Monday, February 5, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 04

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -4  -   സൂക്തം 13 &  17  സൂക്തങ്ങളുടെ വിവരണം )

 


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(13)
وَاضْرِبْ لَهُم مَّثَلاً أَصْحَابَ الْقَرْيَةِ إِذْ جَاءهَا الْمُرْسَلُونَ


(നബിയേ) തങ്ങൾ അവർക്ക് ആ നാട്ടുകാരെ ഒരു ഉപമയായി വിവരിച്ച് കൊടുക്കുക അവിടെ ദൂതന്മാർ ചെന്ന സന്ദർഭം


നബി തങ്ങൾ പ്രബോധന രംഗത്തേക്ക് വന്നപ്പോൾ നിഷേധാത്മക നിലപാട് സ്വീകരിക്കുകയും തങ്ങളെ തള്ളിക്കളയാൻ ആഹ്വാനം ചെയ്യുകയും ചെയ്ത അറേബ്യൻ മുശ്‌രിക്കുകൾക്ക് പ്രത്യേകമായും എല്ലാ ജനങ്ങൾക്കും പൊതുവായും പാഠമാവാനായി മുമ്പ് നടന്ന ഒരു സംഭവം വിവരിച്ചു കൊടുക്കാൻ അള്ളാഹു നിർദ്ദേശിക്കുകയാണ് ഇതിലൂടെ ഖുർആൻ മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ചില സന്ദേശങ്ങളുണ്ട് നബി തങ്ങൾഞാൻ നിങ്ങളിലേക്ക് ദൈവദൂതനായി വന്നു എന്ന് പറഞ്ഞപ്പോഴാണല്ലോ മക്കക്കാർ തങ്ങളുടെ ശത്രുക്കളായത് അത് കൊണ്ട് തങ്ങൾ ഈ ചരിത്രം പറയുന്നതിലൂടെ അവരെ അറിയിക്കുന്നത് ഞാൻ ആദ്യമായി വന്ന ദൂതനോ നിങ്ങൾ ആദ്യമായി സത്യ നിഷേധം സ്വീകരിക്കുന്നജനതയോ അല്ല ഇതിനു മുമ്പും ധാരാളം പ്രവാചകന്മാർ വരികയും അവരെ കളവാക്കുന്ന ജനങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് അത്തരം നിഷേധികൾക്ക് ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. അതിനാൽ ഞാൻ എന്റെ പ്രബോധന ദൌത്യം തുടരും ഉൾക്കൊള്ളാൻ തയാറായാൽ നിങ്ങൾക്ക് നല്ലത് അല്ലെങ്കിൽ മുൻ കാലങ്ങളിലുണ്ടായത് പോലെ നിങ്ങളും ശിക്ഷകൾ ഏറ്റു വാങ്ങേണ്ടി വരും എന്ന് സ്ഥിരീകരിക്കാനാണ് ഈ ചരിത്രം വിവരിക്കുന്നത്. ഈ വിശദീകരണ പ്രകാരം നബി തങ്ങൾ ഉപമ വിവരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്.
ഇനി തങ്ങൾക്ക് വേണ്ടി തങ്ങൾ അവരോട് ഈ ഉപമ പറയണമെന്നും അർത്ഥം ആവാം അപ്പോൾ ഇവിടെ ഉദ്ദേശിക്കുന്നത് ഇവർ വിശ്വസിക്കാത്തതിൽ തങ്ങൾ നിരാശനാവുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ല കാരണം തങ്ങൾക്ക് മുമ്പും ദൂതന്മാർ വരുന്നതും അവർ നിഷേധിക്കപ്പെടുന്നതുമായ പ്രവണത കഴിഞ്ഞു പോയിട്ടുണ്ട് ഇവരുടെ നിഷേധത്തെ അതിന്റെ തുടർച്ചയായി കണ്ടാൽ മതി എന്ന് തങ്ങളെ ഓർമ്മിപ്പിക്കാനായി
അള്ളാഹു ഈ ചരിത്രം വിവരിക്കാൻ നിർദ്ദേശിച്ചതാണ്. (അതായത് ഈ ചരിത്രത്തിൽ മൂന്ന് ദൂതന്മാർ വന്നിട്ടും ജനം വിശ്വസിച്ചില്ലെന്ന് മാത്രമല്ല അവരെ ബുദ്ധിമുട്ടാക്കാനും കൊല്ലാനും വരെ  അന്നാട്ടുകാർ മുതിർന്നു. തങ്ങൾ ഒറ്റക്കാണ് വന്നത്  ആ മൂന്ന് ദൂതന്മാർ സമീപിച്ചവരേക്കാൾ എത്രയോ അധികമുള്ള ജനതയെയാണ് തങ്ങൾ പ്രബോധനം ചെയ്യുന്നത് കാരണം ആ ദൂതന്മാർ ഒരു ഗ്രാമത്തിലേക്ക് മാത്രം നിയുക്തരായിരുന്നു തങ്ങളാവട്ടെ എല്ലാ ജനങ്ങളിലേക്കും ദൂതനാണ് അപ്പോൾ പ്രബോധന രംഗത്തുണ്ടാകുന്ന ദുരനുഭവങ്ങളിൽ തങ്ങൾക്ക് സമാധാനം നൽകുന്നതും പ്രബോധന രംഗത്ത് ഉറച്ച് നിൽക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ഈ ചരിത്രം).
 ഇവിടെ പറഞ്ഞ നാട്
അന്താക്കിയ എന്ന സ്ഥലമാണെന്നും ദൂതന്മാർ എന്നത് ഈസാ നബിയുടെ നിർദ്ദേശപ്രകാരം വന്ന പ്രബോധകർ എന്നുമാണ് ഉദ്ദേശ്യം  (റാസി)


നാട് അത് തന്നെയാണോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട് നാട് ഏതാണ് എന്നത് അല്ലല്ലോ ആ ചരിത്രത്തിന്റെ ഗുണപാഠമാണല്ലോ പ്രാധാന്യമുള്ളത് എന്ന് നാം ഓർക്കുക
വന്ന ദൂതന്മാർ പ്രവാചകന്മാർ ആയിരുന്നു എന്നും ഈസാ നബി
عليه السلامയുടെ പ്രതിനിധികൾ ആയിരുന്നു എന്നും വ്യത്യസ്ഥ വീക്ഷണങ്ങൾ ഉണ്ട്
ഇബ്നുകസീർ
رحمة الله عليه പറയുന്നത് കാണുക ഇബ്നുഅബ്ബാസ് رضي الله عنه, കഅ്ബുൽ അഹ്‌ബാർ رضي الله عنه, വഹബുബിൻമുനബ്ബഹ് رضي الله عنهഎന്നിവരിൽ നിന്ന്  ആ നാട് അന്താക്കിയ ആണെന്നും ദൂതന്മാർ സാദിഖ്, മസ്‌ദൂഖ്, ശലൂം എന്നിവരാണെന്നും (പേരിൽ വേറെയും റിപ്പോർട്ടുകൾ ഉണ്ട്)ആ നാട്ടിൽ ബിംബാരാധകനായ അന്തൈഖസ് എന്ന് പേരായ രാജാവാണ് ഭരിച്ചിരുന്നതെന്നും ഇബ്നുഇസ്‌ഹാഖ് റി رحمة الله عليهപ്പോർട്ട് ചെയ്തിട്ടുണ്ട് എങ്കിലും അത് സംശയാതീതമായ കാര്യമല്ല (അതിൽ ഭിന്നാഭിപ്രായമുണ്ട് എന്ന് സാരം)


ഈ ചരിത്രം മക്കക്കാരോട് പറയാൻ നിർദ്ദേശിച്ചതിന്റെ കാരണം ആ ഗ്രാമക്കാർ ദൂതന്മാരെ നിഷേധിച്ചപ്പോൾ അവർക്ക് നാശം സംഭവിച്ചു അത് പോലെ നിങ്ങളും നിഷേധം തുടർന്നാൽ
അള്ളാഹുവിന്റെ ശിക്ഷ നിങ്ങളിൽ ഇറങ്ങുമെന്ന് അവരെ അറിയിക്കലാണ് (ഖുർതുബി)


ഈ ചരിത്രം ഇമാം ബഗ്‌വി
رحمة الله عليهഇങ്ങനെ വിവരിക്കുന്നു ഈസാ നബി തന്റെ ശിഷ്യന്മാരിൽ നിന്ന് രണ്ട് പേരെ അന്താക്കിയ എന്ന നാട്ടിലേക്ക് (മത പ്രബോധനത്തിനായി) അയച്ചു പട്ടണത്തിലേക്ക് അടുക്കാറായപ്പോൾ ആട്മേക്കുന്ന ഒരു വയസ്സനെ അവർ കണ്ടുമുട്ടി ഹബീബുന്നജ്ജാർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അവർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു അപരിചിതരെ കണ്ട ഹബീബുന്നജ്ജാർ നിങ്ങൾ ആരാണെന്ന് ചോദിച്ചു ഞങ്ങൾ ഈസാ നബി عليه السلامയുടെ ദൂതന്മാർ ആണെന്നും ബിംബാരാധനയിൽ നിന്ന് മാറി  അള്ളാഹുവിനെ ആരാധിക്കാൻ നിങ്ങളെ ക്ഷണിക്കാൻ വന്നതാണെന്നും അവർ പറഞ്ഞു നിങ്ങളുടെ കയ്യിൽ തെളിവ് എന്തെങ്കിലും ഉണ്ടോ എന്നായി ഹബീബ്‌! ഉണ്ട് ഞങ്ങൾ രോഗികൾക്ക് സൌഖ്യം നൽകും, വൈദ്യ ശാസ്ത്രം പരാചയപ്പെട്ട വെള്ളപ്പാണ്ഡും കുഷ്ഠരോഗവും അള്ളാഹുവിന്റെ അനുമതിയോടെ  സുഖപ്പെടുത്തും എന്ന് അവർ പറഞ്ഞു വർഷങ്ങളായി രോഗിയായ എന്റെ ഒരു മകനുണ്ടെന്നും ആദ്യം അവന്റെ അടുത്തേക്ക് നമുക്ക് പോകാമെന്നും ഹബീബ് പറഞ്ഞു വീട്ടിലെത്തി രോഗിയായി കിടക്കുന്ന കുട്ടിയെ അവർ രണ്ടു പേരും തടവിയപ്പോൾ കുട്ടി പൂർണ സുഖം പ്രാപിച്ച് എഴുന്നേറ്റു ഈ വാർത്ത നാട്ടിൽ പരന്നു ധാരാളം രോഗികളെ അവർ സുഖപ്പെടുത്തി  ബിംബാരാധകനായിരുന്ന റോമൻ രാജാക്കളിൽ പെട്ട അന്തൈഖസിന്റെ ചെവിയിലും ഈ വാർത്ത എത്തി അവരെ രാജാവ് വിളിപ്പിക്കുകയും നിങ്ങൾ ആരാണ്? എന്തിനിവിടെ വന്നു എന്ന് ചോദിക്കുകയും ചെയ്തു ഞങ്ങൾ ഈസാ നബി عليه السلامയുടെ ദൂതന്മാരാണെന്നും ഒന്നും കാണുകയും കേൾക്കുകയും ചെയ്യാത്ത ബിംബങ്ങളെ ആരാധിക്കുന്നതിൽ നിന്ന് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന അള്ളാഹുവിനെ ആരാധിക്കുന്ന ശരിയായ നിലപാടിലേക്ക് നിങ്ങളെ ക്ഷണിക്കലാണ് ഉദ്ദേശ്യം എന്നും അവർ പറഞ്ഞു ഞങ്ങളുടെ ആരാധ്യന്മാരല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനുണ്ടോ എന്നായി രാജാവ്. ഉണ്ട് നിങ്ങളെയും നിങ്ങളുടെ ദൈവങ്ങളെയും സൃഷ്ടിച്ചവനാണ് ആ അള്ളാഹു എന്നും അവർ പറഞ്ഞു നിങ്ങൾ എഴുന്നേൽക്കുക നിങ്ങളുടെ കാര്യത്തിൽ എന്ത് വേണം എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ എന്ന് രാജാവ് പറയുകയും അവർ പുറത്തിറങ്ങുകയും ചെയ്തു എന്നാൽ ബിംബാരാധനയെ എതിർക്കുന്ന ഇവരെ കണ്ട ജനം അവരെ ഉപദ്രവിക്കാനും കഷ്ടപ്പെടുത്താനും തുടങ്ങി അപ്പോൾ അവരെ സഹായിക്കാൻ മൂന്നമനായി ശംഊൻ എന്നവർ വന്നു എന്നാണ് ഒരു വീക്ഷണം മറ്റൊരു വീക്ഷണം വഹബുബിൻ മുനബ്ബഹ് رحمة الله عليهപറഞ്ഞു  ഈസാ നബി നിയോഗിച്ച ഈ രണ്ട് പ്രതിനിധികൾ രാജാവിനെ കാണാൻ എത്തി പക്ഷെ അവർ തമ്മിൽ കാണുന്നതിനു മുമ്പ് തന്നെ പുറത്തിറങ്ങിയ രാജാവിന്റെ അടുത്ത് വെച്ച് ഇവർ തക്‌ബീർ ചൊല്ലുകയും മറ്റു മന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു പരിചിതമല്ലാത്ത മന്ത്രങ്ങൾ അപ്രതീക്ഷിതമായി കേട്ട രാജാവിനു ദേഷ്യം വരികയും പിടിച്ച് കൊണ്ടുവരാൻ കല്പിക്കുകയും നൂറു വീതം അടി അടിച്ച് അവരെ  ജയിലിലിടുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു അപ്പോൾ അവർക്ക് ശക്തിപകാരാനായി മൂന്നാമതൊരു ദൂതനെ (ശംഊൻ) ഈസാ നബി عليه السلامഅയച്ചു അദ്ദേഹം തന്ത്രപരമായ നിലപാട് സ്വീകരിച്ച് രാജാവിന്റെ സ്വന്തക്കാരുമായി അടുപ്പം സ്ഥാപിച്ച് അവരിലൂടെ രാജാവിന്റെ അടുത്ത് സ്വീകാര്യനായി നിലയുറപ്പിച്ചു ദിവസങ്ങൾ കഴിഞ്ഞ് ജയിലിലടക്കപ്പെട്ട തന്റെ കൂട്ടുകാരെ സംബന്ധിച്ച് രാജാവിനോട് അന്വേഷിച്ചു മഹാരാജാവേ എന്തൊക്കെയാണ് ആ ജയിലിൽ ഉള്ളവർ പറയുന്നത് എന്ന് നിങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ടോ എന്ന് കൂടി അദ്ദേഹം ചോദിച്ചു എനിക്ക് ദേഷ്യം വന്നതിനാൽ ഞാൻ അവരോട് കൂടുതൽ ഒന്നും ചോദിച്ചിട്ടില്ല എന്നായി രാജാവ് . നമുക്ക് അവരോടൊന്ന് സംസാരിച്ചാലോ എന്നായി ശംഊൻ. രാജാവ് അവരെ വിളിപ്പിച്ചു രാജാവിന്റെ സാന്നിദ്ധ്യത്തിൽ ശംഊൻ അവരോട് ചോദിച്ചു നിങ്ങളെ ആരാണ് ഇങ്ങോട്ട് അയച്ചത്? അവർ പറഞ്ഞു എല്ലാം സൃഷ്ടിച്ച പങ്കുകാരനില്ലാത്ത അള്ളാഹുവാണ് ഞങ്ങളെ അയച്ചത് അപ്പോൾ ശംഊൻ പറഞ്ഞു നിങ്ങൾ പറയുന്ന അള്ളാഹുവിനെ ചുരുക്കി ഒന്ന് വിവരിക്കൂ .അവർ പറഞ്ഞു അള്ളാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുകയും അവൻ തീരുമാനിക്കുന്നത് വിധിക്കുകയും ചെയ്യും (അവനെ ചോദ്യം ചെയ്യാനോ അവന്റെ തീരുമാനത്തെ മറികടക്കാനോ ആർക്കും സാദ്ധ്യമല്ല എന്ന് സാരം ) അപ്പോൾ ശംഊൻ ചോദിച്ചു നിങ്ങൾക്ക് അതിനു തെളിവ് എന്താണ് ?അവർ പറഞ്ഞു നിങ്ങൾ ആഗ്രഹിക്കുന്ന തെളിവ് തരാം. അപ്പോൾ രണ്ട് കണ്ണും ഇല്ലാത്ത (ആ സ്ഥാനവും നെറ്റിയായി അനുഭവപ്പെടുന്ന) ഒരു കുട്ടിയെ രാജാവ് അവിടെ എത്തിച്ചു (അതിനു കാഴ്ച കൊടുക്കലാണ് ആവശ്യം) അവർ രണ്ട് പേരും അള്ളാഹുവോട് പ്രാർത്ഥിച്ച് കൊണ്ടിരുന്നു അതോടെ കുട്ടിയുടെ മുഖത്ത് കണ്ണിന്റെ സ്ഥാനത്ത് ഒരു വിടവ് അനുഭവപ്പെട്ടു അവർ മണ്ണിന്റെ രണ്ട് ഉരുള ഉരുട്ടി അവിടെ വെച്ചു അപ്പോൾ നല്ല കാഴ്ചയുള്ള കണ്ണുകളായി അവ മാറി അപ്പോൾ രാജാവിനു അത്ഭുതമായി  ആ അവസരം  മുതലെടുത്ത് ശംഊൻ രാജാവിനോട്  ചോദിച്ചു നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങളോട് ഇത് പോലെ ഒരു ആവശ്യം ചോദിച്ചാൽ അവർ അത് ചെയ്ത് തരുമോ? അങ്ങനെ വന്നാൽ നിങ്ങൾക്കും നിങ്ങളുടെ ദൈവങ്ങൾക്കും ഇവിടെ മഹത്വം അവകാശപ്പെടാമല്ലോ? രാജാവ് പറഞ്ഞു നിങ്ങളോട് ഞാൻ സത്യം മറച്ചു വെക്കുന്നില്ല എന്റെ ദൈവങ്ങൾ ഒന്നും കേൾക്കുകയും കാണുകയും ചെയ്യുന്നവയല്ല ഉപകാര-ഉപദ്രവം ചെയ്യുകയുമില്ല. ശംഊൻ രാജാവിന്റെ കൂടെ ആരാധനാ മണ്ഡപത്തിൽ പ്രവേശിക്കുകയും ആരാധനയിൽ ഏർപ്പെടുകയും ചെയ്യാറുണ്ടായിരുന്നു രാജാവും കൂട്ടരും കരുതിയിരുന്നത് അവരുടെ ദൈവങ്ങളെയാണ് ശംഊൻ ആരാധിക്കുന്നത് എന്നായിരുന്നു രാജാവ് രണ്ട് ദൂതന്മാരോടായി ചോദിച്ചു നിങ്ങൾ പറയുന്ന ദൈവത്തിനു മരിച്ചവരെ ജീവിപ്പിക്കാൻ സാധിക്കുമോ എന്നാൽ ആ ദൈവത്തെയും നിങ്ങളെയും ഞങ്ങൾ വിശ്വസിക്കാം. അവർ പറഞ്ഞു അള്ളാഹു എല്ലാത്തിനും കഴിവുള്ളവൻ തന്നെ. അപ്പോൾ ഏഴ് ദിവസമായി മരണപ്പെട്ട ഒരു കുട്ടിയുടെ മയ്യിത്ത് (പിതാവ് വരാനായി കാത്തിരിക്കുന്നതിനാൽ മറവ് ചെയ്യാത്ത മയ്യിത്ത്) കൊണ്ട് വരികയും ആ കുട്ടിയെ  ജീവിപ്പിക്കാനായി ദൂതന്മാർ രണ്ടു പേരും പരസ്യമായും, ശംഊൻ എന്നവർ രഹസ്യമായും അള്ളാഹുവോട് പ്രാർത്ഥിക്കുകയും കുട്ടി എഴുന്നേൽക്കുകയും ഞാൻ മുശ്‌രിക്കായി മരിച്ചതിന്റെ പേരിൽ ഏഴുദിവസമായി ഞാൻ നരകത്തിന്റെ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും നിങ്ങൾ ഇപ്പോഴുള്ള വിശ്വാസം അപകടമാണെന്ന് ഞാൻ താക്കീത് നൽകുന്നു നിങ്ങൾ ഇവരെ വിശ്വസിക്കുക   ഇവർ രണ്ട് പേരും സത്യം പറയുന്നവരാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് ആ കുട്ടി പറഞ്ഞു എനിക്ക് ആകാശ കവാടങ്ങൾ തുറക്കപ്പെടുകയും സുന്ദരനായ ഒരു യുവാവ് ഇവർക്ക് മൂന്ന് പേർക്കും വേണ്ടി ശുപാർശ ചെയ്യുന്നത് കാണാൻ സാധിക്കുകയും ചെയ്തു.  അപ്പോൾ രാജാവ് ചോദിച്ചു ആരാണ് മൂന്ന് പേർ? ശംഊനും ഈ രണ്ട് പേരും എന്ന് കുട്ടി വിവരിച്ചു രാജാവ് അത്ഭുതം കൂറുകയും ചെയ്തു. ഇതൊക്കെ രാജാവിന്റെ മനസ്സിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയ ശംഊൻ  തന്റെ യാഥാർത്ഥ്യം വിവരിക്കുകയും അപ്പോൾ രാജാവും കുറച്ച് ആളുകളും അവരെക്കൊണ്ട് വിശ്വസിക്കുകയും  അതേ സമയം കുറേ  ആളുകൾ അപ്പോഴും അവിശ്വാസത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു. ഇതെല്ലാം കണ്ടിട്ടും അവർ  അവിശ്വാസം ഉപേക്ഷിച്ചില്ലെന്നും  ആ അവിശ്വാസികളാണ് ഖുർആൻ തുടർന്ന് പറയും പ്രകാരം ഈ ദൂതന്മാർക്കെതിരെ തിരിയുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തതെന്നും ഒരു അഭിപ്രായവും ഉണ്ട്   (ബഗ്‌വി)


(14)
إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُم مُّرْسَلُونَ


അതായത് അവരുടെ അടുക്കലേക്ക് നാം രണ്ടാളെ അയച്ച സന്ദർഭം. അപ്പോൾ ആ രണ്ടു പേരെയും അവർ നിഷേധിച്ചു തത്സമയം മൂന്നാമതൊരാളെക്കൊണ്ട് നാം അവർക്ക് പിൻബലമേകി. എന്നിട്ടവർ പറഞ്ഞു നിശ്ചയമായും ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ട ദൂതന്മാർ  തന്നെയാകുന്നു.


ഈസാ നബി عليه السلامയാണ് അള്ളാഹുവിന്റെ നിർദ്ദേശപ്രകാരം രണ്ട് പേരെ നിയമിച്ചത് അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമായതിനാലാണ് നാം നിയോഗിച്ചു എന്ന് തന്നെ ഇവിടെ പരാമർശിച്ചിരിക്കുന്നത് എന്നാണ് ഒരു അഭിപ്രായം അഥവാ അവർ പ്രവാചകന്മാരല്ല പ്രവാചനായ ഈസാ നബിയുടെ ദൂതന്മാരാണ്. രണ്ടാമത്തെ അഭിപ്രായം അവർ പ്രവാചകന്മാർ തന്നെയാണ് എന്നാണ്. രണ്ട് ദൂതന്മാരെയും നാട്ടുകാർ കളവാക്കിയപ്പോൾ അവർക്ക് ശക്തിപകരാനായി മൂന്നാമനെയും ഈസാ നബി عليه السلام നിയോഗിച്ചു അങ്ങനെ അവർ ഒന്നിച്ച് ഞങ്ങൾ അള്ളഹുവിന്റെ ദൂതന്മാർ തന്നെയാണ് നിങ്ങൾ ഇപ്പോൾ ആരാധിച്ച് കൊണ്ടിരിക്കുന്ന ദൈവങ്ങളെ ആരാധിക്കുന്നത് അവസാനിപ്പിച്ച് ഏകനായ അള്ളാഹുവിനെ മാത്രം ആരാധിക്കണം എന്ന് നിങ്ങളെ ഉൽബോധിപ്പിക്കാനാണ് ഞങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞു   എന്നാൽ ആ ഉപദേശത്തിന്റെ അന്തസത്ത ഉൾക്കൊള്ളാനയിരുന്നില്ല ജനങ്ങളുടെ ശ്രമം മറിച്ച് ദൂതന്മാരെ കൊച്ചാക്കി തള്ളിക്കളയാനായിരുന്നു അതാണ് നിങ്ങൾ ഞങ്ങളെപ്പോലെയുള്ള സാധാരണ മനുഷ്യർ മാത്രമാണ് എന്ന് അവർ പ്രതികരിച്ചത് അടുത്ത സൂക്തം അതാണ് വിശദീകരിക്കുന്നത്


(15)
قَالُوا مَا أَنتُمْ إِلاَّ بَشَرٌ مِّثْلُنَا وَمَا أَنزَلَ الرَّحْمن مِن شَيْءٍ إِنْ أَنتُمْ إِلاَّ تَكْذِبُونَ


ആ നാട്ടുകാർ പറഞ്ഞു നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാകുന്നു മഹാ കാരുണ്യവാനായ
അള്ളാഹു  ഒന്നും അവതരിപ്പിച്ചിട്ടുമില്ല.നിങ്ങൾ പറയുന്നത് കള്ളം മാത്രമാണ്


അള്ളാഹുവിനെ മാത്രം ആരാധിക്കണം ബഹുദൈവങ്ങളെ ഒഴിവാക്കണം എന്ന് പറയാനായി നിയോഗിക്കപ്പെട്ടവരാണ് ഞങ്ങൾ എന്ന് പറഞ്ഞ ദൂതന്മാരെ കളവാക്കാൻ നാട്ടുകാർ കണ്ടുപിടിച്ച വാദമാണ് നിങ്ങളും ഞങ്ങളെ പോലെയുള്ള മനുഷ്യർ തന്നെയല്ലേ?ഞങ്ങളിലേക്ക് അങ്ങനെയുള്ള സന്ദേശം അള്ളാഹു തന്നിട്ടില്ലല്ലോ പിന്നെ എങ്ങനെ നിങ്ങളിലേക്ക് അത്തരം സന്ദേശം ലഭിക്കും? ദൈവ ദൂതന്മാരാണെങ്കിൽ നിങ്ങൾ മാലാഖമാരാവേണ്ടിയിരുന്നു എന്ന് എല്ലാ കാലത്തെയും സത്യ നിഷേധികൾ പ്രവാചകന്മാർക്കെതിരിൽ ഇറക്കിയ പ്രതിരോധമാണ് ഇവരും ഇറക്കിയത് . നിങ്ങൾ സാധാരണ മനുഷ്യരാണ് അള്ളാഹു ഒരു നിർദ്ദേശവും ഇറക്കിയിട്ടില്ല നിങ്ങൾ കള്ളം പറയുന്നവർ തന്നെയാണ് എന്ന്. എന്നാൽ ഈ വാദത്തിനു അള്ളാഹു പറഞ്ഞ മറുപടി ആറാം അദ്ധ്യായം അൻആം’ 124 ൽ കാണാം (തന്റെ ദൌത്യം എവിടെ നിക്ഷേപിക്കണമെന്ന് അള്ളാഹുവിനു നന്നായറിയാം)


(16)
قَالُوا رَبُّنَا يَعْلَمُ إِنَّا إِلَيْكُمْ لَمُرْسَلُونَ


അവർ പറഞ്ഞു ഞങ്ങളുടെ രക്ഷീതാവിനു അറിയാം നിശ്ചയം ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടവർ തന്നെയാണെന്ന്


നിഷേധികൾ അവരെ തള്ളിപ്പറഞ്ഞപ്പോൾ തോറ്റ് പിന്മാറുന്നതിനു പകരം അവർ വീണ്ടും തങ്ങൾ ദൂതന്മാരാണെന്ന് ആണയിട്ടു പറയുകയാണ് നിങ്ങൾ ഞങ്ങളെ തള്ളിക്കളഞ്ഞാലും ഞങ്ങൾ ദൂതന്മാരാണെന്ന് അള്ളാഹുവിനു അറിയാം ഞങ്ങൾ കള്ളം പറഞ്ഞാൽ ഞങ്ങൾക്ക് ശക്തമായ ശിക്ഷ അള്ളാഹു നൽകുമെന്നും ഞങ്ങൾക്കുറപ്പുണ്ട് അതിനാൽ ഞങ്ങൾ തീർത്തു പറയുന്നു ഞങ്ങൾ സത്യമാണ് പറയുന്നത് ഇത് നിങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ അള്ളാഹു നിങ്ങൾക്ക് അതിന്റെ പ്രത്യാഘാതം കാണിച്ചു തരികതന്നെ ചെയ്യും


(17)
وَمَا عَلَيْنَا إِلاَّ الْبَلاَغُ الْمُبِينُ


വ്യക്തമായ സന്ദേശം എത്തിക്കൽ അല്ലാതെ ഞങ്ങൾക്ക് യാതൊരു ബാധ്യതയുമില്ല

സത്യവും അസത്യവും വേർതിരിച്ച് വിശദീകരിച്ച് തന്ന് നിങ്ങളെ നല്ല വഴിക്ക് നടത്താൻ ആവശ്യമായ നിർദ്ദേശം നൽകുക മാത്രമാണ് ഞങ്ങളുടെ ഉത്തരവാദിത്തം അത് അനുസരിച്ചാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം എന്നാണിവിടെ അവർ പറയുന്നത് അഥവാ ഞങ്ങളുടെ ഉത്തരവാദിത്തം ഈ സന്ദേശം വിശദമായി നിങ്ങളെ അറിയിക്കുക എന്നത് മാത്രമാണ് സ്വീകരിക്കുന്നതും നിരാകരിക്കുന്നതും നിങ്ങളുടെ ഇഷ്ടം പക്ഷെ സ്വീകരിച്ചാൽ നിങ്ങൾ ഉന്നതരാവുകയും നിരാകരിച്ചാൽ നിങ്ങൾക്ക് കടുത്ത പ്രതിസന്ധി അനുഭവിക്കേണ്ടി വരികയും ചെയ്യും എന്ന് അറിയിക്കുന്നു എന്ന് സാരം
അള്ളാഹു നമുക്ക് നല്ലത് പിന്തുടരാൻ ഭാഗ്യം നൽകട്ടെ ആമീൻ


(തുടരും) ഇൻശാഅള്ളാഹ്

 
No comments: