യതയിലും
അള്ളാഹു എന്നെ കാണുന്നുണ്ടെന്ന നിലക്ക് തിന്മകളിൽ നിന്ന് മാറി നിൽക്കുന്ന വിശ്വാസിയെ പരാമർശിക്കുകയാണ് (ആരും ഇല്ലാത്തിടത്ത് മത നിയമങ്ങളെ നിസ്സാരമാക്കുകയും പുരുഷാരത്തിനു മുന്നിൽ ഭക്തനായി ചമയുകയും ചെയ്യുന്ന കപടനെ പോലെയല്ല) വിശ്വാസി എന്ന് ചുരുക്കം (ഥിബ്‌രി)


വിശാലമായ പാപ മോചനവും പ്രതിഫലം മുഖേനയുള്ള സന്തോഷവും അറിയിക്കാനാണ്
അള്ളാഹു നിർദ്ദേശിക്കുന്നത്.

 


(12)
إِنَّا نَحْنُ نُحْيِي الْمَوْتَى وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ وَكُلَّ شَيْءٍ أحْصَيْنَاهُ فِي إِمَامٍ مُبِينٍ


നിശ്ചയമായും നാം നമ്മളാണ്  മരണപ്പെട്ടവരെ നാം ജീവിപ്പിക്കുന്നു അവർ മുമ്പ് ചെയ്തു വെച്ചതും അവരുടെ പ്രവർത്തന ഫലങ്ങളും നാം രേഖപ്പെടുത്തുന്നുമുണ്ട് എല്ലാ കാര്യങ്ങളും ഒരു വ്യക്തമായ രേഖയിൽ നാം കണക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു


(മരണപ്പെട്ടവരെ നാം പുനർജനിപ്പിക്കുകയും അവർ ജീവിത കാലത്ത് ചെയ്ത നല്ലതും ചീത്തയുമായ കാര്യങ്ങളെല്ലാം നാം രേഖപ്പെടുത്തുകയും അവരുടെ ജീവിതകാലത്തും മരണ ശേഷവും അവർ കാരണമായി ഉണ്ടായ നല്ല സന്താനം, ഉപകാരപ്രദമായ ജ്ഞാനം, നിലച്ചു പോവാത്ത ദർമ്മം പോലെയുള്ള കാര്യങ്ങളും, ശിർക്ക്, തിന്മകൾ പോലെയുള്ള കുറ്റകരമായ കാര്യങ്ങളും വ്യക്തമായ അടിസ്ഥാന രേഖയിൽ നാം രേഖപ്പെടുത്തി വെക്കുകയും മരണ ശേഷം അതിനനുസരിച്ച് അവർക്ക് നാം പ്രതിഫലം കൊടുക്കുകയും ചെയ്യും അപ്പോൾ ചിന്താ ശേഷിയുള്ളവർ തന്റെ ശരീരത്തെ നിരന്തരം വിചാരണ ചെയ്ത് ജീവിത കാലത്തും തന്റെ മരണ ശേഷവും താൻ മാതൃകയാവാൻ പറ്റുന്ന ഒരു അവസ്ഥ യിലാകാൻ നന്മകളെ കൂടെക്കൂട്ടുകയും തിന്മകളെ അകറ്റി നിർത്തുകയും ചെയ്യണം )


ഈ സൂക്തത്തിന്റെ ക്രമീകരണത്തെ സംബന്ധിച്ച് ഇമാം റാസി رحمة الله عليهഎഴുതുന്നു (1) അള്ളാഹു കഴിഞ്ഞ സൂക്തങ്ങളിൽ പ്രവാചത്വത്തെ (രിസാലത്ത്) കുറിച്ച് വിവരിച്ചപ്പോൾ  (അത് ഇസ്‌ലാമിന്റെ മൂന്ന് അടിസ്ഥാനങ്ങളിൽ ഒന്നാണ് ആ മൂന്ന് അടിസ്ഥാനം ശരിയാം വിധം ഉൾക്കൊള്ളുമ്പോഴാണ് ഒരാൾ വിശ്വാസിയും (മുഅ്മിൻ) അനുസരണയുള്ളവനും (മുസ്‌ലിം) ആവുന്നത്) മറ്റൊരു അടിസ്ഥാനമായ പുനർജന്മത്തെക്കുറിച്ച് അള്ളാഹു വിവരിക്കുകയാണ് (2)കഴിഞ്ഞ സൂക്തങ്ങളിൽ താക്കീതിനെക്കുറിച്ചും  സന്തോഷ വാർത്തയെക്കുറിച്ചും  അള്ളാഹു വിവരിച്ചു എന്നാൽ അതിന്റെ ഫലം പൂർണാർത്ഥത്തിൽ ഭൂമിയിൽ പ്രകടമാക്കുക സാധ്യമല്ല (അഥവാ താക്കീത് ചെയ്യപ്പെട്ട ശിക്ഷയോ വാഗ്‌ദാനം ചെയ്യപ്പെട്ട പ്രതിഫലമോ ഇവിടെ പൂർണമായി അനുഭവിക്കുക അസാദ്ധ്യമാണ്) അപ്പോൾ അത് പൂർണമായി അനുഭവിക്കാൻ അള്ളാഹു ഒരുക്കിയ സംവിധാനമാണ് മരണ ശേഷമുള്ള ജീവിതം. അവിടെയാണ് അവൻ താക്കീത് നൽകപ്പെട്ടവർക്കും സുവിശേഷം അറിയിക്കപ്പെട്ടവർക്കും പ്രതിഫലം നൽകുന്നത് അതിന്റെ പ്രധാന പശ്ചാത്തലമാണ് മരിച്ചവരെ വീണ്ടും ജീവിപ്പിക്കുന്നതിലൂടെ അള്ളാഹു യാഥാർത്ഥ്യമാക്കുന്നത്  (3) കഴിഞ്ഞ സൂക്തത്തിൽ അദൃശ്യത്തിൽ അള്ളാഹുവിനെ ഭയപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു അതിന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്തുകയാണ് മരിച്ചവരെ ജീവിപ്പിക്കും എന്ന പ്രഖ്യാപനത്തിലൂടെ (റാസി)


നാം നമ്മളാണ് എന്ന പ്രയോഗം ശ്രദ്ധേയമാണ് അതിന്റെ ചുരുക്കം നാം പൂർണതയുടെ വിശേഷണങ്ങൾ കൊണ്ട് അറിയപ്പെട്ടവനാണ് അത് കൊണ്ട് മരിച്ചവരെ ജീവിപ്പിക്കാനുള്ള നമ്മുടെ കഴിവ് നിഷേധിക്കരുത് എന്ന് സൂചിപ്പിക്കുകയാണ്.  നമ്മൾ തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നവൻ എന്നും ഇവിടെ ഉദ്ദേശ്യമാവാം (റാസി)


നമ്മൾ തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത് എന്ന പ്രയോഗം മറ്റൊരു ശക്തിക്കും ഇതിൽ പങ്കില്ല എന്ന് ഉറപ്പിക്കാനാണ്. ആ പ്രയോഗത്തിലൂടെ
അള്ളാഹുവിന്റെ ഏകത്വം (തൌഹീദ്) സ്ഥിരപ്പെടുത്തിയിരിക്കുകയാണ് അപ്പോൾ ഇസ്‌ലാമിന്റെ മൂന്ന് അടിസ്ഥാനങ്ങളും (തൌഹീദ്, രിസാലത്ത്, പരലോകം) ഈ സൂക്തങ്ങളിൽ നിന്ന് വ്യക്തമായി (റാസി)


അവർ മുമ്പ് ചെയ്തു വെച്ചതും അവരുടെ പ്രവർത്തന ഫലങ്ങളും നാം രേഖപ്പെടുത്തുന്നുമുണ്ട്എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജീവിത കാലത്ത് ഓരോരുത്തരും ചെയ്യുന്ന എല്ലാ കാര്യങ്ങളും അത് നന്മയായാലും തിന്മയായാലും കൃത്യമാ‍യി രേഖപ്പെടുത്തുന്നുണ്ട് അതിനനുസരിച്ചാണ് പരലോകത്ത് പ്രതിഫലം നൽകുക എന്നാണ്. അതിനാൽ ഓരോ കാര്യം ചെയ്യുമ്പോഴും ഇത് എന്റെ പരലോക ജീവിതത്തിൽ അനുകൂലമായാണോ പ്രതികൂലമായാണോ സ്വാധീനം ചെലുത്തുക എന്ന് മനുഷ്യൻ ചിന്തിക്കണം ഇത് കൊണ്ടാണ് സത്യ വിശ്വാസി തെറ്റുകൾ വരാതെ സൂക്ഷിക്കുന്നതും അഥവാ വല്ല സ്കലിതങ്ങളും സംഭവിച്ചു പോയാൽ ഉടൻ പശ്ചാത്താപത്തിലൂടെ ആ പാപക്കറ കഴുകിക്കളയാൻ വ്യഗ്രത കാണിക്കുന്നതും.
എന്നാൽ പരലോകത്തിൽ വിശ്വാസമില്ലാത്തവനാകട്ടെ അവന്റെ ജീവിതം എത്ര കുത്തഴിഞ്ഞതായാലും അവൻ അശേഷം മനസ്സാക്ഷിക്കുത്ത് അനുഭവിക്കുന്നില്ല അത് കൊണ്ട് തന്നെ തെറ്റിൽ നിന്ന് തെറ്റിലേക്ക് സഞ്ചരിക്കാൻ അവനു യാതൊരു മടിയും ഇല്ല അഥവാ ജീവിതത്തിൽ ഉത്തരവാദിത്ത ബോധവും തിന്മയിലേക്ക് പോവാൻ പാടില്ല എന്ന പ്രതിബദ്ധതയും ഉറപ്പാക്കാൻ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഈ പരലോക വിശ്വാസം വളരെ അനിവാര്യമാണ്
.

 وَآثَارَهُمْന്നതിനു അവരുടെ പ്രവർത്തന ഫലങ്ങൾ എന്നും കാല്പാടുകൾ എന്നും അർത്ഥമുണ്ട്.  ഇമാം റാസി رحمة الله عليه എഴുതുന്നു അവരുടെ കാല്പാദങ്ങൾ എന്ന് ഇവിടെ അർത്ഥമുണ്ട് കാരണം നബി തങ്ങളുടെ ശിഷ്യന്മാരിൽ ഒരു സംഘം (ബനൂസലമ: ഗോത്രം) മദീനാ പള്ളിയിൽ നിന്ന് വളരെ അകലെയായിരുന്നു താമസിച്ചിരുന്നത് അവർ (സംഘടിത നിസ്ക്കാരത്തിൽ സംബന്ധിക്കാനുള്ള സൌകര്യത്തിനായി)വീടുകൾ മദീനാ പള്ളിയുടെ സമീപത്തേക്ക് മാറ്റാൻ ഉദ്ദേശിച്ചപ്പോൾ നബി തങ്ങൾ പറഞ്ഞു നിങ്ങളുടെ ഓരോ ചവിട്ടടികളും  അള്ളാഹു രേഖപ്പെടുത്തുകയും അതിനു അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും അതിനാൽ ദൂര സ്ഥലത്തുള്ള ആ വീടുകളിൽ  തന്നെ നിങ്ങൾ  താമസിക്കുക (അവിടെ നിന്ന് കുറേ നടന്ന് പള്ളിയിലേക്ക് വരുമ്പോഴുള്ള പ്രതിഫലം കരസ്ഥമാക്കുക എന്ന് സാരം)


ഇമാം മുസ്‌ലിം
رحمة الله عليه അബൂഹുറൈറ رضي الله عنهയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ പറയുന്നു നബിതങ്ങൾ ചോദിച്ചു അള്ളാഹു നിങ്ങളുടെ പാപങ്ങൾ മായ്ച്ചു കളയുകയും സ്ഥാനങ്ങൾ നിങ്ങൾക്ക് വർദ്ധിപ്പിച്ചു തരികയും ചെയ്യുന്ന ഒന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടെയോ? ശിഷ്യന്മാർ പറഞ്ഞു അങ്ങ് വിവരിച്ചു തന്നാലും! തങ്ങൾ പറഞ്ഞു പ്രതികൂലാവസ്ഥയിലും പൂർണ്ണമായ വുളൂ ചെയ്യുക, പള്ളിയിലേക്ക് കാലടികൾ വർദ്ധിപ്പിക്കുക, ഒരു നിസ്ക്കാര ശേഷം അടുത്ത നിസ്ക്കാരം പ്രതീക്ഷിച്ച് കാത്തിരിക്കുക എന്നിവയാണത്. ഇമാം മുസ്‌ലിം رحمة الله عليهതന്നെ അബൂഹുറൈറ رضي الله عنهയിൽ നിന്ന് മറ്റൊരു നബി വചനം ഉദ്ധരിക്കുന്നു തങ്ങൾ പറഞ്ഞു ഒരാൾ വീട്ടിൽ നിന്ന് വുളൂ ചെയ്ത് അള്ളാഹുവിന്റെ ഒരു ഭവനത്തിലേക്ക് (പള്ളിയിലേക്ക്) ഒരു നിർബന്ധ കടമ നിർവഹിക്കാനായി നടന്ന് പോയാൽ അവന്റെ ഒരു കാൽ ചലിപ്പിക്കുമ്പോൾ അവന്റെ ദോഷം മായ്ച്ചു‍ കളയുകയും മറു  കാൽ ചലിക്കുമ്പോൾ അവന്റെ പദവി ഉയരുകയും ചെയ്യും 
രണ്ടാമത്തെ അർത്ഥമാണ് അവരുടെ പ്രവർത്തന ഫലങ്ങൾ എന്നത് . അവർ സമൂഹത്തിൽ ബാക്കി വെച്ച് പോകുന്ന നല്ലതോ ചീത്തയോ ആയ ശേഷിപ്പുകളാണത്. നല്ല ഗ്രന്ഥങ്ങൾ രചിക്കുക
, നല്ല കെട്ടിടങ്ങളുണ്ടാക്കി വീടില്ലാത്തവർക്ക് താമസമൊരുക്കുക, വഴിയും ശുദ്ധജല സംവിധാനങ്ങളും ക്രമീകരിക്കുക തുടങ്ങിയ നല്ല ശേഷിപ്പുകൾ. ആളുകളെ വഴിതെറ്റിക്കുന്ന സന്ദേശങ്ങൾ, അവരെ അരാചകത്വത്തിലേക്ക് നയിക്കാനാവശ്യമായ സൌകര്യങ്ങൾ, അവർക്ക് ഉപദ്രവമാകുന്ന സംവിധാനങ്ങൾ എന്നിങ്ങനെയുള്ള തിന്മയുടെ ശേഷിപ്പുകൾ ഇതെല്ലാമാണ് ഉദ്ദേശ്യം. അതായത് തന്റെ മരണ ശേഷവും ജനങ്ങൾക്ക് ഉപകാരമുള്ളത് നിലനിർത്തിയാൽ കൂലിയും അവർക്ക് ഭൌതികമോ ആത്മീയമോ ആയ ഉപദ്രവമുണ്ടാക്കുന്നത് നിലനിർത്തിയാൽ അതിന്റെ ശിക്ഷയും അവൻ ഏറ്റു വാങ്ങേണ്ടി വരും എന്ന് സാരം. ഒരു നബി വചനം ഇവിടെ ശ്രദ്ധിക്കാംഒരാൾ ഒരു നല്ല ചര്യ നടപ്പാക്കിയാൽ അതിന്റെ കൂലിയും അതിനെ അനു കരിച്ച് പ്രവർത്തിക്കുന്നവരുടെ കൂലിയും അവന്ന് ലഭിക്കും ഒരാൾ ഒരു ചീത്ത ചര്യയാണ് നടപ്പാക്കുന്നതെങ്കിൽ അതിന്റെ കുറ്റവും അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെ കുറ്റവും അവൻ ഏൽക്കേണ്ടി വരും
ഈ സൂക്തത്തിനു  അവരുടെ തീരുമാനവും (നിയ്യത്ത്) അവരുടെ പ്രവർത്തനവും നാം രേഖപ്പെടുത്തും എന്ന് മൂന്നാമതൊരു വ്യാഖ്യാനവും ഇവിടെയുണ്ട് (റാസി)


എല്ലാ കാര്യങ്ങളും ഒരു വ്യക്തമായ രേഖയിൽ നാം കണക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു


ലൌഹുൽ മഹ്‌ഫൂള് എന്ന അടിസ്ഥാന രേഖയാണ് ഉദ്ദേശ്യം
ഒരാൾക്കും ഒന്നും നിഷേധിക്കനാവില്ല. അതിനാൽ താൻ വിചാരണ ചെയ്യപ്പെടുമെന്ന ബോധത്തോടെ ജീവിക്കുക
അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ


(തുടരും)
ഇൻശാ അള്ളാഹ്





No comments: